SUNDAY SERMON Mt 8, 5 -13

മത്താ 8, 5 – 13

സന്ദേശം

Image result for images of matthew 8, 5-13

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ദൃശ്യാവിഷ്കാരവുമായിട്ടാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ വിടർന്നു നിൽക്കുന്നത്. സുവിശേഷങ്ങളിലെ സൗഖ്യദായകനായ ഈശോ നമ്മെ ഓർമപ്പെടുത്തുന്നത് പുറപ്പാടിന്റെ പുസ്തകം പതിനഞ്ചാം അദ്ധ്യായം ഇരുപത്താറാം വാക്യമാണ്: “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്”. ഓരോ മനുഷ്യനും ധാരാളം മുറിവുകളും പേറിയാണ് ജീവിക്കുന്നത്. എന്തിന്, ലോകത്തിന് തന്നെ രോഗം ബാധിച്ചിരിക്കുകയാണ്. കൊറോണയായി അത് പടർന്നുകൊണ്ടിരിക്കുന്നു; ബോംബുകളായി അത് പൊട്ടിച്ചിതറുന്നു; വർഗീയതയായി അത് ദുർഗന്ധം വമിക്കുന്നു. വിദ്വേഷമായി അത് പൊട്ടിയൊലിക്കുന്നു. ലവ് ജിഹാദായി അത് കുടുംബങ്ങളെ, വ്യക്തികളെ തകർക്കുന്നു. ആരാണ് ഈ ലോകത്തെ സുഖപ്പെടുത്തുക? ഈശോ പറയുന്നു: ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശവും ഇത് തന്നെയാണ് – ഈശോയാണ് നിന്നെ സുഖപ്പെടുത്തുന്ന കർത്താവ്.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ വാതായനം തുറന്നു തരുന്ന ഉദ്ഘാടക പദമാണ് വിശ്വാസം. ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നതിന്റെ ഒറ്റമൂലി അതുതന്നെയാണ്.  രണ്ടുപേരുടെ വിശ്വാസങ്ങളാണ് നാം ഈ അത്ഭുതത്തിൽ കാണുന്നത്. ഒന്ന്, ഈശോ ശ്‌ളാഘിക്കുന്ന ശതാധിപന്റെ വളരെ പ്രകടമായ വിശ്വാസം. രണ്ട്, ക്രിസ്തുവിന്റെ അത്ര പ്രകടമല്ലാത്ത വിശ്വാസം.

ഈശോ അത്ഭുതങ്ങളെ, സുഖപ്പെടുത്തലുകളെ വീക്ഷിച്ചിരുന്നത് ദൈവസ്നേഹത്തിന്റെ മറ്റൊരു ആവിഷ്കാരമെന്ന നിലയിലും, ദൈവമഹത്വത്തിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലും മനുഷ്യാവശ്യങ്ങളുടെ മുൻപിൽ ദൈവത്തിന്റെ കാരുണ്യം കാണിക്കൽ എന്ന നിലയിലുമൊക്കെയാണ്. തന്നിലൂടെ ദൈവമഹത്വം വെളിപ്പെടുമെന്നും, തന്നിലൂടെ ദൈവത്തിന്റെ സൗഖ്യം ദൃശ്യമാകുമെന്നും ഈശോ വിശ്വസിച്ചിരുന്നു. ആ വിശ്വാസം ഈശോ എപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും “എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധിവരട്ടെ” എന്ന് പറയുന്നതിലൂടെ, “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്ന് പറയുന്നതിലൂടെ വ്യക്തവുമാണ്. കാരണം, ദൈവം നൽകുമെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു.

ദൈവത്തെക്കുറിച്ചുള്ള ഇസ്രായേൽക്കാരുടെ വിവരണങ്ങളിലൊന്ന് “യാഹ്‌വെ -യിറെ” എന്നാണ്. കർത്താവ് നൽകും എന്നാണു ഇതിനർത്ഥം. ദൈവത്തിന്റെ നൽകൽ സൂര്യോദയം പോലെ നൈസർഗികം ആണ്. പൂവ് വിരിയുന്നപോലെ സ്വാഭാവികമാണ്.  ‘അവിടുന്ന് ദുഷ്ടൻറെയും ശിഷ്ടന്റെയും മേൽ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുകയും, മഴപെയ്യിക്കുകയും ചെയ്യുന്നു.’ അവിടുന്ന് ‘അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.’ ‘ഒരിക്കലും കുറുകിപ്പോകാത്ത താണ് അവിടുത്തെ കരങ്ങൾ. അവിടുന്ന് സകലതും ‘സമൃദ്ധമായി നല്കുന്നവനാണ്.’

ഈശോ ഈ ദൈവമഹത്വത്തിന്റെ, ദൈവത്തിന്റെ നൽകലിന്റെ അതിഗംഭീരനായ ഒരു പ്രദർശനക്കാരനായിരുന്നു. കാരണം അവിടുത്തേക്ക്‌ ഗാഢമായും അന്തിമമായും ഈ സത്യം അറിയാമായിരുന്നു. ദൈവം നൽകും എന്ന സത്യം. ഈശോയുടെ അത്ഭുതങ്ങൾ ഇന്ദ്രജാലങ്ങൾ ആയിരുന്നില്ല. അവ ഗാഢവും സഹജവുമായ സത്യത്തിന്റെ, ദൈവം നൽകുമെന്ന സത്യത്തിന്റെ സ്വാഭാവിക വികാസമായിരുന്നു.

ശതാധിപന്റെ വിശ്വാസമാകട്ടെ ക്രിസ്തുവിനാൽ ശ്‌ളാഘിക്കപ്പെട്ട വിശ്വാസമാണ്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിച്ചവനാണ് ശതാധിപൻ. ഗബ്രിയേൽ മാലാഖ മറിയത്തിനോട് സ്വർഗ്ഗത്തിന്റെ, ദൈവത്തിന്റെ സ്വഭാവമെന്ത് എന്ന് വെളിപ്പെടുത്തുമ്പോൾ ദൈവത്തെപ്പറ്റി പറയുന്ന ഒരു വിശേഷണമാണിത്. “ദൈവത്തിനു അസാധ്യമായി ഒന്നുമില്ല.” ഇസ്രായേൽക്കാരനല്ലെങ്കിലും ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന് അയാൾ ഉറച്ച് വിശ്വസിച്ചിരുന്നു. മാത്രമല്ല, ദൈവത്തിന്റെ ശക്തിയും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ലോകത്തിൽ, സൈന്യങ്ങളെ നയിക്കുമ്പോൾ, ശതാധിപൻ, സർവ സൈന്ന്യാധിപൻ എന്ത് പറയുന്നോ അത് അനുസരിച്ചായിരിക്കും ഓരോ പടയാളിയും പ്രതികരിക്കുക. എങ്കിൽ, അയാൾ ചിന്തിച്ചു, സർവശക്തനായ ദൈവം പറഞ്ഞാൽ, സർവത്തിന്റെ അധിപനായ ദൈവം അരുളിച്ചെയ്താൽ, അനുസരിക്കാത്തതായി എന്തുണ്ട് ഈ ലോകത്തിൽ? ശാതാധിപ ൻ പറയുകയാണ്, സർവ്വേശ്വരാ, ക്രിസ്തുവേ, നീ എന്റെ ഭവനത്തിലേക്ക് വരേണ്ടതില്ലല്ലോ, നിന്നെ സ്വീകരിക്കാൻ മാത്രം ഞാൻ യോഗ്യനല്ലല്ലോ, നിന്റെ വിലപ്പെട്ട സമയം മാറ്റിവയ്ക്കാൻ മാത്രം ഞാൻ ആരുമില്ലല്ലോ. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ ഭൃത്യൻ സുഖം പ്രാപിക്കും.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച അനുഗ്രഹം നിറഞ്ഞതാണ്. ഈ വിശുദ്ധ കുർബാനയുടെ സമയം ക്രിസ്തു തന്റെ സൗഖ്യത്തിലേക്കു നമ്മെ ക്ഷണിക്കുകയാണ്. വിശ്വാസം ജ്വലിക്കുന്ന ഹൃദയത്തോടെ നമുക്ക് ഈശോയുടെ മുൻപിൽ നിൽക്കാനാകണം. ശതാധിപന്റെ മനോഭാവം, അപേക്ഷ ക്രൈസ്തവ പ്രാർത്ഥനയുടെ മനോഹരമായൊരു രൂപമാണ്. ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’

ഞാൻ വന്നു സുഖപ്പെടുത്താം എന്ന് പറഞ്ഞുകൊണ്ട് കടന്നുവരുന്ന ദൈവത്തിന്റെ ഇടപെടലുകളാകണം നമ്മുടെ ജീവിതം. ഭാവിയെക്കുറിച്ചു നാം ഭയപ്പെടുമ്പോൾ, ഓർത്തുനോക്കുക ദൈവം നൽകിയ അനുഗ്രഹങ്ങളെ. എന്നിട്ടും നിങ്ങൾ തളരുകയാണോ? നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിനു ചെയ്യാൻ കഴിയാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഞാൻ പറയുന്നു, ഒരു വാക്കുപോലും നിങ്ങൾക്ക് എഴുതാൻ കഴിയില്ല. കാരണം ദൈവം നല്കുന്നവനാണ്. വാരിക്കോരി, അമർത്തിക്കുലുക്കി അവിടുന്ന് നമുക്ക് നൽകും.

സമാപനം

സ്നേഹമുള്ളവരേ, ശതാധിപന്റെ ഭൃത്യനെപ്പോലെ അസുഖത്തിന്റെ, തളർച്ചയുടെ ജീവിതസാഹ്യചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും – ശാരീരിക മാനസിക മുറിവുകൾ, സാമ്പത്തിക ഞെരുക്കങ്ങൾ, സ്നേഹിതരുടെ, കൂടെയുള്ളവരുടെ ഒറ്റപ്പെടുത്തലുകൾ, ആരോടും പറയാൻ പറ്റാത്ത സ്വകാര്യ ദുഃഖങ്ങൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകാത്ത അവസരങ്ങൾ, ബന്ധങ്ങളിലുള്ള വിള്ളലുകൾ – ശതാധിപന്റെ വിശ്വാസത്തോടെ, ദൈവം നൽകുമെന്ന പ്രത്യാശയോടെ, ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’  എന്ന പ്രാർത്ഥന നമുക്ക് ഓർക്കാം. “ഞാൻ വന്നു നിന്നെ സുഖപ്പെടുത്താമെന്ന” ഈശോയുടെ വാക്കുകൾ നമുക്ക് ശ്രവിക്കാം. ഇപ്പോൾ, ഈ വിശുദ്ധ ബലിയിൽ സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും. നമുക്ക് സൗഖ്യം നൽകുന്ന ശക്തിയാണ് ദൈവം.

One thought on “SUNDAY SERMON Mt 8, 5 -13”

Leave a comment