മത്താ 12, 1 – 13
സന്ദേശം
പള്ളിക്കൂദാശാക്കാലം രണ്ടാം ഞായറാഴ്ചയാണിന്ന്. നാം വായിച്ചുകേട്ട വിശുദ്ധ മത്തായിയുടെ സുവിശേഷം ഇന്ന് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ സന്ദേശമാണ്. ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യദർശനം പ്രകടമാക്കുന്ന ദൈവവചനം ഇതേ ഭാഗം വിവരിക്കുമ്പോൾ വിശുദ്ധ മാർക്കോസാണ് പറയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. വ്യക്തിപരമായ, മത സാമൂഹ്യ സാംസ്കാരിക നിയമങ്ങളും, പാരമ്പര്യങ്ങളും പാലിക്കുന്നതോടൊപ്പം ഇവയെക്കാളും ഉപരിയായി മനുഷ്യനെ, അവളുടെ, അവന്റെ ആവശ്യങ്ങളെ മനസ്സിലാക്കുവാൻ കരുണനിറഞ്ഞ ഹൃദയമുണ്ടാകുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ, നിയമാനുഷ്ഠാനങ്ങളിൽനിന്ന് കരുണയിലേക്ക് ഉണരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.
വ്യാഖ്യാനം
ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മനുഷ്യന്റെ തെറ്റായ ധാരണകളെ, വെള്ളപൂശിയ കല്ലറപോലുള്ള അവരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുവാനായിരുന്നു. ഒരു paradigm shift, നിദർശന വ്യതിയാനം, കാഴ്ചപ്പാടുകളിലുള്ള, ധാരണകളിലുള്ള മാറ്റം ആണ് ഈശോ ആഗ്രഹിച്ചത്. കുറേക്കൂടി വിപുലമായ അർത്ഥത്തിൽ, മനുഷ്യൻ മനുഷ്യനെ കാണുന്ന, മനുഷ്യൻ ലോകത്തെ കാണുന്ന രീതിയെ – കണ്ണുകൾകൊണ്ട് കാണുന്നതല്ല, ഉൾക്കൊള്ളുകയും, മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയെ – മാറ്റിമറിക്കുകയാണ് ഈശോയുടെ ലക്‌ഷ്യം.
യഹൂദരുടെ കാഴ്ചപ്പാടിലുള്ള, ധാരണയിലുള്ള കാഠിന്യം, വക്രത വളരെ വ്യക്തമാണ് ഇന്നത്തെ സുവിശേഷത്തിൽ. നിയമത്തിന്റെ കാർക്കശ്യമായ അനുഷ്ഠാനമാണ് മനുഷ്യന്റെ വിശപ്പിനേക്കാൾ അവർക്കു വലുത്. മനുഷ്യനേക്കാൾ അവർക്കു വലുത് പശുവും ആടുമൊക്കെയാണ്. ദാവീദ് രാജാവ് പോലും കാണിക്കാത്ത അനുഷ്ടാന നിഷ്ഠകളാണ് ഈശോയുടെ കാലത്തെ യഹൂദർ പാലിച്ചിരുന്നത്. നിയമാനുഷ്ഠാനമാണ് ശരിയായ ആധ്യാത്മികതയെന്ന തെറ്റായ ധാരണയിലായിരുന്നു അവർ.
ഇങ്ങനെയുള്ള അബദ്ധ ധാരണകളിൽ നിന്ന് ഒരു വ്യതിയാനം – അതാണ് ഈശോയുടെ ലക്‌ഷ്യം. എറണാകുളത്തെ ഒരു നിശ്ചിത സ്ഥലത്ത് നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നഗരത്തിന്റെ ഭൂപടം കൈയ്യിലുണ്ടെങ്കിൽ അത് സാധിക്കും. പക്ഷെ, തെറ്റായ ഭൂപടമാണെങ്കിലോ? നിങ്ങളുടെ കയ്യിലുള്ളത് ആലപ്പുഴയുടെ ഭൂപടത്തിനു മുകളിൽ തെറ്റായി എറണാകുളം എന്ന് അച്ചടിച്ചതാണെങ്കിലോ? നിങ്ങളുടെ സ്വഭാവം മാറ്റിയാലും, വേഗതകൂട്ടിയാലും നിങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തുകയില്ല.
നാമോരോരുത്തരുടേയും തലയ്ക്കുള്ളിൽ അനേകമനേകം ഭൂപടങ്ങളുണ്ട്, ധാരണകളുണ്ട്. നാം ചിലപ്പോൾ അവ യാഥാർത്ഥമാണെന്നും, അങ്ങനെ തന്നെയാണവ ആയിരിക്കേണ്ടതെന്നും വ്യാഖ്യാനിക്കുന്നു. നമ്മുടെ ധാരണകൾ, നമ്മുടെ കാഴ്ച്ചപ്പാടുകൾ ഇപ്പോഴും conditioned ആണ്. കുടുംബം, പള്ളി, വിദ്യാലയം, ജോലിസ്ഥലം, സുഹൃത്തുക്കൾ, തുടങ്ങി അനേകം കാര്യങ്ങളുടെ സ്വാധീനത്തിലായിരിക്കും നമ്മുടെ കാഴ്ചപ്പാടുകളെ നാം നിർമിക്കുന്നത്. നാമോരോരുത്തരും കാര്യങ്ങളെ, സംഭവങ്ങളെ, വ്യക്തികളെ, ശരിയായിട്ടാണ് കാണുന്നതെന്ന് കരുതുന്നു. പക്ഷെ വാസ്തവം അതല്ല. നാം ലോകത്തെ കാണുന്നത് അതിന്റെ ശരിയായ രൂപത്തിലല്ല. നമ്മുടെ രീതിയിലാണ്. ഇതിൽ നിന്ന് വ്യതിയാനം വേണം.
ഇസ്രായേൽ ജനത്തിന്റെ കാർക്കശ്യമായ നിയമാനുഷ്ഠാന ധാരണകളിൽ നിന്ന് ദൈവികഭാവമായ കാരുണ്യത്തിലേക്കു ഒരു വ്യതിയാനം, കല്ലും മണ്ണും മാത്രമായ ദേവാലയത്തേക്കാൾ അതിൽ വസിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലേക്കു ഒരു മാറ്റം, സാബത്തിന്റെ അണുവിട മാറ്റമില്ലാത്ത ആചാരണത്തെക്കാൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സ്നേഹിക്കുന്ന, മനുഷ്യന് നന്മ ചെയ്യുന്ന ദൈവിക മനോഭാവത്തിലേക്കുള്ള ഒരു transformation – അതാണ് വേണ്ടത്.
നാം നിയമകേന്ദ്രീകൃതരായി ജീവിച്ചാൽ ഹൃദയമില്ലാത്ത റോബോട്ടുകളായിതത്തീരും. നിയമത്തിലെ ശരിയും തെറ്റും അന്വേഷിച്ചു നടന്നാൽ മനുഷ്യനിലെ നന്മ കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയില്ല. ദൈവത്തെ മഹത്വപ്പെടുത്താനുള്ള സാബത്താചരണം നല്ലതുതന്നെ. പക്ഷെ, സ്വന്തം സഹോദരനെ ആ സബത്താചരണത്തിന്റെ പേരിൽ അവഗണിച്ചാലോ? മനുഷ്യനേക്കാൾ പശുവിന് വിലകൊടുത്താലോ? പശുവിനുവേണ്ടി മനുഷ്യനെ തല്ലിക്കൊന്നാലോ? ആനുകാലിക സംഭവങ്ങൾ പറയുന്നത് നാം അന്നത്തെ യഹൂദരെക്കാൾ ഒട്ടും പിന്നിലല്ല എന്നല്ലേ?
നമ്മുടെ ധാരണകളിലുള്ള വ്യതിയാനം ലോകത്തെ നാം നോക്കിക്കാണുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഈ പുതിയ നല്ല ധാരണകളാണ് നമ്മുടെ പെരുമാറ്റത്തെ, മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തെ നിർണയിക്കുന്നത്. നാം കണ്ടുമുട്ടുന്നവരെ, നമ്മുടെ കുടുംബത്തിലുള്ളവരെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കാര്യങ്ങളെ കരുണനിറഞ്ഞ ഹൃദയംകൊണ്ട് കാണാനും, നമ്മുടെ സഹോദരങ്ങളെ കരുണനിറഞ്ഞ ഹൃദയംകൊണ്ട് കേൾക്കാനും മനസ്സിലാക്കാനും കഴിയുന്നത്ര ഒരു മാറ്റം നമുക്ക് ആവശ്യമാണ്.
“Seven Habits of Highly Effective People” എന്ന പുസ്തകത്തിൽ, എഴുത്തുകാരൻ സ്റ്റീഫൻ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ന്യൂയോർക്കിലെ ഒരു subway ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ആളുകൾ നിശ്ശബ്ദരായിരിക്കുകയാണ്. ചിലർ പത്രം വായിക്കുന്നു. ചിലർ ചിന്തയിലാണ്. ചിലർ കണ്ണുകളടച്ചു വിശ്രമിക്കുന്നു. ആകെക്കൂടി ശാന്തമായ അന്തരീക്ഷം.
അപ്പോഴാണ് ഒരു പുരുഷനും അയാളുടെ കുട്ടികളും കയറിവന്നത്. കുട്ടികൾ ഉറക്കെ ബഹളം കൂട്ടാൻ തുടങ്ങിയതോടെ എല്ലാവരും അസ്വസ്ഥരായി. ചിലർ ദേഷ്യപ്പെട്ടു. അയാളാകട്ടെ കണ്ണുമടച്ചിരിക്കുകയായിരുന്നു. അവസാനം അസാധാരണമായ ക്ഷമയോടെ സ്റ്റീഫൻ അയാളോട് ചോദിച്ചു: സാർ, നിങ്ങളുടെ കുട്ടികൾ ഞങ്ങളെയൊക്കെ ശല്യപ്പെടുത്തുന്നത് കണ്ടില്ലേ? ഇവരെ അല്പം കൂടി നിയന്ത്രിക്കാത്തതെന്തു?
ചുറ്റുപാടുകളെക്കുറിച്ചു പെട്ടെന്ന് ബോധം വന്നതുപോലെ അയാൾ പറഞ്ഞു: “ഓ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാനെന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്ന് വരികയാണ്. ഇവരുടെ ‘അമ്മ ഒരു മണിക്കൂർ മുൻപ് മരിച്ചുപോയി. എനിക്ക് ഒന്നും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവർക്കും അറിഞ്ഞുകൂടെന്നു തോന്നുന്നു.”
ആ നിമിഷം സ്റ്റീഫന്റെ ദേഷ്യം മാറി. അദ്ദേഹം എഴുതുകയാണ്. “അപ്പോൾ മുതൽ വ്യത്യസ്തമായ രീതിയിൽ ഞാൻ അദ്ദേഹത്തെയും ആ കുട്ടികളെയും കണ്ടു. സമൂഹത്തിന്റെ , സാംസ്‌കാരത്തിന്റെ നിയമങ്ങളൊക്കെ ഞാൻ മറന്നു. എന്നിൽ കരുണ കരകവിഞ്ഞൊഴുകി. ഞാൻ അവരോടു സ്നേഹത്തോടെ പെരുമാറി.”
സമാപനം
സ്നേഹമുള്ളവരേ, ഈശോ നമ്മിൽനിന്ന് ഒരു pardigm ഷിഫ്റ്റ്, നിദർശന വ്യതിയാനം, ധാരണകളിലുള്ള മാറ്റം ആഗ്രഹിക്കുന്നു. അത് നിയമത്തിൽ നിന്ന് കാരുണ്യത്തിലേക്കു, ദേഷ്യത്തിൽ നിന്ന് സമാധാനത്തിലേക്കു, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് ആയിരിക്കണം. നമ്മുടെ കുടുംബ കാര്യങ്ങളിൽ, മറ്റുള്ളവരോടുള്ള സമീപനങ്ങളിൽ കാഴ്ചപ്പാടിന്റെ, മനോഭാവത്തിന്റെ മാറ്റം ആവശ്യമുണ്ടോ?
നമ്മുടെ ജീവിത സംഭവങ്ങളെ പുതിയ വെളിച്ചത്തിൽ കണ്ടാൽ നമ്മിലും മറ്റുള്ളവരിലും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും, ദൈവത്തിന്റെ കൃപ നമ്മിൽ നിറയും. ക്രിസ്തുവിന്റെ മനുഷ്യ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ.