SUNDAY SERMON Mt 20, 1 – 16

മത്താ 20, 1 – 16

സന്ദേശം

Image result for image of Mt 20, 1-16

കഴിഞ്ഞുപോയത് ആഘോഷങ്ങളുടെ ദിവസങ്ങളായിരുന്നു. ഒക്ടോബർ ഒന്നാം തീയതി തിരുസ്സഭ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ രണ്ടാം തീയതി നാം ഭാരതീയർ നമ്മുടെ രാഷ്ട്രപിതാവായ മഹാത്‌മാഗാന്ധിയുടെ 150 മത്തെ ജന്മദിനം ആഘോഷിച്ചു. നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ആചരിച്ചു. ആഘോഷങ്ങളെല്ലാം കഴിഞ്ഞു വരുന്ന ഈ ഞായറാഴ്ചത്തെ സുവിശേഷം നൽകുന്ന സന്ദേശം ഈ മഹാത്മാക്കളുടെ ജീവിതവുമായി ചേർന്ന് പോകുന്നതാണ്. സന്ദേശം ഇതാണ്: ‘ക്രിസ്തുവിന്റെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കിക്കാണുക’.

വ്യാഖ്യാനം

നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിനെ സ്വാധീനിക്കുന്ന ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.

എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം  കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങളെയും, ഇസങ്ങളെയും ഉൾക്കൊള്ളുന്നതാണ്, എല്ലാ കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.

നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും. വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.

ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.

ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും?  നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്.

ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.

അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത്‌ അവൻ തരും.” ജോസിന് അതൊരു ശക്തിയായി.  ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.

കരുണയുടെ കാഴ്ചപ്പാടിലെ ക്രിസ്തുവിന്റെ കണക്കു കൂട്ടലുകളും നമുക്ക് മനസ്സിലാവുകയില്ല. ഈശോ കണക്കിന് വളരെ മോശമാണ്. നൂറു ആടുകളുണ്ടായിരിക്കെ, തൊണ്ണൂറ്റൊൻപതിനേയും വിട്ടിട്ടു…99 = 1 ആണ് ഈശോയുടെ കണക്ക്. ലൂക്ക 12 ൽ പറയുന്നു, അഞ്ചു കുരുവികൾ രണ്ടു രൂപയ്ക്കു. ഒരു രൂപയ്ക്കു രണ്ടു കുരുവികൾ. അപ്പോൾ രണ്ടു രൂപയ്ക്കോ? ഈശോയ്ക്ക് കണക്ക് അറിയില്ല.

സമാപനം

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം.

Leave a comment