മത്താ 15, 21 – 28
സന്ദേശം
ജീവിതപ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വശത്തു കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധികൾ!! മറുവശത്തു മനുഷ്യ നിർമ്മിതങ്ങളായ പ്രതിസന്ധികൾ!! ഉത്തർപ്രദേശിലെ ഹത്രാസിലെ പെൺകുട്ടിയുടെ ദാരുണ അന്ത്യം ആരെയാണ് കരയിക്കാതിരുന്നത്? ഏതു മനുഷ്യ മനസ്സാക്ഷിയെയാണ് ഞെട്ടിക്കാതിരുന്നത്? നീതിന്യായ കോടതികൾ സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത വിധികൾ പ്രസ്താവിക്കുന്നതിലൂടെ സൃഷ്ടിക്കുന്ന പ്രതിസന്ധികളിലൂടെയും നാം കടന്നു പോകുന്നുണ്ട്! അതിനോട് ചേർന്ന് തന്നെ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. എന്തായാലും, ജീവിത പ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്!!! ഈ കാലഘട്ടത്തിൽ, ഇന്നത്തെ സുവിശേഷം വളരെ ഉചിതമായ ഒരു സന്ദേശവുമായിട്ടാണ് വിരുന്നെത്തിയിരിക്കുന്നത്. ഇതാണ് സന്ദേശം: ജീവിത പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുവാൻ നമ്മെ സഹായിക്കുന്ന ഉന്നതമായ മനോഭാവമാണ് ദൈവവിശ്വാസം. കഴിഞ്ഞ ഞായറാഴ്ചയിലെ സുവിശേഷഭാഗവും വിശ്വാസത്തെക്കുറിച്ചായിരുന്നു. ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമെന്നാണ് കഴിഞ്ഞ ഞായറാഴ്ച ഈശോ നമ്മോടു പറഞ്ഞത്. ഇന്ന്, കാനാൻകാരി സ്ത്രീയുടെ ദൈവവിശ്വാസത്തിലൂടെ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറക്കുവാൻ, അതുവഴി ജീവിതത്തിലെ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.
വ്യാഖ്യാനം
ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. പ്രതിപാദ്യവിഷയമാകട്ടെ, കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതും. രണ്ടു കാര്യങ്ങളാണ് ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഒന്ന്, പ്രധാന സൂചികയായ കാനാൻകാരിയുടെ വിശ്വാസം. രണ്ട്, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക
കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു പല ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, നിസംഗതനിറഞ്ഞ വിശ്വാസമാണ്. അവൾ പറയുന്നു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”. പ്രത്യക്ഷത്തിൽ നല്ലൊരു പ്രാർത്ഥനയായി തോന്നുമെങ്കിലും ഇതിലൊരു നിസംഗതാമനോഭാവം ഉണ്ട്. ക്രിസ്തു കർത്താവാണെന്നു അവൾക്കു അറിയാം. അവിടുന്ന് ദാവീദിന്റെ പുത്രനാണെന്നും അവൾക്കു അറിയാം. പക്ഷെ അവളുടെ ഭാവം, സാക്ഷ്യപ്പെടുത്തലിന്റെയോ, ഏറ്റുപറച്ചിലിന്റെയോ അല്ല. “ഞാൻ വന്നിരിക്കുന്നു, നീ കനിഞ്ഞോളൂ” എന്നാണ്.
നോക്കൂ, വചനം പറയുന്നു, “അവൻ ഒരു വാക്കുപോലും പറഞ്ഞില്ല” എന്ന്.
നമ്മുടെ വിശ്വാസം നിസംഗമാണെങ്കിൽ, ജീവിത സാക്ഷ്യത്തിന്റെ അഭാവം നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ ഈശോ മൗനിയാകും. അപ്പോൾ, മഹാമാരികളിൽ നിന്ന്, കഷ്ടതകളിൽ നിന്ന്, പിശാചുബാധകളിൽ നിന്ന് ആർക്കും രക്ഷപ്പെടുവാൻ സാധിക്കുകയില്ല. നമ്മുടെ നിസംഗവിശ്വാസം അതിനു തടസ്സമാകും.
നിസംഗത നിറഞ്ഞ ഒരു വിശ്വാസമല്ല ക്രൈസ്തവർക്ക് വേണ്ടത്. സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും, വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ക്രിസ്തുവിനെ പ്രസംഗിക്കുവാൻ, ക്രിസ്തുവിനു സാക്ഷ്യം നൽകുവാൻ നമുക്കാകണം. അപ്പോഴേ, ദൈവത്തിന്റെ കൃപയാൽ, നമ്മുടെ ജീവിതങ്ങൾ, നമ്മുടെ കുടുംബങ്ങൾ നിറയുകയുള്ളു.
ഈയിടെ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി, ജസ്റ്റീസ് R. Bhaanumathi തന്റെ വിടവാങ്ങൽ ചടങ്ങു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഏറ്റുപറയാൻ ഉപയോഗിച്ചു എന്നത് വളരെ മാതൃകാപരവും, പ്രചോദനാത്മകവുമാണ്. “ഞാനൊരു ഹിന്ദുവാണ്. എന്നാലും ഞാൻ വിശ്വസിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷത്തിലാണ്” എന്നാണു തിങ്ങി നിറഞ്ഞു നിന്ന സദസ്സിനോട് അവർ പറഞ്ഞത്. ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിൽ എന്റെ വിശ്വാസം എന്നെ രക്ഷിച്ചിട്ടുണ്ട് എന്നാണു സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ ജസ്റ്റീസ് പറഞ്ഞത്. തമിഴ് നാട്ടിലെ കുഗ്രാമത്തിൽ ജനിച്ച, രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട പെൺകുട്ടി, കുടുംബത്തിലെ കഷ്ടത നിറഞ്ഞ സാഹചര്യങ്ങൾ…. രണ്ടു പെണ്മക്കളെ വളർത്തുവാൻ ‘അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ …. ഇങ്ങനെയുള്ള ജീവിതത്തിൽ ക്രിസ്തുവിന്റെ സുവിശേഷം തനിക്കു ശക്തിയായിരുന്നുവെന്നു ജസ്റ്റീസ് സാക്ഷ്യപ്പെടുത്തുമ്പോൾ ദൈവവിശ്വാസത്തിന്റെ കനലുകൾ ആളിക്കത്തുന്നുണ്ടായിരുന്നു ആ വാക്കുകളിൽ.
ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ ക്രിസ്തു മൗനിയാണെന്നു നമുക്ക് തോന്നിയിട്ടില്ലേ? എന്തേ, ഈശോ എനിക്ക് ഉത്തരം നൽകാത്തത് എന്ന് ചിന്തിച്ചിട്ടില്ലേ? ജീവിതത്തിലെ നിസംഗത നിറഞ്ഞ ദൈവ വിശ്വാസം ക്രിസ്തുവിനെ മൗനിയാക്കുമെന്നു ഓർക്കുക.
കാനാൻ കാരിയുടെ വിശ്വാസത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്: ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസം. അവൾ ശിഷ്യന്മാരെ കൂട്ടുപിടിക്കുകയാണ്. വ്യക്തമായി ഇങ്ങനെയൊരു രംഗം നാം കാണുന്നില്ലെങ്കിലും ശിഷ്യന്മാരുടെ ഒരുമിച്ചുള്ള അപേക്ഷ നമ്മോടു പറയുന്നത് അവൾ അവരെ സമീപിച്ചു കാണണം എന്ന് തന്നെയാണ്. ഒരാളെയല്ലാ, പന്ത്രണ്ടുപേരെയും സ്വാധീനിക്കുവാൻ അവൾക്കായി. ശിഷ്യന്മാർ ഒരുമിച്ചു അവൾക്കുവേണ്ടി മാധ്യസ്ഥം പറയുകയാണ്.
വിശുദ്ധരുടെ പിന്നാലെ, ആൾദൈവങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസത്തിനു ഈ സ്ത്രീയുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധം? ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസമാണോ നമ്മുടേത് എന്ന് നാം ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.
വഴിതെറ്റുന്ന വിശ്വാസം കാണുമ്പോൾ ഈശോ ഇടപെടുന്നു. അവിടുന്ന് പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപെട്ടിരിക്കുന്നത്”. കാനാൻകാരിയാണെങ്കിലും സാമാന്യം മതപരമായ അറിവുള്ളവളാണ് അവൾ. അതുകൊണ്ടവൾക്കു ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. ‘നഷ്ടപ്പെട്ട’ എന്ന് ഈശോ പറഞ്ഞപ്പോൾ അവളോർത്ത് കാണണം, തമ്പുരാനേ, എന്റെ മകൾ, നഷ്ടപ്പെട്ടതാണോ, താൻ നഷ്ടപ്പെടുത്തിയതാണോ? കർത്താവേ, എന്റെ മകൾ പിശാചുബാധയിലായതു, ദുരന്തത്തിൽ അകപ്പെട്ടത് ഞാൻ മൂലമാണോ? എന്റെ ശ്രദ്ധകുറവുകൊണ്ടാണോ, എന്റെ സ്നേഹക്കൂടുതല് കൊണ്ടാണോ എന്റെ മകൾ ഈ അവസ്ഥയിലായത്? താൻ മൂലം നഷ്ടപ്പെടുത്തിയതാകാം തന്റെ മകളുടെ ജീവിതം എന്ന ചിന്തയിലാണ് അവൾ ഈശോയോടു പറയുന്നത്: “കർത്താവേ എന്നെ സഹായിക്കണമേ“.
കാനാൻ കാരിയുടെ വിശ്വാസത്തിന്റെ അടുത്ത ഘട്ടം: ഉത്തരവാദിത്വപൂർണമായ വിശ്വാസം. ഉത്തരവാദിത്വ പൂർണമായ ഒരു വിശ്വാസത്തിലേക്ക് വളരുവാൻ നമുക്കാകണം. ഭർത്താവിന്, ഭാര്യക്ക്, മക്കൾക്ക്, മാതാപിതാക്കൾക്ക് ദൈവത്തിന്റെ രക്ഷ നേടിക്കൊടുക്കുവാൻ നമുക്ക് കടമയുണ്ട് എന്ന് മനസ്സിലാക്കി, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാൻ നാം ശ്രമിക്കണം.
സ്നേഹമുള്ളവരേ, നമ്മുടെ മക്കൾ, യുവജനങ്ങൾ, കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത്, ചതിയിൽപ്പെടുന്നത് മുതിർന്നവരുടെ, അധ്യാപകരുടെ, വൈദികരുടെ, മാതാപിതാക്കളുടെ കടമകൾ അവർ നിർവഹിക്കാത്തതുകൊണ്ടാണോ എന്ന് ജീവിത സംഭവങ്ങൾ കാണുമ്പോൾ നാം ചോദിച്ചുപോകുന്നു!! ഞായറാഴ്ചത്തെ കുർബാന വരെ ഒഴിവാക്കി എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായി പറഞ്ഞുവിട്ടപ്പോൾ, വേദപാഠക്ലാസ് ഒഴിവാക്കി ട്യൂഷ്യന് പറഞ്ഞു വിട്ടപ്പോൾ, കുടുംബപ്രാർത്ഥന ഒഴിവാക്കി ഹോംവർക് ചെയ്യിക്കുമ്പോൾ, സഭയെയും, വൈദികരെയും, സന്യസ്തരെയും, അത്മായ പ്രേഷിതരെയും വീട്ടിലും, കവലയിലും, ചായക്കടയിലും ഇരുന്നു വിമർശിക്കുമ്പോൾ ഒന്ന് ചിന്തിച്ചുനോക്കൂ, ചതിക്കുഴികളിലേക്കുള്ള വാതിലുകളാണോ നാം തുറക്കുന്നത്? ക്രൈസ്തവ വിശ്വാസികളായ നേഴ്‌സുമാർ, മറ്റ് പെൺകുട്ടികൾ ഹീനമായ മതപരിവർത്തനത്തിനു വിധേയരാ കുന്നത്, നമ്മുടെ മക്കൾ അന്യമതസ്ഥരിൽ പെട്ട വരെ ജീവിത പങ്കാളികളായി തിരഞ്ഞെടുക്കുന്നത് ഉത്തരവാദിത്വ പൂർണമായ ദൈവ വിശ്വാസത്തിൽ നാം ക്രൈസ്തവർ വളരാത്തതുകൊണ്ടല്ലേ?
ഈശോ അവതരിപ്പിക്കുന്ന രണ്ടാമത്തെ കാര്യം, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക എന്നതാണ്. Crisis, പ്രതിസന്ധി എന്ന വാക്കു ആദ്യം ഉപയോഗിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് (Hippocrates) ആണ്. രോഗത്തിൽ നിന്ന് മുക്തി നേടുവാൻ രോഗിയെ ചികിത്സിക്കുന്ന പ്രക്രിയയിൽ ആവശ്യം കടന്നു വരുന്ന ഒരു ഘട്ടത്തെയാണ് ഹിപ്പോക്രാറ്റെസ് Crisis, എന്ന് വിളിക്കുന്നത്. ഈ point ൽ ഒന്നുകിൽ രോഗി സൗഖ്യത്തിലേക്കു കടന്നു വരികയും മരണത്തെ അതിജീവിക്കുകയും ചെയ്യും. അല്ലെങ്കിൽ രോഗി മരിക്കും.

ആധുനിക വൈദ്യ ശാസ്ത്രജ്ഞന്മാർ ഈ പദം ഉപയോഗിക്കുന്നത് ഹൃദയധമനികളുമായി ബന്ധപ്പെടുത്തിയാണ്. രക്തത്തിന്റെ ഒഴുക്ക് പെട്ടെന്ന് നിലക്കുക എന്നർത്ഥത്തിലാണ് അവർ Crisis, എന്ന വാക്കു ഉപയോഗിക്കുന്നത്. ഒരു Crisis, ൽ രണ്ടു സാധ്യതകളാണ്. ഒന്ന്, Plight ഒളിച്ചോട്ടം. രണ്ട്, Fight യുദ്ധം ചെയ്യുക, അഭിമുഖീകരിക്കുക. രണ്ടായാലും, ഏതു ലോഹം കൊണ്ടാണ് ഒരാൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് crisis തെളിയിക്കും.
ഇന്നത്തെ സുവിശേഷ ഭാഗത്തു ആ സ്ത്രീ ഒരു Crisis, ൽ അകപ്പെടുകയാണ്. ഈശോയുടെ മറുപടിയാണ് അവളെ Crisis, ൽ ആക്കുന്നത്. “മക്കളുടെ അപ്പമെടുത്തു നായ്ക്കൾക്കു എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല.” ഇതൊരു ബ്രെയിൻ ഷെമിംഗ് (Brain Shaming) ആണെന്ന് ആക്ഷേപിക്കാം. ബ്രെയിൻ ഷെമിംഗ് എന്ന് പറഞ്ഞാൽ, ഒരാൾക്ക് തന്നെ ക്കുറിച്ചു തന്നെ കുറവുള്ള, ചീത്തയായ വ്യക്തിയായി ചിന്തിക്കുവാൻ ഇടവരുത്തുക. പക്ഷെ ഈശോ ഇവിടെ ഒരു Crisis സൃഷ്ടിക്കുകയാണ്. എന്നിട്ടു കാത്തു നിൽക്കുകയാണ്, Crisis നെ ആ സ്ത്രീ അഭിമുഖീകരിക്കുന്നത് കാണാൻ. അവൾക്കു വേണമെങ്കിൽ ക്രിസ്തുവിനെ ചീത്തവിളിച്ചു മകളെയും കൊണ്ട് അവിടെനിന്നു പോകാം. തന്നെയും മകളെയും മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞു കേസുകൊടുക്കാം. തകർന്നു, തളർന്നു അവിടെ വീണു കിടക്കാം.
പക്ഷെ, അവൾ, താൻ ഏതു ലോഹം കൊണ്ട് പണിയപ്പെട്ടവളാണെന്നു തെളിയിക്കുകയാണ്. ഈശോ പറയുന്നു, “സ്ത്രീയെ നിന്റെ വിശ്വാസം വലുതാണ്.” സ്നേഹമുള്ളവരേ, ആ നിമിഷം, അവളും അവളുടെ മകളും തകർത്തു പെയ്യുന്ന ദൈവവര പ്രസാദത്തിന്റെ പെരുമഴയിൽ കുളിച്ചു നിൽക്കുകയാണ്. സൗഖ്യപ്പെടലിന്റെ ഏഴുവർണങ്ങൾ അവിടെ വിരിയുകയാണ്. കാനാൻ കാരി തന്റെ മുൻപിൽ ഉയർന്ന Crisis നെ നന്മ കടഞ്ഞെടുക്കാനുള്ള നേരമായിട്ടെടുക്കുകയാണ്, Crisis നെ ദൈവവരപ്രസാദത്താൽ നിറയാനുള്ള സമയമാക്കി മാറ്റുകയാണ്.
നിങ്ങളറിഞ്ഞോ, ഇന്നത്തെ ലോകത്തിൽ ബർമുഡയും, ബനിയനും, കൂളിംഗ് ഗ്ളാസ്സും ധരിച്ചു ആധുനിക യുവജനങ്ങളുടെ ഏറ്റവും വലിയ Crisis ആയ ഇന്റർനെറ്റിനെ (Internet) ദൈവ വര പ്രസാദത്താൽ നിറച്ച ഒരു ചെറുപ്പക്കാരൻ, കാർലോ അക്വിറ്റീസ് ഈ ഒക്ടോബർ പത്തിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുകയാണ്. ഇന്റർനെറ്റിന്റെ മധ്യസ്ഥനാണ് അദ്ദേഹം. ഇന്നത്തെ യുവജനങ്ങൾക്ക് ജീവിത പ്രതിസന്ധികളെ ദൈവ വരപ്രസാദത്താൽ നിറയ്ക്കുവാൻ വാഴ്ത്തപ്പെട്ട കാർലോ പ്രചോദനമാകട്ടെ.
സമാപനം
സ്നേഹമുള്ളവരേ, ദൈവ വിശ്വാസം, ജീവിത പ്രതിസന്ധികളെ ദൈവ കൃപയാൽ, പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ നിറയ്ക്കാൻ നമ്മെ സഹായിക്കുമെന്ന് പ്രതിസന്ധികൾക്കു പഞ്ഞമില്ലാത്ത ഈ കാലത്തു നമുക്ക് പഠിക്കാം. കാനാൻകാരി സ്ത്രീയെപ്പോലെ, നിസംഗത നിറഞ്ഞ വിശ്വാസം വെടിഞ്ഞു, ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന വിശ്വാസം മാറ്റി, ഉത്തരവാദിത്വപൂർണമായ വിശ്വാസത്തിലേക്കു നമുക്ക് ചുവടുവെയ്‌ക്കാം. നാം ചെയ്യേണ്ടവ, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്തശേഷം ഈശോയെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

അപ്പോൾ നമ്മെ തിന്മയിൽ നിന്ന്, പിശാച് ബാധിതമായ സാഹചര്യങ്ങളിൽ നിന്ന്, അവസ്ഥകളിൽ നിന്ന് അബദ്ധങ്ങളിൽ നിന്ന്, ചതിയിൽ നിന്ന് രക്ഷിക്കാൻ ഈശോ വരും. അവിടുന്നൊരിക്കലും മൗനിയാകില്ല. ആമേൻ!