ലൂക്ക 1, 26 – 38
ആമുഖം 
ഭാരത സ്ത്രീകളുടെ ആകുലതകളും, ഭയവും നിറഞ്ഞ ഒരു മനസ്സുമായിട്ടാണ് നാമിന്നു ഈ ദേവാലയത്തിൽ വന്നിട്ടുള്ളത്. ഡൽഹിയിലെ നിർഭയ, ഉന്നാവിലെ പെൺകുട്ടികൾ, ഹൈദരാബാദിലെ ഡോക്ടർ, പെരുമ്പാവൂർ , വാളയാർ പെൺകുട്ടികൾ ….ലിസ്റ്റ് നീളുകയാണ്. എന്തുകൊണ്ട് മനുഷ്യമനസ്സ് ഇത്രമാത്രം ഭ്രാന്തമാകുന്നു? അറിയില്ല. നമുക്ക് ഇന്നത്തെ ബലിയിൽ പ്രത്യേകം ഭാരതത്തിനുവേണ്ടി, ഭാരതത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാം. ഈശോയെ, അങ്ങേ പരിപാലനയിൽ ഞങ്ങളെ കാത്തുകൊള്ളണമേയെന്നു പരാർത്ഥിച്ചുകൊണ്ടു, നമുക്ക് ദൈവവചനം ശ്രവിക്കാം.
സന്ദേശം
ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും അത്ഭുതകരവും മനോഹരവുമായ ഒരു പ്രഖ്യാപനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം വായിച്ചുകേട്ടത്.
ഇതിനു അകമ്പടിയെന്നോണം തിരുസ്സഭ ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ചേർത്ത് വച്ചിരിക്കുകയാണ്. 1854 ൽ ഒമ്പതാം പീയൂസ് മാർപ്പാപ്പയാണ് പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഇങ്ങനെയാണ്: ‘പരിശുദ്ധ കന്യകാമറിയം, അവൾ അവളുടെ അമ്മയുടെ ഉദരത്തിൽ രൂപംകൊണ്ട ആദ്യനിമിഷത്തിൽ തന്നെ ദൈവത്തിന്റെ ആനുകൂല്യത്താലും കൃപയാലും ഉത്ഭവപാപത്തിന്റെ എല്ലാ കറകളിൽനിന്നും ദൈവത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.’
പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന വിശ്വാസ സത്യം, ഗബ്രിയേൽ ദൂതന്റെ ഇന്നത്തെ പ്രഖ്യാപനത്തിനു വളരെയേറെ ശോഭ കൂട്ടുന്നുണ്ട്. മാത്രമല്ല, എന്തുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തിന്റെ അടുത്തേക്ക് മാത്രം ഗബ്രിയേൽ ദൂതൻ ദൈവത്താൽ അയയ്ക്കപ്പെട്ടുവെന്ന സ്വാഭാവിക ചോദ്യത്തിന് ഉത്തരവും കൂടിയാണ് ഈ വിശ്വാസ സത്യം. പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച നാം ആചരിക്കുമ്പോൾ ഈ ഞായറാഴ്ച്ചയുടെ സന്ദേശം ഇതാണ്: പരിശുദ്ധ മറിയത്തെപ്പോലെ ജീവിതത്തിലെ തീരുമാനങ്ങളോട് ചേർന്ന് പരാതിയില്ലാതെ, പരിഭവമില്ലാതെ വിശ്വാസജീവിതം നയിച്ച് ലോകത്തിനു ക്രിസ്തുവിനെ നൽകുക.
വ്യാഖ്യാനം
ജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. ഓരോ ദിവസവും എത്രയെത്ര തീരുമാനങ്ങളാണ് നാം എടുക്കുക! രാവിലെ എപ്പോൾ എഴുന്നേൽക്കണം, ചായ വേണോ, കാപ്പിവേണോ, ഏതു ഡ്രസ്സ് ഇടണം, എങ്ങനെ ജോലിക്കു പോകണം, കാറിലോ, ബസിലോ തുടങ്ങി ഓരോ നിമിഷവും നാം തീരുമാനമെടുക്കുന്നുണ്ട്. ഇന്നുരാവിലെ തന്നെ ഉണർന്നെഴുന്നേൽക്കാൻ തീരുമാനിച്ചതുമുതൽ, ദേവാലയത്തിൽ വന്നു വിശുദ്ധ കുർബാന അർപ്പിക്കുവാൻ തീരുമാനിച്ചതും ഇപ്പൊ ദൈവവചനം കേൾക്കാൻ തീരുമാനിക്കുന്നതും വരെ എത്ര തീരുമാനങ്ങളാണ് നാം എടുത്തത്? ജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. നാമെടുക്കുന്ന ചെറുതും വലുതുമായ തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. കാരണം നമ്മുടെ ജീവിതം സാഹചര്യങ്ങളുടെ ഉത്പന്നമല്ല, അത് വികാരങ്ങളുടെ പ്രകടനമല്ല. നല്ല മൂല്യങ്ങളെ ആധാരമാക്കിയുള്ള സ്വന്തം മനസാക്ഷിയുടെ തീരുമാനത്തിന്റെ ഫലമാണ് നമ്മുടെ ജീവിതം. ജീവിതമെന്നതു ഒന്നിന്റെയും തിരസ്കാരമല്ല, അത് ഉചിതമായവ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിന്റെ ഫലമാണ്.
ഉചിതമായ തീരുമാനത്തിന് രണ്ട് ഘടകങ്ങൾ വേണം. ഒന്ന്, antecedent freedom. ഒരാൾ ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അനുഭവിക്കുന്ന സ്വാതന്ത്ര്യമാണിത്. അതായത്, ബാഹ്യസമ്മർദ്ദങ്ങളില്ലാതെ, പുറമേനിന്നുള്ള നിർബന്ധങ്ങളില്ലാതെ ഒരാൾ സ്വയം എടുക്കുന്ന തീരുമാനം. പരിശുദ്ധ കന്യകാമറിയത്തിന്റെ “ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്കു എന്നിൽ നിറവേറട്ടെ” യെന്ന തീരുമാനം ഇത്തരത്തിൽ ഉള്ള ഒന്നാണ്.
ഇന്നത്തെ സുവിശേഷത്തിലെ ഗബ്രിയേൽ ദൂതന്റെ പ്രഖ്യാപനത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരിശുദ്ധ മറിയത്തിന്റെ തീരുമാന പ്രഖ്യാപനം. ഉചിതമായ തീരുമാനത്തിന് രണ്ട് ഘടകങ്ങൾ വേണം. ഒന്ന്, antecedent freedom. ഒരാൾ ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അനുഭവിക്കുന്ന സ്വാതന്ത്ര്യമാണിത്. അതായത്, ബാഹ്യസമ്മർദ്ദങ്ങളില്ലാതെ, പുറമേനിന്നുള്ള നിർബന്ധങ്ങളില്ലാതെ ഒരാൾ സ്വയം എടുക്കുന്ന തീരുമാനം. പരിശുദ്ധ കന്യകാമറിയത്തിന്റെ ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്കു എന്നിൽ നിറവേറട്ടെയെന്ന തീരുമാനം ഇത്തരത്തിൽ ഉള്ള ഒന്നാണ്.
ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത, ആ ഇടവേള, സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന നിമിഷമായിരുന്നിരിക്കണം അത്! എന്നിട്ടു ആ വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ് “ഞാൻ തയ്യാറാണ്” എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ തീരുമാനമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്!
ഉചിതമായ തീരുമാനത്തിന്റെ രണ്ടാമത്തെ ഘടകം, consequent freedom ആണ്. താനെടുക്കുന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങൾ, പാർശ്വഫലങ്ങൾ അതേപടി സ്വീകരിക്കുന്നതാണ് consequent freedom. ഓരോ തീരുമാനത്തിനും അനന്തരഫലങ്ങളുണ്ട്. വൈദികനാകാൻ, സന്യാസി – സന്യാസിനിയാകാൻ, കുടുംബനാഥനും കുടുംബനാഥയുമാകാൻ … തീരുമാനമെടുക്കുമ്പോൾ അതിന്റെ പരിണിത്ഫലങ്ങളായിട്ടു വരുന്നതിനെയെല്ലാം പരിഭവമില്ലാതെ, പരാതികളില്ലാതെ സ്വീകരിക്കുവാൻ തയ്യാറാകുമ്പോഴാണ് ഒരു തീരുമാനം പൂർണമാകുന്നത്.
പരിശുദ്ധ അമ്മയുടെ ജീവിതം നോക്കൂ… തീരുമാനം ഇതാണ്: നിന്റെ വാക്കു എന്നിൽ നിറവേറട്ടെ. അതിന്റെ പരിണിതപഹ്ലങ്ങൾ എന്തായിരുന്നു? ‘അമ്മ എങ്ങനെയാണതിനെ സ്വീകരിച്ചത്? അയൽവക്കക്കാരുടെ തുറിച്ചുനോട്ടങ്ങൾ – പരിഭവമുണ്ടോ? ബന്ധുക്കളുടെ അടക്കം പറച്ചിലുകൾ – പരാതിയുണ്ടോ? പിന്നെയങ്ങനെ…അവസാനം കുരിശിൻ ചുവട്ടിൽ! പരിഭവമുണ്ടോ? പരാതിയുണ്ടോ? വേദനയില്ലെന്നാണോ? അല്ല. സ്വന്തം തീരുമാനത്തിന്റെ ഫലങ്ങൾ സ്വയം സ്വീകരിച്ചു അത് ദൈവമഹത്വത്തിനുള്ളതാക്കുകയാണ്.
സമാപനം
സ്നേഹമുള്ളവരേ, എങ്ങനെയാണ് ക്രിസ്മസ് ഭൂമിയിൽ കൊണ്ടുവരേണ്ടതെന്നു, നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയാണ് നയിക്കേണ്ടതെന്നു നമ്മെ പഠിപ്പിക്കുന്ന സ്കൂളാണ് പരിശുദ്ധ ‘അമ്മ. നമ്മുടെ ജീവിതത്തിൽ നാമെടുത്ത, നാമെടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നമ്മുടെ കുടുംബജീവിതം, വൈദിക ജീവിതം സന്യസ്തജീവിതം നയിക്കുമ്പോൾ നാമും കൃപാനിറഞ്ഞവരാകും. കർത്താവ് നമ്മോടുകൂടെയുണ്ടാകും. പരിശുദ്ധാത്മാവ് നമ്മുടെമേൽ വരും. നാം ഈശോയെ ഗർഭം ധരിക്കും. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും.
ഇന്നത്തെ വിശുദ്ധ കുർബാന അതിനായി നമ്മെ ശക്തിപ്പെടുത്തട്ടെ. ആമ്മേൻ.
Reblogged this on Love Alone.
LikeLike