യോഹ 21, 1 – 14
സന്ദേശം

ഉത്ഥാനത്തിനു ശേഷം ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണ് ഇന്നത്തെ സുവിശേഷ ഭാഗം. തന്റെ ഉത്ഥാനവും താൻ ഇന്നും ജീവിക്കുന്ന ദൈവമാണെന്നും പ്രധാനമായി ശിഷ്യന്മാർക്കും, പിന്നെ ലോകത്തിനും അറിയിച്ചുകൊടുക്കാനുള്ള ഈശോയുടെ strategy യുടെ ഭാഗമായി ഈ പ്രത്യക്ഷീകരണങ്ങളെ കാണാവുന്നതാണ്. കഴിഞ്ഞ രണ്ടു പ്രത്യക്ഷീകരണങ്ങൾക്കും വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നതുപോലെ തിബേരിയൂസ് തീരത്ത് വച്ച് നടന്ന ഈ പ്രത്യക്ഷീകരണത്തിനും വ്യക്തമായ ലക്ഷ്യങ്ങൾ ഈശോയ്ക്കുണ്ടായിരുന്നു. അത് തന്നെയാണ് ഇന്നത്തെ സിവിശേഷഭാഗത്തിന്റെ സന്ദേശം. ഈ സന്ദേശം തന്നെയാണ് ഈ പ്രത്യക്ഷീകരണത്തിന്റെ സൗന്ദര്യവും. സന്ദേശം ഇങ്ങനെയാണ്: മനുഷ്യ ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ഇടപെട്ടുകൊണ്ട് മനുഷ്യന് സമാധാനവും സമൃദ്ധിയും നല്കുന്നവനാണ് ദൈവം.
വ്യാഖ്യാനം
ഈശോയുടെ കുരിശു മരണത്തിനുശേഷം യഹൂദന്മാരെ ഭയന്ന് സ്വയം ലോക്ക് ഡൗണിൽ ആയിരുന്നല്ലോ ശിഷ്യന്മാർ. കുറച്ചുകാലം ലോക്ക് ഡൗണിൽ ആയിക്കഴിയുമ്പോൾ നമുക്കറിയാവുന്നതുപോലെ എന്തിനെ ഭയന്നാണോ ലോക്ക് ഡൗണിൽ ആയിരുന്നത്, ആ ഭയമെല്ലാം പതുക്കെ പതുക്കെ അകന്നുതുടങ്ങും. പിന്നെ അതിജീവനത്തെക്കുറിച്ചുള്ള ചിന്തയാകും. “എന്തും വരട്ടെ. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം.” അതായിരിക്കും പിന്നത്തെ ചിന്ത. ഇത് തന്നെയായിരുന്നു ശിഷ്യരുടേയും ചിന്ത. ഒരു ലോക്ക് ഡൗണിലൂടെ കടന്നുപോകുന്ന നമുക്ക് ശിഷ്യന്മാരുടെ മനോവിചാരങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല.
ഈ ചിന്തകളുടെ, സംഭാഷണങ്ങളുടെ അവസാന ചിത്രമാണ് അദ്ധ്യായം 21 ലെ മൂന്നാം വാക്യം. പത്രോസാണ് പറയുന്നത്: “ഞാൻ മീൻ പിടിക്കുവാൻ പോകുകയാണ്”. മറ്റു ശിഷ്യരും റെഡി! ഇത് ഈശോയെക്കുറിച്ചു ചിന്തിക്കാഞ്ഞിട്ടല്ല. ഈശോയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ഈശോയ്ക്കുവേണ്ടി ജീവിക്കാൻ താത്പര്യമില്ലാഞ്ഞിട്ടുമല്ല. മനുഷ്യമനസ്സിന്റെ സ്വാഭാവിക പ്രകടനമാണിത്. എന്നിനി ക്രിസ്തുവിന്റെ പ്രത്യക്ഷം ഉണ്ടാകുമെന്നറിയില്ല. അവൻ ഏൽപ്പിക്കുന്ന ദൗത്യമെന്തെന്നും അറിയില്ല. പക്ഷേ, അവൻ വരുമ്പോൾ, തങ്ങൾ ശാരീരികമായും മാനസികമായും തയ്യാറല്ലെങ്കിലോ? അവർ ഇറങ്ങുകയാണ്.
അതിജീവിക്കുവാൻ പറ്റുമെന്നും അവർക്കു ഉറപ്പായിരുന്നു. വള്ളവും വലയും കിട്ടാൻ പ്രയാസമില്ല. അവരുടെ നാടാണ്. കൂട്ടുകാരുണ്ട് സഹായിക്കാൻ. Manpower ധാരാളമുണ്ട്. അനുഭവസമ്പത്തിനു ഒരു കുറവുമില്ല. പത്രോസുണ്ട്. തടാകം കണ്ടാൽ തന്നെ അതിന്റെ സ്വഭാവം പറയാൻ കഴിയുന്നവൻ. വെള്ളത്തിന്റെ ചെറിയൊരു അനക്കം പോലും വ്യാഖ്യാനിക്കാൻ പറ്റുന്നവൻ. എവിടെയെറിഞ്ഞാൽ മീൻ കിട്ടുമെന്ന് sense ചെയ്യാൻ സാധിക്കുന്നവൻ. അവർ ഇറങ്ങുകയാണ്.
എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ് ആ രാത്രി! നസീബില്ലാത്ത, ഭാഗ്യം അകലെയായ ഒരു രാത്രി!
സ്നേഹമുള്ളവരേ, മൂന്നു കാര്യങ്ങളാണ് ഈ തിബേരിയൂസ് എപ്പിസോഡ് നമുക്ക് പറഞ്ഞു തരുന്നത്.
ഒന്ന്, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടുപോലും ഇടപെടുന്നവാനാണ് നമ്മുടെ ദൈവം. കാരണം, സങ്കീർത്തനം 40, 17 പറയുന്നു: “ഞാൻ പാവപ്പെട്ടവനും ദരിദ്രനുമാണ്. എങ്കിലും എന്റെ കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട്.” തീർത്തും ശരിയാണ്. നിങ്ങളുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചു നോക്കൂ…അവന്റെ കനിവല്ലേ നമ്മുടെ ജീവിതം? അവന്റെ കൈ പിടിച്ചുള്ള നടത്തലായിരുന്നില്ലേ നമ്മുടെ ജീവിതം. അവിടുത്തെ അനന്ത പരിപാലനയുടെ പ്രതിഫലനമല്ലേ നമ്മുടെ കുടുംബം?

നമ്മുടെ ജീവിതത്തിന്റെ – ജീവിതം എങ്ങനെയുള്ളതും ആയിക്കൊള്ളട്ടെ, നിരാശയുടെ, കണക്കുകൂട്ടലുകൾ തെറ്റുന്നതിന്റെ, രോഗത്തിന്റെ, മഹാമാരിയുടെ, എങ്ങനെയുമായിക്കൊള്ളട്ടെ – നമ്മുടെ ജീവിതമാകുന്ന കടൽക്കരയിൽ ഈശോ വന്നു നിൽക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉഷസ് ഉദിക്കും. കഷ്ടങ്ങളുടെ രാത്രിയുടെ കടന്നു പോകുമ്പോഴും നിരാശപ്പെടാതെ നിൽക്കുമ്പോൾ ജീവിതത്തിൽ പ്രഭാതം വിടരും. ക്രിസ്തുവാകുന്ന പുലരി വിരിയും.
രണ്ട്, സമൃദ്ധി നൽകുന്നവനാണ് നമ്മുടെ ദൈവം. 153, Numerology യിൽ വളരെ അർത്ഥങ്ങളുള്ള ഒരു സംഖ്യയാണ്. ഭാഗ്യമുള്ള ഒരു സംഖ്യ. പൂർണതയുടെ സംഖ്യ. സമൃദ്ധിയുടെ സംഖ്യ. അതെന്തുമാകട്ടെ. നമുക്ക് പ്രധാനം നമ്മുടെ ദൈവത്തിന്റെ രീതിയാണ്. ജീവൻ സമൃദ്ധിയായി നൽകാൻ വന്നവൻ നമ്മുടെ ദൈവം. അഞ്ചിനെ അയ്യായിരമാക്കാനും, കണ്ണുകളിൽ പ്രകാശത്തിന്റെ ഉത്സവം നടത്തുവാനും കഴിയുന്നവൻ നമ്മുടെ ദൈവം. കുടുംബങ്ങളിൽ രക്ഷയുടെ അനുഭവം നകുന്നവൻ നമ്മുടെ ദൈവം. വരണ്ട ജലാശയങ്ങളിൽ അരുവികളൊഴുക്കുന്നവൻ നമ്മുടെ ദൈവം. കടന്നുപോകും വഴികളിൽ മരങ്ങളിൽ വസന്തം വിരിയിക്കുന്നവൻ നമ്മുടെ ദൈവം! ഈ തിബേരിയൂസ് എപ്പിസോഡിലെ സമൃദ്ധി നൽകുന്ന നമ്മുടെ ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ കഴിയുന്ന ക്രൈസ്തവൻ ഭാഗ്യവാൻ!
മൂന്ന്, നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമുക്കായി വിരുന്നൊരുക്കുന്നവനാണ് നമ്മുടെ ദൈവം. വിസ്മയ ത്തിന്റെ വിശുദ്ധ കുർബാന മഹാവിരുന്നായി ദൈവം നമ്മുടെ മുൻപിൽ നൽകുമ്പോൾ സ്നേഹമുള്ളവരേ, ആ കാഴ്ച്ച തന്നെ ഒരു ഒന്നൊന്നര ആഘോഷമല്ലേ? കണ്ണിനും കരളിനും ജീവിതം മുഴുവനും ആനന്ദമേകുന്ന വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്ന നമ്മുടെ ജീവിതത്തിൽ തീർച്ചയായും ക്രിസ്തു അത്ഭുതകരമായി ഇടപെടും.
ഈയിടെ ശാലോം ടിവിയിലെ ഒരു വീഡിയോ കണ്ടു. അതിന്റെ ടൈറ്റിൽ ഹൃദയം നിലച്ച കുഞ്ഞിന്റെ അടുത്ത് ഈശോ വന്നപ്പോൾ എന്നാണ്. നിങ്ങളിൽ ചിലരെങ്കിലും അത് കണ്ടുകാണും. അത് കണ്ടു കഴിഞ്ഞപ്പോൾ മനുഷ്യ ജീവിതത്തിലെ ചില സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ഈശോ ഇടപെടുന്നതു എങ്ങനെ യാണെന്ന് ഞാൻ അത്ഭുതപ്പെട്ടു. സംഭവം സടക്കുന്നതു ഇറ്റലിയിലാണ്. നഥാനിയേൽ ഒലിവേരിയുടെയും ഹേലി ഒലിവേരിയുടെയും നവജാത ശിശു. പിറന്നു വീണ് അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൾ ശ്വാസമെടുക്കാൻ കഴിയാതെ പിടയുന്ന കാഴ്ചയാണ് അവർ കണ്ടത്. ഉടൻ കുഞ്ഞു ഗബ്രിയേലയെ സ്പെഷ്യൽ കെയർ യൂണിറ്റിലേക്ക് മാറ്റി. അതിനെത്തുടർന്ന് അവർ കടന്നുപോയ ആശങ്കയുടെയും അത്ഭുതത്തിന്റെയും നിമിഷങ്ങളെ പറ്റിയുള്ള വിവരണം ശാസമടക്കിപ്പിടിച്ചിരുന്നാണ് ഞാൻ കേട്ടത്. അത്രയ്ക്ക് ഉണ്ടായിരുന്നു ദൈവത്തിന്റെ ഇടപെടൽ അവരുടെ ജീവിതത്തിൽ. നഥാനിയേൽ പറയുന്നത് ഇങ്ങനെയാണ്: “ഞാൻ മോളുടെ രോഗകിടക്കക്കു അരികിലിരുന്നു. വളരെ ഗുരുതരമാണ് അവളുടെ സ്ഥിതി. ഈശോ വന്നിരിക്കുന്നത് ജീവൻ സമൃദ്ധമായി നൽകാനാണ് എന്ന വചനം പറഞ്ഞു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പിന്നെയെങ്ങനെയോ ഗബ്രിയേല ഉറങ്ങി. അവൾക്കു നൂറു ശതമാനവും ഓക്സിജൻ നൽകേണ്ട അവസ്ഥയിലായി. എന്നാൽ അഞ്ചു മിനിറ്റിനകം അവളുടെ ഹൃദയം നിലച്ചു. ഡോക്ടർ മാർ ഓടിയെത്തി. സിപിആർ കൊടുക്കുന്ന സ്വരം കേട്ടു. ഞാൻ ഹേലിയുടെ കരം ചേർത്ത് പിടിച്ചു പറഞ്ഞു: ഭയപ്പെടരുത്. നമുക്ക് പ്രാർത്ഥിക്കാം. ദൈവത്തിലാശ്രയിക്കാം.” ഹേലി യും പറഞ്ഞു: “നമുക്ക് ദൈവത്തിൽ വിശ്വസിക്കാം.” അവൾ അവളുടെ കരം നഥാനിയേലിന്റെ കരത്തോട് ചേർത്തുവച്ചു അവർ ഒരുമിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുട്ടിയുടെ ശരീരം നീലനിറമായി, മരണത്തിന്റെ നീലനിറം! ഹേലി പറയുന്നു: “ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഒരു അത്ഭുത ദൃശ്യം കണ്ടു. അതാ! ഈശോ ഗബ്രിയേലയ്ക്ക് അരികിലേക്ക് കടന്നു വരുന്നു. അവളുടെ ശരീരത്തിൽ അവിടുന്ന് മൃദുവായി തൊടുന്നു. അത് ഞാൻ കണ്ടു. ഈശോ അവളെ തൊട്ടിരിക്കുന്നു.”
ഉടനെ തന്നെ ഒരു നേഴ്സ് ഓടി വന്നിട്ട് പറഞ്ഞു: “നാല് മിനിട്ടു കഴിഞ്ഞു ഗബ്രിയേലയുടെ ഹൃദയ മിടിപ്പ് തിരികെ കിട്ടിയിരിക്കുന്നു.” എന്നാൽ ശരീരം അപ്പോഴും നീലനിറമായിരുന്നു. അതെ മരണത്തിന്റെ നിറം. ഒരു ഡോക്ടർ ഞങ്ങളെ സമീപിച്ചു പറഞ്ഞു: “ഏറ്റവും മോശമായ ഒരു സമയത്തിനുവേണ്ടി തയ്യാറായിക്കൊള്ളുക. നാല് മിനിട്ടു ഹൃദയം നിലച്ചുപോയതിനാൽ പ്രതീക്ഷക്കു ഒട്ടും സാധ്യതയില്ല. അവൾ മരുന്നിനോട് പ്രതികരിക്കുന്നില്ല. പ്രതികരിച്ചാൽ അത് ഒരു അത്ഭുതമായിരിക്കും”. “എന്നാൽ അത്ഭുതത്തിനായി തയ്യാറായിക്കോളു” എന്ന് പറഞ്ഞു നഥാനിയേൽ അടുത്തുണ്ടായിരുന്ന വാഷ്റൂമിൽ കയറി പ്രാർത്ഥിക്കാൻ തുടങ്ങി. “ദൈവമേ, അങ്ങ് എന്റെ കുഞ്ഞിനെ സുഖപ്പെടുത്തും എന്ന് എനിക്കറിയാം. എന്റെ കുഞ്ഞിന് എന്ത് സംഭവിച്ചാലും എന്റെ സമാധാനം യേശുവിൽ മാത്രമാണ്. അവൾ സുഖപ്പെട്ടില്ലെങ്കിലും യേശുവിലുള്ള എന്റെ സമാധാനം കവരാൻ അതിനു സാധിക്കില്ല.”
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗബ്രിയേല അവളുടെ കുഞ്ഞിക്കണ്ണുകൾ തുറന്നു. ഡോക്ടേഴ്സിനെല്ലാം അത്ഭുതമായി. അവൾ പെട്ടെന്ന് തന്നെ ആരോഗ്യവതിയായി. നീലനിറം മാറി. അവൾ പുഞ്ചിരിച്ചു. ഡോക്റ്റർമാർ പറഞ്ഞു: “ഇത് അത്ഭുതം തന്നെ.” നഥാനിയേൽ പറഞ്ഞു: “ഇത് യേശുവാണ് ചെയ്തത്.” ഇപ്പോൾ ഗബ്രിയേല ആരോഗ്യവതിയായിരിക്കുന്നു.
സമാപനം
ലോകം മുഴുവനും വലിയ ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, മനുഷ്യ ജീവിതത്തിൽ ധാരാളം വിഷമങ്ങളുണ്ടാകുമ്പോഴും ക്രൈസ്തവർ ക്രിസ്തുവിൽ സമാധാനം കണ്ടെത്തുന്നത് സ്നേഹമുള്ളവരേ, ലോകം മുഴുവനും ശ്രദ്ധിക്കുന്നുണ്ട്.
ഏതു സാഹചര്യത്തിലും നാം ഭയരഹിതരായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നു. കാരണം അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഇടപെടും, നമുക്ക് സമാധാനം നൽകാൻ, സമൃദ്ധി നൽകാൻ, ജീവൻ നൽകാൻ, നമ്മെ മുന്നോട്ടു നയിക്കാൻ. സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ച നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന ദിനമാണ്. സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ചയിലെ ദൈവവചനം നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന സന്ദേശമാണ്. ആമ്മേൻ!