മത്താ 8, 23 – 34
സന്ദേശം

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. കടലിനെ ശാന്തമാക്കുന്ന, അതുവഴി ശിഷ്യരെ ആശ്വസിപ്പിക്കുന്ന, ധൈര്യപ്പെടുത്തുന്ന ഈശോയുടെ ചിത്രം വളരെ മനോഹരമായിത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഫോൺ സംഭാഷണമധ്യേ അവിചാരിതമായി ഇന്നത്തെ ദൈവവചനഭാഗം ഒരു സഹോദരനുമായി പങ്കുവയ്ക്കുവാൻ ഇടയായി. കോവിഡ് കാരണം ജോലിനഷ്ടപ്പെട്ടതുവഴി കുടുംബം പോറ്റാൻ വിഷമിക്കുന്ന ഒരു കുടുംബനാഥനായിരുന്നു എന്നെ വിളിച്ചത്. ഞാനറിയുന്ന കുടുംബമാണ്. കോവിഡ് അദ്ദേഹത്തിന്റെ കുടുംബത്തെ ഉലച്ചുകളഞ്ഞ കഥയാണ് അദ്ദേഹം പങ്കുവച്ചത്. മാത്രമല്ല, വിശുദ്ധബലി അർപ്പിക്കുവാനും, കുടുംബപ്രാർത്ഥനചൊല്ലുവാനും പറ്റാത്ത വിധം അദ്ദേഹത്തിന്റെ ഹൃദയം അസ്വസ്ഥമായിത്തീർന്നിരിക്കുകയാണ്. മൂത്തമകന് അഡ്മിഷൻ കാര്യം ശരിയാകാത്തതുകൊണ്ടു അവനും ദേഷ്യത്തിലാണ്. “അച്ചാ ഞാനിതു പറയുമ്പോഴും എന്റെ ദേഹം വിറക്കുകയാണ്” എന്ന് കേട്ടപ്പോൾ എന്റെ കണ്ണുകളും നനഞ്ഞു. ഇളകിമറിഞ്ഞ കടലിൽ, ഉലഞ്ഞാടുന്ന വള്ളത്തിൽ ഇരുന്ന് “കർത്താവെ രക്ഷിക്കണമേ” യെന്നു വിളിച്ചുകരഞ്ഞ ശിഷ്യരെപ്പോലെ ക്രിസ്തുവിനെ വിളിക്കുവാൻ അദ്ദേഹത്തോട് പറയുവാനാണ് എനിക്ക് അപ്പോൾ തോന്നിയത്. “തീർച്ചയായും, ക്രിസ്തു സഹോദരന്റെ ഇളകിമറിയുന്ന ജീവിതത്തെ ശാന്തമാക്കും” എന്നും ഞാൻ പറഞ്ഞു. ഇന്നത്തെ വിശുദ്ധ കുർബാനയിൽ എന്റെ പ്രത്യേക പ്രാർത്ഥനയും ആ സഹോദരനുവേണ്ടിയാണ്. ഈ ഞായറാഴ്ച്ച നമ്മുടെ സുവിശേഷ ഭാഗത്തിന്റെ സന്ദേശവും ഇത് തന്നെയായിരിക്കട്ടെ: സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.
വ്യാഖ്യാനം
കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതും പിശാച് ബാധിതനെ സുഖപ്പെടുത്തുന്നതുമായ രണ്ടു സംഭവങ്ങൾ ഇന്നത്തെ സുവിശേഷ ഭാഗത്തുണ്ടെങ്കിലും ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന സംഭവമാണ് നാമിന്നു വിചിന്തനത്തിനു വിഷയമാക്കുന്നത്. കാരണമുണ്ട്. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഈ കൊടുങ്കാറ്റിൽ നമ്മുടെ ജീവിതവും ആടിയുലയുകയാണ്. ലോകമാകുന്ന കടലും, നമ്മുടെ ജീവിതമാകുന്ന, നമ്മുടെ കുടുംബമാകുന്ന കടലും ഇന്ന് അസ്വസ്ഥമാണ്!
വചനഭാഗത്തെ ആദ്യ വാചകം സൂചിപ്പിക്കുന്നത് ഈശോയോടൊപ്പം ശിഷ്യന്മാർ തോണിയിൽ സഞ്ചരിക്കുകയായിരുന്നു എന്നാണ്. നേരെ മറിച്ചല്ല. ശിഷ്യന്മാരോടൊപ്പം ഈശോ സഞ്ചരിക്കുകയായിരുന്നില്ല. രണ്ടായാലും effect ഒന്നാണെങ്കിലും കുറച്ചുകൂടുതൽ ധൈര്യം ഈശോയോടൊപ്പം ഞാൻ കൂടുമ്പോൾ ആണല്ലോ. എങ്കിലും ഉഗ്രമായ കൊടുങ്കാറ്റിൽ തോണിമുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നപ്പോൾ ശിഷ്യന്മാർ ഭയപ്പെടുകയാണ്. ഓർക്കണം, കടലിലെ എല്ലാ അഭ്യാസങ്ങളും അറിയാവുന്ന, കടലിന്റെ ഭാവമാറ്റങ്ങൾ ഗ്രഹിക്കുവാനും അവയ്‌ക്കെതിരെ മുൻകരുതലുകൾ എടുക്കുവാനും കഴിയുന്ന ഒഴുക്കിനെതിരെ നീന്താൻ കെല്പുള്ള ശിഷ്യന്മാരെയാണ് ഈ കാറ്റും കോളും ഭയപ്പെടുത്തുന്നത്!!
കടലെന്നുപറയുന്നുണ്ടെങ്കിലും ഇതൊരു തടാകമാണ്. ഗലീലി തടാകം ലോകത്തിലെ തന്നെ ഏറ്റവും താഴ്ച്ച കുറഞ്ഞ ശുദ്ധ ജലതടാകമാണ്. സമുദ്രനിരപ്പിൽ നിന്നും 686 അടി താഴ്ചയിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ശിഷ്യന്മാർക്കു വളരെ പരിചിതമായ ഈ തടാകത്തിലെ ഓരോ ചലനവും അറിയാവുന്നവരായിരുന്നെങ്കിലും പെട്ടെന്ന് വന്ന കൊടുങ്കാറ്റ് അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കാം. ഈശോയോടൊപ്പമാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് ഒരു നിമിഷം മറന്നിരിക്കാം. ഈശോ കൂടെയുണ്ടെന്നും അവിടുന്ന് സകലത്തിന്റെയും നാഥനാണെന്നും, അവിടുന്ന് രക്ഷകനാണെന്നും ഓർക്കാൻ കഴിയാത്തവിധം അവരുടെ മനസ്സ് blank ആയിപ്പോയിരിക്കാം. അതുകൊണ്ടായിരിക്കണം നാശത്തിന്റെ, മരണത്തിന്റെ ഗന്ധം അവർക്കു കിട്ടിയത്. പിന്നെ വെറും മാനുഷികമായ വെപ്രാളമാണ് നാമിവിടെ കാണുന്നത്.
എന്നിട്ടോ, കാറ്റിനെ ചിറകുകളാക്കുന്നവൻ, കടലിനെ പാതയാക്കുന്നവൻ ശിഷ്യരുടെ അല്പവിശ്വാസത്തിലേക്കു വിരൽചൂണ്ടിക്കൊണ്ടു, കാറ്റിനെയും കടലിനെയും ശാസിക്കുകയാണ്. വചനം പറയുന്നു, “അവിടെ ശാന്തതയുണ്ടായി!! അവിടെ, പ്രകൃതിയിൽ, ശിഷ്യരുടെ മനസ്സിൽ ശാന്തത നിറഞ്ഞു!!

മനുഷ്യ മനസ്സെപ്പോഴും കൊടുങ്കാറ്റിനാൽ കലങ്ങിമറയുന്ന കടലുപോലെയാണ്. അതുകൊണ്ടാണ് ബൈബിളിൽ കടൽ തിന്മയുടെ, മരണത്തിന്റെ, സങ്കീർണങ്ങളായ പ്രശ്നങ്ങളുടെ, ദൈവാനുഗ്രഹത്തെ തടസ്സപ്പെടുത്തുന്നതിന്റെ പ്രതീകമായി അവതരിപ്പിക്കുന്നത്. ഏശയ്യാ പ്രവാചകന്റെ പുസ്തകം 57, 20 ൽ പറയുന്നത്: ” ദുഷ്ടരായ മനുഷ്യർ പ്രക്ഷുബ്ധമായ കടൽ പോലെയാണ്. അതിനു ശാന്തമാകാനാകില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചു കയറ്റുന്നു” എന്നാണ്.
സാഹിത്യരചനകളിൽ കടലിനെ അവതരിപ്പിക്കുന്നത് മനുഷ്യ വികാരങ്ങളുടെ തിരയടിക്കുന്ന ഇടമായിട്ടാണ്. ചിലപ്പോൾ കടലിനെ കണ്ടാൽ മരണത്തിനു വിധിക്കപ്പെട്ടവന്റെ നിസംഗത ആയിരിക്കും. മറ്റു ചിലപ്പോൾ ശാന്തതയും. അലറിമറിയുന്ന കടലിനെ ദേഷ്യംകൊണ്ട് കലങ്ങുന്ന മനുഷ്യ മനസ്സായിട്ടാണ് കാണുന്നത്. കണ്ണെത്താദൂരത്തോളം പറന്നു കിടക്കുന്ന കടലിനെ നിരാശ നിറഞ്ഞ മനുഷ്യമനസ്സായും അവതരിപ്പിക്കാറുണ്ട്. മനുഷ്യവികാരങ്ങൾ ജലരൂപം പ്രാപിച്ചതാണ് കടൽ. ചിലപ്പോൾ സ്നേഹിക്കും, ചിലപ്പോൾ കരയും, മറ്റുചിലപ്പോൾ വെറുക്കും, അടങ്ങാത്ത ആക്രാന്തവും കടൽ കാണിക്കും. നീലിമ നിറഞ്ഞ സൗന്ദര്യത്തോടെ കടൽ മാടിവിളിക്കുമ്പോൾ ഉള്ളിലുയരുന്ന ആർത്തികൊണ്ടു മനുഷ്യൻ പ്രലോഭിതനാകും. അവസാനം ഒന്നും നേടാതെ മടങ്ങേണ്ടിവരും.
ഏണസ്റ്റ് ഹെമിങ്‌വേ (Ernest Hemingway) യുടെ “കിഴവനും കടലും” (The Old man and Sea) എന്ന പ്രസിദ്ധമായ നോവൽ ഓർക്കുന്നില്ലേ? സാന്റിയാഗോ എന്ന കിഴവൻ വലിയ മത്സ്യത്തെ പിടിക്കാൻ കടലിലേക്ക് പോകുകയാണ്. 84 ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും ലഭിക്കുന്നില്ല. അടുത്തദിവസവും കടൽ അയാളെ മാടിവിളിക്കുകയാണ്. ആഴക്കടലിൽ ചെല്ലുന്ന അയാളുടെ വലിയ ചൂണ്ടയിൽ മർലിൻ എന്ന വലിയ മത്സ്യം കുടുങ്ങുകയാണ്. കുറെ കഴിഞ്ഞപ്പോൾ ആ മത്സ്യത്തിന്റെ രക്തം കണ്ടു സ്രാവുകൾ നീന്തിയെത്തുന്നു. മത്സ്യം അയാളുടെ ജീവൻ പോലും അപകടപ്പെടുത്തുമെന്നു കണ്ടിട്ടും അയാളതിനെ ഉപേക്ഷിക്കുന്നില്ല.
കുറച്ചു സ്രാവുകളെ അയാൾക്ക് കൊല്ലുവാൻ സാധിക്കുന്നുണ്ട്. എന്നിട്ടും, സ്രാവുകൾ അവസാനം അയാളെ വിട്ടു മർലിൻ എന്ന വലിയ മത്സ്യത്തെ തിന്നുകയാണ്. സ്രാവുകളോട്

മല്ലിട്ടു മർലിനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന അയാൾ മൂന്നാം ദിവസം കരയ്‌ക്കെത്തുമ്പോൾ നിരാശയോടെ മനസിലാക്കുന്നു, തന്റെ ചൂണ്ടയിൽ മർലിന്റെ അസ്ഥികൂടം മാത്രമേയുള്ളുവെന്ന്!!!!
സ്നേഹമുള്ളവരേ, ഓരോ മനുഷ്യനും ഒരു കടലാണ്. നാമോരോരുത്തരും കടലാണ്. എപ്പോഴും ഉഗ്രമായ കൊടുങ്കാറ്റുകളടിക്കുന്ന, പ്രക്ഷുബ്ധമായ കടൽ!! കലങ്ങി മറിയുന്ന വികാരങ്ങൾ, ദേഷ്യത്തിന്റെ, വെറുപ്പിന്റെ, അസൂയയുടെ, ആർത്തിയുടെ, ആഞ്ഞടിക്കുന്ന തിരമാലകളുമായി ഒഴുകുന്നവർ!!! നേടിയെടുക്കാനും വിജയം കൊയ്യുവാനും ഉള്ള വെമ്പലിൽ മലരുകളും ചുഴികളും എല്ലാം നാം മറക്കും!
എന്നാൽ, ജീവിതം മുങ്ങിപ്പോകത്തക്കവിധം തിരമാലകൾ ഉയർന്നടിക്കുന്നതു കണ്ടു നാം പലപ്പോഴും അലറിവിളിക്കാറുണ്ട്, ശിഷ്യരെപ്പോലെ: “കർത്താവേ രക്ഷിക്കണേ!” ഉറച്ചു വിശ്വസിക്കുക, ജീവിതത്തിന്റെ അണിയത്തു വിശ്രമിക്കുന്ന എന്റെ ദൈവം എന്റെ ജീവിതമാകുന്ന കടലിനെയും അതിലെ കാറ്റിനെയും ശാന്തമാക്കും.
കഴിഞ്ഞ ദിവസം ഫോൺ വിളിച്ച സഹോദരന്റെ ജീവിതത്തിലേക്ക് കോവിഡ് ആകുന്ന വലിയ കൊടുങ്കാറ്റടിച്ചിരിക്കുകയാണ്. ഇപ്പോഴും തിരയൊടുങ്ങിയിട്ടില്ല. ജീവിതം കിടന്നു ആടിയുലയുകയാണ്. ഇന്നദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നേഹമുള്ളവരേ, ഒരു കാര്യം എനിക്ക് തീർച്ചയാണ്, ആ ഒരു കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇന്ന് വിശുദ്ധ കുർബാനയിലെ ഈശോയെ അദ്ദേഹം വിളിച്ചുണർത്തും. ഈശോ അദ്ദേഹത്തിന്റെ ജീവിതമാകുന്ന കടലിനെ ശാന്തമാക്കും; കുടുംബത്തെ ആശ്വസിപ്പിക്കും.
നമ്മുടെ ജീവിതത്തിൽ തകർച്ചകളുണ്ടാകുമ്പോൾ, പാപാവസ്ഥയിലാകുമ്പോൾ, പരാജയങ്ങൾ കൂടെക്കൂടെ ഏറ്റുവാങ്ങുമ്പോൾ ഈ സഹോദരെപ്പോലെ പിൻവലിയരുത്. നാം ദേവാലയത്തിലേക്ക്, ഈശോയിലേക്ക് കടന്നുവരണം. ഇപ്പോൾ വന്നാൽ പ്രാർത്ഥിക്കുവാൻ പറ്റുകയില്ലല്ലോ എന്ന് ഓർക്കേണ്ടതില്ല. ഇതാണ് ഏറ്റവും പറ്റിയ സമയം. ഈശോയിലുള്ള വിശ്വാസത്തിലേക്ക് ഉണരണം. പല അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്നിരിക്കാം. വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയിരിക്കുന്ന അവസ്ഥയിലായിരിക്കാം നിങ്ങളുടെ ദാമ്പത്യം. അല്ലെങ്കിൽ മക്കളെ ഓർത്തുള്ള വേദനയായിരിക്കാം. സാമ്പത്തിക തകർച്ചയിലായിരിക്കാം നിങ്ങൾ. വിവാഹം നടക്കാത്തതിന്റെ, ജോലി ലഭിക്കാത്തതിന്റെ, പഠനം നടക്കാത്തതിന്റെ തിരമാലകളാൽ ഉലയുന്ന തോണിയായിരിക്കാം നിങ്ങൾ. നിങ്ങൾ ദേവാലയത്തിൽ വരണം. ശിഷ്യന്മാരെപോലെ, വിറളിപിടിച്ച, വെപ്രാളം നിറഞ്ഞ അവസ്ഥയിൽ നിങ്ങളെ കാണുന്ന നിങ്ങളുടെ, നമ്മുടെ ഈശോ നിങ്ങൾക്ക് ആശ്വാസം നൽകും. അന്നത്തെ ബഹു. അച്ഛന്റെ വചനസന്ദേശത്തിലൂടെയാകാം, അർപ്പിച്ച വിശുദ്ധ ബലിയിലൂടെയാകാം ഈശോ നിങ്ങളുടെ ജീവിതത്തിൽ വരും. കാരണം, “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീസ്ഥനാണ്.” (സങ്കീ 34, 18)
സമാപനം
സ്നേഹമുള്ളവരേ, മറ്റുള്ളവരുടെ ജീവിതങ്ങളെ ഈശോ ആശ്വസിപ്പിക്കുന്നത് ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. പക്ഷെ വിശ്വാസം നിങ്ങളിൽ വളർന്നിട്ടില്ല. നിങ്ങൾ തന്നെ ഈശോയുടെ സാന്നിധ്യം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പക്ഷെ വിശ്വാസം ഉയർന്നിട്ടില്ല. നിങ്ങൾപോലും അറിയാതെ നിങ്ങളുടെ കുടുംബജീവിതത്തിൽ അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ, വിശ്വാസത്തിലേക്ക് ഉണരുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പിന്നെയും ചോദ്യങ്ങൾ?? പിന്നെയും സംശയങ്ങൾ!! പിന്നെയും അവിശ്വാസം!! എന്നാൽ, നിങ്ങൾ കാത്തിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ വിശ്വാസം വളർന്നു കൊണ്ടേയിരിക്കുമ്പോൾ, ആ വിശ്വാസം നിങ്ങളിൽ പാകമാകുമ്പോൾ ക്രിസ്തു നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും.

ഉഗ്രമായ കൊടുങ്കാറ്റിനാൽ ആടിയുലയുന്ന നിങ്ങളുടെ ജീവിതത്തിൽ ശാന്തത നിറയും. സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്. ആമേൻ!!
Reblogged this on Nelson MCBS.
LikeLike