ദനഹാക്കാലം രണ്ടാം ഞായർ
യോഹ 8, 21-30

കഴിഞ്ഞ ജനുവരി ആറാം തിയതി ചൊവ്വാഴ്ച്ച ഈശോയുടെ ദനഹാത്തിരുനാൾ തിരുസ്സഭ ആഘോഷിച്ചു. കേരളത്തിൽ പലയിടങ്ങളിൽ പലവിധ പേരുകളിൽ, പിണ്ടികുത്തിത്തിരു നാളായും രാക്കുളിതിരുനാളായുമൊക്കെ വലിയ പ്രാധാന്യത്തോടെ തന്നെ ക്രിസ്തുവിന്റെ ദനഹാ, ആവിഷ്കാരം നാം ആചരിക്കുകയുണ്ടായി. എന്നാൽ ക്രിസ്തുവിന്റെ ദൈവത്വം, ദൈവമഹത്വം പ്രപഞ്ചം മുഴുവനിലും, മനുഷ്യനിലും നിറഞ്ഞു നിന്നിട്ടും, ക്രിസ്തു യഥാർത്ഥത്തിൽ ആരാണ് എന്ന് ക്രൈസ്തവർ പോലും ഇന്നും ശരിയായി മനസ്സിലാക്കിയിട്ടില്ല. രണ്ടായിരം വർഷങ്ങൾക്കേറെ മുൻപ് നസ്രത്തിൽ ജീവിച്ചു കടന്നു പോയ യേശു എന്ന ചെറുപ്പക്കാരൻ ആരാണ് എന്ന ചോദ്യം, കേവലം ഒരു തച്ചന്റെ മകൻ മാത്രമായിരുന്നോ, അതോ ദൈവപുത്രനായിരുന്നോ എന്ന ചോദ്യം ഇന്നും പല കേന്ദ്രങ്ങളിൽ നിന്ന് പല രീതിയിൽ ഉയരുന്നുണ്ട്. അതിന് ഉത്തരം നൽകാൻ പലരും ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ആരാധനാക്രമത്തിലെ ദനഹാക്കാലം നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്. നമ്മിലൂടെ ക്രിസ്തുവിന്റെ ദൈവത്വം, ക്രിസ്തുവിന്റെ വ്യക്തിത്വം, സ്നേഹമുള്ള, കരുണയുള്ള ഹൃദയം മറ്റുമുള്ളവർക്ക് വെളിവായ, മറ്റുള്ളവർക്ക് അനുഭവിക്കാൻ സാധിച്ച ഏതെങ്കിലും ഒരു സംഭവം ഓർത്തെടുക്കുവാനും, അതിന് ഈശോയ്ക്ക് നന്ദി പറയുവാനും ഈ ദനഹാക്കാലം നമ്മെ സഹായിക്കണം.
എന്തുകൊണ്ടാണ് ക്രിസ്തു ആരാണ് എന്ന ചോദ്യം ഇന്നും ഉയരുന്നത്? തന്നെക്കുറിച്ചോ, ദൈവത്തെക്കുറിച്ചോ ഒരു ഗ്രന്ഥവും എഴുതാത്ത ക്രിസ്തുവിനെ, ഒരു രാജ്യവും വെട്ടിപ്പിടിക്കാത്ത, ചക്രവർത്തിപദം അലങ്കരിക്കാത്ത, സ്ഥാപനങ്ങളൊന്നും പടുത്തുയർത്താത്ത ക്രിസ്തുവിനെ അവഹേളിക്കുവാനും, ഇല്ലായ്മചെയ്യുവാനും എന്തുകൊണ്ടാണ് ഇന്നും മനുഷ്യൻ ശ്രമിക്കുന്നത്? യൂട്യൂബ് മുതലായ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ ദുഷിച്ചു സംസാരിക്കുന്ന, അവിടുത്തെ ദൈവത്വം നിഷേധിക്കുന്ന അനേകം പ്രസംഗങ്ങളും ഷോർട്ട് ഫിലിമുകളും upload ചെയ്യപ്പെടുന്നുണ്ട്. നാമെല്ലാവരും അവ വായിക്കുന്നവരുമാണ്. ക്രിസ്തുവിന്റെ പേരിൽ നടക്കുന്ന മിഷനറി പ്രവർത്തനങ്ങളെയും, ആതുര സേവനങ്ങളെയും ആളുകൾ ഭയക്കുന്നത് എന്തിനാണ്? ഒരിക്കൽ ദീപിക ദിനപത്രത്തിലെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ “മദർ തെരേസായുടെ ഓർമകളെ ഭയപ്പെടുന്ന ആർ എസ് എസ്” എന്നായിരുന്നു. ഗവണ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ചുപോലും മദർ തെരേസ സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾക്ക്, ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ക്രൈസ്തവ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുവാൻ ക്രിസ്തുവിന്റെ ശത്രുക്കൾ ശ്രമിക്കുമ്പോൾ, വെറും ഞായറാഴ്ച്ച ക്രിസ്ത്യാനികൾ ആകാതെ ക്രിസ്തു എനിക്ക് ആരാണ് എന്ന് ഉറക്കെ പറയുവാൻ ക്രൈസ്തവർക്ക് കഴിയണം. ഉറക്കത്തിൽ നിന്നുണർന്ന് ക്രിസ്തുവിന്റെ ദൈവത്വം, ദൈവമഹത്വം പ്രഘോഷിക്കുവാൻ ക്രൈസ്തവരെല്ലാവരും തയ്യാറാകാനുള്ള സമയം ആഗതമായിരിക്കുന്നു. അതിനുള്ളതാണ് ദനഹാക്കാലം.
ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ ഉയർത്തുന്ന ചോദ്യം ഇതാണ്: ക്രിസ്തു ആരാണ്? ഈ ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച ക്രിസ്തു നമുക്ക് ആരെന്നറിയാനും, കാലത്തിന്റെ ചലനങ്ങൾ മനസ്സിലാക്കിക്കൊണ്ട് നാം അറിയുന്ന ക്രിസ്തുവിനെ പ്രഘോഷിക്കുവാനും തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്.

ക്രിസ്തുവിൽ ദൈവത്തിന്റെ മഹത്വം കാണുവാനുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം. ഈ സുവിശേഷ ഭാഗത്തിന്റെ ഹൃദയമാകട്ടെ ഒരു ചോദ്യമാണ്: “ക്രിസ്തു ആരാണ്?” മുപ്പത് മുപ്പത്തിരണ്ട് വയസ്സുള്ള ഒരു ചെറുപ്പക്കാരൻ, അതും ആശാരി യൗസേപ്പിന്റെയും ആശാരിച്ചി മറിയത്തിന്റെയും മകൻ ഈശോ, വലിയ വായയിൽ highly philosophical ആയി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അവിടുത്തെ ശ്രവിച്ചുകൊണ്ടിരുന്ന യഹൂദരാണ് ആദ്യമായി ഈശോയോടു ചോദിച്ചത് “നീ ആരാണ്?”. പിന്നെ ക്രിസ്തു, താൻ വളർന്നുവന്ന സ്ഥലമായ നസറത്തിലെ സിനഗോഗിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് വായിച്ചു കഴിഞ്ഞപ്പോൾ, കേട്ട ജനങ്ങളൂം ചോദിച്ചു: ഇവൻ ആരാണ്? ഈ ചോദ്യത്തിന്റെ പ്രതിഫലനങ്ങളാണ് ഇന്നും നാം കേൾക്കുന്നത്. ഇത്തവണത്തെ ക്രിസ്തുമസിന് കരോൾ സംഘങ്ങളെ ആക്രമിച്ചവരും, ക്രിസ്തുമസ് അലങ്കരവസ്തുക്കൾ വിറ്റ് ഉപജീവനം നടത്താൻ ശ്രമിച്ചവരെ തടഞ്ഞവരും പള്ളിയിൽ കയറി പാസ്റ്ററോട് വളരെ മ്ലേച്ചമായി സംസാരിച്ചവരും അന്വേഷിക്കുന്നത് ഇത് തന്നെ, ക്രിസ്തു ആരാണ്? ക്രൈസ്തവമിഷനറിപ്രവർത്തനങ്ങളെ അവഹേളിക്കുന്നവരും, ക്രൈസ്തവരെ ആക്രമിക്കുന്നവരും അന്വേഷിക്കുന്നതും ഇത് തന്നെ, ക്രിസ്തു ആരാണ്? എന്തിന്, ക്രിസ്തുമസ് ദിനത്തിൽ ഒരു ദേവാലയത്തിലേക്ക് കയറിച്ചെന്ന്, അവിടുത്തെ ക്രിസ്തുമസ് പ്രാർത്ഥനയിൽ പങ്കെടുത്ത, അതിൽ പങ്കെടുത്തെങ്കിലും, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവർക്കെതിരെ ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്വേഷിക്കുന്നത് ഇത് തന്നെ, ക്രിസ്തു ആരാണ്?
യഹൂദരുടെ “നീ ആരാണ്” എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിലൂടെ ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്. ഈശോ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് പറയുന്ന അക്കാര്യങ്ങൾ ഇവയാണ്: ഒന്ന്, ഈശോ ഈ ലോകത്തിൽ നിന്നുള്ളവനല്ല. അവിടുന്ന് ഉന്നതത്തിൽ നിന്നുള്ളവനാണ്. ഈശോ ഒരു ഗോത്രത്തിന്റെ ദൈവമല്ല. ഈശോ മനുഷ്യ ഭാവനയുടെ പൂർത്തീകരണവുമല്ല. അവിടുന്ന് ദൈവത്തിൽ നിന്നുള്ളവനാണ്, ദൈവമാണ്. രണ്ട്, ഈശോ കുരിശുമരണത്തിലൂടെ ലോകത്തെ രക്ഷിക്കുന്നവനാണ്. നീ ആരാണ് എന്നതിന്റെ ഏറ്റവും ശക്തമായ ഉത്തരമാണ് ഈശോയുടെ കുരിശുമരണം. ഈശോയുടെ ദൈവമഹത്വം വെളിപ്പെട്ടത് അവിടുത്തെ കുരിശുമരണത്തിലൂടെയാണ്. മൂന്ന്, ഈശോ പിതാവായ ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നവനാണ്.
സുവിശേഷങ്ങൾ നാലും, പുതിയനിയമം മുഴുവനും ഈശോയുടെ ദൈവത്വത്തെ സാക്ഷ്യപ്പെടുത്തുവാനാണ് എഴുതപ്പെട്ടിട്ടുള്ളത്. വിശുദ്ധ മർക്കോസ് തന്റെ സുവിശേഷത്തിന് ശീർഷകമായി നൽകിയിരിക്കുന്നത് തന്നെ “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം” എന്നാണ്. (മർക്കോ 1, 1) വിശുദ്ധ ലൂക്കാ ഈശോയുടെ ജനനത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: “പരിശുദ്ധാത്മാവ് നിന്റെമേൽ വരും …. ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്ക 1, 35) തന്റെ സുവിശേഷ രചനയുടെ ലക്‌ഷ്യം യോഹന്നാൻ ഇപ്രകാരം വെളിവാക്കുന്നു: ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും …” (യോഹ 20, 31) യേശുവിനെ ദൈവപുത്രനായ വിശ്വസിച്ച് ഏറ്റുപറയുന്ന അനേകം സാക്ഷ്യങ്ങൾ സുവിശേഷങ്ങളിലുണ്ട്. യേശുവിനെ കണ്ട നഥാനിയേൽ വിളിച്ചു പറയുന്നു: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്; ഇസ്രയേലിന്റെ രാജാവാണ്.” “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു” എന്ന് കേസരിയ ഫിലിപ്പിയിൽ വച്ച് പത്രോസ് പ്രഖ്യാപിക്കുന്നു. (മത്താ 16, 17) കടലിന് മീതെ നടന്ന് ഈശോ ശിഷ്യരുടെ അടുക്കലെത്തിയപ്പോൾ “നീ സത്യമായും ദൈവപുത്രനാണെന്നും” പറഞ്ഞ് അവർ ഈശോയെ ആരാധിക്കുന്നു. (മത്താ 14, 33) ഈശോയുടെ മരണം നേരിൽ കണ്ട ശതാധിപൻ പറയുന്നത് “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നാണ്. (മർക്കോ 15, 39) ഉത്ഥാനം ചെയ്ത ഈശോയെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറയുന്നു. (യോഹ 20, 28) ഇതിനെല്ലാം പുറമെ, സുവിശേഷങ്ങൾ ഈശോയുടെ സുപ്രധാനങ്ങളായ മൂന്ന് ദൈവിക വെളിപ്പെടുത്തലുകളെ (Theophanic events) – ഈശോയുടെ ജ്ഞാനസ്നാനം, രൂപാന്തരീകരണം, ഉത്ഥാനം – എന്നിവയെ അവതരിപ്പിച്ചുകൊണ്ട് ഈശോയുടെ ദൈവത്വത്തെ വിളംബരം ചെയ്യുന്നുണ്ട്.
ലോകം ക്രിസ്തുവിന്റെ ദൈവത്വത്തെ ആക്ഷേപിക്കുമ്പോൾ ജീവിതംകൊണ്ട് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുവാൻ നമുക്ക് കടമയുണ്ട്. ഈ കാലഘട്ടത്തിൽ ക്രൈസ്തവർ ചെയ്തു തീർക്കേണ്ട ദൗത്യമാണിത്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ വന്ന് ക്രിസ്തുവിനെ അധിക്ഷേപിക്കുമ്പോൾ, അവർ പറഞ്ഞോട്ടെ, അവർ എത്ര പറഞ്ഞാലും ക്രിസ്തുവിന്റെ ദൈവത്വത്തിന് ഒന്നും സംഭവിക്കില്ല എന്ന് പറയുന്ന ക്രൈസ്തവരേ കേൾക്കുക, ഈ ഭൂമിയിലേക്ക് ക്രിസ്തു നിങ്ങളെ അയച്ചിരിക്കുന്നത് അവിടുത്തെ അധരംകൊണ്ടു ഏറ്റുപറയുവാനും അവിടുന്ന് ദൈവമാണെന്ന് ഹൃദയത്തിൽ വിശ്വസിച്ച് അവിടുത്തെ മഹത്വപ്പെടുത്തുവാനുമാണ് (റോമാ 10, 9). ക്രിസ്തുവിനെക്കുറിച്ചും, തിരുസ്സഭയെക്കുറിച്ചുമൊക്കെ തെറ്റായ പഠനങ്ങൾ പ്രചരിക്കുമ്പോൾ അതൊന്നും എനിക്ക് പ്രശ്നമല്ല എന്ന് ചിന്തിക്കുന്ന ക്രൈസ്തവരേ കേൾക്കുക, മാമ്മോദീസാമുങ്ങി, കൂദാശകൾ സ്വീകരിച്ച് മാത്രം ജീവിക്കുവാനല്ല ക്രിസ്തു നിങ്ങളെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ജീവിതംകൊണ്ട് ക്രിസ്തു ആരെന്ന് ലോകത്തെ പഠിപ്പിക്കുവാനാണ് നിങ്ങൾ അയയ്ക്കപ്പെട്ടിട്ടുള്ളത്.
ഈയിടെ Whats App ൽ ചില വീഡിയോകൾ കണ്ടപ്പോൾ എത്രയോ തെറ്റായ പഠനങ്ങളാണ് ഈശോയെക്കുറിച്ചു പ്രചരിപ്പിക്കുന്നത് എന്ന് ഓർത്തുപോയി. ഒരു മുസ്‌ലിം കൗമാരക്കാരൻ നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ഒരു വീഡിയോയിൽ പറയുന്നത് കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് നമ്മുടെ ഭാരതത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന 7 ആക്രമണങ്ങളെക്കുറിച്ചാണ്. അവൻ സംസാരിക്കുന്നത് മുസ്ലീമുകൾക്ക് വേണ്ടിയല്ല, ക്രൈസ്തവർക്കുവേണ്ടിയാണ്. എന്നിട്ട് അവൻ പറയുന്നത് ക്രൈസ്തവരും മുസ്ലീമുകളും അബ്രഹാമിന്റെ തായ് വഴിയിൽ ഒരേ മതത്തിൽപെട്ടവർ ആണെന്നാണ്. തെറ്റായ പഠനമാണിത്. യഹൂദരും ക്രൈസ്തവരുമാണ് വിശ്വാസത്തിൽ അബ്രഹാമിനെ പിതാവായി സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം 600 വർഷങ്ങൾ കഴിഞ്ഞാണ് ഇസ്ലാം മതം ഉണ്ടാകുന്നത്. ഖുറാനിൽ പറയുന്ന അബ്രഹാമും, വിശുദ്ധ ബൈബിളിലെ അബ്രഹാമും രണ്ടു വ്യക്തികളാണ്. ഒരാളല്ല. ഖുറാനിൽ ഉള്ള അബ്രഹാമിന്റെ പിതാവിന്റെ പേര് അസ്സർ എന്നാണ്. പഴയനിയമത്തിലെ ഉത്പത്തി പുസ്തകത്തിലെ അബ്രഹാമിന്റെ പിതാവിന്റെ പേര് തേരഹ് എന്നാണ്. അതുപോലെ മുസ്ളീം കൗമാരക്കാരൻ പറയുന്നത് ജീസസിനെക്കുറിച്ച് ഖുറാനിൽ 27 പ്രാവശ്യം പറയുന്നു എന്നാണ്. എന്നാൽ ഏത് ജീസസ് ആണ് ഖുറാനിൽ ഉള്ളത്? ഖുറാനിൽ ഉള്ളത് ഇമ്രാമിന്റെ മകളായ മറിയത്തിന്റെ പുത്രൻ ഇസ ആണ്. എന്നാൽ, പുതിയ നിയമത്തിലെ മറിയത്തിന്റെ മാതാപിതാക്കളുടെ പേര് യോവാക്കീം അന്നാ എന്നാണ്. പഴയനിയമമായോ, പുതിയനിയമമായോ ഖുര്ആന് ഒരു ബന്ധവുമില്ല. ഖുറാനിൽ പറയുന്ന ഈസാ ഒരു പ്രവാചകൻ മാത്രമാണ്. അദ്ദേഹം കുരിശിൽ മരിച്ചിട്ടില്ല. ഉത്ഥാനം ചെയ്തിട്ടുമില്ല. എന്നാൽ ക്രൈസ്തവന്റെ ഈശോ ദൈവമാണ്. അവിടുന്ന് കുരിശിൽ മരിച്ച് മൂന്നാം നാൾ ഉത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്ന ദൈവമാണ്. സ്നേഹമുള്ള ക്രൈസ്തവരേ, ക്രിസ്തുവിനെക്കുറിച്ച് ശരിയായ ബോധ്യമുള്ള ക്രൈസ്തവരായി ജീവിക്കുവാൻ നമുക്കാകണം.
അതുപോലെ തന്നെ, ഹൈന്ദവ വേദഗ്രന്ഥങ്ങളിലും ക്രിസ്തുവിനെക്കുറിച്ച്, അവിടുത്തെ ദൈവത്വത്തെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹൈന്ദവ ആധികാരിക ഗ്രന്ഥമായ ഋഗ്വേദത്തിൽ ആരാണ് ദൈവം എന്ന് പറയുന്നുണ്ട്. “താത പുത്രാ ആത്മ സംയുക്തം ദൈവം!” പിതാവ്, പുത്രൻ ആത്മാവ് – ഇവ മൂന്നും അടങ്ങിയതാണ് ദൈവം. പിതാവ് പുത്രനെ മാനവ രക്ഷയ്ക്കായി ലോകത്തിലേക്ക് അയയ്ക്കുന്നു. ഋഗ്വേദം പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാമത്തെ മന്ത്രത്തിൽ ഈ പുത്രൻ മനുഷ്യ വംശത്തിന്റെ പാപമോചനത്തിനുവേണ്ടി സ്വയം ബലിയായി തീരുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ഭൂമിയിൽ താഴ്ത്തിയ മരത്തൂണിൽ ചേർത്ത്, കരചരണങ്ങൾ ഇരുമ്പാണികൊണ്ട് ബന്ധിച്ച്, രക്തം വാർന്ന് മരിച്ചു, മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റ് സ്വർഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതിയെക്കുറിച്ച്, മനുഷ്യന്റെ രക്ഷകനെക്കുറിച്ച് വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. ദൈവപുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങൾ ഋഗ്വേദത്തിൽ പറയുന്നുണ്ട്. ഒന്ന്, ദൈവപുത്രനായ പ്രജാപതി രൂപത്തിൽ മനുഷ്യനും പ്രകൃതത്തിൽ ദൈവവുമായിരിക്കും. രണ്ട്, ദൈവപുത്രനായ പ്രജാപതി മനുഷ്യ കുലത്തിന്റെ പാപങ്ങൾ സ്വയം എടുത്തു ബലിയായിത്തീർന്ന് മരിക്കും. യാഗശേഷം ഉയിർക്കും. യജുര്വേദത്തിന്റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥബ്രാഹ്‌മണത്തിൽ ഈ യാഗത്തെക്കുറിച്ചു 7 കാര്യങ്ങൾ പറയുന്നുണ്ട്. 1. യാഗപുരുഷന്റെ തലയിൽ യാഗസമയത്തു മുള്ളുള്ള കാട്ടുവള്ളികൾ കൊണ്ടുള്ള കിരീടം ധരിപ്പിക്കണം. 2. കരചരണങ്ങളിൽ ഇരുമ്പാണി അടിച്ചു യൂപത്തിൽ (മരത്തൂണ്) ബന്ധിക്കണം. 3. ബലിപുരുഷന്റെ അസ്ഥികൾ തകർന്നുപോകാൻ പാടില്ല. 4. മരണത്തിന് മുൻപ് ബലിപുരുഷന് സോമരസം കൊടുക്കണം. 5. ബലിപുരുഷന്റെ കച്ച പൂജാരികൾ പങ്കിട്ടെടുക്കണം. 6. ബലിപുരുഷന്റെ മാംസം ഭക്ഷക്കപ്പെടണം. 7. ബലിപുരുഷന്റെ രക്തം പാനം ചെയ്യപ്പെടണം. ഈ 7 യാഗവിധികളും ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടുന്നു.
സ്നേഹമുള്ളവരേ, ജീവിതത്തിൽ ക്രിസ്തുവിന്റെ ദൈവത്വം ഏറ്റുപറഞ്ഞ് അവിടുത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ഇതില്പരം മറ്റെന്ത് Motivation ആണ് നമുക്ക് വേണ്ടത്? നമ്മുടെ ജീവിതങ്ങളെ, ക്രൈസ്തവജീവിതങ്ങളെ ഒരു തകിടം മറിക്കലിന് വിധേയമാക്കുവാൻ സമയമായിരിക്കുന്നു. ക്രൈസ്തവരുടെ, ക്രൈസ്തവ കുടുംബജീവിതക്കാരുടെ ജീവിതം, ക്രൈസ്തവ പുരോഹിതരുടെ, സന്യസ്തരുടെ ജീവിതം ഒരു Theophanic event, ദൈവിക വെളിപാട് ആകേണ്ടിയിരിക്കുന്നു. ക്രിസ്തുവിനെ കൂടുതൽ അറിയുവാനും, അറിഞ്ഞ ക്രിസ്തുവിനെ അനുഭവിക്കുവാനും, അനുഭവിച്ച ക്രിസ്തുവിനെ ജീവിതത്തിലൂടെ പ്രഘോഷിക്കുവാനും നമുക്കാകണം. ക്രിസ്തു ദൈവമാണ്. അവിടുന്നിൽ മാത്രമാണ് രക്ഷ. മറ്റൊരുവനിലും രക്ഷയില്ല. ആകാശത്തിൻ കീഴിൽ ഭൂമിക്കുമുകളിൽ രക്ഷപ്പെടുവാനായി, ഈശോ എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. (അപ്പ 4, 12) “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. (റോമാ 10, 13) മനുഷ്യൻ അധരംകൊണ്ട് ക്രിസ്തുവിനെ ഏറ്റുപറയുകയും, തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു. (റോമാ 10, 10)
ക്രിസ്തു ദൈവമാണ്. അവിടുന്നിൽ മാത്രമാണ് രക്ഷ. അഗ്നി എന്ന വാക്കിന് നമ്മെ പൊള്ളലേൽപിക്കാനാകില്ല. ജലം എന്ന പദത്തിന് നമ്മെ നനയ്ക്കാനുമാകില്ല. എന്നാൽ ക്രിസ്തു എന്ന വാക്കിന് നമ്മെ രക്ഷിക്കാനാകും. നമ്മുടെ കുടുംബങ്ങളെ പ്രകാശിപ്പിക്കാനാകും. കരയുന്ന മുഖങ്ങളിൽ പുഞ്ചിരി വിടർത്താനാകും. കാരണം, അവിടുന്ന്

ഉന്നതതിൽ നിന്ന് വന്ന നമ്മുടെ ദൈവമാണ്. ക്രിസ്തുവിനെ രക്ഷകനായി, ദൈവമായി സ്വീകരിച്ച് ജീവിതത്തെ നമുക്ക് ദൈവാനുഗ്രഹം നിറഞ്ഞതാക്കാം. വിശുദ്ധ കുർബാനയിൽ നിന്ന് ശക്തി നേടിക്കൊണ്ട് നമുക്ക് ക്രിസ്തുവിനെ പ്രഘോഷിക്കാം. ആമേൻ!