മംഗളവാർത്താക്കാലം -ഞായർ 2
ലൂക്കാ 1, 26 – 38
സന്ദേശം
മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ഈ തീരുമാനത്തിന്റെ ചുവടുപിടിച്ചാകട്ടെ ഇന്നത്തെ സുവിശേഷ വിചിന്തനം.
വ്യാഖ്യാനം
മാലാഖാമാരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് ക്രിസ്തുമസ് കാലം. കുഞ്ഞുന്നാൾ മുതലേ മാലാഖമാരെ നമുക്ക് ഇഷ്ടമാണെങ്കിലും അവരെക്കുറിച്ചു കൂടുതലൊന്നും അറിയാൻ നാം ശ്രമിച്ചുകാണില്ല. ആരാണ് മാലാഖമാർ? ഭൂമിയിൽ ദൈവത്തിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുവാൻ ദൈവം വ്യക്തികളെ തിരഞ്ഞെടുക്കുമ്പോൾ അവർക്കുവേണ്ടി ദൈവത്തിന്റെ വെളിപാടുകൾ അറിയിക്കുന്ന, അവരുടെ തീരുമാനങ്ങളുടെമേൽ ദൈവത്തിന്റെ അംഗീകാരമുദ്രപതിക്കുവാൻ ദൈവം അയയ്ക്കുന്ന ദൈവത്തിന്റെ ദൂതന്മാരാണ് അവർ. ദൈവം താൻ തിരഞ്ഞെടുത്ത ജനങ്ങളെ പരിപാലിക്കുവാനായി, അവർക്കു ശക്തി പകരുവാനായി അയയ്ക്കുന്ന സ്വർഗ്ഗത്തിലെ കാവൽക്കാരാണ് മാലാഖമാർ. മനുഷ്യരോട് നേരിട്ട് സംസാരിക്കുവാനും, ദൈവത്തിൽ നിന്നുള്ള ദിവ്യ ദൂത്, സന്തോഷകരമായ വാർത്ത അറിയിക്കുവാനുമായി ദൈവ സന്നിധിയിൽനിന്നും അയയ്ക്കപ്പെടുന്നവരാണ് അവർ. വിശുദ്ധ അഗസ്തീനോസ് പറയുന്നത് “മാലാഖ എന്നത് അവരുടെ ജോലിയാണ്, അവരുടെ സ്വഭാവമല്ല. സ്വഭാവത്താൽ അവർ അരൂപികളാണ്” എന്നാണ്. സഭാപിതാക്കന്മാർ പൊതുവെ പറയുന്നത്, ദൈവം മനുഷ്യജീവിതത്തിൽ വളരെ സ്നേഹത്തോടെ ഇടപെടുന്നു എന്ന ബോധ്യം മനുഷ്യർക്ക് നൽകുന്ന അരൂപികളാണ് മാലാഖമാർ എന്നാണ്. എല്ലാറ്റിലുമുപരി നമ്മുടെ ക്രൈസ്തവ ആധ്യാത്മികതയിൽ ദൈവത്താൽ അയയ്ക്കപ്പെടുന്നവരാണ് മാലാഖമാർ.
എന്നാൽ ഈയിടെ ക്രൈസ്തവരുടെ ഇടയിൽ, കത്തോലിക്കരുടെ ഇടയിൽ തികച്ചും തെറ്റായ ഒരു ഭക്തകൃത്യം രൂപപ്പെട്ടു വരുന്നുണ്ട്. സാത്താൻ ആരാധനയ്ക്കു തുല്യമായ ഒരു തിന്മയാണ് ഇതെന്നാണ് അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവ് പറയുന്നത്.
ഈ ഭക്തകൃത്യത്തിന്റെ രീതി മാലാഖമാരെ വിളിച്ചുവരുത്തി അവരിൽ നിന്നു കാര്യങ്ങൾ, ആവശ്യങ്ങൾ നേടിയെടുക്കുക എന്നുള്ളതാണ്. അഞ്ചുമാലാഖമാരെയാണ് വിളിച്ചുവരുത്തുക. അതിൽ മൂന്നു പേര് ബൈബിളിൽ പറഞ്ഞിട്ടുള്ളവർ തന്നെയാണ്. ഇവരെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തുക, പ്രത്യേകം മുറിയൊരുക്കുക, അവരോടു ആവശ്യം ചോദിക്കുക എന്നിങ്ങനെയാണ് ഇതിന്റെ രീതികൾ. ആളുകളെ ഭയപ്പെടുത്തുന്ന ഒരു അന്ധ വിശ്വാസമാണ് ഇത്. ഈ കെണിയിൽ പെട്ട് പോകരുതെന്ന് പിതാവ് നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
ഇവിടെ പ്രധാനമായും നാം രണ്ടു കാര്യങ്ങൾ ഓർമിക്കണം: 1. ദൈവത്തെ കൂടാതെ നമുക്കൊന്നും നേടുവാൻ സാധിക്കുകയില്ല. സങ്കീർത്തകൻ പാടുന്നപോലെ, ദൈവമാണ് എന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം അവിടുത്തെ കരങ്ങളിൽ ഭദ്രമാണ്. (സങ്കീ 16, 5 ; 31, 15) ഈ ഉറച്ച വിശ്വാസമുണ്ടെങ്കിൽ നമ്മുടെ ജീവിതം ദൈവത്തിന്റെ കൈകളിൽ സുരക്ഷിതമാണ്. 2. ദൈവത്താൽ അയയ്ക്കപ്പെടുന്നവരാണ് മാലാഖമാർ. അല്ലാതെ നാം വിളിക്കുമ്പോൾ വരുന്നവരല്ല. മുറിയൊരുക്കി, പാലും പഴവും നേദിച്ച്, കൈകൊട്ടിവിളിക്കുമ്പോൾ വരുന്നവരല്ല മാലാഖമാർ. ദൈവം തന്റെ ദൂതുകളുമായി, അരുളപ്പാടുകളുമായി, സംരക്ഷണവുമായി, സൗഖ്യവുമായി മനുഷ്യരുടെ അടുത്തേക്ക് അയയ്ക്കുന്ന സ്വർഗ്ഗത്തിന്റെ പ്രതിനിധികൾ ആണ് മാലാഖമാർ!
അപ്പോൾ ചോദിക്കും കാവൽ മാലാഖമാരോ? കാവൽമാലാഖാമാരുടെ സംരക്ഷണം നൽകണമേയെന്നു നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോഴാണ് ദൈവം മാലാഖമാരെ നമ്മുടെ അടുത്തേക്ക് അയയ്‌ക്കുന്നത്. ‘ദൈവമേ, നിന്റെ സംരക്ഷണം എനിക്കുണ്ടാകുവാൻ മാലാഖമാരെ അയയ്ക്കണേ’ എന്നല്ലേ നമ്മുടെ പ്രാർത്ഥന. ആദ്യമായും, അവസാനമായും മനസ്സിലാക്കുക ദൈവത്താൽ അയയ്ക്ക പെടുന്നവരാണ് മാലാഖമാർ. എന്തെങ്കിലും ആവശ്യങ്ങൾ ഇതിലൂടെ നേടുന്നുണ്ടെങ്കിൽ സ്നേഹമുള്ളവരേ, ഓർക്കുക, ഇതെല്ലാം മധുരം പുരട്ടിയ വിഷങ്ങളാണ്.
ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത് പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്‌ളാദിച്ചിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്
ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത, ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന നിമിഷമായിരുന്നിരിക്കണം അത്! എന്നിട്ടു ആ വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് “ഞാൻ തയ്യാറാണ്” എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ തീരുമാനമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്!
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”
സ്നേഹമുള്ളവരേ, പരിശുദ്ധ അമ്മയുടെ ഈ ഒരു തീരുമാനത്തിന് ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ മാത്രമല്ല ലോകചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ സാധിച്ചെങ്കിൽ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങൾക്കും അതിന്റേതായ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്ന് മനസ്സിലാക്കുക. നാമെടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഒന്നുകിൽ your decision can BREAK everything. അല്ലെങ്കിൽ the very decision of yours can MAKE everything! ഒന്നാമത്തേത്, വളരെ സ്വാർത്ഥവും, സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. അത് എല്ലാം, നമ്മുടെ വ്യക്തി ജീവിതം, കുടുംബജീവിതം, നമ്മുടെ ജോലി, ബന്ധങ്ങൾ എല്ലാം തകർത്തുകളയും. രണ്ടാമത്തേത്, നമ്മിലുള്ള നന്മയെല്ലാം പകർന്നുകൊടുത്തു പടുത്തുയർത്തുന്നതാണ്.

ഓർത്തുനോക്കിക്കോളൂ ….എപ്പോഴാണ് നിങ്ങളുടെ ജീവിതം താളം തെറ്റിയത്? എപ്പോഴാണ് വലിയ ഉയർച്ചയിൽ നിന്ന് നിങ്ങൾ താഴേക്കു പതിച്ചത്? നിങ്ങൾ തെറ്റായ, തകർക്കുന്ന, break ചെയ്യുന്ന തീരുമാനം എടുത്തപ്പോഴല്ലേ? മദ്യപിക്കണം എന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങളായിരുന്നില്ലേ നിങ്ങളുടെ accident? നിങ്ങളുടെ വീട്ടിലുണ്ടായ കലഹം? അമിതലാഭമുണ്ടാക്കണമെന്ന തീരുമാനമല്ലേ കൂട്ടുകാരനെ/ കൂട്ടുകാരിയെ വഞ്ചിക്കുന്നതിലേക്കു നയിച്ചത്? നിങ്ങളുടെ ചീത്തകൂട്ടുകെട്ടു, മയക്കുമരുന്നുപയോഗം, ഉചിതമല്ലാത്ത പ്രണയ കൂട്ടുകൾ – എല്ലാം തീരുമാനത്തിന്റെ ഫലമല്ലേ? മറിച്ച്, സ്നേഹം നിറഞ്ഞ, സമാധാനം നിറഞ്ഞ, വളർച്ചയുടെ, ഉയർച്ചയുടെ വിജയത്തിന്റെ നിമിഷങ്ങൾ – അതും നിങ്ങളുടെ തീരുമാനത്തിന്റെ ഫലമല്ലേ?
ഓരോ തീരുമാനത്തിന്റെ സമയത്തും സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട് എന്ന് സ്‌നേഹമുള്ളവരെ മനസ്സിലാക്കുക. കാരണം, നമ്മുടെ ഓരോ തീരുമാനവും പടുത്തുയർത്തുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. ഓരോ തീരുമാനവും ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതിനുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്‌തുവിന് ഈ ഭൂമിയിൽ ജന്മം കൊടുക്കുന്നതാകണമെന്നു സ്വർഗം ആഗ്രഹിക്കുന്നു. ഏറ്റവും മനോഹരവും നല്ലതുമായ തീരുമാനത്തിൽ ജീവിക്കുകയെന്നാണ് പരിശുദ്ധ ‘അമ്മ ഇന്ന് നമ്മോടു പറയുന്ന സന്ദേശം.
സമാപനം
സ്നേഹമുള്ളവരേ, എങ്ങനെയാണ് ക്രിസ്മസ് ഭൂമിയിൽ കൊണ്ടുവരേണ്ടതെന്നു, നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയാണ് നയിക്കേണ്ടതെന്നു നമ്മെ പഠിപ്പിക്കുന്ന സ്കൂളാണ് പരിശുദ്ധ ‘അമ്മ. നമ്മുടെ ജീവിതത്തിൽ നാമെടുത്ത, നാമെടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നമ്മുടെ കുടുംബജീവിതം, വൈദിക ജീവിതം സന്യസ്തജീവിതം നയിക്കുമ്പോൾ നാമും കൃപനിറഞ്ഞവരാകും. കർത്താവ് നമ്മോടുകൂടെയുണ്ടാകും. പരിശുദ്ധാത്മാവ് നമ്മുടെമേൽ വരും. നാം ഈശോയെ ഗർഭം ധരിക്കും. പടുത്തുയർത്തുന്ന, ക്രിയാത്മകമായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുവാൻ ആരാണ് നമ്മെ സഹായിക്കുക? ആരാണ് നമ്മെ ശക്തിപ്പെടുത്തുക? മറ്റാരുമല്ല, വിശുദ്ധ കുർബാനയിലെ ഈശോ നമ്മെ ശക്തിപ്പെടുത്തും. ഒന്നും break ചെയ്യാത്ത, മറ്റുള്ളവരിൽ സന്തോഷവും നന്മയും നിറക്കുന്ന തീരുമാനങ്ങളെടുക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തരാക്കും.

ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ഉചിതമായപടുത്തുയർത്തുന്ന, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട് ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും. ആമേൻ!