SUNDAY SERMON

മംഗളവാർത്താക്കാലം -ഞായർ 3

ലൂക്കാ 1, 57 – 80

സന്ദേശം

Another Birth of John the Baptist Icon | Eastern orthodox christian, John  the baptist, Orthodox icons

അമേരിക്കയിലെ Christian Online Newspaper ആയ “The Christian Post” ന് ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസ്സിയേഷൻ (Billy Graham Evangelistic Association) പ്രസിഡന്റായ സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം (Franklin Graham) പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ ജീവിതകാലത്തു ഇതുപോലൊരു മഹാമാരിയിലൂടെ നമ്മൾ ഒരിക്കലും കടന്നുപോയിട്ടില്ല. ലോകം ഇതുപോലെ അടയ്ക്കപ്പെടുകയും ചെയ്തിട്ടില്ല. എന്നാൽ, ഈ പകർച്ചവ്യാധിക്കാലത്തു, ദൈവം മനുഷ്യഹൃദയങ്ങളെ സ്പർശിച്ചുകൊണ്ടു, ആളുകളെ ക്രിസ്തുവിലേക്കു കൂടുതൽ, കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.” സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ നിരീക്ഷണം ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്.

കൊറോണ വൈറസിന്റെ ഭീതിയിൽ ദേവാലയങ്ങളിൽ പതിവുപോലെ വിശുദ്ധകുർബാനയും, ആരാധനകളും പ്രാർത്ഥനകളും ഇല്ലെങ്കിലും ലോകം, നാം ക്രിസ്തുവിലേക്കു കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്.  ഇന്നത്തെ സുവിശേഷം ക്രിസ്തുവിനുവേണ്ടി നമ്മുടെ ഹൃദയങ്ങളെ, വീടുകളെ എങ്ങനെയാണ് ഒരുക്കേണ്ടതെന്ന്, എങ്ങനെയാണ് ക്രിസ്തുവിനോട് കൂടുതൽ അടുക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുകയാണ്.

വ്യാഖ്യാനം  

മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, കുഞ്ഞിന്റെ നാമകരണവേളയിൽ സഖറിയാസിന്റെ നാവു സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം.

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, “നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം”. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

Almighty Father, not my will but, Thy will be done' - video dailymotion

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.

ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട്

Christian Children's Book Review: Great Bible Stories: Joseph

ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.    

ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്. 

രണ്ട്, മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്.  ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.  

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.

മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!!  എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!

അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്.    ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ്‌ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം.

അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ ജീവിതത്തിന്റെ നിഷ്കളങ്കത, നൈർമല്യം. ദൈവവചനത്താൽ ശുദ്ധീകരിക്കപ്പെട്ട വർക്കേ ദൈവേഷ്ടം അറിയാനും, അതിനനുസരിച്ചു ജീവിക്കാനും ദൈവത്തിന്റെ ദർശനങ്ങൾ സ്വീകരിക്കുവാനും അർഹതയുള്ളൂ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കോവിഡ് ബാധിച്ചു മരണമടഞ്ഞ ദക്ഷിണകൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ (Kim Ki-duck) സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിംഗ് (Spring, Summer, Fall, and Spring) എന്ന സിനിമയിൽ (2003) നായക കഥാപാത്രം ബുദ്ധ സന്യാസിയാകാൻ ഒരുങ്ങുന്ന ആളാണ്. ചെറുപ്പം മുതൽ ഗുരുവിനോടൊത്തു ജീവിച്ച അയാൾ തിന്മയുടെ, തൃഷ്ണയുടെ വഴിയിലൂടെ നടന്നു തന്നെത്തന്നെ മലിനപ്പെടുത്തുകയാണ്. അവസാനം കൊലപാതകം വരെ ചെയ്ത ശേഷം തിരിച്ചു ആശ്രമത്തിൽ എത്തുമ്പോൾ ഗുരു അവനു കൊടുക്കുന്ന അഭ്യാസം അയാൾ കൊല്ലാൻ ഉപയോഗിച്ച കത്തികൊണ്ടുതന്നെ ബുദ്ധ വചനങ്ങൾ ആവർത്തിച്ചു എഴുതുക എന്നതായിരുന്നു. പോലീസ് അയാളെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നുണ്ടെങ്കിലും ശിക്ഷ കഴിഞ്ഞു വരുന്ന അയാൾ ഒരു പുതിയ മനുഷ്യനായിരുന്നു, ഒരു നല്ല സന്യാസി.

Spring Summer Fall Winter And Spring 2003 by AKVH7 on DeviantArt

ദൈവത്തിന്റെ വചനം, ഗുരുവചനം ആവർത്തിച്ചു എഴുതുന്നതും, ചൊല്ലുന്നതും, വായിക്കുന്നതും നമ്മെ വിമലീകരിക്കും. ദൈവത്തിന്റെ ഹൃദയമറിയാൻ ഇടയാക്കും. അപ്പോൾ നമ്മിൽ ക്രിസ്തുമസ് സംഭവിക്കും. ഈ ക്രിസ്തുമസ് ഒരുക്കക്കാലം, ദൈവവചനത്തിലൂടെ സ്വയം ശുദ്ധീകരിക്കപ്പെട്ട് ദൈവേഷ്ടം അറിയുവാൻ നാം ശ്രമിക്കണം.

ദൈവസന്നിധിയിൽ നീതിനിഷ്ഠരാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും. 

സമാപനം

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?

HELP ME HOLY SPIRIT | Family Life Worship Center

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!

One thought on “SUNDAY SERMON”

Leave a comment