ആഴ്ച്ച നാല് – സോദരസ്നേഹം ക്രൈസ്തവന്റെ അടയാളം
സോദരസ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ ജീവിതവും ക്രൈസ്തവന്റെ പ്രാർത്ഥനയും നിലകൊള്ളുന്നത്. അമ്പതുനോമ്പുകാലത്ത് വെറുപ്പിന്റെയും, അസൂയയുടെയും, പിണക്കത്തിന്റെയും ഒക്കെ ഫരിസേയ മനോഭാവങ്ങൾ വിട്ടു സഹോദരസ്നേഹത്തിന്റെ പുണ്യത്തിലേക്കു വളരാൻ നാം ശ്രമിക്കണം. അതിനു, ദൈവം സമം സ്നേഹമെന്ന മന്ത്രം മാത്രം അറിഞ്ഞാൽ പോരാ, ദൈവം സമം സഹോദരനും സഹോദരിയും എന്ന സത്യം നാം അറിയണം. വിശുദ്ധ യോഹന്നാൻ പറയുന്നത്, ‘ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു’ എന്നാണ്. (1യോഹ 4,20) ‘സഹോദരനെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ ജീവിക്കുന്നവരാണ്. സഹോദരനെ വെറുക്കുന്നവനാകട്ടെ അന്ധകാരത്തിലും.’ (1 യോഹ 2, 10-11)
സഹോദരൻ/ സഹോദരി എന്നത് ലിംഗപരമായ ഒരു വേർതിരിവ് മാത്രമാണ്. ആണും പെണ്ണുമായി സകല മനുഷ്യരും ഒരേ ഉദരത്തിൽ നിന്നുള്ളവരാണ് – ദൈവത്തിന്റെ ഉദരത്തിൽ നിന്ന്. മാതാപിതാക്കളായാലും, സ്വന്തം സഹോദരങ്ങളായാലും, ബന്ധുക്കളായാലും, സുഹൃത്തുക്കളായാലും, അയൽവക്കക്കാരായാലും എല്ലാവരും സഹോദരർ തന്നെ. ഈ ബന്ധത്തിന്റെ വിപുലമായ മാനത്തിൽ പ്രപഞ്ചത്തിലെ സർവവും ‘സഹോദര’നാണ്. കണ്ടുമുട്ടുന്ന സഹോദരരെ അവഗണിച്ചുകൊണ്ട് മനുഷ്യ ജീവിതം സാധ്യമല്ല. സഹോദരരെ പരിഗണിക്കുന്നതിന്റെ മാനദണ്ഡമാകട്ടെ ‘നിന്നെപ്പോലെ’ എന്നുള്ളതാണ്. ‘നിന്നെപ്പോലെ നിന്റെ സഹോദരനെ/സഹോദരിയെ സ്നേഹിക്കുക.'(ലൂക്ക 10, 27)
എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്. ഈ പ്രപഞ്ചത്തിലെ സകലതും പൂർണതയിൽ ജനിച്ചുവീഴുമ്പോൾ മനുഷ്യൻ മാത്രം അപൂർണതയിലാണ് ജനിക്കുന്നത്. എന്ന് പറഞ്ഞാൽ ആയിത്തീരുവാനുള്ള വലിയ സാധ്യതയുമായാണ് മനുഷ്യൻ ഈ ലോകത്തിലേക്ക് വരുന്നത്. ഒരു റോസാപ്പൂവിന് റോസാപ്പൂവാകുക എന്ന സാധ്യതയേയുള്ളൂ. അതിന്റെ രൂപത്തിന്, വർണത്തിന്, സൗരഭ്യത്തിന് കാഴ്ച്ചയ്ക്ക് മാറ്റം വരുത്താൻ അതിനാകില്ല. എന്നാൽ, മനുഷ്യന് ആയിത്തീരുവാനുള്ള സാധ്യതകൾ ഏറെയാണ്. അതാണ് മനുഷ്യന്റെ സൗന്ദര്യം! ആയിത്തീരലിലേക്കുള്ള ഈ യാത്രയിൽ സഹോദരരെ മറന്നുള്ള ആയിത്തീരൽ പക്ഷെ സാധ്യമല്ല. കാരണം, ആയിത്തീരൽ ദൈവികതയിലുള്ള വളർച്ചയാണ്. അതാകട്ടെ ദൈവസ്നേഹത്തിന്റെ നിറവാണ്. ദൈവ സ്നേഹത്തിന്റെ പൂർണതയും പ്രതിഫലനവുമാണ് സഹോദരസ്നേഹം.
ഓരോ മനുഷ്യനും ദൈവികതയുടെ സൗരഭ്യമാണ്. പൗലോശ്ലീഹാ അത് മനസ്സിലാക്കിയിരുന്നു. “ഞങ്ങൾ … ക്രിസ്തുവിന്റെ പരിമളമാണ്” (2കോറി 2, 15) എന്നാണു അദ്ദേഹം പറഞ്ഞത്. നാമെല്ലാവരും ദൈവത്തിൽ ജനിക്കപ്പെടുന്നു; ദൈവത്തിൽ ജീവിക്കുന്നു; ദൈവത്തിൽ മരിക്കുന്നു. ഇത്രയും ഇഴയടുപ്പം മനുഷ്യർ തമ്മിലുണ്ടെങ്കിൽ അവർക്കിടയിൽ സ്നേഹമല്ലാതെ മറ്റൊന്നിനും സ്ഥാനമില്ല. അതുകൊണ്ടാണ് പുതിയ കല്പനയായി ക്രിസ്തു പരസ്പരം സ്നേഹിക്കുവിൻ (യോഹ 13, 34) എന്ന് മൊഴിഞ്ഞത്. ഒരുവൻ സഹോദരസ്നേഹത്തിൽ നിന്ന് എത്രമാത്രം അകലെയാണോ അത്രയും ദൈവത്തിൽനിന്ന് അകലെയാണ്; ഒരുവൻ പ്രകൃതിയിൽ നിന്ന് എത്രമാത്രം അകലെയാണോ അത്രമാത്രം ദൈവത്തിൽ നിന്നും അകലെയാണ്.
സഹോദരസ്നേഹത്തിന്റെ മനോഹരമായ ബിംബങ്ങൾ പഴയനിയമത്തിലുണ്ട്. അതൊലൊന്നു അബ്രാമാണ്. അതിജീവനത്തിന്റെ ആദ്യകാലങ്ങളിൽ ഒരുമിച്ചു അധ്വാനിച്ചു ജീവിച്ചിരുന്ന സഹോദരരായ അബ്രാമിനും ലോത്തിനും ‘ഒരുമിച്ചു പാർക്കാൻ വയ്യാതായപ്പോൾ’ അബ്രാം ലോത്തിനോട് പറഞ്ഞു: “നമ്മൾ തമ്മിലും നമ്മുടെ ഇടയന്മാർ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മൾ സഹോദരന്മാരാണ്. ഇതാ! ദേശമെല്ലാം കണ്മുന്പിലുണ്ടല്ലോ. ഇടതുഭാഗമാണ് നിനക്ക് വേണ്ടതെങ്കിൽ ഞാൻ വലത്തേക്ക് പൊയ്ക്കൊള്ളാം. വലതുഭാഗമാണ് നിനക്ക് ഇഷ്ടമെങ്കിൽ ഞാൻ ഇടത്തേക്ക് പൊയ്ക്കൊള്ളാം.” അങ്ങനെ ലോത്ത് ജോർദാൻ സമതലം എടുത്തു. അബ്രാമാകട്ടെ കാനാൻ ദേശവും. (ഉല്പത്തി 13, 8 – 10)

മറ്റൊന്ന്, ജോസഫാണ്. ജോസഫിന്റെ മൂത്തസഹോദരന്മാർ അവനെ കൊല്ലുവാൻ പ്ലാൻ ചെയ്തിട്ട് അവസാനം കൊല്ലാതെ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ട്. പിന്നീട്, മനസ്സുമാറി, ഇസ്മായേല്യർക്കു വിൽക്കുന്നു. സഹോദരങ്ങളിലൂടെ ധാരാളം ബുദ്ധിമുട്ടുകളുണ്ടായിട്ടും അവസാനം വീണ്ടും കാലം ഈ സഹോദരന്മാരെ ജോസഫിന്റെ മുൻപിൽ കൊണ്ടുനിർത്തിയപ്പോൾ ജോസഫ് സഹോദരസ്നേഹത്തിന്റെ ഉദാത്ത മാതൃകയാകുകയാണ്. കണ്ടുമുട്ടിയപ്പോൾ ജോസെഫ് പറഞ്ഞു: “എന്നെ വിറ്റതോർത്ത് നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട. കാരണ, … ദൈവമാണ് എന്നെ നിങ്ങൾക്ക് മുൻപേ ഇങ്ങോട്ട് അയച്ചത്’. അതിനുശേഷം ജോസഫ് സഹോദരന്മാരെല്ലാവരെയും കെട്ടിപ്പിടിച്ചു ചുംബിക്കുകയും കെട്ടി പിടിച്ചു കരയുകയും ചെയ്തു. (ഉല്പത്തി 45, 4- 15)
കടന്നുപോന്ന കാലങ്ങളിൽ മനുഷ്യരെ നിരീക്ഷിച്ചപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയ (ഒപ്പം വേദനിപ്പിച്ചതും) കാര്യങ്ങൾ പലതാണ്. പിതൃസ്വത്തിന്റെ പേരിൽ കലഹിക്കുന്ന, സ്വന്തം സഹോദരനെ, സഹോദരിയെ വെറുക്കുന്ന മനുഷ്യർ! ഒരിഞ്ചു സ്ഥലത്തിന്റെ പേരിൽ അയൽവക്കത്തുള്ള സഹോദരനെ കൊല്ലുന്നവർ! കച്ചവടത്തിൽ ഒരുമിച്ചു നിന്നിട്ടു അവസാനം പരസ്പരം വഞ്ചിക്കുന്നവർ! സാമ്പത്തിനേക്കാളും ചെറിയ വലിയ തെറ്റുകളെക്കാളും ഉയരത്തിൽ സഹോദരനെ /സഹോദരിയെ പ്രതിഷ്ഠിക്കാൻ നമുക്കാകുന്നില്ല. നമ്മുടെ നാട്ടിലെ ആൾക്കൂട്ട കൊലപാതകങ്ങളും, വംശഹത്യകളും, സമുദായ കൊലകളും കാണുമ്പോൾ സനാതന ധർമമെവിടെ എന്ന് മനസ്സ് ചോദിക്കുന്നു. “അഹം ബ്രഹ്മസ്മി എന്നും, “തത്വമസി” എന്നും പറയുന്ന നാട്ടിൽ സഹോദരന് /സഹോദരിക്ക് ഒരു വിലയും കല്പിക്കുന്നില്ലല്ലോ എന്നോർത്ത് ഹൃദയം തേങ്ങുന്നു!
അമ്പതു നോമ്പ് കാലത്തിൽ ക്രൈസ്തവർ സഹോദരസ്നേഹമെന്ന വലിയ മൂല്യത്തെക്കുറിച്ചു ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും മനോഹരമായ സഹോദരസ്നേഹമെന്ന പരികല്പനക്ക് കോട്ടം തട്ടുന്ന തരത്തിൽ നമ്മുടെ ക്രൈസ്തവജീവിതത്തിൽ ഒന്നും സംഭവിക്കാൻ പാടില്ല. ശരിയാണ്, “എന്റെ സഹോദരന്റെ കാവൽക്കാരൻ ഞാനാണോ“യെന്ന സ്വർഗ്ഗത്തിനുനേരെ ഉതിർത്ത ചോദ്യം നമ്മെ എപ്പോഴും വേട്ടയാടുന്നുണ്ട്. അതിന്റെ വ്യത്യസ്ത രൂപങ്ങൾ ഇന്നും അഴിഞ്ഞാടുന്നുമുണ്ട്. എങ്കിലും, ക്രൈസ്തവർ ഇന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന വലിയൊരു മൂല്യമാണ് സഹോദരസ്നേഹം.
ഈ ഭൂമിയിൽ നാം തീർത്ഥാടകരാണെന്നും ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഏറ്റവും കരണീയമായതു സഹോദരങ്ങളെ സ്നേഹിച്ചും, സഹായിച്ചും ജീവിക്കലാണെന്നും അറിയാമെങ്കിലും നാമത് പലപ്പോഴും സൗകര്യപൂർവം മറക്കുന്നു! ഈ ലോകത്തിൽ നിന്ന് തിരിച്ചുപോകുവാനുള്ളവരാണ് എന്നറിഞ്ഞിട്ടും, വാശിയിലാണ് നാമെല്ലാവരും. സഹോദരനോടും സഹോദരിയോടും മിണ്ടാതിരിന്നിട്ട് എത്രനാളായി? വെറും നിസ്സാര കാര്യങ്ങൾക്കു വേണ്ടി മറ്റുള്ളവരോട് വഴക്കിട്ട് പരദൂഷണവും പറഞ്ഞു നടക്കുവാൻ തുടങ്ങിയിട്ട് എന്ത് നേടി?
മറ്റുള്ളവരുടെ ബലഹീനതകളും, തെറ്റുകളും, സമൂഹത്തിന്റെ മുൻപിൽ വലിച്ചിട്ടു അവരെ നഗ്നരാക്കിയപ്പോൾ എന്തുകൊണ്ട് നിന്റെ ദൈവത്തിന്റെ കാരുണ്യത്തെ നീ മറന്നു? നിയമത്തിന്റെ സാങ്കേതികത്വത്തിനുമുന്പിൽ നിന്റെ സഹോദരനെ നിർത്തിയിട്ടു, അവന്റെ/ അവളുടെ കുറവുകളുടെ ലിസ്റ്റ് നിരത്തി, നിന്റെ മനസ്സിന്റെ കുടുസ്സുമുറിയിൽ കയറ്റി നിർത്തി വിചാരണ ചെയ്തു നിന്റെ കുടുംബത്തിൽ നിന്ന്, നിന്റെ സൗഹൃദത്തിൽ നിന്ന് പുറത്താക്കിയപ്പോൾ നീ എന്ത് നേടി? അപ്പോൾ ദൈവം വന്നു നിന്നോട്, “നിന്റെ സഹോദരനെവിടെ” എന്ന് ചോദിക്കുമ്പോൾ എന്ത് ഉത്തരം നീ കൊടുക്കും?
മരണത്തിനുശേഷം ദൈവത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിനു നാം കണക്കുകൊടുക്കേണ്ടിവരും. അത് ഒരു ദിവസം ജീവിച്ചാലും, ഒരു മണിക്കൂർ ജീവിച്ചാലും, ഒരു ആയുസ്സുമുഴുവൻ ജീവിച്ചാലും നാം കണക്കുകൊടുക്കേണ്ടിവരും. അതിന്റെ അളവുകോൽ ‘നീയും നിന്റെ സഹോദരനും തമ്മിൽ’ എന്നതായിരിക്കും.
നാമെല്ലാവരും ബലഹീനരാണ്. കുറവുകളില്ലാത്ത വരായി ആരാണുള്ളത്? എങ്കിലും എല്ലാവരും നന്നായി ജീവിക്കുവാൻ ശ്രമിക്കുകയാണ്. പക്ഷെ, പലപ്പോഴും സാധിക്കുന്നില്ല. അവരെ സഹായിക്കുകയല്ലേ, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയല്ലേ നാം ചെയ്യേണ്ടത്? നമ്മുടെ ബോധ്യത്തിലേക്കു കൊണ്ടുവരേണ്ട സത്യമിതാണ്: മറ്റുള്ളവരുടെ കുറവുകളും, ബലഹീനതകളും, തെറ്റുകളും നിന്റെ മുൻപിൽ വരുന്ന ദൈവിക വെളിപാടുകളാണ് – അവളെ, അവനെ രക്ഷയിലേക്കു നയിക്കുവാനുള്ള വെളിപാട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള വെളിപാട്. ആ സഹോദരനോ, സഹോദരിക്കോ, നിന്റെ പ്രാർത്ഥനാസഹായം ആവശ്യമുണ്ടെന്ന വെളിപാട്! എല്ലാവരെയും രക്ഷിക്കാനല്ലേ, മകളെ, മകനെ, ഈശോ കാൽവരി കയറിയതും മരിച്ചതും ഇന്നും നമ്മോടുകൂടെ വസിക്കുന്നതും?
ദൈവം സമം സഹോദരി, സഹോദരൻ എന്ന സത്യം അറിയാതെ ഒരിക്കലും നമുക്ക് പ്രാർത്ഥിക്കാനും കഴിയില്ല. ദൈവത്തിന്റെ പേരിൽ ഒരു ഉറുമ്പിനെപ്പോലും വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ, എന്തിനു ചിന്തകൊണ്ടുപോലും നിനക്ക് നോവിക്കാനാവില്ല. അങ്ങനെ ചെയ്തിട്ട് നീ പ്രാർത്ഥിച്ചാൽ അത് വെറും പ്രഹസനമാണ്! ഈ നോമ്പുകാലത്ത് നിന്റെ സഹോദരനെ നീ നോവിച്ചിട്ട് എങ്ങനെ നിനക്ക് വിശുദ്ധ ബലി അർപ്പിക്കുവാൻ കഴിയും? സഹോദരരോടൊപ്പമല്ലാതെ നീ എങ്ങനെ പെസഹാ ആചരിക്കും? നീ വഴിയായി നിന്റെ സഹോദരൻ വേദനിക്കുമ്പോൾ, നിനക്കെങ്ങനെ ഈസ്റ്റർ ആഘോഷിക്കുവാൻ കഴിയും?
ഈ നോമ്പുകാലം ക്ഷമയുടെയും, സാഹോദര്യത്തിന്റെയും പുണ്യകാലമാകട്ടെ.