മത്താ 17, 14 – 21
സന്ദേശം

ഇനിയും കണ്ടുപിടിക്കാത്ത മരുന്നിനുവേണ്ടി കോവിഡ് രോഗികളും ലോകവും കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്; നമ്മുടെ വീടുകളിലും, അയൽവക്കങ്ങളിലും കോവിഡ് എത്തിക്കഴിഞ്ഞു. കോവിഡ് മൂലമുള്ള മരണങ്ങളും കൂടിവരികയാണ്. കോവിഡ് 19 ൽ നിന്ന് എന്ന് സൗഖ്യം ലഭിക്കുമെന്ന് ചിന്തിച്ചു ആകുലപ്പെടുന്ന ലോകത്തിനു മുൻപിൽ നിന്നുകൊണ്ട്, ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയിൽ നിന്ന് രക്ഷനേടുവാൻ, ലോകത്തെ സുഖപ്പെടുത്തുവാൻ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന് വിളിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷ ഭാഗം. സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ, ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ, ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത് വിശ്വാസത്തെക്കുറിച്ചാണ്. ഈശോ ആവശ്യപ്പെടുന്നത് ഹൃദയത്തിലുള്ള വിശ്വാസമാണ്.
വ്യാഖ്യാനം
ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് ഈശോ, പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.
ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്. ദേവാലയങ്ങളുടെ വലിപ്പമോ, സംസ്കാരത്തിന്റെ പവിത്രതയോ, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ. ക്രിസ്തുവിലുള്ള വിശ്വാസമാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ. താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, അവനെ സുഖപ്പെടുത്തുന്നതും.
തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്. ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം. അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു.
എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.
വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി.

“ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beautician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.” ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ രണ്ടാം ചരമവാർഷികമായിരുന്നു.
ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്; ഈശോ മുഴുവനും സൗഖ്യമാണെന്ന്.
സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.
ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്.

എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.
ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾ ക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! നാല്പതു ദിവസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിനെ പുഴയിൽ മുക്കിക്കൊല്ലുന്നതു അപസ്മാര മനസ്സിന്റെ വൈകൃതമല്ലാതെ മറ്റെന്താണ്? ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.
സമാപനം
ഈ ഭൂമിക്ക്, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്. ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!