FEAST OF CHRIST THE KING

മത്താ 22, 41 -23, 12

സന്ദേശം

Image result for image of christ the king"

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒരു വിശേഷണമുണ്ട് – രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടികളായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞതും തീർച്ചയായും നമ്മുടെ സ്മരണയിലുണ്ട്. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!

വ്യാഖ്യാനം

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം എന്നത്. ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. അതുകൊണ്ടുതന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

എന്നാൽ, രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്ത രായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു യൂദന്മാരുടെ രാജാവ് സ്വസ്തി എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: നീ യൂദന്മാരുടെ രാജാവാണോ? ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുവാൻ അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. മനുഷ്യ ഹൃദയങ്ങളെ ദേവാലങ്ങളാക്കാനാണ് അവിടുന്ന് വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; എന്റെ രാജ്യം ഐഹികമല്ല.

മാത്രമല്ല, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ നെഗറ്റിവായ വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവം ഷാഹിലമാർ മാളങ്ങളുള്ള ക്ലാസ്സ് റൂമുകളിൽ പാമ്പുകടിയേറ്റു മരിക്കുമ്പോൾ പ്രസ്താവനകളിറക്കി കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ…

സമാപനം

അതുകൊണ്ടു ക്രിസ്തുവിനെ രാജാവെന്നു വിളിച്ചു അധിക്ഷേപിക്കുവാൻ ഞാൻ ആളല്ല. അവിടുന്ന് എന്റെ ദൈവമാണ്. എനിക്ക് അതുമതി. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കാര്യങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!