യോഹ 17, 1 – 26
സന്ദേശം![]()
എല്ലാ ഹൃദയങ്ങളിൽ നിന്നും പ്രാർത്ഥനകൾ ഉയരുന്ന ഈ കോവിഡ് കാലത്ത് ഒടുവിലത്തെ അത്താഴം കഴിഞ്ഞുള്ള ഈശോയുടെ പ്രാർത്ഥനയാണ് ഈ ഞായറാഴ്ചയിലെ സുവിശേഷം. “ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് അറിഞ്ഞ” ഈശോ ശിഷ്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി നടത്തുന്ന ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന ഈശോയുടെ പ്രാർത്ഥനയാണെങ്കിലും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള സുവിശേഷ ഭാഗമാണിത് എന്നതിൽ സംശയമില്ല. എങ്കിലും, ഈ പ്രാർത്ഥനയിലെ മർമ്മ പ്രധാനമായ ഒരു സന്ദേശം മനസ്സിലാക്കുവാനാണ് ഞാൻ ശ്രമിക്കുക. സന്ദേശം ഇതാണ്: മാനവകുലം മുഴുവനും, ക്രിസ്തുവിൽ ഒന്നായ ഒരു ജീവിതം.
വ്യാഖ്യാനം
ലോകം മുഴുവനും, ലോകത്തിലെ മനുഷ്യർ മുഴുവനും, ഒരു കുടുംബത്തിലുള്ള എല്ലാവരും ഓര്മ്മയില് ജീവിക്കുന്നതിന് ഈശോ നൽകുന്ന മാതൃകാ ചിത്രം വളരെ വിസ്മയം നിറഞ്ഞതാണ്. ഈശോ പറയുന്നു: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് …”! “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം ഞാൻ അവർക്കു നൽകി”.
അതിന് എന്ത് ചെയ്യണം? ഈശോ പ്രാർത്ഥിക്കുന്നു: ‘അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണമേ!’ പിതാവായ ദൈവവും പുത്രനായ ദൈവവും സ്നേഹമാകുന്ന പരിശുദ്ധാത്മാവിൽ ഒന്നായിരിക്കുന്നതുപോലെ ഈ ലോകവും അതിലെ മനുഷ്യരും തമ്മിൽ തമ്മിലും, മനുഷ്യരും പ്രപഞ്ചവും തമ്മിലും അതിലുമുപരി, ദൈവവും, മനുഷ്യനും, പ്രപഞ്ചവും, തമ്മിലും ഒരുമയിൽ ജീവിക്കുവാൻ, ഒന്നായിരിക്കുവാൻ ഈശോ ആഗ്രഹിക്കുന്നു. ഇതിലും മഹത്തായ ഒരു പ്രാർത്ഥന എവിടെ കാണാനാകും? ഇതിൽ അടങ്ങിയിരിക്കുന്നു ഈശോയുടെ ദൈവ ദർശനവും, മനുഷ്യ ദർശനവും, പ്രപഞ്ച ദർശനവും.
ഇതുപോലെ ഉന്നതമായ ഒരു ചിന്ത “ഹിതോപദേശ”മെന്നും “മഹാ ഉപനിഷത്” എന്നും അറിയപ്പെടുന്ന ധർമശാസ്ത്രഗ്രന്ഥത്തിലെ “മിത്രലാഭം” എന്ന അധ്യായത്തിലെ 71ആം പദ്യത്തിന്റെ ആറാം പാദത്തിലുണ്ട്. ഉന്നതമായ ആ വേദാന്ത ചിന്ത ഇതാണ്: ” വസുധൈവ കുടുംബകം”.
ഏറ്റവും ഉന്നതമായ ആധ്യാത്മിക പുരോഗതി നേടിയ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷത എന്തായിരിക്കും എന്ന ചോദ്യത്തിന് ഗുരു നൽകുന്ന ഉത്തരമാണിത്. “ഇടുങ്ങിയ മനസ്സുള്ളവരാണ് എന്റേത്, നിന്റേത് എന്നൊക്കെ ചിന്തിക്കുന്നത്. വിശാല മനസ്കരാകട്ടെ, ഈ ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്നു.”
സ്നേഹമുള്ളവരേ, ഇന്ന് കോവിഡാനന്തര ലോകത്തെക്കുറിച്ചു, സാമ്പത്തിക രംഗത്തെ ക്കുറിച്ചു, കോവിഡാനന്തര മനുഷ്യനെക്കുറിച്ചു, ചിന്തിക്കുമ്പോൾ, ചിന്തിക്കണം നമ്മൾ കോവിഡാനന്തര സഭയെക്കുറിച്ചു, സഭയുടെ ആത്മീയതയെക്കുറിച്ചു, സഭയുടെ motivation നെക്കുറിച്ചു, മാനസിക ഭാവത്തെക്കുറിച്ചു. അപ്പോൾ അടിസ്ഥാന ശിലയായി സ്വീകരിക്കാവുന്ന ദൈവവചന ഭാഗമാണ് നമ്മുടെ ഇന്നത്തെ സുവിശേഷം. ലോകത്തെ മുഴുവൻ ഒന്നായിക്കാണുന്ന ഒരു മനോഭാവം. ഒരു പുതിയ christian humanism, ക്രൈസ്തവ മാനവികത ഉടലെടുക്കേണ്ടിയിരിക്കുന്നു.
ഓരോ കാലഘട്ടത്തിനും യോജിച്ച ആത്മീയത രൂപപ്പെടുത്തിയെടുക്കാൻ ഈശോ നമ്മോടു ആഹ്വാനം ചെയ്യുന്നുണ്ട്. കോവിഡിന് മുൻപുള്ള ക്രൈസ്തവ ആത്മീയത ക്രിസ്തുവിന്റെ മനോഭാവം ഉള്ളതല്ലായിരുന്നു. അല്ലെങ്കിൽ ആ മനോഭാവം മറന്നുള്ളതായിരുന്നു. ആഘോഷങ്ങൾക്ക് പിറകെ, വിഭജന വിഘടന വാദങ്ങൾക്ക് പിറകെ, വിവാദങ്ങൾക്കു പിറകെ പോയി നാം മറന്നു ക്രിസ്തുവിന്റെ പഠനങ്ങളെ. ക്രിസ്തുവിൽ ഒന്നെന്നു പ്രഘോഷിക്കുന്ന നാം പല പല പടലകളായി പിരിഞ്ഞു പരസ്പരം മത്സരിച്ചു. ക്രിസ്‌തുവിനേക്കാൾ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വില കല്പിച്ചു. എന്നിട്ട്, നാം ഇങ്ങനെയൊക്കെയായിരുന്നു എന്ന് നമുക്ക് പറഞ്ഞു തരാൻ, ധ്യാനങ്ങൾക്കായില്ല. നമ്മുടെ കുമ്പസാരങ്ങൾക്കായില്ല. കുർബാനകൾക്കായില്ല. ഒരു കുഞ്ഞൻ, കാണാൻപോലും കഴിയാത്ത വൈറസ് വേണ്ടി വന്നു!
സ്നേഹമുള്ളവരേ, കോവിഡാനന്തര ആത്മീയത ക്രിസ്തുവിൽ നാം ഒന്ന് എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങാൻ നമുക്കാകട്ടെ. ആരെയും മാറ്റി നിർത്താത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവർക്കും ഉള്ളതെല്ലാം പങ്കു വയ്ക്കുന്ന പുതിയ ക്രൈസ്തവരായി നാം മാറണം. ശിഷ്യരുടെ പാദങ്ങൾ കഴുകിയ ശേഷം, വിശുദ്ധ കുർബാന സ്ഥാപിച്ചശേഷം നടത്തുന്ന ഈശോയുടെ ഈ പ്രാർത്ഥന, ആഗ്രഹം ശുശ്രൂഷയിലേക്കാണ്, പങ്കു വയ്ക്കുന്നതിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. ഉള്ളത് പങ്കുവയ്ക്കുന്നതിലൂടെ നാം ക്രിസ്തുവിൽ ഒന്നെന്നു പ്രഘോഷിക്കാൻ നമുക്കാകും.
കഴിഞ്ഞ രണ്ടു പ്രളയ കാലത്തും നാം അങ്ങനെ ചെയ്തതാണ്. ഈ രോഗകാലത്തും ഉള്ളത് പങ്കുവച്ചുകൊണ്ടുതന്നെ ക്രിസ്തുവിൽ നാം ഒന്നെന്നു പ്രഖ്യാപിക്കുന്നുണ്ട്.
കേരളത്തിലെ വെള്ളിമാടുകുന്നിൽ ഒരു ഹോം ഫർണിഷിങ് സ്ഥാപനത്തിലെ രണ്ടു ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാഞ്ഞു കടയുടമ അതിലൊരാളായ പ്രണവിനോട് പറഞ്ഞു: “പ്രണവ്, ലോക് ഡൗൺ കഴിഞ്ഞിട്ട് ജോലിക്കു വന്നാൽ മതി. ശമ്പളം തരാൻ പൈസയില്ല.” ദുരിതകാലത്തു ഉള്ള ജോലിപോലും നഷ്ടമാകുമെന്ന ഞെട്ടലിൽ നിന്ന പ്രണവിനോട് കടയിലെ സ്ഥിരം ജോലിക്കാരി റീത്താ ഷെറിൻ അപ്പോൾ പറഞ്ഞു: പ്രണവിന് എന്റെ ശമ്പളത്തിന്റെ പകുതി നൽകാം.” കടയുടമയ്ക്കും സമ്മതമായിരുന്നു. ആ കടയിൽ പ്രണവ് ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ക്രിസ്തുവിൽ നാം ഒന്നെന്നു റീത്താ ഷെറിൻ ജീവിതം കൊണ്ട് വിളിച്ചുപറയുകയായിരുന്നു. മാത്രമല്ല, ഉള്ളതിൽ നിന്ന് പങ്കു വച്ചുകൊണ്ടു അതിനെ ബലപ്പെടുത്തുകയായിരുന്നു.
ഭൂമിശാസ്ത്രപരമായ അകലങ്ങൾ ഒന്നായി നിൽക്കാൻ തടസ്സമല്ലെന്നാണ് കഴിഞ്ഞമാസം നടന്ന മൂലകോശദാനം കാണിച്ചുതരുന്നത്. കോവിഡ് എല്ലാം തകർത്തു മുന്നേറുമ്പോഴും അന്യന്റെ ദുഃഖം എന്റേതാണെന്നു ചിന്തിക്കാൻ സാധിച്ച കൊച്ചി സ്വദേശിയായ ഹിബ ഷമർ എന്ന പതിനെട്ടുകാരി മൂലകോശ ദാനം നടത്തിയ കഥയാണിത്. ചെന്നൈ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച രോഗിക്കുവേണ്ടിയാണ് ഹിബ മൂലകോശ ദാനം നടത്തിയത്. അതുവരെ കാണാത്ത, പരിചയമില്ലാത്ത ഒരു രോഗിക്കുവേണ്ടി രക്ത മൂലകോശം ദാനം ചെയ്ത ഹിബയും, പതിമൂന്നു മണിക്കൂർ റോഡുമാർഗം യാത്രചെയ്തു കൃത്യസമയത്തു മൂലകോശങ്ങൾ ചെന്നൈയിൽ എത്തിച്ചവരും പ്രഘോഷിച്ചത് നാമെല്ലാവരും ഒന്നെന്ന സന്ദേശമല്ലേ?
സമാപനം
സ്നേഹമുള്ളവരേ, കോവിഡാനന്തര നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നു ചിന്തിക്കുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. ക്രിസ്തുവിൽ നാമെല്ലാം ഒന്നെന്ന മഹത്തായ ക്രിസ്തു സന്ദേശം നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ നമുക്ക് പ്രാവർത്തിക മാക്കാം.
പങ്കിടൽ എന്ന വാക്കിനു ജീവിതത്തോളം തന്നെ മൂല്യമുണ്ടെന്നു നമുക്ക് മനസ്സിലാക്കാം. നാമെല്ലാവരും ക്രിസ്തുവിൽ ഒന്നായാൽ, ദൈവവും, മനുഷ്യനും പ്രപഞ്ചവും തമ്മിൽ ഒന്നായാൽ കോവിഡ് മാത്രമല്ല, ഒരു മഹാമാരിയും നമ്മെ സ്പർശിക്കുകയില്ല. ക്രിസ്തുവിൽ നമ്മൾ ഒന്ന് എന്ന മുദ്രാവാക്യത്തോടെ കോവിഡാനന്തര ക്രൈസ്തവ ജീവിതം തുടങ്ങാം. ആമ്മേൻ!