മത്താ 7, 21 – 28
സന്ദേശം
അമ്പതുനോമ്പിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. ഇന്നത്തെ ദൈവ വചനം അഹന്ത വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് യഥാർത്ഥ ശിഷ്യൻ എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.
വ്യാഖ്യാനം
എന്താണ് ഈ ദൈവവചന ഭാഗത്തിന്റെ പ്രസക്തി? എന്തിനാണ് അമ്പതുനോമ്പിന്റെ ഈ രണ്ടാം ആഴ്ച്ച ദൈവവചനം ഇത്തരമൊരു ആഹ്വാനം നമ്മുടെ മുൻപിൽ വയ്ക്കുന്നത്?
കാരണങ്ങൾ പലതുണ്ട്. മനുഷ്യനെ മോക്ഷത്തിലേക്ക്, നിർവാണത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കേണ്ട മതങ്ങളിന്ന്, മനുഷ്യനെ നരകത്തിലേക്ക് നയിക്കുകയാണ്. മനുഷ്യ സ്നേഹത്തിന്റെ സന്ദേശങ്ങൾ പ്രഘോഷിക്കുന്ന മതങ്ങൾ തെരുവിൽ മനുഷ്യനെ കൊന്നൊടുക്കുകയാണ്. പേര് ചോദിച്ചു, മതം ചോദിച്ചു മനുഷ്യനെ കൊന്നൊടുക്കുന്ന ക്രൂരതയ്ക്ക് മതമെന്ന പേര് പറയുവാൻ സാധിക്കുമോ? സനാതന ധാർമിക മൂല്യങ്ങളും, പുണ്യങ്ങളും പറയുമ്പോൾ തന്നെ വർഗീതയുടെ വിഷം തുപ്പുന്ന മൃഗങ്ങളായി തീരുന്നതിനെ എന്ത് പേര് പറഞ്ഞാണ് വിളിക്കുക! മതവത്ക്കരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടിരിക്കുന്ന മതങ്ങളും ജൈവായുധങ്ങളേക്കാൾ നാശകാരികാളായിരിക്കുന്നു.
പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ് യഥാർത്ഥ ദൈവഭക്തർ, യഥാർത്ഥ ശിഷ്യർ എന്നാണ്. ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, ഈശോ പറഞ്ഞത് ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയുമെന്ന്’. അതായത്, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!
സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ഏറ്റവും ഉള്ളവർ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ?
അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്.
പണ്ടൊക്കെ ഇടവകതിരുനാളുകൾ നടത്തിയിരുന്നത് ഏതെങ്കിലും വ്യക്തിക്ക്, വ്യക്തികൾക്ക്, അല്ലെങ്കിൽ ഇടവകക്കു പൊതുവായി ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് കൃപാവരങ്ങൾക്കു, നന്ദിപറയുവാനായിരുന്നു. എന്നാൽ ഇന്നത് പ്രതാപവും, അഹന്തയും കാണിക്കുവാനുള്ള പ്രദർശനവേദികൾ മാത്രമാകുന്നു.
ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!
ഈശോ പറയുന്നത് ആത്മീയത പോലും അഹന്തയുടെ ആഘോഷമാകുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനാ യജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു. മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്. ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത് അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.
നിങ്ങൾ ക്ലെയിം ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.
തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.
നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. ആ നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് ആ മനുഷ്യനെ രക്ഷിച്ചത്”. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നു…എനിക്ക് അയാളെ രക്ഷിക്കണം…രക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, ആ നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!
ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകാരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുവാനായി തയ്യാറാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും.
ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം.
അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കുന്നവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നന്ദിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്
സമാപനം
ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, ദൈവകൃപ നമ്മിലേക്ക് വചന പ്രഘോഷണത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ നമുക്ക് തീരുമാനിക്കാം, കർത്താവേ, കർത്താവേ, എന്ന് വിളിക്കുന്ന ആത്മാർത്ഥതയില്ലാത്ത ക്രൈസ്തവരാകാതെ ദൈവേഷ്ടം നിറവേറ്റുന്ന നല്ല ക്രിസ്തു ശിഷ്യനും, ക്രിസ്തു ശിഷ്യയും ആകാമെന്ന്. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ.



:max_bytes(150000):strip_icc()/Satan-Tempts-Jesus-GettyImages-463967715-5808f7b65f9b58564c318113.jpg)

