
ഇന്ന് ജൂലൈ 28.
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ.
ഭാരതസഭയുടെ, കേരള സഭയുടെ സ്വന്തം വിശുദ്ധ!
വിശുദ്ധ അൽഫോൻസാമ്മ യിലൂടെ ദൈവത്തിന്റെ കൃപ
ഇന്ന് ഭൂമിയിലേക്ക് പെയ്തിറങ്ങുകയാണ്.
എന്തുകൊണ്ടാണ് സിസ്റ്റർ അൽഫോൻസ വിശുദ്ധയായത്?
വിശുദ്ധ ഗ്രിഗറി നാസിയാൻസൻ പറഞ്ഞതുപോലെ
‘ശ്വസനത്തിന്റെ ആവർത്തനക്ഷമതയേക്കാൾ കൂടിയ ആവർത്തനക്ഷമതയോടെ ദൈവത്തെ ഓർത്തതുകൊണ്ടാ’യിരിക്കണം
അൽഫോൻസാമ്മ വിശുദ്ധയായത്.
അൽഫോൻസാ -അന്നക്കുട്ടി കാണാൻ സുന്ദരിയായിരുന്നു.
പക്ഷെ, ആ സൗന്ദര്യം അവളെ അഹങ്കാരിയാക്കുകയോ, അന്ധയാക്കുകയോ ചെയ്തില്ല.
കാരണം, സൗന്ദര്യത്തിന്റെ മൂർത്ത രൂപമാണ് ദൈവം എന്ന് അവൾ അറിഞ്ഞിരുന്നു.
ആ ദിവ്യ സൗന്ദര്യം എന്തെന്തു ഭാവങ്ങളിലാണ്
പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നതെന്ന് വിസ്മയത്തോടെ
അവൾ മനസ്സിലാക്കി.
പിറന്നു വീഴുന്ന കുഞ്ഞിലും, വിടർന്നു നിൽക്കുന്ന പൂവിലും, പുൽനാമ്പിൽ തൂങ്ങിനില്ക്കുന്ന മഞ്ഞുതുള്ളിയിലും, വിരിഞ്ഞു നിൽക്കുന്ന മഴവില്ലിലും…കല്ലിലും…മണ്ണിലും…
എന്നിട്ടും, ദൈവം നൽകിയ സൗന്ദര്യം മനുഷ്യനെ അഹങ്കാരിയാക്കുന്നു!
ഫാഷൻ ഷോകളുടെ വർണപ്പൊലിമയിൽ,
പരസ്യങ്ങളുടെ മായാപ്രപഞ്ചത്തിൽ,
ഉപഭാഗസംസ്കാരത്തിന്റെ അത്യാർത്തിയിൽ
യുവമനസ്സുകൾക്കു താളം തെറ്റുകയാണിവിടെ.
ആൾക്കൂട്ട മനസ്സാണ് അവരെ നയിക്കുന്നത്.
സൗന്ദര്യവർദ്ധക വസ്തുക്കളല്ല,
ദൈവത്തിന്റെ കൃപയാണ് ജീവിതത്തെ സുന്ദരമാക്കുന്നതെന്ന
ഉള്ളറിവ് നേടിയ ഈ യുവതി -വിശുദ്ധ അൽഫോൻസാ – ആധുനിക യുവതലമുറയുടെ വഴികളിൽ
വിശുദ്ധ സ്നേഹത്തിന്റെ,
നന്മ നിറഞ്ഞ സൗഹൃദങ്ങളുടെ,
പരസ്പര ബഹുമാനത്തിന്റെ
ലില്ലിപ്പൂക്കൾ വിതറട്ടെ.
അൽഫോൻസാ യിൽ നിന്ന്
വിശുദ്ധ അൽഫോൻസായിലേക്കുള്ള ദൂരം
സമർപ്പണത്തിന്റേതാണ്.
നാക്കുകൊണ്ടെന്നതിനേക്കാൾ ജീവിതംകൊണ്ട്
ക്രിസ്തുവിനെ പ്രഘോഷിക്കാൻ കഴിഞ്ഞതുകൊണ്ടു
അൽഫോൻസാമ്മയ്‍ക്കു നിലത്തുവീണഴിയുന്ന
ഗോതമ്പു മണിയാകാൻ കഴിഞ്ഞു.
മെഴുകുതിരിപോലെ ഉരുകിയുരുകി മറ്റുള്ളവർക്ക് വെളിച്ചമേകുമ്പോൾ, ചന്ദനംപോലെ അരഞ്ഞരഞ്ഞു മറ്റുള്ളവർക്ക് സുഗന്ധമേകുമ്പോൾ,
ഉപ്പുപോലെ ലയിച്ചു, ലയിച്ചു, ജീവിതങ്ങൾക്ക് രുചിപകരുമ്പോൾ
നമ്മിലൂടെ ഈ പ്രപഞ്ചം കൂടുതൽ സുന്ദരമാകുന്നുവെന്നും
അതുവഴി ദൈവം മഹത്വപ്പെടുന്നുവെന്നും പറഞ്ഞു
ദേ, വിശുദ്ധ അൽഫോൻസാമ്മ പുഞ്ചിരിക്കുന്നു!
മഹാകവി വള്ളത്തോൾ തന്റെ “സുഖം സുഖം” എന്ന കവിതയിൽ പാടുന്നു:
ഇറുപ്പവന്നും മലർ ഗന്ധമേകും
വെട്ടുന്നവന്നും തരു ചൂടകറ്റും
ഹനിപ്പവന്നും കിളി പാട്ടുപാടും
പരോപകാര പ്രവണം പ്രപഞ്ചം.
ഈ പ്രപഞ്ചത്തിന്റെ പ്രവണം, തുടിപ്പ്, ജീവൻ,
സ്വയം ഇല്ലാതായി, മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കുകയാണ്.
ഈ പ്രപഞ്ചത്തിലെ ഫലം ചൂടി നിൽക്കുന്ന,
പൂക്കൾ നിറഞ്ഞു നിൽക്കുന്ന വൃക്ഷലതാദികൾ,
കുടുംബത്തിനുവേണ്ടി നിശബ്ദം
സ്വയം സമർപ്പിക്കുന്ന അമ്മമാർ, അപ്പച്ചന്മാർ,
രോഗികൾക്കായി രാപകലില്ലാതെ ഓടിനടക്കുന്ന ആതുര ശുശ്രൂകർ – മറ്റുള്ളവർക്കുവേണ്ടി ഇല്ലാതാകുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളാണിവ!

ഭൂമിയെ സുന്ദരമാക്കാൻ,
ഈ ഭൂമിയിലെ ജീവിതം വിശുദ്ധമാക്കൻ
നന്മയും സ്നേഹവും നിറഞ്ഞ ഒരു ഹൃദയമുണ്ടായാൽ മതിയെന്ന്
വിശുദ്ധ അൽഫോൻസാമ്മ നമ്മെ ഓർമിപ്പിക്കുന്നു.
വെളിച്ചമുള്ളിടത്തോളം നടക്കുകയെന്നല്ലാ,
നടക്കുന്നിടത്തൊക്കെ വെളിച്ചം പരത്തുകയെന്നതാണ്
ക്രൈസ്‌തവ ജീവിതവിളി എന്ന്
ഈ ദിനം വീണ്ടും നമ്മെ പഠിപ്പിക്കുന്നു.
വിശുദ്ധ അൽഫോൻസാമ്മ യുടെ ജീവിതം വായിച്ചു പഠിക്കേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യമാണ്.
Reblogged this on Nelson MCBS.
LikeLike