SUNDAY SERMON LK 18, 35-19,10

ലൂക്ക 18, 35 – 19, 10

സന്ദേശം

Reading Luke 18:35–43 Ecologically: Part Eight - Elaine Wainwright: Reading  Scripture with Ecological Eyes

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് ഈകാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ഈ ആദ്യ ഞായറാഴ്ചയുടെ സുവിശേഷ സന്ദേശം ഇതാണ്: ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറഞ്ഞു അവിടുത്തെ പ്രകാശത്തിൽ ജീവിച്ചു, നമ്മുടെ കുടുംബങ്ങളെ അവിടുത്തെ രക്ഷയാൽ നിറച്ചു ക്രിസ്തുവിനു സാക്ഷികളാകുക.

വ്യാഖ്യാനം

രണ്ടു സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്. ഒന്ന്, ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്നു. രണ്ട്, ഈശോ ജറീക്കോയിൽ പ്രവേശിച്ചശേഷം സക്കേവൂസിനെ കാണുന്നതും അയാളുടെ വീട്ടിൽ ചെല്ലുന്നതും, സക്കേവൂസിന്റെ മാനസാന്തരവും. രണ്ടു സംഭവങ്ങളിലെ പൊതുവായ ഘടകങ്ങളെ പൊറുക്കിയെടുത്തു വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും.

ഒന്നാമതായി, രണ്ടുപേരും – അന്ധനും, സക്കേവൂസും – ഈശോയെ കാണാൻ ആഗ്രഹിച്ചിരുന്നവരാണ്. മാത്രമല്ല, രണ്ടുപേരും ഈശോയെ തങ്ങളുടെ കർത്താവായി മനസ്സിൽ സ്വീകരിച്ചവരാണ്. മലയാള ഭാഷയിൽ കർത്താവ് എന്നതിന് ധാരാളം അർത്ഥങ്ങളുണ്ട്. നിർ മിക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ എന്നിങ്ങനെയാണ് അർഥങ്ങൾ. പര്യായപദങ്ങളായി രചയിതാവ്, സ്രഷ്ടാവ്, നിയന്താവ് എന്നീ വാക്കുകളും ഡിക്ഷണറി നൽകുന്നുണ്ട്. അതായത്, നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും, തങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, അന്ധനും, സക്കേവൂസും ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിന്റെ കർത്താവായി, എല്ലാമായി സ്വീകരിച്ചിരുന്നു.

രണ്ടാമതായി, ക്രിസ്‌തുവിനെ കാണാൻ ശ്രമിച്ച അന്ധന്റെയും സക്കേവൂസിന്റെ പുറമെനിന്നുള്ള തടസ്സം (External obstacle) ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടത്തിന്റെ ബഹളവും, മിണ്ടാതിരിക്കുവാൻ പറയുന്ന ശകാരങ്ങളും ക്രിസ്തുവിലേക്കു അടുക്കുവാൻ അന്ധന് തടസ്സമായി നിന്നു. സക്കേവൂസിന്റെ കാര്യത്തിൽ പറയുന്നത് ജനക്കൂട്ടം കാരണം, ജനക്കൂട്ടത്തിൽ നിന്നുകൊണ്ട് ക്രിസ്തുവിനെ കാണുവാൻ അയാൾക്ക് കഴിയുമായിരുന്നില്ല എന്നാണ്. ആൾക്കൂട്ട കൊലപാതകങ്ങളും, ആൾക്കൂട്ടത്തിന്റെ ഏച്ചു പിടിപ്പിച്ചും, ചൊല്ലിപ്പൊലിപ്പിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കലും വളരെ സാധാരണമായ ഈ കാലത്തിൽ ജനക്കൂട്ടം അവർക്കു ക്രിസ്തുവിലേക്കു എത്താതിരിക്കുവാനുള്ള ഒരു തടസ്സമായിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. കാരണം, ആൾക്കൂട്ടത്തിനു വേട്ടനായയുടെ മനസ്സാണ്. ഒരു ഇരയെ കിട്ടിയാൽ എങ്ങനെ അതിനെ കീഴ്‌പ്പെടുത്താമെന്ന് മാത്രമാണ് അതിന്റെ ഗൂഢാലോചന. നിങ്ങളുടെ ബലഹീനതപോലും മുഖംമൂടിയായി അവിടെ വ്യാഖ്യാനിക്കപ്പെടും.

ജനക്കൂട്ടമെന്നതിനു വലിയ അർത്ഥവ്യാപ്തിയുണ്ട്. 1. നിങ്ങളും ഞാനും അടങ്ങുന്ന ആളുകളുടെ കൂട്ടം. ഇതാണ് സാമാന്യ അർത്ഥത്തിൽ ജനക്കൂട്ടമെന്നു പറയുന്നത്. എന്ന് പറഞ്ഞാൽ, ഞാൻ കാരണം, എന്റെ ഉയർച്ച കാരണം, സാമ്പത്തികമായതോ, വിവിധ talents ഉള്ളതുകൊണ്ടോ, superiority complex കൊണ്ടോ, എന്റെ അഹങ്കാരം കൊണ്ടോ ഉള്ള ഉയർച്ച, ഉയരം കാരണം, എന്റെ തന്റേടം കൊണ്ടുള്ള ബഹളം കാരണം, എന്റെ വീടിന്റെ ആർഭാടം കാരണം, വലിയ വിലപിടിപ്പുള്ള, അച്ചടക്കമില്ലാത്ത എന്റെ വസ്ത്രധാരണത്തിന്റെ പളപളപ്പ് കാരണം, എന്റെ ആഭരണങ്ങളുടെ കിലുക്കം കാരണം, മറ്റുള്ളവരെ പരിഗണിക്കാത്ത, മറ്റുള്ളവരെ ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവങ്ങൾ എന്നിലുള്ളതുകൊണ്ട്, എന്റെ ദേവാലയത്തിന്റെ വലിപ്പം കാരണം, പണക്കൊഴുപ്പിൽ തിമിർത്താടുന്ന പള്ളിപ്പെരുന്നാളുകളുടെ ബഹളം കാരണം, എന്റെ സഹോദരിക്ക്, എന്റെ സഹോദരന് ഈശോയെ കാണുവാൻ, ഈശോയുടെ അടുത്തെത്തുവാൻ സാധിക്കുന്നില്ല. എന്റെ ജീവിതം മറ്റുള്ളവർക്ക് ക്രിസ്തുവിനെ കാണുവാൻ ഒരു തടസ്സമായി മാറുന്നതില്പരം മറ്റെന്തു ദുരന്തമാണ് ഈ ലോകത്തിലുള്ളത്?! പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങളുടെയൊക്കെ സ്ഥാനം ഇതിന്റെ പിന്നിലേ വരികയുള്ളു പ്രിയപ്പെട്ടവരെ. മറ്റുള്ളവരുടെ ആധ്യാത്മിക ജീവിത വഴികളിൽ ഞാനൊരു external obstacle ആയി മാറുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാൻ ദൈവവചനം നമ്മെ നിർബന്ധിക്കുന്നു.

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം വത്തിക്കാനിൽ ചെന്നപ്പോൾ പോപ്പിനെ കാണുന്നതിന് പ്രോട്ടോക്കോൾ പാലിക്കണമെന്നും, പ്രത്യേക ഡ്രസ്സ് കോഡ് അനുസരിക്കണമെന്നും ഓഫീസിലുള്ളവർ നിർബന്ധിച്ചു. തന്റെ സാധാരണമായ ഡ്രസ്സ് മാറ്റുവാൻ മഹാത്മജി ആഗ്രഹിച്ചില്ല. വത്തിക്കാന്റെ തലയെടുപ്പ്, പോപ്പിനെ കാണുവാനുള്ള നിയമങ്ങളിലെ കാർക്കശ്യം തുടങ്ങിയവ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പുറത്തിറങ്ങിയ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ക്രിസ്തുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെ അങ്ങനെ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.” മറ്റുള്ളവരുടെ ക്രിസ്തുവിലേക്കുള്ള വഴിയിൽ മാർഗതടസ്സങ്ങളാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

2. എന്നിൽ തന്നെയുള്ള multiple personality!

Multiple Personality Disorder Treatment | Amen Clinics

ഇതൊരു മാനസിക വൈകല്യമാണ്. ഇപ്പോഴിതിനെ Dissociative identity disorder (DID) എന്നാണു പറയുന്നത്. നമ്മിൽ തന്നെ രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ, പ്രത്യേക പേരുള്ള, സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുടെ സാന്നിധ്യത്തെയാണ് ഒന്നിലധികം വ്യക്തിത്വം, multiple personality എന്ന് പറയുന്നത്. “മണിച്ചിത്രത്താഴ്” എന്ന മലയാള സിനിമയിലെ നായികയെ ഓർക്കുന്നില്ലേ? Dissociative identity disorder ഉള്ള വ്യക്തിയായിട്ടാണ് നായികയെ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ, നാഗവല്ലി എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങൾ! ഒന്ന് ചിന്തിച്ചു നോക്കൂ! എന്റെ പേര് ടോം എന്നാണെങ്കിൽ എന്നിൽ എത്ര ടോം മാരുണ്ട്? എന്റെ പേര് ട്രീസ എന്നാണെങ്കിൽ എന്നിൽ ചിലപ്പോൾ ഒരേ സമയം തന്നെ എത്ര ട്രീസ മാരുണ്ട്? അല്ലെങ്കിൽ എനിക്ക് എത്ര മുഖങ്ങളുണ്ട്? ഭർത്താവിന്റെ അടുത്ത് ചെല്ലുമ്പോൾ ഒരാൾ, ഭാര്യയുടെ അടുത്താകുമ്പോൾ മറ്റൊരാൾ, മക്കളുടെ അടുത്ത് വേറൊരു വ്യക്തിത്വം, മാതാപിതാക്കളുടെ അടുത്ത് പിന്നെയും വേറൊരു വ്യക്തി, കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ അടുത്ത് വേറൊന്ന്, ഓഫീസിൽ, പാർട്ടി വേദികളിൽ, ഒരു പെൺകുട്ടിയെ, ആൺകുട്ടിയെ കാണുമ്പോൾ, പള്ളിയിൽ ഇരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കാകുമ്പോൾ — തമ്പുരാനേ, ഞാനൊരു ആൾക്കൂട്ടം തന്നെ.  സ്നേഹമുള്ളവരേ, ഈ ആൾക്കൂട്ടത്തിൽ ഒറിജിനലായ ഞാൻ ഏതാണ്? ഈ ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് ഒറിജിനലായ എനിക്ക് എങ്ങനെ ഈശോയെ കാണുവാൻ കഴിയും?? ജീവിതത്തിന്റെ ചില വേളകളിലെങ്കിലും, അന്ധനായി തപ്പിത്തടഞ്ഞു വീഴുമ്പോൾ, എത്ര ശ്രമിച്ചിട്ടും പലകുറവുകളാൽ ജീവിതത്തിൽ ഒന്നും നടക്കാതെ വരുമ്പോൾ നാമൊക്കെ ഉറക്കെ അലറി കരഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ക്രിസ്തുവിനെ കാണണമെന്ന് ആശിച്ചിട്ടുണ്ടാകും. പക്ഷെ നമ്മിലെ ജനക്കൂട്ടം കാരണം നമുക്ക് ഈശോയെ കാണാൻ, അവന്റെ അടുത്തെത്താൻ കഴിയുന്നില്ല.

ഇന്ന് നമുക്ക് നമ്മിലെ ജനക്കൂട്ടത്തിനും അപ്പുറം നിൽക്കാൻ ആകണം. നമ്മെ നിശബ്ദമാക്കുന്ന നമ്മിലെ പല തരത്തിലുള്ള വ്യക്തികളെ നമുക്ക് ദൂരെയെറിയണം. നമ്മിലെ ജനക്കൂട്ടത്തിനും മുകളിൽ നമ്മിലെ ശരിയായ, ഒറിജിനലായ നന്മനിറഞ്ഞ വ്യക്തിത്വത്തെ സ്ഥാപിക്കണം. ജനക്കൂട്ടമെന്ന external obastacle നെ ക്കുറിച്ചു നാം ബോധവാന്മാരാകണം.

മൂന്നാമതായി, അന്ധനും സക്കേവൂസിനും ഈശോയെ കാണാൻ സാധിക്കാത്തവിധം internal obstacles ഉം ഉണ്ടായിരുന്നു. അന്ധന് തീർച്ചയായും അന്ധത തന്നെയായിരുന്നു അവന്റെ ആന്തരിക തടസ്സം. പക്ഷെ, ഈ സംഭവത്തിലെ മനുഷ്യന് അന്ധത ഒരു ഭാഗ്യമായിരുന്നു എന്ന് ഞാൻ പറയും! നെറ്റി ചുളിക്കേണ്ട! രണ്ടു കണ്ണുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനു, രണ്ടു കണ്ണുകളുണ്ടായിരുന്ന യഹൂദർക്ക്, രണ്ടു കണ്ണുകളുണ്ടായിരുന്ന ഫരിസേയർക്കു, നിയമജ്ഞർക്കു, ശരിയായ ക്രിസ്തുവിനെ കാണാൻ കഴിഞ്ഞില്ല. എന്നാൽ, അന്ധനായിരുന്നുട്ടും, ഈ യാചകന് അതിനു സാധിച്ചു! അയാൾ ഭാഗ്യവാനല്ലേ?

ചെറുപ്പത്തിലേ അന്ധയായ വ്യക്തിയാണ് ഹെലൻ കെല്ലർ (Helen Keller). കുഞ്ഞായിരുന്നപ്പോഴത്തെ ഒരു രോഗമാണ് അവളെ അന്ധയും, ബധിരയുമാക്കിയത്.

ഹെലൻ കെല്ലറുടെ The Story of my life എന്ന ആത്മ

Helen Keller International Sees Needs & Seizes the Day

കഥ നാം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ ഒരു ജേർണലിസ്റ്റ് അവളോട് ചോദിച്ചു: “അന്ധയായിരിക്കുന്നതു ഭയാനകമായ ഒരു അവസ്ഥയാണോ?” ഒന്ന് പതുക്കെ ചിരിച്ചിട്ട് അവൾ പറഞ്ഞു: “മനോഹരമായ രണ്ടു തുറന്ന കണ്ണുകളുണ്ടായിട്ടും ഒന്നും കാണാതിരിക്കുന്നതിലും ഭേദം, അന്ധയായിരിക്കുമ്പോഴും ഹൃദയം കൊണ്ട് കാണുന്നതാണ്.”

ഹെലൻ കെല്ലറുടെ ഈ ഉത്തരം നമ്മെ ഞെട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം, സ്നേഹമുള്ളവരേ, രണ്ടു നല്ല കണ്ണുകളുണ്ടായിട്ടും നാം ദൈവത്തെ ഇന്നും കണ്ടിട്ടില്ല എന്ന് തന്നെയാണ്!

നമ്മിലെ ആർത്തികൾ, ആസക്തികൾ, muscle power, money power, അധികാര ശക്തി, സാന്ദര്യം, എല്ലാം എല്ലാം നമ്മെ അന്ധരാക്കുന്നു! എന്തിനു സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ സാധിക്കാത്ത വിധം നാമൊക്കെ അന്ധരാകുന്നില്ലേ? സുഭാഷിതങ്ങളുടെ പുസ്തകം 20, 20 ൽ പറയുന്നു: ” അപ്പനെയോ, അമ്മയെയോ പ്രാകുന്നവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും“. സുഭാഷിതങ്ങളുടെ പുസ്തകം 30, 17 പറയുന്നു: “പിതാവിനെ പരിഹസിക്കുകയും, അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ് മലങ്കാക്കകൾ കൊത്തിപ്പറിക്കുകയും കഴുകന്മാർ തിന്നുകയും ചെയ്യും.” അന്ധതയാണ് ഫലം!!

നമ്മിലെ അന്ധതയെ മാറ്റി, ഹൃദയം കൊണ്ട് ക്രിസ്തുവിനെ കാണാൻ, നമ്മിലും, നമ്മുടെ കുടുംബത്തിലും, കൂട്ടുകാരിലും, ഈ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ക്രിസ്തുവിനെ കാണാൻ നമുക്കാകണം.

സക്കേവൂസിന്റെ internal obstacle അദ്ദേഹത്തിന്റെ പൊക്കക്കുറവായിരുന്നു.

Zacchaeus the Tax Collector: Luke 19:1-10 Free Visuals | Zacchaeus, Bible  stories, Bible stories for kids

നിങ്ങൾക്ക് എന്ത് തോന്നുന്നു? അദ്ദേഹം ശാരീരികമായി പൊക്കക്കുറവുള്ള വ്യക്തിയായിരുന്നോ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ മാനസിക പിരിമുറുക്കങ്ങൾ, ചുങ്കക്കാരനെന്നുള്ള ചിന്ത, ദരിദ്രരോട് അനീതി കാണിച്ചു നേടിയതാണ് തന്റെ സ്വത്തു എന്ന വിചാരം, മറ്റുള്ളവരെ പറ്റിക്കുന്നവനാണെന്ന ചിന്ത, അയാളെ എപ്പോഴും അലട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ജനക്കൂട്ടത്തോടൊത്തു നീങ്ങാൻ, തോളോട് തോൾ ചേർന്ന് നിൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

നാമും പൊക്കക്കുറവ് അനുഭവിക്കുന്നവരാകാം. ചിലപ്പോഴെങ്കിലും നാമൊക്കെ, വീട്ടിൽ, സുഹൃത്തുക്കളുടെ മുൻപിൽ ചെറുതായിപ്പോയി എന്ന് തോന്നുന്ന നിമിഷങ്ങൾ ഉണ്ടായിട്ടില്ലേ? അമിതാബച്ചനെപ്പോലെ പൊക്കമുള്ളവരാണെങ്കിലും നമ്മിലെ കുറ്റബോധം നമ്മെ ചിലപ്പോൾ സർക്കസിലെ കുള്ളന്മാരെപ്പോലെയാക്കും. പൊക്കമുള്ളവളാകാൻ, പൊക്കമുള്ളവനാകാൻ ഒരു ഏറ്റുപറച്ചിലെന്റെ ദൂരം മാത്രമേയുള്ളു എന്നാണ് സക്കേവൂസ് നമ്മോടു പറയുന്നത്. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: “കർത്താവേ, ഇതാ എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.” അയാൾ പൊക്കമുള്ളവനായി അവിടെയുണ്ടായിരുന്ന എല്ലാവരെയുംകാൾ! അല്പം അഹങ്കാരത്തോടെ പറയട്ടെ, ആ നിമിഷം അയാൾ ഈശോയുടെ തോളൊപ്പം ഉയർന്നു നിന്നു.

സമാപനം   

സ്നേഹമുള്ളവരേ, നാം വിശ്വാസത്തോടെ അലറി വിളിക്കുകയാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും അപ്പുറം നമ്മുടെ വിലാപം കേൾക്കുന്നവനാണ് നമ്മുടെ ദൈവം! വെറുമൊരു ദർശനം മാത്രം ആഗ്രഹിച്ചാലും നമ്മുടെ ദൈവം നമ്മിൽ, നമ്മുടെ കുടുംബത്തിൽ വിരുന്നുവരും, അവിടുത്തെ രക്ഷ നമുക്ക് നൽകും. ഈശോയെ കാണാൻ അതിയായ ആഗ്രഹം നമുക്കുണ്ടാകട്ടെ. നിനക്ക് കാഴ്ചയുണ്ടാകട്ടെ, ഇന്ന് നിന്റെ ഭവനം രക്ഷപ്രാപിച്ചിരിക്കുന്നു എന്ന ക്രിസ്തുവിന്റെ സ്വരം വിശുദ്ധ കുർബാനയിൽ കേൾക്കുവാൻ അവിടുന്ന് നമുക്ക് ഭാഗ്യം തരട്ടെ. ഓർക്കുക!

Fresh Green Grass With Dew Drop Closeup. Nature Background Stock Photo,  Picture And Royalty Free Image. Image 36059666.

ഒരു മഞ്ഞുതുള്ളിയിലെ സൗന്ദര്യം ആസ്വദിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ, സമുദ്രം നിങ്ങൾക്കുള്ളതല്ല, നിങ്ങൾ സമുദ്രത്തിനും ഉള്ളതല്ല. ഒരു വയൽപ്പൂവിന്റെ മനോഹാരിത നുകരാൻ നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ, പൂന്തോട്ടം നിങ്ങൾക്കുള്ളതല്ല, നിങ്ങൾ പൂന്തോട്ടത്തിനും ഉള്ളതല്ല. ഒരു തെരുവ് വിളക്കിന്റെ പ്രകാശം നിങ്ങളെ മത്തു പിടിപ്പിക്കുന്നില്ലെങ്കിൽ, ആകാശം നിങ്ങൾക്കുള്ളതല്ല, നിങ്ങൾ ആകാശത്തിനും ഉള്ളതല്ല. അടുത്ത് നിൽക്കുന്ന സഹോദരിയെ, സഹോദരനെ, ദൈവമകളായി, ദൈവമകനായി കാണുവാൻ സാധിക്കുന്നില്ലെങ്കിൽ ക്രിസ്തു നിങ്ങൾക്കുള്ളതല്ല, നിങ്ങൾ ക്രിസ്തുവിനും ഉള്ളതല്ല.  ആമ്മേൻ!