മത്താ 17 , 14 – 21
സന്ദേശം

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഇന്നത്തെ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ, ആത്മീയമായതോ, ശാരീരിക മായതോ, മാനസികമായതോ എന്തുമാകട്ടെ, ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത് വിശ്വാസത്തെക്കുറിച്ചാണ്. ഈശോ ആവശ്യപ്പെടുന്നത് ഹൃദയത്തിലുള്ള വിശ്വാസമാണ്.
വ്യാഖ്യാനം
ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന ആ പിതാവിന് ഈശോ പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.
ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. പുത്രന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടാകും. ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു, ഒടുക്കം ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം എന്ന സമർപ്പണത്തിലേക്കു കടന്നുവരുന്ന നിമിഷം അവൾ/അവൻ വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവൾ/അവൻ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്, ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്. ഇന്നത്തെ സുവിശേഷത്തിലെ പിതാവ് ആ സൗഖ്യം തന്റെ പുത്രനിലൂടെ അനുഭവിച്ചറിയുകയാണ്.
ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രണ്ട് രീതിയാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.
വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് പറയുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.
ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.
ഈ ഭൂമിക്ക്, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.
സമാപനം
നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്. ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ.
thank you Acha . very good message
LikeLike
Welcome! Let us pray for the healing of the wounded world!
LikeLike