മംഗളവാർത്താക്കാലം -ഞായർ 4
മത്താ 1, 18-25
സന്ദേശം

പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളായിരുന്ന ഡിസംബർ 8 നു ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഒരു പ്രഖ്യാപനം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റി അൻപതാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി കത്തോലിക്കാ സഭ ആചരിക്കുകയാണ് എന്നതായിരുന്നു ആ പ്രഖ്യാപനം. ക്രൈസ്തവർക്കെല്ലാവർക്കും, പ്രത്യേകിച്ച് വിശുദ്ധ യൗസേപ്പിതാവിനെ സ്നേഹിക്കുന്നവർക്കും ബഹുമാനിക്കുന്നവർക്കും ഏറ്റവും സന്തോഷം നൽകുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്. ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടർന്നുകൊണ്ടു ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യമെന്നു മാർപാപ്പ തന്റെ “ഒരു പിതാവിന്റെ ഹൃദയത്തോടെ” (Patris Corde=with a Father’s Heart) എന്ന അപ്പസ്തോലിക ലേഖനത്തിൽ പ്രത്യേകം പറയുന്നുണ്ട്.
ഫ്രാൻസിസ് മാർപാപ്പ Year of St. Joseph പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഇന്നത്തെ സുവിശേഷ ഭാഗത്തിന് പ്രസക്തി ഏറെയാണ്.
വ്യാഖ്യാനം
അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട് സംവദിക്കുന്നത്. സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ എന്നിൽ വിസ്മയം ജനിപ്പിക്കുന്നു! എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്.
ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്.
ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labyrinth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.
എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.
സ്നേഹമുള്ളവരേ, മറിയത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിന്റെ വ്യഗ്രതയിൽ ജോസഫിന്റെ മനസ്സ് അകമേ പ്രക്ഷുബ്ധവും പുറമെ ശാന്തവുമായി നിലകൊള്ളുകയാണ്. അഗ്നിപർവതം പോലെ പുകഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിൽ ആ ശാന്തത ദൈവവിചാരവും മന്ത്രവുമായി മാറുന്നു. ഒരു വ്യക്തിയെ അപമാനിക്കുന്നതിനേക്കാൾ, സമൂഹത്തിന്റെ മുൻപിൽ ഒരു വ്യക്തിയെ നഗ്നയാക്കുന്നതിനേക്കാൾ, നഗ്നനാക്കുന്നതിനേക്കാൾ സങ്കടകരമായി എന്തുണ്ട് ഈ ഭൂമിയിൽ എന്ന തിരിച്ചറിവായിരിക്കണം ജോസഫിനെ പിന്മാറാൻ പ്രേരിപ്പിക്കുന്നത്.
സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്.

ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത് കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക!
ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്.
സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്!
വയനാട്ടിലെ മധുവെന്ന ചെറുപ്പക്കാരനെ കള്ളനെന്നു മുദ്രകുത്തി, സമൂഹത്തിന്റെ മുൻപിൽ ബന്ധിതനാക്കി കൊന്നുകളഞ്ഞത് കേരള മനസ്സാക്ഷിക്കു അത്രപെട്ടെന്ന് മറക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല!

മധുവിന്റെ ഭാഗത്തുനിന്ന് ചിന്തിക്കാൻ നമുക്ക് സാധിച്ചില്ല. വിശന്നിട്ടാണ് മോഷ്ടിച്ചതെന്നു മധു പറഞ്ഞപ്പോൾ നമ്മുടെ ഉള്ളു പൊള്ളിയില്ലേ പ്രിയപ്പെട്ടവരേ? മധുവിന്റെ ഭാഗത്തുനിന്ന് ഒരു നിമിഷം അവർ ചിന്തിച്ചിരുന്നെങ്കിൽ ആ സഹോദരൻ ഇങ്ങനെ അപമാനിക്കപ്പെടുകയില്ലായിരുന്നു! നമ്മുടെ കുടുംബത്തിലുള്ളവരെ, സുഹൃത്തുക്കളെ, അയൽവക്കക്കാരെ എത്രയോ പേരെയാണ് നാം നഗ്നരാക്കി സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്? അപരന്റെ നഗ്നത ആഘോഷിക്കുക എന്നത് മാധ്യമങ്ങൾക്കു മാത്രമല്ല സാധാരണ മനുഷ്യനും ഒരു ഹരമായി മാറിയിരിക്കുകയാണ്. പലപ്പോഴും മറ്റുള്ളവരെ മനസിലാക്കുവാൻ നാം വൈകുകയാണ്. ആരാണ് സ്‌നേഹമുള്ളവരേ തെറ്റുചെയ്യാത്തത്? ആർക്കാണ് കുറവുകളില്ലാത്തത്? ? ആരുടെ ജീവിതത്തിലാണ് അവർ പോലും അറിയാതെ ദുരന്തങ്ങൾ ഉണ്ടാകാത്തത്? അപരന്റെ ഇല്ലായ്മകളിൽ, കുറവുകളിൽ, ആ വ്യക്തിയെ വിവസ്ത്രമാക്കാനല്ല, സ്നേഹത്തിന്റെ, നീതിയുടെ, കാരുണ്യത്തിന്റെ പട്ടു വസ്ത്രങ്ങൾകൊണ്ട് പുതച്ചു പിടിക്കാനല്ലേ ഇന്നത്തെ സുവിശേഷത്തിലെ യുവാവായ ജോസഫ് നമ്മോടു പറയുന്നത്?
ഈയിടെ എന്റെ കണ്ണുകളെ നനയിപ്പിച്ച ഒരു ഷോർട്ട് ഫിലിം കാണുകയുണ്ടായി. അതിലെ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടാണോ, അവതരണത്തിന്റെ ഒതുക്കം കൊണ്ടാണോ എന്തോ, എനിക്ക് ആ ഷോർട്ട് ഫിലിം ഏറെ ഇഷ്ടപ്പെട്ടു. കഥയിങ്ങനെയാണ്: പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടി. അവൻ എന്നും സ്കൂളിൽ വൈകിയാണ് എത്തുന്നത്. അവൻ ക്ലാസ് റൂമിന്റെ വാതിലിൽ മുട്ടുന്നു, ടീച്ചർ come in പറയുന്നു. അവൻ അകത്തേക്ക് ചെല്ലുമ്പോൾ ടീച്ചർ അവനെ ശകാരിക്കുന്നു. ടീച്ചർക്ക് അവനോടു വല്ലാത്ത ദേഷ്യം തോന്നുകയാണ്. ടീച്ചർ അവനോട് കൈ നീട്ടാൻ പറയുന്നു, സ്കെയിൽ കൊണ്ട് അവനെ അടിക്കുന്നു. സ്കെയിൽ കൊണ്ട് തന്നെ തലയിൽ തട്ടിക്കൊണ്ട് പോയി ഇരിക്കാൻ പറയുന്നു. രണ്ടു മൂന്നു ദിവസം ഇതേ കാര്യം തുടരുന്നുണ്ട്. അടുത്ത ദിവസം, തന്റെ സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വഴിയേ ടീച്ചർ ഈ കുട്ടിയെ വഴിയിൽ വച്ച് കാണുകയാണ്. അവൻ അവന്റെ അപ്പച്ചനെ വീൽ ചെയറിൽ ഇരുത്തി കെയർ ഹോമിലേക്ക് കൊണ്ടുപോകുകയാണ്. ടീച്ചറിന്റെ മുഖത്ത് ആകാംക്ഷയും, ഒപ്പം പശ്ചാത്താപവും നിഴലിക്കുന്നുണ്ട്. അദ്ദേഹം സ്കൂളിലേക്ക് പോകുന്നു. പതിവുപോലെ കുട്ടി വൈകി സ്കൂളിലെത്തുകയാണ്.
വാതിലിൽ മുട്ടി അകത്തേക്ക് കയറിയ കുട്ടി തലകുനിച്ചു നിന്നിട്ടു ടീച്ചറിന്റെ മുൻപിലേക്ക്, ഉള്ളിൽ തികട്ടി വന്ന ദുഃഖം കടിച്ചമർത്തി കൈ നീട്ടുകയാണ്. അവനറിയാമല്ലോ തനിക്കുള്ള ശിക്ഷ എന്താണെന്ന്. എന്നാൽ അദ്ധ്യാപകൻ വളരെ പതുക്കെ സ്കെയിൽ ആ കുട്ടിയുടെ കൈയ്യിൽ വച്ചു. ശിക്ഷ വൈകുന്നതും, കയ്യിൽ സ്കെയിൽ വന്നതും കണ്ട കുട്ടി ടീച്ചറിന്റെ മുഖത്തേക്ക് തലയുയർത്തിയപ്പോൾ കണ്ടത് കൈ നീട്ടി അവന്റെ മുൻപിൽ നിൽക്കുന്ന സാറിനെയാണ്. അവന്റെ മുഖത്ത് പരിഭ്രമമായി. അപ്പോൾ ആ ടീച്ചർ അവന്റെ മുൻപിൽ മുട്ടുകുത്തി, അവനോളം ചെറുതായി, അവനെ തന്റെ മാറോടു ചേർത്തു.
ശരിയാണ്, നമുക്ക് നിയമമാണ് പ്രധാനപ്പെട്ടത്, discipline ആണ് ഏറ്റവും വലുത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക് അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല – ഇല്ല, എന്തുകൊണ്ടായിരിക്കും എന്നത് നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ലേ നാം ചിന്തിക്കുക?
ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്! അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!
English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് – “Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ നമുക്ക് കഴിയും – ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ,
പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക് ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!
സമാപനം
സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ബഹുമാനിക്കുമ്പോൾ, Year of St. Joseph ആഘോഷിക്കുമ്പോൾ വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.
നമുക്ക് വിശുദ്ധ കുർബാന തുടരാം.

നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, ഭാരതത്തിലെ കർഷകരെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം. നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!