മത്താ 1, 18 – 24
സന്ദേശം

മംഗളവാർത്താക്കാലത്തിലെ അവസാനത്തെ ഞായറാഴ്ചയിലേക്കു നാം പ്രവേശിക്കുകയാണിന്ന്. അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട് സംവദിക്കുന്നത്.
ഭാരതം മുഴുവനും ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ യൗസേപ്പിനെപ്പോലെ അസ്വസ്ഥമാണ്! സാഹചര്യങ്ങളുടെ, പ്രശ്നങ്ങളുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും വിശുദ്ധ യൗസേപ്പിതാവിന്റെ മുൻപിലും, ഇന്ന് ഭാരതത്തിന്റെ മുൻപിലും ഉള്ളത് വലിയൊരു വിപത്താണ്, പ്രശ്നമാണ് – ജീവിതത്തെ, ഒരു നാടിനെ മുഴുവൻ തകർത്തുകളയാവുന്ന വിപത്ത്! അതുകൊണ്ടുതന്നെ ഈ താരതമ്യം യുക്തിക്കു നിരക്കുന്നതുമാണ്. ഒന്ന്, ദൈവിക ഇടപെടലുകളുടെ ഭാഗമാണെങ്കിൽ, ഭാരതത്തിന്റേത് വെറും മാനുഷിക അഹങ്കാരത്തിന്റെ ഫലമാണെന്ന് മാത്രം. ഇതിനൊരു പരിഹാരമില്ലേയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗവും അതിന്റെ സന്ദേശവും. ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത് ഇങ്ങനെയാണ്: പ്രശ്നങ്ങളല്ലാ, അവയോടുള്ള സമീപനം (approach) ആണ് പ്രശ്നങ്ങളെ മറികടക്കുവാൻ നമ്മെ സഹായിക്കുന്നത്. പ്രാധ്യാന്യം കൊടുക്കേണ്ടത് നമ്മുടെ താത്പര്യങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനാണ്.
വ്യാഖ്യാനം
നിങ്ങൾക്കൊരു മാന്ത്രിക വടി കിട്ടിയാൽ, ആ വടിയോട് ഒരു കാര്യം നിങ്ങൾക്ക് ചോദിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ എന്തായിരിക്കും ചോദിക്കുക? എനിക്കറിയാം നാം confused ആയിപ്പോകും. നമുക്ക് ആയിരത്തിയൊന്നു പ്രശ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്. ഇതിലൊന്ന് തിരഞ്ഞെടുക്കാൻ നാം നന്നേ വിഷമിക്കും. അച്ചനെന്തായിരിക്കും ചോദിക്കുക? ഞാൻ മാന്ത്രിക വടിയോട് ചോദിക്കുക, ‘മാന്ത്രികവടി, ജീവിതപ്രശ്നങ്ങളെ എങ്ങനെ സമീപിക്കണമെന്ന്, നേരിടണമെന്ന് മനുഷ്യരെ പഠിപ്പിക്കുക’ എന്നായിരിക്കും.
ഏതൊരു സാധാരണ ചെറുപ്പക്കാരനെയുംപോലെ യൗസേപ്പും ആഗ്രഹിച്ചത് നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു കുലത്തൊഴിലും ചെയ്തു സന്തോഷകരമായി ജീവിക്കുകയെന്നായിരുന്നു. അതിനുള്ള എല്ലാ തയാറെടുപ്പുകളും അയാൾ ചെയ്തു. അതിനിടയ്ക്കാണ് ഇടിത്തീപോലൊന്ന് സംഭവിച്ചത്. ‘താൻ വിവാഹം ചെയ്യാനിരിക്കുന്ന പെൺകുട്ടി പരിശുദ്ധാത്മാവിനാൽ ഗർഭണിയാണ്’. അവൾതന്നെയാണത് പറഞ്ഞതും. അദ്ദേഹം തകർന്നുപോയിക്കാണണം. പിന്നെ ചിന്തയായി. ഈ പ്രശ്നത്തെ എങ്ങനെ നല്ല രീതിയിൽ പരിഹരിക്കാം.
അങ്ങനെ ആലോചിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടായി. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്. അദ്ദേഹം ദൈവത്തിൽ വിശ്വസിച്ചു. ദൈവം തന്നെ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത് കൊടുക്കുക. എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു നിലപാട്. എല്ലാവരെയും ബഹുമാനിക്കണം. ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക!
ദൈവം പ്രത്യക്ഷപ്പെട്ടു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ അവനു വെളിച്ചം കിട്ടി. തന്റെ പ്രശ്നം പരിഹരിക്കുവാൻ, അതിനെ ചെറുതാക്കുവാൻ അവൻ ദൈവത്തിന്റെ ഇഷ്ടത്തോളം വലുതാകുവാൻ തീരുമാനിച്ചു. അങ്ങനെയേ നമുക്ക് പ്രശ്നങ്ങളെ പരിഹരിക്കുവാൻ കഴിയൂ. പ്രശ്നങ്ങളെക്കാൾ വലുതാകുക, ദൈവേഷ്ടത്തോളം വലുതാകുക. അപ്പോൾ പ്രശ്നങ്ങൾ ചെറുതായി അപ്രത്യക്ഷമാകും. വചനം പറയുന്നു: അവൻ നിദ്രയിൽ നിന്നുണർന്ന് ദൈവത്തിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു.
യൗസേപ്പിനെപ്പോലെ നല്ല നിലപാടുകളുടെ മനുഷ്യരാണ് നാമെങ്കിൽ നമ്മിലും ദൈവിക ഇടപെടലുകളുണ്ടാകും. ഇടപെടലുകളുണ്ടാകുന്നുണ്ട്. നാം കാണുന്നില്ല, മനസ്സിലാക്കുന്നില്ല എന്നുമാത്രം. നാം drive ചെയ്തു പോകുമ്പോൾ ഒരു അപകടം കാണുന്നു. ദൈവത്തിന്റെ ഇടപെടലാണ്. പക്ഷെ നാം അത് അവഗണിച്ചു speed up ചെയ്യുന്നു. അപകടം ഉണ്ടാകുന്നു. പ്രളയം വന്നു. സകലതും വെള്ളത്തിലായി. എന്നിട്ടും മനുഷ്യൻ മുറ്റമായ മുറ്റങ്ങളെല്ലാം ടൈൽസ് ഇട്ടു മൂടുകയാണ്. ദൈവത്തിന്റെ ഇടപെടലുകളെ കാണാനും മനസ്സിലാക്കാനും അതനുസരിച്ചു ദൈവേഷ്ടത്തോളം വലുതാവാനും കഴിയണം.
സ്നേഹമുള്ളവരേ, ക്രൈസ്തവർ പ്രശ്നങ്ങളെ പരിഹരിക്കേണ്ടത്, ഒരു നല്ല മനുഷ്യൻ പ്രശ്നങ്ങളെ പരിഹരിക്കേണ്ടത് ഇങ്ങനെയാണ്. ആദ്യം തന്നെ നല്ല നിലപാടുകളുണ്ടായിരിക്കണം. ഹിഡൺ അജണ്ടയുമായി, സ്വാർത്ഥ നിലപാടുകളോടെ നീങ്ങിയാൽ ഒരു രാജ്യത്ത്, ഒരാളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിഞ്ഞിട്ട് സമയമുണ്ടാകില്ല. എന്നാൽ നല്ല നിലപാടുകളോടെ, ദൈവമഹത്വത്തിനായി, ജനത്തിന്റെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ നന്മയ്ക്കായി ദൈവേഷ്ടത്തോളം നമ്മെത്തന്നെ വലുതാക്കുകയാണെങ്കിൽ കാർമേഘങ്ങൾ കാറ്റിനാലെന്നപോലെ പ്രശ്നങ്ങൾ ഒഴിഞ്ഞുപോകും. അതിലുമുപരി പ്രശ്നങ്ങൾ വളരെ നിസ്സാരമാണെന്നു നമുക്ക് തോന്നും. സ്വന്തം പ്രശ്നങ്ങൾക്ക് മുൻപിൽ പുഞ്ചിരിച്ചുകൊണ്ട് നിന്ന ആളോട് ജനം ചോദിച്ചു: “നിനക്കെങ്ങനെ ചിരിക്കാൻ കഴിയും”? അയാൾ പറഞ്ഞു: എന്റെ പ്രശ്നങ്ങൾ എന്റെ മുൻപിൽ വലുതും ഞാൻ ചെറുതും ആയിരിക്കാം. പക്ഷെ, എന്റെ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ ചെറുതും ഞാൻ വലുതുമാണ്. പിന്നെ എങ്ങനെയാണ് ഞാൻ പുഞ്ചിരിക്കാതിരിക്കുക!”
ഒരിക്കൽ മഹാനായ മുഗൾരാജാവ് അക്ബർ ഭിത്തിയിൽ ഒരു വര വരച്ചു. രാജാവ് എന്താണ് ചെയ്യുന്നതെന്ന് അറിയാതെ സംശയിച്ചുനിന്ന ജ്ഞാനികളോടായി അദ്ദേഹം ചോദിച്ചു: “ഈ വരയെ തൊടാതെ ഇതിനെ ചെറുതാക്കണം”. അവരാകെ വിഷമാവസ്ഥയിലായി. ഇതെന്തു ചോദ്യമാണ്? വരയെ തൊടാതെ എങ്ങനെ അതിനെ ചെറുതാക്കും? അവർ കൂടിയിരുന്നു ആലോചിച്ചു. അപ്പോൾ രാജസഭയിലെ ജ്ഞാനികളിലൊരാളായ ബീർബൽ മുന്നോട്ടുവന്ന് രാജാവ് വരച്ച വരയ്ക്കു അരികെ, അതിനെ തൊടാതെ വലിയ ഒരു വര വരച്ചു – വലിയൊരു വര! ബീർബൽ വലിയ വര വരച്ചപ്പോൾ രാജാവ് വരച്ച വര ചെറുതായിത്തീർന്നു.
നമ്മുടെ പ്രശ്നങ്ങൾ രാജാവ് വരച്ച വരപോലെ ചെറുതാക്കാൻ പറ്റാതെ, അങ്ങനെ ഒരു പ്രഹേളികയായി നിൽക്കും. ഈ ലോകം നമ്മുടെ മുൻപിൽ ചെറുതാക്കാൻ പറ്റാത്ത പ്രശ്നങ്ങളുമായി അങ്ങനെ നിൽക്കും. ഇതിനെ ചെറുതാക്കാൻ, ഇല്ലാതെയാക്കാൻ അല്ലെങ്കിൽ മറികടക്കാൻ ഒരേയൊരു വഴിയേയുള്ളൂ. നാം ദൈവേഷ്ടത്തോളം വലുതാകുക. അപ്പോൾ പ്രശ്നങ്ങൾ ചെറുതാകും. ചെറുതായി, ചെറുതായി, ചെറുതായി…..അതവിടെയില്ലാഎന്നാ ഒരു അവസ്ഥയിലെത്തും. നിങ്ങൾ ദൈവേഷ്ടമാകുകയും പ്രശ്നങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്യുമപ്പോൾ. നിങ്ങൾ ദൈവേഷ്ടമാകണം. അപ്പോൾ ലോകത്തിന്റെ ഇഷ്ടം മാറിപ്പോകും. “ഇനി ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ” എന്ന് നാം പറയണം. അപ്പോൾ, ക്രിസ്തു നമ്മുടെ വഴികളിലെ പ്രകാശമാകും. നമ്മുടെ ജീവിതത്തിന്റെ ശക്തിയാകും.
സമാപനം
സ്നേഹമുള്ള ക്രൈസ്തവരെ, ഇതാണ് ഇന്നത്തെ സുവിശേഷം, വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നത്. ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭം എങ്ങനെയായിരുന്നു? “യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു”. ഇപ്രകാരമേ ക്രിസ്തുവിന്റെ ജനനം ഈ ഭൂമിയിൽ സാധ്യമാകൂ. ജീവിതപ്രശ്നങ്ങൾക്കിടയ്ക്കു ആലോചനയിൽനിന്നുണർന്നു, ചിന്തയിൽനിന്നുണർന്നു ദൈവം എന്താണ് എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ നാം തയ്യാറാകണം. ഇത് എളുപ്പമുള്ള കാര്യമല്ല. പക്ഷെ, നല്ല നിലപാടുകളുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക്, നമുക്ക് അത് സാധിക്കും. ദൈവേഷ്ടത്തോളം വലുതായി, പ്രശ്നങ്ങളെ ചെറുതാക്കുവാൻ നിങ്ങൾക്ക്, നമുക്ക് സാധിക്കും.
നമുക്ക് വിശുദ്ധ കുർബാന തുടരാം. നമ്മുടെ ജീവിതത്തെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, നാടിന്റെ പ്രശ്നങ്ങളെ അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവേഷ്ടത്തോളം വലുതാകുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!
Reblogged this on Love Alone.
LikeLike