SUNDAY SERMON Lk 14, 7-14

ലൂക്കാ 14, 7 – 14

സന്ദേശം

Image result for images of luke 14 7 14 sermon

സീറോമലബാര്‍സഭയുടെ ആരാധനാക്രമവത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ടുശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. സ്നേഹത്തിന് പകരം സ്നേഹം, ബലിക്ക് പകരം ബലി എന്നും പറഞ്ഞ്, ശ്ലീഹന്മാര്‍ തുടങ്ങി, രക്തം ചിന്തിയും രക്തം ചിന്താതെയും ഇന്നുവരെയുള്ള ക്രൈസ്തവര്‍ നടത്തിയ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭ വളര്‍ന്നുപന്തലിച്ച് ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലത്ത് നാം ഓര്‍ക്കുക. സഭയുടെ വളര്‍ച്ചയുടെ മാനദണ്ഡം ഈ ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന ക്രൈസ്തവരുടെ ജീവിത മായതുകൊണ്ട് ഇന്നത്തെ സുവിശേഷ സന്ദേശം “ ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകണം കൈസ്തവര്‍” എന്നാണ്.

വ്യാഖ്യാനം

ഈ കൈത്തക്കാലം ഒന്നാം ഞായറാഴ്ച ക്രൈസ്തവര്‍ ഈ ലോകത്തില്‍ ജീവിക്കേണ്ട ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഈശോ. എന്താണ് സംസ്കാരം? ക്രിസ്തു വിവക്ഷിക്കുന്നത് ലോകത്തിന്റെ സംസ്കാരമാണ്. എന്താണ് പ്രതിസംസ്കാരം? ക്രിസ്തുവിന്റെ സംസ്കാരമാണ്, ക്രൈസ്തവര്‍ സ്വന്തമാക്കേണ്ട സംസ്കാരമാണ് പ്രതിസംസ്കാരം. സ്വയം എളിമപ്പെടുന്ന സംസ്കാരം.

ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.

ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.

ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള  ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. ആഹാബ് രാജാവിന്റെ മുന്‍പില്‍ ചെന്ന് “കര്‍ത്താ വാണെ, വരും കൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ, മഴയോ പെയ്യുകയില്ലെന്നു എന്ത് ഉറപ്പിലാണ് അദ്ദേഹം പറഞ്ഞത്? ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പില്‍. ദൈവം മൂന്നു കാര്യങ്ങള്‍ പറയുന്നുണ്ട്. മരുഭൂമിയിലേക്ക് പോകുക, അവിടെ അരുവിയുണ്ടാകും, വെള്ളത്തിനു. മരുഭൂമിയില്‍ വെള്ളം!? ഭക്ഷണത്തിനോ? കാറ്ററിംഗ്കാരോട് arrange ചെയ്തിട്ടുണ്ട്. കാക്കകളാണ്, എന്തും തട്ടിപ്പറിക്കുന്ന കാക്കകള്‍! പിന്നെ food and accommodation – ഉള്ളതുകൊണ്ട് അപ്പമുണ്ടാക്കി കഴിച്ച ശേഷം മരിക്കാനൊരുങ്ങിയിരിക്കുന്ന വിധവയുടെ വീട്ടില്‍!! പിന്നെ തിരിച്ചു വന്ന് ബാലിന്റെ ആളുകളോട് വെല്ലുവിളി! യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.

രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!

ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ടു ഈശോ കരയുന്നുണ്ടോ?

സമാപനം 

സ്നേഹമുള്ളവരെ, ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്.

Holy Mass- the greatest Wonder!!!

SUNDAY SERMON LK 13, 22-30

ലൂക്കാ 13, 22-30

സന്ദേശം

Image result for images of narrow door in the bible

ആസുരതനിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അക്രമത്തിന്റെ കഥകളാണ് നാം ദിവസേന കേള്‍ക്കുന്നത്. വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ചോരക്കളികളുടെ കഥകളാണ് കേരളത്തി ന്റെതെങ്കില്‍, ആള്‍ക്കൂട്ടകൊലപാതകങ്ങളാണ് ബീഹാറില്‍ നിന്ന് കേള്‍ക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് ജനരാഷ്ട്രീയം ജനാധിപത്യത്തെ കൊല്ലുന്ന കഥകളാണെങ്കില്‍, കേരളത്തില്‍ നിന്ന് സഭാരാഷ്ട്രീയം ക്രിസ്തുവിനെ ശ്വാസംമുട്ടിക്കുന്ന കഥകളാണ് നാം കേള്‍ക്കുന്നത്. എല്ലാവരും ജനത്തെ രക്ഷിക്കാന്‍, മൂല്യങ്ങളെ രക്ഷിക്കാന്‍, ദൈവത്തെ രക്ഷിക്കാന്‍ എന്നും പറഞ്ഞാണ് മുന്നേറുന്നത്. പക്ഷെ അവര്‍ തേടുന്ന വഴികളും, കടക്കുന്ന വാതിലുകളും തിന്മയുടെതാണ്, അനീതിയുടെതാണ്. ഈ ഭൂമിയിലെ നന്മ നിറഞ്ഞതെന്നു തോന്നിപ്പിക്കുന്ന സംവിധാനങ്ങളെല്ലാം തിന്മയുടെ വിശാലമായ വഴികളും വാതിലുകളും തേടുന്ന ഈ സഹചര്യത്തിലാണ് ഇന്നത്തെ ദൈവവചനം രക്ഷപ്രാപിക്കാന്‍ ക്രിസ്തുശിഷ്യന്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കണം എന്ന സന്ദേശം നല്‍കുന്നത്.

വ്യാഖ്യാനം

വിജാതീയര്‍ക്കുവേണ്ടി സുവിശേഷം രചിച്ച വിശുദ്ധ ലൂക്കാ സുവിശേഷകന്റെ സുവിശേ ഷരചനയുടെ പല ലക്ഷ്യങ്ങളില്‍ ഒന്ന് വിജാതീയര്‍ക്കു രക്ഷയുടെ മാര്‍ഗം  കാണിച്ചുകൊടുക്കുക എന്നതായിരുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ രക്ഷയുടെ മാര്‍ഗം ക്രിസ്തുശിഷ്യത്വത്തിന്റെതാണ്. നമ്മെ, നമ്മുടെ ഭവനങ്ങളെ രക്ഷയിലേയ്ക്ക് നയിക്കുവാനാണ് ക്രിസ്തു വന്നത്. രക്ഷയുടെ മാര്‍ഗമാണ് ലൂക്കായുടെ പ്രധാന വിഷയം.

ഇവിടെ ജെറുസലെമിലേക്ക് യാത്ര ചെയ്യുന്ന ക്രിസ്തുവിന്റെ മുന്‍പിലേയ്ക്കാണ് ചോദ്യം എറിയുന്നത്. ക്രിസ്തുവിനു ജറുസലേം വെറുമൊരു പട്ടണമല്ല. അത് രക്ഷയുടെ പ്രതീകമാണ്. ഈശോയ്ക്കു ജെറുസലെമിലേയ്ക്കുള്ള യാത്ര രക്ഷയിലേയ്ക്കുള്ള യാത്രയാണ്.അതുകൊണ്ടാണ് ഉത്തരം ഉടനെയെത്തുന്നത്: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍. കാരണം, ക്രിസ്തു ഈ ഭൂമിയില്‍ പിറക്കണമെങ്കില്‍, ക്രിസ്തുശിഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കണമെങ്കില്‍, ക്രിസ്തു ശിഷ്യത്വത്തിലേക്ക് ഒരാള്‍ വളരണമെങ്കില്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കേണ്ടിയിരിക്കുന്നു. ഇടുങ്ങിയ വാതില്‍ ദൈവത്തിന്റെ കൃപയുടെ വാതിലാണ്; ദൈവത്തിന്റെ പ്രസാദവരത്തിന്റെ വാതിലാണ്, ദൈവാനുഗ്രഹത്തിന്റെ വാതിലാണ്.

ദൈവത്തിന്റെ കൃപ, പ്രാസാദവരം, അനുഗ്രഹം എല്ലാം സൂഷ്മമാണ്. സ്ഥൂലമല്ല. ഈ ഭൂമിയില്‍ രണ്ടുതരം ശരീരങ്ങളുണ്ട്‌. ഒന്ന്, സ്ഥൂലശരീരം, gross body. രണ്ട്, സൂഷ്മശരീരം subtle body. Gross body നമുക്ക് കാണാം, കേള്‍ക്കാം, സ്പര്‍ശിക്കാം. നമ്മുടെ പിത്തകഫമല ബന്ധിയായ ഈ ശരീരം gross body യാണ്. എന്നാല്‍ അതിലെ ആത്മാവ് subtle body യാണ്. ഒരു പൂവ് gross body യാണ്. അതിലെ സൗന്ദര്യം subtle body യാണ്. അമ്മ കുഞ്ഞിനെ കെട്ടിപ്പിടിക്കുന്നു, ഉമ്മ വയ്ക്കുന്നു…. എല്ലാം gross body യില്‍ പെട്ടതാണ്. എന്നാല്‍ കുഞ്ഞും അമ്മയും അനുഭവിക്കുന്ന സ്നേഹം subtle body യില്‍ പെട്ടതാണ്. Gross ആയവ, സ്ഥൂലമായവ പ്രകൃതിപരമാണ്, അത് നമ്മുടെ സ്വഭാവത്തില്‍പെട്ടതാണ്.  Subtle ആയവ, സൂഷ്മം ആയവ അനുഭവിക്കുന്നത്തിനു ത്യാഗം, സഹനം ആവശ്യമാണ്‌. special effort, പ്രയത്നം ആവശ്യമാണ്‌. ക്രിസ്തു ഈ ഭൂമിയില്‍ പിറക്കണമെങ്കില്‍, ക്രിസ്തു ശിഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കണമെങ്കില്‍, ക്രിസ്തു ശിഷ്യത്വത്തിലേക്ക് ഒരാള്‍ വളരണമെങ്കില്‍ special effort, പ്രയത്നം ആവശ്യമാണ്‌. അതുകൊണ്ട് ഇടുങ്ങിയ വാതില്‍, ത്യാഗത്തിന്റെ, സഹനത്തിന്റെ വാതിലാണ്.

Subtle ആയതെല്ലാം, ത്യാഗത്തിലൂടെ, സഹനത്തിലൂടെയാണ് നാം സ്വന്തമാക്കുന്നത്. Two wheeler licence എടുക്കാന്‍ നാം 8 വരക്കണം. കണക്കിലെ ഏറ്റവും ക്ലേശംപിടിച്ച എട്ടു തന്നെ വരയ്ക്കണം. മത്സരത്തില്‍ ജയിക്കാന്‍, പരീക്ഷയില്‍ ജയിക്കാന്‍, (യൂണിവേഴ്സിറ്റി കോളെജിലെ കാര്യമല്ല പറയുന്നത്) നാം ഏറെ ബുദ്ധിമുട്ടണം. ക്രിക്കറ്റ് കളിക്കാന്‍, videogame ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ കുത്തിയിരുന്നു പഠിച്ചു നല്ല വിജയം നേടാന്‍ ബുദ്ധിമുട്ടാണ്. Subtle ആയതെല്ലാം, ത്യാഗത്തിലൂടെ, സഹനത്തിലൂടെയാണ് നാം സ്വന്തമാക്കുന്നത്.

ഒരു സഹന പ്രക്രിയയിലൂടെ മാത്രമേ, ക്രിസ്തു ഈ ഭൂമിയില്‍ പിറക്കുകയുള്ളു. ക്രിസ്തു ശിഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കുകയുള്ളു. ക്രിസ്തു ശിഷ്യത്വത്തിലേക്ക് ഒരാള്‍ വളരുകയുള്ളു. ദൈവത്തില്‍നിന്ന് ഈ ഭൂമിയില്‍ നിറയുന്ന നന്മയും, സ്നേഹവും, കരുണയും സന്തോഷവും, രക്ഷയും സഹനത്തിലൂടെ മാത്രമേ, വെളിപ്പെടുകയുള്ളു. അതുകൊണ്ട് രക്ഷ പ്രാപിക്കുവാന്‍ ഇടുങ്ങിയ വാതിലിലൂടെ, ത്യാഗത്തിന്റെ, സഹനത്തിന്റെ വാതിലിലൂടെ പ്രവേശിക്കണം. എന്നാല്‍, എല്ലാ സഹനവും ഒരുവനെ ക്രിസ്തുവാക്കില്ല, ക്രിസ്തു ശിഷ്യനാക്കില്ല. പതറാത്ത, പരിഭവങ്ങളും പരാതികളുമില്ലാത്ത സഹനം മാത്രമേ, ഒരുവനെ രക്ഷയിലെയ്ക്ക് നയിയ്ക്കൂ, ക്രിസ്തുവിനു ജന്മം നല്‍കുകയുള്ളൂ. അമ്മയുടെ ഈറ്റുനോവിന്റെ നിലവിളിയില്‍ എവിടെയാണ്, പരിഭവം? എവിടെയാണ് പരാതി? ശിശുവിനെ പ്രസവിച്ചശേഷം വേദന അവള്‍ ഓര്‍ക്കുന്നതേയില്ല.

സമാപനം 

സ്നേഹമുള്ളവരെ, ഈശോ നമ്മെ പഠിപ്പിക്കുകയാണ്: ജീവിതം ബുദ്ധിമുട്ടേറിയതാണ്. അതിനെ ക്രൈസ്തവമാക്കാന്‍, രക്ഷാകരമാക്കാന്‍ നമുക്കാകണം. ജീവിതം രക്ഷയിലെയ്ക്കുള്ള ജെറുസലേമിലേയ്ക്കുള്ള യാത്രയാണ്. നാം കടക്കേണ്ട വാതില്‍ ഇടുങ്ങിയതാണ്, ത്യാഗത്തിന്റേതാണ്, സഹനത്തിന്റേതാണ്. ഓര്‍ക്കുക, കാല്‍വരിയോ, സഹനമോ, മരണമോ അല്ല അവസാന വാക്ക്. ഉഥാനമാണ് ഒടുവിലത്തെ വാക്ക്. Robert Frost ന്റെ The road not taken എന്ന ഒരു കവിതയുണ്ട്. കവിതയിലെ വരികള്‍ ഇങ്ങനെയാണ്: Two roads diverged in a wood, and I—I took the one less traveled by, And that has made all the difference. The road less travelled ആണ് രക്ഷയുടെ, നന്മയുടെ ഇടുങ്ങിയ, സഹനത്തിന്റെ വഴി. അതാണ്‌ ക്രൈസ്തവ ജീവിതത്തെ വ്യത്യസ്ഥമാക്കുന്നതും, മനോഹരമാക്കുന്നതും.

SUNDAY SERMON LK 12, 54-59 -13, 1-5

ലൂക്ക 12,54-59 – 13,1-5

സന്ദേശം

Image result for images of repentance

ജീവിതത്തെ 180 ഡിഗ്രി ദൈവത്തിങ്കലേക്ക് തിരിക്കുവാന്‍, ഈ പ്രപഞ്ചത്തില്‍ ദൈവം ഒരുക്കിവച്ചിട്ടുള്ള അടയാളങ്ങള്‍ വായിച്ച്, മനസ്സിലാക്കി ജീവിതലക്‌ഷ്യം പൂര്‍ത്തിയാക്കുവാന്‍ ഇന്നത്തെ ദൈവവചനം നമ്മോടു പറയുകയാണ്‌. ഈശോയുടെ സന്ദേശം ഇതാണ്: മകളെ, മകനെ, നീ ദൈവത്തിങ്കലേക്ക് തിരിയുക, ദൈവത്തില്‍ നിന്ന് തുടങ്ങുക, പാശ്ചാത്തപിക്കുക. അല്ലെങ്കില്‍ നീ ജീവിതലക്‌ഷ്യം നേടുകയില്ല.

വ്യാഖ്യാനം

നമ്മുടെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്. അത് നമ്മുടെ വ്യക്തിപരമായ ജീവിതത്തേക്കാള്‍, മനസമാധാനത്തേക്കാള്‍, നമ്മുടെ സന്തോഷത്തേക്കാള്‍ വലുതാണ്‌. അത് നമ്മുടെ കുടുംബത്തേക്കാള്‍, നമ്മുടെ കരിയര്‍, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, എന്നിവയെക്കാളും വലുതാണ്‌. നമ്മുടെ ജീവിതലക്ഷ്യം അറിയുവാന്‍, എന്തിനാണ് ഞാന്‍ ഈ ഭൂമിയില്‍ ജനിച്ചിരിക്കുന്നത് എന്ന് അറിയുവാന്‍ നാം ദൈവത്തിങ്കലേക്ക് തിരിയണം. ദൈവത്തില്‍ നിന്ന് തുടങ്ങണം. കാരണം, നാം ദൈവത്താലും ദൈവത്തിനുവേണ്ടിയുമാണ്  സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഒരുപക്ഷേ, നമ്മുടെ mistake നാം നമ്മുടെ ജീവിതം ദൈവത്തില്‍ നിന്ന് തുടങ്ങിയിട്ടില്ലാ എന്നതാകാം. ഞാന്‍ എന്താകണം, എന്റെ ജീവിതംകൊണ്ടു ഞാന്‍ എന്ത് ചെയ്യണം, എന്റെ ലക്ഷ്യങ്ങളെന്തെല്ലാം, എന്റെ സ്വപ്നങ്ങള്‍, എന്റെ ആഗ്രഹങ്ങള്‍ – നാം നമ്മുടെ ജീവിതം നമ്മില്‍നിന്നാണ് തുടങ്ങിയത്, അങ്ങനെതന്നെയാണ് മുന്നോട്ടുപോകുന്നതും, അത് തന്നെയാകാണാം നമ്മുടെ പാളിച്ചയും. ഈ പാളിച്ചകളെ മറയ്ക്കുവാനാകണം, നാം പലതരം ന്യായീകരണങ്ങള്‍ നിരത്തുന്നത്. എന്റെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നത് പൂര്‍വീകരുടെ പാപങ്ങള്‍ കാരണമാണ്, മറ്റുള്ളവര്‍ക്ക് ദുരിതങ്ങള്‍ വരുന്നത് അവര്‍ പാപികളായാതുകൊണ്ടാണ്, സമയദോഷമാണ് എല്ലാറ്റിനും കാരണം എന്നിങ്ങനെ ആയിരത്തൊന്നു ന്യായങ്ങള്‍ നമ്മള്‍ നിരത്തും. എന്തിനാണ്? നമ്മുടെ പാളിച്ചകളെ മറച്ചുവയ്ക്കാന്‍. ഈശോയുടെ സന്ദേശം ഇതാണ്: മകളെ, മകനെ, നീ ദൈവത്തിങ്കലേക്ക് തിരിയുക, ദൈവത്തില്‍ നിന്ന് തുടങ്ങുക, പാശ്ചാത്തപിക്കുക. അല്ലെങ്കില്‍ നീ ജീവിതലക്‌ഷ്യം നേടുകയില്ല.

നാമോരോരുത്തരും നശിക്കാതിരിക്കുവാന്‍, എപ്പോഴും ദൈവത്തിലായിരിക്കുവാന്‍  ദൈവം ഈ പ്രപഞ്ചം മുഴുവന്‍ അടയാളങ്ങള്‍ നല്‍കിയിരിക്കുകയാണ്. പടിഞ്ഞാറ് മേഘം ഉയരുന്നത്, തെക്കന്‍ കാറ്റടിക്കുന്നത് അടയാളങ്ങളാണ്. നീ ഒരു കേസില്‍ അകപ്പെടുന്നത് അടയാളമാണ്. ഗലീലിയക്കാരായവരുടെ ബലികളില്‍ അവരുടെ രക്തം കൂടി പീലാത്തോസ് കലര്‍ത്തിയത് അടയാളമാണ്. അത് ചെയ്തവരും, ഇരയായവരും പാപികളാണോഎന്നതിനേക്കാള്‍ ഇത് കാണുന്നവര്‍ ദൈവത്തിങ്കലേക്ക് തിരിയേണ്ടിയിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. സീലോഹായില്‍ ഗോപുരം ഇടിഞ്ഞുവീണ്‌ പതിനെട്ടുപേര്‍ കൊല്ലപ്പെട്ടതും അടയാളമാണ്. ഇരയായവര്‍ പാപികളാണോ എന്നതിനേക്കാള്‍ ഇത് കാണുന്നവര്‍ ദൈവത്തിങ്കലേക്ക് തിരിയേണ്ടിയിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. കേരളത്തിലെ മഹാപ്രളയം, ലോക്കപ്പ് മരണങ്ങള്‍, വിവാദങ്ങള്‍, സഭയിലെ തര്‍ക്കങ്ങള്‍, കോളെജിലെ കത്തിക്കുത്ത് … എല്ലാം അടയാളങ്ങളാണ്. ഈശോയുടെ സന്ദേശം ഇതാണ്: മകളെ, മകനെ, നീ ദൈവത്തിങ്കലേക്ക് തിരിയുക, ദൈവത്തില്‍ നിന്ന് തുടങ്ങുക, പാശ്ചാത്തപിക്കുക. അല്ലെങ്കില്‍ നീ ജീവിതലക്‌ഷ്യം നേടുകയില്ല.

നാം ഈ പ്രകൃതിയില്‍, മനുഷ്യജീവിതത്തില്‍ കാണുന്നതെല്ലാം നമുക്ക് അടയാളങ്ങളായി കാണാനും അവിടെ അര്‍ത്ഥം ശരിയായി മനസ്സിലാക്കാനും നമുക്ക് സാധിക്കണം. കുറച്ചു നാളുകള്‍ക്കു മുന്‍പ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ഒരു സിനിമ ഇറങ്ങിയിരുന്നു. ആ സിനിമയുടെ climax scene വളരെ മനോഹരമാണ്. നായകന് ഭാര്യയും ഒരു മകനുമുണ്ട്. നല്ല സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന കുടുംബം. സര്‍ക്കാര്‍ ജോലിയിലുള്ള നായകന് ക്ലാസ്സിക്കല്‍ ഡാന്‍സിനെക്കുറിച്ച് നന്നായി അറിയാം. ഔദ്യോഗികജോലിയുടെ ഭാഗമായിത്തന്നെ അദ്ദേഹം ഒരു സ്ത്രീയെ, നര്‍ത്തകിയെ പരിചയപ്പെടുന്നു. അവളുമായി ഇഷ്ടത്തിലാകുന്നു. അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നര്‍ത്തകി വിദേശത്തേക്ക് പോകുന്നതിന്റെ തലേദിവസം രാത്രി അവള്‍ നായകനെ അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്. ഇതറിഞ്ഞ ഭാര്യ നേരത്തേകൂട്ടി നര്‍ത്തകിയുടെ വീട്ടിലെത്തി അവളുമായി സംസാരിക്കുന്നുണ്ട്. ഈ സമയത്താണ് നായകന്‍റെ വരവ്. അണിഞ്ഞൊരുങ്ങി വരുന്ന നായകന്‍ നര്‍ത്തകിയുടെ വീട്ടിലേയ്ക്കുള്ള stair cases കയറുമ്പോള്‍ അടുത്തവീട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. നായകന്‍ നോക്കുമ്പോള്‍ വീടിന്റെ വരാന്തയില്‍ കരയുന്ന കുഞ്ഞിനേയും പിടിച്ചു ഒരമ്മ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ഒപ്പം അദ്ദേഹം ആകാശത്തേക്ക് നോക്കി. നറും നിലാവില്‍ കുളിച്ചു പൂര്‍ണചന്ദ്രന്‍. അടുത്ത ഷോട്ട് ആശുപത്രി കിടക്കയില്‍ വെളുത്ത ഉടുപ്പണിഞ്ഞ നായകന്റെ ഭാര്യയും, വെളുത്ത തുണിയില്‍ പൊതിഞ്ഞു കുഞ്ഞ്, വെളുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞു നായകനും. മുറി മുഴുവന്‍ പ്രകാശം.  വെളുപ്പിന്റെ വിശുദ്ധിയുടെ, നന്മയുടെ, ഒരാഘോഷം സംവിധായകന്‍ അവിടെ ഒരുക്കിയിരിക്കുകയാണ്. ക്യാമറ നായകന്‍റെ ഭാര്യയിലേക്ക്. താലിയും ചേര്‍ത്ത് പിടിച്ചു സര്‍വ ദൈവങ്ങളോടും അവള്‍ പ്രാര്‍ഥിക്കുകയാണ്. കാരണം, നായകന്‍ അകത്തു കയറിയാല്‍ അവരുടെ ദാമ്പത്യം തകരും. ഷോട്ട് വീണ്ടും നായകനിലേക്ക്. അയാള്‍ പതുക്കെ ചുവടുകള്‍ പിന്നിലേക്ക്‌ വയ്ക്കുകയാണ്. അയാള്‍ മാനസാന്തരത്തിലേക്ക്, നന്മയിലേക്ക്, പാശ്ചാത്തപത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്. അയാള്‍ ഗെയിറ്റ്‌ കടന്നപ്പോള്‍ mobile റിംഗ് ചെയ്തു. “ചന്ദ്രേട്ടന്‍ എവിടെയാ” ഭാര്യയാണ്. “ദേ ഞാന്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്”, അയാള്‍ പറഞ്ഞു.

സ്നേഹമുള്ളവരെ, ദൈവം തന്റെ സ്നേഹത്തില്‍ ഈ പ്രപഞ്ചം മുഴുവന്‍ നമുക്കുവേണ്ടി അടയാളങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്, നമ്മുടെ ജീവിതം ലക്ഷ്യത്തിലെത്തിക്കുവാന്‍ വേണ്ടി. നാമത് കാണണം, കേള്‍ക്കണം, മനസ്സിലാക്കണം. ഈശോയുടെ സന്ദേശം ഇതാണ്: മകളെ, മകനെ, ഈ പ്രപഞ്ചത്തിലെ അടയാളങ്ങള്‍ കണ്ടു, നീ ദൈവത്തിങ്കലേക്ക് തിരിയുക, ദൈവത്തില്‍ നിന്ന് തുടങ്ങുക, പാശ്ചാത്തപിക്കുക. അല്ലെങ്കില്‍ നീ ജീവിതലക്‌ഷ്യം നേടുകയില്ല.

Sworgeeya Dhanyam – Lesson 08 – Fr Mathews Payyappilly MCBS

Sworgeeya Dhanyam – Lesson 6 – Fr.Mathews Payyappilly MCBS

Sorgeeya Dhanyam I Lesson 07 I By Fr Mathews Payyappilly MCBS

Sorgeeya Dhanyam – Lesson 05 – By Fr Mathews Payyappilly MCBS

Swargeeya Dhanyam -Lesson 4 – Fr. Mathews Payyappilly MCBS

SwargeeyaDhanyam -Lesson 3- Fr.Mathews Payyappilly MCBS