SUNDAY SERMON MT 17, 14-21

മത്താ 17, 14 – 21

സന്ദേശം

Healing the Epileptic Boy: Matthew 17 Vs 14- 21 | Matthew 17, Healing, Boys

ഇനിയും കണ്ടുപിടിക്കാത്ത മരുന്നിനുവേണ്ടി കോവിഡ് രോഗികളും ലോകവും കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്; നമ്മുടെ വീടുകളിലും, അയൽവക്കങ്ങളിലും കോവിഡ് എത്തിക്കഴിഞ്ഞു. കോവിഡ് മൂലമുള്ള മരണങ്ങളും കൂടിവരികയാണ്.   കോവിഡ് 19 ൽ നിന്ന് എന്ന് സൗഖ്യം ലഭിക്കുമെന്ന് ചിന്തിച്ചു ആകുലപ്പെടുന്ന ലോകത്തിനു മുൻപിൽ നിന്നുകൊണ്ട്, ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയിൽ നിന്ന് രക്ഷനേടുവാൻ, ലോകത്തെ സുഖപ്പെടുത്തുവാൻ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന് വിളിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷ ഭാഗം.   സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ, ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ, ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത് വിശ്വാസത്തെക്കുറിച്ചാണ്. ഈശോ ആവശ്യപ്പെടുന്നത് ഹൃദയത്തിലുള്ള വിശ്വാസമാണ്.

വ്യാഖ്യാനം

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് ഈശോ, പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്. ദേവാലയങ്ങളുടെ വലിപ്പമോ, സംസ്കാരത്തിന്റെ പവിത്രതയോ, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ. ക്രിസ്തുവിലുള്ള വിശ്വാസമാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ. താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, അവനെ സുഖപ്പെടുത്തുന്നതും.

തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്.   ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം.  അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു.

എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.   അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി.

Kyrzayda Rodriguez Archives | FactCrescendo | The leading fact-checking  website in India

ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beautician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.”  ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ രണ്ടാം ചരമവാർഷികമായിരുന്നു.      

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌; ഈശോ മുഴുവനും സൗഖ്യമാണെന്ന്.

സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്.

God will make a way#red sea#christian life#christian quote#Bible  Quotes#bible verse#impossibility#christian blog#gos… | Christian bible  quotes, Sea quotes, Red sea

എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾ ക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്‌. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! നാല്പതു ദിവസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിനെ പുഴയിൽ മുക്കിക്കൊല്ലുന്നതു അപസ്മാര മനസ്സിന്റെ വൈകൃതമല്ലാതെ മറ്റെന്താണ്? ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

സമാപനം

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

ᐈ Healing stock pictures, Royalty Free healing images photos | download on  Depositphotos®

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.   ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!

SUNDAY SERMON MT 4, 12-17

മത്താ 4, 12 – 17

സന്ദേശം

Pictures of Jesus with Children by Simon Dewey | Altus Fine Art | Pictures  of christ, Jesus pictures, Light of the world

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നതും, വചനം പ്രഘോഷിച്ചതും, കുരിശുചുമന്നതും, കാൽവരി കയറിയതും, കുരിശിൽ മരിച്ചതും ദൈവരാജ്യത്തിനു വേണ്ടിയായിരുന്നു, ദൈവരാജ്യത്തെ പ്രതിയായിരുന്നു, ദൈവരാജ്യം ഈ ഭൂമിയിൽ, നമ്മുടെ ഇടയിൽ പിറവിയെടുക്കുന്നതിന് വേണ്ടിയായിരുന്നു. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.

വ്യാഖ്യാനം

ഈശോ ജനിച്ചത് ബെത്ലഹേമിലാണ്. വളർന്നത് നസ്രത്തിലാണ്. സുവിശേഷം പ്രസംഗിച്ചു ലോകത്തിനു രക്ഷനൽകുവാൻ കടന്നു ചെന്നത് ജെറുസലേമിലേക്കാണ്. എന്നാൽ തന്റെ ഗലീലയിലെ സുവിശേഷ പ്രവർത്തനത്തിൽ ഈശോ കൂടുതൽ കാലം ചിലവഴിച്ചത് കഫെർണാമിലാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തും വിജാതീയരുടെ ഗലീലിയിലേക്ക് വന്ന ഈശോ താമസിക്കുന്നത് ഗലീലിക്കടലിന്റെ വടക്കു പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന കഫെർണാമിലാണ്. ഈശോയുടെ പ്രവർത്തനങ്ങളുമായി വളരെ അടുപ്പമുള്ള സ്ഥലമാണ് കഫർണാം. വിശുദ്ധ മത്തായിയുടെ സുവിശേഷം 9, 1 ൽ പറയുന്നത് കഫർണാം ഈശോയുടെ “സ്വന്തം പട്ടണ”മെന്നാണ്. ഇവിടെ വച്ചാണ് ഈശോ ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നത്. (ലൂക്ക 7, 1 – 10) മേൽക്കൂര പൊളിച്ചു താഴോട്ടു, ഈശോയുടെ മുന്പിലേക്കിറക്കിയ തളർവാതരോഗിയെ സുഖപ്പെടുത്തിയതും ഇവിടെ വച്ചാണ്. 40 ഓളം അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു മുക്കുവ ഗ്രാമമാണ് കഫർണാം.

ഈശോയുടെ പരസ്യജീവിത കാലത്തെ മഹാത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന കഫെർനാമിലേക്കു ഈശോ ആദ്യമായി കടന്നു വന്നപ്പോൾ വിശുദ്ധ മത്തായി ഈ അവസരത്തെ ദൈവികമാക്കുകയാണ്, വലിയ ആഘോഷമാക്കുകയാണ്! അദ്ദേഹം ഈശോയെ തിരഞ്ഞെടുക്കപ്പെട്ട യഹൂദരുടെ മാത്രമല്ല, സകല ജനത്തിന്റെയും രക്ഷകനായി അവതരിപ്പിക്കുകയാണ്. മാത്രമല്ല, പ്രവചനങ്ങളുടെ പൂർത്തീകരണമായി ദർശിക്കുകയാണ്. വീണ്ടും ഒരുപടികൂടി കടന്നു, അന്ധകാരത്തിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി കാണിച്ചുകൊടുക്കുകയാണ്. തീർന്നില്ല, മരണത്തിന്റെ മേഖലയിൽ കഴിയുന്നവർക്ക്, ജീവിതകാലത്തു അതിന്റെ നിഴലിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി, ആശ്വാസമായി, ജീവനായി ഈശോയെ ഉയർത്തി നിർത്തുകയാണ്. മറ്റൊരുവാക്കിൽ, ലോകം മുഴുവന്റെയും, ജീവിച്ചിരിക്കുന്നവരുടെയും, മരിച്ചവരുടെയും, തിരഞ്ഞെടുക്കപ്പെട്ടവരുടെയും, വിജാതീയരുടെയും ദൈവമായി ഈശോയെ ഉയർത്തി പ്രതിഷ്ഠിക്കുകയാണ് വിശുദ്ധ മത്തായി ഇവിടെ. ഈയൊരു ചെറിയ സുവിശേഷ ഭാഗത്തു ഈശോ സൂര്യതേജസ്സായി തിളങ്ങുകയാണ്! ഓരോ ക്രൈസ്തവനും ധ്യാനിക്കേണ്ട, ധ്യാനിച്ച് ഉള്ളം ക്രിസ്തുവിനാൽ നിറക്കേണ്ട , ദൈവരാജ്യം, സ്വർഗ്ഗരാജ്യം ഹൃദയത്തിലും ജീവിതത്തിലും അനുഭവിക്കേണ്ട ഒരു സുവിശേഷഭാഗമാണിത്!

എന്തിനാണ് സൂര്യതേജസായ, ലോകരക്ഷകനായ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.  അതുകൊണ്ടാണ് ദൈവരാജ്യത്തെ അവതരിപ്പിച്ചുകൊണ്ട് ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ. എന്താണ് മനുഷ്യൻ ആദ്യമായും അവസാനമായും തന്റെ ജീവിതത്തിൽ അന്വേഷിക്കേണ്ടത്? ഈശോ പറയും, മനുഷ്യൻ ആദ്യം അന്വേഷിക്കേണ്ടത് ദൈവരാജ്യമാണ്. (മത്താ 6, 33) ഈശോ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ പറയുന്നതും ദൈവരാജ്യത്തിലേക്ക് ജനത്തെ ക്ഷണിക്കുവാനാണ്. (ലൂക്ക 10, 9)

എന്താണ് ഈശോയ്ക്ക് ദൈവരാജ്യം? ഈശോ ദൈവരാജ്യത്തെ കണ്ടിരുന്നത് ദൈവാത്മാവിന്റെ പ്രവർത്തനമേഖലയായിട്ടാണ്. ദൈവാത്മാവാണ് ലോകത്തിൽ, മനുഷ്യനിൽ പ്രവർത്തിക്കുന്നതെങ്കിൽ ദൈവരാജ്യമായി എന്നാണ് ഈശോ പറയുന്നത്. (മത്താ 12 ,28) സ്വർഗാരോഹണത്തിന് മുൻപ് ഈശോ ദൈവരാജ്യത്തിന്റെ താക്കോൽ ശിഷ്യർക്ക് നൽകുന്നുണ്ട്. ദൈവരാജ്യത്തിന്റെ, സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു കൊണ്ടാണ് സമാന്തര സുവിശേഷങ്ങളിൽ ഈശോ തന്റെ പരസ്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് എന്നത് ഈശോയുടെ ദൗത്യത്തെ മനോഹരമായി വെളിവാക്കുന്നുണ്ട്. അതുകൊണ്ടു എന്റെ ഉറച്ച വിശ്വാസമിതാണ്: ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്. ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്.

ഈശോയ്ക്കിത് ഒരു വീണ്ടെടുപ്പിന്റെ ശ്രമമാണ്, ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ്. ആദിമാതാപിതാക്കൾ പറുദീസായിലായിരുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർ ദൈവാരാജ്യത്തിലായിരുന്നു എന്നാണ്. പക്ഷെ, മനുഷ്യൻ ഈ പറുദീസാ, ദൈവരാജ്യം നഷ്ടപ്പെടുത്തി. പിന്നീട് പലതരത്തിലുള്ള രാജ്യങ്ങളും അവൻ പരീക്ഷിച്ചുനോക്കി. ഗോത്രങ്ങളായും, പ്രഭുത്വങ്ങളായും, കുറേക്കാലം… പിന്നെ അടിമത്തം, സാമ്രാജ്യത്വം, കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം… അവസാനമെന്നോണം ജനാധിപത്യം. എന്നാൽ, എല്ലാറ്റിനും ചോരയുടെ, വെട്ടിപ്പിടിക്കലിന്റെ, വഞ്ചനയുടെ കഥകളാണ് പറയാനുള്ളത്….

Lockdown in India has impacted 40 million internal migrants: World Bank -  The Federal

മനുഷ്യ ചരിത്രത്തിനെന്നും നിഷ്കളങ്കരുടെ രക്തത്തിന്റെ മണമാണുള്ളത്. തോൽക്കുന്നവന്റെയും ജയിക്കുന്നന്റെയും ചരിത്രം കൊല്ലുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റേതുമാണ്. മഹാഭാരത യുദ്ധത്തിൽ മരണശയ്യയിൽ കിടക്കുന്ന ദുര്യോധനൻ മറുപക്ഷത്തോട് പറയുന്നത് ഇങ്ങനെയാണ്: “… ചതികൊണ്ട് നേടിയ നിങ്ങളുടെ വിജയകിരീടങ്ങൾക്കു എന്ത് വിലയാണുള്ളത്? വഞ്ചനയിൽ ജീവിച്ചു, വഞ്ചനകൊണ്ട് ജയിച്ചു, ജയത്തെത്തന്നെ നിങ്ങൾ പരാജയമാക്കി.” പിന്നീട് അയാൾ യുധിഷ്ഠരനോട് പറഞ്ഞു: “യുധിഷ്ഠരാ, വിധവകളുടെ ഒരു മഹാരാജ്യം നിന്നെ കാത്തിരിക്കുന്നു.” നോക്കൂ… എന്തൊരു വാക്യമാണ്! വിധവകളുടെ മഹാരാജ്യം! എല്ലാ യുദ്ധവും ബാക്കിയാക്കുന്നത് അതാണ്. യുദ്ധം എപ്പോഴും, ശത്രുത എപ്പോഴും, സ്വത്തിനുവേണ്ടിയോ, സ്ഥലത്തിനുവേണ്ടിയോ, എന്തിനൊക്കെ വേണ്ടിയായാലും തർക്കങ്ങൾ എപ്പോഴും നഷ്ടങ്ങളിലെ അവസാനിക്കൂ! അല്ലെങ്കിൽ ബൈബിൾ മറിച്ചു നോക്കിക്കോളൂ, ലോകചരിത്രത്തിലെ ഏടുകൾ മറിച്ചു നോക്കിക്കോളൂ.. ദൈവ രാജ്യത്തിൽ നിന്നകലുന്നതെല്ലാം നാശത്തിലേ അവസാനിക്കുകയുള്ളു,

എന്നിട്ടും വിശ്വാസമാകുന്നില്ലെങ്കിൽ നമ്മുടെ ഇന്ത്യയുടെ, കേരളത്തിന്റെ വർത്തമാന ചരിത്രം ഒന്ന് വീക്ഷിച്ചാൽ എല്ലാം മനസ്സിലാകും. അവതാരങ്ങൾ ജനങ്ങളുടെ ഭരണകൂടങ്ങളെ വിഴുങ്ങിയിരിക്കുന്ന അവസ്ഥ……ജനാധിപത്യം ഫാസിസത്തിന്റെ കുപ്പായം ത്യജിച്ചുകൊണ്ടിരിക്കുന്ന കാലം…അധികാരമുറപ്പിക്കുവാൻ വേണ്ടി മാത്രം തെരുവുയുദ്ധങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു…

War Scenario: Why #India Can't Defeat #China - Sahel Standard

സർവ്വ നാശത്തിന്റെ രാസായുധങ്ങൾ അണിയറയിൽ ഒരുങ്ങിയിരിക്കുമ്പോഴും രാജ്യങ്ങൾയുദ്ധത്തിനായി കോപ്പു കൂട്ടുന്നു…

സ്നേഹമുള്ളവരേ, ഈ മനുഷ്യകുലത്തെ ദൈവാരാജ്യത്തിലേക്ക്, രക്ഷയിലേക്ക് വീണ്ടടുക്കുകയാണ് ഈശോയുടെ ദൗത്യം, അന്നും, ഇന്നും, എന്നും.

അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വലിയ പ്രകാശമായി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മാത്രമല്ല, വിജാതീയർക്കും പ്രതീക്ഷയായിക്കൊണ്ട് ക്രിസ്തു ഇന്ന് നമ്മെയും ദൈവരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. മാമ്മോദീസായിലൂടെ ദൈവം നമുക്ക് നൽകിയ ദൈവരാജ്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെ പിച്ചിച്ചീന്തിക്കൊണ്ടാണ് നാം നിൽക്കുന്നത്. സമാധാനത്തിനു പകരം യുദ്ധം, സ്നേഹത്തിനു പകരം വെറുപ്പ്, സത്യത്തിന് പകരം നുണ! ദേവാലയങ്ങളായ, ദേവാലയങ്ങളാകേണ്ട മനുഷ്യഹൃദയങ്ങൾ കള്ളന്മാരുടെ ഗുഹകൾ, ദൈവം വസിക്കുന്ന പള്ളികൾ കച്ചവട സ്ഥലങ്ങൾ! കച്ചവട സ്ഥലങ്ങളോ ഇന്ന് ജനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളും!!

ഇന്ന്, ദൈവരാജ്യം പ്രഘോഷിക്കുന്ന എന്തിനെയും തകർത്തുകളയുവാൻ ശ്രമിക്കുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. നന്മയുടെ വിളക്കുകളെ തല്ലിക്കെടുത്താനാണ് ആളുകൾക്കിഷ്ടം! ദൈവികമായ, നന്മനിറഞ്ഞ, വിശുദ്ധമായ എന്തിനെയും അവസരം കിട്ടുമ്പോൾ ആർത്തിയോടെ പിടിച്ചുവിഴുങ്ങി, പള്ളകൾ വലുതാക്കി, പെറ്റുപെരുകാനാണു ഒരുകൂട്ടം ശ്രമിക്കുന്നത്.

കാരൂർ നീലകണ്ഠപിള്ളയുടെ “ഉതുപ്പാന്റെ കിണർ” എന്ന കഥയുടെ പശ്ചാത്തലമിതാണ്. ‘ആ ചെറുഗ്രാമത്തിൽ തന്നിലെ ദയവിന്റെയും അനുകമ്പയുടെയും പ്രേരണകൾ ആവിഷ്കരിക്കാൻ ഉതുപ്പാൻ കിണർനിർമ്മിക്കുകയാണ്. സ്ഥലം വിലക്കുവാങ്ങി, ബുദ്ധിമുട്ടി, കിണർ കുഴിച്ചു. അയാളുടെ ജീവിതത്തിന്റെ മൂർ ത്ത രൂപമാണ് ആ കിണർ. ദൈവരാജ്യ മൂല്യങ്ങളുടെ പ്രായോഗിക രൂപം. ഒരു കുരിശടയാളം കിണറിന്റെ തൂണിൽ. കുരിശിന്റെ ഇരുവശവുമായി “ഇങ്ങോട്ട് വരുവിൻ ഇവിടെ ആശ്വസിക്കാം’ എന്ന് എഴുതിവച്ചിരിക്കുന്നു. ആർക്കും, ജാതി മത ഭേദ്യമെന്യേ നന്മ യുടെ പ്രതീകമായ ആ കിണർ ഉപയോഗിക്കാം. ആ ചെറുഗ്രാമത്തിൽ ദൈവരാജ്യം വന്നെന്നു വിചാരിച്ചിരുന്ന നാളിൽ നഗരസഭ ഗ്രാമവത്കരണത്തിന്റെ പേരും പറഞ്ഞ കിണർ മൂടാൻ ഒരുങ്ങുന്നു. കിണർ മൂടുമെന്നുറപ്പായ ദിവസത്തിന്റെ തലേ രാത്രിയിൽ ഒരു വഴിയും കാണാതെ ഉതുപ്പാൻ കിണറ്റിൽ ജീവിതം അവസാനിപ്പിക്കുന്നു.

Open Wells and Urban Resilience – The Nature of Cities

നന്മയായിട്ടുള്ളതെന്തും, ആധുനികതയുടെ പേരിൽ, നവോത്ഥാനമെന്നപേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിലെ ദൈവരാജ്യ മൂല്യങ്ങളെയൊക്കെ ചാനൽ മുതലകൾ വിഴുങ്ങിയിട്ട് കാലങ്ങളായില്ലേ? ചൈതന്യം നഷ്ടപ്പെട്ട വിശുദ്ധ ബലികളികളർപ്പിക്കുന്ന നമ്മുടെ ദേവാലയങ്ങൾ ഇനിയും, കോവിഡ് കാലം കഴിഞ്ഞും ദൈവരാജ്യത്തിന്റെ മണികളാണ് മുഴക്കുന്നത് എന്ന് വീമ്പ് പറയുവാൻ പറ്റുമോ നമുക്ക്?

ഈശോ നമ്മെ ക്ഷണിക്കുകയാണ് വീണ്ടും. ദൈവരാജ്യത്തിലേക്ക് കടക്കുവാൻ ക്രിസ്‍തു ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത്, മനസാന്തരപ്പെടുവിൻ എന്നാണ്. രണ്ടാമതായി, ഒന്നാം വായനയിൽ പറയുന്നപോലെ അഹങ്കരിക്കാതിരിക്കുക. വചനം പറയുന്നു: ‘നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുകയും നല്ല വീടുകൾ പണിതു അവയിൽ താമസിക്കുകയും …മറ്റു സകലത്തിലും സമൃദ്ധിയുണ്ടാകുകയും ചെയ്യുമ്പോൾ അഹങ്കരിച്ചു എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഇതെല്ലം നേടിത്തന്നതെന്നു നീ പറയരുത്. ദൈവമായ കർത്താവാണ് നിനക്കിതെല്ലാം തന്നത്.’ ദൈവാരാജ്യമെന്നത് അഹങ്കാരത്തിന്റെ മനോഭാവമല്ല. “ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല. അത് നീതിയും സമാധാനവും പരിശുദ്ധാ ത്മാവിലുള്ള സന്തോഷവുമാണ്.” (റോമ 14, 17)

മൂന്നാമതായി, ലേഖനവായനയിൽ കേട്ടപോലെ ക്രിസ്തുവിന്റെ എളിയ മനോഭാവം പുലർത്തുക. അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിൽ ജനിക്കും. അപ്പോൾ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയും ചെയ്യും.

സമാപനം

സ്നേഹമുള്ളവരെ, കാലത്തിന്റെ അടയാളങ്ങൾ നമ്മോടു പറയുന്നു നാം ദൈവരാജ്യത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു.

Surviving the Covid-19 outbreak: there's hope for humanity

തകർന്നു പോയിക്കൊണ്ടിരിക്കുന്ന ദൈവരാജ്യ മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകേണ്ടിയിരിക്കുന്നു. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോഴും ഓർക്കാം: ദൈവമേ, നിന്റെ രാജ്യം വരണമേ!

SUNDAY SERMON MT13, 1-9

മത്താ 13, 1-9   

സന്ദേശം

Pin on A little bit of East

ഏലിയാ സ്ലീവാമൂശെക്കാലം രണ്ടാം ഞായറാഴ്ച്ച വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വിതക്കാരനായി ഈശോ കടന്നുവരികയാണ്. മണ്ണിന്റെ മണമുള്ള ഒരു രൂപകവുമായിട്ടാണ് ഈശോ നമ്മുടെ ക്രൈസ്തവജീവിത പഠന കളരിയിലേക്കു എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ക്രൈസ്തവജീവിതങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കും. ഈ സുവിശേഷഭാഗം വായിച്ചുകേട്ടപ്പോൾ, ‘കിലുക്കം’ സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയിൽ നാമും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും: ‘കേട്ടിണ്ട്……കേട്ടിണ്ട്……ഒത്തിരി പ്രാവശ്യം കേട്ടിണ്ട്…….എന്നാൽ, നമ്മുടെ സഭ ധാരാളം പ്രതിബന്ധങ്ങളെ, ആക്രമണങ്ങളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അല്പം ഗൗരവത്തോടെ തന്നെ ഈ സുവിശേഷഭാഗത്തെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ദിവസം റഫാൽ വിമാനങ്ങൾ വായുസേനയ്ക്കു കൈമാറിയ ചടങ്ങിൽ വിശുദ്ധ ബൈബിളിൽ നിന്ന് സങ്കീർത്തനം 46 വായിച്ചുകേട്ടപ്പോൾ ഓരോ ക്രൈസ്തവനും അഭിമാനിച്ചിട്ടുണ്ടാകണം! ഗവണ്മെന്റിന്റെ ഔദ്യോഗിക വേദിയിൽ ദൈവ വചനം ഘോഷിക്കുവാൻ സാധിച്ചല്ലോ എന്നോർത്ത് സന്തോഷിച്ചു കാണണം! പക്ഷെ, ദൈവ വചനം ഒരുക്കമുള്ള ഹൃദയത്തിൽ സ്വീകരിച്ചു, മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന ക്രൈസ്തവരാണോ നാം എന്ന് ചിന്തിച്ചവർ നമ്മിൽ എത്ര പേരുണ്ട്? ഇന്നത്തെ സുവിശേഷം ഇത്തരമൊരു വിചിന്തനത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സന്ദേശമിതായിരിക്കട്ടെ: മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. (സങ്കീ 119, 105)

വ്യാഖ്യാനം

സമാന്തര സുവിശേഷങ്ങളിലെല്ലാം (Synoptic Gospels) വിവരിക്കുന്ന ഒരു സുവിശേഷ ഭാഗമാണ് വിതക്കാരന്റെ ഉപമ. “ആദിയിൽ വചനമുണ്ടായിരുന്നു” എന്നും പറഞ്ഞു വചനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പക്ഷെ വചനം വിതയ്ക്കുന്ന ഈശോയെക്കുറിച്ചുള്ള പ്രതിപാദനം ഇല്ല. എന്തിനായിരിക്കണം ഈശോ മനോഹരമായ ഈ ഉപമ പറഞ്ഞത്? ഒരു കമ്പ്യൂട്ടർ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ പ്രോഗ്രാം (Program) ചെയ്യുന്നതുപോലെ, ഈശോ തന്റെ മുന്പിലിരിക്കുന്ന ജനങ്ങളെ, വചന ബന്ധിതമായ, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മക്കളായിത്തീരുവാൻ അവരെ പ്രോഗ്രാം ചെയ്യുകയായിരുന്നു.

തന്റെ മുന്പിലിരിക്കുന്ന ജനത്തെ ദൈവരാജ്യത്തിന്റെ ജീവിതത്തിലേക്ക് എങ്ങനെ program ചെയ്യാം എന്ന ചിന്തയിൽ നിന്നായിരിക്കണം ഈശോ വിതക്കാരന്റെ ഉപമ തിരഞ്ഞെടുത്തത്. കാരണം, വളരെ അടുക്കും ചിട്ടയോടും കൂടിയ ഒരു ഉപമയാണിത്. മനുഷ്യ മനസ്സിനെ നാന്നായി മനസ്സിലാക്കുന്ന ഒരു മനസ്സാസ്ത്രജ്ഞന്റെ കഴിവ് ഈ ഉപമയിൽ പ്രതിഫലിച്ചിട്ടുണ്ട്. വളരെ ശാസ്ത്രീയമായ സമീപനങ്ങളൊന്നും ഈശോ തന്റെ പരസ്യ ജീവിതകാലത്തു നടത്തിയതായി കാണുന്നില്ലെങ്കിലും, ഈ ഉപമയിൽ, മനസ്സിനെ ശുദ്ധീകരിച്ചു ഹൃദയത്തെ ശക്തമാക്കുന്നു ഒരു രീതിയാണ് ഈശോ അവലംബിച്ചിരിക്കുന്നത്. ഇതറിയുവാൻ അല്പം ക്ഷമയോടെ ഈ വചനഭാഗം മനസ്സിലാക്കുവാൻ നാം ശ്രമിക്കണം.

വിത്ത് വിതക്കപ്പെടുന്നത് നാല് സ്ഥലങ്ങളിലാണ് – വഴിയരുകിൽ, പാറമേൽ, മുൾച്ചെടികൾക്കിടയിൽ, നല്ല നിലത്തു. ഒറ്റനോട്ടത്തിൽ, ഒരു കർഷകന്റെ നോട്ടത്തിൽ വളരെ സാധ്യമായ നാല് സ്ഥലങ്ങളാണിവ. ആദ്യത്തെ മൂന്നു സ്ഥലങ്ങൾക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട്. നാലാമത്തെ സ്ഥലമാകട്ടെ ഫലം പുറപ്പെടുവിക്കാൻ ഉതകുന്ന (Conducive) ഇടവും. സാധാരണയായി നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെയാണ് ഈ നാല് സ്ഥലങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്നാണു നാം പറയുക.  എന്നാൽ, ഹൃദയത്തെ എന്നതിനേക്കാൾ മനുഷ്യ മനസ്സിന്റെ അവസ്ഥകളെയാണ് ഈ നാല് സ്ഥലങ്ങൾ അവതരിപ്പിക്കുന്നത്. ഒരു കുരങ്ങനെപ്പോലെ ചാടിക്കളിക്കുന്ന, ശാന്തമായിരിക്കാൻ കഴിയാത്ത മനസ്സാണ് മനുഷ്യന്റേതെന്നും, അതിന്റെ അവസ്ഥകളെ മനസ്സിലാക്കിയാൽ മനസ്സിനെ ശാന്തമാക്കാൻ കഴിയുമെന്നും, അങ്ങനെ മനസ്സിനെ ശാന്തമാക്കിയാൽ ഹൃദയത്തെ നിർമ്മലമാക്കാമെന്നും ഈശോ യ്ക്കറിയാമായിരുന്നു!

നമ്മുടെ അനുദിന ജീവിതത്തിൽ എങ്ങനെയാണ് നാം പ്രോഗ്രാം ചെയ്യപ്പെടുന്നത്? ചോദ്യം ഇതാണ്: How do we get programmed? How do I get programmed in my Christian life?  ഉദാഹരണത്തിന്, എങ്ങനെയാണ് നാം സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നത്?

Image of Indian Boy Child Riding Bicycle in Rural India-DW683292-Picxy

ഇതിനു നാല് ഘട്ടങ്ങൾ (stages) ഉണ്ട്: ഒന്ന്, അബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ് (unconscious Incompetence) ഒരു കൊച്ചുകുട്ടിക്കു അറിയില്ല എന്താണ് സൈക്കിൾ എന്ന്, എന്താണ് സൈക്കിൾ സവാരി എന്ന്. അബോധാവസ്ഥയിലാണ് (Unconscious) ആ കുട്ടി. മാത്രമല്ല, ആ കുട്ടി സൈക്കിൾ ചവിട്ടുവാൻ പ്രാപ്തനുമല്ല. (Incompetence) അവൾക്കു, അവനു ഒരു സൈക്കിൾ ആരെങ്കിലും സമ്മാനമായി കൊടുത്താലോ? ആ കുഞ്ഞതു നോക്കിയെന്നിരിക്കും, പക്ഷെ മറ്റു കുട്ടികൾ അതെടുത്തു കളിക്കും.

ആധ്യാത്മിക ജീവിതത്തിൽ മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണിത്. മനുഷ്യൻ അബോധാവസ്ഥയിലാണ് (Unconscious). അതിനാൽ തന്നെ, അശക്തനുമാണ് (Incompetence). ദൈവവചനം എന്താണ് എന്നറിയില്ല. ദൈവ വചനത്തിന്റെ ശക്തിയെക്കുറിച്ചു അറിയില്ല. അബോധാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ! അവൾ, അവൻ അജ്ഞതയിലാകാം, അഹങ്കാരത്തിന്റെ, രതിയുടെ, സമ്പത്തിന്റെ ലഹരിയിലാകാം. മറ്റുള്ളവർ പറയുന്ന നന്മ മനസ്സിലാക്കുവാൻ, അതനുസരിച്ചു പ്രവർത്തിക്കുവാൻ അവൾക്കു, അവനു പ്രാപ്തിയില്ല…. ധാരാളം മനുഷ്യരുണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ! അവരുടെ മുൻപിൽ വിളമ്പുന്നവ മറ്റുള്ളവർ കൊത്തിയെടുക്കും.

രണ്ട്, ബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ്. (Conscious Incompetence) ഒരു കുട്ടി അവൾ, അവൻ, വളർന്നു കഴിഞ്ഞപ്പോൾ മനസ്സിലായി എന്താണ് സൈക്കിൾ, എന്താണ് സൈക്കിൾ സവാരി എന്ന്. പക്ഷെ സൈക്കിൾ ചവിട്ടുവാനുള്ള, ബൈക്ക് താങ്ങുവാനുള്ള ശക്തിയായിട്ടില്ല.

ഇതാണ് ആധ്യാത്മിക ജീവിതത്തിലെ പാറമേൽ വീണ വിത്തിന്റെ, വചനത്തിന്റെ അവസ്ഥ! കാര്യങ്ങളെല്ലാം അറിയാം. (Conscious) ദൈവം ആരെന്നറിയാം.  ദൈവവചനത്തിന്റെ ശക്തി എന്തെന്ന് അറിയാം. ഈ വചനത്തിനനുസരിച്ചു ജീവിച്ചാൽ ജീവിതം മനോഹരമാകുമെന്നും അറിയാം. പക്ഷെ മറ്റു സാഹചര്യങ്ങളൊന്നും അനുകൂലമല്ല. ചീത്ത കൂട്ടുകാരുടെ സ്വാധീനം, ചീത്ത പുസ്തകങ്ങൾ നൽകുന്ന താൽക്കാലിക സുഖങ്ങൾ, മാതാപിതാക്കളെ അനുസരിക്കുവാനുള്ള മടി, സ്വന്തം ചിന്തകൾക്കുപിന്നാലെയുള്ള ഓട്ടം… ഒട്ടും ആഴമില്ലാത്ത ജീവിതം! (Incompetence) പലർക്കും ജീവിതം ഇവിടെ നഷ്ടപ്പെടുന്നു… ഇതും മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ്!

മൂന്ന്, ബോധപൂർവ്വകമായ പ്രാപ്തി (Conscious Competence). അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നു. ബൈക്ക് ഓടിക്കുവാൻ പഠിക്കുന്നു. (Conscious) ഇപ്പോൾ അവൾക്കു, അവനു സൈക്കിൾ ചവിട്ടാം. പക്ഷെ ഇടയ്ക്കു വീഴും. ബൈക്ക് ഓടിക്കാം. പക്ഷെ ഗിയർ മാറുമ്പോൾ നിന്നുപോകുന്നു…ചിലപ്പോൾ ബാലൻസ് തെറ്റുന്നു…. മുന്നോട്ടു നോക്കണം…സൈഡിലേക്ക് നോക്കണം…ഹോൺ അടിക്കണം. അതിനിടക്ക് കാലുരണ്ടും സൈക്കിളിന്റെ പെടലിൽ (Pedal) കൃത്യമാക്കണം……അങ്ങനെയങ്ങനെ സൈക്കിൾ ചവിട്ടുവാൻ അറിയാമെങ്കിലും (Competence) ധാരാളം മറ്റു പ്രശ്നങ്ങൾ!!

ഇവിടെ മനുഷ്യൻ ബോധവാനാണ്. (Conscious) എന്താണ് ക്രൈസ്തവജീവിതം, കുടുംബജീവിതം, അതിന്റെ ഉത്തരവാദിത്വങ്ങൾ…… എല്ലാം അറിയാം. ദിവസവും കുടുംബപ്രാർത്ഥന ചൊല്ലണം …ഭാര്യയോടും മക്കളോടുമൊത്തു സമയം ചെലവഴിക്കണം……ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കണം……എല്ലാം അറിയാം. ബോധവാനാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ളവനുമാണ്. (Competence) പക്ഷെ ദുശീലങ്ങൾ ……അമിതമായ മദ്യപാനം…സാമ്പത്തിക പ്രശ്നങ്ങൾ …… എല്ലാം നാലുവശത്തും നിന്ന് ഞെരുക്കുകയാണ്. ഇതും മനുഷ്യൻ കടന്നുപോകുന്ന ജീവിതാവസ്ഥയാണ്.

നാല്, അബോധാവസ്ഥയിലുള്ള പ്രാപ്തി (Unconscious Competence). ഇവിടെ ബോധപൂർവം അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിച്ചു. ബൈക്ക് ഓടിക്കുവാൻ പഠിച്ചു. പക്ഷെ ഇവിടെ അബോധാവസ്ഥ എന്ന് പറയുന്നത്, എങ്ങനെ സൈക്കിൾ ചവിട്ടണം, എങ്ങനെ ബൈക്ക് ഓടിക്കണമെന്നു പ്രത്യേകം ചിന്തിക്കേണ്ട ആവശ്യമില്ല. (Unconscious) ഒരു extra effort ന്റെ ആവശ്യമില്ല .സൈക്കിൾ ചവിട്ടൽ വളരെ എളുപ്പമാകുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു.  വഴിയേ പോകുന്ന ആളുകളോട് സവാരിക്കിടെ വർത്തമാനം പറയാം……മറ്റുള്ളവരെ greet ചെയ്യാം……വേണമെങ്കിൽ കൈകൾ ഫ്രീയാക്കിക്കൊണ്ടു ride ചെയ്യാം……ഇപ്പോൾ അവൾ, അവൻ സവാരി ആസ്വദിക്കുകയാണ്. (Competence)

ദൈവ വചനമനുസരിച്ചുള്ള, ദൈവരാജ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജീവിതത്തിന്റെ അവസ്ഥ ഇതായിരിക്കണം. (Unconscious Competence). ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വചനം ഉറകൂടി നിൽക്കുമ്പോൾ, വചനം അവളുടെ, അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരും. പിന്നെ ഓരോ നിമിഷവും വചനം എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.ഒരു extra effort ന്റെ ആവശ്യമില്ല. അവളുടെ അവന്റെ ജീവിതം automatically ദൈവത്തിന്റെ വചനത്തിനു അധിഷ്ഠിതമാകും. പിന്നെ അവളുടെ അവന്റെ ക്രൈസ്തവ ജീവിതം സുന്ദരമാകും; എളുപ്പമുള്ളതാകും. ദൈവത്തിന്റെ വചനത്തിന്റെ, പ്രസാദവരത്തിന്റെ ഭംഗിയിൽ അവരുടെ ജീവിതം, കുടുംബജീവിതം പ്രശോഭിക്കും.

സ്നേഹമുള്ളവരേ, ഈ നാലാമത്തെ സ്റ്റേജിൽ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ എത്തുമ്പോൾ നമ്മുടെ ഹൃദയം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുവാൻ സജ്ജമാകും. നാം ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരങ്ങളായിത്തീരും. മനസ്സിന്റെ അവസ്ഥകളെക്കുറിച്ചു ബോധവതിയാകുവാൻ, ബോധവാനാകുവാൻ ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

ഈ കഴിഞ്ഞ ആഴ്ചയിൽ ദൈവ വചനം ജീവിതത്തിന്റെ ഭാഗമാക്കിയ, വചനത്തിനു ജീവിതംകൊണ്ട് സാക്ഷ്യം നൽകിയ, ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരമായി മാറിയ ഒരു സന്യാസിനിയെ ഞാൻ സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിൽ കണ്ടു! ദൈവത്തിന്റെ വചനം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിച്ചു നിൽക്കുന്നത് ഞാൻ കണ്ടു! ക്രിസ്തു സാക്ഷ്യം വസന്തമായി, ഏഴ് നിറങ്ങളുള്ള മഴവില്ലായി വിരിഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു! അതാരാണെന്നല്ലേ? ബഹുമാനപ്പെട്ട സിസ്റ്റർ ദിവ്യ.

എവിടെയെന്നല്ലേ? നമ്മുടെ കേരളത്തിൽ. നെടുങ്കുന്നം സെന്റ് തെരേസാസ് സ്കൂളിൽ. പ്രധാനാധ്യാപികയായ സിസ്റ്റർ ഓണസന്ദേശം നൽകിയതിൽ മതനിന്ദ ആരോപിച്ചു, നമ്മുടെ മതേതര ജനാധിപത്യ ഇന്ത്യയിൽ, പ്രബുദ്ധമെന്നു വിശേഷിപ്പിക്കുന്ന കേരളത്തിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മാപ്പു പറയുവാൻ ആവശ്യപ്പെട്ടപ്പോൾ ക്രിസ്തു സാക്ഷ്യത്തിന്റെ ശക്തമായ ആൾരൂപമായി സിസ്റ്റർ മാറി. ദൈവത്തിന്റെ വചനം ക്രിസ്തുവായി അവതാരമെടുത്ത നിമിഷമായി അത് മാറി!

സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയുള്ള ഷെയ്ക്കാനാ ടെലിവിഷന്റെ മിസ്പാ ധ്യാനപ്രസംഗങ്ങൾ നിങ്ങളിൽ പലരും കേട്ടുകാണും. ഓരോ ക്രൈസ്തവനും സഭയുടെ, നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ, ഇടവകകളുടെ, രൂപതകളുടെ കാവൽ ഗോപുരങ്ങളായി മാറണം. അതിനു ഒരോയൊരു മാർഗ്ഗമേയുള്ളു: ദൈവ വചനത്തിനു അനുസൃതം ജീവിതത്തെ വളർത്തിയെടുക്കുക. തിരുസഭയ്ക്കോ, സഭയുടെ പ്രസ്ഥാനങ്ങൾക്കോ, പുറമെ നിന്നുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ, സഭയെ, ക്രിസ്തു വിശ്വാസത്തെ ഇല്ലാതാക്കുവാൻ ശ്രമങ്ങളുണ്ടാകുമ്പോൾ നാം ചെയ്യേണ്ടത് ക്രിസ്തുവിന്റെ വചനത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുകയാണ്. പുറമെ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിൽ നിന്ന് സഭയെ ശക്തിപ്പെടുത്തുവാനാണ് നാം ശ്രമിക്കേണ്ടത്.

ഓരോ കുടുംബവും തങ്ങളുടെ ക്രൈസ്തവ ജീവിതശൈലിയെക്കുറിച്ചു പുനർവിചിന്തനം ചെയ്യണം. നമ്മുടെ കുടുംബത്തിന്റെ രീതികൾ reschedule ചെയ്യേണ്ടതുണ്ടെങ്കിൽ അതിനു തയ്യാറാകണം. ഓരോ കുടുംബത്തിൽ നിന്ന്, പ്രത്യേകിച്ച് സന്ധ്യകളിൽ പ്രാർത്ഥനകൾ ഉയരട്ടെ. അതിൽ ഒരു കോമ്പ്രോമൈസിനും ഇടം കൊടുക്കരുത്. ഓർത്തുനോക്കൂ…പണ്ടൊക്കെ ഗവൺമെന്റുകൾ Election, Examinations തുടങ്ങിയവ ഞായറാഴ്ച്ച വച്ചിരുന്നില്ല. കാരണം, അത് ക്രൈസ്തവരുടെ വിശുദ്ധ ദിനമാണെന്നു അവർക്കു അറിയാമായിരുന്നു; അവരതിനെ ബഹുമാനിച്ചിരുന്നു. ഇന്ന് ക്രൈസ്തവർ തന്നെ ഞായർ വിശുദ്ധ ദിനമായി കാണുന്നില്ല. ഞായറാഴ്ചയും പിടിപ്പതു പണിയാണ്. നമ്മുടെ ഇടവകയിലോ, സന്യാസ ഭവനങ്ങളിലോ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഞായറാഴ്ചയും പണിയാണ്. എന്ത് സാക്ഷ്യമാണ് നാം കൊടുക്കുന്നത്. എന്നിട്ടു NEET പോലുള്ള പരീക്ഷകൾ ഞായറാഴ്ച്ച വരുമ്പോൾ കരഞ്ഞിട്ട് കാര്യമുണ്ടോ? നാം ചിന്തിക്കണം!

ക്രൈസ്തവർ പ്രതികരിക്കണം. പക്ഷെ അവർ പ്രതികരിക്കേണ്ടത് വിശുദ്ധമായ ജീവിതം കൊണ്ടായിരിക്കണം. ക്രൈസ്തവർ പ്രതിരോധിക്കണം. പക്ഷെ അത് നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും വചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടായിരിക്കണം. നാം നിശ്ശബ്ദരാകരുത്. പക്ഷെ വിളിച്ചു പറയേണ്ടത്, ഉറക്കെ പ്രഘോഷിക്കേണ്ടത് ദൈവത്തിന്റെ വചനമായിരിക്കണം. പ്രതീകാത്മമായിപ്പോലും, ഹിംസയുടെ, വെറുപ്പിന്റെ ഭാഷ, പ്രവർത്തനം നമ്മിൽ നിന്നുണ്ടാകരുത്. പകരം, ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി നാം മാറണം. തിരുസഭയ്ക്കു ഒരു ശരിയേ ഉള്ളു. അത് ക്രിസ്തുവാണ്. തിരുസഭയ്ക്കു ഒരു വഴിയേ ഉള്ളു. അത് കുരിശിന്റെ, സഹനത്തിന്റെ വഴിയാണ്. തിരുസഭയ്ക്കു ഒരു ശബ്ദമേയുള്ളു. അത് വചനത്തിന്റെ ശബ്ദമാണ്.

സമാപനം

ഈശോ നമ്മെ ക്ഷണിക്കുകയാണ്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ. വചനം കൊണ്ട് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. കാരണം, “നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത്‍ നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും, സനാതനവുമായ ദൈവ വചനത്തിൽ നിന്ന്.” (1 പത്രോ 1, 23) വിതക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തെയും, ജീവിത വ്യാപാരങ്ങളെയും മനസ്സിലാക്കുവാനുള്ള ഒരവസരമാണ്.

Lamp To My Feet - Psalm 119:105 | Scripture Art Print

ദൈവ വചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമെന്നോണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. ആമേൻ!

FEAST DAY SERMON

സെപ്തംബർ 8

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ

100+ Free Mother Mary & Virgin Mary Images - Pixabay

കോവിഡ് 19 എന്ന മഹാമാരിയുടെ ഭീകരത ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ധാരാളം മനുഷ്യർ നിരാശയുടെ വക്കിലെത്തി ഇനിയെന്ത് എന്നറിയാതെ വിഷമിക്കുന്നുണ്ട്. (പത്തു ദിവസമായി ക്വാറന്റൈനിൽ ഇരുന്നപ്പോഴാണ് ഒറ്റയ്ക്കിരിക്കുന്നതിന്റെ അസ്വസ്ഥത എനിക്ക് മനസ്സിലായത്.)  ദേവാലയത്തിൽ പോയി വിശുദ്ധ കുർബാന അർപ്പിക്കുവാനും, പരിശുദ്ധ അമ്മയോടും വിശുദ്ധരോടും മാധ്യസ്ഥ്യം പ്രാർത്ഥിക്കുവാനും സാധിക്കാതെ നമ്മുടെയൊക്കെ ആധ്യാത്മിക ജീവിതം കേവലം വെർച്യുൽ ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ആചരിക്കുകയാണ്. നമ്മുടെ ജീവിതം കൂടുതൽ പ്രതീക്ഷ നിറഞ്ഞതും, സമാധാനപ്രദവുമാകാൻ അമ്മയുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.

നമ്മുടെ കത്തോലിക്കാ സഭയിൽ ആകെ മൂന്നു ജനന തിരുനാളുകളാണ് നാം ആഘോഷിക്കുന്നത്. ഒന്ന് ഈശോയുടെ, രണ്ടു, പരിശുദ്ധ കന്യകാമറിയത്തിന്റെ, മൂന്നു വിശുദ്ധ സ്നാപക യോഹന്നാന്റേത്.  ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പരിശുദ്ധ കന്യകാമറിയത്തിനുള്ള സ്ഥാനവും പ്രാധാന്യവുമാണ് അമ്മയുടെ ജനന തിരുനാളാഘോഷത്തിലൂടെ സഭ വ്യക്തമാക്കുന്നത്.

സുവിശേഷങ്ങളിൽ ഇതൾ വിരിയുന്ന പരിശുദ്ധ അമ്മയുടെ ജീവിതത്തിന്റെ സവിശേഷതകളായിരിക്കണം നിങ്ങളും ഞാനും അടക്കമുള്ള ലോകത്തിലെ ക്രൈസ്തവർക്ക് പരിശുദ്ധ അമ്മയോട് ഇഷ്ടം തോന്നാൻ കാരണം എന്നാണു എനിക്ക് തോന്നുന്നത്. ഈ സവിശേഷതകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു സവിശേഷതകളിൽ ഒന്ന്, പരിശുദ്ധ ‘അമ്മ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ജീവിതമാണ് നയിച്ചത് എന്നാണ്.

MARY of NAZARETH Film Trailer - YouTube

മറ്റൊരുവാക്കിൽ പരിശുദ്ധ അമ്മയുടെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമായിരുന്നു. മംഗളവാർത്ത അറിയിച്ചതിനു ശേഷം അമ്മയുടെ തീരുമാനം അറിയാൻ സ്വർഗം കാത്തു നിന്നപ്പോൾ, “ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം പോലെ എന്നിൽ സംഭവിക്കട്ടെ” എന്ന് മാതാവ് ഉത്തരം പറഞ്ഞ നിമിഷം മുതൽ അമ്മയുടെ ജീവിത ദൈവേഷ്ടത്തിന്റെ ആഘോഷമാകുകയായിരുന്നു. ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കാൻ ആഗ്രഹിച്ച മറിയത്തെ പിന്നീട് നാം കാണുന്നത് കുരിശിൻ ചുവട്ടിലാണ്. പക്ഷെ ഇന്ന് ‘അമ്മ ലോകത്തിന്റെ തന്നെ അമ്മയായി മാറിയിരിക്കുകയാണ്.

സ്നേഹമുള്ളവരേ, ഓരോ ക്രൈസ്തവന്റെയും ജീവിതം അമ്മ ജീവിച്ചപോലെ, ദൈവേഷ്ടത്തിന്റെ ആഘോഷമായിരിക്കണം. ക്രിസ്തുവിനെ ലോകത്തിനു നൽകിക്കൊണ്ട് ഈശോയുടെ അമ്മമാരാകാൻ ആഗ്രഹമുണ്ടെങ്കിൽ, ഈശോയുടെ സഹോദരനും സഹോദരിയുമാകാൻ ആഗ്രഹമുണ്ടെങ്കിൽ ഈശോ പറയുന്നത് ഇങ്ങനെയാണ്: ” “ഇതാ എന്റെ അമ്മയും എന്റെ സഹോദരങ്ങളും. ദൈവത്തിന്റെ ഹിതം നിർ വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും”. (മർക്കോ 3, 35) J.I Packer “Knwoing and Doing the will of God” എന്ന പുസ്തകത്തിൽ പറയുന്നത് ‘ പരിശുദ്ധ കന്യകാമറിയത്തെപ്പോലെ പ്രസാദവരത്താൽ നിറഞ്ഞവരും ജീവിത സന്തോഷത്താൽ ആനന്ദിക്കുന്നവരുമാകാൻ നാം ചെയ്യേണ്ടതു ദൈവഹിതം അറിയുകയും അതിനനുസരിച്ചു ജീവിക്കുകയുമാണ്’എന്നാണ്.

നമ്മുടെ മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണെങ്കിൽ നാമൊക്കെ ജീവിതത്തിൽ വിജയം നേടുന്നവരാകും. നമുക്കറിയാവുന്നതുപോലെ, ജീവിതം ബുദ്ധിമുട്ടേറിയതാണ്. അതിന്റെ സ്വഭാവം അങ്ങനെയാണ്. ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ തീർച്ചയായും നാം ചെന്നെത്തുക തെറ്റിദ്ധാരണയുടെ കുരിശിൻ ചുവട്ടിലാകാം. അപമാനത്തിന്റെ കുരിശിൻ ചുവട്ടിലാകാം. ഒറ്റപ്പെടലിന്റെ, ചവുട്ടി താഴ്ത്തലുകളുടെ കുരിശിൻ ചുവടുകളിലാകാം. എന്നാൽ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ നാം തയ്യാറായാൽ നമ്മുടെ മുൻപിലും സ്വർഗം തുറക്കപ്പെടും. ജീവിതം എളുപ്പമുള്ളതാക്കാൻ, മനോഹരമാക്കാൻ ഉള്ള ഒറ്റമൂലി ഇതാണ്: ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക.

നമ്മൾ ആരായിരുന്നാലും, എന്തുമാത്രം സമ്പന്നരായിരുന്നാലും, എത്രമാത്രം ശക്തരായിരുന്നാലും, എത്രത്തോളം പ്രശസ്തരായിരുന്നാലും, എത്രമാത്രം സൗന്ദര്യമുണ്ടായിരുന്നാലും, വിദ്യാസമ്പന്നർ, വാഴ്ത്തപ്പെട്ടവർ ആയിരുന്നാലും ദൈവേഷ്ടത്തിന്റെ ആഘോഷമല്ല നമ്മുടെ ജീവിതമെങ്കിൽ നമ്മൾ തകർക്കപ്പെടും, ഇന്നല്ലെങ്കിൽ, നാളെ.

രണ്ടാമത്തെ സവിശേഷത, പരിശുദ്ധ അമ്മ നമ്മോടൊത്തുണ്ട്. നമ്മോടൊത്തായിരുന്നുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യയാകുവാൻ, ശിഷ്യനാകുവാൻ പരിശുദ്ധ ‘അമ്മ നമുക്ക് പ്രോത്സാഹനം നൽകും. ഈശോയുടെ ജീവിതവഴികളിൽ അങ്ങനെയായിരുന്നു പരിശുദ്ധ ‘അമ്മ. കാനായിലെ കല്യാണ വിരുന്നിൽ മനുഷ്യരുടെ കുറവുകളിൽ ദൈവത്തിന്റെ മഹത്വം പ്രകടമാകുവാൻ പരിശുദ്ധ അമ്മ ഈശോയോടൊത്തു ഉണ്ടായിരുന്നു. എലിസബത്തിന്റെ ഉദരത്തിലെ ശിശു ദൈവികാനന്ദത്താൽ നിറയാനും എലിസബത്തു പരിശുദ്ധാത്മാവിനാൽ പ്രചോദിതയാകാനും പരിശുദ്ധ അമ്മയുടെ സാന്നിധ്യം കാരണമായി. ഈശോയുടെ ഉത്ഥാനത്തിനുശേഷം അമ്മയോടൊപ്പമാണ് ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞത്. പരിശുദ്ധ ‘അമ്മ നമ്മോടൊപ്പമുണ്ടെന്ന ചിന്ത ക്രിസ്തുശിഷ്യത്വത്തിന്റെ വഴികളിൽ നമുക്കൊരു ശക്തിയാണ്.

2004 ൽ റിലീസ് ചെയ്ത Mel Gibson ന്റെ Passion of Christ എന്ന സിനിമയിൽ വളരെ മനോഹരമായ ഒരു രംഗമുണ്ട്.

ഈശോ കുരിശുമായി കാൽവരി യാത്രയിലാണ്……അവശനായി രക്തമൊലിക്കുന്ന മുഖത്തോടെ കുരിശുമായി ആടിയുലഞ്ഞു നടക്കുകയാണ്….ഇടയ്ക്കെപ്പോഴോ കാലിടറി വഴിയിൽ വീണു…ദേഹത്തേക്ക് സ്ലോ മോഷനിൽ ഭാരമേറിയ കുരിശും…..ഈശോയുടെ ‘അമ്മ ആ ദാരുണ രംഗം കണ്ടു…അവൾ ഈശോയുടെ അടുത്തേക്ക് ഓടാൻ ശ്രമിക്കുമ്പോൾ, സംവിധായകൻ ഒരു Flash back നമ്മുടെ മുന്നിലിട്ട് തരികയാണ്…കുട്ടിയായിരുന്ന ഈശോ ഓടിക്കളിക്കുകയാണ്……പെട്ടെന്നാണ് ഒരു കല്ലിൽ തട്ടി ബാലനായ ഈശോ വീഴുന്നത്… മാതാവ് ഈശോയുടെ അടുത്തേക്ക് ഓടിയെത്തുന്നു…മുറിവ് തുടച്ചു വൃത്തിയാക്കുന്നു…ഈശോയുടെ കവിളത്തു ഉമ്മവയ്ക്കുന്നു.. പേടിച്ചു പോയ ഉണ്ണിയെ മാറോട് ചേർത്ത് പിടിച്ചുകൊണ്ടു അവൾ പറഞ്ഞു: “I am here”..…Flash back തീർന്നു…

ക്യാമറ വീണ്ടും കുരിശിന്റെ വഴിയിലേക്ക്…കുരിശിനടിയിൽ വീണുകിടക്കുന്ന ഈശോയുടെ അടുത്തേക്ക് slow motion ൽ മാതാവ് ഓടിയെത്തിയിട്ട് ഈശോയുടെ മുഖം കൈകളിൽ കോരിയെടുത്തിട്ട് ഈശോയുടെ ചെവിയിൽ പറയുന്നു… “Son, I am here” …. ക്യാമറ ഈശോയുടെ മുഖത്തിന്റെ close up കാണിക്കുമ്പോൾ നാം അറിയുകയാണ്, അമ്മയുടെ “Son I am here” എന്നുള്ള പറച്ചിൽ യാത്ര തുടരാൻ ഈശോയെ ധൈര്യപ്പെടുത്തിയെന്ന്…. അവിടുന്ന് കുരിശെടുത്തു നടക്കുവാൻ ശ്രമിക്കുകയാണ്…  

സ്നേഹമുള്ളവരേ, അമ്മ നമ്മോടൊത്തു ഉണ്ടെന്ന ചിന്ത നമ്മെയും ശക്തിപ്പെടുത്തും. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ബലിയാകുവാൻ, വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കാൻ, ജീവിതത്തിലെ കുരിശുകൾ വഹിക്കാൻ, ഇല്ലായ്മകളിൽ പ്രതീക്ഷ പുലർത്താൻ, പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മ നമ്മുടെ കാതിൽ വന്നു പറയും: “Daughter, Son, I am here”.

പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്കു, ക്രൈസ്തവ കുടുംബ ജീവിതങ്ങൾക്ക്, നവീകരണത്തിന്റെ ദിനമാകട്ടെ.

Blessed Virgin Mary 8x10 - Good Shepherd Art

നാം എവിടെയായിരുന്നാലും, എന്തായിരുന്നാലും ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സ്നേഹത്തെ, സമാധാനത്തെ ലോകത്തിനു നൽകാൻ അമ്മയുടെ ഈ മാതൃക നമുക്ക് പ്രചോദനമേകട്ടെ. നമ്മുടെ ജീവിതങ്ങൾ ദൈവേഷ്ടത്തിന്റെ ആഘോഷമാകട്ടെ. പരിശുദ്ധ അമ്മയുടെ സാമിപ്യം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ ശക്തിപ്പെടുത്തട്ടെ.

എല്ലാവർക്കും പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.