മത്താ 20, 1 – 16
സന്ദേശം

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ മോശെ ഒന്നാം ഞായറാഴ്ചയിലെ, നാമിപ്പോൾ വായിച്ചുകേട്ട സുവിശേഷ ഭാഗത്തിലെ പതിനൊന്നാം മണിക്കൂറിലെത്തിയ വേലക്കാരനെക്കുറിച്ചു ചിന്തിക്കുന്നതിനു മുൻപ്, കഴിഞ്ഞ ആഴ്ചയിൽ നടന്ന രണ്ടു പ്രധാന സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുകയാണ്. ഒന്ന്, ഫ്രാൻസിസ് മാർപ്പാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമാണ് – എല്ലാവരും സഹോദരർ (FratelliTutti). കഴിഞ്ഞ ഒക്ടോബർ മൂന്നാം തിയതി വത്തിക്കാനിൽ നിന്ന് നൂറ്റിയെൺപതിലേറെ കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന അസീസി പട്ടണത്തിലുള്ള വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പിച്ച ശേഷമാണ് മാർപാപ്പ പുതിയ ചാക്രിക ലേഖനത്തിൽ ഒപ്പുവച്ചത്. ഒക്ടോബർ 4 നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ത്രികാല ജപ പ്രാർത്ഥനയ്ക്ക് ശേഷമാണ് ചാക്രികലേഖനം ആഗോള സമൂഹത്തിനു പരിചയപ്പെടുത്തിയത്. പുതിയ ചാക്രിക ലേഖനത്തിന്റെ വിഷയം മാനവകുലത്തിന് നഷ്ടപ്പെട്ടുപോയ സാർവത്രിക സാഹോദര്യവും സൗഹൃദവും എങ്ങനെ പുനഃസ്ഥാപിക്കാം എന്നതാണ്. ലോകമാകുന്ന മുന്തിരിത്തോപ്പിൽ പതിനൊന്നാം മണിക്കൂറിൽ എത്തപ്പെട്ട വരെ ചേർത്ത് നിർത്തിയ ഫ്രാൻസിസ് അസീസിയെപ്പോലെ സമൂഹത്തിലെ എല്ലാവരെയും ജാതി- മത-വർഗ-ദേശ വേർതിരിവുകൾക്കുമപ്പുറം സഹോദരങ്ങളായി കാണണമെന്നും, സ്നേഹത്തിലും സൗഹൃദത്തിലും സകലരും ജീവിക്കണമെന്നുമുള്ള മാർപാപ്പയുടെ സ്വപ്നമാണ് ഈ പ്രമാണ രേഖയുടെ ഉൾക്കാമ്പ്!

രണ്ടാമത്തെ കാര്യം, ജാർഖണ്ടിൽ, സമൂഹത്തിൽ പതിനൊന്നാം മണിക്കൂറിലെന്നോണം ജീവിക്കുന്ന ദലിതർക്കുവേണ്ടി, പാർശ്വവത്ക്കരിക്കപ്പെടുന്നവർക്കുവേണ്ടി ശബ്ദമുയർത്തുന്ന ജെസ്യൂട്ട് വൈദികനായ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റാണ്. ഒരു വാറന്റുപോലുമില്ലാതെ

താമസസ്ഥലത്തെത്തി അച്ചനെ രാജദ്രോഹക്കുറ്റത്തിന് അറസ്റ്റു ചെയ്ത സംഭവം ലോകത്തെ, ഇന്ത്യയിലെ ക്രൈസ്തവരെ, ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്!!
ഈ രണ്ടു വലിയ സംഭവങ്ങളും ഇന്നത്തെ സുവിശേഷ ഭാഗവും നമുക്ക് നൽകുന്ന സന്ദേശമിതാണ്: ജീവിത സാഹചര്യങ്ങളെന്തു തന്നെയായാലും ക്രിസ്തുവിന്റെ കാഴ്ചപ്പാടോടെ ജീവിതത്തെ, ലോകത്തെ നോക്കിക്കാണുക!
വ്യാഖ്യാനം
നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഇന്നത്തെ രോഗഭീതി, യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും അവസ്ഥ, ഭരണകൂടങ്ങളുടെ ഫാസിസ്റ്റു മനോഭാവം, അഭയാർഥിപ്രവാഹം, അവസരങ്ങളുടെ ലോകത്തു പതിനൊന്നാം മണിക്കൂറിൽ എത്തപ്പെടുന്നവരുടെ ഭയം എന്നിവയെ ക്രൈസ്തവോചിതമായ കാരുണ്യത്തോടെ അഭിമുഖീകരിക്കുവാൻ ശരിയായ കാഴ്ചപ്പാട് ആവശ്യമാണ്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. വ്യത്യസ്ത കാഴ്ചപ്പാടുകളുമായിട്ടായിരിക്കും, നാമോരോരുത്തരും ജീവിക്കുന്നത്. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിന്റെ ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.
എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങളെയും, ഇസങ്ങളെയും ഉൾക്കൊള്ളുന്നതാണ്, എല്ലാ ലോക കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.
സാമൂഹ്യനീതിയുടെ എല്ലാ അതിർവരമ്പുകളെയും അതിശയിപ്പിക്കുന്ന ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്കു ഓരോ മനുഷ്യനും രാഷ്ട്രീയ സംവിധാനങ്ങളും കടന്നുവരേണ്ടിയിരിക്കുന്നു. ജോലിചെയ്യുന്ന സമയമെന്നതിനേക്കാൾ, ഒരു മനുഷ്യന്റെ, അവന്റെ, അവളുടെ കുടുംബത്തിന്റെ ജീവിതത്തിന്റെ ആവശ്യങ്ങളിലേക്കു ഉയരുവാൻ അവൾക്കു, അവനു കൂലികൊടുക്കുന്നവർക്കു കഴിയണമെന്ന കാരുണ്യത്തിന്റെ വ്യവസ്ഥിതിയിലേക്കാണ് ഈശോ വിരൽചൂണ്ടുന്നത്. ഇവിടെയാണ് ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം കാലഘട്ടത്തിന്റെ ശബ്ദമാകുന്നത്. പാപ്പാ പറയുന്നത്, സമ്പത്തിന്റെയും, ധനത്തിന്റെയും, നീതിയുടെയും ആഗോളവത്ക്കരണം സാഹോദര്യത്തിലേക്കു നമ്മെ എത്തിച്ചിട്ടില്ല എന്നാണ്.
എന്നുവച്ചാൽ, ഇന്നും നിന്റെ സഹോദരൻ, സഹോദരി ചൂഷണത്തിന്റെ, അനീതിയുടെ ഇരകളായിത്തന്നെ നിൽക്കുകയാണ്. അവരോടു കരുണകാണിക്കുന്നതു വലിയ അപരാധിമായി എണ്ണപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കാരുണ്യത്തിന്റെ കാര്യങ്ങൾ നീട്ടുന്നതിനെ തീരെ പിറുപിറുക്കുന്ന ഫരിസേയ മനോഭാവം ഇന്നും നിലനിൽക്കുകയാണ്. അതുകൊണ്ടല്ലേ, കൽക്കത്തായിലെ തെരുവുകളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ പെറുക്കിയെടുത്ത ആ നീലക്കരയുള്ള വെള്ള സാരിയുടുത്ത വിശുദ്ധയെ ആധുനിക മനുഷ്യർ ലോകത്തിനുമുന്നിൽ അപഹാസ്യയാക്കിയത്? അതുകൊണ്ടുതന്നെയല്ലേ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത്?
സ്നേഹമുള്ളവരേ, നിങ്ങൾക്ക് വേണമെങ്കിൽ എന്തിനെയും രാജദ്രോഹമായിക്കാണാം. മതം മാറ്റമായി ചിത്രീകരിക്കാം. വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത്, നഗ്നനെ ഉടുപ്പിക്കുന്നത്, ദളിതന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് … എന്തിനെയും നിങ്ങൾക്ക് കുറ്റകരമായിക്കാണാം. അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകൃതമാണെന്ന് മാത്രം മനസ്സിലാക്കുക! നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും. വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.
ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും കുടുംബത്തിന്റെ പൾസ് തൊട്ടു നോക്കുന്ന കാഴ്ചപ്പാടാണത്. വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.
ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. “ദരിദ്രരുമായി സ്വത്തു പങ്കുവയ്ക്കാതിരിക്കുക എന്നത് അവരിൽ നിന്ന് മോഷ്ടിച്ച് സ്വന്തമാക്കിയിരുന്നു എന്ന് തന്നെയാണ് ” എന്ന് ഈ കാലഘട്ടത്തിലും വിളിച്ചുപറയുന്നത് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആചാര്യന്മാരല്ല, ഫ്രാൻസിസ് പാപ്പയാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും? നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്.
ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.
അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ അദ്ദേഹം ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ
കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത് അവൻ തരും.” ജോസിന് അതൊരു ശക്തിയായി. ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.
നാമുൾപ്പെടെ, പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന, ഇനിയും വീണ്ടെടുക്കപ്പെടാൻ വളരെ സാധ്യതയുള്ള ധാരാളം മനുഷ്യർ നമ്മോടൊത്തു ജീവിക്കുന്നുണ്ട്. പതിനൊന്നാം മണിക്കൂറിൽ ജോലിചെയ്യാൻ വന്നപ്പോൾ അയാളുടെ ഉള്ളിലുണ്ടായിരുന്ന ചിന്തകൾ വായിച്ചെടുക്കുവാൻ എന്നെങ്കിലും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ പ്രിയപ്പെട്ടവരേ? ചിലപ്പോൾ ജോലികഴിഞ്ഞു കിട്ടുന്ന കൂലികൊണ്ടു വാങ്ങിക്കൊണ്ടുവരുന്ന അപ്പത്തിനുവേണ്ടി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നിരിക്കാം അദ്ദേഹത്തിന്റെ ചിന്ത! അല്ലെങ്കിൽ നാളെ ഫീസുകൊടുക്കുവാനുള്ള മകളുടെ ആകുലത്തെയെക്കുറിച്ചായിരിന്നിരിക്കാം. …. ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന മനുഷ്യരുടെ മനസ്സ് വായിക്കുവാൻ നമുക്ക് സാധിച്ചാൽ എനിക്കുറപ്പുണ്ട്, നമ്മുടെ സഹോദരനെ, സഹോദരിയെ കരുണയുടെ നറും നിലാവിൽ കുളിപ്പിക്കുവാൻ കരുണയുടെ വിളക്കുകളാകും നമ്മൾ!
കരുണയുടെ കാഴ്ചപ്പാടിലെ ക്രിസ്തുവിന്റെ കണക്കു കൂട്ടലുകളും നമുക്ക് മനസ്സിലാവുകയില്ല. ഈശോ കണക്കിന് വളരെ മോശമാണ്. നൂറു ആടുകളുണ്ടായിരിക്കെ, തൊണ്ണൂറ്റൊൻപതിനേയും വിട്ടിട്ടു… 99 is equl to 1 ആണ് ഈശോയുടെ കണക്ക്. ലൂക്ക 12 ൽ പറയുന്നു, അഞ്ചു കുരുവികൾ രണ്ടു രൂപയ്ക്കു. ഒരു രൂപയ്ക്കു രണ്ടു കുരുവികൾ. അപ്പോൾ രണ്ടു രൂപയ്ക്കോ? ഈശോയ്ക്ക് കണക്ക് അറിയില്ല.
സമാപനം
സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം. ഇന്നത്തെ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ കാഴ്ചപ്പാട് നമുക്ക് കണ്ടു പഠിക്കാം. നോക്കൂ, എങ്ങനെയാണ് ഈശോ
അപ്പം മുറിക്കുന്നത്? എങ്ങനെയാണ് അവിടുന്ന് അപ്പമായിത്തീരുന്നത്? ആർക്കുവേണ്ടിയാണ് അവിടുന്ന് അപ്പമാകുന്നത്? ബലിപീഠം ഈശോയുടെ കാരുണ്യത്തിന്റെ കാഴ്ചപ്പാട് പഠിക്കാനുള്ള സ്കൂൾ ആണ്. സൂക്ഷിച്ചു നോക്കൂ, നിന്റെ ദൈവം തന്നെ വെളിപ്പെടുത്തുന്നത് അപ്പം മുറിക്കലിലൂടെയാണ്; നിന്റെ ദൈവത്തിന്റെ കാഴ്ചപ്പാട് തെളിയുന്നതും വിശുദ്ധ കുർബാനയിലൂടെയാണ്. ആമേൻ!
Reblogged this on Nelson MCBS.
LikeLike
Arrest of Fr. Stan shows nothing has changed much, just like in biblical times, when some
One like Fr. Stan tries to become the voice of the voice less , state wants to silence them by brute force , branding them as traitors
LikeLike
You are right Mr. Thomas. History repeats!! But we should not stop the process of becoming Christ!
LikeLike