Luke 16, 19-31
സന്ദേശം

ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, ഇന്നത്തെ സുവിശേഷം ക്രിസ്തുവിന്റെ സാമ്പത്തിക ദര്‍ശനം, ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശം ഇതാണ്: ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക.
വ്യാഖ്യാനം
ജീവിതം പങ്കുവെക്കാനുള്ളതാണ്. ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്, എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, ഈ ആധ്യാത്മിക ദര്‍ശനം ഇല്ലായിരുന്നു. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്. ദുരന്തങ്ങളുടെ മുന്‍പില്‍ നിന്ന് പോലും സെല്‍ഫി എടുക്കുന്ന സംസ്കാരം അന്ന് ഇല്ലതിരുന്നതുകൊണ്ടും, സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ ഇല്ലതിരുന്നതുകൊണ്ടും ലോകം അത് അറിഞ്ഞില്ല. എന്നാല്‍, അവരുടെ ആധ്യാത്മികത ചുമ്മാ ഷോ മാത്രമായിരുന്നു. അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക് ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.
ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്. നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെ യാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്, എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ചുള്ളതാണെന്നുമാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.
ഈശോയുടെ സാമ്പത്തികദര്‍ശനം, ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കാന്‍, ദൈവം ധാരാളം സമ്പത്ത് നല്‍കി അനുഗ്രഹിച്ച, സുഖജീവിതം നല്‍കി അനുഗ്രഹിച്ച, സമൃദ്ധി നല്‍കി അനുഗ്രഹിച്ച ഈ ധനികനെ ഈശോ കൂട്ടുപിടിക്കുകയാണ്. അയാളുടെ പാളിച്ചകളിലൂടെയാണ് ഈശോയുടെ ദര്‍ശനത്തിലേക്ക് നാം എത്തുക. ഒന്നാമതായി, അയാളുടെ ദര്‍ശനം വെറും ലൌകികമായ ഒന്നായിരുന്നിരിക്കണം – തിന്നുക, കുടിക്കുക, രമിക്കുക, സന്തോഷിക്കുക, മരിക്കുക. മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് അയാള്‍ അജ്ഞനായിരുന്നു. അയാളുടെ ലോകം വളരെ ചെറുതായിരുന്നു. എന്റെ ഭക്ഷണം, എന്റെ വസ്ത്രം, എന്റെ കുടുംബം, എന്റെ കാര്യങ്ങള്‍ അതായിരുന്നു അയാളുടെ ലോകം. ഈ ദര്‍ശനം ഒരിക്കലും ഒരുവനെ ദൈവകൃപയിലേക്ക് നയിക്കുകയില്ല.
രണ്ട്, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം അയാള്‍ക്കില്ലായിരുന്നു. അപരനെ പരിഗണിക്കുകയെന്ന ക്രിസ്തുദര്‍ശനമല്ലാ, അപരനെ അവഗണിക്കുകയെന്ന ഫ്യൂഡല്‍ മനസ്ഥിതിയായിരുന്നു അയാളുടേത്. വിശുദ്ധ യാക്കോബ് ശ്ലീഹ ഈ പക്ഷപാതത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. (യാക്കോ 2, 1-4) ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ തന്റെ രേരും നോവാരും എന്ന ചാക്രിക ലേഖനത്തില്‍ പറയുന്നു: ” മനുഷ്യന്‍ ഭൌതിക സ്വത്ത് തന്റെ സ്വന്തമാണെന്ന് കരുതരുത്. അന്യര്‍ക്ക് ആവശ്യമായി വരുമ്പോള്‍ അത് മറ്റുള്ള വരുമായി പങ്കുവയ്ക്കുവാന്‍ തയ്യാറാകണം.”
മൂന്ന്, ഉള്ളതില്‍ നിന്ന് എന്തെങ്കിലും കൊടുക്കുകയെന്ന ചിന്താഗതിയായിരുന്നു അയാള്‍ക്ക്. വിശുദ്ധ യാക്കോബ് ശ്ലീഹ പറയുന്നു: “നിങ്ങളുടെ നിലങ്ങളില്‍നിന്ന് വിളവു ശേഖരിച്ച വേലക്കാര്‍ക്ക്, കൊടുക്കാതെ പിടിച്ചുവച്ച കൂലിയിതാ നിലവിളിക്കുന്നു.” (യാക്കോ 5, 4) “നിനക്ക് ചെയ്യാന്‍ കഴിയുന്ന നന്മ, അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്. അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തു നിന്റെ കൈവഷമുണ്ടായിരിക്കെ, പോയി വീണ്ടും വരിക, നാളെ തരാം എന്ന് പറയരുത്”. (സഭാ 3, 27-28) ക്രിസ്തുവിന്റെ നിസ്വാര്‍ത്ഥമായ സ്നേഹം, നിഷ്കളങ്കമായ പങ്കുവയ്ക്കല്‍, ത്യാഗപൂര്‍ണമായ കൊടുക്കല്‍, മറ്റുള്ളവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കല്‍, ഇതൊന്നും അയാള്‍ക്കില്ലായിരുന്നു.
നാല്, എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത ഇല്ലായിരുന്നു. സഹോദരന് ഇല്ലാതെ വരത്തക്ക രീതയില്‍ നീ സമ്പാദിച്ച് കൂട്ടരുത്. വിശുദ്ധ ബേസില്‍ പറയുന്നു: ‘ധനവാന്മാരെ, നിങ്ങള്‍ പൂഴ്ത്തി വച്ചിരിക്കുന്ന അപ്പം പട്ടിണിപ്പാവങ്ങളുടെതാണ്. നിങ്ങള്‍ ധരിക്കാതെ സൂക്ഷിക്കുന്ന വസ്ത്രം നഗ്നരുടെതാണ്. നിങ്ങളുടെ മുറികളില്‍ ഇരുന്ന് ദ്രവിച്ചുപോകുന്ന ചെരുപ്പുകള്‍ നഗ്നപാദരുടെതാണ്. നിങ്ങളാണ് അവരെ സംരക്ഷിക്കേണ്ടത്.’ അഞ്ച്, എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും അയാള്‍ക്കില്ലായിരുന്നു.
ഈശോയുടെ സാമ്പത്തികദര്‍ശനം, ആധ്യാത്മിക ദര്‍ശനം മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയാണ്. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ സാമ്പത്തികദര്‍ശനം, ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്. പങ്കുവയ്ക്കലിന്റെ അഭാവം, അപരനെ മറന്നുള്ള ജീവിതം അപകടകരമാണ്.
ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്, സ്വര്‍ഗത്തെക്കുറിച്ച്, മനുഷ്യസ്നേഹത്തെക്കുറിച്ച്. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.” നമ്മുടെ തൊലിപ്പുറത്തിനും ഉള്ളിലേക്ക് ദൈവവചനം കടന്നിട്ടില്ലായെങ്കില്‍ നമ്മുടെ ക്രൈസ്തവ ജീവിതങ്ങളും വെറും make-up മാത്രമാകും. കാര്യത്തോടടുക്കുമ്പോള്‍ തനിനിറം പുറത്താകും.
ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും ആകാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം ഈശോയുടെ സാമ്പത്തികദര്‍ശനം, ആധ്യാത്മിക ദര്‍ശനം നിറഞ്ഞു നില്‍ക്കാന്‍ ദൈവവചനം നമ്മെ ഒരുതരത്തില്‍ നിര്‍ബന്ധിക്കുകയാണ്.
സമാപനം
സ്നേഹമുള്ളവരെ, ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്ഥരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. ആമോസ് പ്രവാചകന്‍ പറയുന്നപോലെ നമ്മുടെ ക്രൈസ്തവ ജീവിതത്തില്‍ നീതി നദിപോലെ ഒഴുകട്ടെ.