SUNDAY SERMON LK 12, 57-13,17

ലൂക്ക 12, 57 – 13, 17

സന്ദേശം

Bible Verses on Redemption and Jesus' Sacrifice

ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്കു പ്രവേശിച്ചിരിക്കുകയാണ് നാം. “മാനസാന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് ആഹ്വാനം ചെയ്തുകൊണ്ട് തന്റെ ദൗത്യം ആരംഭിച്ച ഈശോ, ഉത്ഥാനത്തിനുശേഷം തന്റെ ശ്ലീഹന്മാരിലൂടെ, പിന്നീട് സഭയിലൂടെ ആ ദൗത്യം തുടരുകയാണ്. ഇന്ന് തിരുസഭയിലൂടെ ഈശോ നമ്മോടും പറയുകയാണ്, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, മാനസാന്തരപ്പെടുന്നില്ലെങ്കിൽ ദൈവരാജ്യം സ്വന്തമാക്കുന്നില്ലെങ്കിൽ നിങ്ങൾ നശിക്കും.’ ദൈവ രാജ്യത്തിന്റെ ചൈതന്യം ഉൾക്കൊള്ളുവാനും, നമ്മിലെ ദൈവികതയെ കണ്ടെത്തുവാനും, അതിനായി എപ്പോഴും ശ്രമിക്കുവാനും, മറ്റുള്ളവരെ അതിനായി സഹായിക്കുവാനുമുള്ള ചൈതന്യമാണ് ശ്ളീഹാക്കാലത്തിന്റേത് എന്ന് ഈ ദൈവ വചനഭാഗം നമ്മെ ഓർമിപ്പിക്കുന്നു. നിന്നിലെ ക്രിസ്തുവിനെ കണ്ടെത്തുന്നില്ലെങ്കിൽ, നിന്നോടൊപ്പം എപ്പോഴുമുള്ള ക്രിസ്തുവിനെ നീ കാണുന്നില്ലെങ്കിൽ, ആ സത്യം നീ അറിയുന്നില്ലെങ്കിൽ നിന്റെ ജീവിതം സഫലമാകില്ല എന്നതാണ് ഇന്നത്തെ ദൈവവചന സന്ദേശം.

വ്യാഖ്യാനം

സാധാരണയായി ഈ ദൈവവചനഭാഗം നോമ്പുകാലവായനയിൽപെട്ടതാണല്ലോ എന്നായിരിക്കും നമ്മുടെ ആദ്യ ചിന്ത. എന്നാൽ സത്യം അതല്ല. ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പുമാണ് ഈ ദൈവവചനഭാഗം. നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ നാം അധികം ശ്രദ്ധ കൊടുക്കാത്ത ഒരു ദർശനത്തിലേക്കാണ് ഈശോയുടെ ഇന്നത്തെ ക്ഷണം.  

ഈ സുവിശേഷ ഭാഗം മനസ്സിലാക്കുവാൻ ഒന്ന് രണ്ടു കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഒന്ന്, ദൈവാത്മാവ്, ദൈവിക ചൈതന്യം നിറഞ്ഞു നിൽക്കുന്ന ദേവാലയമാണ് നാമോരോരുത്തരും. രണ്ട്‌, സമുദ്രം പോലെയാണ് നമ്മിലെ ആത്മാവ്, നമ്മിലെ ദൈവസത്ത. അതെക്കാലവും മലിനമാകാതെയിരിക്കും. ഈ രണ്ടുകാര്യങ്ങളും നാം ശരിക്കും മനസ്സിലാക്കണം.

ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനിൽ ദൈവത്തിന്റെ ആത്മാവ്, ദൈവാംശം, ദൈവികത ഒളിഞ്ഞിരിപ്പുണ്ട്. അതാണ് മനുഷ്യന്റെ കേന്ദ്രം. ആ ദൈവികതയെ കണ്ടെത്തുകയാണ്, അനുഭവിക്കുകയാണ്, ആ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ്, ആ ക്രിസ്തുവിനാൽ നിറയപ്പെടുകയാണ് നമ്മുടെ ജീവിത ലക്‌ഷ്യം.

സമുദ്രം പോലെയാണ് നമ്മിലെ ദൈവികത. നമ്മിലെ ദൈവികത നമ്മുടെ ശരീരത്തിൽ ഒതുങ്ങുന്നില്ല. നമ്മുടെ അസ്ഥികളല്ല അത്. നമ്മുടെ കൈകളോ, കാലുകളോ അല്ല. നമ്മുടെ ഹൃദയം പോലുമല്ല. അവയെക്കാളൊക്കെ വലുതാണ്, സമുദ്രം പോലെ വിശാലമാണ് നമ്മിലെ ദൈവികത. ശാസ്ത്ര ഗവേഷണ രംഗത്തു ഗുരു ശ്രേഷ്ഠനായ പ്രൊഫെസ്സർ കെ.  ബാബു ജോസഫ് തന്റെ പുസ്തകത്തിന് കൊടുത്ത പേര് ” ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ” എന്നാണ്. വളരെ ശരിയാണത്. ഈ പ്രപഞ്ചത്തിൽ, നമ്മിൽ നിറഞ്ഞു നിൽക്കുന്ന ദൈവകണത്തിന്റെ അനന്ത വിശാലതയെ പറ്റി ചിന്തിക്കുമ്പോൾ ഈ ശരീരം അതിനു പോരാതെവരും.

സമുദ്രം ഒരിക്കലും മലിനമാകാറില്ല. എത്രമാത്രം ചെളി അതിലേക്കു വന്നാലും സമുദ്രം എപ്പോഴും വിശുദ്ധമായി നിലകൊള്ളും.

Clean Oceans

ഇത് മനസ്സിലാക്കുവാൻ സമുദ്രത്തിന്റെ സ്വഭാവം നാം അറിയണം. സമുദ്രം ഒരിക്കലും മലിനമാകാറില്ല. ലോകത്തുള്ള നദികളെല്ലാം എല്ലാത്തരം ചപ്പുചവറുകളും, ചീഞ്ഞളിഞ്ഞ വസ്തുക്കളും ചെളിയും മറ്റും സമുദ്രത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ലക്ഷക്കണക്കിന് വര്ഷങ്ങളായി അവ സമുദ്രത്തിൽ ഒഴുകി വീണുകൊണ്ടേയിരിക്കുന്നു. എന്നാൽ സമുദ്രം മലിനമാകാതെ നിൽക്കുന്നു. നാം ഓർത്തിരിക്കേണ്ട സത്യമാണിത്. നമ്മുടെ മനസ്സിൽ ഇവ കോറിയിടണം.

നമ്മിലെ ദൈവികതയാണ്, നമ്മുടെ ആത്മാവാണ് സമുദ്രം. നാം ചെറു നദികൾ, സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്ന ചെറു നദികൾ. നാമാകുന്ന ശരീരംകൊണ്ടു, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നാം നല്ലതും ചീത്തയുമായ പ്രവർത്തികൾ ചെയ്തിട്ടുണ്ട്; തെറ്റും ശരിയും ചെയ്തിട്ടുണ്ട്. ദാമ്പത്യ, പരോഹിത്യ, സന്യാസ കടമകൾ നിർവഹിക്കാതിരുന്നിട്ടുണ്ട്; കള്ളക്കണക്കുകൾ എഴുതിയിട്ടുണ്ട്. പരീക്ഷയിലും ജീവിതത്തിലും കോപ്പിയടിച്ചിട്ടുണ്ട്. നുണപറഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ വഞ്ചിച്ചിട്ടുണ്ട്. ഇങ്ങനെ ധാരാളം ചെളിയും, ചപ്പും, ചവറും ഉള്ളിലാക്കിയാണ് നാം സമുദ്രം ലക്ഷ്യമാക്കി ഒഴുകുന്നത്. ശരിയല്ലേ?

എന്നാൽ പരമമായ സത്യം ഓർക്കുക: നിങ്ങൾ എന്ത് ചെയ്താലും നിങ്ങളിലെ സമുദ്രത്തെ, ദൈവികതയെ, ആത്മാവിനെ മലിനമാക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല. നാം എന്തെല്ലാം ചെയ്താലും നമ്മിലെ ദൈവികത ശുദ്ധമായി നിലകൊള്ളും. അതിനെ മറയ്ക്കുവാൻ ചിലപ്പോൾ നമ്മുടെ ചെയ്തികൾ ഇടയാക്കിയേക്കാം. നമ്മിലെ ദൈവികതയെ മറക്കുവാൻ ചിലപ്പോൾ നമ്മുടെ തെറ്റുകൾ ഇടവരുത്തിയേക്കാം. പക്ഷെ ഒരിക്കലും നമ്മിലെ ദൈവികതയെ മലിനമാക്കുവാൻ അവയ്ക്കു കഴിയില്ല.

ഇനി നമുക്ക് ഇന്നത്തെ സുവിശേഷ ഭാഗത്തേക്ക് വരാം. ഈശോയോട് ആളുകൾ പറയുന്നത് മനുഷ്യന്റെ ചെയ്തികളെക്കുറിച്ചാണ്. അവർ സംസാരിക്കുന്നതു നദികളെക്കുറിച്ചാണ്; നദികൾ കൊണ്ടുവരുന്ന മാലന്യങ്ങളെക്കുറിച്ചാണ്. ഗലീലിയാക്കാരായ നദികൾ, പീലാത്തോസിനെപ്പോലുള്ള നദികൾ, ശീലോഹായിൽ ദുരന്തമനുഭവിച്ച നദികൾ… ഈശോ പറയുന്നു, മകളെ, മകനെ, നിന്നിലെ ദൈവികതയിലേക്ക് നീ തിരിയുന്നില്ലെങ്കിൽ, നിന്നിലെ ക്രിസ്തുവിനെ നീ കണ്ടെത്തുന്നില്ലെങ്കിൽ നീ മരിക്കും. കാരണം, ക്രിസ്തുവാണ് ജീവൻ, ആത്മാവാണ് ജീവൻ.

ഈശോ പറയുന്നത് ഇതാണ്: മനുഷ്യൻ ചെയ്യുന്ന ഏതെങ്കിലും കാര്യത്തിന്റെ പേരിൽ ആരെയും ഒരിക്കലും വിലയിരുത്തരുത്. ആരെങ്കിലും മോഷ്ടിച്ചു കാണും, ആരെങ്കിലും മാതാപിതാക്കളോട് ക്രൂരമായി പെരുമാറിക്കാണും, ആരെങ്കിലും കൊലചെയ്തു കാണും, ആരെങ്കിലും ആത്മഹത്യ ചെയ്തുകാണും – അതെല്ലാം നദികൾ പേറുന്ന ചപ്പുചവറുകളാണ്. എന്നാൽ മനുഷ്യനെയും അവന്റെ ജീവിതത്തെയും ഒരു കൊച്ചു പ്രവർത്തിയുടെ അടിസ്ഥാനത്തിൽ പാടെ തള്ളിക്കളയരുത്.

മനുഷ്യന്റെ ചിന്ത അങ്ങനെയാണ്: ആരെങ്കിലും എവിടെയെങ്കിലും ശരിയാണെങ്കിൽ ഇപ്പോഴും ശരിയാണെന്ന ചിന്ത. ആരെങ്കിലും തെറ്റാണെങ്കിൽ എപ്പോഴും തെറ്റാണെന്ന ചിന്ത. അതല്ല യാഥാർഥ്യം. പാപികൾ പോലും വിശുദ്ധരാകാം. വിശുദ്ധന്മാരാകട്ടെ ചില നേരങ്ങളിൽ അവധിയെടുക്കാറുമുണ്ട്. മനുഷ്യനെ അവന്റെ ഏതെങ്കിലും പ്രവർത്തിയുടെ പേരിൽ എക്കാലവും കുറ്റക്കാരനായി മുദ്രകുത്തരുത്. അവളെ/അവനെ മാറ്റി നിർത്താതെ, അവളുടെ/അവന്റെ ജീവിതത്തിലേക്ക് ഒരു ചെറുവെട്ടം കൊടുക്കുവാൻ നമുക്കാകണം. ആ വെട്ടം അവളിലെ/അവനിലെ ദൈവികത അറിയുവാൻ അവളെ/അവനെ സഹായിക്കണം. അപ്പോൾ അവൻ /അവൾ ജീവിക്കും.

മനോഹരമായ ഒരു കഥ പറയാം. ഒരു മനുഷ്യനുണ്ടായിരുന്നു, ഒരു കാട്ടാളൻ. തൊഴിൽ കൊള്ളയും കൊലയും. കാട്ടിലാണ് താമസിച്ചിരുന്നത്. അന്ന് വാല്മീകി എന്നായിരുന്നില്ല അയാളുടെ പേര്. വാല്യഭീൽ എന്നായിരുന്നു.

ഒരിക്കൽ നാരദമുനി അതിലൂടെ യാത്രചെയ്യുകയായിരുന്നു. ആളുകൾ പറഞ്ഞു: “ആ വഴി ആപത്താണ്. കാട്ടിലൂടെ ചെല്ലുമ്പോൾ വാല്യഭീൽ ഉണ്ട്. അയാൾ കൊല്ലാനും മടിക്കില്ല.” എങ്കിലും നാരദൻ അദ്ദേഹത്തിന്റെ സംഗീതോപകരണം വായിച്ചുകൊണ്ടു നടന്നു.

വാല്യഭീൽ കണ്ടു നാരദൻ നടന്നു വരുന്നത്. പിന്നെ സുന്ദരമായ ഗാനവും കേട്ടു. സുന്ദരനും ഗായകനുമായ ആ മനുഷ്യനെ കൊല്ലാൻ മനസ്സ് വന്നില്ല. എങ്കിലും ഇനി ഈ വഴി വന്നാൽ നിന്നെ വച്ചേക്കില്ല എന്ന താക്കീതും നൽകി നാരദനെ വിട്ടയക്കാൻ അയാൾ തീരുമാനിച്ചു. അപ്പോൾ നാരദൻ വാല്യഭീലിനോട് പറഞ്ഞു: “നീ ബലവാനാണ്. എന്തിനാണ് നീ കൊള്ളയും കൊലയും ചെയ്യുന്നത്? “എന്റെ കുടുംബത്തിനുവേണ്ടി”, അയാൾ ഉത്തരം പറഞ്ഞു. “എങ്കിൽ, നാരദൻ അയാളോട് ചോദിച്ചു, കണ്ണിൽച്ചോരയില്ലാത്ത നിന്റെ പ്രവർത്തിയുടെ ശിക്ഷ നിന്റെ ഭാര്യയും, മക്കളും, അച്ഛനും അമ്മയും പങ്കിടുമോ? ഭാര്യയോടും മക്കളോടും ചോദിക്കുക: ഞാൻ ചെയ്യുന്നതെല്ലാം നിങ്ങൾക്കുവേണ്ടിയാണ്. എനിക്ക് കിട്ടുന്ന ശിക്ഷയുടെ പങ്കു നിങ്ങൾ സ്വീകരിക്കുമോ?” വാല്യാഭീൽ വീട്ടിൽ ചെന്ന് ഓരോരുത്തരോടും ചോദിച്ചു. അവരാരും ശിക്ഷയുടെ പങ്കു പറ്റാൻ തയ്യാറായിരുന്നില്ല.

കരഞ്ഞുകൊണ്ടാണ് അയാൾ മടങ്ങി വന്നത്. അയാൾ നാരദനോട് പറഞ്ഞു: “ഒരൊറ്റ ചോദ്യം കൊണ്ട് താങ്കൾ എന്നെ മാറ്റിത്തീർത്തിരിക്കുന്നു. എനിക്കിനി കുടുംബമില്ല. എന്റെ ശിക്ഷ പങ്കുവെയ്ക്കാൻ കഴിയില്ലെങ്കിൽ അവരെന്നെ സ്നേഹിക്കുന്നില്ല. ഞാനിതുവരെ ജീവിച്ചത് ഏതോ മായാലോകത്തായിരുന്നു”.  

അവൻ കത്തി വലിച്ചെറിഞ്ഞു.  കണ്ണടച്ച് ഉള്ളിലെ ദൈവത്തെ, ദൈവികതയെ അന്വേഷിക്കുവാൻ തുടങ്ങി. കഥയുടെ ചുരുക്കം ഇതാണ്. അയാൾ വാത്മീകിയായി.

അപ്പോൾ എന്താണ് പശ്ചാത്താപം? എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി’ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസി യുടെ “എന്റെ ദൈവമേ, എന്റെ സർവസ്വ വുമേ” എന്ന വിളി പശ്ചാത്താപത്തിന്റേതാണ്. “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.

സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ.

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിത ലക്‌ഷ്യം നമ്മിലെ ദൈവികതയെ കണ്ടെത്തുകയാണ്. സഹോദരങ്ങളുമായി പിണങ്ങുമ്പോഴും, അവരുമായി കേസ് വാദിക്കുമ്പോഴും ഓർക്കേണ്ടത് വിശുദ്ധമായ, ദിവ്യമായ നമ്മിലെ ദൈവികതയെയാണ്; മറ്റുള്ളവരിൽ നിറഞ്ഞു നിൽക്കുന്ന ദൈവികതയെയാണ്. നമ്മുടെ തെറ്റുകൾ, മറ്റുള്ളവരുടെ തെറ്റുകൾ – ചെളി നിറഞ്ഞ, വൃത്തികെട്ട ഈ നദികൾ ഒരിക്കലും നമ്മുടെ ദൈവികതയെ മലിനമാക്കുന്നില്ല. പക്ഷെ, നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ദൈവികതയെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം.

Respect Your Divinity – Are you ready to Change Your Life?

ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും തിരയാതെ, അവരിലെ ദൈവികതെയെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും.

2 thoughts on “SUNDAY SERMON LK 12, 57-13,17”

Leave a comment