ലൂക്ക 16, 19-31
സന്ദേശം

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും നമ്മുടെ രാജ്യത്തിന്റെ എഴുപത്തിനാലാമത്തെ സ്വാതന്ത്ര്യദിനവും ആഘോഷങ്ങളില്ലാതെ കടന്നുപോയി. ഇന്ന് ഈ ഞായറാഴ്ച്ച നാം കൈത്താ കാലത്തിന്റെ അഞ്ചാം ഞായറാഴ്ചയിലാണ്. ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്തു ദൈവമക്കളായി ജീവിക്കുന്ന സഭയും സഭാമക്കളും പുലർത്തേണ്ട വളരെ ഉന്നതമായ ഒരു ആദർശത്തിലേക്കാണ് ദൈവ വചനം നമ്മെ ക്ഷണിക്കുന്നത്. മറ്റുള്ളവരെ കൂടി ശ്രദ്ധിച്ചുകൊണ്ട്, അവരെ പരിഗണിച്ചുകൊണ്ട് ദൈവം നൽകിയ നന്മകളെ പങ്കുവച്ചുകൊണ്ടു ജീവിക്കുക എന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. ലോകം മുഴുവന്‍ വലിയൊരു മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ, ലോകത്തിൽ, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, കോവിഡ് മൂലം ദാരിദ്ര്യമനുഭവിക്കുന്നവരും, ദുരിതമനുഭവിക്കുന്നവരും കൂടിവരുമ്പോൾ, ഇന്നത്തെ സുവിശേഷം ക്രൈസ്തവർ സ്വീകരിക്കേണ്ട ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശം ഇതാണ്: ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക.
വ്യാഖ്യാനം
ജീവിതം പങ്കുവെക്കാനുള്ളതാണ്. ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്, എല്ലാം ദൈവം നല്കിയതാണെന്നു എളിമയോടെ മനസ്സിലാക്കി മുന്നോട്ടു പോകണം. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, എനിക്കുള്ളത് പാവപ്പെട്ടവനും കൂടി അർഹതപ്പെട്ടതാണെന്ന ഒരു അവബോധം അവർക്കില്ലാതെപോയി. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്.
ദുരന്തങ്ങളുടെ മുന്‍പില്‍ നിന്ന് പോലും സെല്‍ഫി എടുക്കുന്ന സംസ്കാരം അന്ന് ഇല്ലാതിരുന്നതുകൊണ്ടും, സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടും ലോകം അത് അറിഞ്ഞില്ല. എന്നാല്‍, അവരുടെ ആധ്യാത്മികത ചുമ്മാ ഷോ മാത്രമായിരുന്നു. അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക് ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.
ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്. ഈ കഥ ഇപ്പോൾ നമ്മോടു പറയേണ്ടതുണ്ടോ? നാം പറഞ്ഞേക്കാം, “കോവിഡിന് മുൻപായിരുന്നെങ്കിൽ ok ആയിരുന്നു. ഇപ്പോൾ ഞങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കി വരുന്നുണ്ട്.” അപ്പോൾ ഈശോ ചോദിക്കും,

“കൊറോണയുടെ തുടക്കത്തിൽ ഡൽഹിയിൽ നിന്ന് പലായനം ചെയ്തവരെ എങ്ങനെയാണ് നിങ്ങൾ പരിഗണിച്ചത്? ““മൂന്നാറിലെ രാജമലയിലെ ദുരന്തം എങ്ങനെയാണ് നിങ്ങൾ deal ചെയ്തത്? നമ്മുടെ ഉത്തരത്തിനു അല്പം സമയമെടുക്കും!!! ഒന്ന് ആത്മശോധനചെയ്യാനെങ്കിലും ഈ കഥ നമ്മെ സഹായിക്കും.
നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്എന്നും നാം അറിയണം. ജീവിതമെന്നത് എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവച്ചുള്ളതാണ് എന്നാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.
ഈശോയുടെ ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കാന്‍, ദൈവം ധാരാളം സമ്പത്ത് നല്‍കി അനുഗ്രഹിച്ച, സുഖജീവിതം നല്‍കി അനുഗ്രഹിച്ച, സമൃദ്ധി നല്‍കി അനുഗ്രഹിച്ച ഈ ധനികനെ ഈശോ കൂട്ടുപിടിക്കുകയാണ്. അയാളുടെ പാളിച്ചകളിലൂടെയാണ് ഈശോയുടെ ദര്‍ശനത്തിലേക്ക് നാം എത്തുക. ഒന്നാമതായി, അയാളുടെ ദര്‍ശനം വെറും ലൌകികമായ ഒന്നായിരുന്നിരിക്കണം – തിന്നുക, കുടിക്കുക, രമിക്കുക, സന്തോഷിക്കുക, മരിക്കുക. മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് അയാള്‍ അജ്ഞനായിരുന്നു. അയാളുടെ ലോകം വളരെ ചെറുതായിരുന്നു. എന്റെ ഭക്ഷണം, എന്റെ വസ്ത്രം, എന്റെ കുടുംബം, എന്റെ കാര്യങ്ങള്‍ അതായിരുന്നു അയാളുടെ ലോകം. ഈ ദര്‍ശനം ഒരിക്കലും ഒരുവനെ ദൈവകൃപയിലേക്ക് നയിക്കുകയില്ല.
രണ്ട്, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം അയാള്‍ക്കില്ലായിരുന്നു. അപരനെ പരിഗണിക്കുകയെന്ന ക്രിസ്തുദര്‍ശനമല്ലാ, അപരനെ അവഗണിക്കുകയെന്ന ഫ്യൂഡല്‍ മനസ്ഥിതിയായിരുന്നു അയാളുടേത്. വിശുദ്ധ യാക്കോബ് ശ്ലീഹ ഈ പക്ഷപാതത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. (യാക്കോ 2, 1-4)

മൂന്ന്, തന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ളവയെ അയാൾ സൂക്ഷിച്ചു വച്ചു, അല്ലെങ്കിൽ നശിപ്പിച്ചുകളഞ്ഞു. വിശുദ്ധ യാക്കോബ് ശ്ലീഹ പറയുന്നു: “നിങ്ങളുടെ നിലങ്ങളില്‍നിന്ന് വിളവു ശേഖരിച്ച വേലക്കാര്‍ക്ക്, കൊടുക്കാതെ പിടിച്ചുവച്ച കൂലിയിതാ നിലവിളിക്കുന്നു.” (യാക്കോ 5, 4) ക്രിസ്തുവിന്റെ നിസ്വാര്‍ത്ഥമായ സ്നേഹം, നിഷ്കളങ്കമായ പങ്കുവയ്ക്കല്‍, ത്യാഗപൂര്‍ണമായ കൊടുക്കല്‍, മറ്റുള്ളവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കല്‍, ഇതൊന്നും അയാള്‍ക്കില്ലായിരുന്നു. നാല്, എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത ഇല്ലായിരുന്നു. അഞ്ച്, എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും അയാള്‍ക്കില്ലായിരുന്നു.
ഈശോയുടെ ആധ്യാത്മിക ദര്‍ശനം മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയാണ്. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്.
ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്, സ്വര്‍ഗത്തെക്കുറിച്ച്, മനുഷ്യസ്നേഹത്തെക്കുറിച്ച്. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.”
സ്നേഹമുള്ളവരേ, നമ്മളെല്ലാവരും ധനവാന്മാരാണ്. കാരണം ദൈവം നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിനാവശ്യമായവ നല്കുന്നവനാണ്. നാമെല്ലാവരും ദരിദ്രരുമാണ്. കാരണം, മറ്റുള്ളവരുടെ സഹായമില്ലാതെ നമുക്കാർക്കും ജീവിക്കുവാൻ സാധിക്കുകയില്ല. ആരെയും ശ്രദ്ധിക്കാതെ ശീതീകരിച്ച കാറിലൂടെ യാത്രചെയ്യുമ്പോൾ നാം ഒരുപക്ഷേ ഓർത്തേക്കാം നമുക്കാരുടെയും സഹായം, ഔദാര്യം വേണ്ടെന്നു. പക്ഷെ, നീ ഉപയോഗിക്കുന്ന വാഹനത്തിനു, നീ സഞ്ചരിക്കുന്ന റോഡിനു, നിന്റെ വണ്ടിയിലെ ഇന്ധനത്തിന് അങ്ങനെയങ്ങനെ എത്ര പേരോടാണ് നീ കടപ്പെട്ടിരിക്കുന്നത്? ധനവാനാണോ നീ? അതോ ദരിദ്രനോ?
കോവിഡിന് മുൻപ് എന്ത് ആർഭാടമായിരുന്നു ലോകം മുഴുവൻ? നമ്മുടെയൊക്കെ ഇടവകപള്ളികൾ കോടികൾക്കു പുതുക്കി പണിതപ്പോൾ നാം ഇടവകയുടെ ചുറ്റുമൊന്നു കണ്ണോടിച്ചോ? ഉയർന്നു സംന്യാസാശ്രമങ്ങളോട് ചേർന്ന് വീണ്ടും കെട്ടിടങ്ങൾ പണിയുമ്പോൾ സന്യാസികളേ, നിങ്ങൾ നിങ്ങളുടെ പടിവാതിൽക്കൽ കുഞ്ഞിപ്പുരകളുമായി ആരെങ്കിലുമുണ്ടോയെന്നു അന്വേഷിച്ചോ? ഈയിടെ ഒരു സന്യാസാശ്രമത്തിനോട് ചേർന്ന് പുതിയൊരു കെട്ടിടം പണിതപ്പോൾ, ആ ആശ്രമത്തിന്റെ മതിലിനോട് ചേർന്നുള്ള ഒരു ഷീറ്റിട്ട ചെറിയ വീട്ടിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ രാത്രി എലി കടിച്ചു. അത്രയും അടച്ചുറപ്പില്ലാത്ത വീട് മതിലിനോട് ചേർന്ന് നിൽക്കുമ്പോൾ പുതിയ ആശ്രമ കെട്ടിടത്തിന്റെ പണി തകൃതിയായി നടക്കുകയാണ്! ഇത് “വാഴക്കുല”യുടെ കാലത്തെ സംഭവമല്ലാട്ടോ! ധനവാനും ലാസറും കഥ ഇന്നും…….!!
കോവിഡിന് മുൻപ്, ഒരു കല്യാണത്തിനൊക്കെ ഒരു പ്ലെയ്റ്റിന് രണ്ടായിരമൊക്കെയായിരുന്നു റെയ്റ്റ്. (റെയ്റ്റ് കുറഞ്ഞുപോയോ എന്നറിയില്ല.) സാലഡുകൾ പലതരം, സ്റ്റാർട്ടറുകൾ, മെയിൻ ഡിഷ്, സബ് ഡിഷുകൾ …ഒരാൾക്ക് ഒരു നേരം ഇത്രയും കഴിക്കാൻ പറ്റുമോ? അവസാനം? എല്ലാം കുഴിച്ചുമൂടുന്നു. അങ്ങനെ എന്തുമാത്രം ഭക്ഷണം നാം കുഴിച്ചുമൂടി? എന്തുമാത്രം വസ്ത്രങ്ങൾ നാം വാങ്ങിച്ചുകൂട്ടി? വീടിനു ഉൾക്കൊള്ളാൻ പറ്റാത്തവിധം എന്തുമാത്രം ഉപകരണങ്ങൾ നാം കുത്തിനിറച്ചു? സ്റ്റാറ്റസ് സിംബലായി വേണ്ടതും വേണ്ടാത്തതുമായി എന്തെല്ലാം ഓൺലൈനായി നാം വരുത്തി? അപ്പോൾ നാം ഓർത്തോ? ഈ ലോകത്തിൽ, എന്റെ അയൽവക്കത്തു, എന്റെ പടിവാതിൽക്കൽ വിശന്നു കഴിയുന്നവരുണ്ടെന്നു? മൊബൈലും മറ്റു മാധ്യമങ്ങളുമുള്ള ഇക്കാലത്തു പടിവാതിക്കൽ എന്നത് വെറും ഒന്നോ രണ്ടോ മീറ്ററായി കാണണ്ട. ലോകത്തിൽ എവിടെ കഴിയുന്നവനും, അവൾ /അവൻ ആവശ്യക്കാരാണെങ്കിൽ എന്റെ പടിവാതിൽക്കലാണ്. എന്റെ വിരൽത്തുമ്പു അകലത്തിലാണ് അവരെല്ലാം ഇന്ന്. ധനവാനും ലാസറും കഥ ഇന്നും…….!!
2016 ഓഗസ്റ്റ് ലക്കത്തിൽ “മാതൃഭൂമി ആഴ്ചപ്പതിപ്പി”ൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ “ബിരിയാണി” എന്നൊരു കഥ വന്നിരുന്നു. പിന്നീട് “ബിരിയാണി” എന്ന പേരിൽ ഇറങ്ങിയ സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരത്തിലും ഈ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബീഹാറിയായ ഒരു ഗോപാൽ യാദവിന്റെ വൈകാരിക സംഘട്ടനങ്ങളാണ് ഈ കഥ. കഥയുടെ പശ്ചാത്തലം തളങ്കരയിലെ മുതലാളിയായ കലന്തൻ ഹാജിയുടെ വീടാണ്. കഥയിൽ പറയുന്ന പോലെ പൊരയല്ല, കൊട്ടാരമാണ്. കലന്തൻ ഹാജിയുടെ മകന്റെ നിക്കാഹ് ബാംഗ്ലൂരിൽ വച്ച് നടന്നതിന്റെ റിസപ്‌ഷൻ ഹാജി ഒരുക്കുകയാണ്. താൽക്കാലിക പന്തൽ, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പൂക്കൾ, പഞ്ചാബിൽ നിന്ന് ഒരു ലോഡ് ബസ്മതി അരി, ഹൈദരാബാദിൽ നിന്നും, ദുബായിൽ നിന്നും എത്തിയ ബിരിയാണിവെപ്പുകാർ, ദം മുതൽ കുഴിമന്തി തുടങ്ങിയ ബിരിയാണികൾ…അങ്ങനെ വലിയ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. അസൈനാർച്ച യാണ് എല്ലാത്തിന്റെയും നോട്ടക്കാരൻ. സദ്യക്കുശേഷം വെയ്സ്റ്റ് ഇടുവാൻ കുഴിയെടുക്കാൻ ആളെത്തേടിയപ്പോൾ കൂട്ടുകാരൻ രാമചന്ദ്രൻ ഒപ്പിച്ചുകൊടുത്തതാണ് ഗോപാൽ യാദവിനെ.
ഹാജിയുടെ കൊട്ടാരത്തിൽ എത്തിയപ്പോൾ ഒന്നാം തരാം ബസ്മതി അരിയുടെ മാണം അടിച്ചപ്പോൾ ഗോപാലിന്റെ ചിന്തകൾ ബീഹാറിലേക്കു പോയി. അയാളുടെ ഗ്രാമമായ ലാൽ മാത്തിയായിലെ ഒരു കടയിൽ വച്ച് ഭാര്യ മാതംഗിയാണ് ഗോപാലിനെ ആദ്യമായി ബസ്മതി അരി കാണിച്ചുകൊടുത്തത്. പാവപ്പെട്ടവർക്ക് വാങ്ങാൻ പറ്റില്ലെന്നറിയാമെങ്കിലും അയാൾ അമ്പതു ഗ്രാം വാങ്ങി അവൾക്കു കൊടുത്തു. അന്നവൾക്കു ആറാം മാസമായിരുന്നു. അതിന്റെ വാസനയേറ്റു അവളുടെ കണ്ണുകളടഞ്ഞതു അയാൾ ഇന്നും ഓർക്കുന്നു.
അപ്പോഴേക്കും ഹാജിയുടെ മൂന്നാമത്തെ ഭാര്യയിലുണ്ടായ മകൻ സിനാൻ വന്നു കുഴിയെടുക്കുന്നതിനെക്കുറിച്ചു പറഞ്ഞു. ഗോപാൽ കുഴിയെടുക്കുവാൻ തുടങ്ങി. വൈകുന്നേരമായപ്പോഴേക്കും പണി കഴിഞ്ഞു. രാതിയായപ്പോൾ സിനാൻ ജോലിക്കാരൊത്തു പച്ച വീപ്പനിറയെ എല്ലിൻ കഷ്ണങ്ങളോടുകൂടിയ ബിരിയാണി കൊണ്ടുവന്നു കുഴിയിലേക്ക് തള്ളി. വീണ്ടും വീപ്പകൾ വന്നു. അവസാനം ദം പോലും പൊട്ടിക്കാത്ത ഒരു ചെമ്പു കൂടി വന്നു. സിനാൻ പറഞ്ഞു: “ചവുട്ടി അമർത്തു ഭായി.” ഗോപാൽ ഒന്ന് മടിച്ചു. സിനാൻ വീണ്ടും പറഞ്ഞു: “മണി പതിനൊന്നായി, ചവിട്ടു ഭായി.” അയാൾ ചവിട്ടി. നെഞ്ചത്ത് തന്നെ ചവുട്ടി, കാൽ പാദങ്ങളിൽ നെയ്യും മസാലയുമായി നിന്ന ഗോപാലിനോട് സിനാൻ പറഞ്ഞു: “ഇനി മൂടിക്കൊ.” അയാളുടെ ഉള്ളൊന്നു തേങ്ങി. മണ്ണുകോരിയിടുന്നതിനിടെ സിനാൻ ചോദിച്ചു: “ഭായിക്കെത്ര മക്കളാണ്?” “ഒരു മോള്.” “എന്താ പേര്?” “ബസ്മതി.” “അവളുടെ നിക്കാഹ് കഴിഞ്ഞോ?” “ഇല്ല.” “പഠിക്കയാണോ?” “അല്ല.” “പിന്നെ?” “മരിച്ചു.” “മരിച്ചോ? എങ്ങനെ?” “വിശന്നിട്ട്.” ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണുകൂടി ബസ്മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു.
ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും ആകാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം ഈശോയുടെ ആധ്യാത്മിക ദര്‍ശനം നിറഞ്ഞു നില്‍ക്കാന്‍ ദൈവവചനം നമ്മെ ഒരുതരത്തില്‍ നിര്‍ബന്ധിക്കുകയാണ്.
സമാപനം
സ്നേഹമുള്ളവരെ,

ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്തരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. നിക്കോസ് കസാന്റ് സാക്കീസിന്റെ ഫ്രാൻസിസ് അസീസിയെക്കുറിച്ചുള്ള നോവലിൽ (God’s Pauper-Francis Assissi) ബ്രദർ ലിയോ ഫ്രാൻസിസിനോട് ചോദിക്കുന്ന ചോദ്യത്തോടെ വചന പ്രഘോഷണം അവസാനിപ്പിക്കാം. തെരുവിൽ കണ്ട ഫ്രാൻസിസിനോട് ലിയോ ചോദിച്ചു: ” നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു. ജനാലകളുടെ താഴെ നിന്ന് സ്ത്രീകൾക്കായി നന്നായി പാടുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?” ആമ്മേൻ!