ലൂക്ക 10, 23 – 42
സന്ദേശം – വൈരുധ്യമല്ല, സമഭാവനയാണ് ക്രൈസ്തവജീവിതം

ആരാധനാക്രമ വത്സരത്തിലെ ശ്ളീഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ചയാണിന്ന്. കോവിഡ് 19 മഹാമാരി നമ്മെ വരിഞ്ഞു മുറുക്കിയിരിക്കുന്ന സമയമാണിത്! ഇനിയെന്ത് എന്ന ചോദ്യം ഒരു പ്രഹേളികയായി നമ്മുടെ മുൻപിൽ നിൽക്കുന്നു. കോവിഡാനന്തര ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്നും പുതിയ വഴികൾ തേടിയാലേ ജീവിക്കാൻ കഴിയൂ എന്നും മനസ്സ് പറഞ്ഞു തുടങ്ങിയിട്ടും ശരിയായൊരു തീരുമാനത്തിലെത്താൻ വ്യക്തികൾക്കും സമൂഹങ്ങൾക്കും, എന്തിന് സർക്കാരുകൾക്കുപോലും സാധിക്കാത്ത ഒരു സന്നിഗ്ധാവസ്ഥ! ലോകം മുഴുവനും നിറഞ്ഞിരിക്കുന്ന ഒരു രോഗത്തിന് ആധുനികതയുടെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മരുന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നില്ലല്ലോ എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്! ദിവസവേതനത്തിനു ജോലിചെയ്തുകൊണ്ടിരുന്നവർ തുടങ്ങി അനേകം പേർ വളരെ കഷ്ടപ്പെടുന്ന ഈ സമയത്തു തിരുസ്സഭ നല്ല സമരിയാക്കാരന്റെ ഉപമ നമ്മുടെ മുൻപിൽ അവതരിപ്പിക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ ഇന്നത്തെ സുവിശേഷ ഭാഗം വ്യാഖ്യാനിക്കുമെന്ന ഒരു സന്ദേഹം ഉള്ളിലുണ്ടെങ്കിലും പരിശുദ്ധാത്മാവ് നല്ലെരു സന്ദേശം നൽകി നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. ഇന്നത്തെ സുവിശേഷ സന്ദേശം വൈരുധ്യത്തിൽ ജീവിക്കാതെ, സമഭാവനയോടെ ജീവിക്കുക എന്നതാണ്.
വ്യാഖ്യാനം
നാം ജീവിക്കുന്ന ഈ കാലഘട്ടം ധാരാളം വൈരുധ്യങ്ങൾ നിറഞ്ഞതാണ്. പ്രകൃതിയിലും ജീവിതത്തിലും വാക്കിലും പ്രവർത്തിയിലുമൊക്കെ ഈ വൈരുധ്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. വിശുദ്ധ പൗലോശ്ലീഹാ ഈ വൈരുദ്ധ്യത്തെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഞാൻ ചെയ്യുന്ന പ്രവർത്തികൾ എനിക്ക് തന്നെ മനസ്സിലാകുന്നില്ല. എന്തെന്നാൽ, ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ ചെയ്യുന്നത്.” (1, കോറി 7,15)
വൈരുധ്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ കവി കുഞ്ഞുണ്ണിയുടെ രണ്ടുവരി കവിതയാണ് ഓർമയിലേക്ക് വരുന്നത്. കവിത ഇങ്ങനെയാണ്: “പിന്നോട്ട് മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ / മുന്നോട്ടുപായുന്നിതാളുകൾ.” എന്തൊരു വൈരുധ്യം അല്ലേ? അതിനേക്കാളും രസകരമായൊരു വൈരുധ്യം നമ്മുടെ കേരളത്തിലുള്ളത് എന്താണെന്നറിയോ? കേരളത്തിൽ പശ്ചിമഘട്ടം കാണുവാൻ നാം എങ്ങോട്ടു നോക്കണം? കിഴക്കോട്ടു നോക്കണം.
ഇന്നത്തെ അമേരിക്കയിലെ വംശീയ കലാപങ്ങളിലും ഉണ്ടൊരു വൈരുധ്യം. മഹാനായ എബ്രഹാം ലിങ്കന്റെ ഏറ്റവും വിഖ്യാതമായ ഗെറ്റിസ്ബർഗ് പ്രസംഗം ആരംഭിക്കുന്നത് അമേരിക്കൻ ഭരണഘടനയ്ക്ക് അനുമതി നൽകിയ പ്രസിദ്ധമായ വെർജീനിയ കൺവെൻഷൻ ഉദ്ധരിച്ചുകൊണ്ടാണ്: “Four score and seven (87) years ago our fathers brought forth on this continent a new nation, conceived in liberty and dedicated to the proposition that all men are created equal.” സ്വാതന്ത്ര്യത്തിൽ

രൂപപ്പെട്ട, മനുഷ്യരെല്ലാം സമന്മാരായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന പ്രസ്താവനയിൽ അടിയുറച്ച അമേരിക്കയിൽനിന്നു നടക്കുന്നത് എന്താണ്? അമേരിക്കയിൽ ഇന്നും എന്നും നടക്കുന്നത് ഈ ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ്.
വൈരുധ്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിലും നാം കാണുന്നത്. നിത്യജീവൻ അവകാശമാക്കാൻ പൂർണമായി ദൈവത്തെയും, തന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണം എന്ന ക്രിസ്തുവിന്റെ ഉപദേശം സമഭാവനയുടേതാണ്. മാത്രമല്ല, ഈ സമഭാവനയുടെ സുവിശേഷമാണ് ഈശോ വിഭാവനം ചെയ്യുന്നതും. എന്നാൽ, അന്നും ഇന്നും ക്രൈസ്തവരുടെ ഇടയിൽ പോലും വൈരുധ്യങ്ങൾ കളം നിറഞ്ഞാടുകയാണ്! ഈ വൈരുധ്യങ്ങളെ തുറന്നു കാണിച്ചും സമഭാവനയുടെ സന്ദേശം പറഞ്ഞും ഈശോ നല്ല സമരിയാക്കാരന്റെ കഥ പറയുകയാണ്.
ജറുസലേമിൽ നിന്ന് ജെറീക്കോയിലേക്കുള്ള വഴിയിൽ കവർച്ചക്കാരാൽ ആക്രമിക്കപ്പെട്ട ഒരു മനുഷ്യൻ! അർദ്ധപ്രാണനേയുള്ളു! ആരുകണ്ടാലും സഹായിക്കാൻ തോന്നുന്ന രീതിയിൽ അവശനായിട്ടാണ് അവന്റെ കിടപ്പ്!
വൈരുധ്യം ഒന്ന്: ഒരു പുരോഹിതൻ ആ വഴിയേ വരുന്നു. ആരാണ് ഒരു പുരോഹിതൻ? ദൈവത്തിന്റെ പ്രതിപുരുഷനായി ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുന്നവൻ. എന്താണ് ദൈവത്തിന്റെ പ്രവർത്തികൾ? സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ, സമഭാവനയുടെ പ്രവർത്തികളാണ് ദൈവത്തിന്റെ ചൈതന്യമുള്ള പ്രവർത്തികൾ. എന്നാൽ ആ പുരോഹിതൻ ആ പാവം മനുഷ്യനെ കണ്ടു, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആ മനുഷ്യനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി!
വൈരുധ്യം രണ്ട്: ഒരു ലെവായൻ അതുവഴി വരുന്നു. ആരാണ് ലെവായൻ? പഴയനിയമത്തിലെ ലേവി ഗോത്രത്തിൽ പെട്ടവൻ. ദേവാലയ ശുശ്രൂഷാവേളയിൽ സങ്കീർത്തനങ്ങൾ ആലപിച്ചു ദൈവത്തെ സ്തുതിക്കുന്നവൻ! കരുണയുള്ള, പാവപ്പെട്ടവന്റെ ശക്തി ദുർഗമായ ദൈവത്തെ പാടിസ്തുതിക്കുന്നവൻ! എന്നിട്ടും ഒരു പാവപ്പെട്ടവനെ കണ്ടപ്പോൾ, നിസ്സഹായനായവനെ കണ്ടപ്പോൾ, അവന്റെ മുൻപിൽ ദൈവത്തിന്റെ പ്രതിനിധി യാകാതെ അവനും കടന്നു പോകുന്നു!
ശക്തിയേറിയ രണ്ടു വൈരുധ്യങ്ങൾ ഈശോ ഇവിടെ അവതരിപ്പിക്കുകയാണ്. ഇന്നും വൈരുധ്യങ്ങളുടെ ഘോഷയാത്രയാണ് നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ. ഈ കഴിഞ്ഞ ദിവസം ഒരു ക്രൈസ്തവൻ ബിസിനസ്സു തകർന്നതുമൂലം, സാമ്പത്തിക ബാധ്യത യേറിയതുകൊണ്ടു ആത്മഹത്യ ചെയ്തു. അദ്ദേഹമൊരു ഇടവകയിലെ അംഗമായിരുന്നു. അദ്ദേഹത്തിന് ഒരു വികാരിയച്ചനുണ്ടായിരുന്നു. പാരിഷ് കൗൺസിൽ അംഗങ്ങളുണ്ടായിരുന്നു. ക്രൈസ്തവരായ അയൽക്കാരുണ്ടായിരുന്നു. എന്നാൽ അവന്റെ ദുഃഖം എന്റേതെന്നു കരുതി അവനെ രക്ഷയുടെ ലേപനം നൽകി, ക്രിസ്തുവിന്റെ സ്നേഹ സത്രത്തിലേക്കു ആരും കൊണ്ട് വന്നില്ല. മുറിവേറ്റ ആ മനുഷ്യന്റെ മുൻപിൽ, അർദ്ധപ്രാണനായ ആ മനുഷ്യന്റെ മുൻപിൽ ക്രിസ്തുവായിട്ട് ആരും അവതരിച്ചില്ല. എന്തൊരു വൈരുധ്യം?
ഈശോ നെറ്റിപ്പട്ടങ്ങൾക്കും വസ്ത്രത്തിന്റെ തൊങ്ങലുകൾക്കും നീണ്ടമേലങ്കികൾക്കും മറ്റും എതിരായിരുന്നു. എന്നാൽ ഇന്നോ? നമ്മുടെ അജപാലകർപോലും കറുത്ത മേലങ്കികളും കറുത്ത തൊപ്പികളുമായി പ്രത്യക്ഷപ്പെടുകയും തങ്ങൾ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ ആണെന്ന് പറയുകയും ചെയ്യുമ്പോഴുള്ള വൈരുധ്യം വികൃതമാണെന്നു മാത്രമല്ല അത് ലജ്ജാകരവുമാണ്.

തലചായ്ക്കാൻ പോലും ഇടമില്ലാത്തതാണ് ക്രൈസ്തവ സന്യാസമെന്ന് നിർവചിച്ച ക്രിസ്തു ഇന്നത്തെ ക്രൈസ്തവ സന്യാസത്തിനു എത്രയോ അകലെയാണ്! വൈരുധ്യങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് നമ്മുടെ തലയ്ക്കു മുകളിൽ ഡെമോക്ലീസിന്റെ വാളുപോലെ കിടന്നാടുകയാണ് , എപ്പോഴും നമ്മെ ഭയപ്പെടുത്തിക്കൊണ്ട് !!?
വൈരുധ്യങ്ങളുമായി ജീവിച്ച അന്നത്തെ യഹൂദരുടെ മുൻപിലേക്ക് ഒരു ചാട്ടുളിപോലെ ഈശോ നല്ല ശമറായനെ സ്റ്റേജിലേക്ക് പറഞ്ഞു വിടുകയാണ്. പിന്നെ അവിടെ നാം കാണുന്നത് വൈരുധ്യത്തിന്റെ മുഖം തിരിക്കലല്ല, സമഭാവനയുടെ, കാരുണ്യത്തിന്റെ വാരിപ്പുണരലാണ്. വഴിയിൽ കിടക്കുന്നവന്റെ സ്ഥാനത്തു തന്നെത്തന്നെ കണ്ടുകൊണ്ടു, തന്റെ സഹോദരനാണെന്ന് കണ്ടുകൊണ്ടു സ്നേഹത്തിന്റെ തൈലം കൊണ്ടൊരു സമഭാവനയുടെ തെറാപ്പിയാണ് പിന്നെ നാം കാണുന്നത്.
നല്ല ശമറായന്റെ സമഭാവന: അയാൾ കൊടുക്കുകയാണ്. തനിക്കുള്ളതെല്ലാം ദൈവം നല്കിയതാണെന്നും, അത് മറ്റുള്ളവർക്കും അർഹത പ്പെട്ടതാണെന്നും, ആവശ്യമുള്ളവർക്കെല്ലാം അത് നൽകുകയെന്നത് തന്റെ കടമയാണെന്നും അയാൾ മനസ്സിലാക്കുകയാണ്. തന്റെ യാത്രയിൽ ആവശ്യമായ മരുന്നുകൾ മാത്രമല്ല അയാൾ നൽകുന്നത്. തന്റെ അവകാശം പോലും അയാൾ പങ്കുവയ്ക്കുകയാണ്. യാത്രക്കാരന്റെ അവകാശമാണ് കഴുതയുടെ പുറം. കഴുതപ്പുറത്തു അയാളെ കിടത്തുകയാണ്. എന്റെ അവകാശം എന്റെ സഹോദരനും കടപ്പെട്ടതാണ്. പ്രത്യേകിച്ചും അവന്റെ അവശ്യ നേരങ്ങളിൽ. വിജാതീയനായ ഒരു ശമറായക്കാരൻ ദൈവത്തിന്റെ കയ്യിലെ നല്ലൊരു ഉപകാരണമാകുന്നു! ദൈവം അവതരിക്കുന്ന ധന്യതയുടെ നിമിഷങ്ങൾ!!
ലോകത്തിലെ സകല മതങ്ങളും സഹജീവികളോട് കാരുണ്യം കാണിക്കുവാൻ പഠിപ്പിക്കുന്നുണ്ട്, ക്രിസ്തുമതം പ്രത്യേകിച്ചും. എല്ലാ മതങ്ങളും പക്ഷെ പറയുന്നത് അർഹതപ്പെട്ടവർക്ക് കൊടുക്കുക എന്നാണ്. എന്നാൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ പഠിപ്പിക്കുന്നത് അർഹതപ്പെട്ടവർക്ക് കൊടുക്കുക എന്നല്ല, ആവശ്യക്കാരന് കൊടുക്കുക എന്നാണ്. ഒരു പടികൂടി കടന്നാണ് ഈശോ നിൽക്കുന്നത്. അവിടുന്ന് പറയുന്നു: എല്ലാവർക്കും കൊടുക്കുക.
ഖലീൽ ജിബ്രാൻ തന്റെ “പ്രവാചകൻ” എന്ന ഗ്രന്ഥത്തിൽ ഇതേ പോലെ സംസാരിക്കുന്നുണ്ട്. അൽ മുസ്തഫ പറയുന്നു: “നിങ്ങളുടെ തോട്ടത്തിലെ വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നില്ല, ഞാൻ നൽകും പക്ഷെ അർഹതപ്പെട്ടവർക്കുമാത്രം എന്ന്. ഒരു മരം നിറയെ പഴങ്ങളുണ്ടെങ്കിൽ ആർക്കും പറിച്ചെടുക്കാം. ആരും പറിച്ചെടുക്കുന്നില്ലെങ്കിൽ അത് ഭൂമിക്കു തിരിച്ചു നൽകുന്നു. നല്കാതിരിക്കുകയെന്നാൽ നശിക്കുകയെന്നർത്ഥം.”

ജീവിതത്തിൽ നൽകുന്ന നിമിഷങ്ങളാണ് ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ. ആർക്കു കൊടുക്കുന്നു എന്നതല്ല നിങ്ങൾ നിറഞ്ഞിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. കൊടുക്കുകയെന്നാൽ കവിഞ്ഞൊഴുകലാണ്.
നാം ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുകയാണ്. നാം നിശ്വസിക്കുമ്പോൾ മരങ്ങൾക്കു കാർബൺ ഡയോക്സൈഡ് കൊടുക്കുകയാണ്. അത് കൊടുക്കാതെ പിടിച്ചു വച്ച് നോക്കൂ. നാം മരിക്കും. കൊടുക്കുകയെന്നാൽ ജീവിക്കുകയെന്നാണ്. പിടിച്ചുവയ്ക്കുകയെന്നാൽ മരിക്കുകയെന്നും.
ദൈവം ഒരു വ്യക്തിക്ക് ജീവൻ നല്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്ക് ആ വ്യക്തിക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്തുകൂടാ? ദൈവം ഒരു വ്യക്തിക്ക് രാവും പകലും കൊടുക്കുന്നുണ്ടെങ്കിൽ, മഴയും വെയിലും കൊടുക്കുന്നുണ്ടെങ്കിൽ, എൺപതോ അതിലേറെയോ വര്ഷം ഈ ഭൂമിയിൽ നല്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്ക് ആ വ്യക്തിക്ക് ഒരു പുഞ്ചിരി നൽകിക്കൂടാ? ജീവിതമാകുന്ന സാഗരത്തിൽ നിന്ന് കുടിക്കുവാൻ ദൈവം മനുഷ്യനെ ക്ഷണിക്കുന്നുണ്ടെങ്കിൽ, നമ്മുടെ ജീവിതമാകുന്ന അരുവിയിൽ നിന്ന് ഒരു ചിരട്ട വെള്ളമെങ്കിലും കൊടുക്കുവാൻ കഴിയില്ലേ?
സമാപനം
സ്നേഹമുള്ളവരേ, വൈരുധ്യങ്ങളിൽ അധികകാലം ജീവിക്കുവാൻ നമുക്ക് സാധിക്കുകയില്ല. നാം നല്ല ശമറായാനായേ പറ്റൂ. സ്നേഹത്തോടെ കൊടുക്കുക, ആദരവോടെ കൊടുക്കുക, ആരുടേയും അന്തസ്സ് നശിപ്പിക്കാതിരിക്കുക. നിങ്ങൾ ദാനത്തിന്റെ ഉപകരണം മാത്രം. നിങ്ങളല്ല നൽകുന്നത്. ദൈവം നൽകുകയാണ്. നഗ്നനായാണ് നിങ്ങൾ വന്നത്. നഗ്നനായി തിരിച്ചുപോകും. ഈ രണ്ടു നഗ്നതകൾക്കിടക്കു, ദൈവം നിനക്ക് നൽകി. നീ അങ്ങനെയാണ് നല്കുന്നവനായത്.

നല്കുന്നവനെന്ന അഹന്ത പാടില്ല. നൽകുന്നവനും, സ്വീകരിക്കുന്നവനും ഒരു പക്ഷിയുടെ ചിറകുകൾ ആണ്. ഒരുമിച്ചു പറന്നുയരുക. പങ്കുവയ്ക്കുക. അതോടെ അതെല്ലാം മറക്കുക. ഇരുവരും ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. കാരണം ദൈവമാണ് നൽകുന്നത്. നൽകുന്നവനും സ്വീകരിക്കുന്നവനും സാക്ഷികളാണ് – ദൈവത്തിന്റെ മഹാപ്രവർത്തികൾ കാണുന്ന സാക്ഷികൾ.
Reblogged this on Nelson MCBS.
LikeLike