യോഹ 14, 1 – 14
സന്ദേശം

കോവിഡ് 19 ലോകം മുഴുവനും ഉറഞ്ഞു തുള്ളുന്ന കാലമാണിത്. ഈ കൊറോണാ വൈറസ് ലോകത്തെ, മനുഷ്യ വംശത്തെ പലതും പഠിപ്പിച്ചു എന്നുള്ള സന്ദേശങ്ങളും നാം വായിക്കുന്നുണ്ട്. എത്ര നിസ്സഹായനാണ് മനുഷ്യൻ എന്ന് ഒന്നുകൂടി കൊറോണ വൈറസ് നമ്മെ ഓർമിപ്പിക്കുന്നു. സാങ്കേതിക നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു അഹങ്കരിക്കുമ്പോഴും, ഒരു ഞൊടിയിടയിൽ ലോകത്തെ നശിപ്പിക്കാനുള്ള ആയുധങ്ങൾ ഉണ്ടെന്നു ഊറ്റം കൊണ്ടപ്പോഴും പണമുണ്ടെങ്കിൽ ദൈവത്തിനെപോലും വേണ്ടെന്നു കരുതിയപ്പോഴും മനുഷ്യൻ ഓർത്തില്ല, കാണാൻ പോലും കഴിയാത്ത ഒന്നിനെ ചൊല്ലി ഇത്രമാത്രം ആകുലപ്പെടേണ്ടി വരുമെന്ന്. സോപ്പിട്ടു കഴുകിയാൽ ചാകുന്ന ഒരു വൈറസ് സൃഷ്ടിക്കുന്ന മരണത്തിന്റെ സാന്നിധ്യം മനുഷ്യനിൽ ഉണ്ടാക്കുന്ന ഷോക്കും ഒട്ടും ചെറുതല്ല.
ലോക് ഡൌൺ ഓരോ ദിനം പിന്നിടുമ്പോഴും മനസ്സിൽ ഉരുണ്ടുകൂടുന്ന ഭയത്തിനും വേവലാതിക്കും, ഉത്കണ്ഠകൾക്കും ഇടയിൽ ആശ്വാസത്തിന്റെ കുളിർ മഴയായി ഇന്നത്തെ ദൈവ വചനം നമ്മുടെ മുൻപിൽ നിൽക്കുന്നു. ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ…..ഞാനാകുന്നു വഴിയും സത്യവും ജീവനും …..എന്നിലും വിശ്വസിക്കുവിൻ.’
ഇന്നത്തെ സന്ദേശമിതാണ്: ജീവിതത്തിന്റെ ദുരന്തങ്ങൾക്കിടയിലും, ജീവിതത്തിൽ ആവശ്യം വന്നുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും നാം പോലും അറിയാതെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്. ആശ്വസിപ്പിക്കുവാൻ നമ്മോടൊത്തുണ്ട്.
വ്യാഖ്യാനം
ഉത്ഥാനത്തിന്റെ പ്രതീക്ഷ പകർന്നു തരുന്ന ഇന്നത്തെ ദൈവ വചനഭാഗം വ്യാഖാനിച്ചു ക്ലേശിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം, അസ്വസ്ഥതയുടെ ഈ കാലത്തു ഹൃദയത്തെ സ്പർശിക്കുന്ന, ചിന്തകളിൽ ഒരുതരം തരിപ്പ് കോരിയിടുന്ന ദൈവവചനമാണിത്. കോവിഡ് 19 ന്റെ സങ്കടകാലത്തും നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്നുകൊണ്ട്, ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് നമുക്കു നല്ലൊരു ദിശാബോധം ഈശോ നൽകുകയാണ്.

മഹാമാരിയുടെ ഇരുളിൽ മനുഷ്യൻ അന്വേഷിക്കേണ്ട വഴി ക്രിസ്തുവാണെന്നു, ലോകം പരത്തുന്ന നുണകൾക്കിടയിൽ, വിവാദങ്ങൾക്കിടയിൽ മനുഷ്യൻ തേടേണ്ട സത്യം ക്രിസ്തുവാണെന്നു, മരണത്തിന്റെ താഴ്വരകളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ തേടേണ്ട ജീവൻ ക്രിസ്തുവാണെന്നു ദൈവവചനം പറയുമ്പോൾ സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തിലേക്ക് വളരുവാൻ, ദൈവത്തിലുള്ള ജീവിതത്തിലേക്ക് തിരിയുവാൻ നമുക്കാകണം. പിശാചുബാധിതമായ ഒരു സംസ്കാരത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനസ്സിലാക്കാനാകാത്ത ജീവിതസാഹചര്യങ്ങളുടെ മുൻപിൽ നിരാലംബനായി നിൽക്കുമ്പോൾ ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് നമ്മുടെ ദൈവമെന്നു നമുക്ക് ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ടു ഏറ്റുപറയുകയും ചെയ്യാം.
ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് അയച്ചുതന്ന ഒരു സന്ദേശം പങ്കുവയ്ക്കട്ടെ. ഇത് ഒരു കഥയല്ല. നമ്മെ വിസ്മയഭരിതമാക്കുന്ന ഒരു ജീവിതാനുഭവമാണ്. ബ്രിൻഡ എന്ന് പേരുള്ള പർവതാരോഹകയായ ഒരു പെൺകുട്ടി ഒരുനാൾ കൂട്ടുകാർക്കൊപ്പം ഒരു ഗ്രാനൈറ്റ് കൊടുമുടി കയറിക്കൊണ്ടി രിക്കുകയായിരുന്നു. പകുതിദൂരം കയറിക്കഴിഞ്ഞപ്പോഴാണ് യാദൃശ്ചികമായി അത് സംഭവിച്ചത്. കാഴ്ച്ച അവ്യക്തമാകുന്നു. കണ്ണിനുള്ളിൽ ധരിച്ചിരുന്ന കോൺടാക്ട് ലെൻസ് എങ്ങനെയോ ഇളകി താഴെ പോയതാണ് കാരണം.
ഒരുവിധത്തിൽ കൂട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി. അവൾ ആകെ സങ്കടത്തിലായി. വിലപിടിപ്പുള്ള കോൺടാക്ട് ലെൻസ് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. തന്നെയുമല്ല മങ്ങിയ കാഴ്ചയുമായി എങ്ങനെ തിരിച്ചിറങ്ങും? വളരെ നേർത്ത ആ ലെൻസ് ഇനി എങ്ങനെ തിരികെ കിട്ടാനാണ്? അവൾ കരഞ്ഞു തുടങ്ങി. ചെറുപ്പം മുതലേ, വലിയ ദൈവവിശ്വാസിയായിരുന്നു ബ്രിൻഡ. അവളുടെ മനസ്സിലേക്ക് ബൈബിളിലെ ഒരു വചനം ഓർമവന്നു. “തന്റെ മുൻപിൽ നിഷ്കളങ്കരായി വർത്തിക്കുന്നവർക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ കർത്താവിന്റെ ദൃഷ്ടികൾ ഭൂമിയിലുടനീളം പായുന്നു.” (2 ദിനവൃത്താന്തം 16, 9) അവൾ ആ കൊടുമുടിയുടെ മുകളിൽ മുട്ടുകുത്തി വിശ്വാസത്തോടെ ഇങ്ങനെ പ്രാർത്ഥിച്ചു: “എല്ലാം കാണുന്ന എല്ലാം അറിയുന്ന, പരമകാരുണികനായ ദൈവമേ, എന്റെ കോൺടാക്ട് ലെൻസ് വളരെ ചെറിയ ഒരു വസ്തു ആണെങ്കിൽകൂടി അങ്ങയുടെ കണ്ണിൽ നിന്നും അത് മറഞ്ഞിരിക്കുന്നില്ലല്ലോ? അത് എനിക്ക് കണ്ടെത്തി തിരികെ തരിക എന്നുള്ളത് അങ്ങേക്ക് അസാധ്യ മല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.”
പ്രാർത്ഥനക്കു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഇറങ്ങുന്ന വഴിക്കു അവർ കൊടുമുടി കയറുന്ന മറ്റൊരു ഗ്രൂപ്പിനെ കണ്ടുമുട്ടി. അവരിൽ ഒരാൾ ചോദിച്ചു: “ഈ കോൺടാക്ട് ലെൻസ് നിങ്ങൾ ആരുടെയെങ്കിലും ആണോ?” ബ്രിൻഡ വിസ്മയത്തോടെ പറഞ്ഞു: ” അതെ, ഇത് എന്റേതാണ്. നിങ്ങള്ക്ക് ഇതെങ്ങനെ കിട്ടി?” “ഞാൻ കയറിവരുമ്പോൾ ഒരു കൊച്ചുറുമ്പ് ഇത് ചുമലിൽ ഉയർത്തി പിടിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. 
മുന്നോട്ട് കയറിപ്പോയ ആരുടെയെങ്കിലും ആകാമെന്ന് കരുതി ഞാനതു എടുത്തു. ” ആ മനുഷ്യൻ പറഞ്ഞു.
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം, ജീവിതസാഹചര്യങ്ങൾ കാണാതെ പോകുന്നവനല്ല നമ്മുടെ ദൈവം. ഒരു കുഞ്ഞുറുമ്പിനെപ്പോലും അവിടുന്ന് നമുക്കുവേണ്ടി ഉപകാരണമാക്കിയേക്കാം. വിശ്വാസത്തോടെ ജീവിതസാഹചര്യങ്ങളിൽ ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ നമുക്കാകണം. ഇന്നത്തെ ദൈവവചനം പറയുന്നപോലെ, വിശ്വസിച്ചുകൊണ്ട് ക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്നതെല്ലാം, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ക്രിസ്തു നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ചെയ്തു തരും.
സമാപനം
ജെറമിയാ പ്രവാചകനിലൂടെ ദൈവത്തിന്റെ വചനം പറയുന്നു: ” എന്നെ വിളിക്കുക, ഞാൻ മറുപടി നൽകും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തും.” (33 ,3) കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ, പൊള്ളുന്ന ചിത്രങ്ങൾ കാണുമ്പോൾ, നമ്മുടെ ഉള്ളിൽ ഭയത്തിന്റെ, അസ്വസ്ഥതയുടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ഓർക്കുക ക്രിസ്തുവിന്റെ വചനം: ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ…..ഞാനാകുന്നു വഴിയും സത്യവും ജീവനും…..എന്നിലും വിശ്വസിക്കുവിൻ.’

നമ്മുടെ കുടുംബത്തെ, നമ്മെ ഓരോരുത്തരെയും നമ്മുടെ ജീവിതത്തെയും, കൊറോണവൈറസുമൂലം ക്ലേശിക്കുന്നവരെയും, രോഗികളെ ശുശ്രൂഷിക്കുന്നവരെയും, ഈ വൈറസിനെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന ഭരണകർത്താക്കളെയും, ശാസ്ത്രജ്ഞരെയും ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. അസ്വസ്ഥതയില്ലാത്ത, സമാധാനം നിറഞ്ഞ ഒരു ജീവിതം ക്രിസ്തു നമുക്ക് നൽകട്ടെ.