ലൂക്കാ 15, 11-32
സന്ദേശം

കൈത്താക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച, കൊച്ചുനാള്‍ മുതലേ നാം കേള്‍ക്കുന്ന, ഈശോ പറയുന്ന മനോഹരമായൊരു ചെറുകഥയാണ് സുവിശേഷത്തിലൂടെ നാം ശ്രവിച്ചത്. ഈ ദൈവവചനഭാഗത്തിന്റെ സന്ദേശമായി ഈശോ നമ്മോട് പറയുന്നത്, മനുഷ്യര്‍ എപ്പോഴും ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ് നില്‍ക്കുന്നത് എന്നാണ്.
വ്യാഖ്യാനം
“ദേ, എത്ര പ്രാവശ്യം കേട്ടതച്ചാ ഈ കഥയും അതിന്റെ ദൈവവചനവ്യാഖ്യാനവും” എന്നായിരിക്കും നിങ്ങളുടെ മനസ്സുകളില്‍ എന്ന് എനിക്കറിയാം. എന്നാല്‍ ഇന്ന് ഈശോ നമ്മോട് പറയുവാന്‍ ആഗ്രഹിക്കുന്നത് പുതിയൊരു കാര്യമാണ്. അവിടുന്ന് പറയുന്നു: നിങ്ങളാരും മടങ്ങിവരാന്‍ കഴിയാത്തവിധം ദൂരേയ്ക്ക് പോയിട്ടില്ല; തിരിച്ചു വരാന്‍ പറ്റാത്തവിധം അകലേയ്ക്കും പോയിട്ടില്ല. മനുഷ്യര്‍ എപ്പോഴും, അടുത്തായിരുക്കുമ്പോഴും,അകന്നിരിക്കുമ്പോഴും ദൈവസ്നേഹത്തിന്റെ,ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ് നില്‍ക്കുന്നത്.
ഈശോ ഈ കഥ, അന്ന് ഇസ്രായേല്‍ക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന മറ്റൊരു കഥയെ ആസ്പദമാക്കിയായിരിയ്ക്കണം പറഞ്ഞത് എന്ന് അഭിപ്രായപ്പെടുന്ന ബൈബിള്‍ പണ്ഡിതന്മാരുണ്ട്. പഞ്ചഗ്രന്ഥി, പ്രവാചകഗ്രന്ഥങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള മതപ്രഭാഷണഗ്രന്ഥമായ “പെസിക്ത റബ്ബതി” (848 CE) യിലാണ് ധൂര്‍ത്തപുത്രന്റെ കഥയുള്ളത്. കഥ ഇങ്ങനെയാണ്: ഒരു രാജാവിന് ഒരു മകനുണ്ടായിരുന്നു. പിതാവില്‍ നിന്ന് സ്വത്ത് നേടിയെടുത്ത് അവന്‍ വീട്ടില്‍ നിന്ന് പോയി. അവന്റെ സുഹൃത്തുക്കള്‍ അവനെ ഉപദേശിച്ചു: “നീ പിതാവിന്റെ അടുത്തേയ്ക്ക് മടങ്ങിപ്പോകണം.” എന്നാല്‍ അവന്‍ പോയില്ല. ആ പിതാവാകട്ടെ ദൂതന്മാരുടെ കൈയ്യില്‍ ഒരു എഴുത്ത് കൊടുത്തുവിട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: “മകനേ, നിനക്ക് കഴിയാവുന്നിടത്തോളം ദൂരം നീ മടങ്ങി വരിക; ബാക്കി ദൂരം ഞാന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടു വരാം.” ഈ കഥയുടെ വിപുലീകരിച്ച രൂപമാണ് ഈശോ അവതരിപ്പിക്കുന്നത്.
പിതാവിന്റെ വീട്ടില്‍ സുഭിക്ഷമായി ഭക്ഷണം കഴിച്ച് ജീവിച്ച രണ്ടു പുത്രന്മാരെക്കുറിച്ചും, അവരുടെ പിതാവിനെക്കുറിച്ചുമാണ് ഈശോ കഥയില്‍ പറയുന്നത്. ഈ കഥയിലെ പിതാവ് എപ്പോഴും നമ്മോടൊത്തായിരിക്കുന്ന, തന്നെ മറന്നുപോകുമ്പോള്‍പോലും നമുക്ക് സുബോധം തരുന്ന ദൈവവും, രണ്ടു പുത്രന്മാര്‍ നാമോരോരുത്തരുമാണ്. ഇന്നത്തെ ഒന്നാം വായനയില്‍ ഈ സുഭിക്ഷതയെക്കുറിച്ചാണ്, കഴിഞ്ഞകാലത്തെപറ്റി, പിതാവായ ദൈവം മനുഷ്യനെ ഭൂമുഖത്ത് സൃഷ്ടിച്ചതുമുതലുള്ള കാലത്തെപറ്റിയാണ് പറയുന്നത്. ദൈവം തന്റെ സ്വരം കേള്‍പ്പിച്ച്, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്, മഹാമാരികളില്‍ നിന്ന് രക്ഷിച്ച്, സുരക്ഷിതമായി, സുഭിക്ഷമായിട്ടാണ് മനുഷ്യരെ വളര്‍ത്തിക്കൊണ്ട് വന്നത്. പക്ഷെ, മനുഷ്യന്‍ ഇതെല്ലാം മറന്നുപോയി. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ് താന്‍ നില്‍ക്കുന്നത് എന്ന് മനുഷ്യന്‍ മറക്കുന്നു. അന്ന് മാത്രമല്ല, ഇന്നും മനുഷ്യന്‍ ഇത് മറക്കുകയാണ്.
സി. വി. ബാലകൃഷ്ണന്റെ “ദൈവം പിയാനോ വായിക്കുമ്പോള്‍” എന്ന ഒരു ചെറുകഥയുണ്ട്. അതില്‍ ഷെപ്പേഡച്ചന്‍, കഥാനായകനായ ജാക്കിനോട് പറയുന്നതിങ്ങനെയാണ്: ““മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ ദൈവത്തിനു വലിയ പ്രതീക്ഷയായിരുന്നു. അവന്‍ പെരുകും, ഒരിക്കലും പരസ്പരം കലഹിക്കില്ല, ആയുധമെടുത്ത് രക്തം ചിന്തുകയില്ല … കൂട്ടുകാരന്റെ ഭവനത്തെ, ഭാര്യയെ മോഹിക്കില്ല …ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കും.” … ഇപ്പോള്‍ ദൈവത്തിനു ഇച്ചാഭംഗമാണ്. രമ്യവും പ്രശാന്തവുമായ എദന്‍ തോട്ടത്തില്‍ നഗ്നതയറിയാതെ ശിശുക്കളെപ്പോലെ നടന്ന ആദവും ഹവ്വയും നഗ്നതയില്‍ ലജ്ജിച്ച് പച്ചിലകളുടെ ഉടുപ്പണിഞ്ഞ് പുറത്തുകടന്നു കൈചേര്‍ത്ത്പിടിച്ചു ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള ഷോപ്പിംഗ് മാളിലൂടെ ബ്രാന്‍ഡഡ് ഉടുപ്പുകള്‍ തേടി നടക്കുന്നു. അതിനിടയില്‍ ഫുഡ്‌കോര്‍ട്ടില്‍ കയറിച്ചെന്നു വിശപ്പകറ്റുന്നു. പൂര്‍വാധികം ഉത്സാഹത്തോടെ വീണ്ടും ഷോപ്പിങ്ങിനു ഇറങ്ങുന്നു. ‘അതില്‍ സന്ന്യാസികളുമുണ്ട്, പുരോഹിതരുമുണ്ട്’. ഏദന്‍ എത്ര അകലെ.”
സ്നേഹമുള്ളവരെ, ഈ സങ്കടമാണ് ഇന്നത്തെ സുവിശേഷം. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ് താന്‍ നില്‍ക്കുന്നത് എന്ന് മനുഷ്യന്‍ മറക്കുന്നു. അവള്‍ /അവന്‍ മറ്റു വന്‍കരകള്‍ തേടി പോകുന്നു. മനുഷ്യര്‍ രണ്ടുതരമുണ്ട്: ഒന്ന്, ഇളയപുത്രന്‍ – ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ് താന്‍ നില്‍ക്കുന്നത് എന്ന് മറന്ന്, ചെറിയ തോടുകളിലെ കലക്കവെള്ളം കുടിച്ച്, ലോകസുഖത്തിന്റെ തവിടും തിന്ന്, പന്നികളുടെ തലത്തിലെത്തിയ പമ്പരവിഡ്ഢി! രണ്ട്, മൂത്തപുത്രന്‍ – ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തില്‍ നിന്നിട്ടും, അത് മനസ്സിലാക്കാതെ, നിയമത്തിന്റെ കാര്‍ക്കശ്യത്തിലും, പിതാവിന്റെ സ്നേഹത്തെ മനസ്സിലാക്കാതെ, കാരുണ്യത്തെ അറിയാതെ മറ്റുള്ളവരുടെ തെറ്റുകളില്‍ അവരെ വിധിച്ചും ജീവിച്ച ബുദ്ധിശൂന്യന്‍! നീ എപ്പോഴും എന്റെ കൂടെയുണ്ടല്ലോ എന്ന് പിതാവ് ചോദിക്കുന്നുമുണ്ട്. രണ്ടും ദൈവബോധം ഇല്ലാത്ത, ദൈവസ്നേഹത്തെ മറക്കുന്ന ആധുനിക മനുഷ്യന്റെ പ്രതിനിധികള്‍!
നാം ഇവരില്‍ ആരെപ്പോലെയാണ്? ഉത്തരം എന്തായാലും സ്നേഹമുള്ളവരെ, നമുക്ക് സുബോധമുണ്ടാകണം. നാം എഴുന്നേല്‍ക്കണം. ജീവനിലേക്കു പ്രവേശിക്കണം. നമുക്ക് അത് സാധിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ് നാം നില്‍ക്കുന്നത് എന്നതു മാത്രമാണ്. നാം അറിയണം. പാപം മൂലം അകലെയാണെങ്കിലും നാം ദൈവത്തിലാണ്. നാം ജനിക്കുന്നതും, ജീവിക്കുന്നതും ദൈവത്തിലാണ്; മരിക്കുന്നതും ഉയിര്‍ക്കുന്നതും ദൈവത്തിലാണ്. ദൈവസ്നേഹത്തെ മറന്നിട്ടും, നമ്മെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, രൂപതയെ, ഈ ലോകത്തെ തന്റെ സ്നേഹത്തില്‍, കാരുണ്യത്തില്‍ ഇന്നും പരിപാലിക്കുന്ന, കൂദാശകളിലൂടെ പുതുവസ്ത്രമണിയിക്കുന്ന, നമുക്കുവേണ്ടി എന്നും വിരുന്നൊരുക്കുന്ന ദൈവത്തിന്റെ ധാരാളിത്തത്തെ നമുക്ക് സ്തുതിക്കുക.
സമാപനം
ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ് നാം നില്‍ക്കുന്നത് എന്ന് നമുക്ക് മറക്കാതിരിക്കാം. ഹൃദയത്തില്‍, വീടിന്റെ ചുമരില്‍ നമുക്ക് ഈ സന്ദേശം എഴുതിയിടാം. ദൈവസ്നേഹത്തില്‍ നിന്ന് അകലെയാകുമ്പോഴും നമ്മെ സ്നേഹിക്കുന്ന, കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ പരിപാലിക്കുന്ന ദൈവത്തിനു കൈകള്‍കൂപ്പി നന്ദിപറഞ്ഞു ഈ വിശുദ്ധ ബലി നമുക്ക് അര്‍പ്പിക്കാം.