മത്താ 2, 1 – 12
സന്ദേശം

ക്രിസ്തുമസ് അവധിക്കാലത്തിന്റെ ആലസ്യത്തിലാണെങ്കിലും ക്രിസ്തുമസിന്റെ സന്തോഷം ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടു പിറവിക്കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. പിറവിക്കാലത്തെ ആദ്യ ഞായറാഴ്ചയിലെ സുവിശേഷം ഉയർത്തുന്നത് രണ്ടു ചോദ്യങ്ങളാണ്, നമ്മെ ചിന്തിപ്പിക്കേണ്ട രണ്ടു ചോദ്യങ്ങൾ. ഒന്ന്, നാളെ നമ്മെക്കുറിച്ചു ഈ ലോകം രേഖപ്പെടുത്തുന്നത് എന്തായിരിക്കും? രണ്ട്, ഇന്നത്തെ സുവിശേഷത്തിലെ ജ്ഞാനികളെപ്പോലെ ദൈവാന്വേഷികളായ ക്രൈസ്തവർ എന്നായിരിക്കുമോ?
വ്യാഖ്യാനം
ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ചരിത്രപരത അന്വേഷിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിൽ ചരിത്രം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഹോറോദേസ് രാജാവിന്റെ പിന്നാലെ പോകുക എന്നതിനേക്കാൾ ജ്ഞാനികളുടെ പിന്നാലെ യാത്രചെയ്യാനാണ് ഞാൻ ആഗ്രഹിക്കുക. വിശുദ്ധ മത്തായി ഇവർ രാജാക്കന്മാർ എന്ന് പറഞ്ഞിട്ടില്ല, മൂന്നുപേരെന്നും പറഞ്ഞിട്ടില്ല. മൂന്നുപേരെന്നതു പാരമ്പര്യത്തിൽനിന്നു വന്നതാണ്. പൗരസ്ത്യ ദേശത്തുനിന്നുള്ള ജ്ഞാനികൾ എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു നക്ഷത്രത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചവരാണെന്നുള്ളതുകൊണ്ടു അവർ ജ്ഞാനികൾ ആയിരിക്കണം. അന്നും ഇന്നും പൗരസ്ത്യദേശത്ത് ജ്യോതിഷം വേദത്തിന്റെ, വെളിപാടിന്റെ ഭാഗമാണ്.
ജ്യോതിഷത്തിന്റെ അറിവിൽനിന്നായിരിക്കണം, അവർ കണ്ടുപിടിച്ചത് യഹൂദന്മാർക്കു ഒരു രാജാവ് പിറന്നിരിക്കുന്നുവെന്നാണ്. അതിനു നിമിത്തമായതോ കിഴക്കു അവർ ദർശിച്ച അത്ഭുതകരമായ ഒരു നക്ഷത്രവും. ആ നക്ഷത്രത്തെ, ദൈവിക അടയാളത്തെ പിന്തുടർന്ന അവർ ഉണ്ണിയേശുവിനെ കാണുകയും ആരാധിക്കുകയും പൊന്നും കുന്തിരക്കവും മീറയും കാഴ്‌ചവയ്ക്കുകയും ചെയ്തു. ഇന്ന് അവർ അറിയപ്പെടുന്നത് വെറും ജ്ഞാനികൾ എന്ന് മാത്രമല്ല ലോകരക്ഷകനായി പിറന്ന ക്രിസ്തുവിനെ ധാരാളം പ്രതിസന്ധികൾ തരണം ചെയ്തു കണ്ടെത്തിയവർ എന്നാണ്.
സ്നേഹമുള്ളവരേ, നാളെ നമ്മെ, ക്രൈസ്തവരെ, ഈ ലോകം അറിയേണ്ടത് ക്രിസ്തുവിനെ കണ്ടെത്തി അവിടുത്തെ ആരാധിച്ചു, അവിടുത്തെ വചനങ്ങൾക്കനുസരിച്ചു ജീവിക്കുന്നവർ എന്നായിരിക്കണം. അതിനുവേണ്ടി ഈ ജ്ഞാനികളെപ്പോലെ നമുക്ക് ഒരു ഉറച്ച ലക്ഷ്യമുണ്ടായിരിക്കണം. we have to set a goal. അവർ പറയുന്നത് ശ്രദ്ധിക്കൂ. “ഞങ്ങൾ കിഴക്കു അവന്റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കുവാൻ വന്നിരിക്കുകയാണ്”. രണ്ടാമത് നാം നമ്മുടെ ലക്ഷ്യത്തിനു എതിരായി വരുന്നവയെയെല്ലാം അകറ്റിനിർത്തണം. we have to avoid all the negatives. രാജകൊട്ടാരത്തിന്റെ ആഡംബരം, അസ്വസ്ഥനായ ഹേറോദേസ്, അദ്ദേഹത്തിന്റെ ഹിഡൺ അജണ്ടയോടെയുള്ള സംസാരം, എല്ലാം നെഗറ്റിവുകളാണ്. അവർക്കു അവയെ തട്ടിമാറ്റാൻ കഴിഞ്ഞു. മൂന്നാമത്തേത്, കഠിനാധ്വാനമാണ്. hard work. പൗരസ്ത്യദേശത്തുനിന്നു ഒട്ടകപ്പുറത്തുള്ള യാത്ര പകലുകൾ, രാത്രികൾ, തണുപ്പ്, ചൂട്…..എല്ലാം അവർക്കു തരണം ചെയ്യാൻ കഴിഞ്ഞു. നന്മ ചെയ്യുന്നവരായി, ദൈവാന്വേഷകരായി, ലോകം നമ്മെ അറിയുവാൻ ഇടയാകണം. നമ്മുടെ ജീവിതം മനോഹരമാകുവാൻ, ധന്യമാകുവാൻ നാം ഈ ജ്ഞാനികളെപ്പോലെയാകണം.
പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒരു പ്രഭാതത്തിൽ സ്വീഡൻ കാരനായ ഒരു കെമിസ്റ്റ് ദിനപത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു വാർത്ത കണ്ടു ഞെട്ടിപ്പോയി. ചരമകോളത്തിൽ ദേ തന്റെ ഫോട്ടോയും വാർത്തയും! സമനിലവീണ്ടെടുത്ത അയാൾ വാർത്തയിലൂടെ കടന്നുപോയപ്പോൾ കണ്ടതോ മനസ്സിനെ തകർക്കുന്നതായിരുന്നു. അയാളെക്കുറിച്ചു അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: “ഡൈനാമൈറ്റ് രാജാവ് മരിച്ചു”, “അയാൾ മരണത്തിന്റെ കച്ചവടക്കാരനായിരുന്നു”. പൊട്ടിത്തെറിച്ചു ഭീകരത സൃഷ്ടിക്കുന്ന, മരണം വിതക്കുന്ന ഡൈനാമൈറ്റ് കണ്ടുപിടിച്ചത് അയാളായിരുന്നു. ‘മരണത്തിന്റെ കച്ചവടക്കാരൻ എന്ന് വായിച്ചപ്പോൾ അയാൾ സ്വയം ചോദിച്ചു: “ഇങ്ങനെയാണോ ഞാൻ അറിയപ്പെടാൻ പോകുന്നത്” “ഇങ്ങനെയാണോ ഞാൻ എന്റെ മരണശേഷം അറിയപ്പെടേണ്ടത്?” ആ നിമിഷം മുതൽ അയാൾ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഇന്ന്, ആ ഡൈനാമൈറ്റ് രാജാവ്, ആൽഫ്രഡ് നോബൽ അറിയപ്പെടുന്നത് ലോകത്തിലെ വലിയ അവാർഡായ നോബൽ പ്രൈസിന്റെ പേരിലാണ്.
സമാപനം
സ്നേഹമുള്ളവരേ, ഭാവിയിൽ ക്രൈസ്തവരായ നാം എങ്ങനെയാണ് അറിയപ്പെടേണ്ടത്? ഏതു മൂല്യങ്ങളായിരിക്കും ജനങ്ങൾ നമ്മുടെ പേരിന്റെ കൂടെ പറയുക? മൂന്നു ജ്ഞാനികളെപ്പോലെ, അല്ലെങ്കിൽ ക്രിസ്തുവിനെ ദർശിച്ച ജ്ഞാനികളെപ്പോലെ, നല്ല ലക്ഷ്യങ്ങളുള്ള, തിന്മകളെ അകറ്റിക്കളയുന്ന, ദൈവത്തെ കാണാൻ കഠിനാധ്വാനം ചെയ്യുന്ന, ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളായി അറിയപ്പെടാനും ആയിത്തീരുവാനും നമുക്ക് സാധിക്കണം. എത്ര വലിയ titles ഉണ്ടായാലും, ലോകത്തിന്റേതായ രീതിയിൽ എങ്ങനെ അറിയപ്പെട്ടാലും നല്ല ക്രൈസ്തവരെന്ന, യഥാർത്ഥ ക്രൈസ്തവർ എന്ന title ഇല്ലായെങ്കിൽ എന്തുഫലം? സത്യം പറയുന്ന, നന്മ പ്രവർത്തിക്കുന്ന, കുടുംബത്തിന്റെ എല്ലാ കാര്യങ്ങൾക്കും ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന നല്ല ക്രൈസ്തവരാകാൻ നമുക്കാകട്ടെ. ആമ്മേൻ!
