
“എനിക്ക് ആത്മാക്കളെ തരിക ബാക്കിയെല്ലാം നിങ്ങള്‍ എടുത്തുകൊള്‍ക” എന്ന് പറഞ്ഞ് ഒരു കൈയ്യില്‍ കുരിശ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മറുകൈയ്യില്‍ ബൈബിളും അടക്കിപ്പിടിച്ച് ക്രിസ്തുവിന്റെ മിഷനറി ദൌത്യവുമായി ഏഷ്യയില്‍, പ്രത്യേകിച്ച് ഭാരതത്തില്‍ ഓടിനടന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെക്കുറിച്ച് സംസാരിക്കാന്‍ അഭിമാനത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.
പതിനാറാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1506 ഏപ്രില്‍ എഴാംതിയതി ഇന്നത്തെ സ്പെയ്നില്‍ ജനിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സുഹൃത്തായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയിലൂടെയാണ് ക്രിസ്തുവിനെ കണ്ടെത്തിയത്. പാരീസ് സര്‍വകലാശാലയിലെ ഏറ്റവും മിടുക്കനായ പ്രൊഫെസറായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. തലമുടിയുംനീട്ടി കറങ്ങി നടന്ന ഫ്രാന്‍സീസിനെ കാണുമ്പോഴൊക്കെ സുഹൃത്തായ ലയോള ചോദിക്കും: “ഫ്രാന്‍സീസേ, ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ എന്ത് ഫലം?” വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 16, വാക്യം 26. ആ വചനത്തിന്റെ ശക്തിയാല്‍ മാനസാന്തരപ്പെട്ട് ഫ്രാന്‍സിസ് സര്‍വകലാശാലവിട്ട് തെരുവിലേക്കിറങ്ങി. പിന്നെ അദ്ദേഹം പ്രസംഗിച്ചത് ശാസ്ത്രവിഷയങ്ങളാ യിരുന്നില്ല, ക്രിസ്തുവിനെക്കുറിച്ചായിരുന്നു. ഇന്ത്യയിലെ കടലോരപ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഗോവയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത് തന്റെ ഡിഗ്രി പേപ്പറുകള്‍ ആയിരുന്നില്ല, ക്രൂശിതനായ ക്രിസ്തുവിനെയായിരുന്നു.
സ്നേഹമുള്ളവരെ, മുപ്പതിനായിരംപേരെ മാമോദീസാമുക്കിയിട്ട് 46അം വയസ്സില്‍ ഡിസംബര്‍ 3 നു മരിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ നമ്മുടെ മധ്യസ്ഥനായി ലഭിച്ചത് വലിയ ഭാഗ്യം തന്നെയാണ്. ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ് സേവ്യറെ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത്, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഭാരതത്തിന്റെ രണ്ടാമത്തെ വിശ്വാസത്തിന്റെ പിതാവ് എന്നാണ്. ഈശോ സഭയുടെ സ്ഥാപനത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മിഷനറിയായി ജീവിച്ച വിശുദ്ധനെ തിരുസ്സഭ വണങ്ങുന്നത് മിഷനറിമാരുടെ മധ്യസ്ഥനായിട്ടാണ്.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതം മുഴുവന്‍ ക്രിസ്തുവായിരുന്നു. ഭൂമിയിലെ സമ്പത്തോ, അധികാരങ്ങളോ, ലോകവസ്തുക്കളോ അല്ല, ക്രിസ്തുവാണ് ജീവിതത്തിന്റെ എല്ലാം എന്ന് തിരിച്ചറിഞ്ഞവനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ബൈബിളിലെ ക്രിസ്തുവിനെ കണ്ടെത്തുകയാണ് ജീവിത ലക്‌ഷ്യം എന്ന് തിരിച്ചറിഞ്ഞവനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ഇന്നും അഴിയാതെ വിശുദ്ധന്റെ ശരീരം നിലനില്‍ക്കുന്നത് ജീവിതം മുഴുവന്‍ ക്രിസ്തുവിനാല്‍ നിറച്ചതുകൊണ്ടാണ്.
സ്നേഹമുള്ളവരെ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ ക്രിസ്തുവില്‍, ക്രിസ്തുവിനായി ജീവിക്കുവാന്‍ നമുക്കാകണം. ക്രിസ്തുവിനെപറ്റി മറ്റുള്ളവരോട് പറയുവാന്‍ നമുക്കാകണം. ബൈബിള്‍ വായിക്കുവാനും, വചനം പഠിക്കുവാനും നാം ശ്രമിക്കണം. മൊബൈലിനുവേണ്ടി, വാശി പിടിക്കുന്നവരാകാതെ ക്രിസ്തുവിനെക്കുറിച്ചു കേള്‍ക്കാന്‍ നമുക്ക് വാശി പിടിക്കാം. മറ്റുള്ളവരെ ക്രിസ്തുവിനായി നേടുക എന്നതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ നല്ലൊരു മിഷനറിയാകാം; ക്രിസ്തു സാക്ഷിയാകാം.