Christmas 2020

ക്രിസ്തുമസ് 2020

Christmas Crib 2018: How to make and decorate Christmas crib at home -  Times of India

ഒരു മഹാദുരന്തത്തിന്റെ നിഴലിലാണ്, അതിന്റെ വേഗതയിലുള്ള വ്യാപനത്തെപ്പറ്റിയുള്ള വാർത്തകൾക്കിടയിലാണ് ഈ വർഷത്തെ ക്രിസ്തുമസ് വന്നണഞ്ഞിരിക്കുന്നത്. ക്രിസ്തുമസിന്റെ അലങ്കാരങ്ങളും നക്ഷത്രവിളക്കുകളും കരോൾ ഗാനങ്ങളുമെല്ലാം അരങ്ങു തകർക്കുന്നുണ്ടെങ്കിലും, ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷിക്കുന്നത് കലങ്ങിമറഞ്ഞ മനസ്സോടെയാണ് എന്നതാണ് യാഥാർഥ്യം. കോവിഡിനേക്കാളും വന്യമായ പ്രശ്നങ്ങളാണ് ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നത്! ലോകത്തിന്റെ പലഭാഗങ്ങളിലും, ഇന്ത്യയിലും, നമ്മുടെ കൊച്ചുകേരളത്തിലും ക്രൈസ്തവരിന്ന് പല തരത്തിലുള്ള പീഡനങ്ങളും, ഭീഷണികളും നേരിടുന്നുണ്ട്. മധ്യപൂർവേഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും മുസ്‌ലിം തീവ്രവാദത്തിന് ക്രൈസ്തവർ ഇരയാകുന്നുണ്ട്. യൂറോപ്യൻ ക്രൈസ്തവ രാജ്യങ്ങൾപോലും തീവ്രവാദ ഇസ്‌ലാമിന്റെ ആക്രമണത്തിന്റെ പേടിയിലാണ്! നമ്മുടെ ഭാരതത്തിൽ ഒളിഞ്ഞും തെളിഞ്ഞും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. ഒരു വശത്ത് ലവ് ജിഹാദ് തുടങ്ങിയ വിവിധങ്ങളായ ജിഹാദുകളിലൂടെ മുസ്ലീമുകൾക്കിടയിൽ നിന്ന് നാം ഭീഷണി നേരിടുമ്പോൾ, മറുവശത്ത്, ഹൈന്ദവ രാഷ്ട്രമെന്ന ഹിഡൺ അജണ്ടയുമായി അല്ലെങ്കിൽ വളരെ വ്യക്തമായ അജണ്ടയുമായി മുന്നോട്ടു പോകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കേരളത്തിലെ ക്രൈസ്തവരും ഒന്നിക്കുകയാണോ എന്ന ഒരുൾഭയം ജനിപ്പിക്കുന്ന അസ്വസ്ഥത ഇന്ന് കേരള ക്രൈസ്തവർക്കുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ക്രിസ്തുമസ് സാധനങ്ങൾ കടകളിൽ വിൽക്കുവാൻ പാടില്ലായെന്ന ഫത്‌വ നിലനിൽക്കുന്നുണ്ടെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ഇടതുപക്ഷ പ്രസ്ഥാനം തത്ക്കാലം മൂടിവച്ചിരിക്കുന്ന ചർച് ബിൽ എപ്പോൾ വേണമെങ്കിലും കേരള ക്രൈസ്തവരുടെ കഴുത്തിൽ കൊലക്കയറായി എത്താം എന്ന സാഹചര്യവും നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്.  ഇവയ്ക്കെല്ലാമുപരി, സഭയ്ക്കുള്ളതിൽ തന്നെ സഭയെ തളർത്തുന്ന ശക്തികളും, പ്രശ്നങ്ങളും ധാരാളമാണ്.

ഇങ്ങനെ, നാമടക്കം, ലോകമെങ്ങുമുള്ള ക്രൈസ്തവർ വലിയ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് സന്തോഷത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുന്ന ക്രിസ്തുവിന്റെ തിരുപ്പിറവി നാം ആഘോഷിക്കുന്നത്. വളരെ സങ്കീർണമായ ഇത്തരമൊരു സാഹചര്യമാണ് ഈ വർഷത്തെ ക്രിസ്തുമസ് സന്ദേശത്തിനു കാതോർക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. 2020 ലെ ക്രിസ്തുമസിന്റെ സന്ദേശം ഇതാണ്: അകത്തുനിന്നും പുറത്തുനിന്നും ധാരാളം തടസ്സങ്ങളും പ്രശ്‌നങ്ങളും നമ്മെ നോക്കി വാ പിളർത്തി നിൽക്കുമ്പോൾ രക്ഷകനായി ജനിച്ച ക്രിസ്തുവിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുക!

ചരിത്രത്തിന്റെ ഈ ദശാസന്ധിയിൽ, മനുഷ്യ സമൂഹം പ്രശ്നങ്ങളുടെ വലയിൽപെട്ട് ഉഴലുന്ന ഈ കാലഘട്ടത്തിൽ, 2020 ലെ ക്രിസ്തുമസ് നമ്മോടു പറയുന്നത്, ക്രിസ്തുവിൽ കേന്ദ്രീകൃതമായി ജീവിതത്തെ മുന്നോട്ടു നയിക്കാനാണ്. നമ്മുടെ ക്രൈസ്തവജീവിതങ്ങളിലേക്ക് സമൂഹത്തിന്റെ നാനാവശങ്ങളിൽ നിന്നും, നമ്മുടെ ഉള്ളിൽ നിന്നുതന്നെയും ആക്രമണങ്ങളുണ്ടാകുമ്പോൾ, നാം ചെയ്യേണ്ടത് ഇത്രമാത്രം, stay focused – stay focused on Jesus Christ!

6 Habits to Stay Focused at Your Computer | Hacker Noon

ഇന്നത്തെ വലിയ സന്തോഷത്തിന്റെ സദ്‌വാർത്തയായ ക്രിസ്തുമസ്സെന്ന മഹാസംഭവത്തിലെ വ്യക്തികളും സംഭവങ്ങളും നമ്മുടെ മുൻപിൽ വരച്ചുകാണിക്കുന്നതും ഈ സന്ദേശമാണ്: stay focused – stay focused on Jesus Christ!

അന്ന് രാത്രി, ജോസഫിനും   മേരിക്കും, ദാവീദിന്റെ പട്ടണമായ ബേത് ലഹേമിൽ ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടപോലെ തോന്നി. ഇനി എന്ത് ചെയ്യും എന്നറിയാതെ ജോസഫ്! നിറവയറോടെ, പ്രസവവേദനയുടെ ലക്ഷണങ്ങളോടെ മേരി! ഒരു വാതിലും അവരുടെ മുൻപിൽ തുറക്കപ്പെട്ടില്ല. വചനം പറയുന്നത്, “സത്രത്തിൽപോലും അവർക്കു സ്ഥലം ലഭിച്ചില്ല” എന്നാണ്. തന്റെ സ്വന്തം പട്ടണത്തിൽ വന്നിട്ട്, തന്റെ ഭാര്യക്ക്, അതും പ്രസവം അടുത്തിരിക്കുന്ന ഈ സമയത്ത്, ഒന്ന് വിശ്രമിക്കാൻ ഒരു ചെറിയ ഇടംപോലും കൊടുക്കാൻ പറ്റുന്നില്ലല്ലോ എന്ന ജാള്യത ജോസഫിന്റെ മുഖത്തുണ്ട്. ജോസഫിന്റെ മനസ്സുവായിക്കാൻ മേരിക്ക് കഴിഞ്ഞു കാണണം. മറിയം പറഞ്ഞിട്ടുണ്ടാകും, “സാരമില്ല. എനിക്ക് നല്ല വേദനയുണ്ട്. നമുക്കിനി പ്രസവത്തിൽ ശ്രദ്ധിക്കാം. സ്ഥലം ഏതായാലും, സാഹചര്യം എന്തായാലും കുഴപ്പമില്ല.” അവർ അടുത്ത് കണ്ട കാലിത്തൊഴുത്തിലെത്തി കുഞ്ഞിന് ജന്മം  കൊടുക്കുന്ന ആ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിച്ചു. അതിനുശേഷം സംഭവിച്ചകാര്യങ്ങൾ ചരിത്രമാണ്. സ്നേഹമുള്ളവരേ, ഒരു കാര്യം മാത്രം പറയട്ടെ. അവർ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സംഭവിച്ചത് ഇതാണ്: ലോകരക്ഷകനായ ക്രിസ്തു ഈ ഭൂമിയിൽ പിറന്നു.

രണ്ടായിരം വർഷങ്ങൾക്കപ്പുറത്തെ ഇതേ ദിവസം, ജോസഫും മേരിയും വന്ന ഇതേ പട്ടണത്തിൽ കിഴക്കുനിന്നും മൂന്ന് ജ്ഞാനികളും എത്തിയിരുന്നു. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബേത് ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബേത് ലഹേമിൽ, യാക്കോബ് തന്റെ ഭാര്യ റാഹേലിനെ സംസ്കരിച്ച ഇടമായ ബേത് ലഹേമിൽ, ബോവാസ് വിവാഹം കഴിച്ച വേളയിൽ റൂത്ത് താമസിച്ച സ്ഥലമായ ബേത് ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ ഈ മൂന്ന് ജ്ഞാനികൾ എത്തിയത് രാജാവിനെ, ലോക രക്ഷകനെ കാണാനാണ്; കണ്ടശേഷം അവനു സമ്മാനങ്ങൾ നൽകി ആരാധിക്കാനാണ്.

Happy Three Kings' Day! - Esperanza

ആകാശത്തു കണ്ട അത്ഭുത നക്ഷത്രത്തിൽ നിന്ന് ശ്രദ്ധ തെറ്റിയപ്പോൾ ഹോറോദേസിന്റെ കൊട്ടാരത്തിൽ കയറിയെങ്കിലും വീണ്ടും അവർ നക്ഷത്രത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്നോ? അവർ രക്ഷകനെ, കർത്താവായ ക്രിസ്തുവിനെ കൺകുളിർക്കെ കണ്ടു!

2020 ലെ ക്രിസ്തുമസ് നമ്മോട് പറയുന്നത്, ക്രിസ്തുവിനെ ഈ ലോകത്തിനു നൽകാൻ, ഈ ലോകത്തിൽ ക്രിസ്തുമസ് ഇന്നും സംഭവിക്കാൻ, ക്രിസ്തുവിനെ മനുഷ്യർക്ക് കൺകുളിർക്കെ കാണാൻ stay focused! നിന്നിൽ നിന്ന് ആവശ്യപ്പെടുന്നതെന്തോ അതിൽ, നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തോ അതിൽ, നിന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യമെന്തോ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുക! നിന്നിൽ നിന്നും ആവശ്യപ്പെടുന്നത്, നിന്നിൽ നിന്ന് പ്രതീക്ഷയ്ക്കുന്നത്, നിന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യം ഇതാണ് – stay focused. Stay focused on Christ! നമ്മുടെ ജീവിതാന്തസ്സുകൾ പലതാകാം. നാം ചെയ്യുന്ന ജോലികൾ വ്യത്യസ്തങ്ങളാകാം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പല സ്വഭാവങ്ങളുള്ളതാകാം. എവിടെയായിരുന്നാലും, എന്തായിരുന്നാലും, എങ്ങനെയായിരുന്നാലും ഹേ ക്രൈസ്തവരേ, നിങ്ങൾ ചെയ്യേണ്ടതിതാണ് – stay focused. Stay focused on Christ!

ആദിമക്രൈസ്തവരുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ, വിശുദ്ധരുടെ, രക്തസാക്ഷികളുടെ ജീവിതത്തിലൂടെ ഒന്ന് കടന്നുപോയാലും നമുക്ക് മനസ്സിലാകും എന്താണ് stay focused, Stay focused on Christ എന്ന്; എങ്ങനെയാണ് stay focused, Stay focused on Christ ആയി ജീവിക്കേണ്ടതെന്ന്. ഇന്ന് നമ്മുടെ ക്രൈസ്തവർക്ക് വന്നുഭവിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്ത്, ഏറ്റവും വലിയ അപചയം എന്താണെന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്: ക്രിസ്തുകേന്ദ്രീകൃതമല്ലാത്ത ക്രൈസ്തവജീവിതം. ഈ വർഷത്തെ നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പകിട്ടും ആഘോഷവും കുറവാണല്ലോ എന്ന് നമുക്ക് തോന്നുന്നതിന്റെ  കാരണം കോവിഡ് എന്ന മഹാമാരി  മാത്രമല്ല, നമ്മുടെ സഭയിലെ, നമുക്കുള്ളിലെ പ്രശ്നങ്ങൾ കൂടിയാണ്. കഴിഞ്ഞദിവസം കുടുംബസന്ദർശനത്തിന്റെ അവസരത്തിൽ അവിടുത്തെ വീട്ടമ്മ ചോദിച്ചത്, “എന്താ അച്ചാ, ക്രിസ്തുവിന്റെ നാമത്തിൽ സഭകൾക്കെല്ലാം ഒരുമിച്ചു നിന്നാൽ?” എന്നാണ്. ഈ ചോദ്യം നാമും പലപ്പോഴും ചോദിച്ചുകാണും. നമ്മുടെ സീറോമലബാർ സഭയിൽ വിശുദ്ധ കുർബാനയുടെ കാര്യത്തിൽ ഒരു യോജിപ്പുണ്ടാകാൻ എത്രനാൾ ഇനിയും നാം കാത്തിരിക്കണം? ഈ ചോദ്യവും നാം പലപ്പോഴും ചോദിച്ചുകാണണം.    ഒട്ടും പാരമ്പര്യം അവകാശപ്പെടാൻ ഇല്ലാത്ത രാമനാഥപുരം രൂപത മംഗളവർത്തകാലം ഒന്നാം ഞായറാഴ്ച്ചമുതൽ 1999 ലെ സിനഡിന്റെ തീരുമാനമനുസരിച്ചുള്ള കുർബാനക്രമം രൂപതയിൽ നടപ്പാക്കി. അവർ കാണിച്ച ആർജവം നൂറ്റാണ്ടുകളുടെ പാരമ്പര്യം പറയുന്ന അതിരൂപതകൾ പോലും കാണിക്കാത്തത് ക്രിസ്തുകേന്ദ്രീകൃതമായ ക്രൈസ്തവജീവിതം ഇല്ലാഞ്ഞിട്ടല്ലേ എന്ന് ശരാശരി ക്രൈസ്തവർ ചോദിക്കുമ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സങ്കീർണത നമുക്ക് മനസ്സിലാകും!

ഇങ്ങനെയുള്ള നൂറായിരം പ്രശ്നങ്ങൾക്ക് ഏക കാരണം, ക്രിസ്തുകേന്ദ്രീകൃതമല്ലാത്ത ക്രൈസ്തവജീവിതം ആണ്! ക്രിസ്തു കേന്ദ്രീകൃതമായ ക്രൈസ്തവ ജീവിതത്തിനു പകരം നാം സ്ഥാപന കേന്ദ്രീകൃതമായ, സമ്പത്തു കേന്ദ്രീകൃതമായ, ലോകത്തിന്റെ സൂട്ടും കോട്ടുമിട്ട മാനേജുമെന്റ് സ്റ്റൈൽ കേന്ദ്രീകൃതമായ, profit മാത്രം കേന്ദ്രീകൃതമായ, പ്രവർത്തനം മാത്രം കേന്ദ്രീകൃതമായ, savings കേന്ദ്രീകൃതമായ ക്രൈസ്തവജീവിതം നയിക്കുന്നതുകൊണ്ട്, വെറും പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോ നമ്മെ ത്രസിപ്പിക്കുന്നില്ല. “സ്നേഹത്തിനു പകരം സ്നേഹം, ബലിക്ക് പകരം ബലി” എന്ന് പറഞ്ഞു ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ നമുക്കാകുന്നില്ല. വെറും പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോ പോലും നമുക്ക് profit ഉണ്ടാക്കാനുള്ള ഒരു business വസ്തുവായി മാറിയിരിക്കുന്നു! പുൽക്കൂടുണ്ടാക്കുമ്പോൾ പറമ്പിൽ നിന്ന് പുല്ലു വെട്ടിക്കൊണ്ടുവന്നാൽ പള്ളിയിലും മറ്റും മണ്ണാകുമെന്നതുകൊണ്ട്, പച്ച നിറത്തിലുള്ള കാർപെറ്റ് കൊണ്ട് പുല്ല് arrange ചെയ്യുന്ന ന്യൂജൻ highly sophisticated സംസ്കാരത്തിൽ, പുൽക്കൂട്ടിൽ പിറന്ന ഈശോ, കാലിത്തൊഴുത്തിന്റെ പശ്ചാത്തലമുള്ള ക്രിസ്തുമസ് ഒന്ന് മാറ്റിപിടിക്കേണ്ടിയിരിക്കുന്നു എന്ന് ചിന്തിക്കുന്നവരും കുറവല്ല.!!!

നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ചൈതന്യം തിരിച്ചുപിടിക്കാൻ, നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ വിശുദ്ധി തിരിച്ചുപിടിക്കാൻ 2020 ലെ ക്രിസ്തുമസ് നമ്മെ ഓർമപ്പെടുത്തുകയാണ് ക്രിസ്തു കേന്ദ്രീകൃതമായ ക്രൈസ്തവജീവിതത്തെ വീണ്ടെടുക്കാൻ! ക്രൈസ്തവരും ക്രൈസ്തവ സഭയും ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം പ്രതിവിധി, തെരുവിൽ പ്രതികരിക്കലും പ്രതിരോധിക്കലുമല്ല; വെബ്ബിനാറുകൾ നടത്തി ആക്രോശിക്കലല്ല. ശക്തമായ ക്രിസ്തുകേന്ദ്രീകൃത ക്രൈസ്തവ ജീവിതം നയിക്കുക എന്നതാണ്. അപ്പോൾ ക്രിസ്തുമസായി വന്ന ക്രിസ്തു നമ്മിലൂടെ ലോകരക്ഷകനായി നമ്മുടെ ജീവിതത്തിന്റെ നെറുകയിൽ, കുടുംബങ്ങളുടെ മുകളിൽ നക്ഷത്രംപോലെ പ്രകാശിച്ചു നിൽക്കും!

ഒരിക്കൽ ഒരു കാട്ടിൽ ഗർഭിണിയായ ഒരു മാൻ കണ്ണിൽ നിറയെ ആകാംക്ഷയും പ്രതീക്ഷയുമായി പ്രസവിക്കാൻ ഒരു ഇടം തേടുകയായിരുന്നു. കുറെ നേരത്തെ അലച്ചിലിനുശേഷം ഒരുവിധം ശക്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന നദിയുടെ കരയിൽ ഒരു പുൽത്തകിടി അവളുടെ ദൃഷ്ടിയിൽപെട്ടു. “ഇത് തന്നെ പറ്റിയ സ്ഥലം” അവൾ ഉള്ളിൽ പറഞ്ഞു.  ചുറ്റുമൊന്നു കണ്ണോടിച്ചിട്ട് അവൾ മെത്തപോലെയുള്ള ആ പുല്ലിൽ പ്രസവിക്കാനുള്ള

THE PREGNANT DEER – a beautiful story of faith & self-belief – Kofi's blog

ഇടം ഒരുക്കുന്ന തിരക്കിലായി. പെട്ടെന്നുതന്നെ അവൾക്കു പ്രസവവേദന ആരംഭിച്ചു. അപ്പോൾ ആകാശം ഇരുണ്ടുകൂടി. അതിശക്തമായ ഒരു മിന്നൽ ഉണ്ടായി. ആ ഇടിമിന്നലിൽ കുറച്ചകലെ  അവളുടെ പുറകിലുണ്ടായിരുന്ന ഉണങ്ങിയ പുല്ലിന് തീപിടിച്ചു. അവൾ ഇടതുവശത്തേക്ക് നോക്കിയപ്പോൾ ഒരു വേട്ടക്കാരൻ തന്റെ നേരെ അമ്പ് തൊടുക്കാൻ ഒരുങ്ങുന്നത് കണ്ടു. വലതുവശത്തേക്കു നോക്കിയപ്പോൾ അവൾ ഞെട്ടുക തന്നെചെയ്തു. വാ പിളർന്നു തന്റെ നേരെ നോക്കി നിൽക്കുന്ന ഒരു സിംഹം! പ്രസവവേദനയിൽ പുളയുന്ന ഒരു പാവം മാനിന് എന്ത് ചെയ്യാൻ കഴിയും? മുൻപിൽ ഒഴുകുന്ന പുഴ, പുറകിൽ കാട്ടു തീ, ഇടതുവശത്തു വേട്ടക്കാരൻ, വലതു വശത്തു തന്നെ സമീപിക്കുന്ന സിംഹം! നിസ്സഹായയായ അവൾ പ്രശ്നങ്ങളെ തത്ക്കാലം വിട്ടിട്ട്, മനസ്സിനെ ശാന്തമാക്കി പ്രസവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നെ അവിടെ നടന്ന കാര്യങ്ങൾ ഇങ്ങനെയാണ്: ഒരു ഇടിമിന്നൽ വേട്ടക്കാരനെ അന്ധനാക്കിക്കളഞ്ഞു; ആ നിമിഷം അയാളുടെ വില്ലിൽ നിന്ന് വിട്ടുപോയ അമ്പു സിംഹത്തിനെ വീഴ്ത്തി, പിന്നാലെ വന്ന മഴ കാട്ടുതീയെ അണച്ചു. ആ മാനാകട്ടെ നല്ലൊരു കുഞ്ഞിനെ പ്രസവിച്ചു. നദി അപ്പോഴും ഒഴുകിക്കൊണ്ടിരുന്നു.

സ്നേഹമുള്ളവരേ, ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതാണ്. അതാണ് അതിന്റെ സ്വഭാവവും. പ്രശ്നങ്ങൾക്കിടയ്ക്കും ക്രിസ്തുമസ് ഈ ലോകത്തിൽ നമ്മുടെ ജീവിതത്തിൽ, കുടുംബങ്ങളിൽ സംഭവിക്കാൻ നാം സ്വീകരിക്കേണ്ട മാർഗം stay focused ആണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക! stay focused എന്നുള്ളത് ജീവിതം മനോഹരമാക്കാൻ 2020 ലെ ക്രിസ്തുമസ് നൽകുന്ന നല്ലൊരു മന്ത്രമാണ്! നാം എന്തിലാണ് focus ചെയ്യുന്നത് എന്നതാണ് നമ്മുടെ ജീവിതത്തെ തീരുമാനിക്കുന്നത്. 

ഗ്രീക്ക് തത്വശാസ്ത്രജ്ഞനായിരുന്ന സോക്രട്ടീസ് (Socrates) ചന്തയിൽ നടക്കുന്ന ബഹളങ്ങളും, അവരുടെ സംസാരങ്ങളും ശ്രദ്ധിക്കുകയായിരുന്നു. അദ്ദേഹത്തെ തേടി അപ്പോൾ കുറെ യുവാക്കൾ അവിടെയെത്തി. ചന്തയിൽ നടക്കുന്ന ബഹളങ്ങൾക്കുനേരെ കൈ ചൂണ്ടിക്കൊണ്ട് അയാൾ യുവാക്കളോട്   “നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കലാണ് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നത്” എന്ന് പറഞ്ഞപ്പോൾ അവർ ചോദിച്ചു: “എന്തിലാണ് ഞങ്ങൾ focus ചെയ്യേണ്ടത്?” അപ്പോൾ സോക്രട്ടീസ് പറഞ്ഞു: “നിങ്ങളുടെ മുഴുവൻ ശക്തിയും നിങ്ങൾ focus ചെയ്യേണ്ടത് നിങ്ങളുടെ ജീവിതത്തെ തകർത്ത് കടന്നുപോയ   കാര്യങ്ങളിൽ ആയിരിക്കരുത്. പിന്നെയോ, നിങ്ങളുടെ ജീവിതത്തെ നിർമിക്കുന്ന കാര്യങ്ങളിലായിരിക്കണം”.

ഈ ക്രിസ്തുമസ് നമുക്കായി ഒരുക്കിയിരിക്കുന്നത് ക്രിസ്തുവാണ്. എന്തിനെന്നോ? ഈ സന്ദേശം നമ്മോടു പറയുവാൻ, Stay focused. Stay focused on Christ! സഹോദരീ, സഹോദരാ, നീ ശ്രമിക്കുകയാണെങ്കിൽ, അതിനായി കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ, വിശ്വസിക്കൂ …നിന്റെ ജീവിതത്തിലെ അസാധ്യതകളെ സാധ്യമാക്കാൻ ക്രിസ്തു നിന്റെ ജീവിതത്തിൽ പിറക്കും. അതിനു തക്ക സാഹചര്യങ്ങൾ ഒരുക്കി തന്റെ കൃപയാൽ നിറച്ചു നിന്നെ അതിലേക്കു നയിക്കും!

സമാപനം

സ്നേഹമുള്ളവരേ, സകല ജനത്തിനും വേണ്ടിയുള്ള സദ്‌വാർത്തയായി വന്ന ക്രിസ്തുമസ് നൽകുന്ന  stay focused, Stay focused on Christ എന്ന സന്ദേശം ഉൾക്കൊള്ളാൻ ഇനിയും നമുക്കായിട്ടില്ല. ക്രൈസ്തവ സഭയും സഭാമക്കളും ഏറ്റവും പ്രധാനപ്പെട്ടതിൽ നിന്ന്, ക്രിസ്തുകേന്ദ്രീകൃതമായ ജീവിതത്തിൽ നിന്ന് വളരെ അകന്നുപോയിരിക്കുന്നു. അതുകൊണ്ടു, സഭാ സൗധം ഇളകുന്നു; സഭയുടെ കുടുംബങ്ങൾ ഉലയുന്നു; സഭാ നേതൃത്വം ഇരുട്ടിൽ തപ്പിത്തടയുന്നു. സഭാ മക്കൾ കലക്കവെള്ളം കുടിക്കുന്നു! ഈ ക്രിസ്തുമസ് രക്ഷപെടുവാനുള്ള അവസാനത്തെ chance ആണെങ്കിൽ! നമുക്ക് ക്രിസ്തുമസ് പ്രതിജ്ഞയെടുക്കണം: എന്റെ ജീവിതത്തെ, കുടുംബത്തെ, ഇടവകയെ, സഭയെ, ക്രിസ്തുകേന്ദ്രീകൃത ജീവിതത്തിലേക്കു മടക്കി കൊണ്ടുവരും!

The Shepherds and the Angels | Biblical art, Nativity painting, Christian  art

ദൈവദൂതൻ ആട്ടിടയരോട് പറഞ്ഞു: “ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി രക്ഷകൻ കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.” നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ദാവീദിന്റെ പട്ടണമായ ബേത് ലഹേം അപ്പത്തിന്റെ ഭവനം ഞാനാണ്. ആ അപ്പത്തിന്റെ ഭവനത്തിലെ പുൽക്കൂട് എന്റെ ഹൃദയമാണ്. ഇന്ന് എന്നിൽ പിറക്കേണമേ! നിന്നിൽ കേന്ദ്രീകൃതമായ ക്രൈസ്തവജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ! ആമേൻ!

SUNDAY SERMON MT 1, 18-25

മംഗളവാർത്താക്കാലം -ഞായർ 4

മത്താ 1, 18-25

സന്ദേശം

The Dream of St Joseph Metal Print by Anton Raphael Mengs

പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളായിരുന്ന ഡിസംബർ 8 നു ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഒരു പ്രഖ്യാപനം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റി അൻപതാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി കത്തോലിക്കാ സഭ ആചരിക്കുകയാണ് എന്നതായിരുന്നു ആ പ്രഖ്യാപനം. ക്രൈസ്തവർക്കെല്ലാവർക്കും, പ്രത്യേകിച്ച് വിശുദ്ധ യൗസേപ്പിതാവിനെ സ്നേഹിക്കുന്നവർക്കും ബഹുമാനിക്കുന്നവർക്കും ഏറ്റവും സന്തോഷം നൽകുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്.  ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടർന്നുകൊണ്ടു ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യമെന്നു മാർപാപ്പ തന്റെ “ഒരു പിതാവിന്റെ ഹൃദയത്തോടെ” (Patris Corde=with a Father’s Heart) എന്ന അപ്പസ്തോലിക ലേഖനത്തിൽ പ്രത്യേകം പറയുന്നുണ്ട്.

ഫ്രാൻസിസ് മാർപാപ്പ Year of St. Joseph പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഇന്നത്തെ സുവിശേഷ ഭാഗത്തിന് പ്രസക്തി ഏറെയാണ്.  

വ്യാഖ്യാനം

അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട്‌ സംവദിക്കുന്നത്.  സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ എന്നിൽ വിസ്മയം   ജനിപ്പിക്കുന്നു! എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്.  

ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ  ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്.  

ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labyrinth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.

എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.

സ്നേഹമുള്ളവരേ, മറിയത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിന്റെ വ്യഗ്രതയിൽ ജോസഫിന്റെ മനസ്സ് അകമേ പ്രക്ഷുബ്ധവും പുറമെ ശാന്തവുമായി നിലകൊള്ളുകയാണ്. അഗ്നിപർവതം പോലെ പുകഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിൽ ആ ശാന്തത ദൈവവിചാരവും മന്ത്രവുമായി മാറുന്നു. ഒരു വ്യക്തിയെ അപമാനിക്കുന്നതിനേക്കാൾ, സമൂഹത്തിന്റെ മുൻപിൽ ഒരു വ്യക്തിയെ നഗ്നയാക്കുന്നതിനേക്കാൾ, നഗ്നനാക്കുന്നതിനേക്കാൾ സങ്കടകരമായി എന്തുണ്ട് ഈ ഭൂമിയിൽ  എന്ന തിരിച്ചറിവായിരിക്കണം ജോസഫിനെ പിന്മാറാൻ പ്രേരിപ്പിക്കുന്നത്.

സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്.

The Miraculous Works of Sleeping Saint Joseph - My Pope Philippines

ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത്‌ കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക! 

ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്. 

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്!

വയനാട്ടിലെ മധുവെന്ന ചെറുപ്പക്കാരനെ കള്ളനെന്നു മുദ്രകുത്തി, സമൂഹത്തിന്റെ മുൻപിൽ ബന്ധിതനാക്കി കൊന്നുകളഞ്ഞത് കേരള മനസ്സാക്ഷിക്കു അത്രപെട്ടെന്ന് മറക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല!

Poverty, hunger cannot be linked to Madhu's death: Kerala govt | Madhu death  | Tribal death | Tribal youth death | Kerala youth death | Madhu mob  lynching | Kerala mob lynching |

മധുവിന്റെ ഭാഗത്തുനിന്ന് ചിന്തിക്കാൻ നമുക്ക് സാധിച്ചില്ല. വിശന്നിട്ടാണ് മോഷ്ടിച്ചതെന്നു മധു പറഞ്ഞപ്പോൾ നമ്മുടെ ഉള്ളു പൊള്ളിയില്ലേ പ്രിയപ്പെട്ടവരേ? മധുവിന്റെ  ഭാഗത്തുനിന്ന് ഒരു നിമിഷം അവർ ചിന്തിച്ചിരുന്നെങ്കിൽ ആ സഹോദരൻ ഇങ്ങനെ അപമാനിക്കപ്പെടുകയില്ലായിരുന്നു! നമ്മുടെ കുടുംബത്തിലുള്ളവരെ, സുഹൃത്തുക്കളെ, അയൽവക്കക്കാരെ എത്രയോ പേരെയാണ് നാം നഗ്നരാക്കി സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്? അപരന്റെ നഗ്നത ആഘോഷിക്കുക എന്നത് മാധ്യമങ്ങൾക്കു മാത്രമല്ല സാധാരണ മനുഷ്യനും ഒരു ഹരമായി മാറിയിരിക്കുകയാണ്. പലപ്പോഴും മറ്റുള്ളവരെ മനസിലാക്കുവാൻ നാം വൈകുകയാണ്. ആരാണ് സ്‌നേഹമുള്ളവരേ തെറ്റുചെയ്യാത്തത്? ആർക്കാണ് കുറവുകളില്ലാത്തത്? ? ആരുടെ ജീവിതത്തിലാണ് അവർ പോലും അറിയാതെ ദുരന്തങ്ങൾ ഉണ്ടാകാത്തത്?  അപരന്റെ ഇല്ലായ്മകളിൽ, കുറവുകളിൽ, ആ വ്യക്തിയെ വിവസ്ത്രമാക്കാനല്ല, സ്നേഹത്തിന്റെ, നീതിയുടെ, കാരുണ്യത്തിന്റെ പട്ടു വസ്ത്രങ്ങൾകൊണ്ട് പുതച്ചു പിടിക്കാനല്ലേ ഇന്നത്തെ സുവിശേഷത്തിലെ യുവാവായ ജോസഫ് നമ്മോടു പറയുന്നത്?

ഈയിടെ എന്റെ കണ്ണുകളെ നനയിപ്പിച്ച ഒരു ഷോർട്ട് ഫിലിം കാണുകയുണ്ടായി. അതിലെ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടാണോ, അവതരണത്തിന്റെ ഒതുക്കം കൊണ്ടാണോ എന്തോ, എനിക്ക് ആ ഷോർട്ട് ഫിലിം ഏറെ ഇഷ്ടപ്പെട്ടു. കഥയിങ്ങനെയാണ്: പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടി. അവൻ എന്നും സ്കൂളിൽ വൈകിയാണ് എത്തുന്നത്. അവൻ ക്ലാസ് റൂമിന്റെ വാതിലിൽ മുട്ടുന്നു, ടീച്ചർ come in പറയുന്നു. അവൻ അകത്തേക്ക് ചെല്ലുമ്പോൾ ടീച്ചർ അവനെ ശകാരിക്കുന്നു. ടീച്ചർക്ക് അവനോടു വല്ലാത്ത ദേഷ്യം തോന്നുകയാണ്.  ടീച്ചർ അവനോട്  കൈ നീട്ടാൻ പറയുന്നു, സ്കെയിൽ കൊണ്ട് അവനെ അടിക്കുന്നു. സ്കെയിൽ കൊണ്ട് തന്നെ തലയിൽ തട്ടിക്കൊണ്ട് പോയി ഇരിക്കാൻ പറയുന്നു. രണ്ടു മൂന്നു ദിവസം ഇതേ കാര്യം തുടരുന്നുണ്ട്. അടുത്ത ദിവസം, തന്റെ സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വഴിയേ ടീച്ചർ ഈ കുട്ടിയെ വഴിയിൽ വച്ച് കാണുകയാണ്. അവൻ അവന്റെ അപ്പച്ചനെ വീൽ ചെയറിൽ ഇരുത്തി കെയർ ഹോമിലേക്ക് കൊണ്ടുപോകുകയാണ്. ടീച്ചറിന്റെ മുഖത്ത് ആകാംക്ഷയും, ഒപ്പം പശ്ചാത്താപവും നിഴലിക്കുന്നുണ്ട്. അദ്ദേഹം സ്കൂളിലേക്ക് പോകുന്നു. പതിവുപോലെ കുട്ടി വൈകി സ്കൂളിലെത്തുകയാണ്.

വാതിലിൽ മുട്ടി അകത്തേക്ക് കയറിയ കുട്ടി തലകുനിച്ചു നിന്നിട്ടു ടീച്ചറിന്റെ മുൻപിലേക്ക്, ഉള്ളിൽ തികട്ടി വന്ന ദുഃഖം കടിച്ചമർത്തി കൈ നീട്ടുകയാണ്. അവനറിയാമല്ലോ തനിക്കുള്ള ശിക്ഷ എന്താണെന്ന്.  എന്നാൽ അദ്ധ്യാപകൻ വളരെ പതുക്കെ സ്കെയിൽ ആ കുട്ടിയുടെ കൈയ്യിൽ വച്ചു. ശിക്ഷ വൈകുന്നതും, കയ്യിൽ സ്കെയിൽ വന്നതും കണ്ട കുട്ടി ടീച്ചറിന്റെ മുഖത്തേക്ക് തലയുയർത്തിയപ്പോൾ കണ്ടത് കൈ നീട്ടി അവന്റെ മുൻപിൽ നിൽക്കുന്ന സാറിനെയാണ്. അവന്റെ മുഖത്ത് പരിഭ്രമമായി. അപ്പോൾ ആ ടീച്ചർ അവന്റെ മുൻപിൽ മുട്ടുകുത്തി, അവനോളം ചെറുതായി, അവനെ തന്റെ മാറോടു ചേർത്തു.

ശരിയാണ്, നമുക്ക് നിയമമാണ് പ്രധാനപ്പെട്ടത്, discipline ആണ് ഏറ്റവും വലുത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക്‌ അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല  – ഇല്ല,  എന്തുകൊണ്ടായിരിക്കും എന്നത് നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ലേ നാം ചിന്തിക്കുക?   

ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്!   അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!

English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് – “Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ നമുക്ക് കഴിയും – ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ,

Expert Network - Able to put yourself in someone else's... | Facebook

പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക്‌ ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!

സമാപനം

സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ബഹുമാനിക്കുമ്പോൾ, Year of St. Joseph ആഘോഷിക്കുമ്പോൾ വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.

നമുക്ക് വിശുദ്ധ കുർബാന തുടരാം.

Kim M. Mallette's newly released “The Grace Embrace” brings out the  profound truths of God's powerful grace

നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ  ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, ഭാരതത്തിലെ കർഷകരെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം. നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!

Audio sermon

Fr. Saju Pynadath MCBS//

Mangalavarthakkaalam 4th Sunday Audio Sermon

SUNDAY SERMON

മംഗളവാർത്താക്കാലം -ഞായർ 3

ലൂക്കാ 1, 57 – 80

സന്ദേശം

Another Birth of John the Baptist Icon | Eastern orthodox christian, John  the baptist, Orthodox icons

അമേരിക്കയിലെ Christian Online Newspaper ആയ “The Christian Post” ന് ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസ്സിയേഷൻ (Billy Graham Evangelistic Association) പ്രസിഡന്റായ സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം (Franklin Graham) പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ ജീവിതകാലത്തു ഇതുപോലൊരു മഹാമാരിയിലൂടെ നമ്മൾ ഒരിക്കലും കടന്നുപോയിട്ടില്ല. ലോകം ഇതുപോലെ അടയ്ക്കപ്പെടുകയും ചെയ്തിട്ടില്ല. എന്നാൽ, ഈ പകർച്ചവ്യാധിക്കാലത്തു, ദൈവം മനുഷ്യഹൃദയങ്ങളെ സ്പർശിച്ചുകൊണ്ടു, ആളുകളെ ക്രിസ്തുവിലേക്കു കൂടുതൽ, കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.” സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ നിരീക്ഷണം ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്.

കൊറോണ വൈറസിന്റെ ഭീതിയിൽ ദേവാലയങ്ങളിൽ പതിവുപോലെ വിശുദ്ധകുർബാനയും, ആരാധനകളും പ്രാർത്ഥനകളും ഇല്ലെങ്കിലും ലോകം, നാം ക്രിസ്തുവിലേക്കു കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്.  ഇന്നത്തെ സുവിശേഷം ക്രിസ്തുവിനുവേണ്ടി നമ്മുടെ ഹൃദയങ്ങളെ, വീടുകളെ എങ്ങനെയാണ് ഒരുക്കേണ്ടതെന്ന്, എങ്ങനെയാണ് ക്രിസ്തുവിനോട് കൂടുതൽ അടുക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുകയാണ്.

വ്യാഖ്യാനം  

മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, കുഞ്ഞിന്റെ നാമകരണവേളയിൽ സഖറിയാസിന്റെ നാവു സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം.

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, “നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം”. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

Almighty Father, not my will but, Thy will be done' - video dailymotion

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.

ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട്

Christian Children's Book Review: Great Bible Stories: Joseph

ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.    

ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്. 

രണ്ട്, മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്.  ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.  

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.

മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!!  എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!

അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്.    ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ്‌ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം.

അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ ജീവിതത്തിന്റെ നിഷ്കളങ്കത, നൈർമല്യം. ദൈവവചനത്താൽ ശുദ്ധീകരിക്കപ്പെട്ട വർക്കേ ദൈവേഷ്ടം അറിയാനും, അതിനനുസരിച്ചു ജീവിക്കാനും ദൈവത്തിന്റെ ദർശനങ്ങൾ സ്വീകരിക്കുവാനും അർഹതയുള്ളൂ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കോവിഡ് ബാധിച്ചു മരണമടഞ്ഞ ദക്ഷിണകൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ (Kim Ki-duck) സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിംഗ് (Spring, Summer, Fall, and Spring) എന്ന സിനിമയിൽ (2003) നായക കഥാപാത്രം ബുദ്ധ സന്യാസിയാകാൻ ഒരുങ്ങുന്ന ആളാണ്. ചെറുപ്പം മുതൽ ഗുരുവിനോടൊത്തു ജീവിച്ച അയാൾ തിന്മയുടെ, തൃഷ്ണയുടെ വഴിയിലൂടെ നടന്നു തന്നെത്തന്നെ മലിനപ്പെടുത്തുകയാണ്. അവസാനം കൊലപാതകം വരെ ചെയ്ത ശേഷം തിരിച്ചു ആശ്രമത്തിൽ എത്തുമ്പോൾ ഗുരു അവനു കൊടുക്കുന്ന അഭ്യാസം അയാൾ കൊല്ലാൻ ഉപയോഗിച്ച കത്തികൊണ്ടുതന്നെ ബുദ്ധ വചനങ്ങൾ ആവർത്തിച്ചു എഴുതുക എന്നതായിരുന്നു. പോലീസ് അയാളെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നുണ്ടെങ്കിലും ശിക്ഷ കഴിഞ്ഞു വരുന്ന അയാൾ ഒരു പുതിയ മനുഷ്യനായിരുന്നു, ഒരു നല്ല സന്യാസി.

Spring Summer Fall Winter And Spring 2003 by AKVH7 on DeviantArt

ദൈവത്തിന്റെ വചനം, ഗുരുവചനം ആവർത്തിച്ചു എഴുതുന്നതും, ചൊല്ലുന്നതും, വായിക്കുന്നതും നമ്മെ വിമലീകരിക്കും. ദൈവത്തിന്റെ ഹൃദയമറിയാൻ ഇടയാക്കും. അപ്പോൾ നമ്മിൽ ക്രിസ്തുമസ് സംഭവിക്കും. ഈ ക്രിസ്തുമസ് ഒരുക്കക്കാലം, ദൈവവചനത്തിലൂടെ സ്വയം ശുദ്ധീകരിക്കപ്പെട്ട് ദൈവേഷ്ടം അറിയുവാൻ നാം ശ്രമിക്കണം.

ദൈവസന്നിധിയിൽ നീതിനിഷ്ഠരാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും. 

സമാപനം

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?

HELP ME HOLY SPIRIT | Family Life Worship Center

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!

Audio sermon

Mangalavarthakkalam 3rd Sunday 2020 // Fr. Saju Pynadath MCBS

SUNDAY SERMON LK 1, 26-38

മംഗളവാർത്താക്കാലം -ഞായർ 2

ലൂക്കാ 1, 26 – 38

സന്ദേശം

Annunciation - Matthias Stomer — Google Arts & Culture

മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ഈ തീരുമാനത്തിന്റെ ചുവടുപിടിച്ചാകട്ടെ ഇന്നത്തെ സുവിശേഷ വിചിന്തനം.

വ്യാഖ്യാനം  

മാലാഖാമാരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് ക്രിസ്തുമസ് കാലം. കുഞ്ഞുന്നാൾ മുതലേ മാലാഖമാരെ നമുക്ക് ഇഷ്ടമാണെങ്കിലും അവരെക്കുറിച്ചു കൂടുതലൊന്നും അറിയാൻ നാം ശ്രമിച്ചുകാണില്ല. ആരാണ് മാലാഖമാർ? ഭൂമിയിൽ ദൈവത്തിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുവാൻ ദൈവം വ്യക്തികളെ തിരഞ്ഞെടുക്കുമ്പോൾ അവർക്കുവേണ്ടി ദൈവത്തിന്റെ വെളിപാടുകൾ അറിയിക്കുന്ന, അവരുടെ തീരുമാനങ്ങളുടെമേൽ ദൈവത്തിന്റെ അംഗീകാരമുദ്രപതിക്കുവാൻ ദൈവം അയയ്ക്കുന്ന ദൈവത്തിന്റെ ദൂതന്മാരാണ് അവർ. ദൈവം താൻ തിരഞ്ഞെടുത്ത ജനങ്ങളെ പരിപാലിക്കുവാനായി, അവർക്കു ശക്തി പകരുവാനായി അയയ്ക്കുന്ന സ്വർഗ്ഗത്തിലെ കാവൽക്കാരാണ് മാലാഖമാർ. മനുഷ്യരോട് നേരിട്ട് സംസാരിക്കുവാനും, ദൈവത്തിൽ നിന്നുള്ള ദിവ്യ ദൂത്, സന്തോഷകരമായ വാർത്ത അറിയിക്കുവാനുമായി ദൈവ സന്നിധിയിൽനിന്നും അയയ്ക്കപ്പെടുന്നവരാണ് അവർ. വിശുദ്ധ അഗസ്തീനോസ് പറയുന്നത് “മാലാഖ എന്നത് അവരുടെ ജോലിയാണ്, അവരുടെ സ്വഭാവമല്ല. സ്വഭാവത്താൽ അവർ അരൂപികളാണ്” എന്നാണ്. സഭാപിതാക്കന്മാർ പൊതുവെ പറയുന്നത്, ദൈവം മനുഷ്യജീവിതത്തിൽ വളരെ സ്നേഹത്തോടെ ഇടപെടുന്നു എന്ന ബോധ്യം മനുഷ്യർക്ക് നൽകുന്ന അരൂപികളാണ് മാലാഖമാർ എന്നാണ്. എല്ലാറ്റിലുമുപരി നമ്മുടെ ക്രൈസ്തവ ആധ്യാത്മികതയിൽ ദൈവത്താൽ അയയ്ക്കപ്പെടുന്നവരാണ് മാലാഖമാർ.

എന്നാൽ ഈയിടെ ക്രൈസ്തവരുടെ ഇടയിൽ, കത്തോലിക്കരുടെ ഇടയിൽ തികച്ചും തെറ്റായ ഒരു ഭക്തകൃത്യം രൂപപ്പെട്ടു വരുന്നുണ്ട്. സാത്താൻ ആരാധനയ്ക്കു തുല്യമായ ഒരു തിന്മയാണ് ഇതെന്നാണ് അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവ് പറയുന്നത്.

Please click here to watch the video

ഈ ഭക്തകൃത്യത്തിന്റെ രീതി മാലാഖമാരെ വിളിച്ചുവരുത്തി അവരിൽ നിന്നു കാര്യങ്ങൾ, ആവശ്യങ്ങൾ നേടിയെടുക്കുക എന്നുള്ളതാണ്. അഞ്ചുമാലാഖമാരെയാണ് വിളിച്ചുവരുത്തുക. അതിൽ മൂന്നു പേര് ബൈബിളിൽ പറഞ്ഞിട്ടുള്ളവർ തന്നെയാണ്. ഇവരെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തുക, പ്രത്യേകം മുറിയൊരുക്കുക, അവരോടു ആവശ്യം ചോദിക്കുക എന്നിങ്ങനെയാണ് ഇതിന്റെ രീതികൾ. ആളുകളെ ഭയപ്പെടുത്തുന്ന ഒരു അന്ധ വിശ്വാസമാണ് ഇത്. ഈ കെണിയിൽ പെട്ട് പോകരുതെന്ന് പിതാവ് നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

ഇവിടെ പ്രധാനമായും നാം രണ്ടു കാര്യങ്ങൾ ഓർമിക്കണം: 1. ദൈവത്തെ കൂടാതെ നമുക്കൊന്നും നേടുവാൻ സാധിക്കുകയില്ല. സങ്കീർത്തകൻ പാടുന്നപോലെ, ദൈവമാണ് എന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം അവിടുത്തെ കരങ്ങളിൽ ഭദ്രമാണ്. (സങ്കീ 16, 5 ; 31, 15) ഈ ഉറച്ച വിശ്വാസമുണ്ടെങ്കിൽ നമ്മുടെ ജീവിതം ദൈവത്തിന്റെ കൈകളിൽ സുരക്ഷിതമാണ്. 2. ദൈവത്താൽ അയയ്ക്കപ്പെടുന്നവരാണ് മാലാഖമാർ. അല്ലാതെ നാം വിളിക്കുമ്പോൾ വരുന്നവരല്ല.  മുറിയൊരുക്കി, പാലും പഴവും നേദിച്ച്, കൈകൊട്ടിവിളിക്കുമ്പോൾ വരുന്നവരല്ല മാലാഖമാർ. ദൈവം തന്റെ ദൂതുകളുമായി, അരുളപ്പാടുകളുമായി, സംരക്ഷണവുമായി, സൗഖ്യവുമായി മനുഷ്യരുടെ അടുത്തേക്ക് അയയ്ക്കുന്ന സ്വർഗ്ഗത്തിന്റെ പ്രതിനിധികൾ ആണ് മാലാഖമാർ!

അപ്പോൾ ചോദിക്കും കാവൽ മാലാഖമാരോ? കാവൽമാലാഖാമാരുടെ സംരക്ഷണം നൽകണമേയെന്നു നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോഴാണ് ദൈവം മാലാഖമാരെ നമ്മുടെ അടുത്തേക്ക് അയയ്‌ക്കുന്നത്‌. ദൈവമേ, നിന്റെ സംരക്ഷണം എനിക്കുണ്ടാകുവാൻ മാലാഖമാരെ അയയ്ക്കണേ’  എന്നല്ലേ നമ്മുടെ പ്രാർത്ഥന. ആദ്യമായും, അവസാനമായും മനസ്സിലാക്കുക ദൈവത്താൽ അയയ്ക്ക പെടുന്നവരാണ് മാലാഖമാർ. എന്തെങ്കിലും ആവശ്യങ്ങൾ ഇതിലൂടെ നേടുന്നുണ്ടെങ്കിൽ സ്നേഹമുള്ളവരേ, ഓർക്കുക, ഇതെല്ലാം മധുരം പുരട്ടിയ വിഷങ്ങളാണ്.   

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്‌ളാദിച്ചിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത, ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! എന്നിട്ടു ആ വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട്  “ഞാൻ തയ്യാറാണ്” എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ തീരുമാനമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്!

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.  വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”

സ്നേഹമുള്ളവരേ, പരിശുദ്ധ അമ്മയുടെ ഈ ഒരു തീരുമാനത്തിന് ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ മാത്രമല്ല ലോകചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ സാധിച്ചെങ്കിൽ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങൾക്കും അതിന്റേതായ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്ന് മനസ്സിലാക്കുക. നാമെടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഒന്നുകിൽ your decision can BREAK everything. അല്ലെങ്കിൽ the very decision of yours can MAKE everything! ഒന്നാമത്തേത്, വളരെ സ്വാർത്ഥവും, സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. അത് എല്ലാം, നമ്മുടെ വ്യക്തി ജീവിതം, കുടുംബജീവിതം, നമ്മുടെ ജോലി, ബന്ധങ്ങൾ എല്ലാം തകർത്തുകളയും. രണ്ടാമത്തേത്, നമ്മിലുള്ള നന്മയെല്ലാം പകർന്നുകൊടുത്തു പടുത്തുയർത്തുന്നതാണ്.

Financial statements help you make better decisions! | Pro-actions Business  Coaching & Support

ഓർത്തുനോക്കിക്കോളൂ ….എപ്പോഴാണ് നിങ്ങളുടെ ജീവിതം താളം തെറ്റിയത്? എപ്പോഴാണ് വലിയ ഉയർച്ചയിൽ നിന്ന് നിങ്ങൾ താഴേക്കു പതിച്ചത്? നിങ്ങൾ തെറ്റായ, തകർക്കുന്ന, break ചെയ്യുന്ന തീരുമാനം എടുത്തപ്പോഴല്ലേ? മദ്യപിക്കണം എന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങളായിരുന്നില്ലേ നിങ്ങളുടെ accident? നിങ്ങളുടെ വീട്ടിലുണ്ടായ കലഹം? അമിതലാഭമുണ്ടാക്കണമെന്ന  തീരുമാനമല്ലേ കൂട്ടുകാരനെ/ കൂട്ടുകാരിയെ  വഞ്ചിക്കുന്നതിലേക്കു നയിച്ചത്? നിങ്ങളുടെ ചീത്തകൂട്ടുകെട്ടു, മയക്കുമരുന്നുപയോഗം, ഉചിതമല്ലാത്ത പ്രണയ കൂട്ടുകൾ – എല്ലാം തീരുമാനത്തിന്റെ ഫലമല്ലേ? മറിച്ച്, സ്നേഹം നിറഞ്ഞ, സമാധാനം നിറഞ്ഞ, വളർച്ചയുടെ, ഉയർച്ചയുടെ വിജയത്തിന്റെ നിമിഷങ്ങൾ – അതും നിങ്ങളുടെ തീരുമാനത്തിന്റെ ഫലമല്ലേ?

ഓരോ തീരുമാനത്തിന്റെ സമയത്തും സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട് എന്ന് സ്‌നേഹമുള്ളവരെ മനസ്സിലാക്കുക. കാരണം, നമ്മുടെ ഓരോ തീരുമാനവും പടുത്തുയർത്തുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. ഓരോ തീരുമാനവും ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതിനുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു.  നമ്മുടെ ഓരോ തീരുമാനവും ക്രിസ്‌തുവിന്‌ ഈ ഭൂമിയിൽ ജന്മം കൊടുക്കുന്നതാകണമെന്നു സ്വർഗം ആഗ്രഹിക്കുന്നു. ഏറ്റവും മനോഹരവും നല്ലതുമായ തീരുമാനത്തിൽ ജീവിക്കുകയെന്നാണ് പരിശുദ്ധ ‘അമ്മ ഇന്ന് നമ്മോടു പറയുന്ന സന്ദേശം.

സമാപനം

സ്നേഹമുള്ളവരേ, എങ്ങനെയാണ് ക്രിസ്മസ് ഭൂമിയിൽ കൊണ്ടുവരേണ്ടതെന്നു, നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയാണ് നയിക്കേണ്ടതെന്നു നമ്മെ പഠിപ്പിക്കുന്ന സ്കൂളാണ് പരിശുദ്ധ ‘അമ്മ. നമ്മുടെ ജീവിതത്തിൽ നാമെടുത്ത, നാമെടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നമ്മുടെ കുടുംബജീവിതം, വൈദിക ജീവിതം സന്യസ്തജീവിതം നയിക്കുമ്പോൾ നാമും കൃപനിറഞ്ഞവരാകും. കർത്താവ് നമ്മോടുകൂടെയുണ്ടാകും. പരിശുദ്ധാത്മാവ് നമ്മുടെമേൽ വരും. നാം ഈശോയെ ഗർഭം ധരിക്കും. പടുത്തുയർത്തുന്ന, ക്രിയാത്മകമായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുവാൻ ആരാണ് നമ്മെ സഹായിക്കുക? ആരാണ് നമ്മെ ശക്തിപ്പെടുത്തുക? മറ്റാരുമല്ല, വിശുദ്ധ കുർബാനയിലെ ഈശോ നമ്മെ ശക്തിപ്പെടുത്തും. ഒന്നും break ചെയ്യാത്ത, മറ്റുള്ളവരിൽ സന്തോഷവും നന്മയും നിറക്കുന്ന തീരുമാനങ്ങളെടുക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തരാക്കും.

10 Powerful Verses for When You're Making Tough Decisions

ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ഉചിതമായപടുത്തുയർത്തുന്ന, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട് ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും. ആമേൻ!

Mangalavarthakkalam 2nd Sunday// Audio Sermon

വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍

St. Francis Xavier icon by Theophilia on DeviantArt

“എനിക്ക് ആത്മാക്കളെ തരിക ബാക്കിയെല്ലാം നിങ്ങള്‍ എടുത്തുകൊള്‍ക” എന്ന് പറഞ്ഞ് ഒരു കൈയ്യില്‍ കുരിശ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മറുകൈയ്യില്‍ ബൈബിളും അടക്കിപ്പിടിച്ച്  ക്രിസ്തുവിന്റെ മിഷനറി ദൌത്യവുമായി ഏഷ്യയില്‍, പ്രത്യേകിച്ച് ഭാരതത്തില്‍ ഓടിനടന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെക്കുറിച്ച് സംസാരിക്കാന്‍ അഭിമാനത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1506 ഏപ്രില്‍ എഴാംതിയതി ഇന്നത്തെ സ്പെയ്നില്‍ ജനിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സുഹൃത്തായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയിലൂടെയാണ് ക്രിസ്തുവിനെ കണ്ടെത്തിയത്. പാരീസ് സര്‍വകലാശാലയിലെ ഏറ്റവും മിടുക്കനായ പ്രൊഫെസറായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. തലമുടിയുംനീട്ടി കറങ്ങി നടന്ന ഫ്രാന്‍സീസിനെ കാണുമ്പോഴൊക്കെ സുഹൃത്തായ ലയോള ചോദിക്കും:  “ഫ്രാന്‍സീസേ, ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ എന്ത് ഫലം?” വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 16, വാക്യം 26.  ആ വചനത്തിന്റെ ശക്തിയാല്‍ മാനസാന്തരപ്പെട്ട് ഫ്രാന്‍സിസ് സര്‍വകലാശാലവിട്ട് തെരുവിലേക്കിറങ്ങി. പിന്നെ അദ്ദേഹം പ്രസംഗിച്ചത് ശാസ്ത്രവിഷയങ്ങളാ യിരുന്നില്ല,  ക്രിസ്തുവിനെക്കുറിച്ചായിരുന്നു. ഇന്ത്യയിലെ കടലോരപ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഗോവയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത് തന്റെ ഡിഗ്രി പേപ്പറുകള്‍ ആയിരുന്നില്ല, ക്രൂശിതനായ ക്രിസ്തുവിനെയായിരുന്നു.

സ്നേഹമുള്ളവരെ, മുപ്പതിനായിരംപേരെ മാമോദീസാമുക്കിയിട്ട് 46അം വയസ്സില്‍ ഡിസംബര്‍ 3 നു മരിച്ച  വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ നമ്മുടെ മധ്യസ്ഥനായി ലഭിച്ചത് വലിയ ഭാഗ്യം തന്നെയാണ്. ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ് സേവ്യറെ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത്, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഭാരതത്തിന്റെ രണ്ടാമത്തെ വിശ്വാസത്തിന്റെ പിതാവ് എന്നാണ്. ഈശോ സഭയുടെ സ്ഥാപനത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്  മിഷനറിയായി ജീവിച്ച വിശുദ്ധനെ തിരുസ്സഭ വണങ്ങുന്നത്  മിഷനറിമാരുടെ മധ്യസ്ഥനായിട്ടാണ്.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ  ജീവിതം മുഴുവന്‍ ക്രിസ്തുവായിരുന്നു. ഭൂമിയിലെ സമ്പത്തോ, അധികാരങ്ങളോ, ലോകവസ്തുക്കളോ അല്ല, ക്രിസ്തുവാണ്‌ ജീവിതത്തിന്റെ എല്ലാം എന്ന് തിരിച്ചറിഞ്ഞവനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ബൈബിളിലെ ക്രിസ്തുവിനെ കണ്ടെത്തുകയാണ് ജീവിത ലക്‌ഷ്യം എന്ന് തിരിച്ചറിഞ്ഞവനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ഇന്നും അഴിയാതെ വിശുദ്ധന്റെ ശരീരം നിലനില്‍ക്കുന്നത് ജീവിതം മുഴുവന്‍ ക്രിസ്തുവിനാല്‍ നിറച്ചതുകൊണ്ടാണ്.

സ്നേഹമുള്ളവരെ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ ക്രിസ്തുവില്‍, ക്രിസ്തുവിനായി ജീവിക്കുവാന്‍ നമുക്കാകണം. ക്രിസ്തുവിനെപറ്റി മറ്റുള്ളവരോട് പറയുവാന്‍ നമുക്കാകണം. ബൈബിള്‍ വായിക്കുവാനും, വചനം പഠിക്കുവാനും നാം ശ്രമിക്കണം. മൊബൈലിനുവേണ്ടി, വാശി പിടിക്കുന്നവരാകാതെ ക്രിസ്തുവിനെക്കുറിച്ചു കേള്‍ക്കാന്‍ നമുക്ക് വാശി പിടിക്കാം. മറ്റുള്ളവരെ ക്രിസ്തുവിനായി നേടുക എന്നതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ നല്ലൊരു മിഷനറിയാകാം; ക്രിസ്തു സാക്ഷിയാകാം.