ലൂക്ക 7, 31-50
സന്ദേശം – മീ ടൂ എ സിന്നർ!

“എനിക്ക് ശ്വാസം മുട്ടുന്നു” എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചു റോഡ് നിറഞ്ഞൊഴുകുന്ന കറുത്തവരും വെളുത്തവരുമായ അമേരിക്കക്കാർ കഴിഞ്ഞയാഴ്ചത്തെ വാർത്താ പ്രാധാന്യം നിറഞ്ഞ സംഭവമായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിൽ ശ്വാസം പുറത്തുവിടുവാൻ പോലും കഴിയാതെ അവ്യക്തമായി ജോർജ് ഫ്ലോയിഡ് എന്ന യുവാവ് പറഞ്ഞ വാചകം വംശീയ വിഷം തീണ്ടാത്ത, മനുഷ്യത്വം നിറഞ്ഞ ഓരോ അമേരിക്കക്കാരനും ഇന്ന് ഉറക്കെ വ്യക്തമായി വിളിച്ചുപറയുകയാണ്.
സാഹചര്യം ഇതല്ലെങ്കിലും, ഇന്നത്തെ സുവിശേഷത്തിൽ പാപിനിയായ സ്ത്രീയും കണ്ണീരുകൊണ്ടു കലങ്ങിയ മുഖവുമായി, ഹൃദയം നുറുങ്ങി, ഒരു വാചകം പറയുന്നുണ്ട്. അവൾ പറയുന്നു: ‘കർത്താവേ, ഞാൻ പാപം ചെയ്തുപോയി’. അവളത് ഏറ്റുപറയുന്നത് മുട്ടാളന്മാരായ പോലീസുകാരോടോ, കാരുണ്യം ലവലേശം ഇല്ലാത്ത ഫരിസേയ-നിയമജ്ഞരോടോ അല്ല. അവൾ ഏറ്റുപറയുന്നത് കാരുണ്യത്തിന്റെ ആൾരൂപമായ, ദൈവപുത്രനായ, അസ്തിത്വത്തിന്റെ പൂർണതയായ ക്രിസ്തുവിന്റെ മുൻപിലാണ്. ഇന്ന് ജീവിതത്തിന്റെ നടുമുറ്റത്ത് നിന്ന് ഓരോ ക്രൈസ്തവനും ഏറ്റുപറയേണ്ട ഒരു വാചകമാണിത്: കർത്താവേ ഞാൻ പാപം ചെയ്തുപോയി. കോവിഡ് 19 ന്റെ വിളയാട്ടം കാണുമ്പോൾ നാം ഏറ്റുപറയണം, കർത്താവേ ഞാൻ പാപം ചെയ്തുപോയി. അങ്ങേയ്ക്കെതിരെ, ഈ പ്രകൃതിക്കെതിരെ, എന്റെ സഹോദരർക്കെതിരെ ഞാൻ പാപം ചെയ്തുപോയി. ഞാനാണ് പാപിനിയായ സ്ത്രീ എന്ന തിരിച്ചറിവിലേക്ക് ഓരോ ക്രൈസ്തവനും വളരണം എന്ന ശക്തമായ ഒരു സന്ദേശവുമായാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ നിൽക്കുന്നത്.
വ്യാഖ്യാനം
മൂന്ന് കാര്യങ്ങളെ നമ്മുടെ ചിന്തയിലൂടെ ദൈവവചനം ഇന്ന് കടത്തിവിടുകയാണ്.
ഒന്ന്, ഞാനാണ് ആ പാപിനിയായ സ്ത്രീ.
സുവിശേഷഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്: ഒരു ഫരിസേയന്റെ വീട്ടിൽ ഈശോ ഭക്ഷണത്തിനിരിക്കുന്നെന്നറിഞ്ഞു ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ അവിടെയെത്തി. ആരാണിവൾ? ഇവളുടെ പേരെന്ത്? ജാതിയെന്ത്, കുലമെന്ത്? ഒന്നും വചനം പറയുന്നില്ല. അപ്പോൾ, അവൾ ആരുമാകാം. അവൾ ഞാനുമാകാം. നീയാകാം, അവനാകാം, അവളുമാകാം. വചനം നമ്മെ ഓർമപ്പെടുത്തുന്നു: ഞാനാണ് ആ പാപി, ഞാനാണ് ആ പാപിനി. ഞാൻ പാപിയാണെങ്കിൽ, പാപിനിയാണെങ്കിൽ എന്താണ് എന്റെ പാപം? എന്റെ പാപങ്ങൾ?
ദൈവത്തിന്റെ അനുഗ്രഹങ്ങൾ വസന്തം പോലെ നമ്മുടെ ജീവിതത്തിൽ കടന്നുവന്നിട്ടും, സ്‌നേഹം, വിശ്വസ്തത, കാരുണ്യം ഒരു മന്ദമാരുതനെപ്പോലെ എപ്പോഴും നമ്മെ കടന്നു പോയിട്ടും നാം ദൈവത്തെ മറന്നു, കൃതജ്ഞതയില്ലാത്തവരായി ജീവിച്ചു. അമിതമായ പണത്തിന്റെ വരവും, അതിന്റെ ധൂർത്തടിക്കലും, ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടങ്ങളും കണ്ടപ്പോൾ നാം ദൈവത്തെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തി. എന്താ സംശയമുണ്ടോ? എത്ര ആർഭാടത്തോടെയാണ് നാം ഓരോ ആഘോഷങ്ങൾ നടത്തിയത്? അപ്പോൾ നാം ചിലവഴിച്ചുകൊണ്ടിരുന്ന സമ്പത്തു നമ്മുടെ സഹോദരർക്കും അർഹ

തപ്പെട്ടതാണെന്നു എന്തെ നാം ഓർത്തില്ല? അഞ്ഞൂറും, ആയിരവും ആളുകളെ ക്ഷണിച്ചു പന്തികളായിരിത്തി ആഘോഷങ്ങൾ നടത്തിയശേഷം എത്രയോ ഭക്ഷണങ്ങളാണ് നാം കുഴിച്ചുമൂടിയത്? ഭക്ഷണം കിട്ടാത്തതുകൊണ്ട് അല്പം അരിയും സാധനങ്ങളും എടുത്തപ്പോൾ അത്ര മധുമാരെയാണ് നാം കൊന്നു തള്ളിയത്? വലിയ വലിയ കെട്ടിടങ്ങൾ പണിതും, അവ പിന്നീട് ഇടിച്ചു നിരത്തിയും, വീണ്ടു പണിതും പ്രകൃതിയെ എത്രമാത്രം നാം വേദനിപ്പിച്ചു?
ഒന്നിനുപുറകെ മറ്റൊന്ന് എന്ന രീതിയിൽ വാഹനങ്ങൾ വാങ്ങിച്ചു അവയെ നിരത്തിലൂടെ പ്രദർശിപ്പിച്ചു പ്രകൃതിയെ ശ്വാസം മുട്ടിച്ചു രോഗിണിയാക്കിയതും നമ്മളല്ലേ? നമ്മുടെയൊക്കെ വീടുകളിലെ അലമാരകളിൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന വസ്ത്രങ്ങളും, ഉപയോഗിക്കാതെ വച്ചിരിക്കുന്ന സാധനങ്ങളും നമുക്കെതിരെ ശബ്ദമുയർത്തുകയില്ലേ? ഒരു പ്രളയം വന്നു ഇക്കാര്യങ്ങളെല്ലാം നമ്മെ ഓർമിപ്പിച്ചെങ്കിലും എത്ര പെട്ടെന്നാണ് നാം ഒക്കെ മറന്നത്? വോട്ടിനുവേണ്ടിയും, പാർട്ടിക്കുവേണ്ടിയും, വർഗീയത പറഞ്ഞും, എത്രപേരെയാണ് നാം കൊന്നത്? ആൾക്കൂട്ടക്കൊലപാതകങ്ങളെന്നു ഓമനപ്പേരിട്ട് വിളിച്ചു, വർഗീയലഹളകളെന്നു മുദ്രകുത്തിയും നമ്മുടെ സ്വാർത്ഥതയിൽ, അഹങ്കാരത്തിൽ എത്ര ആയിരങ്ങളെയാണ് നാം കൊന്നു തള്ളിയത്? അവരുടെ ശവക്കൂനകൾക്കുമുകളിൽ ധാർഷ്ട്യത്തോടെ അധികാരസ്ഥാനങ്ങൾ ഉറപ്പിക്കാനും ശ്രമിക്കുന്നത് നമ്മളല്ലേ? അവസാനം, കുടിയേറ്റ തൊഴിലാളികൾ തെരുവിൽ മരിച്ചു വീണപ്പോഴും, എത്ര ദിവസം വേണ്ടി വന്നു നമുക്ക് അവരെയൊന്ന് സഹായിക്കാൻ? വാട്‍സ് ആപ്പ് തമാശ പോലെ, അയൽവക്കക്കാരനെ സഹായിക്കാൻ ശ്രമിക്കാതെ, ലോക്ക്ഡൗൺ കാലത്തു സ്വരുക്കൂട്ടിയ പൈസ പള്ളിയിൽ നേർച്ചയിടാൻ പള്ളിയൊന്ന് തുറക്കണേയെന്നു പ്രാർത്ഥിക്കുന്നവരല്ലേ നമ്മൾ?
ദൈവരാജ്യ പ്രഘോഷണത്തിനിറങ്ങിയിട്ട്, വെറും സ്ഥാപനരാജ്യ പ്രവർത്തിയിലേക്കു മാറുമ്പോൾ, സ്യൂട്ടും കോട്ടും ടൈയ്യും കെട്ടി ലോകത്തിന്റെ മാനേജ്മെന്റ് സ്റ്റൈലിലേക്കു നമ്മുടെ സഭാ പ്രവർത്തനങ്ങൾ വളരുമ്പോൾ അത് സുവിശേഷമൂല്യങ്ങളെ തകർക്കുന്ന പാപങ്ങളായി പരിണമിക്കുന്നത് മൗനമായി നാം നോക്കിനിന്നില്ലേ? എന്തും കയ്യടക്കാമെന്ന യുവത്വത്തിന്റെ അഹങ്കാരവും, മാതാപിതാക്കളും മുതിർന്നവരും പൊട്ടന്മാരാണെന്ന കൗമാര്യത്തിന്റെ പുച്ഛവും തെറ്റാണെന്നു പറയാൻ കൊറോണ വൈറസു വേണ്ടിവന്നു. എന്തുണ്ടായാലും കുടുംബവും, സ്നേഹവും, ബന്ധങ്ങളും ആണ് വലുതെന്നു തെളിയിക്കാനും വേണ്ടിവന്നു ഈ വൈറസ്. ദാമ്പത്യവിശ്വസ്തതയും, സന്യസ്ത വിശ്വസ്തതയും, പൗരോഹിത്യവിശ്വസ്തതയും ഞങ്ങളിലുണ്ടെന്നു നടിച്ചുകൊണ്ടേയിരിക്കുന്നവരല്ലേ നമ്മൾ? ഈ നാട്യമല്ലേ, യഥാർത്ഥ പാപം, യാഥാർത്ഥകുറ്റകൃത്യം? ഞാൻ പാപിയാണ്, ഞാൻ പാപിനിയാണ്.
രണ്ട്, നീ വിധിക്കരുത്.
ശിമയോൻ ഈ പാപിനിയായ സ്ത്രീയെ കണ്ടിട്ട് മനസ്സിന്റെ കുടുസ്സുമുറിയിലിട്ടു വിധി പ്രസ്താവിക്കുകയാണ്: “ഇവൾ ഒരു പാപിനിയാണ്.” വിധിക്കാൻ നാം ആരാണ്? മറ്റുള്ളവരെ വിധിക്കുവാൻ ആരാണ് നമുക്ക് അധികാരം നൽകിയിട്ടുള്ളത്? ഈശോ പറയുന്നു: “വിധിക്കപ്പെടാതിരിക്കുവാൻ നിങ്ങളും വിധിക്കരുത്”. (മത്താ 7, 1) മനുഷ്യന്റെ ഉള്ളിലേക്ക്, അവളുടെ, അവന്റെ ആന്തരിക സംഘർഷങ്ങളിലേക്ക് നോക്കാനുള്ള താത്പര്യം നമുക്കില്ല. നാം അവരുടെ പ്രവർത്തികൾ മാത്രമേ കാണുന്നുള്ളൂ. ഒന്നാലോചിച്ചാൽ, നാം ചെയ്യാൻ ആഗ്രഹിക്കുന്നതോ, ഒരുപക്ഷെ ആരും കാണാതെ നാം ചെയ്തിട്ടുള്ളതോ, ചെയ്തുകൊണ്ടിരിക്കുന്നതോ ആയിരിക്കാം ഇവർ ചെയ്തിരിക്കുന്നത്. എന്നാലും, നാം മറ്റുള്ളവരെ വിധിക്കും, അവരെ കുറ്റപ്പെടുത്താൻ മാത്രമല്ല നാമത് ചെയ്യുന്നത്, നമ്മെത്തന്നെ ശരിയാക്കി കാണിക്കുവാനും കൂടിയാണ്.
ആരാണ് ശരി, ആരാണ് തെറ്റ് എന്ന് വിധിക്കാൻ നിങ്ങൾ ആരാണ്? ആരെങ്കിലും വീഴുന്നുണ്ടെങ്കിൽ, തിന്മയുടെ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ, അവൾക്ക്, അവനു നിന്റെ കൈ നീട്ടുക. ഒപ്പം, ആരെങ്കിലും നന്മയിലേക്ക് കടന്നുവരുന്നതുകാണുമ്പോൾ സന്തോഷിക്കുക.
ഖലീൽ ജിബ്രാന്റെ പ്രവാചകൻ എന്ന പുസ്തകത്തിൽ അൽ മുസ്തഫ പറയുന്നതിങ്ങനെയാണ്: “നിങ്ങളിൽ ഒരുവൻ വീഴുമ്പോൾ, അവൻ വീഴുന്നത് അവനു പിന്നിലുള്ളവർക്കുവേണ്ടിയാണ്, കല്ല് തടഞ്ഞു വീഴാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്. അതെ, അവനു മുന്നിലുള്ളവർക്കും വേണ്ടിയാണ് അവൻ വീഴുന്നത്. അവർക്കു വേഗവും നിശ്ചയവും ഉണ്ടായിരുന്നെങ്കിലും, ആദ്യം പോയവർ ആ കല്ല് മാറ്റിക്കളഞ്ഞിരുന്നില്ല.” അതുകൊണ്ടു വീഴുന്നവരെ വിധിക്കരുത്. ആരെയെങ്കിലും അധിക്ഷേപിക്കുമ്പോൾ, വിധിക്കുമ്പോൾ ക്ഷമയോടെ ചിന്തിക്കുക. ഒരു പക്ഷെ അവന്റെ, അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ! നിങ്ങൾ ആരെയെങ്കിലും വിശിക്കുന്നതിനു മുൻപ് നിങ്ങളെത്തന്നെ ആ വ്യക്തിയുടെ സ്ഥാനത്തു നിർത്തുക. അവനെ, അവളെ വിധിക്കുവാൻ ഏതാണ്ട് അസാധ്യമാണെന്ന് നിങ്ങൾ മനസ്സിലാക്കും.
മൂന്ന്, സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരാൻ എത്തിച്ചേരേണ്ടതു ക്രിസ്തുവിന്റെ കാൽപ്പാദ ങ്ങളിലേക്കാണ്. അവിടുന്നാണ് സർവത്തിന്റെയും നാഥൻ.

തെറ്റ് ചെയ്യുന്നവർക്ക്, ദൈവത്തിന്റെ കാരുണ്യം മാത്രം പോരാ, തെറ്റ് ചെയ്യുന്ന ഏതൊരാൾക്കും സമൂഹത്തിന്റെ മുഴുവൻ കാരുണ്യവും ലഭിക്കണം. അവൻ, അവൾ, നമ്മുടെ അംശമല്ലേ? ക്രിസ്തുവാണ് കാരുണ്യത്തിന്റെ ഉറവിടം. ക്രിസ്തുവിനു മാത്രമേ മുൻവിധികളില്ലാതെ നമ്മെ മനസ്സിലാക്കുവാൻ കഴിയൂ. നിയമങ്ങൾക്കു നമ്മുടെ ഉള്ളിനെ, ആത്മാവിനെ മനസ്സിലാവുകയില്ല. നിയമങ്ങൾ ഭയത്തിൽ നിന്നുണ്ടായതാണ്. നിയമത്തിനു ധാരാളം ലൂപ്പ് ഹോൾ സുണ്ട്. നിയമങ്ങൾ എങ്ങനെയും വ്യാഖ്യാനിക്കപ്പെടാം, ദുരുപയോഗിക്കപ്പെടാം. ജർമനിയിൽ അഡോൾഫ് ഹിറ്റ്‌ലർ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ചാൻ സലറായിരുന്നു. എന്നാൽ, ചാൻ സലറായിക്കഴിഞ്ഞതോടെ അദ്ദേഹം സ്വയം നിയമമായിത്തീർന്നു. ബാക്കി ചരിത്രമാണ്.
എന്നാൽ ക്രിസ്തു കാരുണ്യമാണ്. ക്രിസ്തുവിനു മാത്രമേ ക്ഷമിക്കുവാൻ, പാപങ്ങള പൊറുക്കുവാൻ കഴിയൂ. മഹാകവി വള്ളത്തോളിന്റെ “മഗ്ദലനാമറിയം ” എന്ന കവിതയിൽ ഈശോ പറയുന്നതിങ്ങനെയാണ്: “പൊയ്ക്കൊൾക പെൺകുഞ്ഞേ/ ദുഃഖം വെടിഞ്ഞു നീ/ ഉൾക്കൊണ്ട വിശ്വാസം കാത്തു നിന്നെ./ അപ്പപ്പോൾ ചെയ്തൊരു പാതകത്തിന്നൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം./
ഈശോയ്ക്ക് വേണമെങ്കിൽ ആ സുഗന്ധതൈലക്കുപ്പി എടുത്തൊന്നു കറക്കിയെറിയാമായിരുന്നു. സിക്സറടിച്ചു ശിഷ്യരുടെ മുൻപിൽ ആളാകാമായിരുന്നു. തന്റെ കാൽക്കൽ കിടക്കുന്നവളെ ഒന്നെടുത്തെറിഞ്ഞിരുന്നെങ്കിൽ ഗോളടിച്ചു ഷൈൻ ചെയ്യാമായിരുന്നു. അവിടുന്ന് അവളെ സ്നേഹിക്കുകയാണ്. തന്റെ കാരുണ്യ പ്രവാഹത്തിലേക്കു അവളെ ക്ഷണിക്കുകയാണ്. അവൾ ആ തീർത്ഥത്തിൽ കുളിച്ചുകയറുകയാണ്. ഇപ്പോൾ അവൾ പാപിനിയല്ല. വിശുദ്ധയാണ്. ക്രിസ്തു സ്നേഹത്തിൽ ഉയിർത്തെഴുന്നേറ്റ പുതിയ ജൻമം.
സമാപനം
സ്നേഹമുള്ളവരേ, ഈ ദേവാലയത്തിൽ വിരുന്നാകാൻ, വിരുന്നുകാരനും, വിരുന്നുമാകാൻ വന്നിരിക്കുന്ന ക്രിസ്തുവിന്റെ കാൽപ്പാദത്തിൽ നമുക്ക് ഇരിക്കാം. എന്നിട്ടു പറയാം, മീ ടൂ എ സിന്നർ! ഞാനാണ് പാപി, ഞാനാണ് പാപിനി. ഈശോയെ, ഞാൻ ആരെ വിധിക്കാനാണ്? ഞാനിതാ കാരുണ്യം മാത്രമായ അങ്ങേ സന്നിധിയിൽ ശരണം പ്രാപിക്കുന്നു.

നമുക്ക് സ്നേഹിക്കാൻ പഠിക്കാം. മറ്റുള്ളവരുടെ പ്രവർത്തിയുടെ ഒരു ഭാഗമെടുത്തു വിധിക്കരുത്. ഒരു നോവലിന്റെ നടുക്കുനിന്നു ഒരു താൾ കീറിയെടുത്തു വായിച്ചു അതിനെ വിലയിരുത്താൻ കഴിയില്ലല്ലോ! ഈശോയുടെ കാരുണ്യപ്രവാഹമായ വിശുദ്ധ ബലിയിൽ നമുക്ക് കുളിച്ചുകയറാം. ആമ്മേൻ!