ATHMEEYA SAADHANA COVID 19 NE MARIKADAKKAAN

ആത്മീയ സാധന – കോവിഡ് 19 നെ മറികടക്കാൻ

The power of stillness is summed up in this beautiful quote; I ...

ലോകചരിത്രം കോവിഡ് 19 നു മുൻപും, കോവിഡ് 19 നു ശേഷവും എന്ന് വിഭജിതമാകാൻ പോകുന്ന ഈ ദശാസന്ധിയിൽ Eucharistic Network for Solidarity and Awareness (ENSA) മാനസിക പക്വതയോടും ആത്മശക്തിയോടും കൂടി ഈ മഹാമാരികാലം മറികടക്കുവാൻ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഒരു ആത്മീയ സാധന നിർദ്ദേശിക്കുകയാണ്.

നാമെല്ലാവരും തന്നെ വീട്ടിലിരുന്നു മടുത്തുകാണും. അകലങ്ങളായിരിക്കുന്നവരാകട്ടെ, തിരികെ വീട് അണയാൻ കൊതിയ്ക്കുന്നുണ്ടാകും. അത് സാധാരണമാണ്. പക്ഷെ ഈ ആഗ്രഹം നിരാശയായി മാറാതിരിക്കുവാൻ നാം ശ്രദ്ധിക്കണം; പ്രതീക്ഷയോടെ കാത്തിരിക്കുവാൻ നാം ശ്രമിക്കണം. അതിനാണ് ഈ ആത്മീയ സാധന.

നമുക്കറിയാവുന്നതുപോലെ ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്, ആശീർവാദമാണ് നമ്മുടെ ജീവിതം. ഇന്നത് വലിയൊരു വിപത്തിൽപ്പെട്ടിരിക്കുകയാണ്. കോവിഡ്-19 ജീവിതത്തിന്റെ വർത്തമാനപൊരുളായി മാറിയിരിക്കുന്നു, പലതുകൊണ്ടും.   ഇത് ലോകം മുഴുവനെയും വരിഞ്ഞുമുറുക്കിക്കഴിഞ്ഞു. പണവും, കായബലവും, ആധുനിക ബ്രാൻഡുകളുടെ വാഹനങ്ങളും, വലിയ വീടുകളും ബാങ്കിലെ നീക്കിയിരിപ്പും ഒന്നും നമ്മുടെ സഹായത്തിനില്ല! എവിടേക്കെങ്കിലും ഓടിയൊളിക്കാമെന്നു കരുതിയാൽ, എങ്ങോട്ടേക്കാണ്? കഴിഞ്ഞ കാലങ്ങളിൽ നാം അലച്ചിലിന്റെ നടുവിലല്ലായിരുന്നോ?

ലോക് ഡൌൺ ഒരവസരമാണ്. ജീവിതത്തിന്റെ ബഹളങ്ങളിൽനിന്നകന്നു വീട്ടിലായിരിക്കുക ഒരനുഗ്രഹമാണ്. ലോകമെമ്പാടുമുള്ള സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ജീവിതത്തെക്കുറിച്ചു അവബോധമുള്ളവരായിക്കൊണ്ട് ദൈവം നൽകിയ ഈ സുന്ദരജീവിതത്തെ തിരിച്ചുപിടിക്കാൻ നാം ശ്രമിക്കുകയാണ്. ഈ ആത്മീയ സാധന അതിന് ഉപകരിക്കും.

ഇന്നുവരെ നമുക്ക് സ്വന്തമായിട്ടുള്ളതെല്ലാം കോവിഡിനെതിരെ ഒന്നുമല്ലായെന്ന അറിവ് ഒട്ടൊന്നുമല്ല നമ്മെ അസ്വസ്ഥമാക്കുന്നത്! പക്ഷെ ധ്യാനത്തിലൂടെ, ആത്മീയ സാധനയിലൂടെ നേടുന്ന ദൈവകൃപ കോവിഡിനെ അതിജീവിക്കുവാൻ മാത്രമല്ല, ജീവിതത്തെ വീണ്ടെടുക്കുവാനും നമ്മെ സഹായിക്കും.  നാം നേടിയ വിദ്യാഭ്യാസം നമ്മുടെ മനസ്സിനെ ശക്തമാക്കിയിട്ടുണ്ടാകും. Couple Practising Variation Of Padmaasana High-Res Stock Photo ...

എന്നാൽ ധ്യാനം നമ്മുടെ മനസ്സിനെ ശുദ്ധമാക്കും. ധനം നമുക്ക് ചിലപ്പോൾ സുരക്ഷിതത്വബോധം തരുമായിരിക്കും. എന്നാൽ ധ്യാനം ആത്മവിശ്വാസം നൽകും. ധ്യാനം ജീവിതത്തിന്റെ വഴിയൊരുക്കുക മാത്രമല്ല, ആ വഴിയിലൂടെ നടക്കുവാനുള്ള ആത്മബലവും നൽകും. ധ്യാനം കോവിഡിനെതിരെ ആത്മശക്തിയുടെ പ്രതിരോധം തീർക്കുവാൻ നമ്മെ സഹായിക്കും. നമുക്ക് തുടങ്ങാം.

Step 1. ശാന്തമായി ഇരിക്കുവാൻ ഒരു സ്ഥലം കണ്ടെത്തുക. പ്രാർത്ഥന മുറിയാകാം, സ്വീകരണമുറിയാകാം, പൂന്തോട്ടമാകാം, ഏതെങ്കിലുമൊരു മരത്തിന്റെ ചുവട്ടിലാകാം. അവിടെ ഇഷ്ടപ്പെട്ട രീതിയിൽ ഇരിക്കുക. പത്മാസനമോ, വജ്രാസനമോ ഒക്കെയാകാം. സ്വസ്ഥമായി ഇരിക്കുക എന്നതാണ് പ്രധാനം.

Step 2. നമ്മുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള അവബോധത്തിലേക്കു വരിക. കണ്ണുകളടച്ചു ചുറ്റുമുള്ള ശബ്ദങ്ങളെ ശ്രദ്ധിക്കുക. ഇതുവരെ കേൾക്കാത്ത ഇമ്പമേറിയ ധാരാളം ശബ്ദങ്ങൾ നമ്മുടെ കാതിലെത്തും. ശ്രദ്ധിച്ചു കേൾക്കുക. നമ്മെ തഴുകിത്തലോടുന്ന കാറ്റിന്റെ മൃദുസ്പർശം അനുഭവിക്കുക.

നമ്മെക്കുറിച്ചു കൂടുതൽ അവബോധത്തിലേക്കു വരിക. കോവിഡ് 19 നമ്മെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നു ചിന്തിക്കുക: ഞാൻ ഇപ്പോഴും കോവിഡ് 19 നെക്കുറിച്ചാണ് ചിന്തിക്കുന്നത്. എനിക്ക് ഈ രോഗം വരുമോ? രോഗം വന്നാൽ ഞാൻ മരിക്കുമോ? രോഗം വന്നു തനിച്ചായാൽ പിന്നെ വീട്ടിലുള്ളവരെ കാണാൻ പറ്റുമോ? എന്റെ ഉറ്റവർക്കു കോവിഡ് വന്നാൽ എന്തുചെയ്യും?ഹൃദയമിടിപ്പ് ശ്രദ്ധിക്കുക. ഹൃദയത്തിന്റെ താളക്രമം സാധാരണ നിലയിലാകട്ടെ.

നമ്മോടു തന്നെ പറയുക: ശരിയാണ്, എനിക്ക് പേടിയുണ്ട്. ഭയം കാരണം എനിക്ക് ശരിയായ ഉറക്കം കിട്ടുന്നില്ല. പത്രങ്ങളിലും, ചാനലുകളിലും കാണുന്നവ എന്നെ അസ്വസ്ഥമാക്കുന്നുണ്ട്. പ്രകൃതിയുടെ ഭാഗമാണ് ഞാനെന്നറിയാം. ജനനവും, വളർച്ചയും, രോഗവും, വാർദ്ധക്യവും  മരണവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. എന്നാലും എന്തോ ഒരു ഭയം എന്നെ അലട്ടുന്നു.

Follow Me: Taking Hold of the Divine Nature | United Church of God

ഒന്നോർത്താൽ, ഞാനെന്തിനാണു പേടിക്കുന്നത്? എന്നെ സൃഷ്ടിച്ച എന്റെ ദൈവത്തിനു എന്നെക്കുറിച്ചു കരുതലുണ്ട്. ഞാൻ ഇവിടെ ഇപ്പോൾ ആയിരിക്കുന്നത് തന്നെ ദൈവം അത് ആഗ്രഹിക്കുന്നത് കൊണ്ടാണ്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപേ ഞാൻ ദൈവത്തിന്റെ ഹൃദയത്തിൽ രൂപപ്പെട്ടിരുന്നു. ഏറ്റവും ആദ്യം എന്നെപ്പറ്റി ചിന്തിച്ചത് ദൈവമാണ്. മനസ്സിൽ നിന്ന്, ജീവിതത്തിൽ നിന്ന് എല്ലാ ഭയങ്ങളെയും ദൂരെയകറ്റുക. ജീവിതവ്യഗ്രത വേണ്ട. കോവിഡ് 19 നെക്കുറിച്ചുള്ള പേടി വേണ്ട. ഭാവിയെക്കുറിച്ചുള്ള ആകുലത വേണ്ട.

ദൈവത്തിന്റെ സ്വരത്തിനു കാതോർക്കുക. ദൈവം പറയുന്നു: “ഭയപ്പെടേണ്ട, നിന്റെ രക്ഷയ്ക്ക് ഞാൻ നിന്റെ കൂടെയുണ്ട്”. മനസ്സിൽ വീണ്ടും വീണ്ടും പറയുക: സർവചാരാചരങ്ങളെയും തന്റെ കരുണയാൽ പരിപാലിക്കുന്ന ദൈവത്തിലാണ് എന്റെ വിശ്വാസം.

Step 3. ഞാൻ ഈ ജീവിതത്തിൽ ചെയ്തു തീർക്കേണ്ട ദൗത്യമെന്ത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മുടെ ജീവിതത്തെ പ്രകാശമുള്ളതാക്കുക. നമ്മൾ ഈ ലോകത്തിൽ യാദൃശ്ചികമായി വന്നവരല്ല. നമ്മൾ അപരിചിതരോ, അന്യന്മാരോ അല്ല. ദൈവത്തിന്റെ പരിപാലനയിലാണ് നാം ഈ ലോകത്തിൽ വന്നിരിക്കുന്നത്. ദൈവത്തിനു നമ്മെക്കുറിച്ചൊരു പദ്ധതിയുണ്ട്, ലക്ഷ്യമുണ്ട്. നമ്മുടെ ക്ഷേമത്തിനുവേണ്ടിയുള്ള, ശുഭമായ ഭാവിയും, പ്രത്യാശയും നല്കുന്ന പദ്ധതി! നമ്മുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനൊരു ലക്ഷ്യമുണ്ട്. ആ ലക്‌ഷ്യം ഒരു വിത്തായി നിന്നിലുണ്ട്. അത് മുളപൊട്ടി, വലിയൊരു വൃക്ഷമാകണം, അത് വസന്തത്തെ വരവേൽക്കണം, അതിൽ നിറയെ പൂക്കൾ വിരിയണം, ഫലങ്ങളുണ്ടാകണം. അങ്ങനെ ജീവിതം വലിയൊരു ആഘോഷമാകണം. മനസ്സിൽ ഉരുവിടുക: ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ ലക്‌ഷ്യം എന്നിൽ നിറവേറട്ടെ.

Step 4. മനസ്സിനെ ശൂന്യമാക്കുക. കോവിഡിനെക്കുറിച്ചു മാത്രമല്ല, എല്ലാ ഭയങ്ങളെയും ദൂരെക്കളയുക. എന്തുകൊണ്ട് രോഗം, എന്തുകൊണ്ട് മഹാമാരി – ചോദ്യങ്ങളെ മാറ്റുക. എന്തുകൊണ്ട് എന്ന ചോദ്യത്തിന് യുക്തിസഹമായ ഉത്തരം കിട്ടുക എളുപ്പമല്ല. എന്തുകൊണ്ടാണ് ഇലകൾക്ക് പച്ചനിറം? കൈതോലയ്ക്കു എന്തുകൊണ്ടാണ് മുള്ള്? വാഴപ്പഴത്തിനു എന്താണ് മധുരം? ഉത്തരം ഒന്നേയുള്ളു. ഇലകൾക്ക് പച്ചനിറം, കൈതോലയ്ക്കു മുള്ള്, വാഴപ്പഴത്തിനു മധുരം – അവയുടെ സ്വഭാവമാണത്. സഹനങ്ങൾ ജീവിതത്തിന്റെ സ്വഭാവത്തിൽപെട്ടതാണ്. മനസ്സിനെ ശൂന്യമാക്കുക.  മനസ്സു ശൂന്യമാകുന്ന നിമിഷം ദൈവം നമ്മിൽ നിറയും. തികച്ചും പുത്തനായ നാം ഒരിക്കലും രുചിച്ചിട്ടില്ലാത്ത, മുൻപൊരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു ആശീർവാദം നമ്മുടെ ജീവിതത്തിൽ നിറയും. രണ്ടുമിനിറ്റോളം ശാന്തമായി ആന്തരിക ആനന്ദത്തിൽ കഴിയുക.

God cares us always. | Inspirational quotes, Joyce meyer quotes ...

Step 5. നമ്മിൽ നിറഞ്ഞ ദൈവികതയ്ക്കു നന്ദിപറയുക. രണ്ടുപ്രാവശ്യം ശ്വാസം ഉള്ളിലേക്കെടുക്കുയും പുറത്തേക്കു വിടുകയും ചെയ്യുക – തികഞ്ഞ അവബോധത്തോടെ. ഉള്ളിലേക്കെടുക്കുന്ന ഓക്സിജനും, പുറത്തേക്കുവിടുന്ന കാർബൺ ഡയോക്സൈഡും ഇവ രണ്ടുകൊണ്ടും മിടിക്കുന്ന ഹൃദയവുമായി ഈ നിമിഷം ഇവിടെ ആയിരിക്കുന്നതിനു നന്ദിയുള്ളവരാകുക. ദൈവത്തിന്റെ മുൻപിൽ നാമോരോരുത്തരും വളരെ സ്പെഷ്യൽ ആണ്. ഈ ലോകത്തിൽ എന്നെപ്പോലെ മറ്റൊരാളില്ല എന്ന ചിന്ത തന്നെ ദൈവത്തിന്റെ വലിയ സ്നേഹമാണ്, കരുണയാണ് പ്രകടമാക്കുന്നത്.  കാരണം, ദൈവം ഒരിക്കലും ഒന്നും ആവർത്തിക്കുന്നില്ല. ജീവിതത്തിലെ ഓരോ നന്മയെയും ഓർത്തു ദൈവത്തിനു നന്ദി പറയുക. ജീവിതം മുഴുവനും ദൈവത്തോടുള്ള നന്ദികൊണ്ട് നിറയട്ടെ.

Step 6. ഒന്ന് ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിക്കുക. ശ്വാസം ഉള്ളിൽ ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു എന്ന് എണ്ണുന്നതുവരെ നിലനിർത്തുക. അതിനുശേഷം സാവധാനം ശ്വാസം പുറത്തേക്കു വിടുക. ഇപ്പോൾ അനുഭവിക്കുന്ന ശാന്തത ദിവസം മുഴുവനും നീണ്ടുനിൽക്കാൻ ആഗ്രഹിക്കുക. നമ്മുടെ ജീവിതത്തിൽ സൂര്യൻ ഉദിക്കും. പുഷ്പങ്ങൾ വിരിയും. ഹൃദയത്തിലെ പുഞ്ചിരി പുറത്തുകടന്നു മറ്റുള്ളവരിലേക്ക് പടരും. നമ്മിൽ നിന്ന് കുടുംബത്തിൽ നിന്ന്, ഈ ലോകത്തിൽനിന്നു തിന്മയുടെ, രോഗത്തിന്റെ അസ്വസ്ഥതയുടെ ശക്തികളെല്ലാം അകന്നുപോകും.

കൈകൾ കൂട്ടിത്തിരുമ്മിയുണ്ടാകുന്ന ചൂടുള്ള കരതലങ്ങൾ രണ്ടും  മുഖത്തൊന്നു  അമർത്തി കണ്ണുകൾ പതുക്കെ തുറക്കുക.

Step 7. “ലോകം മുഴുവനും സുഖമുണ്ടാകട്ടെ” എന്ന പ്രാർത്ഥന മൂന്നു പ്രാവശ്യം ആവർത്തിക്കുക. എന്നിട്ട് എഴുന്നേൽക്കുക. ജീവിതത്തിലേക്ക്, അനുദിനകാര്യങ്ങളിലേക്ക് പ്രവേശിക്കുക.

വളരെ സാധാരണമായ ഒരു ആത്മീയ സാധനയാണിത്. ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരിയെ സാമൂഹ്യ അകലം പാലിച്ചും, ശുദ്ധി നിലനിർത്തിയും പ്രതിരോധിക്കുന്നതോടൊപ്പം തന്നെ, ഇത് നമ്മുടെ മാനസിക, ആത്മീയ ജീവിതത്തിനേൽപ്പിച്ച ആഘാതത്തിൽനിന്നും മോചനം ആവശ്യമാണ്. ഈ ധ്യാനം അതിനുപകരിക്കും. തീർച്ച!

The Healing Touch of God eBook by Michael R. Jacobs ...

എല്ലാ ദിവസവും രാവിലെ ഈ ആത്മീയ സാധന പരിശീലിക്കുകയാണെങ്കിൽ ഏറ്റവും ഉത്തമമായിരിക്കും. ആദ്യ ദിവസങ്ങളിൽ ടെക്സ്റ്റ് ഉപയോഗിക്കാം. പിന്നീട്, നിങ്ങളുടെ സ്വന്തം ചിന്തകളിലൂടെ ഈ ആത്മീയ യാത്ര നടത്തുവാൻ സാധിക്കും. കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നുള്ള മോചനം നമ്മുടെ ജീവിതം കൂടുതൽ പ്രകാശമുള്ളതാക്കട്ടെ. അജ്ഞത അപ്രത്യക്ഷമാകുകയും, ജ്ഞാനം ഉദിക്കുകയും, ആന്തരികത ശക്തിപ്പെടുകയും ചെയ്യട്ടെ.

ജീവിതം ദൈവത്തിന്റെ വരദാനമാണ്. ആർക്കും ദൈവത്തോട് കടം വീട്ടാനാകില്ല. ദൈവത്തോട്  നന്ദിയുള്ളവളായിരിക്കാനേ, നന്ദിയുള്ളവനായിരിക്കാനേ നമുക്ക് കഴിയൂ.

One thought on “ATHMEEYA SAADHANA COVID 19 NE MARIKADAKKAAN”

Leave a comment