യോഹ 17, 1-26
സന്ദേശം
![]()
സീറോ മലബാര്‍ സഭയുടെ ആരാധനാക്രമകലണ്ടറില്‍ ഉയിര്‍പ്പുകാലം ആറാം ഞായറാഴ്ചത്തെ ദൈവവചനം ‘സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍, നിനക്കുവേണ്ടിയും, നിന്നോടോപ്പമുള്ളവര്‍ക്കുവേണ്ടിയും കരങ്ങളുയര്‍ത്താന്‍’, നമ്മെ ആഹ്വാനം ചെയ്യുന്നു.
വ്യാഖ്യാനം
ദൈവം നമ്മോടൊപ്പം ഉണ്ടെന്നുള്ളത് വലിയൊരു യാഥാര്‍ഥ്യമാണ്; നമ്മുടെ വിശ്വാസത്തിന്റെ കാതലാണത്. ജീവിതം സന്തോഷത്തോടെ, സമാധാനത്തോടെ, സമൃദ്ധിയില്‍ മുന്നേറുമ്പോള്‍, കഴിക്കാന്‍ ഭക്ഷണം, കൂട്ടുകൂടാന്‍ സുഹൃത്തുക്കള്‍, നീക്കിവയ്ക്കാന്‍ പണം, എല്ലാവര്‍ക്കും ആരോഗ്യവുമൊക്കെയായി മുന്നേറുമ്പോള്‍, ഇങ്ങനെ വിശ്വസിക്കാന്‍ എളുപ്പവുമാണ്. എന്നാല്‍, സാഹചര്യങ്ങള്‍ പോസിറ്റീവ് ആകാതെവരുമ്പോഴോ? ദൈവം നമ്മോടോപ്പമില്ലെന്നും ആയിരം കാതം അകലെയാണെന്നും തോന്നുമ്പോഴോ?
അങ്ങനെയൊരവസ്ഥയില്‍, അങ്ങനെയൊരവസ്ഥയില്‍ പോലും സ്വര്‍ഗത്തിലേക്ക്, പിതാവിന്റെ പക്കലേക്ക് കരങ്ങളുയര്‍ത്തുന്ന ഈശോയെയാണ് ഇന്നത്തെ ദൈവവചനത്തില്‍ നാം കാണുന്നത്. ദൈവവചനഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്: “ഇത്രയും പറഞ്ഞതിനുശേഷം…” എത്രയും? പന്ത്രണ്ടാം അദ്ധ്യായംമുതല്‍ വായിച്ചാല്‍ മങ്ങിയ ഒരു ഷഹനായ് രാഗം അടിയൊഴുക്കായി ഇരമ്പുന്നത് കാണാം. പ്രധാനമായും രാത്രി പന്ത്രണ്ടുമുതല്‍ മൂന്നുമണിവരെ പാടുന്ന ഒരു രാഗമാണ് ഷഹനായ്. അത് പാടുമ്പോള്‍, പാടുന്നത് കേള്‍ക്കുമ്പോള്‍, ദുഃഖത്തിന്റെ, ദുരന്തത്തിന്റെ, ഒറ്റപ്പെടലിന്റെ, ആശ്രയത്വത്തിന്റെ, പിന്നെ ശാന്തതയുടെ ഭാവങ്ങള്‍ അങ്ങനെ മാറിമറഞ്ഞുവരും. മനസ്സൊന്നു ഇളകിയാടി ശാന്തമാകുന്ന ഒരവസ്ഥ! വീട്ടില്‍ചെന്ന് ഈ അദ്ധ്യായങ്ങള്‍ ഒന്ന് വായിച്ചുനോക്കൂ…. യഥാര്‍ത്ഥ ഭാവങ്ങളോടെ ഇന്നത്തെ ദൈവവചനഭാഗത്തിലെ ക്രിസ്തുവിനെ കാണുവാന്‍ സാധിക്കും. എങ്ങനെയുള്ള ക്രിസ്തുവിനെ?
എന്റെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു, ഞാന്‍ എന്ത് പറയേണ്ടു-വെന്ന് ചോദിക്കുന്ന ക്രിസ്തുവിനെ, ഗോതമ്പ്മണി നീലത്ത് വീണു അഴിഞ്ഞാലേ ഫലം പുറപ്പെടു വിക്കുകയുള്ളൂവെന്നു പറഞ്ഞ ക്രിസ്തുവിനെ, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ലാ, രക്ഷിക്കാനാണ് എന്ന് പറഞ്ഞ ക്രിസ്തുവിനെ, അന്ത്യ അത്താഴ രംഗങ്ങളിലെ നാടകീയ മുഹൂര്‍ത്തങ്ങളില്‍ ശിഷ്യരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞ ക്രിസ്തുവിനെ, പുതിയ പ്രമാണം നല്‍കുന്ന, പത്രോസിന്റെ ഗുരു നിഷേധം മുന്‍കൂട്ടി പറയുന്ന ക്രിസ്തുവിനെ. ക്രിസ്തുവിന്റെ വിവിധ ഭാവങ്ങള്‍ ഇവിടെ തെളിയുന്നുണ്ട്.
അങ്ങനെ, ദുരന്തത്തിന്റെ, മനസ്സു തകരുന്നതിന്റെ രാഗങ്ങളിലൂടെ കടന്നുപോകുമ്പോഴും ശിഷ്യര്‍ക്കുവേണ്ടി സ്നേഹത്തിന്റെ കാരുണ്യത്തിന്റെ ഓര്‍മപ്പെടുത്തുലുകളുമായ് ഇത്രയുമൊക്കെ പറഞ്ഞ ശേഷം, സ്നേ ഹമുള്ളവരെ, ക്രിസ്തു, വിങ്ങുന്ന ഹൃദയത്തോടെ, സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്തുകയാണ്, കണ്ണുകളുയര്‍ത്തുകയാണ്. എന്തിനുവേണ്ടി? ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ വേണ്ടി, തന്നോടോപ്പമുള്ളവരെല്ലാം ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും ദൈവത്തില്‍ ഒന്നായി ഉറച്ചുനില്‍ക്കുവാന്‍ വേണ്ടി, ദുഷ്ടനില്‍നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി , സ്നേഹത്തില്‍ വളരാന്‍ വേണ്ടി.
ഇന്നത്തെ ദൈവ വചനഭാഗം നമ്മെ സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍ ക്ഷണിക്കുകയാണ്. ഒന്നാമതായി, ദൈവത്തെ മഹത്വപ്പെടുത്താന്‍ വേണ്ടി. ഈശോയ്ക്കറിയാമായിരുന്നു, ആഴമേറിയ, ശക്തമായ ആരാധന എന്താണെന്ന്? അത്, വേദനയുടെ വേളകളില്‍ ദൈവത്തെ സ്തുതിക്കുകയാണ്, ജീവിതത്തിലെ തകര്‍ച്ചയുടെ സമയങ്ങളില്‍ ദൈവത്തിനു നന്ദി പറയുകയാണ്, പരീക്ഷകളില്‍ അവിടുന്നില്‍ വിശ്വസിക്കുന്നതാണ്. സങ്കീര്‍ത്തകന്‍ പാടുന്നു: ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കയ്യില്‍തന്നാല്‍ സന്തോഷത്തോടത് വാങ്ങി ഹല്ലേലൂയ പാടീടും ഞാന്‍. ജീവിതത്തിന്റെ വിഷമഘട്ടങ്ങളില്‍ മദ്യപിച്ച് തളര്‍ന്നുകിടക്കുന്ന ക്രൈസ്തവര്‍ക്ക് സമചിത്ത തയോടെ സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്ന ക്രിസ്തു ഒരു വെല്ലുവിളിയാണ്.
രണ്ടാമത്, തന്നോടോപ്പമുള്ളവരെല്ലാം ജീവിത ത്തിന്റെ എല്ലാ സമയ ങ്ങളിലും ദൈവത്തില്‍ ഒന്നായി ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി. ഒരിക്കല്‍ അപകടത്തില്‍ പ്പെട്ട ഒരു ചെറുപ്പക്കാരനെ കാണാന്‍ ആശു പത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിന് മുന്‍പില്‍ ചെന്നപ്പോള്‍, പയ്യന്റെ കുടുംബംഗങ്ങളെ അന്വേഷിച്ചു. അപ്പോള്‍ ഒരാള്‍ പറഞ്ഞു, ഓപ്പ റേഷന്‍ 5 മണിക്കൂറെങ്കിലും എടുക്കും. അല്പം ക്രിട്ടിക്കലാണ്. അവര്‍ അടുത്തുള്ള പള്ളിയിയുടെ നിത്യാരാധന ചാപ്പലില്‍ ഉണ്ട്. ഞാനങ്ങോട്ടു ചെന്നു. അപ്പോള്‍ കണ്ടത് ആ കുടുംബം മുഴുവന്‍ വിശുദ്ധ കുര്‍ബാനയുടെ മുന്‍പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്നതാണ്. ജീവിതത്തിലെ ദുരന്തത്തിന്റെ മുന്‍പില്‍ 25% പോലും പ്രതീക്ഷ യില്ലെന്ന് ഡോക്ടര്‍ പറഞ്ഞ സന്ദര്‍ഭത്തിലും തങ്ങളോടോപ്പമുള്ളവരെല്ലാം ദൈവത്തില്‍ ഒന്നായി ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്ന മാതാപിതാക്കന്മാരെ കണ്ടപ്പോള്‍ ഞാനും കരങ്ങളുയര്‍ത്തി. ഇസ്രായേല്‍ക്കാരെ വിജയത്തിലേക്ക് നയിക്കാന്‍ കരങ്ങളുയര്‍ത്തിയ മോശയെപ്പോലെ, നമ്മോടോപ്പമുള്ളവരെല്ലാം ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും ദൈവത്തില്‍ ഒന്നായി ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി, സൌഖ്യം നേടാന്‍ വേണ്ടി, വിജയം നേടാന്‍ വേണ്ടി സ്നേ ഹമുള്ള.വരെ നാമും കരങ്ങളുയര്‍ത്തണം.
മൂന്നാമത്, ദുഷ്ടനില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി നാം കരങ്ങളുയര്‍ത്തണം. വിശുദ്ധ അഗസ്തീനോസിന്റെ അമ്മ മോനിക്കയെപ്പോലെ, ഇപ്പോള്‍ വചനം ശ്രവിച്ചു കൊണ്ടിരിക്കുന്ന ധാരാളം മാതാപിതാക്കന്മാരെപ്പോലെ. നാമും നമ്മോടൊപ്പമുള്ളവരും നമ്മുടെ സഭ, ഇടവക, കുടുംബം, രാജ്യം ദുഷ്ടനില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി നാം കരങ്ങളുയര്‍ത്തണം.
നാലാമത്, സ്നേഹത്തില്‍ വളരാന്‍ വേണ്ടി. വിശുദ്ധ അല്‍ഫോന്‍സ പറയുന്നു: “സഹനങ്ങളാണ് എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് – ദൈവത്തെയും, സഹോദരങ്ങളെയും”. പിണക്കത്തിന്റെ, വെറുപ്പിന്റെ ആത്മാവിനെയല്ലാ ഈശോ നമുക്ക് നല്‍കിയിരിക്കുന്നത്. അവിടുന്ന് കരങ്ങളുയര്‍ത്തിയത് ഞാനും നിങ്ങളും സ്നേഹത്തില്‍ വളരാന്‍ വേണ്ടി മാത്രമാണ്. കുടുംബം മുഴുവന്‍ ദൈവത്തിന്റെ മുന്‍പില്‍ കരങ്ങളുയര്‍ത്തി നില്‍ക്കുന്ന കുടുംബ പ്രാര്‍ത്ഥനാ സമയങ്ങള്‍ ദൈവസ്നേഹത്ത്തിന്റെ, ദൈവകൃപയുടെ പെരുമഴപ്പെയ്ത്താണെന്ന്, കുടുംബാംഗങ്ങളെ സ്നേഹത്തില്‍ നിലനിര്‍ത്തുന്ന സമയങ്ങളാണെന്നു ഇനി എന്നാണു നാം മനസ്സിലാക്കുക?
സമാപനം
സ്നേഹമുള്ളവരെ, ജീവിതത്തിന്റെ സാഹചര്യങ്ങള്‍ എന്തായാലും, ‘സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍, നിനക്കുവേണ്ടിയും, നിന്നോടോപ്പമുള്ളവര്‍ക്കുവേണ്ടിയും കരങ്ങളുയര്‍ത്താന്‍’ നമുക്ക് സാധിക്കട്ടെ. പഴയ നിയമത്തിലെ ജോബിനെപ്പോലെ ഇപ്പോഴും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുക: എന്റെ ദൈവം നല്ലവനും സ്നേഹമുള്ളവനും ആണ്. ആ ദൈവം ഇപ്പോഴും എന്നോടൊപ്പമുണ്ട്. ഈശോയ്ക്കറിയാം നമ്മുടെ ജീവിതം, ദൈവശാസ്ത്രജ്ഞനായ Raymond Edman പറഞ്ഞപോലെ “Never doubt in the dark what God told you in the light”. അതുകൊണ്ട്, ഇന്നത്തെ വചനം പറയുന്നപോലെ, ജീവിതത്തിന്റെ സാഹചര്യങ്ങള്‍ എന്തായാലും, ‘സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍, നിനക്കുവേണ്ടിയും, നിന്നോടോപ്പമുള്ളവര്‍ക്കുവേണ്ടിയും കരങ്ങളുയര്‍ത്താന്‍’ നമുക്ക് സാധിക്കട്ടെ.