Nombukaala chinthakal

ആഴ്ച്ച ഒന്ന് – പ്രലോഭനം ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

Image result for images of ash wednesdayഅമ്പതുനോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളിലേക്കു നാം പ്രവേശിക്കുകയാണ്. തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ ഉത്ഥാനത്തിലേക്കുള്ള പ്രതീക്ഷനിറഞ്ഞ യാത്രയുടെ തുടക്കമാണിത്. നമുക്ക് ഒരുമിച്ചു നടക്കാം. ക്രൂശിതന്റെ കനൽവഴികളിലൂടെ, പ്രലോഭനങ്ങളുടെ പച്ചത്തുരുത്തുകളെ വിട്ട്, കുരിശിന്റെ മൂല്യങ്ങളെ കൂട്ടുപിടിച്ചാകട്ടെ ഈ യാത്ര.

ക്രിസ്തുവാകുന്ന നേർരേഖയിലൂടെയാകണം നമ്മുടെ യാത്ര. ക്രൂശിതനിൽ നിന്ന് അകന്നുള്ള ഓട്ടങ്ങളാകരുത് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ. Apocryphal Acts of Peter-ൽ പത്രോസ് ഓടുന്നുണ്ട്, റോമൻ ഗവണ്മെന്റിൽനിന്നു, കുരിശുമരണത്തിൽ നിന്ന്. അപ്പോൾ, ക്രിസ്തു എതിരെ വരികയാണ്. അമ്പരന്ന പീറ്റർ ചോദിച്ചു: “നാഥാ, നീ എങ്ങോട്ടാണ്?” ക്രിസ്തു പറഞ്ഞു: വീണ്ടും കുരിശിലേറുവാൻ ഞാൻ റോമിലേക്ക് പോകുകയാണ്.”

ഹൃദയവിഭജനത്തിന്റെ പ്രലോഭനങ്ങളിലൂടെ കടന്നുപോയി, ലോകസുഖത്തോടും ധനത്തോടും അധികാരത്തോടും മറ്റും ‘കോംപ്രമൈസ്‌’ ചെയ്ത് നീങ്ങുന്ന ഇന്നത്തെ ക്രൈസ്തവ ജീവിതങ്ങളെ നോക്കി “ഞാൻ നിനക്കുവേണ്ടി കുരിശിലേറാൻ വീണ്ടും കാൽവരിയിലേക്ക് പോകുന്നു” എന്ന് ക്രിസ്തു പറയാതിരിക്കാനുള്ള ഒരുക്കമായിരിക്കണം നോമ്പുകാലം. പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയെന്നത് ഓരോ മനുഷ്യന്റെയും നിയോഗമാണ്. അത് നിന്റെ ഹൃദയത്തെ വിഭജിച്ചു കടന്നുപോകുന്ന വാളാകാം. അല്ലെങ്കിൽ നിന്നെ എപ്പോഴും അലട്ടുന്ന ഒരു മുള്ളാകാം. എന്തായാലും പ്രലോഭനങ്ങളുടെ വഴിയിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു.Image result for symbolic images of temptations

അതുകൊണ്ടുതന്നെ പ്രലോഭനങ്ങളിൽ നിന്ന് അകന്നു നിൽക്കാനുള്ള ശക്തിസംഭരിക്കലാകണം അമ്പതുനോമ്പിന്റെ ആദ്യ ആഴ്ചയിലെ നമ്മുടെ പ്രയത്നം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കിക്കൊണ്ടു ഈ പ്രയത്നം ആരംഭിക്കാം. നമ്മുടെ ഭവനങ്ങളിൽ ഉപയോഗമില്ലാത്ത ധാരാളം സാധനങ്ങൾ അലമാരിയിലായും, മുറിയുടെ വിവിധ കോണുകളിലായും യാതൊരു അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നുണ്ടാകും. ഇങ്ങനെ ഒരവസ്ഥ നമ്മുടെ കുടുംബത്തിലുണ്ടെങ്കിൽ അത് നമ്മുടെ ബന്ധങ്ങളെ തകർക്കും,  കുടുംബത്തിലുള്ളവരുടെ ശാരീരിക, മാനസിക, ആത്മീയ വളർച്ചയെ പ്രതികൂലമായി ബാധിക്കും. എല്ലാറ്റിലുമുപരി, ദൈവത്തിന്റെ പ്രസാദവരത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.

അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന വസ്തുക്കളെ മൂന്നായി തിരിക്കാം. 1. ഒരിക്കലും ഉപയോഗിക്കാൻ സാധിക്കാത്തവ. ഉദാഹരണത്തിന്, ഒടിഞ്ഞുപോയ ഒരു സ്പൂൺ, അല്ലെങ്കിൽ ഒരു ഷട്ടിൽ ബാറ്റ്. 2. കാലഹരണപ്പെട്ടതോ, ഉപയോഗമില്ലാത്തതോ ആയവ. ഉദാ: ടിവി, കംപ്യൂട്ടർ തുടങ്ങിയവ. 3. ഉപയോഗമുള്ളതാണ്, പക്ഷെ എനിക്ക് ഇപ്പോൾ ആവശ്യമില്ലാത്തവ. ഉദാ: കുട്ടിക്കാലത്തെ എന്റെ കളിപ്പാട്ടങ്ങൾ. ഈ നോമ്പുകാലത്തിന്റെ തുടക്കത്തിൽ, നമ്മുടെ വീട്ടിൽ തന്നെ അടുക്കും ചിട്ടയും ഉണ്ടാക്കിയെടുക്കണം. ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കത്തക്ക യോഗ്യതയുള്ള ഇടമാക്കി നമ്മുടെ ഭവനങ്ങളെ   മാറ്റിയെടുക്കണം.

നമ്മുടെ വ്യക്തിജീവിതത്തിനും നല്ലൊരു അടുക്കും ചിട്ടയും ആവശ്യമാണ്. മടി, അസൂയ, സ്വാർത്ഥത തുടങ്ങിയ ധാരാളം പ്രലോഭനങ്ങളെ അകറ്റിനിർത്തേണ്ടതുണ്ട്. കുടുംബപ്രാർത്ഥനകളെ കഴിയുന്നതും മാറ്റിവയ്ക്കുവാനുള്ള പ്രലോഭനം നമ്മുടെ കുടുംബങ്ങളിൽ ശക്തമാണ്! പ്രലോഭനങ്ങൾ വിവിധ രൂപങ്ങളിലും, ഭാവത്തിലും നമ്മുടെ ജീവിതത്തിലേക്ക് പല മായക്കാഴ്ചകളുമായി കടന്നുവന്നുകൊണ്ടിരിക്കും. വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 4 വാക്യങ്ങൾ 1 – 11-ൽ വിവരിക്കുന്ന മൂന്ന് സാഹചര്യങ്ങൾ മാത്രമല്ല പ്രലോഭനങ്ങൾ. മൂന്നല്ലാ മുപ്പതിനായിരം പ്രലോഭനങ്ങളുടെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരാണ് നാം.

വിവിധങ്ങളായ പ്രലോഭനങ്ങളിൽ വീണു ക്രൈസ്തവജീവിതത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവികതയുടെ ചിറകുകൾ അരിഞ്ഞുവീഴ്ത്തുന്ന പ്രലോഭനങ്ങളുടെ ആടിത്തിമർക്കലുകൾ ഇന്ന് ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വിശുദ്ധിയുടെ അകത്തളങ്ങളെപ്പോലും പ്രകമ്പനം കൊള്ളിച്ചുകൊണ്ടാണ് അധികാരത്തിന്റെയും, സമ്പത്തിന്റെയും പ്രലോഭനങ്ങൾ ശിങ്കാരിമേളം നടത്തുന്നത്! ഈയടുത്തകാലത്തുണ്ടായ തിന്മയുടെ തിരക്കഥകളെല്ലാം ആത്മീയതയാൽ നിറയാത്ത, ശൂന്യമായ വിളക്കുകളുമായി ജീവിക്കുന്ന ക്രൈസ്തവ ജീവിതങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

തിരുസ്സഭയിലെ ആധ്യാത്മിക നേതൃത്വങ്ങളെപ്പോലും പ്രതിക്കൂട്ടിലാക്കുന്ന പ്രലോഭനങ്ങൾ ക്രൈസ്തവ ജീവിതങ്ങളെ ഒട്ടൊന്നുമല്ല ഉലയ്ക്കുന്നത്! വ്യക്തിയുടെ ഹൃദയത്തെ വിഭജിച്ചുകളയുന്ന പ്രലോഭനങ്ങൾ കൊടുംങ്കാറ്റിൽ പറക്കുന്ന കരിയിലപോലെ നമ്മുടെ ജീവിതങ്ങളെ തട്ടിത്തെറിപ്പിച്ചുകളയും. അവ നമ്മെ അസ്വസ്ഥരും ഭയചകിതരുമാക്കും. കാരണം നമ്മുടെ ഹൃദയം വിഭജിക്കപ്പെട്ടിരിക്കുന്നു. ഹൃദയത്തിന്റെ ഒരു പാതിക്ക്‌ പോകണമെന്നുണ്ട്. ഒരുപാതിക്ക് ആ വഴി ഇഷ്ടമാണ്. എന്നാൽ പോകാനാകുന്നില്ല. മറുപാതി പറയുന്നു പോകേണ്ട എന്ന്. നിങ്ങൾ സംശയത്തിലും ആശങ്കയിലുമാകുന്നു. ഇതാണ് ഭയം നിറഞ്ഞ മനസ്സിന്റെ അവസ്ഥ: പോകണമെന്നുണ്ട്. പക്ഷെ, ഭയംകൊണ്ട് പോകാനാകുന്നില്ല. ഹൃദയവിഭജനം നമ്മിൽ ഭയം ജനിപ്പിക്കും.

ഹൃദയം വിഭജിക്കപ്പെട്ടവരായി ജീവിക്കുകയെന്നാൽ ഭയത്തിൽ ജീവിക്കുക എന്നാണ്‌. വളരെ തകർക്കപ്പെട്ട, മരുഭൂമീതുല്യമായ ഒരവസ്ഥയാണത്. ക്രിസ്തു എപ്പോഴും പറയുന്നത് എന്താണ്? “ഭയപ്പെടേണ്ട.” ക്രിസ്തുവിനറിയാം, ഭയത്തിലാകുമ്പോൾ, തിന്മയിലാകുമ്പോൾ മനുഷ്യന്റെ ചലനം നഷ്ടപ്പെടുന്നു. എല്ലാം വിറങ്ങലിക്കുകയാണ്. പ്രലോഭനത്തിന്റെ, സാഹചര്യങ്ങളുടെ, വിശപ്പുകളുടെ തടവുകാരനായി ചലനമറ്റ്, വിറങ്ങലിച്ചു നമ്മുടെ ജീവിതം മാറും.

നാം പ്രലോഭനങ്ങളിൽ പെട്ട് പലതായി വിഭജിക്കപ്പെടുമ്പോൾ ജീവിതം തന്നെ പലതായി അനുഭവപ്പെടും. ഒരു തകർന്ന കണ്ണാടിക്കുമുന്പിൽ നിൽക്കുന്നതുപോലെയാണ് മനുഷ്യൻ! എല്ലാകഷണങ്ങളിലും നിങ്ങളുടെ പ്രതിഫലനങ്ങളാണ്. നിങ്ങൾ ഒരാളാണ്. പക്ഷെ, കണ്ണാടി പല കഷണങ്ങളായി ചിതറിയതുകൊണ്ടു നിങ്ങൾ ഒരുപാടായി പ്രതിഫലിക്കുന്നു. ഹൃദയം വിഭജിതമായ ആളുടെ അവസ്ഥ ഇതാണ്. നിങ്ങൾ ഒരാളാണ്. എന്നാൽ, വിഭജിതമായതുകൊണ്ട്, ഓരോ കഷണത്തിലും നൂറായി വിഭജിക്കപ്പെട്ട നിങ്ങളെയാണ് കാണുന്നത്. നിങ്ങൾ പ്രലോഭനങ്ങളിൽ ജീവിച്ചു പ്രലോഭനങ്ങളിൽ മരിക്കുന്നു.

പ്രലോഭനങ്ങൾ എപ്പോഴും നമ്മുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട്‌ നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ്, orientation and stimulation ആണ് പ്രലോഭനം. അത്, പുരോഹിതനും, സന്യാസിക്കും, ഭാര്യക്കും, ഭർത്താവിനും, യുവാക്കൾക്കും കുഞ്ഞുങ്ങൾക്കുമെല്ലാം ഓരോ തരത്തിലായിരിക്കും.

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ ഒരു പുരോഹിതനോ, സന്യാസിക്കോ ഗ്രാമത്തിലെ കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്നതിനു അവകാശമുണ്ട്. ഒരു ഭർത്താവിനോ, ഭാര്യക്കോ സൗഹൃദബന്ധങ്ങൾ ഉണ്ടാകുക തെറ്റല്ല.  എന്നാൽ ഇത്തരം പ്രവർത്തികളെല്ലാം അവരുടെ ജീവിതാവസ്ഥയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അത് പ്രലോഭനമാകുന്നതും, അല്ലാതാകുന്നതും. ഒരു ക്രൈസ്തവ യുവാവിന്, യുവതിക്ക് ലഹരി ഉപയോഗിക്കാം; സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഒരു പ്രലോഭനമാകുന്നത്, അല്ലാതാകുന്നത് അവരുടെ ജീവിത നിയോഗമനുസരിച്ചാണ്. കുട്ടികൾക്ക് ക്രിക്കറ്റ് കളിക്കാം. എന്നാൽ, കുട്ടികൾ വിദ്യാർഥികളായിരിക്കെ, പിറ്റേ ദിവസം പരീക്ഷ ഉണ്ടായിരിക്കെ, ക്രിക്കറ്റ് കളിക്കുമ്പോൾ അത് പ്രലോഭനമാകുകയാണ്. ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലായ്മയാണ് നമ്മുടെ പ്രവർത്തികളെ, ചിന്തകളെ പ്രലോഭനങ്ങളാക്കുന്നത്!

Image result for symbolic images of temptations

പ്രലോഭനങ്ങളുടെ ചിലന്തിവലകളിൽ പെട്ട് നശിച്ചുപോകാതെ, പ്രലോഭനങ്ങളിൽ നിന്നകന്നു മാറ്റത്തിലേക്കു, ക്രിസ്തുവിലേക്കു കടന്നുവരാൻ നോമ്പുകാലങ്ങൾ നമ്മെ ക്ഷണിക്കുകയാണ്. ഫ്രഡറിക് നീഷേ എന്ന തത്വചിന്തകൻ പറയുന്നത്, ” രണ്ടു നിത്യതകൾക്കിടയിലെ പാലം മാത്രമാണ് മനുഷ്യൻ. ഒരറ്റത്ത് പ്രകൃതിയും, മറ്റേയറ്റത്ത് ദൈവവുമാണ്.” പ്രകൃതി പൂർണമാണ്. ദൈവവും പൂർണമാണ്. എന്നാൽ, മനുഷ്യൻ അപൂർണനാണ്. അപൂർണതയുടെ സംഘർഷങ്ങളിൽ പെട്ട് കയറുപോലെ വരിഞ്ഞുമുറുകി   പ്രലോഭനങ്ങളുടെ വഴിയെ പോകുന്ന മനുഷ്യൻ ആകുലനും അസ്വസ്ഥനുമാണ്. ഈ ആകുലതയും അസ്വസ്ഥതയും ഇല്ലാതാക്കി വിഭജിക്കപ്പെടാത്ത ഒരു മനസ്സിനെ, ഹൃദയത്തെ സമ്മാനിക്കുകയാണ് നോമ്പുകാലം.

ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ “പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നത് പ്രലോഭനങ്ങളുടെ സ്വാധീനശക്തിയെയാണ് കാണിക്കുന്നത്. അതുകൊണ്ടു, നാം ഉണർന്നിരിക്കണം, ജാഗരൂകരായിരിക്കണം. നമ്മുടെ വീടിന്റെ അകത്തളങ്ങളെയും, പരിസരങ്ങളെയും, വ്യക്തി ജീവിതത്തിന്റെ അകം പുറങ്ങളെയും നിർമ്മലമായി സൂക്ഷിക്കുവാൻ നമുക്കാകണം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തവയോട് വചനത്തിന്റെ ശക്തിയിൽ ‘ഇല്ല’ എന്ന് പറയുവാനുള്ള ആർജവം നാം നേടിയെടുക്കണം. അതിനായി, അമ്പതുനോമ്പിൽ നന്മയുടെ നിറക്കാഴ്ചകളെ കാണുവാനായിരിക്കണം നാം ശ്രമിക്കേണ്ടത്. തിന്മയുടെ തിരശീലകൾ നമ്മുടെ ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

ഓർക്കുക, പ്രലോഭനങ്ങളിൽ തട്ടിത്തകരുവാനുള്ളതല്ല കുരിശുമരണത്തിലൂടെ ഈശോ വീണ്ടെടുത്ത നമ്മുടെ ജീവിതങ്ങൾ.