SUNDAY SERMON Mt 4, 1-11

മത്താ 4,1 – 11

സന്ദേശം

Image result for matthew 4 1 11 images

2020-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവ രീതികളിൽ നിന്നും, ഭക്ഷണങ്ങളിൽ നിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്ത ത്തിലൂടെയും പ്രാർത്ഥന യിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാന യ്ക്ക് അണഞ്ഞിരിക്കുന്നത്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ച ത്തെ സന്ദേശം, പ്രലോഭനങ്ങളിൽനിന്ന് അകന്നു ജീവിക്കുക എന്നതാണ്.

വ്യാഖ്യാനം

ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വന്ന, ദൈവം പ്രസാദിച്ചവനായ ഈശോയെ ദൈവാത്മാവ് പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനായി മരുഭൂമിയിലേക്ക് നയിക്കുകയാണ്. വിരോധാഭാസം നിറഞ്ഞ ഒരു വിവരണമാണിത്. ഇത് മനസ്സിലാക്കാൻ എന്താണ് മരുഭൂമി എന്ന് നാം അറിയണം. കേവലം ഭൂമിശാസ്ത്ര പരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ, ഈ മരുഭൂമിയിൽ, ഈ ലോകത്തിൽ ഈശോ തന്നെ ത്തന്നെ തിരിച്ചറിയണം, സ്വയം പാകപ്പെടണം. ഈലോകത്തിന്റെ സ്വഭാവം അറിയണം.  എന്നിട്ട് തന്റെ ജീവിതംകൊണ്ട്, മരണംകൊണ്ടു രക്ഷ നൽകേണ്ടത് ഈ ലോകത്തെയാണ് എന്ന് ഈശോ അറിയണം. ഈ അറിവ്നേടലിലേക്കാണ് ഈശോ കടന്നു വന്നത്, ദൈവാത്മാവ് ഈശോയെ നയിച്ചത്.

ഈശോ നാൽപ്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. നാൽപ്പത് ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്.

ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെ യാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു. ദൈവം ഒരുക്കിയ ഒരു സമൂഹം, ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരും, അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങളും. വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ ദൈവം ഇടപെടും എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ്. ഇത്തരത്തിലുള്ള ജീവിതമാണ് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ ജീവിച്ചാൽ ദൈവ പരിപാലനയുടെ മഴവില്ലു നമ്മിൽ വിരിയും.

രണ്ടാമതായി, ഈ സംഖ്യ നാം കാണുന്നത് ഇസ്രായേൽ ജനത്തിന്റെ പുറപ്പാടിന്റെ കാലഘട്ടത്തിലാണ്. നാൽപ്പതു വർഷമാണ് അവർ നടന്നത്, ദൈവത്തിൽ വിശ്വസിച്ചു മാത്രം. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ധിക്കരിക്കലിന്റെ ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ പ്രത്യക്ഷപ്പെടുകയാണ്.

നാല്പതുദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പെടും എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ , മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചതാണ് അടുത്ത നാല്പതുദിവസത്തിന്റെ വിവരണം. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഈശോയുടെ നാല്പതു ദിവസമാകട്ടെ, അവിടുത്തെ ശക്തിപ്പെടുത്തുന്ന, തന്റെ ദൗത്യത്തെക്കുറിച്ചു ബോധ്യം നൽകുന്ന നാല്പതുദിവസങ്ങളായിരുന്നു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം.

അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുക ളാകാം.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാനുള്ള അവസരം. നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം.