മത്താ 22, 41 -23, 12
സന്ദേശം

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമിന്ന് ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒരു വിശേഷണമുണ്ട് – രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺഡേ സ്കൂൾ കുട്ടികളായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞതും തീർച്ചയായും നമ്മുടെ സ്മരണയിലുണ്ട്. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. ഈ വർഷത്തെ ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്നാണ് ക്രിസ്തുവിനെ ലോകത്തിന്റെ, ജീവിതത്തിന്റെ ദൈവവും, രാജാവുമായി ഏറ്റുപറഞ്ഞുകൊണ്ട് പോർച്ചുഗലിലെ ലിസ്ബണിൽ 2023 ൽ നടക്കുന്ന ആഗോള യുവജന സംഗമത്തിന്റെ മരക്കുരിശും മാതാവിന്റെ ചിത്രവും യുവജന പ്രതിനിധികൾക്ക് ഫ്രാൻസിസ് പാപ്പാ കൈമാറുന്നത്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം എന്നത്. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. എങ്കിലും, ഇസ്രായേൽ ജനത്തിന് ആദ്യകാലങ്ങളിൽ രാജാവില്ലായിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റുജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക… എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോ പകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ അസുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.
ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു.
ഭാഷയുടെ പരിമിതികൊണ്ടോ എന്തോ എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.
ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.
രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19)
ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)
ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. മനുഷ്യ ഹൃദയങ്ങളെ ദേവാലങ്ങളാക്കാനാണ് അവിടുന്ന് വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.” (യോഹ 18, 36)
മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക് യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…
പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി

ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ… ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!
ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് ഞാൻ സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. സഭാപിതാവും സഭാപണ്ഡിതനുമായ അലക്‌സാണ്ടറിയായിലെ വിശുദ്ധ സിറിൽ പറയുന്നത് ഇങ്ങനെയാണ്: “ക്രിസ്തുവിനു ലോകം മുഴുവന്റെയും മേൽ ആധിപത്യമുണ്ട്. അത് ഹിംസയിലൂടെ നേടിയെടുത്തതല്ല. അത് സ്നേഹത്തിലൂടെ, കാരുണ്യത്തിലൂടെ അവിടുന്ന് നേടിയെടുത്തതാണ്. അതാണ് അവിടുത്തെ സത്തയും സ്വഭാവവും”. വിശുദ്ധ പോൾ ആറാ മൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്. ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ!”
അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്. സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത് കാൽവരിയിൽ വിശുദ്ധകുരിശിലാണ്. അതുകൊണ്ടാണ് ആഗോള യുവജന സംഗമത്തിന്റെ മരക്കുരിശ് ഇന്ന്, ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനത്തിൽ മാർപ്പാപ്പ യുവജനങ്ങൾക്ക് കൈമാറുന്നത്.
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കുടുംബത്തിന്റെ, ഇടവകയുടെ, ലോകത്തിന്റെ കർത്താവും ദൈവവുമായി ക്രിസ്തുവിനെ ഏറ്റുപറയുവാൻ നമുക്കാകട്ടെ. ഇവയ്ക്കു വിരുദ്ധമായി ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ.
ലവ് ജിഹാദുവഴിയോ, മറ്റു പ്രണയവഴികളിലൂടെയോ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ, ഓരോ വിശുദ്ധ കുർബാന സ്വീകരണശേഷവും ക്രിസ്തുവേ, നീയാണെന്റെ ദൈവം, എന്റെ ഹൃദയത്തിന്റെ രാജാവ് എന്ന് ഏറ്റുപറയുന്ന നമ്മുടെ ചെറുപ്പക്കാർ പരിശുദ്ധാത്മാവില്ലാത്തവരുടെ, ക്രിസ്തുവിനെ സ്വീകരിക്കാത്തവരുടെ കൂടെ പോകുമ്പോൾ ക്രിസ്തുവിന്റെ രാജത്വം അവഹേളിക്കപ്പെടുകയാണ്. തികച്ചും അനാർഭാടമായി നടക്കേണ്ട മിശ്രവിവാഹങ്ങൾ ആർഭാടമായി നടത്തുവാൻ, ഉത്തരവാദിത്വപ്പെട്ടവർതന്നെ നിയമ വശങ്ങളും, ന്യായീകരണങ്ങളും കണ്ടെത്തുമ്പോൾ, അത്തരം മിശ്രവിവാഹങ്ങളെ ആശീർവദിക്കുവാൻ എന്തിന്റെ പേരിലായായാലും അഭിവന്ദ്യ പിതാക്കന്മാർ എത്തുമ്പോൾ അവഹേളിക്കപ്പെടുന്നത് രാജാവായ ക്രിസ്തുവാണ്; വേദനിക്കുന്നത് ക്രിസ്തുവിനെ കർത്താവായും ദൈവമായും ഏറ്റുപറയുന്ന സാധാരണ ക്രൈസ്തവരുടെ മനസ്സാണ്.
സമാപനം
രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്. എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandsberg)നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ദൈവത്തിന്റെ കരങ്ങളിലാണ്”. രാജാവ് വിസ്മയഭരിതനായി കൈകൾ കൊട്ടി ആ കുട്ടിയെ പ്രോത്സാഹിപ്പിച്ചു. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ കരങ്ങളിലാണ്.

ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.
സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!