SUNDAY SERMON JN 9, 1-12

ലൂക്ക 9, 1 – 12

സന്ദേശം

Reflection For Today - Christian Discipleship Formation Center

ശ്രീബുദ്ധനും സോക്രട്ടിസിനും ക്രിസ്തുവിനും ശേഷം ഒരു മഹാഗുരുവിന്റെ സാന്നിധ്യം ഇപ്പോൾ ലോകത്തുണ്ടായിരിക്കുന്നു. ആരാണീ മഹാഗുരു? അതാണ് കോവിഡ് 19. ഈ ഗുരു നമ്മുടെ അജ്ഞതയെയും, അഹങ്കാരത്തെയും അന്ധതയെയും തുറന്നു കാണിക്കുന്നു. സകലമനുഷ്യരുടേയും, സമൂഹത്തിന്റെയും, ഭരണകൂടത്തിന്റെയും നിസ്സഹായാവസ്ഥ കോവിഡ് 19 നമ്മെ ബോധ്യപ്പെടുത്തുന്നു. അധികാരം എല്ലാത്തിനും മുകളിലാണെന്നു ധരിച്ച മത രാഷ്ട്രീയ ഭരണാധികാരികൾ കോവിഡിന് മുൻപിൽ പകച്ചു നിൽക്കുന്നു. ആചാര്യന്മാരും, പുരോഹിതന്മാരും കോവിഡിനോട് തോറ്റിരിക്കുന്നു. ശാസ്ത്രവും നമ്മെ രക്ഷിക്കുവാൻ പ്രാപ്‌തമല്ല എന്ന് നാം മെല്ലെ തിരിച്ചറിയുന്നു.

ഇങ്ങനെയുള്ള നിസ്സഹായാവസ്ഥകൾക്കിടയിലും മനുഷ്യന്റെ ഉള്ളിൽ, നമ്മുടെയൊക്കെ ഉള്ളിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്? എന്തുകൊണ്ട് ദൈവമേ, ലോകത്തിൽ, എന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നു? നമ്മുടെ ജീവിതത്തിലെ ചില പ്രശ്നങ്ങൾക്ക് ഉത്തരം തേടുമ്പോൾ തലയിൽ കൈകൾ വച്ച്   നാം ചോദിക്കും, ആരുടെ പാപം മൂലമാണ് തമ്പുരാനേ ഞങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നത്? ഞങ്ങളുടെ പാപം മൂലമാണോ, അതോ ഞങ്ങളുടെ പൂർവികരുടെ പാപം മൂലമാണോ? ഇതിനൊക്കെ എന്ത് പ്രായശ്ചിത്തം ചെയ്താലാണോ തമ്പുരാനേ ഇവയിൽ നിന്നെല്ലാം ഒന്ന് കരകയറുവാൻ പറ്റുന്നത്? പ്രത്യേകിച്ചും ഈ കോവിഡ് കാലത്തു പലവട്ടം നാം ഇങ്ങനെയൊക്കെ ചിന്തിച്ചു പോയിട്ടുണ്ടാകും.

ഇതുപോലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് ഇന്നത്തെ ദൈവവചനം നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.

വ്യാഖ്യാനം

നാലാം സുവിശേഷത്തെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വിശേഷപ്പെട്ടത് ഈശോ ലോകത്തിന്റെ വെളിച്ചമാകുന്നു, പ്രകാശമാകുന്നു എന്നതാണ്. നാലാം സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതല്‍ ഇരുപത്തിയൊന്നാം അദ്ധ്യായം വരെ നീളുന്ന thread തന്നെ ഈശോ വെളിച്ചമാണ് എന്നതാണ്. ഒന്നാം അധ്യായത്തില്‍ പറയുന്നു: “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, അതിനെ കീഴടക്കുവാന്‍ ഇരുളിന് കഴിഞ്ഞില്ല. ആരാണ് ഈ വെളിച്ചം? ക്രിസ്തു. മൂന്നാം അധ്യായത്തില്‍, ഫരിസേയനായ നിക്കോദേമോസ് രാത്രിയില്‍ യേശുവിന്റെ അടുത്ത് വന്നു. രാത്രിയില്‍ ആരുടെ അടുത്ത്? ക്രിസ്തുവിന്റെ, പ്രകാശത്തിന്റെ. ഇതാണ് ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെ സ്നേഹിച്ചു. ആരാണ് പ്രകാശം? ക്രിസ്തു. എട്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രാകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല”. ആരാണീ ഞാന്‍? ക്രിസ്തു. ഒമ്പതാം അധ്യായത്തില്‍ വീണ്ടു ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.” പന്ത്രണ്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക.

Jesus Christ Wallpapers | Christian Songs Online - Listen To ...

വീണ്ടും, നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിനു പ്രകാശത്തില്‍ വിശ്വസിക്കുവിന്‍. പ്രകാശം ക്രിസ്തുവാണ്‌. വീണ്ടും ഈശോ: ഞാന്‍ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു. ആരായി? വെളിച്ചമായി. ഇരുപതാം അധ്യായത്തില്‍ ഇരുട്ടായിരിക്കുമ്പോൾ തന്നെ മഗ്ദലമറിയം ഓടി. എങ്ങോട്ട? പ്രകാശത്തിലേക്ക്, ക്രിസ്തുവിലേക്ക്. ഇരുപത്തൊന്നാം അധ്യായത്തില്‍ തീ കൂട്ടിയിരിക്കുന്നത് അവര്‍ കണ്ടു. വീണ്ടും, പ്രകാശം.

അന്ധന്റെ കണ്ണുകൾക്ക് കാഴ്ച നൽകുന്ന പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ശിഷ്യരുടെ മനസ്സിന്, അതുവഴി ലോകത്തിനു മുഴുവനും വെളിച്ചം നൽകുന്ന, അന്ധത മാറ്റുന്ന ക്രിസ്തുവിനെക്കുറിച്ചു പറയുവാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോ ഫ്രയിമിലൂടെ വികസിച്ചുവരുന്ന ഒരു സിനിമ പോലെയാണ് ഇന്നത്തെ ഈ സംഭവം. ആദ്യം ക്യാമറ ഫോക്കസ് ചെയ്യുന്നത് ഒരു റോഡിലേക്കാണ്. ഉടനെ തന്നെ കാണുന്നത് ഈശോയും ശിഷ്യരും നടന്നു വരുന്നതാണ്. നടന്നുവരുന്ന അവരിൽ നിന്ന് പതുക്കെ പതുക്കെ ക്യാമറ വഴിയരുകിൽ നിൽക്കുന്ന അന്ധനായ ഒരു മനുഷ്യനിലേക്ക് തിരിയുകയാണ്. ശിഷ്യർക്ക് അയാളെ അറിയാം. പലപ്പോഴും അവർ അയാളെ അവിടെ കണ്ടിട്ടുണ്ട്. അയാളെക്കുറിച്ചു അവർക്കു അറിയാം. ജനിച്ചപ്പോഴേ അന്ധനായ ആ മനുഷ്യനോട് പലപ്പോഴും അവർക്കു സഹതാപം തോന്നിയിട്ടുണ്ടാകണം.  വചനം കൃത്യമായി പറയുന്നു, ‘അവൻ ജന്മനാ അന്ധനായിരുന്നു’. അടുത്ത സീൻ ശിഷ്യന്മാർ ഒരുമിച്ചു ഈശോയുടെ അടുത്ത് ചെന്ന് ചോദിക്കുകയാണ്: റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ, ഇവന്റെ മാതാപിതാക്കന്മാരുടെയോ?” ഈശോ ഞെട്ടിപ്പോയിക്കാണും. തീർച്ച! O’ my God! ഇവരെല്ലാവരും അന്ധരാണോ? ഇവരിൽ, ജന്മനാ അന്ധനായ മനുഷ്യനാണോ, അതോ ശിഷ്യരാണോ ശരിക്കും അന്ധർ? ഈശോ അന്ധനെനോക്കി, പിന്നെ ശിഷ്യരുടെ മുഖത്തേക്കും. ഇപ്പോൾ ക്യാമറ ഈശോയുടെ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങളിൽ ഫോക്കസ് ചെയ്തിരിക്കുകയാണ്.  ആ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനനുസരിച്ചു ഭാവനചെയ്യാം. 

സാവകാശം ശിഷ്യരുടെ അന്ധത ഈശോ മനസ്സിലാക്കുകയാണ്. അവരുടെ ചോദ്യത്തിൽ തന്നെ അവരുടെ അന്ധത ഒളിഞ്ഞിരിപ്പുണ്ട്. അന്ധനായ മനുഷ്യന്റെ ശാരീരിക അന്ധതയേക്കാള്‍ ഈശോയെ അസഹ്യപ്പെടുത്തുന്നതു ശിഷ്യരുടെ ഈ മാനസിക, ആത്മീയ അന്ധതയാണ്. ശാരീരിക അന്ധത പാപത്തിന്റെ, അയാളുടെ പിതാക്കന്മാരുടെ പാപത്തിന്റെ, അയാളുടെ തന്നെ പാപത്തിന്റെ ഫലമാണെന്ന ചിന്ത മാനസിക, ആത്മീയ അന്ധതയല്ലാതെ മറ്റെന്താണ്? എന്റെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നത്, ബിസ്സിനസ്സ് വിജയിക്കാത്തത്, കുഞ്ഞുങ്ങളുണ്ടാകാത്തത്, ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ വരുന്നത് പിതാക്കന്മാരുടെ പാപങ്ങള്‍ കാരണമോ, അതോ എന്റെ പാപങ്ങളോ? ഈ ചോദ്യത്തിന് മനുഷ്യനോളം തന്നെ പ്രായമുണ്ട്. ചന്ദ്രയാന്‍-2 വിക്ഷേപിച്ചിട്ടും മനുഷ്യന്‍ ഇന്നും അങ്ങനെ തന്നെ ചിന്തിക്കുന്നു. ക്രിസ്തു കരുണയായി ഇന്നും ജീവിച്ചിട്ടും മനുഷ്യന്‍ അങ്ങനെ തന്നെ ചിന്തിക്കുന്നു. എന്നാല്‍ ഈശോ പറയുന്നു: ‘ഇവന്റെയോ, ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്.’

God Is In Control: 14 Glorious, Comforting Realities

അപ്പോള്‍ പഴയനിയമത്തില്‍ പറയുന്നതോ? ധ്യാനഗുരുക്കന്മാര്‍ പറയുന്നതോ?

ഇതിനൊരു പരിണാമ ചരിത്രമുണ്ട്. പുറപ്പാടിന്റെ പുസ്തകം പറയുന്നു: “എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും”. (പുറ 20, 5) അതായിരുന്നു അന്നത്തെ ജനങ്ങളുടെ വിശ്വാസം. സംഖ്യയുടെ പുസ്തകത്തില്‍ പതിനാലാം അദ്ധ്യായം പതിനെട്ടാം വാക്യം: “കുറ്റക്കാരെ വെറുതെ വിടാതെ പിതാക്കന്മാരുടെ ആകൃത്യങ്ങള്‍ക്ക് മക്കളെ മൂന്നും നാലും തലമുറ വരെ  ശിക്ഷിക്കുന്നവന്നാണ് കര്‍ത്താവ്”. ഇവിടെയും അതെ ചിന്താഗതി തന്നെ. ഇനി നിയമാവര്‍ത്തന കാലഘട്ടം നോക്കൂ: “മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ, പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവന്‍തന്നെ അനുഭവിക്കണം.” ഇവിടെ ചിന്താഗതി മാറി. മനുഷ്യന്‍ വളരുന്നതിനനുസരിച്ച് ദൈവത്തെക്കുറിച്ചുള്ള അവന്റെ/അവളുടെ ചിന്തയും മാറുന്നു. ഇനി കാലങ്ങളേറെ കഴിഞ്ഞ് എസക്കിയേല്‍ പ്രവാചകന്റെ കാലം വരുമ്പോള്‍ മനോഭാവം മാറുന്നു. “കര്‍ത്താവ് അരുളിച്ചെയ്തു: “പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നാൽ മക്കളുടെ പല്ല് പുളിക്കുന്നതെങ്ങനെ?” (എസ 18,2) “പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ, ശിക്ഷിക്കപ്പെടുന്നില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും, ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും” (എസ 18, 20) നോക്കൂ, ഒരു ചിന്തക്ക് പരിണാമം സംഭവിക്കുന്നത്‌! പഴയനിയമത്തിലെ പുസ്തകങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ടെന്നും മനസ്സിലാക്കുക. അതായത്, ഒരു പുസ്തകം കഴിഞ്ഞു അടുത്ത പുസ്തകത്തിൽ എത്തുന്നവരെയുള്ള സമയദൈർഘ്യം വളരെ കൂടുതലാണ്. പഞ്ചഗ്രന്ഥിയിൽ നിന്ന് പ്രാവാചക കാലഘട്ടത്തിൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മാറ്റങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലല്ലോ.   

അതിനുശേഷം ഈശോ വരുന്നു. അവിടുന്ന് പറയുന്നു: മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍, അവന്റെ വേദന, സഹനം, മനുഷ്യൻ നേരിടുന്ന അനീതികൾ, തുടങ്ങിയവ അവന്റെ/അവളുടെ മാതാപിതാക്കളുടെ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ മനുഷ്യനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്.  ഈശോ പറയുന്നത് ലോകത്തിലായിരിക്കുമ്പോൾ നാം ലോകത്തിന്റെ പ്രകാശമായി ജീവിക്കണമെന്നാണ്. ലോകത്തിലായിരിക്കുമ്പോൾ നാം ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യണമെന്നാണ്. നാം ചെയ്യുന്നതിനനുസരിച്ചാണ് നമുക്ക് പ്രതിഫലം. ലോകത്തിൽ പ്രകാശമായി ജീവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശപൂർണമാകും. അന്ധകാരത്തിന്റെ പ്രവർത്തികൾ ചെയ്യുമ്പോഴോ നാം ഇരുട്ടിലായിരിക്കും, നമ്മുടെ കുടുംബവും ഇരുട്ടിലാകും. ഉള്ളിൽ വെളിച്ചമില്ലാതെ ജീവിച്ചാൽ നാം അന്ധരാകും.

അതെ പ്രിയപ്പെട്ടവരേ, ഉള്ളിൽ പ്രകാശമില്ലാതെ അന്ധരായി ജീവിക്കുന്നവരാണോ നാമെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സമകാലീന ചരിത്രം പരിശോധിച്ചാൽ ധാരാളം ഉദാഹരണങ്ങൾ നമുക്ക് ലഭിക്കും. കോവിഡ് കാലത്തു നമ്മുടെ രാജ്യത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ചൈനാ ഗവണ്മെന്റ് – അവർ അന്ധരാണ്!

അമേരിക്കൻ മണ്ണിൽ ഇന്നും വംശീയ വിദ്വേഷം വച്ച് പുലർത്തുന്നുന്നവർ അന്ധരല്ലാതെ മറ്റെന്താണ്?

പ്രളയ ഫണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നവർ അന്ധരാണ്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നവർ അന്ധരാണ്!

സ്വർണക്കള്ളക്കടത്തിലൂടെ സമ്പന്നരാകാൻ ശ്രമിക്കുന്നവർ, വർഗീയ വിദ്വേഷം ആളിക്കത്തിക്കുന്നവർ, ആൾക്കൂട്ട കൊലപാത കങ്ങൾ നടത്തുന്നവർ, മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുന്നവർ – ഇവരൊക്കെ അന്ധരല്ലാതെ മറ്റെന്താണ്? 

Hagia Sophia: Turkish Govt Opens The Door Of Centuries-old Controversy

AD 537 ൽ നിർമിച്ച ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പള്ളി ഹാഗിയ സോഫിയ, 1453 ൽ സുൽത്താൻ മുഹമ്മദ് രണ്ടാമൻ മോസ്കാക്കി മാറ്റിയ ഹാഗിയ സോഫിയ, 1931ൽ കമൽ അട്ടടാർക്ക് ക്രിസ്ത്യൻ-മുസ്ലിം മ്യൂസിയമാക്കി മാറ്റിയ ഹാഗിയ സോഫിയ, മുസ്ലീമുകളുടെ മോസ്കാക്കി മാറ്റിയ തുർക്ക് പ്രസിഡണ്ട് അന്ധനല്ലാതെ മറ്റെന്താണ്?

നമ്മുടേത് അന്ധന്മാരുടെ ലോകമാണോ?  നമ്മുടേത് അന്ധരുള്ള, അന്ധർ മാത്രമുള്ള കുടുംബമാണോ? അന്ധനെ അന്ധൻ നയിക്കുന്ന ഒരു ലോകം എത്ര ഭയാനകമാണ്! വർഗീതയാൽ അന്ധനായവൻ യുദ്ധക്കൊതിയാൽ അന്ധനായവനോട് എന്ത് പറയും? അസൂയയാൽ അന്ധരായവർ അഹങ്കാരത്താൽ അന്ധരായവരോട് എന്ത് പറയും? ഭാരതീയ ആധ്യാത്മികതയിൽ ‘തന്ത്ര ദർശന’ത്തിൽ ശരാഹൻ എന്ന ബുദ്ധ ആചാര്യൻ രചിച്ച ഗീതങ്ങൾ താന്ത്രിക ദർശനത്തിന്റെ അടിസ്ഥാന ശിലകളാണ്. ഇതിൽ ഒരു ഗീതത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “വീട്ടുവിളക്കുകൾ കൊളുത്തപെട്ടിട്ടുണ്ട്. എങ്കിൽ പോലും കുരുടൻ ഇരുട്ടിൽ തന്നെ ജീവിച്ചുകൊണ്ടേയിരിക്കുന്നു…ഒരു സൂര്യനിവിടെ പ്രത്യക്ഷപ്പെടുമ്പോൾ, ഇരുട്ട്, അതെത്രതന്നെ ഗഹനമെങ്കിലും അപ്രത്യക്ഷമാകും.”

ഒരുവൻ അന്ധനാണെങ്കിൽ നല്ല വിളക്കുകൾ, പ്രകാശം നിറഞ്ഞ നല്ല വ്യക്തികൾ, വിശുദ്ധ ഗ്രന്ഥങ്ങൾ കൊളുത്തപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ ഇരുട്ടിലായിരിക്കും. വിളക്കുകളിവിടെ ഇല്ലാഞ്ഞിട്ടല്ല. എന്നാൽ, അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണ്. ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ സ്പർ ശനത്തിനായി അതിയായി നമുക്ക് ആഗ്രഹിക്കാം. കണ്ണുകൾ തുറന്നു തരണേ എന്ന് പ്രാർത്ഥിക്കാം. 

സമാപനം

ഈ അന്ധതക്കെല്ലാം പൂർവികരെ കുറ്റം പറഞ്ഞു രക്ഷപ്പെടുവാൻ ശ്രമിക്കുന്നവരെ നോക്കി ഈശോ പറയും ഹേ, മനുഷ്യരേ നിങ്ങൾ അന്ധരാണ്. പ്രകാശത്തിലേക്ക് വരിക!

നമ്മുടെ ജീവിതത്തിലെ കുറവുകളെ, ഇല്ലായ്മകളെ, ദുഃഖങ്ങളെ, പൂർവികരുടെ പാപമായിക്കാണാതെ, ജീവിതത്തെ അതായിരിക്കുന്ന പോലെ സ്വീകരിക്കുവാനും, ജീവിതം എങ്ങനെയായിരുന്നാലും അത് ദൈവത്തിന്റെ ഇഷ്ടമായിക്കാണാനും ശ്രമിച്ചാൽ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതവഴികളിൽ ക്രിസ്തു നടന്നെത്തും. നമ്മുടെ കുറവുകളെ അവൻ പരിഹരിക്കും. നമ്മുടെ അന്ധത കഴുകിക്കളഞ്ഞു അവിടുന്ന് നമുക്ക് കാഴ്ച്ച നൽകും. നമ്മുടെ കണ്ണീരിനെ അവിടുന്ന് തുടച്ചുമാറ്റും. നമ്മുടെ ബലഹീനതയെ അവൻ ശക്തിപ്പെടുത്തും.  നമ്മുടെ നെടുവീർപ്പുകൾ കേൾക്കുന്നവൻ, നമ്മുടെ മുറിവുകളെ തൈലം പുരട്ടി സുഖപ്പെടുത്തുന്നവൻ നമ്മുടെ ജീവിതം തന്റെ കൃപകൊണ്ട് നിറയ്ക്കും.  നമ്മുടെ ജീവിതം ദൈവത്തിന്റെ മഹത്വം പ്രകടമാകുന്ന ഒന്നാക്കി അവൻ തീർക്കും.

03 March 23, 2014, How To Give God Glory

ഓർക്കുക: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്. ആമ്മേൻ!

വിശുദ്ധ അൽഫോൻസ

Blessed Alphonsa - YouTube

ഇന്ന് ജൂലൈ 28.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ.

ഭാരതസഭയുടെ, കേരള സഭയുടെ സ്വന്തം വിശുദ്ധ!

വിശുദ്ധ അൽഫോൻസാമ്മ യിലൂടെ ദൈവത്തിന്റെ കൃപ

ഇന്ന് ഭൂമിയിലേക്ക് പെയ്തിറങ്ങുകയാണ്.

എന്തുകൊണ്ടാണ് സിസ്റ്റർ അൽഫോൻസ വിശുദ്ധയായത്?

വിശുദ്ധ ഗ്രിഗറി നാസിയാൻസൻ പറഞ്ഞതുപോലെ

ശ്വസനത്തിന്റെ ആവർത്തനക്ഷമതയേക്കാൾ കൂടിയ ആവർത്തനക്ഷമതയോടെ ദൈവത്തെ ഓർത്തതുകൊണ്ടാ’യിരിക്കണം

 അൽഫോൻസാമ്മ വിശുദ്ധയായത്.

അൽഫോൻസാ -അന്നക്കുട്ടി കാണാൻ സുന്ദരിയായിരുന്നു.

പക്ഷെ, ആ സൗന്ദര്യം അവളെ അഹങ്കാരിയാക്കുകയോ, അന്ധയാക്കുകയോ ചെയ്തില്ല.

കാരണം, സൗന്ദര്യത്തിന്റെ മൂർത്ത രൂപമാണ് ദൈവം എന്ന് അവൾ അറിഞ്ഞിരുന്നു.

ആ ദിവ്യ സൗന്ദര്യം എന്തെന്തു ഭാവങ്ങളിലാണ്

പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നതെന്ന് വിസ്മയത്തോടെ

അവൾ മനസ്സിലാക്കി.

പിറന്നു വീഴുന്ന കുഞ്ഞിലും, വിടർന്നു നിൽക്കുന്ന പൂവിലും, പുൽനാമ്പിൽ തൂങ്ങിനില്ക്കുന്ന മഞ്ഞുതുള്ളിയിലും, വിരിഞ്ഞു നിൽക്കുന്ന മഴവില്ലിലും…കല്ലിലും…മണ്ണിലും…

എന്നിട്ടും, ദൈവം നൽകിയ സൗന്ദര്യം മനുഷ്യനെ അഹങ്കാരിയാക്കുന്നു!

ഫാഷൻ ഷോകളുടെ വർണപ്പൊലിമയിൽ,

പരസ്യങ്ങളുടെ മായാപ്രപഞ്ചത്തിൽ,

ഉപഭാഗസംസ്കാരത്തിന്റെ അത്യാർത്തിയിൽ

യുവമനസ്സുകൾക്കു താളം തെറ്റുകയാണിവിടെ.

ആൾക്കൂട്ട മനസ്സാണ് അവരെ നയിക്കുന്നത്.

സൗന്ദര്യവർദ്ധക വസ്തുക്കളല്ല,

ദൈവത്തിന്റെ കൃപയാണ് ജീവിതത്തെ സുന്ദരമാക്കുന്നതെന്ന

ഉള്ളറിവ് നേടിയ ഈ യുവതി -വിശുദ്ധ അൽഫോൻസാ – ആധുനിക യുവതലമുറയുടെ വഴികളിൽ

വിശുദ്ധ സ്നേഹത്തിന്റെ,

നന്മ നിറഞ്ഞ സൗഹൃദങ്ങളുടെ,

 പരസ്പര ബഹുമാനത്തിന്റെ

ലില്ലിപ്പൂക്കൾ വിതറട്ടെ.

അൽഫോൻസാ യിൽ നിന്ന്

വിശുദ്ധ അൽഫോൻസായിലേക്കുള്ള ദൂരം

സമർപ്പണത്തിന്റേതാണ്.

നാക്കുകൊണ്ടെന്നതിനേക്കാൾ ജീവിതംകൊണ്ട്

 ക്രിസ്തുവിനെ പ്രഘോഷിക്കാൻ കഴിഞ്ഞതുകൊണ്ടു

അൽഫോൻസാമ്മയ്‍ക്കു നിലത്തുവീണഴിയുന്ന

ഗോതമ്പു മണിയാകാൻ കഴിഞ്ഞു.

മെഴുകുതിരിപോലെ ഉരുകിയുരുകി മറ്റുള്ളവർക്ക് വെളിച്ചമേകുമ്പോൾ, ചന്ദനംപോലെ അരഞ്ഞരഞ്ഞു മറ്റുള്ളവർക്ക് സുഗന്ധമേകുമ്പോൾ,

ഉപ്പുപോലെ ലയിച്ചു, ലയിച്ചു, ജീവിതങ്ങൾക്ക് രുചിപകരുമ്പോൾ

നമ്മിലൂടെ ഈ പ്രപഞ്ചം കൂടുതൽ സുന്ദരമാകുന്നുവെന്നും

അതുവഴി ദൈവം മഹത്വപ്പെടുന്നുവെന്നും പറഞ്ഞു

ദേ, വിശുദ്ധ അൽഫോൻസാമ്മ പുഞ്ചിരിക്കുന്നു!

മഹാകവി വള്ളത്തോൾ തന്റെ “സുഖം സുഖം” എന്ന കവിതയിൽ പാടുന്നു:

ഇറുപ്പവന്നും മലർ ഗന്ധമേകും

വെട്ടുന്നവന്നും തരു ചൂടകറ്റും

ഹനിപ്പവന്നും കിളി പാട്ടുപാടും

പരോപകാര പ്രവണം പ്രപഞ്ചം.

ഈ പ്രപഞ്ചത്തിന്റെ പ്രവണം, തുടിപ്പ്, ജീവൻ,

സ്വയം ഇല്ലാതായി, മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കുകയാണ്.

ഈ പ്രപഞ്ചത്തിലെ ഫലം ചൂടി നിൽക്കുന്ന,

പൂക്കൾ നിറഞ്ഞു നിൽക്കുന്ന വൃക്ഷലതാദികൾ,

കുടുംബത്തിനുവേണ്ടി നിശബ്ദം

സ്വയം സമർപ്പിക്കുന്ന അമ്മമാർ, അപ്പച്ചന്മാർ,

രോഗികൾക്കായി രാപകലില്ലാതെ ഓടിനടക്കുന്ന ആതുര ശുശ്രൂകർ – മറ്റുള്ളവർക്കുവേണ്ടി ഇല്ലാതാകുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളാണിവ!

Mortal remains of St. Alphonsa, St. Mary's Church, Bharananganam ...

ഭൂമിയെ സുന്ദരമാക്കാൻ,

ഈ ഭൂമിയിലെ ജീവിതം വിശുദ്ധമാക്കൻ

നന്മയും സ്നേഹവും നിറഞ്ഞ ഒരു ഹൃദയമുണ്ടായാൽ മതിയെന്ന്

വിശുദ്ധ അൽഫോൻസാമ്മ നമ്മെ ഓർമിപ്പിക്കുന്നു.

വെളിച്ചമുള്ളിടത്തോളം നടക്കുകയെന്നല്ലാ,

നടക്കുന്നിടത്തൊക്കെ വെളിച്ചം പരത്തുകയെന്നതാണ്

ക്രൈസ്‌തവ ജീവിതവിളി എന്ന്

ഈ ദിനം വീണ്ടും നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധ അൽഫോൻസാമ്മ യുടെ ജീവിതം വായിച്ചു പഠിക്കേണ്ടത്

കാലഘട്ടത്തിന്റെ ആവശ്യമാണ്.

SUNDAY SERMON LK 15, 11-32

ലൂക്ക 15, 11 – 32

സന്ദേശം. ദൈവത്തിന്റെവിലഎന്ന്പറയുന്നത്ഒരുനല്ലഹൃദയമാണ്.

What is a prodigal son? What are some examples? - Quora

നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയുമൊക്കെ വികാരഭരിതമായ ദൃശ്യാവിഷ്കാരമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം. ഇന്നത്തെ സുവിശേഷ ഭാഗം മകനെ നഷ്ടപ്പെടുന്ന, പിന്നീട് അവനെ തിരികെ കിട്ടുന്നതിൽ മതിമറന്നു സന്തോഷിക്കുകയും ചെയ്യുന്ന പിതാവിന്റെയും, പിതാവിൽ നിന്ന് ദൂരെ ഓടിപ്പോകുന്ന, കാലം കുറെ കഴിഞ്ഞു പിതാവിലേക്കു മടങ്ങിയെത്തുന്ന പുത്രന്റെയും കഥയാണ് എന്ന് സാധാരണയായി നമുക്ക് മനസ്സിലാക്കാം. എന്നാൽ, ഈ ഉപമയുടെ ആന്തരിക അർത്ഥത്തിലേക്കു കടക്കുമ്പോൾ വെളിപ്പെടുന്നത് മറ്റൊരു കഥയാണ് – സ്നേഹപിതാവായ ദൈവത്തെ നഷ്ടപ്പെടുത്തുന്ന മനുഷ്യന്റെ കഥ; പിന്നീട് ആ ദൈവത്തെ സ്വന്തമാക്കുന്ന മനുഷ്യന്റെ കഥ. ഒപ്പം, പുത്രിയെ, പുത്രനെ നഷപ്പെടുന്നതിൽ വേദനിക്കുന്ന ദൈവത്തിന്റെയും, അവർ തിരികെയെത്തുമ്പോൾ, തന്നെ സ്വന്തമാക്കുമ്പോൾ അതിയായി സന്തോഷിക്കുന്ന പിതാവിന്റെ കഥ. മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോൾ സ്വർഗം കരയുന്നു. അവൾ, അവൻ തിരികെയെത്തുമ്പോഴോ സ്വർഗം ആഹ്ളാദിക്കുന്നു. അതുകൊണ്ടു ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശമിതാണ്. ഹേ, മനുഷ്യാ, ദൈവത്തെ സ്വന്തമാക്കുമ്പോഴാണ് നിന്റെ ഭൂമിയിലെ ജീവിതം ധന്യമാകുന്നത്.

വ്യാഖ്യാനം

ഒരു ധൂർത്ത പുത്രന്റെ ഉപമയെന്നതിനേക്കാൾ മനുഷ്യ ജീവിതത്തിന്റെ അവസ്ഥ വരച്ചുകാട്ടുവാനാണ് ഈ കഥയിലൂടെ ഈശോ ആഗ്രഹിക്കുന്നത്. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ ജീവിതം മനുഷ്യൻ ക്ലേശകരമാക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്?  ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്. ഞാൻ നിങ്ങളുടെ ദൈവവും, നിങ്ങൾ എന്റെ ജനവുമെന്ന അവസ്ഥയാണ് ദൈവം ആഗ്രഹിച്ചത്. ദൈവത്തെ സ്വന്തമാക്കുന്ന മനുഷ്യന് ലഭിക്കുന്നതു പറുദീസാ, ദൈവത്തോടൊപ്പം നടക്കുന്നവന് തേനും പാലും ഒഴുകുന്ന സ്വർഗ്ഗ തുല്യമായ അവസ്ഥ …അങ്ങനെ ദൈവം കൈ പിടിച്ചു നടത്തുമ്പോൾ, ദൈവത്തോടൊത്തു ജീവിക്കുമ്പോൾ മനുഷ്യനുണ്ടാകുന്ന നന്മ ദൈവം അവനെ, അവളെ പരിചയപ്പെടുത്തുന്നുണ്ട്.

എന്തുകൊണ്ടാണ് മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുന്നത്? മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖലോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും. ഉപമയിലെ ഇളയപുത്രൻ തന്നെ ഉദാഹരണം. ലോകത്തോടൊത്തു, ആൾക്കൂട്ടത്തോടൊത്തു ആകുമ്പോൾ ആണ് അല്ലെങ്കിൽ ആൾക്കൂട്ടത്തിന്റെ മൃഗീയ മനസ്സുമായി ജീവിക്കുമ്പോൾ ആണ് മനുഷ്യന്റെ ഹൃദയം മലിനമാകുന്നത്.   

ആൾക്കൂട്ടത്തിലും ആൾക്കൂട്ടത്തോടൊപ്പവും ആയിരിക്കുമ്പോൾ മാത്രമാണ് ഒരാൾ കുറ്റം ചെയ്യുന്നത്. ഇന്ത്യയിലെ വർഗീയലഹളകളും, ആൾക്കൂട്ട കൊലപാതകങ്ങളും ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമാണ്. ആൾക്കൂട്ടത്തോടൊപ്പമാകുമ്പോൾ മനുഷ്യൻ സ്വന്തം വ്യക്തിത്വം പാടെ മറന്നുപോകുന്നു. യന്ത്രത്തിന്റെ ഭാഗം മാത്രമാകുന്നു. സ്വന്തമായി ഭ്രാന്തമായ രീതിയിൽ ജീവിക്കുമ്പോഴും ആൾക്കൂട്ടത്തിന്റെ അതേ തലത്തിലാണ് മനുഷ്യൻ. അതേ അന്ധതയിൽ ജീവിക്കുന്നു. കുറ്റകൃത്യം ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമാണ്.

എന്നാൽ

Free Bible pictures of the parable of the Prodigal Son (or Two ...

കാറ്റിൽ അലഞ്ഞു നടക്കുന്ന വേളയിൽ, പന്നികളോടൊത്തുള്ള ജീവിതാവസ്ഥയിൽ, ഭക്ഷണം പോലും ലഭിക്കാതെ നരകിക്കുന്ന വേളയിൽ, അത്തരം ഏകാന്തതയിൽ ആയിരിക്കുമ്പോൾ, അപ്പോൾ മാത്രമേ, മനുഷ്യൻ ദൈവം ആരെന്നറിയൂ…നന്മ എന്തെന്നറിയൂ…സ്നേഹം എന്തെന്ന് വിവേചിച്ചറിയൂ…….  ആ സുബോധത്തിലേക്കു നാമോരോരുത്തരും വളരണം. ദൈവത്തെ സ്വന്തമാക്കിയിരിക്കുന്ന ഹൃദയമാണെങ്കിൽ ഒരിക്കലും അവന്റെ അവളുടെ ഹൃദയം മലിനമായിരിക്കുകയില്ല.

ദൈവത്തെ സ്വന്തമാക്കുന്ന വരിലേക്ക് വെളിപാടുകളുടെ ദൈവം കടന്നുവരും. ആ വെളിപാടുകൾക്കു ചെവികൊടുക്കുമ്പോൾ, ഹൃദയം തുറക്കുമ്പോൾ ദൈവം നമ്മെ തന്റെ കൃപയിൽ ആലിംഗനം ചെയ്യും. പഴയ നിയമ പ്രവാചകന്മാർ ദൈവത്തിന്റെ ഈ സ്നേഹം അറിഞ്ഞവരാണ്. ഒ.വി. വിജയൻറെ “ധർമപുരാണ” ത്തിൽ പരാശരൻ ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമായി തോളിൽ തൂക്കിയിട്ട ആയുധങ്ങളുമായി ജാഹ്നവി നദീ തീരത്തുള്ള ഒരു വടവൃക്ഷത്തിന്റെ ചുവട്ടിൽ ഏകനായി ഇരിക്കുമ്പോഴാണ് സുബോധമുണ്ടാകുന്നത്. തന്റെ കർത്തവ്യം ആയുധമെടുക്കലല്ല, നശിപ്പിക്കലല്ല, നിർമാണമാണ് എന്ന് അയാൾ തിരിച്ചറിയുകയാണ്.  അയാളിൽ ദൈവികത പൂവിടുകയാണ്.

സി. വി. ബാലകൃഷ്ണന്റെ “ദൈവം പിയാനോ വായിക്കുമ്പോള്‍” എന്ന ഒരു ചെറുകഥയുണ്ട്. അതില്‍ ഷെപ്പേഡച്ചന്‍, കഥാനായകനായ ജാക്കിനോട് പറയുന്നതിങ്ങനെയാണ്: ““മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ ദൈവത്തിനു വലിയ പ്രതീക്ഷയായിരുന്നു. അവന്‍ പെരുകും, ഒരിക്കലും പരസ്പരം കലഹിക്കില്ല, ആയുധമെടുത്ത് രക്തം ചിന്തുകയില്ല … കൂട്ടുകാരന്റെ ഭവനത്തെ, ഭാര്യയെ മോഹിക്കില്ല …ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കും. … ഇപ്പോള്‍ ദൈവത്തിനു ഇച്ചാഭംഗമാണ്. രമ്യവും പ്രശാന്തവുമായ എദന്‍ തോട്ടത്തില്‍ നഗ്നതയറിയാതെ ശിശു ക്കളെപ്പോലെ നടന്ന ആദവും ഹവ്വയും നഗ്നതയില്‍ ലജ്ജിച്ച് പച്ചിലകളുടെ ഉടുപ്പണിഞ്ഞ് പുറത്തുകടന്നു കൈചേര്‍ത്ത്പിടിച്ചു ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള ഷോപ്പിംഗ്‌ മാളിലൂടെ ബ്രാന്‍ഡഡ് ഉടുപ്പുകള്‍ തേടി നടക്കുന്നു. അതിനിടയില്‍ ഫുഡ്‌കോര്‍ട്ടില്‍ കയറിച്ചെന്നു വിശപ്പകറ്റുന്നു. പൂര്‍വാധികം ഉത്സാഹത്തോടെ വീണ്ടും ഷോപ്പിങ്ങിനു ഇറങ്ങുന്നു. ‘അതില്‍ സന്ന്യാസികളുമുണ്ട്, പുരോഹിതരുമുണ്ട്’. ഏദന്‍ എത്ര അകലെ.

സ്നേഹമുള്ളവരെ, ഈ സങ്കടമാണ് ഇന്നത്തെ സുവിശേഷം. മനുഷ്യന് ദൈവം വളരെ അകലെയാകുന്നു. ദൈവത്തെ സ്വന്തമാക്കാൻ അവനു/ അവൾക്കു കഴിയുന്നില്ല. ആ മനുഷ്യര്‍ രണ്ടുതരമുണ്ട്: ഒന്ന്, ഇളയപുത്രന്‍ ദൈവത്തെ നഷ്ടപ്പെടുത്തി ചെറിയ തോടുകളിലെ കലക്കവെള്ളം കുടിച്ച്, ലോകസുഖത്ത്തിന്റെ തവിടും തിന്ന്, പന്നികളുടെ തലത്തിലെത്തിയ പമ്പരവിഡ്ഢി! രണ്ട്, മൂത്തപുത്രന്‍ – ദൈവത്തെ നഷ്ടപ്പെടുത്തി നിയമത്തിന്റെ കാര്‍ക്കശ്യത്തിലും, പിതാവിന്റെ സ്നേഹത്തെ മനസ്സിലാക്കാതെ, കാരുണ്യത്തെ അറിയാതെ മറ്റുള്ളവരുടെ തെറ്റുകളില്‍ അവരെ വിധിച്ചും ദൈവത്തിൽ നിന്നകന്ന് ജീവിച്ച ബുദ്ധിശൂന്യന്‍! രണ്ടും, ദൈവബോധം ഇല്ലാത്ത, സുബോധം ഇല്ലാത്ത, ദൈവത്തെ സ്വന്തമാക്കാത്ത ആധുനിക മനുഷ്യന്റെ പ്രതിനിധികള്‍!

നാം ഇവരില്‍ ആരെപ്പോലെയാണ്? ഉത്തരം എന്തായാലും സ്നേഹമുള്ളവരെ, നമുക്ക് സുബോധമുണ്ടാകണം. നാം എഴുന്നേല്‍ക്കണം. ജീവനിലേക്കു പ്രവേശിക്കണം. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ്  നില്‍ക്കുന്നത് എന്ന് നാം അറിയണം. പാപം മൂലം അകലെയാണെങ്കിലും നാം ദൈവത്തിലാണ്. നാം ജനിക്കുന്നതും, ജീവിക്കുന്നതും ദൈവത്തിലാണ്; മരിക്കുന്നതും ഉയിര്‍ക്കുന്നതും ദൈവത്തിലാണ്. ദൈവത്തെ സ്വന്തമാക്കാതിരുന്നിട്ടും, ദൈവത്തെ നഷ്ടപ്പെടുത്തിയിട്ടും നമ്മെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, രൂപതയെ, ഈ ലോകത്തെ തന്റെ സ്നേഹത്തില്‍, കാരുണ്യത്തില്‍ ഇന്നും പരിപാലിക്കുന്ന, കൂദാശകളിലൂടെ പുതുവസ്ത്രമണിയിക്കുന്ന, നമുക്കുവേണ്ടി എന്നും വിരുന്നൊരുക്കുന്ന ദൈവത്തിന്റെ ധാരാളിത്തത്തെ നമുക്ക് സ്തുതിക്കണം. ദൈവത്തെ സ്വന്തമാക്കുന്ന നന്മനിറഞ്ഞ ഒരു ജീവിതത്തിലേക്ക് നാം പ്രവേശിക്കണം.

ഒരു ദിവസം ആറു വയസ്സുള്ള ഒരു പയ്യൻ കയ്യിൽ 50 രൂപയുടെ നോട്ടുമായി ദൈവത്തെ വാങ്ങാൻ ഇറങ്ങി. ഒരു കടയിൽ ചെന്ന് ചോദിച്ചു: “ഇവിടെ ദൈവത്തെ വിൽക്കുമോ?” “നീയെന്താ ആളെ കളിയാക്കുകയാണോ?” എന്തോ ഊടായിപ്പാണെന്നു വിചാരിച്ചു ആ കടക്കാരൻ ആ പയ്യനെ കടയിൽ നിന്ന് ഇറക്കി വിട്ടു. പയ്യൻ അടുത്ത കടയിൽ ചെന്നു. അവിടെനിന്നും ഇറക്കി വിട്ടു. അങ്ങനെ ഓരോ കടയിലും ഇതേ ചോദ്യവുമായി അവൻ കയറി ഇറങ്ങി നടന്നു. സന്ധ്യയായി…അവൻ എഴുപതാമത്തെ കടയിലും കയറി ചെന്നു. “ചേട്ടാ, എന്നെ ഒന്ന് സഹായിക്കണം. ഇവിടെ ദൈവത്തെ വിൽക്കുമോ?” അറുപതു വയസ്സ് പ്രായം തോന്നുന്ന ആ മനുഷ്യൻ കുട്ടിയോട് ചോദിച്ചു: “എന്തിനാണ് നിനക്കിപ്പോൾ ദൈവത്തെ?” ഒരാളെങ്കിലും തന്റെ ചോദ്യം കേട്ടല്ലോ എന്ന അത്ഭുതത്തിൽ കുട്ടി നിറകണ്ണുകളോടെ പറഞ്ഞു: “മൂന്നു വർഷം മുൻപ് എന്റെ പപ്പയും മമ്മിയും മരിച്ചു പോയി. അതുകഴിഞ്ഞു എന്റെ അങ്കിളാണ് എന്നെ നോക്കുന്നത്. പക്ഷെ, അങ്കിൾ ഒരു ആക്സിഡന്റ് സംഭവിച്ചു ഇപ്പോൾ ആശുപത്രിയിലാണ്. ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. ഡോക്ടർ പറഞ്ഞു, ദൈവത്തിനു മാത്രമേ നിന്റെ അങ്കിളിനെ രക്ഷിക്കുവാൻ കഴിയുകയുള്ളു എന്ന്.”  കുട്ടി വിചാരിച്ചു ദൈവമെന്തോ ഭയങ്കര അത്ഭുതകരമായ വസ്തുവാണെന്ന്. അതുകൊണ്ടു കുറച്ചു ദൈവത്തെ മേടിച്ചിട്ടു അങ്കിളിനു കഴിക്കുവാൻ കൊടുക്കണം. അങ്ങനെ എന്റെ അങ്കിളിനെ രക്ഷിക്കണം. “ഇവിടെ ദൈവത്തെ വിൽക്കുന്നുണ്ടോ?”കുട്ടിയുടെ നിഷ്കളങ്കത കണ്ടു അയാൾ കുട്ടിയോട് ചോദിച്ചു: ” നിന്റെ കയ്യിൽ എത്ര രൂപയുണ്ട്?” “അമ്പതു രൂപ ” അവൻ പറഞ്ഞു. “ദൈവത്തിനു കൃത്യം ആ വിലയേ വരൂ.” ഇത് പറഞ്ഞിട്ട് ഒരു ചെറിയ കുപ്പിയിൽ ഒരല്പം തേൻ കുട്ടിക്ക് നൽകിയിട്ടു അയാൾ പറഞ്ഞു: “ഇതാണ് ദൈവം. ഇത് നിന്റെ അങ്കിളിനു കൊടുക്കണം.” കുട്ടിയുടെ കണ്ണ് നിറഞ്ഞു. അവനു ഒരുപാട് സന്തോഷമായി. ആ ചെറിയ കുപ്പിയും കയ്യിൽ പിടിച്ചു അവൻ ആശുപത്രിയി ലേക്ക് ഓടി. അവിടെ എത്തി സന്തോഷത്തോടെ വിളിച്ചു കൂവി: “ഇതാ ഞാൻ ദൈവത്തെ കൊണ്ടുവന്നു. എന്റെ അങ്കിൾ രക്ഷപ്പെടും.” പിറ്റേദിവസം രാവിലെ ഒരു വലിയ മെഡിക്കൽ ടീം ആശുപത്രിയിലെത്തി. അവർ ആ മനുഷ്യന്റെ ചികിത്സ ഏറ്റെടുത്തു. മണിക്കൂറുകൾക്കു ശേഷം അയാൾ തിരിച്ചു ജീവിതത്തിലേക്ക് വന്നു. ദിവസങ്ങൾ കഴിഞ്ഞു. ആശുപത്രിയുടെ ബില്ല് വന്നു. അത് കണ്ടു അങ്കിൾ ഞെട്ടി. പക്ഷെ അപ്പോൾ തന്നെ ആശുപത്രിയിൽ നിന്ന് അറിയിപ്പ് വന്നു. ഒരബദ്ധം പറ്റിയതാണ്. ബില്ല് മുഴുവൻ നേരത്തെ തീർത്തതാണ്. ആ മനുഷ്യന് അത്ഭുതമായി. അയാൾ ആ കുട്ടിയോട് ചോദിച്ചു: “എന്താണ് സംഭവിച്ചത്?” കുട്ടി നടന്നതെല്ലാം പറഞ്ഞു. ദൈവത്തെ കാണാൻ പോയ കഥയും തനിക്കു ദൈവത്തെ തന്നു വിട്ട ആമനുഷ്യന്റെ കാര്യവുമെല്ലാം. അങ്കിൾ കുഞ്ഞിനേയും കൂട്ടി ആ മനുഷ്യന്റെ കടയിലേക്ക് പോയി. ആ നാട്ടിലെ തന്നെ ഏറ്റവും സമ്പന്നൻ ആയിരുന്നു അയാൾ.  അങ്കിൾ ആ മനുഷ്യന് കണ്ണീരോടെ നന്ദി പറഞ്ഞു. ആ കടക്കാരൻ പറഞ്ഞു: എനിക്കല്ല നന്ദി പറയേണ്ടത്. ഞാൻ അല്ല നിങ്ങളെ രക്ഷിച്ചത്. നിങ്ങൾക്കുവേണ്ടി കയ്യിൽ അമ്പതു രൂപാ നോട്ടുമായി ഒരു ദിവസം മുഴുവൻ ദൈവത്തെ വാങ്ങാൻ കടകളിൽ കയറി ഇറങ്ങി നടന്ന ഈ കുഞ്ഞിനാണ് നന്ദി പറയേണ്ടത്. അവന്റെ നിഷ്കളങ്കതയും സ്നേഹവും നിറഞ്ഞ ഹൃദയമാണ് നിങ്ങളെ രക്ഷിച്ചത്. ദൈവത്തിന്റെ വില എന്ന് പറയുന്നത് ഒരു നല്ല ഹൃദയമാണ്.

സമാപനം

സ്നേഹമുള്ളവരേ, ഒരു നല്ല ഹൃദയത്തിനു മാത്രമേ ദൈവത്തെ സ്വന്തമാക്കാൻ കഴിയൂ. ദൈവത്തെ സ്വന്തമാക്കിയാലേ നമ്മുടെ ജീവിതം ധന്യമാകൂ…കുടുംബം സമാധാനപൂർണമാകൂ……. ലോകം സുഖം പ്രാപിക്കൂ…  ഈ ലോകത്തോടൊത്തുള്ള യാത്രകളിൽ നാം നമ്മുടെ നല്ല ഹൃദയം നഷ്ടപ്പെടുത്തുമ്പോഴാണ് നാം ദൈവത്തിൽ നിന്ന് അകലുന്നത്.

What Is a Good Heart? – international forgiveness institute

പിന്നീട്, നമ്മെ തേടിയെത്തുന്ന ദൈവം തന്നെ നമുക്ക് അവിടുത്തെ കണ്ടെത്താൻ നല്ലൊരു ഹൃദയം നൽകും. അതാണ് പിതാവായ ദൈവത്തിന്റെ സ്നേഹം. ഒരു നിമിഷവും ക്രിസ്തുവേ, ഞാൻ നിന്നെ നഷ്ടപ്പെടുത്തുകയില്ലെന്ന പ്രാർത്ഥനയോടെ, ദൈവത്തെ സ്വന്തമാക്കുന്ന ദൈവമകനായി, ദൈവമകളായി നമുക്ക് ജീവിക്കാം.

SUNDAY SERMON LK 14, 1-14

ലൂക്കാ 14, 7 – 14

സന്ദേശം-ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ വക്താക്കളാകുക.

What Is the Parable of Honor About? | Jesus Film Project

സീറോമലബാര്‍സഭയുടെ ആരാധനാക്രമവത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ടുശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. കൈത്താക്കാലം ഒരു ഓർമപ്പെടുത്തലിന്റെ കാലമാണ്. “സ്നേഹത്തിന് പകരം സ്നേഹം, ബലിക്ക് പകരം ബലി” എന്നും പറഞ്ഞ്, ശ്ലീഹന്മാര്‍ തുടങ്ങി, രക്തം ചിന്തിയും രക്തം ചിന്താതെയും ഇന്നുവരെയുള്ള ക്രൈസ്തവര്‍ നടത്തിയ പ്രേഷിതപ്രവര്‍ത്തനത്തിന്റെ, ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രിസ്തു വിഭാവനം ചെയ്ത പ്രതിസംസ്കാരം ജീവിച്ചതിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭ വളര്‍ന്നുപന്തലിച്ച് ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലത്ത് നാം ഓര്‍ക്കുക. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, ക്രിസ്തുവുമായി ക്രൈസ്തവർ പോകുമ്പോൾ ഓരോ ക്രൈസ്തവനിലും ഈശോ അവശ്യം പ്രതീക്ഷിക്കുന്ന മനോഹരമായ ചൈതന്യത്തെയാണ് ഇന്നത്തെ സുവിശേഷം പ്രതിനിധാനം ചെയ്യുന്നത്. ഈശോയുടെ ക്രൈസ്തവസാക്ഷ്യദർശനത്തിന്റെ ഏറ്റവും ശക്തമായ ഘടകമായിട്ടാണ് ഈശോ ഇതിനെ കാണുന്നത്. ഇത് ലോകത്തിന്റെ മനോഭാവങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായ, ലോകത്തിന്റെ വാണിജ്യ, മാത്സര്യ സംസ്കാരത്തിന് അന്യമായ ഒരു പ്രതിസംസ്കാരമാണ്. സഭയുടെ വളര്‍ച്ചയുടെ മാനദണ്ഡം ഈ പ്രതിസംസ്കാരം ആയതുകൊണ്ടും, അത് ഈ ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന ക്രൈസ്തവരുടെ ജീവിതമായതുകൊണ്ടും ഇന്നത്തെ സുവിശേഷ സന്ദേശം “ ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകണം കൈസ്തവര്‍” എന്നാണ്.   

വ്യാഖ്യാനം

ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. സുവിശേഷങ്ങളിൽ പലഭാഗങ്ങളിലായി ഈശോയുടെ ഈ ശൈലി നമുക്ക് കാണാവുന്നതാണ്. ഇന്നത്തെ സുവിശേഷ ഭാഗവും ഒരു വിരുന്നിൽ ഈശോ സംബന്ധിക്കുന്നതിനെക്കുറിച്ചും, അവിടെ ഈശോ നടത്തുന്ന ചില നിരീക്ഷണങ്ങളെക്കുറിച്ചും ആണ്. ഈശോയുടെ യഥാർത്ഥ ഉദ്ദേശ്യം ചുമ്മാ വിരുന്നിൽ പങ്കെടുക്കുകയായിരുന്നോ? വീഞ്ഞ് കുടിച്ചു നടക്കുന്ന ഒരാളായി ഫരിസേയർ ഈശോയെ കണ്ടെങ്കിലും, ഭക്ഷണത്തിനിടയ്ക്കു തന്റെ സന്ദേശങ്ങൾ കൂടിയിരിക്കുന്നവർക്കു പകർന്നു കൊടുക്കുക എന്നതായിരുന്നു ഈശോയുടെ ഉദ്ദേശ്യം. കിട്ടുന്ന അവസരങ്ങൾ ഒട്ടും തന്നെ പാഴാക്കാതെ പിതാവിന്റെ മക്കളുടെ ചൈതന്യത്തിലേക്കു മനുഷ്യനെ ഉയർത്തുവാൻ ഈശോ ശ്രമിക്കുമായിരുന്നു. ഇവിടെയും അത് തന്നെയാണ് ഈശോ ചെയ്യുന്നത്.

മഹോദരരോഗിയെ സുഖപ്പെടുത്തിക്കൊണ്ട്, വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ തന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വ വത്ക്കരിക്കപ്പെട്ടവരുടെ സുവിശേഷം പ്രസംഗിക്കുകയാണ്.

God's Invitation to a Meal | Life of Jesus

“നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും.” ലോകസംസ്കാരത്തോടു ചേരാതെ, ഒരു പ്രതിസംസ്കാരം ഈശോ പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രൈസ്തവ ജീവിതത്തിന്റെ വലിയ ദർശനമാണ് ഈശോ പറയുന്നത്.

ലോകത്തിന്റെ പിന്നാലെ പോകാതെ, ആഡംബരങ്ങളിൽ ഭ്രമിക്കാതെ, സമ്പത്തിനു പുറകെ പായാതെ, അവഗണിക്കപ്പെട്ടവരെ പരിഗണിക്കാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ, നീതിയിലേക്കു, സ്വാതന്ത്ര്യത്തിലേക്ക്, സൗഖ്യത്തിലേക്കു നടന്നടുക്കുവാൻ കഴിയാത്തവരുടെ ചലനമാകാൻ, ഭവനമില്ലാത്തവർക്ക് ഭവനമാകാൻ, നഗ്നരായവരെ ഉടുപ്പിക്കാൻ, അഭയാർത്ഥികൾക്ക് അഭയമാകാൻ നീ തയ്യാറാകുമ്പോൾ നീ ഭാഗ്യവാൻ എന്നാണ് നമ്മോടു പറയുന്നത്.

ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.

ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.

ഈ പ്രതിസംസ്കാരത്തിന്റെ അടിസ്ഥാനം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, ഹൃദയത്തിലുള്ള എളിമയും ആണ്. ഈ പ്രതിസംസ്കാരത്തിന്റെ സ്വഭാവം ദൈവ ഹിതത്തിനു സ്വയം സമർപ്പിക്കലാണ്. ഈ പ്രതിസംസ്കാരത്തിന്റെ ചൈതന്യം സ്വയം മുറിയപ്പെടുന്ന, ചിന്തപ്പെടുന്ന വിശുദ്ധ കുർബാനയുടേതാണ്. ഈ പ്രതിസംസ്കാരത്തിന്റെ സൗന്ദര്യം ഒന്നുമില്ലാത്തവരുടെയും, ആരുമില്ലാത്തവരുടെയും ഒപ്പം നിൽക്കുക എന്നതാണ്. അതായിരിക്കണം ഓരോ ക്രൈസ്തവന്റെയും, തിരുസ്സഭയുടെയും രുചിയും മണവും.

ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള  ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. ആഹാബ് രാജാവിന്റെ മുന്‍പില്‍ ചെന്ന് “കര്‍ത്താ വാണെ, വരും കൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ, മഴയോ പെയ്യുകയില്ലെന്നു എന്ത് ഉറപ്പിലാണ് അദ്ദേഹം പറഞ്ഞത്? ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പില്‍. ദൈവം മൂന്നു കാര്യങ്ങള്‍ പറയുന്നുണ്ട്. മരുഭൂമിയിലേക്ക് പോകുക, അവിടെ അരുവിയുണ്ടാകും, വെള്ളത്തിനു. മരുഭൂമിയില്‍ വെള്ളം!? ഭക്ഷണത്തിനോ? കാറ്ററിംഗ്കാരോട് arrange ചെയ്തിട്ടുണ്ട്. കാക്കകളാണ്, എന്തും തട്ടിപ്പറിക്കുന്ന കാക്കകള്‍! പിന്നെ food and accommodation – ഉള്ളതുകൊണ്ട് അപ്പമുണ്ടാക്കി കഴിച്ച ശേഷം മരിക്കാനൊരുങ്ങിയിരിക്കുന്ന വിധവയുടെ വീട്ടില്‍!!

Elijah being fed by the ravens. | Bible pictures, Biblical art ...

പിന്നെ തിരിച്ചു വന്ന് ബാലിന്റെ ആളുകളോട് വെല്ലുവിളി! യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.

രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!

ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ടു ഈശോ കരയുന്നുണ്ടോ?

മനുഷ്യനെന്നും ലോകത്തിന്റെ സംസ്കാരത്തോടാണ് പ്രിയം. അതിൽ അഹങ്കരിക്കുന്നവനാണ് മനുഷ്യൻ. എന്തും സ്വന്തമാക്കാമെന്നുള്ള ഒരു ധാർഷ്ട്യം നമുക്കുണ്ടായിരുന്നു. സമ്പത്തുണ്ടെങ്കിൽ എല്ലാമായി എന്ന ഹുങ്കാണ് നമ്മെ നയിച്ചിരുന്നത്. എന്നാൽ, കൊറോണാസുരൻ തകർത്തുകളഞ്ഞു എല്ലാം. അങ്ങനെ തകരാണുള്ളതെ ഉള്ളു നാം വെട്ടിപ്പിടിക്കുന്നതെല്ലാം. മനുഷ്യൻ ചന്ദ്രനിലേക്ക് കാലുകുത്തിയത് 1969 ൽ ആണെങ്കിൽ കൊറോണാവൈറസിനെ കണ്ടെത്തിയത് 1960 ൽ ആണ്. 60 വർഷങ്ങൾ മുന്നേ, നമ്മളിൽ പലരും ജനിക്കുന്നതിനും മുന്നേ മനുഷ്യൻ കണ്ടെത്തിയ കൊറോണായാണ് പലരൂപഭാവങ്ങളിൽ, ഒടുവിൽ കോവിഡ് 19 ആയി അവതരിച്ചത്. ഇക്കഴിഞ്ഞ നീണ്ട 60 വർഷങ്ങൾ നാം എന്ത് ചെയ്യുകയായിരുന്നു? മനുഷ്യൻ ഒന്നുമല്ല എന്ന് പറയാതെ പറയുകയാണ് കൊറോണ വൈറസ്! നമ്മെ ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്കു നയിക്കുവാനാണ് ഈ മഹാമാരി കടന്നുവന്നിരിക്കുന്നത്.

പക്ഷെ, ഒരു കാര്യം എനിക്കറിയാം. ഈ കോവിഡ് കാലം നമ്മെ, കത്തോലിക്കാ സഭയെ ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്കു നയിച്ചു എന്നത് സന്തോഷകരമാണ്.

കഴിഞ്ഞ വെള്ളിയാഴ്ച്ചത്തെ ദീപിക പത്രത്തിൽ വന്ന ഒരു വാർത്ത നിങ്ങൾ ശ്രദ്ധിച്ചോ? തലക്കെട്ട് ഇങ്ങനെയാണ്: കോവിഡ് പ്രതിരോധം: കത്തോലിക്കാസഭ ചിലവഴിച്ചത് 56 ,16 കോടി രൂപ.

ജൂൺ 30 വരെ കേരളത്തിലെ 32 രൂപതകളും സന്യാസ സ്ഥാപനങ്ങളും കൂടി സമൂഹത്തിൽ ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, ജീവനോപാധികളില്ലാതെ കഷ്ടപ്പെട്ടവർക്കുവേണ്ടി ചിലവഴിച്ച തുകയാണിത്. വാർത്ത കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി. സ്ഥാപനങ്ങളെ കെട്ടിപ്പിടിച്ചു കിടന്ന, ആചാരങ്ങളിൽ മാത്രം മുഴുകി കഴിഞ്ഞ സഭ ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ ചൈതന്യം ഉൾക്കൊണ്ടിരിക്കുന്നു. ഈ തുക മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിയിൽ നൂറുകണക്കിന് സഭാസ്ഥാപനങ്ങൾ ക്വാറന്റീൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഈ പ്രതിസംസ്കാരം കോവിഡാനന്തര സഭയുടെ മുഖമുദ്രയാകണം.

സമാപനം

സ്നേഹമുള്ളവരെ,

10 Quotes on World Hunger | The Borgen Project
ക്രൈസ്തവരുള്ള ലോകത്തു നിന്നാണ് ഈ ചിത്രം എന്നത് നമ്മെ വേദനിപ്പിക്കണം!

ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്. അങ്ങനെ ലോകത്തിനു ദൈവത്തിന്റെ ഭാഗ്യം പകർന്നു നൽകുന്ന ഉത്തമ ക്രൈസ്തവരാകാം.     

Juru Juru, Action Song, Children are simply Rocking, Music : Fr Mathews Payyappilly MCBS, Lyrics:Fr. Saju Pynadath MCBS

SUNDAY SERMON LK 13, 22-35

ലൂക്ക 13, 22 – 35

സന്ദേശം- മാലാഖമാർ ഒരിക്കലും വൈകാറില്ല.

An Experience of a “narrow gate” – Verbum Bible

ശ്ളീഹാക്കാലത്തിലെ അവസാനത്തെ ഞായറാഴ്ച്ച! ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ടുപോകുമ്പോഴും നമ്മെ സ്നേഹിക്കുന്ന പരമകാരുണികനായ ദൈവത്തിന്റെ സംരക്ഷണം, ദൈവത്തിന്റെ രക്ഷ നമുക്കുണ്ടാകുമെന്നു ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുകയാണ്. ഈ ദിവസങ്ങളിലെ വർത്തമാന പത്രങ്ങളും, ടിവി ന്യൂസ് ചാനലുകളും മറ്റു സമ്പർക്ക മാധ്യമങ്ങളും ജീവിത സുഖത്തിനുവേണ്ടി, പണം സമ്പാദിക്കാനായി ഏതു വഴികളും സ്വീകരിക്കുന്ന മനുഷ്യന്റെ രീതികളെക്കുറിച്ചും, അത് കൊണ്ടു ചെ ന്നെത്തിക്കുന്ന വലിയ വിപത്തുകളെക്കുറിച്ചുമാണെന്നത് ഇന്നത്തെ സുവിശേഷ സന്ദേശത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. കള്ളക്കടത്തിന്റെ, വഞ്ചനയുടെ, സർക്കാർസംവിധാനങ്ങളെ ദുരുപയോഗിക്കുന്നതിന്റെ വിശാലവഴികൾ വ്യക്തികൾക്ക് മാത്രമല്ല, നാടിനും ദുരിതങ്ങളേ സമ്മാനിക്കൂ എന്ന് ആനുകാലിക സംഭവങ്ങൾ വിളിച്ചോതുമ്പോൾ ഈശോയുടെ സന്ദേശത്തിനു ചെവികൊടുക്കുവാൻ നാം വൈകരുത്. ഇന്നത്തെ സുവിശേഷ സന്ദേശം ഇങ്ങനെയാണ്: നന്മയിലേക്ക് നയിക്കുന്ന, രക്ഷയിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴികളിൽ ദൈവത്തിന്റെ സംരക്ഷണം നമുക്ക് ഉറപ്പാണ്.

വ്യാഖ്യാനം

ഈശോ ഈ ലോകത്തിലേക്ക് വന്നത് മാനവ കുലത്തെ, നമ്മെ രക്ഷിക്കുന്നതിനായിട്ടാണ് എന്ന് ദൈവവചനം സംശയലേശ്യമെന്യേ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു: ” ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”. (ലൂക്ക 2, 10) ഈശോ നൽകുന്നതും ഈ രക്ഷയാണ്. സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിച്ച ഈശോ എന്താണ് പറയുന്നത്? ” ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു”. (ലൂക്ക 19, 9) വിശുദ്ധ യോഹന്നാൻ പറയുന്നത്, ” ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്”. (1 തിമോ 1, 15) പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ, അഹന്തയുടെ കുതിരപ്പുറത്തു ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ, ക്രിസ്തുവിനെ ഇല്ലായ്മചെയ്യാൻ പുറപ്പെട്ട സാവൂൾ പൗലോസായപ്പോൾ,

Jesus is the only savior in the world who if you gain Him will ...

ക്രിസ്തുവിന്റെ അപ്പസ്തോലനായപ്പോൾ വിളിച്ചുപറയുന്നതും ഇത് തന്നെ. ” യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും, തികച്ചും സ്വീകാര്യവുമാണ്.”

അങ്ങനെ രക്ഷ നൽകാൻ വന്ന ക്രിസ്തുവിനോട് ഒരാൾ ചോദിക്കുകയാണ്, “രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ“? അയാൾക്ക് ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു രക്ഷ നൽകാൻ വന്നവനാണെന്നത്. എന്നാൽ ആരെല്ലാം രക്ഷ പ്രാപിക്കും? അതിനുള്ള വഴിയേത്? അതെങ്ങനെയിരിക്കും? എല്ലാവരും രക്ഷ പ്രാപിക്കുമോ? എന്നൊക്കെയാണ് അയാൾക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ രക്ഷയെക്കുറിച്ചു ഈശോ പറയുന്നില്ല. രക്ഷ പ്രാപിക്കേണ്ട വഴിയുടെ സ്വഭാവത്തെക്കുറിച്ചും, അതിലൂടെ പോയാലേ രക്ഷപ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നും, അതിലൂടെ പോകുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചുമാണ് ഈശോ പറയുന്നത്. മാത്രമല്ല, ഈ വഴിയേ പോയാൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ, സംരക്ഷണത്തോടെ രക്ഷയിലേക്കു എത്തിച്ചേരാനും സാധിക്കുമെന്ന് ഈശോ പറയുന്നു. 

ഈശോ പറയുന്നതിനെ നമുക്ക് ഇങ്ങനെ ക്രോഡീകരിക്കാം.

ഒന്ന്, രക്ഷയിലേക്കുള്ള വഴി ഇടുങ്ങിയതാണ്. അതായത്, നാശത്തിലേക്കുള്ള വഴി വിശാലമാണെന്ന്.

രണ്ട്, ഈ വഴിയിലൂടെ പോകുന്നവർ എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം.

മൂന്ന്, നിന്നിലൂടെ ദൈവം ചെയ്ത നന്മകൾ നീ ചെയ്തതാണെന്ന് വീമ്പു പറയരുത്. കാരണം, അത് അനീതിയാണ്. നീ ദൈവത്തിന്റെ കയ്യിലെ ഒരു ഉപകരണം മാത്രം.

നാല്, പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ ചേർത്ത് നിർത്തി സംരക്ഷിക്കുന്നതുപോലെ ദൈവം നിങ്ങളെ സംരക്ഷിക്കും.

അഞ്ച്, നിങ്ങൾ അതിന് തയ്യാറുള്ളവരായിരിക്കണം.

സ്നേഹമുള്ളവരേ, സ്വർണക്കള്ളക്കടത്തിന്റെ വിശാലമായ വഴികൾ നാശത്തിലേക്കേ നമ്മെ നയിക്കൂ എന്ന് വാർത്താ മാധ്യമങ്ങൾ നമ്മുടെ മുൻപിൽ ചൊല്ലിയാടുമ്പോൾ ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഞാൻ നൽകേണ്ടത്? പരീക്ഷയിൽ കോപ്പിയടിക്കുക എന്ന വിശാലമായ വഴി ചെന്നെത്തിക്കുന്ന ദുരന്തത്തിനും നമ്മുടെ കേരളം സാക്ഷ്യം വഹിച്ചതല്ലേ? ഇങ്ങനെയുള്ള വിശാലമായ വഴികൾ കുട്ടികൾ തേടിയാൽ അവരെ, ശാസിക്കരുതെന്നും, ശിക്ഷിക്കരുതെന്നും, കുട്ടികളെ ശിക്ഷിക്കുന്ന, ശാസിക്കുന്ന അധ്യാപകർ ശിക്ഷാർഹരാണെന്നും പറയുന്ന സമൂഹത്തിലെ മാന്യന്മാരെയും നാം ഈയിടെ കണ്ടു. അധികാരം സ്വന്തമാക്കാൻ ഏതു വിശാലമായ വഴികളും സ്വീകരിക്കാമെന്നും, ആരെയും അതിനായി കുരുതിക്കഴിക്കാമെന്നും ചിന്തിച്ചു അതിനായി ഇറങ്ങിയവർ തങ്ങൾ കുഴിക്കുന്ന കുഴികളിൽ തന്നെ വീണതിനും, വീണുകൊണ്ടിരിക്കുന്നതിനും ചരിത്രം സാക്ഷിയാണ്. ഉത്പത്തി പുസ്തകത്തിൽ മനുഷ്യനെ മണ്ണിൽ നിന്ന് മെനഞ്ഞെടുത്ത ദൈവം അവനിലേക്കു തന്റെ ശ്വാസത്തെ നൽകി. ശ്വാസമെന്താണ്? സാന്നിധ്യമാണ് – the presence of God. അപ്പോൾ നമ്മുടെ ശരീരമെന്താണ്? ദൈവത്തിന്റെ ആലയം, ദൈവ സാന്നിധ്യത്തിന്റെ ഇടം. ഈ സത്യം മനസ്സിലാക്കാതെ ശരീരത്തിന്റെ, അതിന്റെ കാമനകളുടെ, സുഖങ്ങളുടെ പിന്നാലെ, ആ വിശാലമായ വഴിയിലൂടെ പായുന്നവർ, പ്രത്യേകിച്ചും നമ്മുടെ യുവജനങ്ങൾ ചെന്നെത്തുന്ന ദുരന്തങ്ങളുടെ കഥകൾ ലോകത്തിന്റെ ഏതെല്ലാം കോണുകളിൽ നിന്നാണ് നമ്മുടെ ചെവികളിൽ എത്തുന്നത്?

Temptations High Resolution Stock Photography and Images - Alamy

അതുകൊണ്ട്, ഈശോ പറയുന്നു, നന്മയിലേക്ക്, രക്ഷയിലേക്ക്, വിജയത്തിലേക്ക് ഉള്ള വഴികൾ എന്നും ഇടുങ്ങിയതായിരിക്കും. പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ…മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വഴികളെക്കുറിച്ചു. അവർക്കു പറയാനുള്ളത് ഇടുങ്ങിയ വഴികളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്നത് ഇടുങ്ങിയ വഴികളിലൂടെയായിരിക്കും. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വഴികളെക്കുറിച്ചു പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/ പാനാർഹമായി സരിതാംബു തീരാൻ / ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം / ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” ഇടുങ്ങിയ വഴികളാണ് എന്നും നമ്മെ മഹത്വത്തിലേക്കു നയിക്കുക.

എന്താണ് ഈശോയുടെ വാഗ്ദാനം? ‘പിടക്കോഴി അതിന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിച്ചു നിർത്തുന്നതുപോലെയുള്ള സംരക്ഷണം’. സംശയമുണ്ടോ? സങ്കീർത്തനം 91, 11-12 എന്താണ് പറയുന്നത്? ” നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിന്മേൽ തട്ടാതിരിക്കുവാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും”. ഇത് ആർക്കാണ് അറിയാൻ പാടില്ലാത്തത്? നമ്മൾ ക്രൈസ്തവർക്ക്. ആർക്കാണ് അറിയാവുന്നത്? പിശാചിന്. ലൂക്കയുടെ സുവിശേഷം നാലാം അധ്യായത്തിൽ പിശാച് ഈശോയുടെ പറയുന്നത് ഓർക്കുന്നില്ലേ? അവനു സങ്കീർത്തനം 91 മനഃപാഠമാണ്. ഈശോയെ പരീക്ഷിക്കുന്ന വേളയിൽ അവൻ പറയുന്നത് ഈ സങ്കീർത്തന ഭാഗമാണ്.

നമ്മുടെ ഇടുങ്ങിയ ജീവിതവഴികളിൽ – കോവിഡിന്റെ, സാമ്പത്തിക ഞെരുക്കത്തിന്റെ, ജോലിയില്ലായ്മയുടെ, കാർഷിക നഷ്ടങ്ങളുടെ, നന്മ ചെയ്യാൻ ആഗ്രഹിച്ചിട്ടും ചെയ്തുപോകുന്ന തിന്മകളുടെ… – ഇടുങ്ങിയ ജീവിത വഴികളിൽ ദൈവത്തിന്റെ സംരക്ഷണം നമുക്കുണ്ടാകും.

ഈശോയുടെ ജനന സമയം ഈശോയ്ക്കും, യൗസേപ്പിതാവിനും, മാതാവിനും ഇടുങ്ങിയ വഴികളായിരുന്നു. എന്താണവിടെ സംഭവിച്ചത്? ദൈവം തന്റെ മാലാഖമാരെ അയച്ചു. സത്രത്തിൽപോലും സ്ഥലം ലഭിക്കാതെ തെരുവിൽ അലഞ്ഞു നടന്ന യൗസേപ്പിതാവിനും, മാതാവിനും, വൈയ്ക്കോലിന്റെ വേദനയിൽ, ഭൂമി സൃഷ്ടിച്ചവന് ഭൂമിയിൽ ഇടം ലഭിക്കാതിരുന്നതിന്റെ വേദനയിൽ കിടന്ന ഈശോയ്ക്കും സംരക്ഷണമായി മാലാഖമാർ എത്തിയില്ലേ? മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസം കഴിഞ്ഞു പരീക്ഷണത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ സംരക്ഷണമായി മാലാഖമാർ വന്നില്ലേ? വചനം പറയുന്നു: “ദൈവ ദൂതന്മാർ അടുത്ത് വന്നു അവനെ ശുശ്രൂഷിച്ചു”. ഗെത്സമേൻ തോട്ടത്തിൽ രക്തം വിയർക്കേ വേദനിച്ച, അസ്വസ്ഥതയുടെ, ഒറ്റപ്പെടലിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ വഴികളിൽ മാലാഖ വന്നില്ലേ?

വരും, സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വഴികളിലും ദൈവത്തിന്റെ സംരക്ഷണത്തിന്റെ, കൃപയുടെ, അനുഗ്രഹത്തിന്റെ മാലാഖമാർ വരും. എന്ത് ചെയ്യണം? ജാഗ്രതയോടെ, നന്മയിൽ, അഹങ്കാരം വെടിഞ്ഞു അവിടുത്തെ സംരക്ഷണയിൽ കഴിയാൻ നാം യോഗ്യതയോടെ വ്യാപാരിക്കണം.

ഒരിക്കൽ വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകൻ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കുന്ന സംഭവം വളരെ നാടകീയമായി അവതരിപ്പിക്കുകയായിരുന്നു. അബ്രാഹവും കുട്ടിയും മോറിയാമലയിലേക്കു വരുന്നതും, വിറകടുക്കി വച്ച് കുട്ടിയെ തിന്മേൽ കെട്ടുന്നതും കത്തിയെടുക്കുന്നതും ഒക്കെ അവിടെ നടക്കുന്നതുപോലെ തന്നെ അദ്ദേഹം പറയുകയാണ്. അദ്ദേഹം പറഞ്ഞു: അബ്രാഹം താൻ ഉയർത്തിയ കത്തി കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് താഴ്ത്തിയപ്പോൾ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ വന്നു പറഞ്ഞു: “അരുത്”.

പെട്ടെന്ന് ക്ളാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി വാവിട്ടു കരഞ്ഞു. അപ്പോൾ അദ്ധ്യാപകൻ ചോദിച്ചു: “കരയാനെന്തിരിക്കുന്നു? മാലാഖ വന്നില്ലേ? കുഞ്ഞിനെ രക്ഷിച്ചില്ലേ?” കരച്ചിലിനിടയിൽ ആ പെൺകുട്ടി പറഞ്ഞു: “മാലാഖ വരാൻ അല്പം വൈകിയിരുന്നെങ്കിലോ?” ആ അദ്ധ്യാപകൻ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു: ” മാലാഖമാർ ഒരിക്കലും വൈകാറില്ല. കാരണം, ദൈവമാണ് അവരെ അയയ്‌ക്കുന്നത്‌. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നത്. A timely intervention of God -അതാണ് മാലാഖമാർ.

സമാപനം

നമ്മുടെ ജീവിതത്തിലും, നമ്മെ രക്ഷിക്കുവാൻ ദൈവത്തിന്റെ സംരക്ഷണം നമുക്കുണ്ടാകും. ഓർക്കുക, മാലാഖമാർ ഒരിക്കലും വൈകാറില്ല. നമ്മെ നോക്കികൊണ്ട്‌ ദൈവത്തിന് പരിഭവിക്കുവാൻ അവസരം കൊടുക്കരുത്.

Under His Wings – Titus2Grandma

‘മകളെ, മകനെ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകികീഴിൽ ചേർത്ത് നിർത്തുന്നതുപോലെ നിന്നെ എന്റെ സംരക്ഷണയിൽ ചേർത്ത് നിർത്താൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷെ, നീ സമ്മതിച്ചില്ല.’ ജീവിതത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, ഇടറിയ പാദങ്ങളുമായി നീങ്ങുമ്പോൾ ഓർക്കുക: മാലാഖമാർ ഒരിക്കലും വൈകാറില്ല.

SUNDAY SERMON LK 12, 57-13,17

ലൂക്ക 12, 57 – 13, 17

സന്ദേശം

Bible Verses on Redemption and Jesus' Sacrifice

ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്കു പ്രവേശിച്ചിരിക്കുകയാണ് നാം. “മാനസാന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് ആഹ്വാനം ചെയ്തുകൊണ്ട് തന്റെ ദൗത്യം ആരംഭിച്ച ഈശോ, ഉത്ഥാനത്തിനുശേഷം തന്റെ ശ്ലീഹന്മാരിലൂടെ, പിന്നീട് സഭയിലൂടെ ആ ദൗത്യം തുടരുകയാണ്. ഇന്ന് തിരുസഭയിലൂടെ ഈശോ നമ്മോടും പറയുകയാണ്, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, മാനസാന്തരപ്പെടുന്നില്ലെങ്കിൽ ദൈവരാജ്യം സ്വന്തമാക്കുന്നില്ലെങ്കിൽ നിങ്ങൾ നശിക്കും.’ ദൈവ രാജ്യത്തിന്റെ ചൈതന്യം ഉൾക്കൊള്ളുവാനും, നമ്മിലെ ദൈവികതയെ കണ്ടെത്തുവാനും, അതിനായി എപ്പോഴും ശ്രമിക്കുവാനും, മറ്റുള്ളവരെ അതിനായി സഹായിക്കുവാനുമുള്ള ചൈതന്യമാണ് ശ്ളീഹാക്കാലത്തിന്റേത് എന്ന് ഈ ദൈവ വചനഭാഗം നമ്മെ ഓർമിപ്പിക്കുന്നു. നിന്നിലെ ക്രിസ്തുവിനെ കണ്ടെത്തുന്നില്ലെങ്കിൽ, നിന്നോടൊപ്പം എപ്പോഴുമുള്ള ക്രിസ്തുവിനെ നീ കാണുന്നില്ലെങ്കിൽ, ആ സത്യം നീ അറിയുന്നില്ലെങ്കിൽ നിന്റെ ജീവിതം സഫലമാകില്ല എന്നതാണ് ഇന്നത്തെ ദൈവവചന സന്ദേശം.

വ്യാഖ്യാനം

സാധാരണയായി ഈ ദൈവവചനഭാഗം നോമ്പുകാലവായനയിൽപെട്ടതാണല്ലോ എന്നായിരിക്കും നമ്മുടെ ആദ്യ ചിന്ത. എന്നാൽ സത്യം അതല്ല. ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പുമാണ് ഈ ദൈവവചനഭാഗം. നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ നാം അധികം ശ്രദ്ധ കൊടുക്കാത്ത ഒരു ദർശനത്തിലേക്കാണ് ഈശോയുടെ ഇന്നത്തെ ക്ഷണം.  

ഈ സുവിശേഷ ഭാഗം മനസ്സിലാക്കുവാൻ ഒന്ന് രണ്ടു കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഒന്ന്, ദൈവാത്മാവ്, ദൈവിക ചൈതന്യം നിറഞ്ഞു നിൽക്കുന്ന ദേവാലയമാണ് നാമോരോരുത്തരും. രണ്ട്‌, സമുദ്രം പോലെയാണ് നമ്മിലെ ആത്മാവ്, നമ്മിലെ ദൈവസത്ത. അതെക്കാലവും മലിനമാകാതെയിരിക്കും. ഈ രണ്ടുകാര്യങ്ങളും നാം ശരിക്കും മനസ്സിലാക്കണം.

ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനിൽ ദൈവത്തിന്റെ ആത്മാവ്, ദൈവാംശം, ദൈവികത ഒളിഞ്ഞിരിപ്പുണ്ട്. അതാണ് മനുഷ്യന്റെ കേന്ദ്രം. ആ ദൈവികതയെ കണ്ടെത്തുകയാണ്, അനുഭവിക്കുകയാണ്, ആ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ്, ആ ക്രിസ്തുവിനാൽ നിറയപ്പെടുകയാണ് നമ്മുടെ ജീവിത ലക്‌ഷ്യം.

സമുദ്രം പോലെയാണ് നമ്മിലെ ദൈവികത. നമ്മിലെ ദൈവികത നമ്മുടെ ശരീരത്തിൽ ഒതുങ്ങുന്നില്ല. നമ്മുടെ അസ്ഥികളല്ല അത്. നമ്മുടെ കൈകളോ, കാലുകളോ അല്ല. നമ്മുടെ ഹൃദയം പോലുമല്ല. അവയെക്കാളൊക്കെ വലുതാണ്, സമുദ്രം പോലെ വിശാലമാണ് നമ്മിലെ ദൈവികത. ശാസ്ത്ര ഗവേഷണ രംഗത്തു ഗുരു ശ്രേഷ്ഠനായ പ്രൊഫെസ്സർ കെ.  ബാബു ജോസഫ് തന്റെ പുസ്തകത്തിന് കൊടുത്ത പേര് ” ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ” എന്നാണ്. വളരെ ശരിയാണത്. ഈ പ്രപഞ്ചത്തിൽ, നമ്മിൽ നിറഞ്ഞു നിൽക്കുന്ന ദൈവകണത്തിന്റെ അനന്ത വിശാലതയെ പറ്റി ചിന്തിക്കുമ്പോൾ ഈ ശരീരം അതിനു പോരാതെവരും.

സമുദ്രം ഒരിക്കലും മലിനമാകാറില്ല. എത്രമാത്രം ചെളി അതിലേക്കു വന്നാലും സമുദ്രം എപ്പോഴും വിശുദ്ധമായി നിലകൊള്ളും.

Clean Oceans

ഇത് മനസ്സിലാക്കുവാൻ സമുദ്രത്തിന്റെ സ്വഭാവം നാം അറിയണം. സമുദ്രം ഒരിക്കലും മലിനമാകാറില്ല. ലോകത്തുള്ള നദികളെല്ലാം എല്ലാത്തരം ചപ്പുചവറുകളും, ചീഞ്ഞളിഞ്ഞ വസ്തുക്കളും ചെളിയും മറ്റും സമുദ്രത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ലക്ഷക്കണക്കിന് വര്ഷങ്ങളായി അവ സമുദ്രത്തിൽ ഒഴുകി വീണുകൊണ്ടേയിരിക്കുന്നു. എന്നാൽ സമുദ്രം മലിനമാകാതെ നിൽക്കുന്നു. നാം ഓർത്തിരിക്കേണ്ട സത്യമാണിത്. നമ്മുടെ മനസ്സിൽ ഇവ കോറിയിടണം.

നമ്മിലെ ദൈവികതയാണ്, നമ്മുടെ ആത്മാവാണ് സമുദ്രം. നാം ചെറു നദികൾ, സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്ന ചെറു നദികൾ. നാമാകുന്ന ശരീരംകൊണ്ടു, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നാം നല്ലതും ചീത്തയുമായ പ്രവർത്തികൾ ചെയ്തിട്ടുണ്ട്; തെറ്റും ശരിയും ചെയ്തിട്ടുണ്ട്. ദാമ്പത്യ, പരോഹിത്യ, സന്യാസ കടമകൾ നിർവഹിക്കാതിരുന്നിട്ടുണ്ട്; കള്ളക്കണക്കുകൾ എഴുതിയിട്ടുണ്ട്. പരീക്ഷയിലും ജീവിതത്തിലും കോപ്പിയടിച്ചിട്ടുണ്ട്. നുണപറഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ വഞ്ചിച്ചിട്ടുണ്ട്. ഇങ്ങനെ ധാരാളം ചെളിയും, ചപ്പും, ചവറും ഉള്ളിലാക്കിയാണ് നാം സമുദ്രം ലക്ഷ്യമാക്കി ഒഴുകുന്നത്. ശരിയല്ലേ?

എന്നാൽ പരമമായ സത്യം ഓർക്കുക: നിങ്ങൾ എന്ത് ചെയ്താലും നിങ്ങളിലെ സമുദ്രത്തെ, ദൈവികതയെ, ആത്മാവിനെ മലിനമാക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല. നാം എന്തെല്ലാം ചെയ്താലും നമ്മിലെ ദൈവികത ശുദ്ധമായി നിലകൊള്ളും. അതിനെ മറയ്ക്കുവാൻ ചിലപ്പോൾ നമ്മുടെ ചെയ്തികൾ ഇടയാക്കിയേക്കാം. നമ്മിലെ ദൈവികതയെ മറക്കുവാൻ ചിലപ്പോൾ നമ്മുടെ തെറ്റുകൾ ഇടവരുത്തിയേക്കാം. പക്ഷെ ഒരിക്കലും നമ്മിലെ ദൈവികതയെ മലിനമാക്കുവാൻ അവയ്ക്കു കഴിയില്ല.

ഇനി നമുക്ക് ഇന്നത്തെ സുവിശേഷ ഭാഗത്തേക്ക് വരാം. ഈശോയോട് ആളുകൾ പറയുന്നത് മനുഷ്യന്റെ ചെയ്തികളെക്കുറിച്ചാണ്. അവർ സംസാരിക്കുന്നതു നദികളെക്കുറിച്ചാണ്; നദികൾ കൊണ്ടുവരുന്ന മാലന്യങ്ങളെക്കുറിച്ചാണ്. ഗലീലിയാക്കാരായ നദികൾ, പീലാത്തോസിനെപ്പോലുള്ള നദികൾ, ശീലോഹായിൽ ദുരന്തമനുഭവിച്ച നദികൾ… ഈശോ പറയുന്നു, മകളെ, മകനെ, നിന്നിലെ ദൈവികതയിലേക്ക് നീ തിരിയുന്നില്ലെങ്കിൽ, നിന്നിലെ ക്രിസ്തുവിനെ നീ കണ്ടെത്തുന്നില്ലെങ്കിൽ നീ മരിക്കും. കാരണം, ക്രിസ്തുവാണ് ജീവൻ, ആത്മാവാണ് ജീവൻ.

ഈശോ പറയുന്നത് ഇതാണ്: മനുഷ്യൻ ചെയ്യുന്ന ഏതെങ്കിലും കാര്യത്തിന്റെ പേരിൽ ആരെയും ഒരിക്കലും വിലയിരുത്തരുത്. ആരെങ്കിലും മോഷ്ടിച്ചു കാണും, ആരെങ്കിലും മാതാപിതാക്കളോട് ക്രൂരമായി പെരുമാറിക്കാണും, ആരെങ്കിലും കൊലചെയ്തു കാണും, ആരെങ്കിലും ആത്മഹത്യ ചെയ്തുകാണും – അതെല്ലാം നദികൾ പേറുന്ന ചപ്പുചവറുകളാണ്. എന്നാൽ മനുഷ്യനെയും അവന്റെ ജീവിതത്തെയും ഒരു കൊച്ചു പ്രവർത്തിയുടെ അടിസ്ഥാനത്തിൽ പാടെ തള്ളിക്കളയരുത്.

മനുഷ്യന്റെ ചിന്ത അങ്ങനെയാണ്: ആരെങ്കിലും എവിടെയെങ്കിലും ശരിയാണെങ്കിൽ ഇപ്പോഴും ശരിയാണെന്ന ചിന്ത. ആരെങ്കിലും തെറ്റാണെങ്കിൽ എപ്പോഴും തെറ്റാണെന്ന ചിന്ത. അതല്ല യാഥാർഥ്യം. പാപികൾ പോലും വിശുദ്ധരാകാം. വിശുദ്ധന്മാരാകട്ടെ ചില നേരങ്ങളിൽ അവധിയെടുക്കാറുമുണ്ട്. മനുഷ്യനെ അവന്റെ ഏതെങ്കിലും പ്രവർത്തിയുടെ പേരിൽ എക്കാലവും കുറ്റക്കാരനായി മുദ്രകുത്തരുത്. അവളെ/അവനെ മാറ്റി നിർത്താതെ, അവളുടെ/അവന്റെ ജീവിതത്തിലേക്ക് ഒരു ചെറുവെട്ടം കൊടുക്കുവാൻ നമുക്കാകണം. ആ വെട്ടം അവളിലെ/അവനിലെ ദൈവികത അറിയുവാൻ അവളെ/അവനെ സഹായിക്കണം. അപ്പോൾ അവൻ /അവൾ ജീവിക്കും.

മനോഹരമായ ഒരു കഥ പറയാം. ഒരു മനുഷ്യനുണ്ടായിരുന്നു, ഒരു കാട്ടാളൻ. തൊഴിൽ കൊള്ളയും കൊലയും. കാട്ടിലാണ് താമസിച്ചിരുന്നത്. അന്ന് വാല്മീകി എന്നായിരുന്നില്ല അയാളുടെ പേര്. വാല്യഭീൽ എന്നായിരുന്നു.

ഒരിക്കൽ നാരദമുനി അതിലൂടെ യാത്രചെയ്യുകയായിരുന്നു. ആളുകൾ പറഞ്ഞു: “ആ വഴി ആപത്താണ്. കാട്ടിലൂടെ ചെല്ലുമ്പോൾ വാല്യഭീൽ ഉണ്ട്. അയാൾ കൊല്ലാനും മടിക്കില്ല.” എങ്കിലും നാരദൻ അദ്ദേഹത്തിന്റെ സംഗീതോപകരണം വായിച്ചുകൊണ്ടു നടന്നു.

വാല്യഭീൽ കണ്ടു നാരദൻ നടന്നു വരുന്നത്. പിന്നെ സുന്ദരമായ ഗാനവും കേട്ടു. സുന്ദരനും ഗായകനുമായ ആ മനുഷ്യനെ കൊല്ലാൻ മനസ്സ് വന്നില്ല. എങ്കിലും ഇനി ഈ വഴി വന്നാൽ നിന്നെ വച്ചേക്കില്ല എന്ന താക്കീതും നൽകി നാരദനെ വിട്ടയക്കാൻ അയാൾ തീരുമാനിച്ചു. അപ്പോൾ നാരദൻ വാല്യഭീലിനോട് പറഞ്ഞു: “നീ ബലവാനാണ്. എന്തിനാണ് നീ കൊള്ളയും കൊലയും ചെയ്യുന്നത്? “എന്റെ കുടുംബത്തിനുവേണ്ടി”, അയാൾ ഉത്തരം പറഞ്ഞു. “എങ്കിൽ, നാരദൻ അയാളോട് ചോദിച്ചു, കണ്ണിൽച്ചോരയില്ലാത്ത നിന്റെ പ്രവർത്തിയുടെ ശിക്ഷ നിന്റെ ഭാര്യയും, മക്കളും, അച്ഛനും അമ്മയും പങ്കിടുമോ? ഭാര്യയോടും മക്കളോടും ചോദിക്കുക: ഞാൻ ചെയ്യുന്നതെല്ലാം നിങ്ങൾക്കുവേണ്ടിയാണ്. എനിക്ക് കിട്ടുന്ന ശിക്ഷയുടെ പങ്കു നിങ്ങൾ സ്വീകരിക്കുമോ?” വാല്യാഭീൽ വീട്ടിൽ ചെന്ന് ഓരോരുത്തരോടും ചോദിച്ചു. അവരാരും ശിക്ഷയുടെ പങ്കു പറ്റാൻ തയ്യാറായിരുന്നില്ല.

കരഞ്ഞുകൊണ്ടാണ് അയാൾ മടങ്ങി വന്നത്. അയാൾ നാരദനോട് പറഞ്ഞു: “ഒരൊറ്റ ചോദ്യം കൊണ്ട് താങ്കൾ എന്നെ മാറ്റിത്തീർത്തിരിക്കുന്നു. എനിക്കിനി കുടുംബമില്ല. എന്റെ ശിക്ഷ പങ്കുവെയ്ക്കാൻ കഴിയില്ലെങ്കിൽ അവരെന്നെ സ്നേഹിക്കുന്നില്ല. ഞാനിതുവരെ ജീവിച്ചത് ഏതോ മായാലോകത്തായിരുന്നു”.  

അവൻ കത്തി വലിച്ചെറിഞ്ഞു.  കണ്ണടച്ച് ഉള്ളിലെ ദൈവത്തെ, ദൈവികതയെ അന്വേഷിക്കുവാൻ തുടങ്ങി. കഥയുടെ ചുരുക്കം ഇതാണ്. അയാൾ വാത്മീകിയായി.

അപ്പോൾ എന്താണ് പശ്ചാത്താപം? എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി’ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസി യുടെ “എന്റെ ദൈവമേ, എന്റെ സർവസ്വ വുമേ” എന്ന വിളി പശ്ചാത്താപത്തിന്റേതാണ്. “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.

സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ.

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിത ലക്‌ഷ്യം നമ്മിലെ ദൈവികതയെ കണ്ടെത്തുകയാണ്. സഹോദരങ്ങളുമായി പിണങ്ങുമ്പോഴും, അവരുമായി കേസ് വാദിക്കുമ്പോഴും ഓർക്കേണ്ടത് വിശുദ്ധമായ, ദിവ്യമായ നമ്മിലെ ദൈവികതയെയാണ്; മറ്റുള്ളവരിൽ നിറഞ്ഞു നിൽക്കുന്ന ദൈവികതയെയാണ്. നമ്മുടെ തെറ്റുകൾ, മറ്റുള്ളവരുടെ തെറ്റുകൾ – ചെളി നിറഞ്ഞ, വൃത്തികെട്ട ഈ നദികൾ ഒരിക്കലും നമ്മുടെ ദൈവികതയെ മലിനമാക്കുന്നില്ല. പക്ഷെ, നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ദൈവികതയെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം.

Respect Your Divinity – Are you ready to Change Your Life?

ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും തിരയാതെ, അവരിലെ ദൈവികതെയെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും.