മത്താ 20,17 – 28
സന്ദേശം

അമ്പതു നോമ്പിന്റെ മൂന്നാം ഞായറാഴ്ച്ച നമ്മെ ക്ഷണിക്കുന്നത് നമ്മുടെ ക്രൈസ്തവജീവിതങ്ങളെ ക്രിസ്തു കേന്ദ്രീകൃതമാക്കുവാനാണ്. നമ്മുടെ വ്യക്തി-കുടുംബ-സമൂഹജീവിതതലങ്ങളിൽ, എങ്ങനെയാണ് ക്രിസ്തുവിന് നാം സാക്ഷ്യം നൽകുന്നതെന്ന് ചിന്തിക്കുവാനും, ഏതു ക്രിസ്തുവിനെ, എങ്ങനെയുള്ള ക്രിസ്തുവിനെയാണ് അവതരിപ്പിക്കേണ്ടതെന്ന് വിചിന്തനം ചെയ്യുവാനും ഈ ഞായറാഴ്ച നമ്മോട് ആവശ്യപ്പെടുകയാണ്. സന്ദേശമിതാണ്: ജീവിതം ക്രിസ്തു കേന്ദ്രീകൃതമാക്കുക.
വ്യാഖ്യാനം
ഈശോയുടെ ജീവിതം ജെറുസലേം കേന്ദ്രീകൃതമായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.
യഹൂദ ക്രൈസ്തവ ആധ്യാത്മികതയിൽ ജെറുസലേം ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ കേന്ദ്രമാണ്. ജെറുസലേം ദൈവത്തിന്റെ നഗരമാണ്. ജെറുസലേമിലാണ് രക്ഷ. ജെറുസലേം വിട്ടുപോകുന്നവർ രക്ഷയിൽനിന്നു, ക്രിസ്തുവിൽ നിന്ന് അകന്നുപോകുകയാണ്. ദൈവമഹത്വം പ്രകടമാകുന്നത് ജെറുസലേമിലാണ്. ജെറുസലെമിന്റ രാജാവാണ് ക്രിസ്തു. അതുകൊണ്ടാണ് ജറുസലേമിൽ പ്രവേശിച്ചപ്പോൾ രാജകീയ സ്വീകരണം കൊടുത്തത്. ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടേണ്ട ദൈവത്തിന്റെ രക്ഷയുടെ പ്രഭവകേന്ദ്രവും ജെറുശലേമാണ്.
ജെറുസലേം ഒപ്പം ദൈവ നിഷേധത്തിന്റെ നഗരവും കൂടിയാണ്. ദൈവത്തിന്റെ പ്രവാചകരെ കല്ലെറിയുകയും കൊല്ലുകയും ചെയ്തത് ഈ നഗരത്തിൽ വച്ച് തന്നെയാണ്. എന്നിട്ടും ദൈവം തന്റെ സ്നേഹം മുഴുവനും, പരിപാലന മുഴുവനും നൽകിയത് ജെറുസലെമിനാണ്. ഈശോയുടെ കരച്ചിൽ ഓർക്കുന്നില്ലേ? “ജെറുസലേം, ജെറുസലേം പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളെ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൽ കീഴ് ചേർത്ത് നിർത്തുന്നതുപ്പോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു.” (ലൂക്ക, 13, 34) ദൈവം ജെറുസലേമിനെ ഓർത്ത് സങ്കടപ്പെടുകയാണ്.
ഈ ജെറുസലേം കേന്ദ്രമാക്കിയാണ് ഈശോ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ജെറുസലേം കേന്ദ്രമാക്കി ജീവിക്കുന്ന ഈശോയുടെ ജീവിതത്തിന്റെ സ്വഭാവം ശുശ്രൂഷയാണ്; സഹനമാണ്; ത്യാഗമാണ്; അന്ധകാരത്തിന്റെ, തിന്മയുടെ, അമർഷത്തിന്റെ, അധികാരപ്രമത്തതയുടെ അടിമത്തത്തിൽ കഴിയുന്നവർക്കുവേണ്ടിയുള്ള മോചനദ്രവ്യമാണ്. ജറുസലേമിലെ ഓരോ സഹനവും, പരിഹാസവും, പ്രഹരവും, അവസാനം മരണവും എല്ലാം മഹത്വത്തിലേക്കുള്ള വഴിയാണെന്ന് ഈശോ മനസ്സിലാക്കുന്നു. സഹനത്തെ സ്നാനമായിട്ടാണ് ഈശോ കാണുന്നത്. സ്നാനമെന്നത് അഭിഷേകമാണ്. എന്തോ ഉന്നതമായ ദൗത്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ്!
ക്രിസ്തുവിനു സഹനം ഒരഭിഷേകമാണ്. മനുഷ്യന്റെ ജീവിതവുമായി തൊട്ടു നിൽക്കുന്ന സഹനമെന്ന പ്രതിഭാസത്തെ മൂല്യമുള്ളതാക്കാൻ ഈശോ നമ്മെ പഠിപ്പിക്കുകയാണ്. സഹനത്തിന്റെ അഭിഷേകത്തിലൂടെ മഹത്വത്തിലേക്കു പ്രവേശിക്കുകയെന്നതാണ് ഈശോയുടെ ജീവിത ശൈലി.
ഈ ജീവിതശൈലിയുടെ വക്താക്കളാകാൻ നാം തയ്യാറെടുക്കണം. ഈയിടെ whats App ൽ ജെയിംസ് എന്ന യുവാവിന്റെ video കണ്ടു. ട്രാൻസ് എന്ന സിനിമയെക്കുറിച്ചു പറഞ്ഞ ശേഷം ജെയിംസ് പറയുന്നത് ക്രിസ്തുമതത്തിൽ അപ്പടി കരച്ചിലും മറ്റുമാണെന്നാണ്. മനുഷ്യനെ സെന്റി യാക്കി കൊല്ലും എന്നാണു അദ്ദേഹം പറയുന്നത്. ‘കരയുന്ന മിഴികളിൽ് എന്ന ഗാനവും ഉദാഹരണമായി അദ്ദേഹം പറയുന്നുണ്ട്.
ശരിയാണ്. പക്ഷെ ക്രൈസ്തവനായിട്ടും ജെയിംസിന് അതിന്റെ കാരണം പിടികിട്ടുന്നില്ല. കാരണമിതാണ്. ക്രിസ്തു സഹനത്തിലൂടെയാണ്, സഹനത്തിന്റെ അഭിഷേകത്തിലൂടെയാണ് നമുക്കുവേണ്ടി രക്ഷ നേടിത്തന്നത്. ജെയിംസേ, നമ്മുടെ, മനുഷ്യന്റെ, വികാരങ്ങളുമായി, കണ്ണീരുമായി, വേദനകളുമായി താദാത്മ്യപ്പെട്ടു നിൽക്കുന്ന, അവളുടെ, അവന്റെ കണ്ണീരിന്റെ ഉപ്പുരസം അറിയുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. നാം അനുഭവിക്കുന്ന സഹനത്തിലൂടെ കടന്നുപോയി അതിനെ മഹത്വമുള്ളതാക്കിയവനാണ് ജെയിംസേ ക്രിസ്തു. സുഹൃത്തേ, മറ്റു മതങ്ങളിൽ ഇങ്ങനെയുള്ളൊരു ദൈവ സങ്കല്പം ഇല്ലെന്നു അറിയുക. ജീവിതം സഹനങ്ങൾ നിറഞ്ഞതാണെങ്കിലും ഒരു മൂന്നാംദിനത്തിന്റെ ഉറപ്പു തരുന്ന ദൈവം നമുക്കാണുള്ളത്. ഈ ചിന്ത കൂടുതൽ ആത്മീയമായി ചിന്തിക്കുവാൻ നമ്മെ പ്രരിപ്പിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
സെബദീപുത്രന്മാരുടെ അമ്മയുടെ മനോഭാവം, പത്തു ശിഷ്യന്മാരുടെ അമർഷം, വിജാതീയരുടെ ഭരണകർത്താക്കളുടെ യജമാനത്വം – ഇവയെല്ലാം ലോകത്തിന്റെ രീതികളാണ്. ക്രിസ്തുവിന്റെ ഇതിനൊക്കെ കടകവിരുദ്ധമാണ്. വലിയവനാകാതെ ശുശ്രൂഷകനാകാൻ, ഒന്നാമനാകാതെ ദാസനാകാൻ, ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിക്കാൻ, മറ്റുള്ളവരെ അടിമകളാക്കാതെ അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ -ഇതൊക്കെയാണ് ക്രിസ്തുവിന്റെ രീതികൾ. ഈ ക്രിസ്തുവിനെ കേന്ദ്രീകരിച്ചാകണം ഇനി നമ്മുടെ ജീവിതം.
ജീവിതം പല തരത്തിൽ കേന്ദ്രീകരിക്കാം. ഒന്ന്, കുടുംബകേന്ദ്രീകൃതം. ഇത് നല്ലതാണ്. പക്ഷെ എപ്പോഴും അസ്വസ്ഥതയായിരിക്കും. താത്ക്കാലത്തെ കാര്യങ്ങൾ നടക്കാൻ ദേഷ്യപ്പെടും, ഒച്ചയുണ്ടാക്കും, അലറിവിളിക്കും. രണ്ട്, ഭാര്യ-ഭർത്തൃ കേന്ദ്രീകൃതം. മനുഷ്യ ബന്ധങ്ങളിൽ ഏറ്റവും അടുപ്പമേറിയതാണ്. പക്ഷെ, മക്കൾ, അമ്മായിഅച്ചൻ, അമ്മായിഅമ്മ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവ പ്രശ്നങ്ങൾ സൃഷ്ടിക്കും. നിരാശയിലേക്കു വീഴും. നിഷേധാത്മകമായി ബുദ്ധി പ്രവർത്തിക്കും. മൂന്ന്, ധനം കേന്ദ്രീകൃതം. സമ്പത്തിനു മുൻഗണന. പണം വീണ്ടും വരും. പക്ഷെ ഭാര്യയോട്, മക്കളോട് കാണിക്കേണ്ട സ്നേഹം കാണിക്കാൻ നഷ്ടപെട്ട സമയം തിരികെ കിട്ടില്ല. നാല്, തൊഴിൽ കേന്ദ്രീകൃതം. കുടുംബത്തെ മറക്കും. ഉദാ: മക്കളോടും, ഭാര്യയോടും സിനിമയ്ക്ക് പോകാമെന്നു പറഞ്ഞു. ജോലിത്തിരക്കിൽ അതങ്ങു മറന്നു. അഞ്ചു, സുഹൃത്ത് കേന്ദ്രീകൃതം. മറ്റുള്ളവരെ സ്നേഹിക്കാൻ മറക്കും. ആറ്, ശത്രു കേന്ദ്രീകൃതം. ജീവിതം മുഴുവനും നശിക്കും. ഏഴ്, ഭക്തി/പള്ളി കേന്ദ്രീകൃതം. അമിത ഭക്തി ആപത്താണ്. എട്ട്, സ്വയം കേന്ദ്രീകൃതം. സ്വാർത്ഥയിൽ നീയും കുടുംബവും നശിക്കും.
സമാപനം
സ്നേഹമുള്ളവരേ, ക്രിസ്തു ജെറുസലേം കേന്ദ്രമാക്കി ജീവിച്ചു. ക്രൈസ്തവന് ജെറുസലേം ക്രിസ്തുവാണ്. ദൈവസ്നേഹത്തിന്റെ, ദൈവപരിപാലനയുടെ, രക്ഷയുടെ പ്രഭവകേന്ദ്രം ക്രൈസ്തവന് ക്രിസ്തുവാണ്. ഇന്നത്തെ ദൈവവചനം നമ്മെ വിളിക്കുന്നത് ക്രിസ്തുകേന്ദ്രീകൃതമായി ജീവിക്കാനാണ്. അപ്പോൾ മറ്റു എട്ടു കേന്ദ്രീകൃതങ്ങളും നന്മയുള്ളതാകും. അന്ന്, കാൽവരിയുടെ തൊട്ടടുത്തുനിന്ന് ഈശോ മരണത്തെപറ്റി പറഞ്ഞപ്പോൾ, ശിഷ്യന്മാർ സ്ഥാനമോഹങ്ങൾക്കു പുറകെയായിരുന്നു. ഇന്നും, കൊറോണ പോലുള്ള വൈറസുകൾ ജീവിതം തകർക്കുമെന്നറിഞ്ഞിട്ടും നാം പള്ളികൾക്കുവേണ്ടി ആക്രോശിക്കുകയാണ്; സമ്പത്തു വാരിക്കൂട്ടാനും, കെട്ടിടങ്ങൾ പണിതുയർത്താനും ഓടിനടക്കുകയാണ്; നിയമനിർമാണസഭകളിൽ അധികാരം കൊണ്ട് മത്ത് പിടിച്ചു കോമരം തുള്ളുകയാണ്. അധികാരം ഉറപ്പിക്കുവാൻ വൃത്തികെട്ട കളികൾ നടത്തുകയാണ്. സ്നേഹമുള്ളവരെ, പാപത്തിന്റെ ബന്ധനം നമ്മെ വരിഞ്ഞുമുറുക്കിയിട്ടും, മരണം പടിവാതിൽക്കൽ എത്തിയിട്ടും ക്രിസ്തുവിലേക്കു തിരിയാൻ നാം മടികാണിക്കുന്നു.
നമ്മുടെ കേന്ദ്രങ്ങൾ നമുക്ക് തിരിച്ചറിയാം. ക്രിസ്തുവാകുന്ന കേന്ദ്രത്തിലേക്ക് മടങ്ങി വരാം.
Reblogged this on Nelson MCBS.
LikeLike