SUNDAY SERMON Mt 4, 12-17

മത്താ 4, 12 – 17

Image result for images of jesus preaching to the crowds

സന്ദേശം

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.

വ്യാഖ്യാനം

ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.  ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ ദൈവാരാജ്യത്തെ അവതരിപ്പിച്ചുകൊണ്ടാണ്. മനുഷ്യൻ ആദ്യം അന്വേഷിക്കേണ്ടത് ദൈവാരാജ്യമാണ്. (മത്താ 6, 33) ഈശോ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ പറയുന്നതും ദൈവാരാജ്യത്തിലേക്ക് ജനത്തെ ക്ഷണിക്കുവാനാണ്. (ലൂക്ക 10, 9) ഈശോ ദൈവരാജ്യത്തെ കണ്ടിരുന്നത് ദൈവാത്മാവിന്റെ പ്രവർത്തനമേഖലയായിട്ടാണ്. ദൈവാത്മാവാണ് ലോകത്തിൽ, മനുഷ്യനിൽ പ്രവർത്തിക്കുന്നതെങ്കിൽ ദൈവാരാജ്യമായി എന്നാണ് ഈശോ പറയുന്നത്. (മത്താ 12 ,28) സ്വർഗാരോഹണത്തിന് മുൻപ് ഈശോ ദൈവരാജ്യത്തിന്റെ താക്കോൽ ശിഷ്യർക്ക് നൽകുന്നുണ്ട്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.

ഈശോയ്ക്കിത് ഒരു വീണ്ടെടുപ്പിന്റെ ശ്രമമാണ്, ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ്. ആദിമാതാപിതാക്കൾ പറുദീസായിലായിരുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർ ദൈവാരാജ്യത്തിലായിരുന്നു എന്നാണ്. എന്താണ് ദൈവരാജ്യം? വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, ദൈവാരാജ്യമെന്നാൽ ഭക്ഷണമോ, പാനീയമോ അല്ല, പ്രത്യുത, നീതിയും, സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. (റോമാ 14, 17)

പക്ഷെ, മനുഷ്യൻ ഈ പറുദീസാ, ദൈവരാജ്യം നഷ്ടപ്പെടുത്തി. പിന്നീട് പലതരത്തിലുള്ള രാജ്യങ്ങളും അവൻ പരീക്ഷിച്ചുനോക്കി. ഗോത്രങ്ങളായും, പ്രഭുത്വങ്ങളായും, അടിമത്തം, സാമ്രാജ്യത്വം, കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം, പിന്നെ ജനാധിപത്യം. എന്നാൽ, എല്ലാറ്റിനും ചോരയുടെ, വെട്ടിപ്പിടിക്കലിന്റെ, വഞ്ചനയുടെ കഥകളാണ് പറയാനുണ്ടായിരുന്നത്. ഈ മനുഷ്യകുലത്തെ ദൈവാരാജ്യത്തിലേക്ക്, രക്ഷയിലേക്ക് വീണ്ടടുക്കുകയാണ് ഈശോയുടെ ദൗത്യം, അന്നും, ഇന്നും.

അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വലിയ പ്രകാശമായി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മാത്രമല്ല, വിജാതീയർക്കും പ്രതീക്ഷയായിക്കൊണ്ട് ക്രിസ്തു ഇന്ന് നമ്മെയും ദൈവാരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. മാമ്മോദീസായിലൂടെ നമുക്ക് നൽകിയ ദൈവരാജ്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെ പിച്ചിച്ചീന്തിക്കൊണ്ടാണ് നാം നിൽക്കുന്നത്. സമാധാനത്തിനു പകരം യുദ്ധം, സ്നേഹത്തിനു പകരം വെറുപ്പ്, സത്യത്തിന് പകരം നുണ! ദേവാലയങ്ങളായ മനുഷ്യഹൃദയങ്ങൾ കള്ളന്മാരുടെ ഗുഹകൾ, ദൈവം വസിക്കുന്ന പള്ളികൾ കച്ചവട സ്ഥലങ്ങൾ! കച്ചവട സ്ഥലങ്ങളോ ഇന്ന് ജനത്തിന്റെ തീർത്ഥാടനസ്ഥലങ്ങളും!

ഇന്ന്, ദൈവരാജ്യം പ്രഘോഷിക്കുന്ന എന്തിനെയും തകർത്തുകളയുവാൻ ശ്രമിക്കുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ദൈവികമായ, നന്മനിറഞ്ഞ, വിശുദ്ധമായ എന്തിനെയും അവസരം കിട്ടുമ്പോൾ ആർത്തിയോടെ പിടിച്ചുവിഴുങ്ങി, പള്ളകൾ വലുതാക്കി, പെറ്റുപെരുകാനാണു ഒരുകൂട്ടം ശ്രമിക്കുന്നത്.

കാരൂർ നീലകണ്ഠപിള്ളയുടെ ഉതുപ്പാന്റെ കിണർ എന്ന കഥയുടെ പശ്ചാത്തലമിതാണ്. ‘ആ ചെറുഗ്രാമത്തിൽ തന്നിലെ ദയവിന്റെയും അനുകമ്പയുടെയും പ്രേരണകൾ ആവിഷ്കരിക്കാൻ ഉതുപ്പാൻ കിണർനിർമ്മിക്കുകയാണ്. സ്ഥലം വിലക്കുവാങ്ങി, ബുദ്ധിമുട്ടി, കിണർ കുഴിച്ചു. അയാളുടെ ജീവിതത്തിന്റെ മൂർ ത്ത രൂപമാണ് ആ കിണർ. ദൈവരാജ്യ മൂല്യങ്ങളുടെ പ്രായോഗിക രൂപം. ഒരു കുരിശടയാളം കിണറിന്റെ തൂണിൽ. കുരിശിന്റെ ഇരുവശവുമായി ഇങ്ങോട്ട് വരുവിൻ ഇവിടെ ആശ്വസിക്കാം എന്ന് എഴുതിവച്ചിരിക്കുന്നു. ആർക്കും, ജാതി മത ഭേദ്യമെന്യേ കിണർ ഉപയോഗിക്കാം. ആ ചെറുഗ്രാമത്തിൽ ദൈവരാജ്യം വന്നെന്നു വിചാരിച്ചിരുന്ന നാളിൽ നഗരസഭ ഗ്രാമവത്കരണത്തിന്റെ പേരും പറഞ്ഞ കിണർ മൂടാൻ ഒരുങ്ങുന്നു. കിണർ മൂടുമെന്നുറപ്പായ ദിവസത്തിന്റെ തലേ രാത്രിയിൽ ഒരു വഴിയും കാണാതെ ഉതുപ്പാൻ കിണറ്റിൽ ജീവിതം അവസാനിപ്പിക്കുന്നു.

നന്മയായിട്ടുള്ളതെന്തും, ആധുനികതയുടെ പേരിൽ, നവോത്ഥാനമെന്നപേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിലെ ദൈവരാജ്യ മൂല്യങ്ങളെയൊക്കെ ചാനൽ മുതലകൾ വിഴുങ്ങിയിട്ട് കാലങ്ങളായില്ലേ? ചൈതന്യം നഷ്ടപ്പെട്ട വിശുദ്ധ ബലികളികളർപ്പിക്കുന്ന നമ്മുടെ ദേവാലയങ്ങൾ ഇനിയും ദൈവരാജ്യത്തിന്റെ മണികളാണ് മുഴക്കുന്നത് എന്ന് വീമ്പ് പറയുവാൻ പറ്റുമോ നമുക്ക്?

ഈശോ നമ്മെ ക്ഷണിക്കുകയാണ് വീണ്ടും. ദൈവാരാജ്യത്തിലേക്ക് കടക്കുവാൻ ക്രിസ്‍തു ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത്, മനസാന്തരപ്പെടുവിൻ എന്നാണ്. രണ്ടാമതായി, ഒന്നാം വായനയിൽ പറയുന്നപോലെ അഹങ്കരിക്കാതിരിക്കുക. വചനം പറയുന്നു: ‘നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുകയും നല്ല വീടുകൾ പണിതു അവയിൽ താമസിക്കുകയും …മറ്റു സകലത്തിലും സമൃദ്ധിയുണ്ടാകുകയും ചെയ്യുമ്പോൾ അഹങ്കരിച്ചു എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഇതെല്ലം നേടിത്തന്നതെന്നു നീ പറയരുത്. ദൈവമായ കർത്താവാണ് നിനക്കിതെല്ലാം തന്നത്.’

മൂന്നാമതായി, ലേഖനവായനയിൽ കേട്ടപോലെ ക്രിസ്തുവിന്റെ എളിയ മനോഭാവം പുലർത്തുക. അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിൽ ജനിക്കും. അപ്പോൾ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയും.

സമാപനം 

സ്നേഹമുള്ളവരെ, കാലത്തിന്റെ അടയാളങ്ങൾ നമ്മോടു പറയുന്നു നാം ദൈവരാജ്യത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു. തകർന്നു പോയിക്കൊണ്ടിരിക്കുന്ന ദൈവരാജ്യ മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകേണ്ടിയിരിക്കുന്നു. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോഴും ഓർക്കാം: ദൈവമേ, നിന്റെ രാജ്യം വരണമേ!

Leave a comment