യോഹ 16, 16 – 33
സന്ദേശം

കോവിഡ് 19 ഒരു ഞെട്ടലായി ജീവിതത്തിലേക്ക് കടന്നുവന്ന്, പേടിപ്പെടുത്തുന്ന ആകുലതയായി വളർന്ന്, കോവിഡിന്റെ ആടിത്തിമിർക്കൽ കണ്ടും കേട്ടും പുതിയ മനോഭാവങ്ങൾ രൂപപ്പെടുത്തി അതിനോട് പതുക്കെ പതുക്കെ സമരസപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. നാം രൂപ പ്പെടുത്തിക്കൊണ്ടിരിക്കുന്ന പുതിയ മനോഭാവത്തോടു ചേർത്തുവയ്ക്കാൻ പറ്റുന്ന നല്ലൊരു ചിന്തയുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. Christian Positive Thinking ന്റെ സുന്ദരമായ സുവിശേഷഭാഗമാണ് ഇന്നത്തേത്. “നിങ്ങൾ ദുഃഖിതരാകും. എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും… ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാകുകയും ചെയ്യും.” ഈ ഞായറാഴ്ചയിലെ ഈശോയുടെ സന്ദേശമിതാണ്: നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെല്ലാം സന്തോഷമായി മാറും.
വ്യാഖ്യാനം
കോവിഡിന്റെ ആനുകാലിക തമാശകളിൽപെട്ട ഒന്ന് ഇങ്ങനെയാണ്: ഭർത്താവ് രാവിലെ പത്രം വായിക്കുകയാണ്. ഭാര്യ കേൾക്കാൻ അടുത്തുതന്നെയുണ്ട്. അയാൾ വായിച്ചു: “കോവിഡ് പോസിറ്റീവ് എണ്ണം കൂടുന്നു; ഇന്ന് 72 പേർ നെഗറ്റിവ്.” ഇതുകേട്ട ഭാര്യ പറയുകയാണ്: “ആദ്യമായിട്ടാ മനുഷ്യർ പോസിറ്റീവ് ആകുന്നതിൽ ദുഃഖിക്കുന്നതും നെഗറ്റീവ് ആകുന്നതിൽ ആഹ്ളാദിക്കുന്നതും.”
രോഗം പോസിറ്റീവ് ആകുമ്പോൾ ദുഃഖിക്കുന്നു എന്നത് ശരിതന്നെ. എന്നാൽ, ജീവിതം സന്തോഷപ്രദമാകണമെങ്കിൽ പോസിറ്റീവ് ആകണം നമ്മൾ.
എല്ലാ പോസറ്റീവ് ചിന്തകരും, പ്രത്യേകിച്ച് ക്രൈസ്തവ പോസറ്റീവ് ചിന്താധാരയുടെ വക്താക്കളും കൂടെക്കൂടെ പറയുന്നത് നാം നമ്മുടെ ചിന്തയിൽ, മനോഭാവത്തിൽ പോസിറ്റീവ് ആകുമ്പോഴാണ് ജീവിതം സന്തോഷംകൊണ്ട് നിറയുന്നത്. 
ക്രിസ്തുവിന്റെ positive thinking ഏറ്റവും വ്യക്തമായി തെളിയുന്ന സുവിശേഷഭാഗമാണിത്. ലോകപാശങ്ങളാൽ ബന്ധിതനായ മനുഷ്യന് മുഴുവൻ സമയവും ദൈവത്തോടൊത്തായിരിക്കുവാൻ, ദൈവികനാകുവാൻ, ദൈവത്തിന്റെ ഭാഷ സംസാരിക്കുവാൻ, ദൈവം കാണുന്നപോലെ കാണുവാൻ കഴിയുകയില്ല. എന്നാൽ അല്പസമയത്തേക്കു സാധിക്കുകയും ചെയ്യും. അത് അവൾക്കു/ അവനു സന്തോഷം നൽകുകയും ചെയ്യും. നിങ്ങൾ ഓർത്തുനോക്കിക്കൊള്ളൂ. ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങളിൽ നിങ്ങൾ നിഷ്കളങ്കനായിരിന്നുല്ലേ, നന്മ നിറഞ്ഞവളായിരുന്നില്ലേ, സ്വാർത്ഥതയില്ലാത്തവളായിരുന്നില്ലേ, സ്നേഹമുള്ളവനായിരുന്നില്ലേ? അതെ, നാം ദൈവത്തെപ്പോലെയായിരുന്നു. ക്ഷമയുടെ മൂർത്തീഭാവമായി നിന്ന ഏസാവിനോട് യാക്കോബ് എന്താണ് പറഞ്ഞത്? “ഞാനിപ്പോൾ അങ്ങയിൽ ദൈവത്തിന്റെ മുഖം കാണുന്നു” പക്ഷെ അത് അല്പസമയത്തേക്കേ ഉണ്ടാകൂ. അത് കഴിഞ്ഞാൽ മനുഷ്യൻ മാനുഷികതയിലേക്കു മാറുമ്പോൾ അവനു സങ്കടമുണ്ടാകും.
ഇത് മനസ്സിലാക്കിക്കൊടുക്കാൻ മനോഹരമായ ഉപമയാണ് ഈശോ പറയുന്നത്. ഒരു സ്ത്രീക്ക് പ്രസവവേദന വരുന്നു. അവൾക്കു താങ്ങാൻ പറ്റുന്നതിലും അധികമായ വേദന. പക്ഷെ അടുത്ത നിമിഷം കുഞ്ഞിന് ജന്മം നൽകുമ്പോൾ, താൻ ദൈവിക സൃഷ്ടികർമത്തിൽ പങ്കുകാരിയായതിൽ അവൾ സന്തോഷിക്കുന്നു. ആ സന്തോഷം അവൾ മറക്കും. ദുഃഖം വീണ്ടും വരും. എന്നാൽ പിന്നെയും ആ സന്തോഷത്തിലേക്കു ഈശോ നമ്മെ നയിക്കും.
ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗത്തിലേക്കുള്ള യാത്രയെക്കുറിച്ചുമാണ് പറയുന്നതെങ്കിലും ഈ അൽപ സമയം എന്ന പ്രയോഗത്തിന് അതിലും ഉപരിയായ അർത്ഥതലങ്ങളുണ്ട്. അതിൽ ഏറ്റവും മഹത്തായിട്ടുള്ളത് മനുഷ്യൻ ദൈവത്താൽ ചുറ്റപ്പെട്ട, ദൈവസ്നേഹത്താൽ വലയം ചെയ്യപ്പെട്ട, ദൈവികതയാൽ നിറഞ്ഞ സമയം എന്നുള്ളതാണ്. ഈ അല്പസമയത്തിൽ ഇപ്പോഴും ആയിരിക്കുവാനുള്ള ശ്രമമാണ് നമ്മുടെ ക്രൈസ്തവ ജീവിതം, ആത്മീയ ജീവിതം.
എന്നാൽ, അല്പസമയം കഴിഞ്ഞാലുള്ള ദുഃഖ സമയങ്ങളാണ് നമ്മുടെ ജീവിതത്തിൽ കൂടുതൽ. ദൈവത്താൽ ചുറ്റപ്പെടാത്ത, അല്ലെങ്കിൽ ദൈവം എന്റെ ജീവിതത്തിൽ ഇല്ലേയെന്നു സംശയിക്കുന്ന, ദൈവത്താൽ വലയം ചെയ്യപ്പെടാത്ത, ദൈവികതയാൽ നിറയാത്ത സമയങ്ങൾ, സാഹചര്യങ്ങൾ നമുക്ക് സമ്മാനിക്കുന്നത് ദുഃഖമാണ്, ദുഃഖം മാത്രമാണ്. അത് പല സാഹചര്യങ്ങളാകാം – വർഷങ്ങളോളം ഒരു ബിസിനസ് നടത്തി അവസാനം മുന്നോട്ടു പോകാനാവാതെ കഴിഞ്ഞ ജനുവരി അവസാനം കട നിർത്തിയ ഒരു സഹോദരൻ പുതിയൊരു സംരംഭത്തിൽ ഏർപ്പെട്ടത് കഴിഞ്ഞ മാർച്ചു ആദ്യ ആഴ്ചയിലാണ്. രണ്ടാമത്തെ ആഴ്ച്ച ദാ വരുന്നു ലോക്ക് ഡൗൺ! കാത്തു കാത്തിരുന്ന ശേഷം ജർമനിക്കു പഠിക്കാൻ പോകുവാൻ എല്ലാം ശരിയായി ടിക്കറ്റ് കിട്ടിയത് ഇക്കഴിഞ്ഞ ഏപ്രിൽ 14 നാണ്. ഏപ്രിൽ 14 എത്തിയപ്പോഴോ? ബാക്കി നിങ്ങൾക്ക് ഊഹിക്കാം. പത്താം ക്‌ളാസിൽ ബാക്കിയുള്ള പരീക്ഷയ്ക്കായി കാത്തിരിക്കുന്ന കുട്ടി ചോദിക്കുന്നു: “എന്റെ പരീക്ഷ വന്നാപ്പോ മാത്രമെന്താ ഇങ്ങനെയായതു?” ദൈവം ഇല്ലേയെന്നു സംശയിക്കുന്ന, ദുഃഖത്തിന്റെ ജീവിതാവസ്ഥകൾ ധാരാളം നമുക്കുണ്ട്. ഈ ലോകത്തിൽ മറ്റെന്തിനേക്കാളും ദൈവം ജീവിതത്തിൽ ഇല്ലെന്നു തോന്നുന്ന, ദൈവത്താൽ ചുറ്റപ്പെടാത്ത അവസ്ഥയാണ് ഏറ്റവും ദുഃഖകരം!

ഇപ്പോഴും ദൈവത്തോടൊപ്പമായിരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ നമ്മിലെ മാനുഷികത നമ്മെ ദൈവത്തിൽ നിന്ന് അകറ്റും. എങ്ങനെ? നമ്മിലെ അഹന്തകൊണ്ടാകാം. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത വാശികൊണ്ടാകാം; എപ്പോഴും തോൽക്കാതെ, ഒരുപ്രാവശ്യമെങ്കിലും ജയിക്കാനുള്ള ആഗ്രഹം കൊണ്ടാകാം. എന്തായാലും, സ്നേഹമുള്ളവരേ, ക്രിസ്തു പറയുന്നു: “നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും…ആ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തുകളയുകയില്ല.”
സ്നേഹമുള്ള ക്രൈസ്തവരെ, ഇതിലും വലുതായ ഒരു positive thinking എവിടെനിന്നാണ് നിങ്ങൾക്ക് ലഭിക്കുക? ഇത് പറഞ്ഞത് ഒരു പ്രൊഫെസ്സറല്ല, മന്ത്രിയല്ല, നമ്മുടെ നേതാക്കന്മാരല്ല. ഇത് പറയുന്നത് എന്റെ ദൈവം, എന്റെ ക്രിസ്തുവാണ്. ഈശോയുടെ പോസിറ്റീവ് ചിന്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന സുവിശേഷങ്ങൾ നാം വായിക്കണം. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, ദുഃഖമായാലും, സന്തോഷമായാലും, മഹാമാരിയായാലും ശാന്തമായ അവസ്ഥയായാലും ഈശോ പറയുന്നു, നിങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറയും.
അക്ബർ ചക്രവർത്തിയും ബീർബലും കൂടി ഒരു ദിവസം വേട്ടയ്ക്ക് പോകാൻ തീരുമാനിച്ചു. വേട്ടയ്ക്ക് പോകുന്ന സമയത്തു അക്ബർ ചക്രവർത്തിയുടെ കൈ ചെറുതായിട്ടൊന്നു മുറിഞ്ഞു. മുറിവിൽ നിന്ന് രക്തം വരുന്നതുകണ്ട ചക്രവർത്തി ബീര്ബലിനോട് പറഞ്ഞു: “നോക്കൂ, എന്റെ കൈ മുറിഞ്ഞു. രക്തം ധാരാളം വരുന്നുമുണ്ട്.” ബീർബ ലാണെങ്കിൽ എല്ലാകാര്യവും പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. അദ്ദേഹം വളരെ ലാഘവത്തോടെ പറഞ്ഞു: “ഓ കൈ മുറിഞ്ഞൊ? സാരമില്ല, എന്തായാലും നല്ലതിനായിരിക്കും.” തന്റെ കൈ മുറിഞ്ഞത് നല്ലതിനായിരിക്കുമെന്നു ബീർബൽ പറഞ്ഞത് ചക്രവർത്തിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ബീർബ ലിനെ തുറുങ്കിലടക്കാൻ ആജ്ഞാപിച്ചു. പടയാളികൾ ബീർബ ലിനെ തുറുങ്കിലടച്ചു. പിറ്റേദിവസം അക്ബർ തനിയെ കാട്ടിൽ വേട്ടയ്ക്ക് പോയി. വേട്ട മുന്നോട്ടു പോകവേ, ആ കാട്ടിലുണ്ടായിരുന്ന കുറച്ചു കാട്ടുമനുഷ്യർ അക്ബറിനെ ബന്ദിയാക്കി അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അടുത്തദിവസം ഗ്രാമത്തലവന്റെ നേതൃത്വത്തിൽ അക്ബറിനെ അവരുടെ ദൈവത്തിനു കുരുതികൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ കുരുതികൊടുക്കാൻ എല്ലാം തയ്യാറാക്കി കഴിഞ്ഞപ്പോൾ, രാജാവ് പൂജാരികളോട് അക്ബറിനെ പരിശോധിക്കാൻ ആവശ്യപ്പെട്ടു. യാതൊരു വിധ കുറവുകളും ഇല്ലാത്ത ആളെയായിരിക്കണം കുരുതികൊടുക്കേണ്ടത്. പുരോഹിതന്മാരുടെ പരിശോധനയിൽ അവർ അക്ബറിന്റെ കൈയ്യിലെ മുറിവ് കണ്ടെത്തി. അവർ ഗ്രാമത്തലവനോട് പറഞ്ഞു: “ഇയാൾ അശുദ്ധനാണ്. ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു മുറിവുണ്ട്.” ഇതുകേട്ട രാജാവ് അക്ബറിനെ വെറുതെ വിട്ടു.
ചക്രവർത്തിക്ക് വളരെ സന്തോഷമായി. കാരണം, ജീവൻ തിരിച്ചുകിട്ടിയല്ലോ. കാറ്റിൽ നിന്ന് ഉടനെ അദ്ദേഹം കൊട്ടാരത്തിലെത്തി. നേരെ അദ്ദേഹയോ പോയത് ബീർബ ലിന്റെ അടുത്തേക്കാണ്. അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ പറഞ്ഞത് ശരിയാണ്. എന്റെ കൈ മുറിഞ്ഞത് നല്ലതിനായിരുന്നു. നിങ്ങളെ തുറുങ്കിലിൽ അടച്ചതിൽ എനിക്ക് ദുഃഖ മുണ്ട് അതുകൊണ്ടു ഞാൻ നിങ്ങളെ മോചിതനാക്കുന്നു, വളരെ സന്തോഷത്തോടെ.
അപ്പോൾ ബീർബ ൽ പറഞ്ഞു: “അയ്യോ ദുഃഖിക്കേണ്ട. ഞാൻ തുറുങ്കിളിലായതും നല്ലതിനാണ്.” അപ്പോൾ അക്ബർ അതിശയപ്പെട്ടു ചോദിച്ചു: “എന്താണിത്? നിങ്ങളെ ഞാൻ തുറുങ്കിലിലടച്ചത് എങ്ങനെയാണ് നന്മയാകുന്നത്?” ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ബീർബൽ പറഞ്ഞു: “അങ്ങ് ഇന്നലെ വേട്ടയ്ക്ക് പോയല്ലോ. ഞാൻ തുറുങ്കിലിൽ അല്ലായിരുന്നെ ങ്കിൽ എന്നെയും കൊണ്ടുപോകുമായിരുന്നല്ലോ? കയ്യിലെ മുറിവുകാരണം അങ്ങയെ ആ കാട്ടുമനുഷ്യർ വെറുതെ വിടും. പകരം അവർ എന്നെ ബലിയർപ്പിച്ചേനെ! അതുകൊണ്ടു എന്റെ ജീവൻ രക്ഷിക്കാനാണ് നിങ്ങൾ എന്നെ തുറുങ്കിലടച്ചത്.” അക്ബർ ചക്രവർത്തി ബീർബലിനെ നോക്കി വിസ്മയത്തോടെ നിന്നുപോയി.
സമാപനം
സ്നേഹമുള്ളവരേ, ജീവിതത്തിലെ എല്ലാ അവസരത്തിലും, ഈ കൊറോണ വന്ന സാഹചര്യത്തിലും എന്തെങ്കിലും പോസിറ്റീവായതു ഉണ്ടാകും. കാതു തുറന്നു കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. മനുഷ്യന്റെ പ്രത്യേകത ഏതു സാഹചര്യത്തെയും തരണം ചെയ്യാൻ മനുഷ്യന് കഴിവുണ്ടെന്നതാണ്. അതുകൊണ്ടു തന്നെ ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ടു പോകാൻ നമുക്ക് പറ്റും.
ക്രിസ്തുവിന്റെ കൃപയും കൂടി ഉണ്ടെങ്കിലോ? ഈ വിശുദ്ധ കുർബാന അർപ്പണം ക്രിസ്തുവിന്റെ കൃപയാൽ നമ്മെ നിറക്കട്ടെ. അപ്പോൾ ജീവിത സാഹചര്യങ്ങളിലെ കണ്ണീർ വീർത്ത നമ്മുടെ മുഖങ്ങളെ നോക്കി ഈശോ പറയും: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. ആമ്മേൻ!