മത്താ 15, 21 – 28
സന്ദേശം

ഈ കഴിഞ്ഞ ആഴ്ച്ച ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട, ഞെട്ടിക്കുന്ന, കോഴിക്കോടു നിന്ന് റിപ്പോർട്ട് ചെയ്ത വാർത്ത ഓർത്തെടുത്തുകൊണ്ടു നമുക്ക് സുവിശേഷസന്ദേശത്തിലേക്കു കടക്കാം. കഴിഞ്ഞ 19 വ്യാഴാഴ്ച വന്ന റിപ്പോർട്ട് ഇങ്ങനെയാണ്: ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ ജൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത്, പീഡിപ്പിച്ചു, കല്യാണം കഴിക്കാൻ മതം മാറണമെന്ന് നിർബന്ധിച്ചു. സോഷ്യൽ മാധ്യമങ്ങളിലും ടിവി ചാനലുകളിലൊന്നും ഇത് ചർച്ചയായില്ല. കേരളത്തിലെ സദാചാരപ്രവർത്തകരും, നവോത്ഥാന നായകരാരും ഇതൊന്നും അറിഞ്ഞമട്ടില്ല. സഭാ നവീകരണ സുതാര്യത മുന്നേറ്റങ്ങളൊന്നും ഇതിനെതിരെ പ്രതികരിക്കുന്നില്ല. എന്നാൽ, ചതിക്കപ്പെട്ട ഈ പെൺകുട്ടിയോടൊപ്പം നിൽക്കാനും, അവൾക്കും ഇതേ രീതിയിൽ ചതിക്കപ്പെടുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുവാനും നമുക്ക് സാധിക്കണം. അതോടൊപ്പം തന്നെ, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ബലപ്പെടുത്താനും നമുക്കാകണം. ഇന്നത്തെ സുവിശേഷം പിശാചുബാധിതമായ ഇത്തരം സാഹചര്യങ്ങളിൽനിന്ന് അകലം പാലിച്ചുകൊണ്ട് ജീവിക്കുവാനും, അങ്ങനെ ചതിയിൽപെട്ടവരുണ്ടെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനും നമ്മെ ഓർമ്മിപ്പിക്കുകയാണ്.
വ്യാഖ്യാനം
ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതാണ് പ്രതിപാദ്യവിഷയം. പ്രധാന സൂചികയാകട്ടെ കാനാൻകാരിയുടെ വിശ്വാസവും.
കഴിഞ്ഞ ഞായറാഴ്ചയിലെ സുവിശേഷഭാഗവും വിശ്വാസത്തെക്കുറിച്ചായിരുന്നു. ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമെന്നാണ് കഴിഞ്ഞ ഞായറാഴ്ച ഈശോ നമ്മോടു പറഞ്ഞത്. ഇന്ന്, കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിലൂടെ നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ വലിപ്പം എത്രമാത്രമുണ്ടെന്നു പരിശോധിച്ചറിയുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.
കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു പല ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, നിസംഗതനിറഞ്ഞ വിശ്വാസമാണ്. അവൾ പറയുന്നു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”. പ്രത്യക്ഷത്തിൽ നല്ലൊരു പ്രാർത്ഥനയായി തോന്നുമെങ്കിലും ഇതിലൊരു നിസംഗതാമനോഭാവം ഉണ്ട്. ക്രിസ്തു കർത്താവാണെന്നു അവൾക്കു അറിയാം. അവിടുന്ന് ദാവീദിന്റെ പുത്രനാണെന്നും അവൾക്കു അറിയാം. പക്ഷെ അവളുടെ ഭാവം, ഞാൻ വന്നിരിക്കുന്നു, നീ കനിഞ്ഞോളൂ എന്നാണ്.
നോക്കൂ, വചനം പറയുന്നു, “അവൻ ഒരു വാക്കുപോലും പറഞ്ഞില്ല” എന്ന്.
നമ്മുടെ വിശ്വാസം നിസംഗമാണെങ്കിൽ ഈശോ മൗനിയാകും. അപ്പോൾ, പിശാചുബാധകളിൽ നിന്ന് ആരെയും രക്ഷിക്കുവാൻ നമുക്കാകില്ല. നമ്മുടെ നിസംഗവിശ്വാസം അതിനു തടസ്സമാകും.
അവളുടെ വിശ്വാസത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്: ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസം. അവൾ ശിഷ്യന്മാരെ കൂട്ടുപിടിക്കുകയാണ്. ഒരാളെയല്ലാ, പന്ത്രണ്ടുപേരെയും സ്വാധീനിക്കുവാൻ അവൾക്കായി.
വിശുദ്ധരുടെ പിന്നാലെ, ആൾദൈവങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസത്തിനു ഈ സ്ത്രീയുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധം? ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസമാണോ നമ്മുടേത് എന്ന് നാം ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.
ശിഷ്യന്മാർ ഒരുമിച്ചു അവൾക്കുവേണ്ടി മാധ്യസ്ഥ്യം പറയുകയാണ്. വഴിതെറ്റുന്ന വിശ്വാസം കാണുമ്പോൾ ഈശോ ഇടപെടുന്നു. അവിടുന്ന് പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപെട്ടിരിക്കുന്നത്”. കാനാൻകാരിയാണെങ്കിലും സാമാന്യം മതപരമായ അറിവുള്ളവളാണ് അവൾ. അതുകൊണ്ടവൾക്കു ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. ‘നഷ്ടപ്പെട്ട’ എന്ന് ഈശോ പറഞ്ഞപ്പോൾ അവളോർത്ത് കാണണം, തമ്പുരാനേ, എന്റെ മകൾ, നഷ്ടപ്പെട്ടതാണോ, അതോ, താൻ നഷ്ടപ്പെടുത്തിയതാണോ? കർത്താവേ, എന്റെ മകൾ പിശാചുബാധയിലായതു, ദുരന്തത്തിൽ അകപ്പെട്ടത് ഞാൻ മൂലമാണോ? എന്റെ ശ്രദ്ധകുറവുകൊണ്ടാണോ, എന്റെ സ്നേഹക്കൂടുതല് കൊണ്ടാണോ എന്റെ മകൾ ഈ അവസ്ഥയിലായത്? താൻ മൂലം നഷ്ടപ്പെടുത്തിയതാകാം തന്റെ മകളുടെ ജീവിതം എന്ന ചിന്തയിലാണ് അവൾ ഈശോയോടു പറയുന്നത്: “കർത്താവേ എന്നെ സഹായിക്കണമേ”. അവളുടെ വിശ്വാസത്തിന്റെ അടുത്ത ഘട്ടം: ഉത്തരവാദിത്വപൂർണമായ വിശ്വാസം.
സ്നേഹമുള്ളവരേ, നമ്മുടെ മക്കൾ, യുവജനങ്ങൾ, കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത്, ചതിയിൽപ്പെടുന്നത് മുതിർന്നവരുടെ, അധ്യാപകരുടെ, വൈദികരുടെ, മാതാപിതാക്കളുടെ കടമകൾ അവർ നിർവഹിക്കാത്തതുകൊണ്ടാണോഎന്ന് ആനുകാലിക സംഭവങ്ങൾ കാണുമ്പോൾ നാം ചോദിച്ചുപോകുന്നു. ഞായറാഴ്ചത്തെ കുർബാന വരെ ഒഴിവാക്കി എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായി പറഞ്ഞുവിടുമ്പോൾ, വേദപാഠക്ലാസ് ഒഴിവാക്കി ട്യൂഷ്യന് പറഞ്ഞു വിടുമ്പോൾ, കുടുംബപ്രാർത്ഥന ഒഴിവാക്കി ഹോംവർക് ചെയ്യിക്കുമ്പോൾ, സഭയെയും, വൈദികരെയും, സന്യസ്തരെയും, അത്മായ പ്രേഷിതരെയും വീട്ടിലും, കവലയിലും, ചായക്കടയിലും ഇരുന്നു വിമർശിക്കുമ്പോൾ ഒന്ന് ചിന്തിച്ചുനോക്കൂ, ചതിക്കുഴികളിലേക്കുള്ള വാതിലുകളാണോ നാം തുറക്കുന്നത്? കോഴിക്കോട് ഒരു ആശുപത്രിയിൽ മാത്രം ആറ് ക്രൈസ്തവ വിശ്വാസികളായ നേഴ്‌സുമാർ ഹീനമായ മതപരിവർത്തനത്തിനു വിധേയരായി തുടങ്ങിയ വാർത്തകൾ വായിക്കുന്ന കേൾക്കുന്ന സഹോദരങ്ങളെ, മനസ്സിലാക്കുക, ഇത് നമുക്കും സംഭവിക്കാമെന്ന്!!!
പിന്നീടുള്ള ചർച്ചകൾക്കുശേഷം ഈശോ പറയുന്നു, സ്ത്രീയെ, നിന്റെ വിശ്വാസം വലുതാണ്. അല്പവിശ്വാസികളെ എന്ന് പലപ്പോഴും ശിഷ്യരെ വിളിച്ച ഈശോ ഈ സ്ത്രീയെ നോക്കി പറയുന്നു, നിന്റെ വിശ്വാസം വലുതാണ്.
സമാപനം
സ്നേഹമുള്ളവരേ, കാനാൻകാരി സ്ത്രീയെപ്പോലെ, നിസംഗത നിറഞ്ഞ വിശ്വാസം വെടിഞ്ഞു, ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന വിശ്വാസം മാറ്റി, ഉത്തര വാദിത്വ പൂർണമായ വിശ്വാസത്തിലേക്കു നമുക്ക് ചുവടുവെയ്‌ക്കാം. നാം ചെയ്യേണ്ടവ, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്തശേഷം ഈശോയെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ നമ്മെ തിന്മയിൽ നിന്ന്, അബദ്ധങ്ങളിൽ നിന്ന്, ചതിയിൽ നിന്ന് രക്ഷിക്കാൻ ഈശോ വരും.





