ലൂക്ക 15, 11 – 32
സന്ദേശം–. ദൈവത്തിന്റെവിലഎന്ന്പറയുന്നത്ഒരുനല്ലഹൃദയമാണ്.
നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയുമൊക്കെ വികാരഭരിതമായ ദൃശ്യാവിഷ്കാരമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം. ഇന്നത്തെ സുവിശേഷ ഭാഗം മകനെ നഷ്ടപ്പെടുന്ന, പിന്നീട് അവനെ തിരികെ കിട്ടുന്നതിൽ മതിമറന്നു സന്തോഷിക്കുകയും ചെയ്യുന്ന പിതാവിന്റെയും, പിതാവിൽ നിന്ന് ദൂരെ ഓടിപ്പോകുന്ന, കാലം കുറെ കഴിഞ്ഞു പിതാവിലേക്കു മടങ്ങിയെത്തുന്ന പുത്രന്റെയും കഥയാണ് എന്ന് സാധാരണയായി നമുക്ക് മനസ്സിലാക്കാം. എന്നാൽ, ഈ ഉപമയുടെ ആന്തരിക അർത്ഥത്തിലേക്കു കടക്കുമ്പോൾ വെളിപ്പെടുന്നത് മറ്റൊരു കഥയാണ് – സ്നേഹപിതാവായ ദൈവത്തെ നഷ്ടപ്പെടുത്തുന്ന മനുഷ്യന്റെ കഥ; പിന്നീട് ആ ദൈവത്തെ സ്വന്തമാക്കുന്ന മനുഷ്യന്റെ കഥ. ഒപ്പം, പുത്രിയെ, പുത്രനെ നഷപ്പെടുന്നതിൽ വേദനിക്കുന്ന ദൈവത്തിന്റെയും, അവർ തിരികെയെത്തുമ്പോൾ, തന്നെ സ്വന്തമാക്കുമ്പോൾ അതിയായി സന്തോഷിക്കുന്ന പിതാവിന്റെ കഥ. മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോൾ സ്വർഗം കരയുന്നു. അവൾ, അവൻ തിരികെയെത്തുമ്പോഴോ സ്വർഗം ആഹ്ളാദിക്കുന്നു. അതുകൊണ്ടു ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശമിതാണ്. ഹേ, മനുഷ്യാ, ദൈവത്തെ സ്വന്തമാക്കുമ്പോഴാണ് നിന്റെ ഈ ഭൂമിയിലെ ജീവിതം ധന്യമാകുന്നത്.
വ്യാഖ്യാനം
ഒരു ധൂർത്ത പുത്രന്റെ ഉപമയെന്നതിനേക്കാൾ മനുഷ്യ ജീവിതത്തിന്റെ അവസ്ഥ വരച്ചുകാട്ടുവാനാണ് ഈ കഥയിലൂടെ ഈശോ ആഗ്രഹിക്കുന്നത്. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ ജീവിതം മനുഷ്യൻ ക്ലേശകരമാക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്? ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്. ഞാൻ നിങ്ങളുടെ ദൈവവും, നിങ്ങൾ എന്റെ ജനവുമെന്ന അവസ്ഥയാണ് ദൈവം ആഗ്രഹിച്ചത്. ദൈവത്തെ സ്വന്തമാക്കുന്ന മനുഷ്യന് ലഭിക്കുന്നതു പറുദീസാ, ദൈവത്തോടൊപ്പം നടക്കുന്നവന് തേനും പാലും ഒഴുകുന്ന സ്വർഗ്ഗ തുല്യമായ അവസ്ഥ …അങ്ങനെ ദൈവം കൈ പിടിച്ചു നടത്തുമ്പോൾ, ദൈവത്തോടൊത്തു ജീവിക്കുമ്പോൾ മനുഷ്യനുണ്ടാകുന്ന നന്മ ദൈവം അവനെ, അവളെ പരിചയപ്പെടുത്തുന്നുണ്ട്.
എന്തുകൊണ്ടാണ് മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുന്നത്? മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖലോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും. ഉപമയിലെ ഇളയപുത്രൻ തന്നെ ഉദാഹരണം. ലോകത്തോടൊത്തു, ആൾക്കൂട്ടത്തോടൊത്തു ആകുമ്പോൾ ആണ് അല്ലെങ്കിൽ ആൾക്കൂട്ടത്തിന്റെ മൃഗീയ മനസ്സുമായി ജീവിക്കുമ്പോൾ ആണ് മനുഷ്യന്റെ ഹൃദയം മലിനമാകുന്നത്.
ആൾക്കൂട്ടത്തിലും ആൾക്കൂട്ടത്തോടൊപ്പവും ആയിരിക്കുമ്പോൾ മാത്രമാണ് ഒരാൾ കുറ്റം ചെയ്യുന്നത്. ഇന്ത്യയിലെ വർഗീയലഹളകളും, ആൾക്കൂട്ട കൊലപാതകങ്ങളും ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമാണ്. ആൾക്കൂട്ടത്തോടൊപ്പമാകുമ്പോൾ മനുഷ്യൻ സ്വന്തം വ്യക്തിത്വം പാടെ മറന്നുപോകുന്നു. യന്ത്രത്തിന്റെ ഭാഗം മാത്രമാകുന്നു. സ്വന്തമായി ഭ്രാന്തമായ രീതിയിൽ ജീവിക്കുമ്പോഴും ആൾക്കൂട്ടത്തിന്റെ അതേ തലത്തിലാണ് മനുഷ്യൻ. അതേ അന്ധതയിൽ ജീവിക്കുന്നു. കുറ്റകൃത്യം ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമാണ്.
എന്നാൽ

കാറ്റിൽ അലഞ്ഞു നടക്കുന്ന വേളയിൽ, പന്നികളോടൊത്തുള്ള ജീവിതാവസ്ഥയിൽ, ഭക്ഷണം പോലും ലഭിക്കാതെ നരകിക്കുന്ന വേളയിൽ, അത്തരം ഏകാന്തതയിൽ ആയിരിക്കുമ്പോൾ, അപ്പോൾ മാത്രമേ, മനുഷ്യൻ ദൈവം ആരെന്നറിയൂ…നന്മ എന്തെന്നറിയൂ…സ്നേഹം എന്തെന്ന് വിവേചിച്ചറിയൂ……. ആ സുബോധത്തിലേക്കു നാമോരോരുത്തരും വളരണം. ദൈവത്തെ സ്വന്തമാക്കിയിരിക്കുന്ന ഹൃദയമാണെങ്കിൽ ഒരിക്കലും അവന്റെ അവളുടെ ഹൃദയം മലിനമായിരിക്കുകയില്ല.
ദൈവത്തെ സ്വന്തമാക്കുന്ന വരിലേക്ക് വെളിപാടുകളുടെ ദൈവം കടന്നുവരും. ആ വെളിപാടുകൾക്കു ചെവികൊടുക്കുമ്പോൾ, ഹൃദയം തുറക്കുമ്പോൾ ദൈവം നമ്മെ തന്റെ കൃപയിൽ ആലിംഗനം ചെയ്യും. പഴയ നിയമ പ്രവാചകന്മാർ ദൈവത്തിന്റെ ഈ സ്നേഹം അറിഞ്ഞവരാണ്. ഒ.വി. വിജയൻറെ “ധർമപുരാണ” ത്തിൽ പരാശരൻ ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമായി തോളിൽ തൂക്കിയിട്ട ആയുധങ്ങളുമായി ജാഹ്നവി നദീ തീരത്തുള്ള ഒരു വടവൃക്ഷത്തിന്റെ ചുവട്ടിൽ ഏകനായി ഇരിക്കുമ്പോഴാണ് സുബോധമുണ്ടാകുന്നത്. തന്റെ കർത്തവ്യം ആയുധമെടുക്കലല്ല, നശിപ്പിക്കലല്ല, നിർമാണമാണ് എന്ന് അയാൾ തിരിച്ചറിയുകയാണ്. അയാളിൽ ദൈവികത പൂവിടുകയാണ്.
സി. വി. ബാലകൃഷ്ണന്റെ “ദൈവം പിയാനോ വായിക്കുമ്പോള്‍” എന്ന ഒരു ചെറുകഥയുണ്ട്. അതില്‍ ഷെപ്പേഡച്ചന്‍, കഥാനായകനായ ജാക്കിനോട് പറയുന്നതിങ്ങനെയാണ്: ““മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ ദൈവത്തിനു വലിയ പ്രതീക്ഷയായിരുന്നു. അവന്‍ പെരുകും, ഒരിക്കലും പരസ്പരം കലഹിക്കില്ല, ആയുധമെടുത്ത് രക്തം ചിന്തുകയില്ല … കൂട്ടുകാരന്റെ ഭവനത്തെ, ഭാര്യയെ മോഹിക്കില്ല …ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കും. … ഇപ്പോള്‍ ദൈവത്തിനു ഇച്ചാഭംഗമാണ്. രമ്യവും പ്രശാന്തവുമായ എദന്‍ തോട്ടത്തില്‍ നഗ്നതയറിയാതെ ശിശു ക്കളെപ്പോലെ നടന്ന ആദവും ഹവ്വയും നഗ്നതയില്‍ ലജ്ജിച്ച് പച്ചിലകളുടെ ഉടുപ്പണിഞ്ഞ് പുറത്തുകടന്നു കൈചേര്‍ത്ത്പിടിച്ചു ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള ഷോപ്പിംഗ് മാളിലൂടെ ബ്രാന്‍ഡഡ് ഉടുപ്പുകള്‍ തേടി നടക്കുന്നു. അതിനിടയില്‍ ഫുഡ്‌കോര്‍ട്ടില്‍ കയറിച്ചെന്നു വിശപ്പകറ്റുന്നു. പൂര്‍വാധികം ഉത്സാഹത്തോടെ വീണ്ടും ഷോപ്പിങ്ങിനു ഇറങ്ങുന്നു. ‘അതില്‍ സന്ന്യാസികളുമുണ്ട്, പുരോഹിതരുമുണ്ട്’. ഏദന്‍ എത്ര അകലെ.”
സ്നേഹമുള്ളവരെ, ഈ സങ്കടമാണ് ഇന്നത്തെ സുവിശേഷം. മനുഷ്യന് ദൈവം വളരെ അകലെയാകുന്നു. ദൈവത്തെ സ്വന്തമാക്കാൻ അവനു/ അവൾക്കു കഴിയുന്നില്ല. ആ മനുഷ്യര്‍ രണ്ടുതരമുണ്ട്: ഒന്ന്, ഇളയപുത്രന്‍ ദൈവത്തെ നഷ്ടപ്പെടുത്തി ചെറിയ തോടുകളിലെ കലക്കവെള്ളം കുടിച്ച്, ലോകസുഖത്ത്തിന്റെ തവിടും തിന്ന്, പന്നികളുടെ തലത്തിലെത്തിയ പമ്പരവിഡ്ഢി! രണ്ട്, മൂത്തപുത്രന്‍ – ദൈവത്തെ നഷ്ടപ്പെടുത്തി നിയമത്തിന്റെ കാര്‍ക്കശ്യത്തിലും, പിതാവിന്റെ സ്നേഹത്തെ മനസ്സിലാക്കാതെ, കാരുണ്യത്തെ അറിയാതെ മറ്റുള്ളവരുടെ തെറ്റുകളില്‍ അവരെ വിധിച്ചും ദൈവത്തിൽ നിന്നകന്ന് ജീവിച്ച ബുദ്ധിശൂന്യന്‍! രണ്ടും, ദൈവബോധം ഇല്ലാത്ത, സുബോധം ഇല്ലാത്ത, ദൈവത്തെ സ്വന്തമാക്കാത്ത ആധുനിക മനുഷ്യന്റെ പ്രതിനിധികള്‍!
നാം ഇവരില്‍ ആരെപ്പോലെയാണ്? ഉത്തരം എന്തായാലും സ്നേഹമുള്ളവരെ, നമുക്ക് സുബോധമുണ്ടാകണം. നാം എഴുന്നേല്‍ക്കണം. ജീവനിലേക്കു പ്രവേശിക്കണം. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ് നില്‍ക്കുന്നത് എന്ന് നാം അറിയണം. പാപം മൂലം അകലെയാണെങ്കിലും നാം ദൈവത്തിലാണ്. നാം ജനിക്കുന്നതും, ജീവിക്കുന്നതും ദൈവത്തിലാണ്; മരിക്കുന്നതും ഉയിര്‍ക്കുന്നതും ദൈവത്തിലാണ്. ദൈവത്തെ സ്വന്തമാക്കാതിരുന്നിട്ടും, ദൈവത്തെ നഷ്ടപ്പെടുത്തിയിട്ടും നമ്മെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, രൂപതയെ, ഈ ലോകത്തെ തന്റെ സ്നേഹത്തില്‍, കാരുണ്യത്തില്‍ ഇന്നും പരിപാലിക്കുന്ന, കൂദാശകളിലൂടെ പുതുവസ്ത്രമണിയിക്കുന്ന, നമുക്കുവേണ്ടി എന്നും വിരുന്നൊരുക്കുന്ന ദൈവത്തിന്റെ ധാരാളിത്തത്തെ നമുക്ക് സ്തുതിക്കണം. ദൈവത്തെ സ്വന്തമാക്കുന്ന നന്മനിറഞ്ഞ ഒരു ജീവിതത്തിലേക്ക് നാം പ്രവേശിക്കണം.
ഒരു ദിവസം ആറു വയസ്സുള്ള ഒരു പയ്യൻ കയ്യിൽ 50 രൂപയുടെ നോട്ടുമായി ദൈവത്തെ വാങ്ങാൻ ഇറങ്ങി. ഒരു കടയിൽ ചെന്ന് ചോദിച്ചു: “ഇവിടെ ദൈവത്തെ വിൽക്കുമോ?” “നീയെന്താ ആളെ കളിയാക്കുകയാണോ?” എന്തോ ഊടായിപ്പാണെന്നു വിചാരിച്ചു ആ കടക്കാരൻ ആ പയ്യനെ കടയിൽ നിന്ന് ഇറക്കി വിട്ടു. പയ്യൻ അടുത്ത കടയിൽ ചെന്നു. അവിടെനിന്നും ഇറക്കി വിട്ടു. അങ്ങനെ ഓരോ കടയിലും ഇതേ ചോദ്യവുമായി അവൻ കയറി ഇറങ്ങി നടന്നു. സന്ധ്യയായി…അവൻ എഴുപതാമത്തെ കടയിലും കയറി ചെന്നു. “ചേട്ടാ, എന്നെ ഒന്ന് സഹായിക്കണം. ഇവിടെ ദൈവത്തെ വിൽക്കുമോ?” അറുപതു വയസ്സ് പ്രായം തോന്നുന്ന ആ മനുഷ്യൻ കുട്ടിയോട് ചോദിച്ചു: “എന്തിനാണ് നിനക്കിപ്പോൾ ദൈവത്തെ?” ഒരാളെങ്കിലും തന്റെ ചോദ്യം കേട്ടല്ലോ എന്ന അത്ഭുതത്തിൽ കുട്ടി നിറകണ്ണുകളോടെ പറഞ്ഞു: “മൂന്നു വർഷം മുൻപ് എന്റെ പപ്പയും മമ്മിയും മരിച്ചു പോയി. അതുകഴിഞ്ഞു എന്റെ അങ്കിളാണ് എന്നെ നോക്കുന്നത്. പക്ഷെ, അങ്കിൾ ഒരു ആക്സിഡന്റ് സംഭവിച്ചു ഇപ്പോൾ ആശുപത്രിയിലാണ്. ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. ഡോക്ടർ പറഞ്ഞു, ദൈവത്തിനു മാത്രമേ നിന്റെ അങ്കിളിനെ രക്ഷിക്കുവാൻ കഴിയുകയുള്ളു എന്ന്.” കുട്ടി വിചാരിച്ചു ദൈവമെന്തോ ഭയങ്കര അത്ഭുതകരമായ വസ്തുവാണെന്ന്. അതുകൊണ്ടു കുറച്ചു ദൈവത്തെ മേടിച്ചിട്ടു അങ്കിളിനു കഴിക്കുവാൻ കൊടുക്കണം. അങ്ങനെ എന്റെ അങ്കിളിനെ രക്ഷിക്കണം. “ഇവിടെ ദൈവത്തെ വിൽക്കുന്നുണ്ടോ?”കുട്ടിയുടെ നിഷ്കളങ്കത കണ്ടു അയാൾ കുട്ടിയോട് ചോദിച്ചു: ” നിന്റെ കയ്യിൽ എത്ര രൂപയുണ്ട്?” “അമ്പതു രൂപ ” അവൻ പറഞ്ഞു. “ദൈവത്തിനു കൃത്യം ആ വിലയേ വരൂ.” ഇത് പറഞ്ഞിട്ട് ഒരു ചെറിയ കുപ്പിയിൽ ഒരല്പം തേൻ കുട്ടിക്ക് നൽകിയിട്ടു അയാൾ പറഞ്ഞു: “ഇതാണ് ദൈവം. ഇത് നിന്റെ അങ്കിളിനു കൊടുക്കണം.” കുട്ടിയുടെ കണ്ണ് നിറഞ്ഞു. അവനു ഒരുപാട് സന്തോഷമായി. ആ ചെറിയ കുപ്പിയും കയ്യിൽ പിടിച്ചു അവൻ ആശുപത്രിയി ലേക്ക് ഓടി. അവിടെ എത്തി സന്തോഷത്തോടെ വിളിച്ചു കൂവി: “ഇതാ ഞാൻ ദൈവത്തെ കൊണ്ടുവന്നു. എന്റെ അങ്കിൾ രക്ഷപ്പെടും.” പിറ്റേദിവസം രാവിലെ ഒരു വലിയ മെഡിക്കൽ ടീം ആശുപത്രിയിലെത്തി. അവർ ആ മനുഷ്യന്റെ ചികിത്സ ഏറ്റെടുത്തു. മണിക്കൂറുകൾക്കു ശേഷം അയാൾ തിരിച്ചു ജീവിതത്തിലേക്ക് വന്നു. ദിവസങ്ങൾ കഴിഞ്ഞു. ആശുപത്രിയുടെ ബില്ല് വന്നു. അത് കണ്ടു അങ്കിൾ ഞെട്ടി. പക്ഷെ അപ്പോൾ തന്നെ ആശുപത്രിയിൽ നിന്ന് അറിയിപ്പ് വന്നു. ഒരബദ്ധം പറ്റിയതാണ്. ബില്ല് മുഴുവൻ നേരത്തെ തീർത്തതാണ്. ആ മനുഷ്യന് അത്ഭുതമായി. അയാൾ ആ കുട്ടിയോട് ചോദിച്ചു: “എന്താണ് സംഭവിച്ചത്?” കുട്ടി നടന്നതെല്ലാം പറഞ്ഞു. ദൈവത്തെ കാണാൻ പോയ കഥയും തനിക്കു ദൈവത്തെ തന്നു വിട്ട ആമനുഷ്യന്റെ കാര്യവുമെല്ലാം. അങ്കിൾ കുഞ്ഞിനേയും കൂട്ടി ആ മനുഷ്യന്റെ കടയിലേക്ക് പോയി. ആ നാട്ടിലെ തന്നെ ഏറ്റവും സമ്പന്നൻ ആയിരുന്നു അയാൾ. അങ്കിൾ ആ മനുഷ്യന് കണ്ണീരോടെ നന്ദി പറഞ്ഞു. ആ കടക്കാരൻ പറഞ്ഞു: എനിക്കല്ല നന്ദി പറയേണ്ടത്. ഞാൻ അല്ല നിങ്ങളെ രക്ഷിച്ചത്. നിങ്ങൾക്കുവേണ്ടി കയ്യിൽ അമ്പതു രൂപാ നോട്ടുമായി ഒരു ദിവസം മുഴുവൻ ദൈവത്തെ വാങ്ങാൻ കടകളിൽ കയറി ഇറങ്ങി നടന്ന ഈ കുഞ്ഞിനാണ് നന്ദി പറയേണ്ടത്. അവന്റെ നിഷ്കളങ്കതയും സ്നേഹവും നിറഞ്ഞ ഹൃദയമാണ് നിങ്ങളെ രക്ഷിച്ചത്. ദൈവത്തിന്റെ വില എന്ന് പറയുന്നത് ഒരു നല്ല ഹൃദയമാണ്.
സമാപനം
സ്നേഹമുള്ളവരേ, ഒരു നല്ല ഹൃദയത്തിനു മാത്രമേ ദൈവത്തെ സ്വന്തമാക്കാൻ കഴിയൂ. ദൈവത്തെ സ്വന്തമാക്കിയാലേ നമ്മുടെ ജീവിതം ധന്യമാകൂ…കുടുംബം സമാധാനപൂർണമാകൂ……. ലോകം സുഖം പ്രാപിക്കൂ… ഈ ലോകത്തോടൊത്തുള്ള യാത്രകളിൽ നാം നമ്മുടെ നല്ല ഹൃദയം നഷ്ടപ്പെടുത്തുമ്പോഴാണ് നാം ദൈവത്തിൽ നിന്ന് അകലുന്നത്.

പിന്നീട്, നമ്മെ തേടിയെത്തുന്ന ദൈവം തന്നെ നമുക്ക് അവിടുത്തെ കണ്ടെത്താൻ നല്ലൊരു ഹൃദയം നൽകും. അതാണ് പിതാവായ ദൈവത്തിന്റെ സ്നേഹം. ഒരു നിമിഷവും ക്രിസ്തുവേ, ഞാൻ നിന്നെ നഷ്ടപ്പെടുത്തുകയില്ലെന്ന പ്രാർത്ഥനയോടെ, ദൈവത്തെ സ്വന്തമാക്കുന്ന ദൈവമകനായി, ദൈവമകളായി നമുക്ക് ജീവിക്കാം.