ലൂക്ക 13, 22 – 35
സന്ദേശം- മാലാഖമാർ ഒരിക്കലും വൈകാറില്ല.

ശ്ളീഹാക്കാലത്തിലെ അവസാനത്തെ ഞായറാഴ്ച്ച! ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ടുപോകുമ്പോഴും നമ്മെ സ്നേഹിക്കുന്ന പരമകാരുണികനായ ദൈവത്തിന്റെ സംരക്ഷണം, ദൈവത്തിന്റെ രക്ഷ നമുക്കുണ്ടാകുമെന്നു ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുകയാണ്. ഈ ദിവസങ്ങളിലെ വർത്തമാന പത്രങ്ങളും, ടിവി ന്യൂസ് ചാനലുകളും മറ്റു സമ്പർക്ക മാധ്യമങ്ങളും ജീവിത സുഖത്തിനുവേണ്ടി, പണം സമ്പാദിക്കാനായി ഏതു വഴികളും സ്വീകരിക്കുന്ന മനുഷ്യന്റെ രീതികളെക്കുറിച്ചും, അത് കൊണ്ടു ചെ ന്നെത്തിക്കുന്ന വലിയ വിപത്തുകളെക്കുറിച്ചുമാണെന്നത് ഇന്നത്തെ സുവിശേഷ സന്ദേശത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. കള്ളക്കടത്തിന്റെ, വഞ്ചനയുടെ, സർക്കാർസംവിധാനങ്ങളെ ദുരുപയോഗിക്കുന്നതിന്റെ വിശാലവഴികൾ വ്യക്തികൾക്ക് മാത്രമല്ല, നാടിനും ദുരിതങ്ങളേ സമ്മാനിക്കൂ എന്ന് ആനുകാലിക സംഭവങ്ങൾ വിളിച്ചോതുമ്പോൾ ഈശോയുടെ സന്ദേശത്തിനു ചെവികൊടുക്കുവാൻ നാം വൈകരുത്. ഇന്നത്തെ സുവിശേഷ സന്ദേശം ഇങ്ങനെയാണ്: നന്മയിലേക്ക് നയിക്കുന്ന, രക്ഷയിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴികളിൽ ദൈവത്തിന്റെ സംരക്ഷണം നമുക്ക് ഉറപ്പാണ്.
വ്യാഖ്യാനം
ഈശോ ഈ ലോകത്തിലേക്ക് വന്നത് മാനവ കുലത്തെ, നമ്മെ രക്ഷിക്കുന്നതിനായിട്ടാണ് എന്ന് ദൈവവചനം സംശയലേശ്യമെന്യേ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു: ” ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”. (ലൂക്ക 2, 10) ഈശോ നൽകുന്നതും ഈ രക്ഷയാണ്. സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിച്ച ഈശോ എന്താണ് പറയുന്നത്? ” ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു”. (ലൂക്ക 19, 9) വിശുദ്ധ യോഹന്നാൻ പറയുന്നത്, ” ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്”. (1 തിമോ 1, 15) പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ, അഹന്തയുടെ കുതിരപ്പുറത്തു ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ, ക്രിസ്തുവിനെ ഇല്ലായ്മചെയ്യാൻ പുറപ്പെട്ട സാവൂൾ പൗലോസായപ്പോൾ,

ക്രിസ്തുവിന്റെ അപ്പസ്തോലനായപ്പോൾ വിളിച്ചുപറയുന്നതും ഇത് തന്നെ. ” യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും, തികച്ചും സ്വീകാര്യവുമാണ്.”
അങ്ങനെ രക്ഷ നൽകാൻ വന്ന ക്രിസ്തുവിനോട് ഒരാൾ ചോദിക്കുകയാണ്, “രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ“? അയാൾക്ക് ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു രക്ഷ നൽകാൻ വന്നവനാണെന്നത്. എന്നാൽ ആരെല്ലാം രക്ഷ പ്രാപിക്കും? അതിനുള്ള വഴിയേത്? അതെങ്ങനെയിരിക്കും? എല്ലാവരും രക്ഷ പ്രാപിക്കുമോ? എന്നൊക്കെയാണ് അയാൾക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ രക്ഷയെക്കുറിച്ചു ഈശോ പറയുന്നില്ല. രക്ഷ പ്രാപിക്കേണ്ട വഴിയുടെ സ്വഭാവത്തെക്കുറിച്ചും, അതിലൂടെ പോയാലേ രക്ഷപ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നും, അതിലൂടെ പോകുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചുമാണ് ഈശോ പറയുന്നത്. മാത്രമല്ല, ഈ വഴിയേ പോയാൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ, സംരക്ഷണത്തോടെ രക്ഷയിലേക്കു എത്തിച്ചേരാനും സാധിക്കുമെന്ന് ഈശോ പറയുന്നു.
ഈശോ പറയുന്നതിനെ നമുക്ക് ഇങ്ങനെ ക്രോഡീകരിക്കാം.
ഒന്ന്, രക്ഷയിലേക്കുള്ള വഴി ഇടുങ്ങിയതാണ്. അതായത്, നാശത്തിലേക്കുള്ള വഴി വിശാലമാണെന്ന്.
രണ്ട്, ഈ വഴിയിലൂടെ പോകുന്നവർ എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം.
മൂന്ന്, നിന്നിലൂടെ ദൈവം ചെയ്ത നന്മകൾ നീ ചെയ്തതാണെന്ന് വീമ്പു പറയരുത്. കാരണം, അത് അനീതിയാണ്. നീ ദൈവത്തിന്റെ കയ്യിലെ ഒരു ഉപകരണം മാത്രം.
നാല്, പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ ചേർത്ത് നിർത്തി സംരക്ഷിക്കുന്നതുപോലെ ദൈവം നിങ്ങളെ സംരക്ഷിക്കും.
അഞ്ച്, നിങ്ങൾ അതിന് തയ്യാറുള്ളവരായിരിക്കണം.
സ്നേഹമുള്ളവരേ, സ്വർണക്കള്ളക്കടത്തിന്റെ വിശാലമായ വഴികൾ നാശത്തിലേക്കേ നമ്മെ നയിക്കൂ എന്ന് വാർത്താ മാധ്യമങ്ങൾ നമ്മുടെ മുൻപിൽ ചൊല്ലിയാടുമ്പോൾ ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഞാൻ നൽകേണ്ടത്? പരീക്ഷയിൽ കോപ്പിയടിക്കുക എന്ന വിശാലമായ വഴി ചെന്നെത്തിക്കുന്ന ദുരന്തത്തിനും നമ്മുടെ കേരളം സാക്ഷ്യം വഹിച്ചതല്ലേ? ഇങ്ങനെയുള്ള വിശാലമായ വഴികൾ കുട്ടികൾ തേടിയാൽ അവരെ, ശാസിക്കരുതെന്നും, ശിക്ഷിക്കരുതെന്നും, കുട്ടികളെ ശിക്ഷിക്കുന്ന, ശാസിക്കുന്ന അധ്യാപകർ ശിക്ഷാർഹരാണെന്നും പറയുന്ന സമൂഹത്തിലെ മാന്യന്മാരെയും നാം ഈയിടെ കണ്ടു. അധികാരം സ്വന്തമാക്കാൻ ഏതു വിശാലമായ വഴികളും സ്വീകരിക്കാമെന്നും, ആരെയും അതിനായി കുരുതിക്കഴിക്കാമെന്നും ചിന്തിച്ചു അതിനായി ഇറങ്ങിയവർ തങ്ങൾ കുഴിക്കുന്ന കുഴികളിൽ തന്നെ വീണതിനും, വീണുകൊണ്ടിരിക്കുന്നതിനും ചരിത്രം സാക്ഷിയാണ്. ഉത്പത്തി പുസ്തകത്തിൽ മനുഷ്യനെ മണ്ണിൽ നിന്ന് മെനഞ്ഞെടുത്ത ദൈവം അവനിലേക്കു തന്റെ ശ്വാസത്തെ നൽകി. ശ്വാസമെന്താണ്? സാന്നിധ്യമാണ് – the presence of God. അപ്പോൾ നമ്മുടെ ശരീരമെന്താണ്? ദൈവത്തിന്റെ ആലയം, ദൈവ സാന്നിധ്യത്തിന്റെ ഇടം. ഈ സത്യം മനസ്സിലാക്കാതെ ശരീരത്തിന്റെ, അതിന്റെ കാമനകളുടെ, സുഖങ്ങളുടെ പിന്നാലെ, ആ വിശാലമായ വഴിയിലൂടെ പായുന്നവർ, പ്രത്യേകിച്ചും നമ്മുടെ യുവജനങ്ങൾ ചെന്നെത്തുന്ന ദുരന്തങ്ങളുടെ കഥകൾ ലോകത്തിന്റെ ഏതെല്ലാം കോണുകളിൽ നിന്നാണ് നമ്മുടെ ചെവികളിൽ എത്തുന്നത്?

അതുകൊണ്ട്, ഈശോ പറയുന്നു, നന്മയിലേക്ക്, രക്ഷയിലേക്ക്, വിജയത്തിലേക്ക് ഉള്ള വഴികൾ എന്നും ഇടുങ്ങിയതായിരിക്കും. പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ…മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വഴികളെക്കുറിച്ചു. അവർക്കു പറയാനുള്ളത് ഇടുങ്ങിയ വഴികളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്നത് ഇടുങ്ങിയ വഴികളിലൂടെയായിരിക്കും. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വഴികളെക്കുറിച്ചു പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/ പാനാർഹമായി സരിതാംബു തീരാൻ / ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം / ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” ഇടുങ്ങിയ വഴികളാണ് എന്നും നമ്മെ മഹത്വത്തിലേക്കു നയിക്കുക.
എന്താണ് ഈശോയുടെ വാഗ്ദാനം? ‘പിടക്കോഴി അതിന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിച്ചു നിർത്തുന്നതുപോലെയുള്ള സംരക്ഷണം’. സംശയമുണ്ടോ? സങ്കീർത്തനം 91, 11-12 എന്താണ് പറയുന്നത്? ” നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിന്മേൽ തട്ടാതിരിക്കുവാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും”. ഇത് ആർക്കാണ് അറിയാൻ പാടില്ലാത്തത്? നമ്മൾ ക്രൈസ്തവർക്ക്. ആർക്കാണ് അറിയാവുന്നത്? പിശാചിന്. ലൂക്കയുടെ സുവിശേഷം നാലാം അധ്യായത്തിൽ പിശാച് ഈശോയുടെ പറയുന്നത് ഓർക്കുന്നില്ലേ? അവനു സങ്കീർത്തനം 91 മനഃപാഠമാണ്. ഈശോയെ പരീക്ഷിക്കുന്ന വേളയിൽ അവൻ പറയുന്നത് ഈ സങ്കീർത്തന ഭാഗമാണ്.
നമ്മുടെ ഇടുങ്ങിയ ജീവിതവഴികളിൽ – കോവിഡിന്റെ, സാമ്പത്തിക ഞെരുക്കത്തിന്റെ, ജോലിയില്ലായ്മയുടെ, കാർഷിക നഷ്ടങ്ങളുടെ, നന്മ ചെയ്യാൻ ആഗ്രഹിച്ചിട്ടും ചെയ്തുപോകുന്ന തിന്മകളുടെ… – ഇടുങ്ങിയ ജീവിത വഴികളിൽ ദൈവത്തിന്റെ സംരക്ഷണം നമുക്കുണ്ടാകും.
ഈശോയുടെ ജനന സമയം ഈശോയ്ക്കും, യൗസേപ്പിതാവിനും, മാതാവിനും ഇടുങ്ങിയ വഴികളായിരുന്നു. എന്താണവിടെ സംഭവിച്ചത്? ദൈവം തന്റെ മാലാഖമാരെ അയച്ചു. സത്രത്തിൽപോലും സ്ഥലം ലഭിക്കാതെ തെരുവിൽ അലഞ്ഞു നടന്ന യൗസേപ്പിതാവിനും, മാതാവിനും, വൈയ്ക്കോലിന്റെ വേദനയിൽ, ഭൂമി സൃഷ്ടിച്ചവന് ഭൂമിയിൽ ഇടം ലഭിക്കാതിരുന്നതിന്റെ വേദനയിൽ കിടന്ന ഈശോയ്ക്കും സംരക്ഷണമായി മാലാഖമാർ എത്തിയില്ലേ? മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസം കഴിഞ്ഞു പരീക്ഷണത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ സംരക്ഷണമായി മാലാഖമാർ വന്നില്ലേ? വചനം പറയുന്നു: “ദൈവ ദൂതന്മാർ അടുത്ത് വന്നു അവനെ ശുശ്രൂഷിച്ചു”. ഗെത്സമേൻ തോട്ടത്തിൽ രക്തം വിയർക്കേ വേദനിച്ച, അസ്വസ്ഥതയുടെ, ഒറ്റപ്പെടലിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ വഴികളിൽ മാലാഖ വന്നില്ലേ?
വരും, സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വഴികളിലും ദൈവത്തിന്റെ സംരക്ഷണത്തിന്റെ, കൃപയുടെ, അനുഗ്രഹത്തിന്റെ മാലാഖമാർ വരും. എന്ത് ചെയ്യണം? ജാഗ്രതയോടെ, നന്മയിൽ, അഹങ്കാരം വെടിഞ്ഞു അവിടുത്തെ സംരക്ഷണയിൽ കഴിയാൻ നാം യോഗ്യതയോടെ വ്യാപാരിക്കണം.
ഒരിക്കൽ വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകൻ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കുന്ന സംഭവം വളരെ നാടകീയമായി അവതരിപ്പിക്കുകയായിരുന്നു. അബ്രാഹവും കുട്ടിയും മോറിയാമലയിലേക്കു വരുന്നതും, വിറകടുക്കി വച്ച് കുട്ടിയെ അതിന്മേൽ കെട്ടുന്നതും കത്തിയെടുക്കുന്നതും ഒക്കെ അവിടെ നടക്കുന്നതുപോലെ തന്നെ അദ്ദേഹം പറയുകയാണ്. അദ്ദേഹം പറഞ്ഞു: അബ്രാഹം താൻ ഉയർത്തിയ കത്തി കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് താഴ്ത്തിയപ്പോൾ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ വന്നു പറഞ്ഞു: “അരുത്”.
പെട്ടെന്ന് ക്ളാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി വാവിട്ടു കരഞ്ഞു. അപ്പോൾ അദ്ധ്യാപകൻ ചോദിച്ചു: “കരയാനെന്തിരിക്കുന്നു? മാലാഖ വന്നില്ലേ? കുഞ്ഞിനെ രക്ഷിച്ചില്ലേ?” കരച്ചിലിനിടയിൽ ആ പെൺകുട്ടി പറഞ്ഞു: “മാലാഖ വരാൻ അല്പം വൈകിയിരുന്നെങ്കിലോ?” ആ അദ്ധ്യാപകൻ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു: ” മാലാഖമാർ ഒരിക്കലും വൈകാറില്ല. കാരണം, ദൈവമാണ് അവരെ അയയ്‌ക്കുന്നത്. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നത്. A timely intervention of God -അതാണ് മാലാഖമാർ.
സമാപനം
നമ്മുടെ ജീവിതത്തിലും, നമ്മെ രക്ഷിക്കുവാൻ ദൈവത്തിന്റെ സംരക്ഷണം നമുക്കുണ്ടാകും. ഓർക്കുക, മാലാഖമാർ ഒരിക്കലും വൈകാറില്ല. നമ്മെ നോക്കികൊണ്ട് ദൈവത്തിന് പരിഭവിക്കുവാൻ അവസരം കൊടുക്കരുത്.

‘മകളെ, മകനെ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്ത് നിർത്തുന്നതുപോലെ നിന്നെ എന്റെ സംരക്ഷണയിൽ ചേർത്ത് നിർത്താൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷെ, നീ സമ്മതിച്ചില്ല.’ ജീവിതത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, ഇടറിയ പാദങ്ങളുമായി നീങ്ങുമ്പോൾ ഓർക്കുക: മാലാഖമാർ ഒരിക്കലും വൈകാറില്ല.