മത്താ 13, 1-9
സന്ദേശം

ഏലിയാ സ്ലീവാമൂശെക്കാലം രണ്ടാം ഞായറാഴ്ച്ച വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വിതക്കാരനായി ഈശോ കടന്നുവരികയാണ്. മണ്ണിന്റെ മണമുള്ള ഒരു രൂപകവുമായിട്ടാണ് ഈശോ നമ്മുടെ ക്രൈസ്തവജീവിത പഠന കളരിയിലേക്കു എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ക്രൈസ്തവജീവിതങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കും. ഈ സുവിശേഷഭാഗം വായിച്ചുകേട്ടപ്പോൾ, ‘കിലുക്കം’ സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയിൽ നാമും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും: ‘കേട്ടിണ്ട്……കേട്ടിണ്ട്……ഒത്തിരി പ്രാവശ്യം കേട്ടിണ്ട്…….എന്നാൽ, നമ്മുടെ സഭ ധാരാളം പ്രതിബന്ധങ്ങളെ, ആക്രമണങ്ങളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അല്പം ഗൗരവത്തോടെ തന്നെ ഈ സുവിശേഷഭാഗത്തെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ദിവസം റഫാൽ വിമാനങ്ങൾ വായുസേനയ്ക്കു കൈമാറിയ ചടങ്ങിൽ വിശുദ്ധ ബൈബിളിൽ നിന്ന് സങ്കീർത്തനം 46 വായിച്ചുകേട്ടപ്പോൾ ഓരോ ക്രൈസ്തവനും അഭിമാനിച്ചിട്ടുണ്ടാകണം! ഗവണ്മെന്റിന്റെ ഔദ്യോഗിക വേദിയിൽ ദൈവ വചനം ഘോഷിക്കുവാൻ സാധിച്ചല്ലോ എന്നോർത്ത് സന്തോഷിച്ചു കാണണം! പക്ഷെ, ദൈവ വചനം ഒരുക്കമുള്ള ഹൃദയത്തിൽ സ്വീകരിച്ചു, മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന ക്രൈസ്തവരാണോ നാം എന്ന് ചിന്തിച്ചവർ നമ്മിൽ എത്ര പേരുണ്ട്? ഇന്നത്തെ സുവിശേഷം ഇത്തരമൊരു വിചിന്തനത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സന്ദേശമിതായിരിക്കട്ടെ: മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. (സങ്കീ 119, 105)
വ്യാഖ്യാനം
സമാന്തര സുവിശേഷങ്ങളിലെല്ലാം (Synoptic Gospels) വിവരിക്കുന്ന ഒരു സുവിശേഷ ഭാഗമാണ് വിതക്കാരന്റെ ഉപമ. “ആദിയിൽ വചനമുണ്ടായിരുന്നു” എന്നും പറഞ്ഞു വചനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പക്ഷെ വചനം വിതയ്ക്കുന്ന ഈശോയെക്കുറിച്ചുള്ള പ്രതിപാദനം ഇല്ല. എന്തിനായിരിക്കണം ഈശോ മനോഹരമായ ഈ ഉപമ പറഞ്ഞത്? ഒരു കമ്പ്യൂട്ടർ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ പ്രോഗ്രാം (Program) ചെയ്യുന്നതുപോലെ, ഈശോ തന്റെ മുന്പിലിരിക്കുന്ന ജനങ്ങളെ, വചന ബന്ധിതമായ, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മക്കളായിത്തീരുവാൻ അവരെ പ്രോഗ്രാം ചെയ്യുകയായിരുന്നു.
തന്റെ മുന്പിലിരിക്കുന്ന ജനത്തെ ദൈവരാജ്യത്തിന്റെ ജീവിതത്തിലേക്ക് എങ്ങനെ program ചെയ്യാം എന്ന ചിന്തയിൽ നിന്നായിരിക്കണം ഈശോ വിതക്കാരന്റെ ഉപമ തിരഞ്ഞെടുത്തത്. കാരണം, വളരെ അടുക്കും ചിട്ടയോടും കൂടിയ ഒരു ഉപമയാണിത്. മനുഷ്യ മനസ്സിനെ നാന്നായി മനസ്സിലാക്കുന്ന ഒരു മനസ്സാസ്ത്രജ്ഞന്റെ കഴിവ് ഈ ഉപമയിൽ പ്രതിഫലിച്ചിട്ടുണ്ട്. വളരെ ശാസ്ത്രീയമായ സമീപനങ്ങളൊന്നും ഈശോ തന്റെ പരസ്യ ജീവിതകാലത്തു നടത്തിയതായി കാണുന്നില്ലെങ്കിലും, ഈ ഉപമയിൽ, മനസ്സിനെ ശുദ്ധീകരിച്ചു ഹൃദയത്തെ ശക്തമാക്കുന്നു ഒരു രീതിയാണ് ഈശോ അവലംബിച്ചിരിക്കുന്നത്. ഇതറിയുവാൻ അല്പം ക്ഷമയോടെ ഈ വചനഭാഗം മനസ്സിലാക്കുവാൻ നാം ശ്രമിക്കണം.
വിത്ത് വിതക്കപ്പെടുന്നത് നാല് സ്ഥലങ്ങളിലാണ് – വഴിയരുകിൽ, പാറമേൽ, മുൾച്ചെടികൾക്കിടയിൽ, നല്ല നിലത്തു. ഒറ്റനോട്ടത്തിൽ, ഒരു കർഷകന്റെ നോട്ടത്തിൽ വളരെ സാധ്യമായ നാല് സ്ഥലങ്ങളാണിവ. ആദ്യത്തെ മൂന്നു സ്ഥലങ്ങൾക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട്. നാലാമത്തെ സ്ഥലമാകട്ടെ ഫലം പുറപ്പെടുവിക്കാൻ ഉതകുന്ന (Conducive) ഇടവും. സാധാരണയായി നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെയാണ് ഈ നാല് സ്ഥലങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്നാണു നാം പറയുക. എന്നാൽ, ഹൃദയത്തെ എന്നതിനേക്കാൾ മനുഷ്യ മനസ്സിന്റെ അവസ്ഥകളെയാണ് ഈ നാല് സ്ഥലങ്ങൾ അവതരിപ്പിക്കുന്നത്. ഒരു കുരങ്ങനെപ്പോലെ ചാടിക്കളിക്കുന്ന, ശാന്തമായിരിക്കാൻ കഴിയാത്ത മനസ്സാണ് മനുഷ്യന്റേതെന്നും, അതിന്റെ അവസ്ഥകളെ മനസ്സിലാക്കിയാൽ മനസ്സിനെ ശാന്തമാക്കാൻ കഴിയുമെന്നും, അങ്ങനെ മനസ്സിനെ ശാന്തമാക്കിയാൽ ഹൃദയത്തെ നിർമ്മലമാക്കാമെന്നും ഈശോ യ്ക്കറിയാമായിരുന്നു!
നമ്മുടെ അനുദിന ജീവിതത്തിൽ എങ്ങനെയാണ് നാം പ്രോഗ്രാം ചെയ്യപ്പെടുന്നത്? ചോദ്യം ഇതാണ്: How do we get programmed? How do I get programmed in my Christian life? ഉദാഹരണത്തിന്, എങ്ങനെയാണ് നാം സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നത്?

ഇതിനു നാല് ഘട്ടങ്ങൾ (stages) ഉണ്ട്: ഒന്ന്, അബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ് (unconscious Incompetence) ഒരു കൊച്ചുകുട്ടിക്കു അറിയില്ല എന്താണ് സൈക്കിൾ എന്ന്, എന്താണ് സൈക്കിൾ സവാരി എന്ന്. അബോധാവസ്ഥയിലാണ് (Unconscious) ആ കുട്ടി. മാത്രമല്ല, ആ കുട്ടി സൈക്കിൾ ചവിട്ടുവാൻ പ്രാപ്തനുമല്ല. (Incompetence) അവൾക്കു, അവനു ഒരു സൈക്കിൾ ആരെങ്കിലും സമ്മാനമായി കൊടുത്താലോ? ആ കുഞ്ഞതു നോക്കിയെന്നിരിക്കും, പക്ഷെ മറ്റു കുട്ടികൾ അതെടുത്തു കളിക്കും.
ആധ്യാത്മിക ജീവിതത്തിൽ മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണിത്. മനുഷ്യൻ അബോധാവസ്ഥയിലാണ് (Unconscious). അതിനാൽ തന്നെ, അശക്തനുമാണ് (Incompetence). ദൈവവചനം എന്താണ് എന്നറിയില്ല. ദൈവ വചനത്തിന്റെ ശക്തിയെക്കുറിച്ചു അറിയില്ല. അബോധാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ! അവൾ, അവൻ അജ്ഞതയിലാകാം, അഹങ്കാരത്തിന്റെ, രതിയുടെ, സമ്പത്തിന്റെ ലഹരിയിലാകാം. മറ്റുള്ളവർ പറയുന്ന നന്മ മനസ്സിലാക്കുവാൻ, അതനുസരിച്ചു പ്രവർത്തിക്കുവാൻ അവൾക്കു, അവനു പ്രാപ്തിയില്ല…. ധാരാളം മനുഷ്യരുണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ! അവരുടെ മുൻപിൽ വിളമ്പുന്നവ മറ്റുള്ളവർ കൊത്തിയെടുക്കും.
രണ്ട്, ബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ്. (Conscious Incompetence) ഒരു കുട്ടി അവൾ, അവൻ, വളർന്നു കഴിഞ്ഞപ്പോൾ മനസ്സിലായി എന്താണ് സൈക്കിൾ, എന്താണ് സൈക്കിൾ സവാരി എന്ന്. പക്ഷെ സൈക്കിൾ ചവിട്ടുവാനുള്ള, ബൈക്ക് താങ്ങുവാനുള്ള ശക്തിയായിട്ടില്ല.
ഇതാണ് ആധ്യാത്മിക ജീവിതത്തിലെ പാറമേൽ വീണ വിത്തിന്റെ, വചനത്തിന്റെ അവസ്ഥ! കാര്യങ്ങളെല്ലാം അറിയാം. (Conscious) ദൈവം ആരെന്നറിയാം. ദൈവവചനത്തിന്റെ ശക്തി എന്തെന്ന് അറിയാം. ഈ വചനത്തിനനുസരിച്ചു ജീവിച്ചാൽ ജീവിതം മനോഹരമാകുമെന്നും അറിയാം. പക്ഷെ മറ്റു സാഹചര്യങ്ങളൊന്നും അനുകൂലമല്ല. ചീത്ത കൂട്ടുകാരുടെ സ്വാധീനം, ചീത്ത പുസ്തകങ്ങൾ നൽകുന്ന താൽക്കാലിക സുഖങ്ങൾ, മാതാപിതാക്കളെ അനുസരിക്കുവാനുള്ള മടി, സ്വന്തം ചിന്തകൾക്കുപിന്നാലെയുള്ള ഓട്ടം… ഒട്ടും ആഴമില്ലാത്ത ജീവിതം! (Incompetence) പലർക്കും ജീവിതം ഇവിടെ നഷ്ടപ്പെടുന്നു… ഇതും മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ്!
മൂന്ന്, ബോധപൂർവ്വകമായ പ്രാപ്തി (Conscious Competence). അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നു. ബൈക്ക് ഓടിക്കുവാൻ പഠിക്കുന്നു. (Conscious) ഇപ്പോൾ അവൾക്കു, അവനു സൈക്കിൾ ചവിട്ടാം. പക്ഷെ ഇടയ്ക്കു വീഴും. ബൈക്ക് ഓടിക്കാം. പക്ഷെ ഗിയർ മാറുമ്പോൾ നിന്നുപോകുന്നു…ചിലപ്പോൾ ബാലൻസ് തെറ്റുന്നു…. മുന്നോട്ടു നോക്കണം…സൈഡിലേക്ക് നോക്കണം…ഹോൺ അടിക്കണം. അതിനിടക്ക് കാലുരണ്ടും സൈക്കിളിന്റെ പെടലിൽ (Pedal) കൃത്യമാക്കണം……അങ്ങനെയങ്ങനെ സൈക്കിൾ ചവിട്ടുവാൻ അറിയാമെങ്കിലും (Competence) ധാരാളം മറ്റു പ്രശ്നങ്ങൾ!!
ഇവിടെ മനുഷ്യൻ ബോധവാനാണ്. (Conscious) എന്താണ് ക്രൈസ്തവജീവിതം, കുടുംബജീവിതം, അതിന്റെ ഉത്തരവാദിത്വങ്ങൾ…… എല്ലാം അറിയാം. ദിവസവും കുടുംബപ്രാർത്ഥന ചൊല്ലണം …ഭാര്യയോടും മക്കളോടുമൊത്തു സമയം ചെലവഴിക്കണം……ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കണം……എല്ലാം അറിയാം. ബോധവാനാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ളവനുമാണ്. (Competence) പക്ഷെ ദുശീലങ്ങൾ ……അമിതമായ മദ്യപാനം…സാമ്പത്തിക പ്രശ്നങ്ങൾ …… എല്ലാം നാലുവശത്തും നിന്ന് ഞെരുക്കുകയാണ്. ഇതും മനുഷ്യൻ കടന്നുപോകുന്ന ജീവിതാവസ്ഥയാണ്.
നാല്, അബോധാവസ്ഥയിലുള്ള പ്രാപ്തി (Unconscious Competence). ഇവിടെ ബോധപൂർവം അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിച്ചു. ബൈക്ക് ഓടിക്കുവാൻ പഠിച്ചു. പക്ഷെ ഇവിടെ അബോധാവസ്ഥ എന്ന് പറയുന്നത്, എങ്ങനെ സൈക്കിൾ ചവിട്ടണം, എങ്ങനെ ബൈക്ക് ഓടിക്കണമെന്നു പ്രത്യേകം ചിന്തിക്കേണ്ട ആവശ്യമില്ല. (Unconscious) ഒരു extra effort ന്റെ ആവശ്യമില്ല .സൈക്കിൾ ചവിട്ടൽ വളരെ എളുപ്പമാകുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു. വഴിയേ പോകുന്ന ആളുകളോട് സവാരിക്കിടെ വർത്തമാനം പറയാം……മറ്റുള്ളവരെ greet ചെയ്യാം……വേണമെങ്കിൽ കൈകൾ ഫ്രീയാക്കിക്കൊണ്ടു ride ചെയ്യാം……ഇപ്പോൾ അവൾ, അവൻ സവാരി ആസ്വദിക്കുകയാണ്. (Competence)
ദൈവ വചനമനുസരിച്ചുള്ള, ദൈവരാജ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജീവിതത്തിന്റെ അവസ്ഥ ഇതായിരിക്കണം. (Unconscious Competence). ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വചനം ഉറകൂടി നിൽക്കുമ്പോൾ, വചനം അവളുടെ, അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരും. പിന്നെ ഓരോ നിമിഷവും വചനം എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.ഒരു extra effort ന്റെ ആവശ്യമില്ല. അവളുടെ അവന്റെ ജീവിതം automatically ദൈവത്തിന്റെ വചനത്തിനു അധിഷ്ഠിതമാകും. പിന്നെ അവളുടെ അവന്റെ ക്രൈസ്തവ ജീവിതം സുന്ദരമാകും; എളുപ്പമുള്ളതാകും. ദൈവത്തിന്റെ വചനത്തിന്റെ, പ്രസാദവരത്തിന്റെ ഭംഗിയിൽ അവരുടെ ജീവിതം, കുടുംബജീവിതം പ്രശോഭിക്കും.
സ്നേഹമുള്ളവരേ, ഈ നാലാമത്തെ സ്റ്റേജിൽ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ എത്തുമ്പോൾ നമ്മുടെ ഹൃദയം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുവാൻ സജ്ജമാകും. നാം ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരങ്ങളായിത്തീരും. മനസ്സിന്റെ അവസ്ഥകളെക്കുറിച്ചു ബോധവതിയാകുവാൻ, ബോധവാനാകുവാൻ ഈശോ നമ്മെ പഠിപ്പിക്കുകയാണ്.
ഈ കഴിഞ്ഞ ആഴ്ചയിൽ ദൈവ വചനം ജീവിതത്തിന്റെ ഭാഗമാക്കിയ, വചനത്തിനു ജീവിതംകൊണ്ട് സാക്ഷ്യം നൽകിയ, ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരമായി മാറിയ ഒരു സന്യാസിനിയെ ഞാൻ സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിൽ കണ്ടു! ദൈവത്തിന്റെ വചനം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിച്ചു നിൽക്കുന്നത് ഞാൻ കണ്ടു! ക്രിസ്തു സാക്ഷ്യം വസന്തമായി, ഏഴ് നിറങ്ങളുള്ള മഴവില്ലായി വിരിഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു! അതാരാണെന്നല്ലേ? ബഹുമാനപ്പെട്ട സിസ്റ്റർ ദിവ്യ.
എവിടെയെന്നല്ലേ? നമ്മുടെ കേരളത്തിൽ. നെടുങ്കുന്നം സെന്റ് തെരേസാസ് സ്കൂളിൽ. പ്രധാനാധ്യാപികയായ സിസ്റ്റർ ഓണസന്ദേശം നൽകിയതിൽ മതനിന്ദ ആരോപിച്ചു, നമ്മുടെ മതേതര ജനാധിപത്യ ഇന്ത്യയിൽ, പ്രബുദ്ധമെന്നു വിശേഷിപ്പിക്കുന്ന കേരളത്തിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മാപ്പു പറയുവാൻ ആവശ്യപ്പെട്ടപ്പോൾ ക്രിസ്തു സാക്ഷ്യത്തിന്റെ ശക്തമായ ആൾരൂപമായി സിസ്റ്റർ മാറി. ദൈവത്തിന്റെ വചനം ക്രിസ്തുവായി അവതാരമെടുത്ത നിമിഷമായി അത് മാറി!
സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയുള്ള ഷെയ്ക്കാനാ ടെലിവിഷന്റെ മിസ്പാ ധ്യാനപ്രസംഗങ്ങൾ നിങ്ങളിൽ പലരും കേട്ടുകാണും. ഓരോ ക്രൈസ്തവനും സഭയുടെ, നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ, ഇടവകകളുടെ, രൂപതകളുടെ കാവൽ ഗോപുരങ്ങളായി മാറണം. അതിനു ഒരോയൊരു മാർഗ്ഗമേയുള്ളു: ദൈവ വചനത്തിനു അനുസൃതം ജീവിതത്തെ വളർത്തിയെടുക്കുക. തിരുസഭയ്ക്കോ, സഭയുടെ പ്രസ്ഥാനങ്ങൾക്കോ, പുറമെ നിന്നുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ, സഭയെ, ക്രിസ്തു വിശ്വാസത്തെ ഇല്ലാതാക്കുവാൻ ശ്രമങ്ങളുണ്ടാകുമ്പോൾ നാം ചെയ്യേണ്ടത് ക്രിസ്തുവിന്റെ വചനത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുകയാണ്. പുറമെ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിൽ നിന്ന് സഭയെ ശക്തിപ്പെടുത്തുവാനാണ് നാം ശ്രമിക്കേണ്ടത്.
ഓരോ കുടുംബവും തങ്ങളുടെ ക്രൈസ്തവ ജീവിതശൈലിയെക്കുറിച്ചു പുനർവിചിന്തനം ചെയ്യണം. നമ്മുടെ കുടുംബത്തിന്റെ രീതികൾ reschedule ചെയ്യേണ്ടതുണ്ടെങ്കിൽ അതിനു തയ്യാറാകണം. ഓരോ കുടുംബത്തിൽ നിന്ന്, പ്രത്യേകിച്ച് സന്ധ്യകളിൽ പ്രാർത്ഥനകൾ ഉയരട്ടെ. അതിൽ ഒരു കോമ്പ്രോമൈസിനും ഇടം കൊടുക്കരുത്. ഓർത്തുനോക്കൂ…പണ്ടൊക്കെ ഗവൺമെന്റുകൾ Election, Examinations തുടങ്ങിയവ ഞായറാഴ്ച്ച വച്ചിരുന്നില്ല. കാരണം, അത് ക്രൈസ്തവരുടെ വിശുദ്ധ ദിനമാണെന്നു അവർക്കു അറിയാമായിരുന്നു; അവരതിനെ ബഹുമാനിച്ചിരുന്നു. ഇന്ന് ക്രൈസ്തവർ തന്നെ ഞായർ വിശുദ്ധ ദിനമായി കാണുന്നില്ല. ഞായറാഴ്ചയും പിടിപ്പതു പണിയാണ്. നമ്മുടെ ഇടവകയിലോ, സന്യാസ ഭവനങ്ങളിലോ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഞായറാഴ്ചയും പണിയാണ്. എന്ത് സാക്ഷ്യമാണ് നാം കൊടുക്കുന്നത്. എന്നിട്ടു NEET പോലുള്ള പരീക്ഷകൾ ഞായറാഴ്ച്ച വരുമ്പോൾ കരഞ്ഞിട്ട് കാര്യമുണ്ടോ? നാം ചിന്തിക്കണം!
ക്രൈസ്തവർ പ്രതികരിക്കണം. പക്ഷെ അവർ പ്രതികരിക്കേണ്ടത് വിശുദ്ധമായ ജീവിതം കൊണ്ടായിരിക്കണം. ക്രൈസ്തവർ പ്രതിരോധിക്കണം. പക്ഷെ അത് നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും വചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടായിരിക്കണം. നാം നിശ്ശബ്ദരാകരുത്. പക്ഷെ വിളിച്ചു പറയേണ്ടത്, ഉറക്കെ പ്രഘോഷിക്കേണ്ടത് ദൈവത്തിന്റെ വചനമായിരിക്കണം. പ്രതീകാത്മമായിപ്പോലും, ഹിംസയുടെ, വെറുപ്പിന്റെ ഭാഷ, പ്രവർത്തനം നമ്മിൽ നിന്നുണ്ടാകരുത്. പകരം, ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി നാം മാറണം. തിരുസഭയ്ക്കു ഒരു ശരിയേ ഉള്ളു. അത് ക്രിസ്തുവാണ്. തിരുസഭയ്ക്കു ഒരു വഴിയേ ഉള്ളു. അത് കുരിശിന്റെ, സഹനത്തിന്റെ വഴിയാണ്. തിരുസഭയ്ക്കു ഒരു ശബ്ദമേയുള്ളു. അത് വചനത്തിന്റെ ശബ്ദമാണ്.
സമാപനം
ഈശോ നമ്മെ ക്ഷണിക്കുകയാണ്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ. വചനം കൊണ്ട് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. കാരണം, “നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത്‍ നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും, സനാതനവുമായ ദൈവ വചനത്തിൽ നിന്ന്.” (1 പത്രോ 1, 23) വിതക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തെയും, ജീവിത വ്യാപാരങ്ങളെയും മനസ്സിലാക്കുവാനുള്ള ഒരവസരമാണ്.

ദൈവ വചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമെന്നോണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. ആമേൻ!