മത്താ 16, 13 – 19
സന്ദേശം

തിരുസ്സഭയെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരെ വല്ലാതെ വേദനിപ്പിച്ച ഒരു ആഴ്ചയാണ് കടന്നുപോയത്. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിക്കു സമീപം കക്കാടംപൊയില്‍ വാളംതോട് കുരിശുമലയിലും കോട്ടയം ജില്ലയില്‍ പൂഞ്ഞാറിനു സമീപം പുല്ലേപാറ കുരിശടിയിലും വിശുദ്ധ കുരിശിനെ ഒരു പറ്റം ക്രൈസ്തവരല്ലാത്ത യുവാക്കൾ അവഹേളിച്ചത് നമ്മുടെ മനസ്സുകളെ ഒത്തിരി വേദനിപ്പിച്ച സംഭവങ്ങളാണ്. വിനോദ സഞ്ചാരത്തിന്റെ മറവിൽ യുവാക്കൾ കാട്ടിക്കൂട്ടിയ പ്രവർത്തികൾ അവരുടെ അറിവില്ലായ്മ എന്നും പറഞ്ഞു തള്ളിക്കളയാവുന്നതിലും അധികമാണ്. ഇത്രയും വിദ്യാഭ്യാസം ലഭിച്ച യുവാക്കൾക്കു ക്രൈസ്തവന്റെ കുരിശിന്റെ മഹത്വം അറിയാതെ പോയി എന്ന് മതസൗഹാർദത്തിനുവേണ്ടി പോലും സമ്മതിച്ചുകൊടുക്കുക ആത്മഹത്യാപരവുമാണ്! ക്രൈസ്തവന് കുരിശെന്നത് വെറുമൊരു വികാരം മാത്രമല്ല. കുരിശു ക്രൈസ്തവന്റെ ജീവനാണ്. കുരിശിനോട് ചേർന്നാണ് ക്രൈസ്തവരുടെ ജീവിതം; കുരിശിലൂടെയാണ് ക്രൈസ്തവരുടെ രക്ഷയും!
വളരെ വേദനാജനകമെങ്കിലും ഈ സംഭവങ്ങൾ ക്രിസ്തുവിനെ കൂടുതൽ ധൈര്യത്തോടെ പ്രഘോഷിക്കുവാൻ നമ്മെ പ്രേരിപ്പിച്ചു എന്നതിൽ നാം ആശ്വസിക്കണം. കുരിശു അവഹേളനത്തിനെതിരെ കക്കാടംപൊയിലിൽ താമരശ്ശേരി രൂപത കെസിവൈഎം നടത്തിയ കാവൽ സമരത്തിൽ പങ്കെടുത്ത താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞത് ഇങ്ങനെയാണ്: “ഈ ലോകത്തിന്റെ ഏക രക്ഷകൻ ഈശോ ആണെന്ന സത്യം വിളിച്ചു പറയുന്നതിന് നമ്മുടെ പിതാമഹന്മാർക്കു മടിയുണ്ടായിരുന്നില്ല. ആ ആർജ്ജവത്തോടുകൂടി നാം വീണ്ടും വിളിച്ചുപറയുന്നു, ഈ ലോകത്തിൽ ഒരേയൊരു രക്ഷകനേയുള്ളു, അത് ഈശോയാണ്”.
ഈ സംഭവങ്ങൾ നമ്മിലുണർത്തുന്ന നൊമ്പരത്തോടുകൂടിവേണം,

ഈ സംഭവങ്ങൾ നമ്മിലുണർത്തുന്ന ഉപരി വിശ്വാസത്തിന്റെയും ക്രൈസ്തവ സാക്ഷ്യത്തിന്റെയും ചൈതന്യത്തിൽ നിന്നുകൊണ്ടാകണം ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം നാം കാണുവാൻ. ഈശോയെ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി, നിന്റെ ജീവിതത്തിന്റെ, ഈ ലോകത്തിന്റെ രക്ഷകനായി ഏറ്റുപറയുക എന്നതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന വെല്ലുവിളി.
വ്യാഖ്യാനം
സമാന്തരസുവിശേഷങ്ങളിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ വിവരണമാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിനായി നൽകിയിരിക്കുന്നത്. ഈ വിവരണമാകട്ടെ ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതുമാണ്.
ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തിന്റെ മിശിഹാ, രക്ഷകനായിട്ടാണ്. ഈ സത്യം ലോകത്തിന് വെളിപ്പെടുത്തുവാനാണ് സുവിശേഷങ്ങളിൽ അവിടുന്ന് ശ്രമിക്കുന്നത്. ‘സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു’ (ലൂക്ക 2, 10) എന്ന് മാലാഖമാർ അറിയിച്ചിട്ടും മാതാവും യൗസേപ്പിതാവും ശിശുവിന് ഈശോ എന്നാണു പേരിട്ടത്. (മത്താ 1, 25) അതായത്, ഇനി ഈശോ തന്റെ വചനങ്ങളിലൂടെ, പ്രവർത്തികളിലൂടെ, തന്നെത്തന്നെ മിശിഹായായി, ക്രിസ്തുവായി ലോകത്തിന് വെളിപ്പെടുത്തണം. അതിന്റെ ഭാഗമായിട്ടാണ് ഈശോ ശിഷ്യരോട് ചോദിക്കുന്നത്: “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?”
താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ എന്തുകൊണ്ടാണ് ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത്? എന്തുകൊണ്ട്, തന്റെ ജനനസ്ഥലമായ ബേത്ലഹേം തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് ഗലീലി, ജെറുസലേം എന്നീ പട്ടണങ്ങളെ തഴഞ്ഞു കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തു? ചോദ്യം യുക്തിപരമല്ലേ? താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത് വെറുമൊരു തോന്നലിന്റെ ബലത്തിലല്ല. വ്യക്തമായ ലക്ഷ്യത്തോടെയാണ്.
മറ്റുപട്ടണങ്ങളിൽ നിന്ന് കേസരിയാ ഫിലിപ്പിയെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളാണ് ഈ പട്ടണത്തെ തിരഞ്ഞെടുക്കാൻ ഈശോയെ പ്രേരിപ്പിച്ചത്. പല മതങ്ങളുടെ സംഗമസ്ഥാനമാണ് കേസരിയാ ഫിലിപ്പി. ഗ്രീക്ക് ദേവനായ പാനിന്റെ വലിയൊരു പ്രതിമ ഇവിടെ ഉണ്ടായിരുന്നു. ബാൽ ദേവനെ ആരാധിക്കുന്നവർ ഈ പട്ടണത്തിൽ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. വിജാതീയ ദേവതയായ അസ്തേറിന്റെ ആളുകളും ഈ പട്ടണത്തിലുണ്ട്. ധാരാളം മതങ്ങളുള്ളതുകൊണ്ടുതന്നെ മതപ്രഭാഷണങ്ങളും, ചർച്ചകളും, വാഗ്‌വാദങ്ങളും നിരന്തരം നടക്കുന്ന ഒരു പട്ടണമാണിത്. മറ്റുസ്ഥലങ്ങളിൽനിന്നു സന്ദർശകർ ഈ പട്ടണത്തിലേക്ക് വരാറുണ്ടായിരുന്നു. ഇങ്ങനെ പല മതങ്ങളുടെ സംഗമസ്ഥലമായ, പല ദൈവങ്ങളെ ആരാധിക്കുന്ന ജനങ്ങളുള്ള ഈ പട്ടണത്തിൽവച്ചു താൻ മിശിഹായാണെന്നു പ്രഖ്യാപിക്കുവാൻ ഈശോ അവസരം ഒരുക്കുകയാണ്.
നാം വിചാരിക്കുന്നപോലെ അത്ര നിസ്സാരമായ ഒരു സാഹചര്യമല്ലിത്! ചോദ്യം ഉന്നയിച്ച ഈശോയുടെ മനസ്സിൽ വേവലാതിയാണ്. ആരാണ് ഉത്തരം പറയുക? എന്തായിരിക്കും ഉത്തരം? ഈ കാണുന്ന ദേവന്മാരെപ്പോലെ ഒരാൾ എന്നായിരിക്കുമോ ഉത്തരം? ഈ കാണുന്ന മതനേതാക്കന്മാരെ പോലെ ഒരാൾ? മനുഷ്യരെ പറ്റിച്ചു കറങ്ങിനടക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെപ്പോലെ ഒരാൾ? ഇവരുടെ സാംസ്കാരിക നേതാക്കന്മാരെപ്പോലെ ഒരാൾ? അതുമല്ലെങ്കിൽ പഴയനിയമ പ്രവാചകരിൽ ഒരാൾ? ഈശോയുടെ ചങ്കിടിക്കുകയാണ്. ശിഷ്യന്മാരാണെങ്കിലോ? കണക്ക് ക്ലാസ്സിൽ ശതമാനം കാണാൻ ബോർഡിന്റെ മുൻപിൽ നിൽക്കുന്ന കുട്ടിയെപ്പോലെയാണവർ. എന്ത് ഉത്തരം പറയും? എന്ത് പറഞ്ഞാലാണ് ശരിയാവുക? അപ്പോഴാണ് എല്ലാവരേം ഞെട്ടിച്ചുകൊണ്ട് പത്രോസ് പറയുന്നത് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്”. “കോടീശ്വരൻ” പ്രോഗ്രാമിലെപ്പോലെ, പത്രോസ് …പറഞ്ഞ …ഉത്തരം …. ശരിയാണ്……എന്ന് പറയാൻ ആരുമില്ലായിരുന്നെങ്കിലും, സ്നേഹമുള്ളവരേ, ഈശോ ഒന്ന് പുഞ്ചിരിച്ചു കാണണം. ഈശോയ്ക്ക് മനസ്സിലായി വെറും മനുഷ്യനായ പത്രോസിൽ ദൈവാത്മാവ് നിറഞ്ഞിരിക്കുന്നു. ഈശോ പറയുകയാണ് ‘നീയാണ് എന്റെ സഭ!’ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ആരൊക്കെ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയുന്നുണ്ടോ അവരാണ് യഥാർത്ഥ സഭ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.
പ്രിയപ്പെട്ടവരേ, നൂറ്റാണ്ടുകളായി, വർഷങ്ങളായി നാം ക്രിസ്തുവിനോടൊപ്പം നമ്മുടെ കേസരിയാ ഫിലിപ്പികളിലാണ് – വിവിധ മതങ്ങളുള്ള, ദൈവങ്ങളുള്ള, നേതാക്കന്മാരുള്ള, ആചാരങ്ങളുള്ള, അഭിപ്രായങ്ങളുള്ള കേസരിയാ ഫിലിപ്പികളിൽ! അവിടെ വച്ച് ഈശോ നമ്മോട് പറയാറുണ്ട് അവിടുത്തെ ഏറ്റുപറയുവാൻ. അപ്പോൾ നാം എന്ത് ചെയ്തു? കോടികൾമുടക്കി ബ്രഹ്‌മാണ്ഡങ്ങളായ ദേവാലയങ്ങൾ പണിതു. എന്നിട്ട് അവിടെ നിന്ന് വിളിച്ചു പറഞ്ഞു ക്രിസ്തു എന്റെ ദൈവമാണ്. ലോകത്തിന്റെ രക്ഷകൻ എന്നല്ല, എന്റെ രക്ഷകനാണ്, എന്റെ ദൈവമാണെന്ന്. വീണ്ടും അവിടുന്ന് നമ്മോട് പറഞ്ഞു, ലോകത്തിന്റെ കോണുകളിൽ പോയി സാക്ഷികളാകുവാൻ! അവിടെച്ചെന്ന് സ്ഥാപനങ്ങൾ പണിതിട്ട് നാം വിളിച്ചു പറഞ്ഞു, സുഹൃത്തുക്കളെ നിങ്ങളുടെ മൂവത്തു മുക്കോടി ദൈവങ്ങളില്ലേ, അതുപോലെ, plus one ദൈവം. അതാണ് അതാണ് ഞങ്ങളുടെ ദൈവമെന്ന്.

എന്റെ ദൈവമായ ക്രിസ്തുമാത്രമാണ് നിങ്ങളുടെയും ദൈവമെന്ന് ഏറ്റുപറയുവാൻ നാം മടിച്ചു. നമ്മുടെ മത നേതാക്കന്മാർ ഇഫ്‌താർ പാർട്ടികളിലും, ഉത്സവങ്ങളിലും പോയി പരസ്പരം ആലിംഗനംചെയ്ത്, നമസ്തേ പറഞ്ഞു. എന്നിട്ടു അവരുടെ കാതുകളിൽ പറഞ്ഞു, നിങ്ങളുടെയും ഞങ്ങളുടെയും ദൈവം – എല്ലാം ഒന്നാന്നേയ്!! സാംസ്കാരികാനുരൂപണത്തിന്റെ പേരും പറഞ്ഞു വിശുദ്ധ കുർബാനയിൽ മറ്റു മതസ്ഥരുടെ ആചാരങ്ങളും ചിഹ്നങ്ങളും വേദഗ്രന്ഥ വായനകളും ചേർത്തിട്ട് നാം വിളിച്ചുപറഞ്ഞു – എല്ലാ മതങ്ങളും ദൈവങ്ങളും ഒന്നാന്നേയ്!!! നമുക്ക് തെറ്റിപ്പോയില്ലേ സ്നേഹമുള്ളവരേ?
എന്നാൽ ഈയിടെ കക്കാടംപൊയിൽ എന്ന കേസരിയാ ഫിലിപ്പിയിൽനിന്ന് മാർ റെമിജിയൂസ് പിതാവ് പത്രോസിനെപ്പോലെ വിളിച്ചുപറഞ്ഞു: “ഈ ലോകത്തിന്റെ ഏക രക്ഷകൻ ഈശോ ആണെന്ന സത്യം വിളിച്ചു പറയുന്നതിന് നമ്മുടെ പിതാമഹന്മാർക്കു മടിയുണ്ടായിരുന്നില്ല. ആ ആർജ്ജവത്തോടുകൂടി നാം വീണ്ടും വിളിച്ചുപറയുന്നു, ഈ ലോകത്തിൽ ഒരേയൊരു രക്ഷകനേയുള്ളു, അത് ഈശോയാണ്”. Jainees Media യിൽ Fiat Mission അവതരിപ്പിച്ച പുണ്യാളൻ Episode -8, പത്രോസിന്റെ വിശ്വാസ പ്രഖ്യാപനത്തിന്റെ ശക്തമായ ആവർത്തനമാണ്! https://www.youtube.com/watch?v=vYn6d6WTltE കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ വായിച്ചിട്ട് ക്രൈസ്തവർ എന്തായിരിക്കണം, ക്രൈസ്തവ കൂട്ടായ്മകൾ എങ്ങനെയായിരിക്കണം എന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ഈ Youtube video. ക്രൈസ്തവർക്കുള്ള ഒരു ഉണർത്തുപാട്ടാണിത്!
സ്നേഹമുള്ളവരേ, ആദിമസഭയെപ്പോലെ ക്രിസ്തു ലോകരക്ഷകൻ എന്ന് നാമോരോരുത്തരും വാക്കുകൊണ്ടും ജീവിതംകൊണ്ടും വിളിച്ചുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പത്രോസിനെപ്പോലെ നാമും സാക്ഷ്യപ്പെടുത്തണം ഈശോ കർത്താവാണെന്ന്, ദൈവമാണെന്ന്. മറ്റാരിലും രക്ഷയില്ലെന്നും, ആകാശത്തിന് കീഴെ, മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല, ക്രിസ്തുവിന്റേതല്ലാതെ (അപ്പ 4, 12) എന്ന് ജീവിതത്തിന്റെ കേസരിയാ ഫിലിപ്പികളിൽ നിന്ന് നാം പ്രഘോഷിക്കണം. നമ്മുടെ സുരക്ഷിത താവളങ്ങളിൽനിന്ന് പുറത്തുകടന്ന് ദൈവപരിപാലനയിൽ വിശ്വസിച്ചുകൊണ്ട് ഇന്ന് നാം ഈശോയെ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി ഏറ്റുപറയുന്നില്ലെങ്കിൽ, നാളെ അതിനുള്ള അവസരമുണ്ടാകുമെന്ന് പറയാനാകില്ലാ പ്രിയപ്പെട്ടവരേ! നാളെ ചിലപ്പോൾ പ്രഘോഷിക്കുവാൻ വചനവേദികൾ ഉണ്ടായെന്നു വരില്ല; ബലിയർപ്പിക്കുവാൻ ബലിവേദികളുണ്ടാകുകയില്ല; ഒരുമിച്ചു കൂടുവാൻ ദേവാലയങ്ങൾ ഉണ്ടാകുമെന്നതിനും ഒരു ഉറപ്പുമില്ല.
സമാപനം
അതിനാൽ നമുക്ക്

“നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന് ഏറ്റുപറഞ്ഞ ധീരരായ ക്രൈസ്തവരോട് ചേർന്ന് ക്രിസ്തുവിന് സാക്ഷികളാകാം. വിശുദ്ധ പൗലോസിനെപ്പോലെ സാഹചര്യം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും എനിക്ക് ജീവിതം ക്രിസ്തുവാണെന്ന് ഏറ്റുപറയാം. ക്രിസ്തുവിനെ കൂടുതൽ അറിയുവാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ്. ക്രിസ്തുവിന്റെ വചനങ്ങൾ എന്നും ജീവനുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ക്രൈസ്തവ സാക്ഷ്യങ്ങൾ ജീവനുള്ളതാകട്ടെ. ഈശോയെ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി, നിന്റെ ജീവിതത്തിന്റെ, ഈ ലോകത്തിന്റെ രക്ഷകനായി ഏറ്റുപറയുക എന്ന ഇന്നത്തെ സുവിശേഷഭാഗത്തെ വെല്ലുവിളി നമുക്ക് ഏറ്റെടുക്കാം. ആമേൻ!











