ലൂക്ക 6 12 – 36
സന്ദേശം

ബുദ്ധിയും വിവേകവും ധാരാളം ഉണ്ടെന്നു വീമ്പിളക്കുന്ന മനുഷ്യൻ തോറ്റുകൊണ്ടിരിക്കുകയാണോ? സമകാലിക സംഭവങ്ങളെയും പ്രശ്നങ്ങളെയും വിശകലനം ചെയ്യുമ്പോൾ ഇങ്ങനെയൊരു ചോദ്യം മനസ്സിലുയരുന്നു! കോവിഡ് 19 ന്റെ ഭീതിപ്പെടുത്തുന്ന വ്യാപനവും ഇന്ത്യ-ചൈന അതിർത്തിയിലെ അസ്വസ്ഥതകളും കുതിച്ചുയരുന്ന ഇന്ധനവിലയും, ജനങ്ങളെ പറ്റിക്കുന്ന ഇലക്ട്രിക്‌സിറ്റി ബില്ലിന്റെ കഥകളും മനുഷ്യന്റെ ധിഷണ ശക്തിയെയാണോ, അതോ മനുഷ്യന്റെ നിസ്സഹായ അവസ്ഥയെയാണോ പ്രകടമാക്കുന്നത്? എന്തായാലും കാലത്തിന്റെ അടയാളങ്ങൾ പറഞ്ഞു തരുന്നത് മനുഷ്യൻ അവന്റെ ജീവിതത്തിൽ, ജീവിത മനോഭാവങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തണമെന്നാണ്. അഹന്തയുടെയും, അഹങ്കാരത്തിന്റെയും രാഷ്ട്രീയ കുതന്ത്രങ്ങളുടെയും, അമിതമായ ആർത്തിയുടെയും കവചങ്ങൾ വെടിഞ്ഞു മനുഷ്യത്വപരമായ, ഹൃദ്യമായ നിലപാടുകളുമായി നവീകരണത്തിലേക്കു നാം കടന്നു വരണം.
ഇന്നത്തെ സുവിശേഷഭാഗം ഈയൊരു നവീകരണത്തിന് സഹായമാകുന്ന സന്ദേശവുമായിട്ടാണ് ക്രൈസ്തവരായ നമ്മെ സമീപിക്കുന്നത്. ദൈവിക മൂല്യങ്ങൾകൊണ്ട് ജീവിതത്തെ പുനർനിർമ്മിക്കുക.
വ്യാഖ്യാനം
ക്രൈസ്തവജീവിതം നാം കണ്ടെത്തുന്ന ഒന്നല്ല, നാം നിർമിക്കുന്ന ഒരു ജീവിതമാണ്. ഈശോ തന്റെ പരസ്യജീവിതകാലത്തു കണ്ടെത്തിയ ഒരു മതജീവിതമുണ്ട്. അത് യഹൂദമത പശ്ചാത്തലത്തിൽ പ്രധാനമായും ഫരിസേയരുടെയും, നിയമജ്ഞരുടെയും, പുരോഹിതരുടേയുമൊക്കെ ജീവിതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതിന് നിയമങ്ങളുടെ കാർക്കശ്യത്തിന്റെ രുചിയായിരുന്നു; മനുഷ്യത്വ പരമല്ലാത്ത, അപരനെ ബഹുമാനിക്കാത്ത വെറും ധാർഷ്ട്യത്തിന്റെ സ്വരമായിരുന്നു അതിന്; ഈശോ കണ്ടെത്തിയ മതജീവിതത്തിന് നീതി, വിശ്വസ്തത, കാരുണ്യം തുടങ്ങിയ ദൈവിക മൂല്യങ്ങൾ അന്യമായിരുന്നു. എന്നാൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഈശോ, ദൈവത്തിന്റെ ഹിതം പൂർത്തീകരിക്കാലാണ് തന്റെ ജീവിത ദൗത്യമെന്നു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ, ദൈവികമൂല്യങ്ങളെ പണിവസ്തുക്കളാക്കി സ്വന്തം ജീവിതം നിർമിക്കുകയാണ്. ആ നിർമ്മിതിക്ക് ഈശോ ഉപയോഗിച്ച കല്ലും, മണ്ണും, സിമന്റും, പെയിന്റുകളും എന്തായിരുന്നു എന്നാണു ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ പ്രതിപാദ്യവിഷയം. കണ്ടെത്തുന്ന ക്രൈസ്തവജീവിതത്തിൽ (finding Christian life) നിന്ന്, സുവിശേഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന ക്രൈസ്തവജീവിത (constructing christian life)ത്തിലേക്കുള്ള ദൂരമാണ് നിനക്കും ക്രിസ്തുവിനും ഇടയിലുള്ളത് എന്ന് മനസ്സിലാക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.
സുവിശേഷ ഭാഗ്യങ്ങളാണ് ഈശോയുടെ വ്യക്തിജീവിതത്തിന്റെ അടിസ്ഥാന ശിലകൾ. സ്നേഹമാണ് ആ ജീവിതത്തെ ഉറപ്പിച്ചു നിർത്തുന്ന, മനോഹരമാക്കുന്ന പ്രധാന ഘടകം. ഈശോയുടെ വ്യക്തിജീവിതത്തിന്റെ ജീവനകല (art of living) എന്ന് പറയുന്നത്, ആറാം അദ്ധ്യായം മുപ്പത്തിയൊന്നാം വാക്യമാണ്: “മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ,” ഈശോ ഉപയോഗിക്കുന്ന പെയിന്റുകളുടെ ബ്രാൻഡ് നെയിം “കരുണ” എന്നാണ്. “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ”.

സ്നേഹമുള്ളവരേ, സമൂഹവും, പാരമ്പര്യവും, കല്പിച്ചു തന്ന കണ്ടെത്തിയ ക്രൈസ്തവജീവിതം അല്ല, ക്രിസ്‌തുവിന്റെ ജീവിതം പഠിച്ചു, ധ്യാനിച്ച്, അതിന്റെ ചൈതന്യം മനസ്സിലാക്കി നാം നിർമിച്ചെടുക്കുന്ന ക്രൈസ്തവജീവിതത്തിലേക്കാണ് ക്രിസ്തു നമ്മെ വി ളിക്കുന്നത്. ഇന്നുവരെ നാം കണ്ടെത്തിയവയുടെ ഭാരവും പേറി ക്ഷീണിതരായി, കാലാകാലങ്ങളിൽ നമ്മിൽ അടിഞ്ഞുകൂടിയ തിന്മകളുടെ, കുറവുകളുടെ വൈകല്യങ്ങളുമായി ജീവിക്കേണ്ടവരല്ല നാമെന്നു ഇന്നത്തെ സുവിശേഷം നമ്മെ ഓർമപ്പെടുത്തുമ്പോൾ, കോവിഡാനന്തര ക്രൈസ്തവജീവിതം പുതിയ നിർമിതിയായിരിക്കണം എന്ന് പ്രതിജ്ഞ എടുക്കാവാൻ നമുക്കാകണം.
മറ്റുള്ളവർ അവതരിപ്പിച്ച, കണ്ടെത്തിയ ഡയലോഗുകളെയും അഭിനയത്തേയും അനുകരിച്ചു ചെറുപ്പക്കാർ നടത്തുന്ന ടിക്‌ടോക് ഷോ കളെപ്പോലെ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ ആയിത്തീർന്നിരിക്കുന്നു എന്ന നിരീക്ഷണത്തിൽ കഴമ്പുണ്ടെന്നാണ് എന്റെ പക്ഷം. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ വെറും മിമിക്രിയായും, നമ്മുടെ എടുപ്പും, നടപ്പും വെറും ഫാൻസി ഡ്രസ്സ് ഷോകളായും മാറുമ്പോൾ അപഹാസ്യനാകുന്നത് ക്രിസ്തുവും, തൂത്തെറിയപ്പെടുന്നത് അവിടുത്തെ മൂല്യങ്ങളും അല്ലേ?
ആധുനികതയുടെ, വാണിജ്യവത്കരണത്തിന്റെ, ആർഭാടത്തിന്റെ, സ്ഥാപനനടത്തിപ്പിന്റെ, ആഘോഷങ്ങളുടെ പുഴുക്കുത്തുകളേറ്റു വികൃതമായ ക്രൈസ്തവജീവിതമുഖം നാം വലിച്ചെറിയണം. ക്രിസ്തുവചനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയൊരു സഭയായി, സഭാമക്കളായി നമുക്ക് ഉയിർത്തെഴുന്നേൽക്കുവാൻ കഴിയണം. നമ്മുടെ ഇപ്പോഴുള്ള ധാരണകളും സുവിശേഷാത്മകമല്ല എന്ന തിരിച്ചറിവിലേക്ക് ക്രിസ്തു ഇന്ന് നമ്മെ വിളിക്കുകയാണ്. ഓർക്കണം, ക്രിസ്തുവിനുവേണ്ടി, ആദിവാസികൾക്കുവേണ്ടി ജീവിതം മാറ്റിവച്ച മലയാളിയായ ദയാബായി എന്ന സഹോദരിയെ, ആദിവാസി വസ്ത്രം ധരിച്ചെന്ന പേരിൽ പബ്ലിക് ബസ്സിൽ കയറ്റാതിരുന്നവരാണ് നമ്മൾ. എറണാകുളത്തും മുളന്തുരുത്തിയിലും

വച്ച് വസ്ത്രത്തിന്റെ പേരിൽ ബസ്സിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചവരാണ് നാം. പാലായിലെ പൂവരണിയിൽ ജനിച്ചു, മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയിൽ ജീവിച്ചു, ഇന്റർനാഷണൽ വേദികളിൽ, ലോകം മുഴുവനുമുള്ള വിവിധ സ്ഥലങ്ങളിൽ പാവങ്ങൾക്കുവേണ്ടി ക്രിസ്തുശബ്ദമാണ് ദയാബായി. എന്നാൽ ക്രൈസ്തവ ജീവിതമെന്നത് ആർഭാടമായ തിരുനാളുകളും, മണിക്കൂറുകൾ നീളുന്ന റാസകളും, ചൊല്ലിക്കൂട്ടുന്ന പ്രാർത്ഥനകളും, അർത്ഥമില്ലാത്ത ആചാരങ്ങളും, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളുമെന്ന തെറ്റിദ്ധാരണയിൽ അന്ധരായ നാം ദയാബായിയെപ്പോലുള്ള യഥാർത്ഥ ക്രിസ്തു സാക്ഷികളെ കണ്ടില്ല; കണ്ടില്ലെന്നു നടിച്ചു.നമ്മുടെ ക്രൈസ്തവ മൂല്യങ്ങളെവിടെ?
നമ്മുടെ ക്രൈസ്തവസമൂഹങ്ങളിൽ ഇന്നും ജാതിയുടെ പേരിൽ പലരെയും നാം അകറ്റി നിർത്തുന്നില്ലേ? ‘പുതുക്രിസ്ത്യാനിയും അവശക്രിസ്ത്യാനിയും മാർഗ്ഗവാസിയും’ ആയി വേർതിരിച്ചുള്ള ക്രിസ്തുമതത്തിനുള്ളിലെ ജാതിയെ തിരിച്ചറിഞ്ഞു, ദളിതരെ സംഘടിപ്പിച്ചു ക്രൈസ്തവ നവോത്ഥാനത്തിന്റെ ചരിത്രശബ്ദമായി മാറിയ പൊയ്കയിൽ യോഹന്നാൻ എന്ന സഹോദരന് എന്ത് സ്ഥാനമാണ് ഭാരത ക്രിസ്തുമതത്തിലുള്ളത്? നമ്മുടെ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ചും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നമ്മുടെ പെരുമാറ്റരീതികൾ ക്രിസ്തു വ്യക്തിത്വത്തിലെ ബ്രാൻഡഡ് കളറായ “കരുണ“യെ പ്രതിഫലിപ്പിക്കുന്നതാണോയെന്നു ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഈശോ നമ്മോടു പറയുന്നു: “എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, ഇപ്പോഴത്തെ നിങ്ങളുടെ ക്രൈസ്തവ ജീവിതങ്ങൾക്ക് മാറ്റം ആവശ്യമായിരിക്കുന്നു. സുവിശേഷ മൂല്യങ്ങളിലേ ക്കു മടങ്ങി, ആ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ക്രൈസ്തവ, കുടുംബ, സന്യാസ പൗരോഹിത്യ വ്യക്തിത്വങ്ങൾ പുനർ നിർമിക്കേണ്ടിയിരിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”.
ശത്രുവിന്റെ മനസ്സറിഞ്ഞും, അധിക്ഷേപിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചും, തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ നന്മചെയ്തും സുവിശേഷമൂല്യങ്ങൾക്കു ജീവൻ കൊടുത്തവനാണ് ക്രിസ്തു. അയൽക്കാരന്റെ ദുഃഖവും, വേദനയും, അവന്റെ പട്ടിണിയും, ദാരിദ്ര്യവും, അഭിസംബോധനചെയ്തുകൊണ്ടാണ് ക്രിസ്തു ജീവിതം ആരംഭിച്ചത്. ഇന്നത്തെ സുവിശേഷ ഭാഗത്തു നിറഞ്ഞുനിൽക്കുന്ന ക്രിസ്തു മൂല്യങ്ങൾ നമ്മെ അസ്വസ്ഥതപ്പെടുത്തണം. ആ അസ്വസ്ഥതയിൽ നിന്ന് പുതിയ ജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകണം.
സമാപനം
അടുപ്പിൽ വിറകെരിയുമ്പോൾ തീയുണ്ടാകുന്നപോലെ, നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സന്യാസ പൗരോഹിത്യ ജീവിതത്തിൽ, ക്രൈസ്തവികതയുടെ വിവിധ തലങ്ങളിൽ നമ്മുടെ ക്രിസ്തു സാക്ഷ്യ ജീവിതത്തിലൂടെ ധാർമികത, ക്രിസ്തു മൂല്യങ്ങൾ കൊണ്ടുവരികയാണ് നാം ചെയ്യേണ്ടത്. അതിനായി, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ നിലപാടുതറയിൽ കയറി നിൽക്കുവാൻ സഭാധികാരികൾ മുതലുള്ള ക്രൈസ്തവർക്ക് കഴിയണം. നമുക്ക് ചുറ്റും അസ്വസ്ഥതയും, അനീതിയും, അക്രമവും നടമാടുമ്പോൾ എങ്ങനെ നമുക്ക് നമ്മുടെ സൗധങ്ങളിൽ കിടന്നു ഉറങ്ങാൻ കഴിയും? ഒരു ക്രിസ്തുവിനു, യഥാർത്ഥ ക്രിസ്തു ശിഷ്യന് അതിനു കഴിയില്ല.

ക്രിസ്തുമൂല്യങ്ങളിൽ അടിയുറച്ച ക്രൈസ്തവജീവിതമായി സമൂഹത്തിൽ ഉപ്പായി, ദീപങ്ങളായി നമുക്ക് മാറാം. ക്രിസ്തു എന്ന സംസ്കാരം നമ്മുടെ ജീവിതങ്ങളിൽ തെളിയട്ടെ.