ലൂക്ക 18, 1 – 8
സന്ദേശം

കൈത്താക്കാലം ഏഴാം ഞായറാഴ്ചയാണിന്ന്. ശ്ലീഹന്മാരുടെ സുവിശേഷ പ്രവർത്തനങ്ങൾകൊണ്ട് അടിസ്ഥാനമിട്ട സഭയുടെ വളർച്ച നിലനിൽക്കുന്നതിനും തുടർന്നുള്ള കാലങ്ങളിൽ സഭയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സഭയിലും സഭാമക്കളിലും കൂടുതൽ ഉണ്ടാകുവാനും കൈത്താക്കാലത്തെ വിശുദ്ധബലിയും, പ്രാർത്ഥനകളും നമ്മെ ഒത്തിരി സഹായിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കണം ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം ഭഗ്നാശരാകാതെ, നിരന്തരം പ്രാർത്ഥിക്കണം എന്ന സന്ദേശവുമായി നമ്മുടെ മുൻപിലെത്തിയിരിക്കുന്നത്.
വ്യാഖ്യാനം
പ്രാർത്ഥനയുടെ സവിശേഷതകളെ നമ്മെ പഠിപ്പിക്കുന്ന ഒരു സുവിശേഷഭാഗമാണിത് എന്നതിന് ഒരു തർക്കവുമില്ല. വിശുദ്ധ ലൂക്കായുടെ സുവിശേഷം തന്നെ പ്രാർത്ഥനയുടെ സുവിശേഷം എന്നാണു അറിയപ്പെടുന്നത്. ലൂക്കയുടെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതൽ പ്രാർത്ഥനയുടെ വിവിധ രൂപങ്ങളും സവിശേഷതകളും നമുക്ക് കാണാവുന്നതാണ്. ഒന്നാം അധ്യായത്തിലെ സഖറിയായുടെ പ്രാർത്ഥനയിൽ ധൂപാർച്ചനയാണ് പ്രധാനമായും നാം കാണുന്നത്. അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ദൈവം ഉത്തരം കൊടുക്കുന്നുണ്ട്. ആ അധ്യായത്തിൽ തന്നെ മാതാവിന്റെ പ്രാർത്ഥനയും ഉണ്ട്. അത് ഒരു സ്തോത്രഗീതമായിട്ടാണ് മാതാവ് അവതരിപ്പിച്ചത്. രണ്ടാം അധ്യായത്തിലെ ശിമെയോന്റെയും അന്നായുടെയും പ്രാർത്ഥന, മൂന്നാം അധ്യായത്തിൽ ജ്ഞാനസ്നാന സമയത്തെ പ്രാർത്ഥന, നാലാം അധ്യായത്തിലെ ഉപവസിച്ചുള്ള പ്രാർത്ഥന…ഇങ്ങനെ ലൂക്കായുടെ സുവിശേഷം മുഴുവൻ പ്രാർത്ഥയുടെ രൂപങ്ങളും പ്രത്യേകതകളുമാണ്. വീട്ടിൽ ചെന്ന് ലൂക്കായുടെ സുവിശേഷം ഈ ചിന്തവച്ച് ഒന്ന് വായിച്ചു നോക്കിയാൽ നിങ്ങൾ വിസ്മയിച്ചു പോകും, തീർച്ച!
ഈശോ പലപ്പോഴായി പ്രാർത്ഥനയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10 ൽ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു ഈശോ പ്രാർത്ഥിക്കുന്നുണ്ട്. (21 -24) പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനയുടെ ഉന്നതരൂപം തന്നെയാണ്. അദ്ധ്യായം 11 ൽ ഈശോ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഒരു പ്രാർത്ഥനയുടെ ഘടന എങ്ങനെയായിരിക്കണം എന്ന് ഈശോ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. (1 – 4) ഇതേ അധ്യായത്തിൽ തന്നെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു ഈശോ പറയുന്നുണ്ട്. (5 – 13) അദ്ധ്യായം 22 ൽ ഈശോയുടെ ഗത്സെമെൻ പ്രാർത്ഥനയുണ്ട്.

രക്തം വിയർക്കേ പ്രാർത്ഥിക്കുന്ന ഈശോ, പ്രാർത്ഥനയുടെ മറ്റൊരു രൂപം അവതരിപ്പിക്കുകയാണ്. അദ്ധ്യായം 23 ൽ, കാൽവരിയിൽ കുരിശിൽ മരിക്കുന്നതിന് മുൻപ് വളരെ മനോഹരമായ ഒരു പ്രാർത്ഥന ഈശോ നമുക്കായി നൽകുന്നു: “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” (46)
ഇന്നത്തെ സുവിശേഷത്തിൽ പ്രാർത്ഥനയുടെ മൂന്ന് സവിശേഷതകളാണ് ഈശോ അവതരിപ്പിക്കുന്നത്. ഒന്ന്, ഭഗ്നാശരാകാതെ, നിരാശരാകാതെ പ്രാർത്ഥിക്കണം. രണ്ട്, എപ്പോഴും പ്രാർത്ഥിക്കണം. മൂന്ന്, പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും.
നമ്മുടെ ജീവിതത്തിൽ, നിരാശരാകാതെ, എന്റെ ദൈവം എന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം നൽകും എന്ന ഉറച്ച വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം. ജീവിതമെന്നു പറയുന്നത് നമ്മുടെ ചിന്തയുടെ, നമ്മുടെ വിശ്വാസങ്ങളുടെ, നമ്മുടെ സ്വഭാവത്തിന്റെ, നമ്മുടെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാണ് എന്ന് ആധുനിക മാനേജ്‌മെന്റ് ട്രൈനേഴ്‌സ് പറയും. എന്നാൽ ഈശോ പറയുന്നത്, ജീവിതമെന്നത് നമ്മുടെ പ്രാർത്ഥനയുടെ പ്രതിഫലനമാണെന്നാണ്. കാരണം പ്രാർത്ഥന എന്നത് ദൈവവും മനുഷ്യനും ഒന്നായിത്തീരുന്ന അവസ്ഥയാണ്. പ്രാർത്ഥനയെന്നത് ദൈവത്തോട് നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നിരത്തലല്ല. പ്രാർത്ഥന എന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ എന്നെത്തന്നെ സമർപ്പിക്കുന്ന സമയമാണ്. പ്രാർത്ഥന എന്നത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവം നൽകിയ ജീവിതത്തിനു നന്ദി പറയുന്ന നിമിഷമാണ്. ഈ പ്രാർത്ഥന സന്തോഷത്തോടെ, നന്ദിയോടെ, കൃതജ്ഞതയോടെ ചെയ്യേണ്ട ഒരു കർമമാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാർത്ഥനയായ വിശുദ്ധ കുർബാനയിലെ ഓരോ പ്രാർത്ഥനയും ശ്രദ്ധിച്ചിട്ടില്ലേ? “ഞങ്ങൾ അങ്ങേക്ക് സ്തുതിയും, കൃതജ്ഞതയും, ആരാധനയും സമർപ്പിക്കുന്നു എന്ന് എത്രയോ വട്ടമാണ് നാം ചെല്ലുന്നത്!
ഒരിക്കൽ ഒരു മനുഷ്യൻ ദൈവത്തോട് പ്രാർത്ഥിച്ചു: “ദൈവമേ, എന്റെ ജീവിതം ആസ്വദിക്കാനുള്ളതെല്ലാം എനിക്ക് തരിക.” ദൈവം അയാളോട് പറഞ്ഞു: “മകനെ, ഞാൻ നിനക്ക് ജീവിതം തന്നെ നല്കിയിട്ടുണ്ടല്ലോ. അത് എല്ലാം ആസ്വദിക്കുവാൻ വേണ്ടിയാണ്.” സ്നേഹമുള്ളവരേ, എല്ലാം നല്കുന്നവനാണ് നമ്മുടെ ദൈവം. ‘വിളിക്കും മുൻപേ ഉത്തരം അരുളുന്നവനാണ് നമ്മുടെ ദൈവം; പ്രാർത്ഥിച്ചു തീരും മുൻപേ അത് കേൾക്കുന്നവനാണ് നാമ്മുടെ ദൈവം’. (ഏശയ്യാ 65, 24) അതുകൊണ്ടു നിരാശരാകാതെ നാം പ്രാർത്ഥിക്കണം, ദൈവത്തോടൊത്തു ആയിരിക്കണം.
രണ്ട്, നാം ഇപ്പോഴും പ്രാർത്ഥിക്കണം.

കാരണം, നമ്മുടെ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലിന്റെ ഒരാഘോഷമാകണം. ദൈവത്തിന്റെ ഇഷ്ടം അറിയണമെങ്കിലോ, നാം ദൈവവുമായി എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ, രാത്രി കിടക്കുന്ന നിമിഷം വരെ നാം പ്രാർത്ഥനയിൽ ആയിരിക്കണം. ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാവൂ. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ആ ഭക്ഷണം നൽകിയ നല്ല ദൈവത്തിനു നന്ദി പറയുന്നവർ എത്ര പേരുണ്ട്? വീട്ടിൽ നിന്ന് എന്തെങ്കിലും കാര്യത്തിനായി ഇറങ്ങി പുറപ്പെടുമ്പോൾ ആദ്യമേ സുഹൃത്തേ, നീ നിന്റെ ദൈവവുമായി പ്രാർത്ഥനയിലാകണം. Be in tune with your God always! Be in prayer with your God always!
മൂന്ന്, നമ്മുടെ പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും. ഈ സുവിശേഷഭാഗം ആ വിധവയ്ക്ക് ലഭിക്കാതെപോയ നീതിയെക്കുറിച്ചു പറയാനല്ല ഈശോ ആഗ്രഹിച്ചത്. പിന്നെയോ, രാവും പകലും തന്നെ വിളിച്ചു കരയുന്നവർക്കു, താനുമായി പ്രാർത്ഥനയിൽ ആകുന്നവർക്കു നീതിപൂർവം ഉത്തരം നല്കുന്നവനാണ് ദൈവം എന്ന് പഠിപ്പിക്കുവാനാണ്. ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യനെ മാനിക്കാത്ത ഒരു ന്യായാധിപന് ആ വിധവയ്ക്ക് നീതിനടത്തി കൊടുക്കുവാൻ മനസ്സുണ്ടായിരുന്നെങ്കിൽ, ഹേ മനുഷ്യാ, നിന്നെ സ്നേഹിക്കുന്ന, പേരുചൊല്ലി വിളിക്കുന്ന, സമുദ്രത്തിലൂടെ കടന്നുപോകുമ്പോഴും, നദികളിലൂടെ സഞ്ചരിക്കുമ്പോഴും നിന്നെ കാക്കുന്ന, അഗ്നിയിലൂടെ നടന്നാലും പൊള്ളലേൽക്കാതെ സംരക്ഷിക്കുന്ന, തന്റെ കൈകളിൽ നിന്നെ താങ്ങുന്ന നിന്റെ ദൈവം നിനക്ക് അർഹതപ്പെട്ടത് നല്കാതിരിക്കുമോ? (Pause)
ശരിയാണ്, ദൈവം നമുക്ക് നീതിയേ നടത്തി തരൂ. എന്ന് പറഞ്ഞാൽ, നമുക്ക് അർഹതപ്പെട്ടതേ നൽകൂ. ഒരുവന് അർഹതപ്പെട്ടത് നല്കുന്നതാണല്ലോ നീതി! അതുകൊണ്ടു നമുക്ക് അർഹതപ്പെട്ടത് മാത്രമേ നല്കപ്പെടുകയുള്ളൂ.
ക്രിസ്തുവുമായി പ്രാര്ഥനയിലായിരിക്കുമ്പോഴും, ഓർക്കുക, നിനക്ക് അർഹതപ്പെട്ടത് എന്തെന്ന് നന്നായി അറിയുന്ന നിന്റെ ദൈവം അർഹതപ്പെട്ടതേ നിനക്ക് നൽകൂ; അതും ഉചിതമായ സമയത്തേ നൽകൂ. അതുകൊണ്ടാണ് ആധ്യാത്മിക പിതാക്കന്മാർ പറയുന്നത്, the Grace of God has its own pace! ദൈവത്തിന്റെ ചുവടുവെപ്പുകൾക്കു അതിന്റേതായ താളമുണ്ട്, സമയമുണ്ട്. അപ്പോൾ പിന്നെ, പ്രാർഥിച്ചത് കിട്ടുന്നുണ്ടോ, എന്നതല്ല പ്രധാനപ്പെട്ടകാര്യം. നാളെ എന്ത് ചെയ്യുമെന്നോർത്തു ആകുലപ്പെടുകയല്ല വേണ്ടത്. പ്രധാനപ്പെട്ട കാര്യം am I in tune with God, am I in prayer with my God എന്നതാണ്. ഞാൻ എന്റെ ഈശോയുമായി പ്രാർത്ഥനയിൽ ആണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.
സമാപനം
സ്നേഹമുള്ളവരേ, ഈശോ ഇന്ന് നമ്മോട് ചോദിക്കുന്ന സുന്ദരമായ ചോദ്യം ഇതാണ്: സഹോദരി, സഹോദരാ, നീ ഞാനുമായി സന്തോഷത്തോടെ, എപ്പോഴും പ്രാർത്ഥനയിൽ ആണോ? ആണെങ്കിൽ തീർച്ചയായും, നമുക്ക് നീതി ലഭിക്കുകതന്നെ ചെയ്യും. നമ്മുടെ പ്രാർത്ഥന നമ്മുടെ ജീവിതാവസ്ഥയെ മാറ്റിമറിക്കും.

ഒരു ചെറിയ fish tank ൽ ഒരു സ്രാവിനെ ഇട്ടാൽ അത് 8 ഇഞ്ചോളം വളരും. എന്നാൽ അത് സമുദ്രത്തിലാണെങ്കിലോ, 8 അടിയോളം, അല്ലെങ്കിൽ അതിൽ കൂടുതൽ വളരും. സ്രാവിന് അതിന്റെ പരിസ്ഥിതി മാറ്റാൻ പറ്റില്ല. എന്നാൽ നമുക്ക് സാധിക്കും. പ്രാർത്ഥന നമ്മുടെ ജീവിതവഴി ഒരുക്കും. അതിലേ നടക്കേണ്ടവർ നമ്മളാണ്. ആമ്മേൻ!