മത്താ 21, 33 – 44
ജോഷ്വ 6, 27 – 7, 15
റോമാ 8, 12 – 21
സന്ദേശം
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഈ ദേവാലയത്തിൽ വിശുദ്ധ കുർബാന യ്ക്കായി അണഞ്ഞിരിക്കുന്ന വേളയിൽ നമ്മിലും ഒരു ഭീതിയുണ്ട്. ദൈവമേ, എനിക്ക്, എന്റെ കുടുംബത്തിലുള്ളവർക്ക്, എന്റെ ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക് കൊറോണ പിടിക്കുമോ? പ്രിയപ്പെട്ടവർ ആരെങ്കിലും മരിക്കുമോ? ഞാൻ സ്വരുക്കൂട്ടി വച്ചിരിക്കുന്ന തെല്ലാം എനിക്ക് നഷ്ടപ്പെടുമോ? നമ്മുടെ ഭീതിയുടെയെല്ലാം അടിക്കല്ല് നാം മരിക്കുമെന്ന ചിന്തയാണ്. നമുക്കുള്ളതെല്ലാം നഷ്ടപ്പെടുമോയെന്ന തോന്നലാണ്. ഈ ചിന്തകൾ കുറച്ചൊന്നുമല്ല നമ്മെ അലോസരപ്പെടുത്തുന്നത്. മാത്രമല്ല, ഈ ചിന്തകൾ നമ്മുടേത് മാത്രമല്ല. ലോകത്തിലുള്ള എല്ലാവരുടേതുമാണ്.
ഇങ്ങനെ, കൊറോണ ഭീതിയിൽ, മരണഭീതിയിൽ, എല്ലാം നഷ്ടപ്പെടുമോയെന്ന പേടിയിൽ ജീവിക്കുന്ന ലോകത്തോട്, നാമോരോരുത്തരോട്, ദൈവവചനം പറയുന്നു, സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുക. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ്.
വ്യാഖ്യാനം
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് ശേഷമാണ് ഈശോ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ പറയുന്നത്. താൻ മുൻകൂട്ടി കണ്ട തന്റെ ജീവിതത്തെ, ജീവിത സംഭവങ്ങളെ വളരെ മനോഹരമായി ഈശോ ഇവിടെ അവതരിപ്പിക്കുകയാണ്. ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ. ആനുകാലികമായി ഈ ഉപമയെ ഒന്ന് വിശദീകരിച്ചാൽ ഇതിലെ അന്തസത്ത നമുക്ക് മനസ്സിലാകും.
ദൈവപരിപാലനയുടെ അനന്തസാധ്യതകൾക്കിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. ഈ ജീവിതം ഈ ഭൂമിയിൽ ദൈവമാണ് നമുക്ക് നൽകിയത്. അവിടുത്തെ പരിപാലനയുടെ വേലിക്കെട്ടിനുള്ളിൽ ജീവനും ശക്തിയും നൽകി കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ കാത്തുസൂക്ഷിക്കുന്നു. വിശുദ്ധ കൂദാശകളാകുന്ന, സഭയാകുന്ന കൃഷിക്കാരിലൂടെ നമ്മെ വളർത്തുന്നു. ഇത്രയെല്ലാം തന്റെ കരുണയിൽ, സ്നേഹത്തിൽ ദൈവം ചെയ്യുന്നത് നാം ഈ ഭൂമിയിൽ നൂറുമേനി, അറുപതുമിനി, മുപ്പതുമീനി ഫലം പുറപ്പെടുവിക്കാനാണ്. ആ ഫലം കാത്തിരിക്കുന്ന ഉടമസ്ഥനായ ദൈവം ഈരേഴുപതിനാലു ലോകങ്ങളുടെയും, അതിലുള്ള സകലത്തിന്റെയും അവകാശിയായി ക്രിസ്തുവിനെ ആക്കിയിരിക്കുന്നു.
വിശുദ്ധ പൗലോശ്ലീഹാ ഇക്കാര്യം വളരെ കൃത്യമായി പറയുന്നുണ്ട്. “അവൻ (ക്രിസ്തു) അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും, എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു.”
എന്നാൽ, സ്നേഹമുള്ളവരേ ശ്രദ്ധിച്ചു കേൾക്കണം, ഈ ലോകം, ലോകത്തിലുള്ള നാമെല്ലാവരും, നൽകപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഉടമസ്ഥനായ ദൈവത്തെ മറന്നു, ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ പരിഗണിക്കാതെ, എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. കുടുംബനാഥനെന്ന നിലയിൽ നീ സമ്പാദിക്കുന്നതെല്ലാം നിന്റെ കുടുംബങ്ങൾക്കും അർഹതപ്പെട്ടിരിക്കെ, നിന്റെ സുഖത്തിനായി മാത്രം നിന്റെ സമ്പാദ്യം കള്ളുകുടിക്കാൻ ഉപയോഗിക്കുമ്പോൾ, പുകവലിക്കാൻ എടുക്കുമ്പോൾ, എല്ലാം നിന്റേതെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ, നീ ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ കൊന്നു നിന്റെ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു എറിഞ്ഞുകളയുകയാണ്. ഈ ലോകത്തിലുള്ളതെല്ലാം ക്രിസ്തുവിന്റേതായിരിക്കെ, അത് പരിഗണിക്കാതെ, എല്ലാം, സുഖങ്ങളും, സ്വത്തുക്കളും, എല്ലാം എല്ലാം നിന്റേതാക്കാൻ നീ ശ്രമിക്കുമ്പോൾ -നീ ആരുമാകാം, ഒരു പുരോഹിതൻ, സന്യാസി, ഭാര്യ, ഭർത്താവ്, യുവതീയുവാക്കൾ, കുഞ്ഞുങ്ങൾ, – ഓരോരുത്തരും അവരവരുടേതായ തലത്തിൽ, സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെ കൊള്ളുകയാണ്, നിങ്ങളുടെ ജീവിതത്തിന്റെ പുറത്തേക്കു എറിഞ്ഞുകളയുകയാണ്. എല്ലാം ക്രിസ്തുവിന്റേതായിരിക്കേ, നിങ്ങളുടേതെന്ന മട്ടിൽ, ഇരുമ്പു സേഫുകളിലും, ലോക്കറുകളിലും മറ്റും സൂക്ഷിക്കുകയും, ആർക്കും പങ്കുവെക്കാതെ, ആരായും സഹായിക്കാതെ കണ്ണെഴുതി പൊട്ടും തൊട്ടു, ശീതീകരിച്ച കാറുകളിൽ കറങ്ങുമ്പോൾ ഓർക്കുക, നിങ്ങൾ അവകാശിയെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തു നിർത്തുകയാണ്.
പക്ഷെ സ്നേഹിതരെ, നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണം, അവകാശം മുഴുവൻ സ്വന്തമാക്കാൻ ഒരു മാർഗ്ഗമേയുള്ളു – അവകാശിയെ സ്വന്തമാക്കുക. സമ്പത്തു ആവശ്യമുണ്ടോ, സർവ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗനന്ദര്യം വേണമോ, സൗന്ദര്യം മാത്രമായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗഖ്യം വേണമോ, സൗഖ്യദായകനായ ക്രിസ്തുവിനെ സ്വന്തമാക്കുക. സമാധാനം വേണമോ, സന്തോഷം വേണമോ, എല്ലാറ്റിന്റെയും അവകാശിയെ സ്വന്തമാക്കുക. അല്ലെങ്കിൽ അവകാശത്തിൽ പങ്കുപറ്റാൻ നിനക്കാകില്ല.
നാം ഇറുത്തെടുക്കുന്ന ഒരു പുൽനാമ്പും, കൈക്കുമ്പിളിലാക്കുന്ന കടലിലെ ഇത്തിരി വെള്ളവും, നാം ചിലവഴിക്കുന്ന ഒറ്റരൂപാ തുട്ടുപോലും നമ്മുടേതല്ല. അതിനു അവകാശിയുണ്ട്, കർത്താവായ ഈശോ തമ്പുരാൻ! അവകാശിയെ ജീവിതത്തിന്റെ പുറമ്പോക്കിൽ നിർത്തി, ഇവയെല്ലാം നമ്മുടേതെന്ന മട്ടിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ, ഉടമസ്ഥൻ വരികതന്നെ ചെയ്യും, അവകാശം നമ്മിൽ നിന്ന് തിരിച്ചെടുക്കാൻ…!
അവകാശിയെ കൊന്നാൽ അവകാശം മുഴുവൻ സ്വന്തമാക്കാമെന്നത് മണ്ടത്തരമാണ്. നിങ്ങൾ അവകാശിയെ കൊന്നാൽ രണ്ടുകാര്യം സംഭവിക്കാം. ഒന്ന്, അവകാശത്തിനു നൂറ്റൊന്നു ആളുകൾ ഉണ്ടാകും. അവകാശം ചിന്നഭിന്നമായിപ്പോകും. രണ്ട് ഉടമസ്ഥൻ വന്നു നിങ്ങളെ നശിപ്പിച്ചുകളയും. ഒന്നാമത്തെ വായനയിലെ ആഖാന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്. ദൈവവചനം മറന്നു എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ആഖാന്റെ തകർച്ച നമുക്ക് പാഠമാകട്ടെ.
ക്രിസ്തുവാകുന്ന മൂലക്കല്ലിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നില്ലായെങ്കിൽ, അവകാശിയെ നിങ്ങൾ സ്വന്തമാക്കുന്നില്ലായെങ്കിൽ വചനം പറയുന്നു, നിങ്ങളുടെ ജീവിതം തകർന്നു പോകും, മാത്രമല്ല, കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളിയായിപ്പോകും, ധൂളിയായിപ്പോകും!
ഈ ദൈവവചനത്തെ ഭീഷണിയായി കാണരുതേ. സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണിത്. ‘നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം ചെയ്തിട്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയിലൂടെ എന്നെത്തന്നെ തന്നിട്ടും, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, സ്നേഹമുള്ള മക്കളെ, എന്തുകൊണ്ട് നിങ്ങൾ തകർച്ചയുടെ വഴി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് നിങ്ങൾ ജീവിതം പാപ്പരായിപ്പോകുന്ന വഴി തിരഞ്ഞെടുക്കുന്നു? എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ, വ്യക്തിജീവിതങ്ങളിൽ നിങ്ങൾക്കായി എല്ലാം നൽകുന്ന അവകാശിയെ കൊന്നു ജീവിതത്തിന്റെ പുറമ്പോക്കിലേക്കെറിയുന്നു?’ കേൾക്കാൻ പറ്റുന്നുണ്ടോ, ദൈവത്തിന്റെ ഈ കരച്ചിൽ?
സമാപനം

ഞാൻ ആരെയും വിധിക്കുന്നില്ല. പക്ഷെ ലോകത്തിൽ സംഭവിക്കുന്നവയെ നിരീക്ഷിക്കുമ്പോൾ, എന്റെ ജീവിതത്തിലെ, എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ കാണുമ്പോൾ, ഞാൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കാണാതെ വരുമ്പോൾ, ഞാൻ സ്വയം ചോദിക്കുകയാണ് സ്നേഹമുള്ളവരേ, എന്റെ ജീവിതത്തിന്റെയും, ഈ ലോകത്തിലുള്ള എല്ലാറ്റിന്റെയും അവകാശിയായ ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അകറ്റി നിർത്തിയിരിക്കുകയാണോ? അവകാശിയില്ലെങ്കിലും എല്ലാം സ്വന്തമാക്കാമെന്ന ഹുങ്കിലാണോ, എല്ലാം ആസ്വദിക്കാമെന്ന അഹന്തയിലാണോ ഞാൻ ജീവിക്കുന്നത്? കൊറോണ വൈറസ് പോലെയുള്ള മഹാമാരികൾ നമ്മോടു ഒന്നും പറയുന്നില്ലേ?
ഓർക്കുക, അവകാശം സ്വന്തമാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളു: അവകാശിയെ സ്വന്തമാക്കുക.